Wednesday 30 July 2014

ക്ഷേത്രനട..........


എപ്പോഴും തുറന്നിട്ടിരിക്കുന്ന, വാതായനങ്ങളില്ലാത്ത ഈ പടിപ്പുരയിലൂടെ ആരും ചിരിച്ചു കൊണ്ട് അകത്തേക്ക് പോവാറില്ല. തിരിച്ചുവരുന്നത് കരഞ്ഞുകൊണ്ടുമാകാം; ചിരിച്ചു കൊണ്ടുമാകാം. അത് വിധിയേയും ഭാഗ്യത്തേയും ആശ്രയിച്ചിരിക്കുന്നു. ഈ പടിപ്പുരക്കുള്ളില്‍ വലിയ വലിയ കെട്ടിടങ്ങളുണ്ട് . മെഡിക്കല്‍ കോളേജ്, ശ്രി ചിത്തിര മെഡിക്കല്‍ സയന്‍സ്, റീജിയണല്‍ കാന്‍സര്‍ സെന്റര്‍ എന്നിവ ഇതിനുള്ളിലാണ്. അതിനുള്ളില്‍ ചിരിക്കുന്ന, സന്തോഷിക്കുന്ന, ആഘോഷിക്കുന്ന മുഖങ്ങളെ കണ്ടെത്തുകയാണ് പ്രയാസം. ദൈന്യതയുടെ ഒരേമുഖമാണ് എല്ലാവര്‍ക്കും. വേദനകള്‍ കടിച്ചു തിന്നുന്നവര്‍. ആശ്വാസങ്ങളുടെ, പ്രതീക്ഷകളുടെ, സ്വപ്നങ്ങളുടെ വെള്ളിവെട്ടം മിന്നിമറയുന്ന മിഴികളുമായി താടിക്ക് കയ്യുംകൊടുത്തിരിക്കുന്ന കുറെ മനുഷ്യജന്മങ്ങളെ കാണാന്‍ കഴിയും. വലുപ്പചെറുപ്പമില്ലാത്ത ദുര്യോഗജന്മങ്ങളെ.

പതിനഞ്ചു വര്‍ഷമായി പലപ്പോഴും എനിക്കിവിടെ കേറിയിറങ്ങേണ്ടി വന്ന്നിട്ടുണ്ട്. ചിലര്‍ എന്നെ സന്തോഷിപ്പിച്ചും ചിലര്‍ അലറിവിളിച്ചു നെന്ച്ചതടിച്ചു എന്നെ കരയിച്ചും തിരിച്ചുപോയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ ഒന്‍പതു, പതിനഞ്ചു, ഇരുപത്തൊന്നു വാര്‍ഡുകളില്‍ ഞാന്‍ പോവാറുണ്ട്. വേദനകള്‍ വരുമ്പോള്‍, ജീവിതത്തില്‍ ഒന്നുമായില്ല എന്ന് തോന്നുമ്പോള്‍, ദുരന്തങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍, ആരെങ്കിലും ആഴത്തില്‍ മുറിവേല്‍പ്പിക്കുമ്പോള്‍ ഇവിടെ ഒന്ന് കയറിയിറങ്ങും. അപ്പോഴാണ്‌ എന്റെ വേദനകള്‍ എത്ര ചെറുതാണെന്ന്നു മനസിലാക്കുന്നത്. കയ്യും കാലും ഒടിഞ്ഞും നെഞ്ചുപിളര്‍ന്നും തലപൊട്ടി തലച്ചോറ് പുറത്തേക്കു വന്നും പലരും ഇവിടെ കിടന്നു നിലവിളിക്കുന്നു. എങ്ങും നിലവിളികള്‍, നൊമ്പരങ്ങള്‍, യാതനകള്‍..

ഇതിനപ്പുറത്താണ് ശ്രി ചിത്തിര ഹാര്‍ട്ട്‌ ഹോസ്പിററല്‍. ചുരുങ്ങിയും തുള വീണും പിഞ്ഞിയും പഴകി ക്ഷയിച്ചുമുള്ള ഹൃദയങ്ങള്‍ കിതച്ചുകൊണ്ട് മിടിക്കുന്നത് ഇവിടെയാണ്‌. ഇവിടെ ഡോക്ടര്‍മാരല്ല ഈശ്വരന്മാരാണ്; നേഴ്സ്മാരല്ല മാലാഖമാരാണ്. തല മൊട്ടയടിച്ചു മുഖത്ത് പച്ചമാസ്ക് വെച്ച് കണ്ണുകളില്‍ പ്രതീക്ഷയുടെ നെയ്ത്തിരിവെട്ടവുമായി കുറെ ജന്മങ്ങള്‍ ഇതിനുള്ളില്‍ സ്വപ്നങ്ങള്‍ നെയ്തു കഴിയുകയാണ്. മുറികളിലെ ജനലുകളില്‍ തങ്ങളുടെ രക്തമുഖങ്ങള്‍ തെളിയുന്നത് നോക്കി മതിലിനു പുറത്തു ദൈന്യമുഖവുമായി നില്‍ക്കുന്നു സ്വന്തബന്ധുക്കള്‍.

ഇതിനെ തോട്ടുരുമിയാണ് റീജിയണല്‍ കാന്‍സര്‍ സെന്റര്‍. തൊലിയിലും നാക്കിലും എല്ലിലും കുടലിലും ആമാശയത്തിലും മുലയിലും ഗര്‍ഭപാത്രത്തിലും കരളിലും ശ്വാസകോശത്തിലുമൊക്കെ അര്‍ബുദം ബാധിച്ചു, വേദനകള്‍ സഹിച്ചു ജീവിതത്തെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന കുറെ മനുഷ്യപിറവികള്‍. അവരെ ചുറ്റിപറ്റി പ്രതീക്ഷകളുടെ തേരിലേറി, ഇരച്ചുവരുന്ന സാഗരസങ്കടങ്ങളുടെ അലകളളോതുക്കാന്‍ പാടുപെടുന്ന കണ്ണുകളുമായി കുറെ ഇരുകാലികള്‍ പുറത്തും. അര്‍ബുദം ആര്‍ക്കും എപ്പോഴും എവിടെയും വരാം. ഏതു വയസ്സിലും, ആര്‍ക്കും. തടുക്കാനാവില്ല. പ്രവചിക്കാനാവില്ല, എപ്പോള്‍ ആര്‍ക്കു വരുമെന്ന്. നമ്മുടെയൊക്കെ സുഖത്തിന്റെ നിര്‍വചനം ഭൌതികസുഖങ്ങളാണ്, ആഡംബരങ്ങളാണ്, സുഖശീതളിമയുടെ പറുദീസയാണ്. ഇവരോടൊക്കെ ചോദിക്കൂ സുഖമെന്നാല്‍ എന്താണെന്നു? അവര്‍ പറഞ്ഞു തരും ഇതൊന്നുമല്ല സുഖമെന്ന്. സുഖമെന്നത് സത്യത്തില്‍ അസുഖമില്ലാത്ത അവസ്ഥയാണ്. ഇവര്‍ക്ക് വീട് വേണ്ട, കാറ് വേണ്ട, ബിരിയാണി വേണ്ട, കിടക്കാന്‍ മേത്ത വേണ്ട, വേണ്ടത് അസുഖമില്ലാതിരിക്കുക മാത്രം..

ഇന്നും എനിക്ക് ഇതിനുള്ളില്‍ പോകേണ്ടി വന്നു. പാലിയെടിവ് കെയര്‍ യൂണിറ്റില്‍ മരണം കാത്തു മോര്‍ഫിന്‍ കുത്തിവെച്ചു വേദനയെ ഒരു ശീലമാക്കി കിടക്കുന്ന മനുഷ്യജന്മങ്ങളെ കണ്ടു തരിച്ചുനിന്ന് പോയി. കോപം, പക കുശുമ്പ്, കുനുഷ്ടു അസൂയ, അഹന്ത, അഹങ്കാരം, ധാര്‍ഷ്ട്യം, ഈഗോ, ഞാനെന്ന ഭാവം തുടങ്ങിയ എന്തൊക്കെ കുഷ്ഠഭാരങ്ങള്‍ പേറിയാണ് ഞാന്‍ നടക്കുന്നത്. നാളെ എനിക്ക് അര്‍ബുദം ബാധിച്ചാല്‍ ഇതൊക്കെ ഐസ്ക്രീം വെയിലത്ത്‌ വെച്ച പോലെ അലിഞ്ഞു പോവും. എന്റെ മരണദിവസം കുറിച്ച് തരുമ്പോള്‍ എനിക്ക് ആരോട് എന്ത് പരിഭവം, എന്ത് കോപം, എന്ത് അസൂയ. കണ്ണീര്‍തടാകങ്ങള്‍ ഒതുക്കി പിടിച്ചു മന്ദഹസിച്ചു എന്റെ മുന്‍പില്‍ നില്‍ക്കുന്ന മക്കള്‍, അമ്മ, ഭാര്യ. അവരുടെ കൂടെ ഒരു ദിവസം ഒരു മണിക്കൂര്‍ ഒരു നിമിഷംകൂടി ജീവിച്ചിരിക്കുക എന്നതാവും എന്റെ ഏറ്റവും വലിയ സ്വപ്നം....

അര്‍ച്ചന ചെയ്തും,
മന്ത്രങ്ങള്‍ ഉരുവിട്ടും
നീരാഞ്ജനം കത്തിച്ചും
എരിയുന്ന നെന്ച്ചും
ഒഴുകിയിറങ്ങുന്ന കണ്ണീരും
കൂപ്പിയ കയ്യുമായി ഒരേ ഒരു വരത്തിനു വേണ്ടി ഈ ക്ഷേത്രനടയില്‍ ഞങ്ങളെത്തുന്നു.

അസുഖം ഭേദമാക്കണേ എന്ന ഒറ്റയൊരു വരത്തിനായി...

No comments:

Post a Comment