Thursday 3 October 2013

ഇടവപാതി...



എന്റെ ബാല്യകാലത്ത്  ഇടവപാതി ന്നൊക്കെ പറഞ്ഞാല്‍ ദിവസത്തില്‍ പാതിവെയിലും പാതി കൈ വെച്ചാല്‍ മുറിയുന്ന മഴയുമാണ്. നാല് മണി ന്ന് പറഞ്ഞാല്‍,  സ്കൂള്‍ ബെല്‍ അടിക്കുമ്പോള്‍ കൃത്യമായി മഴ പോട്ടിവീഴും. കറുത്ത റബ്ബര്‍ ബാണ്ടിട്ട പുസ്തകങ്ങള്‍ തലയില്‍ വെച്ച് ഓരോട്ടമാണ്. മൂന്നു കിലോമീറ്റര്‍ കഴിഞ്ഞാണ് വീട്. കൊല്ലവസാന പരീക്ഷക്ക്‌   പാഠപുസ്തകങ്ങളുടെ അവസ്ഥ ഊഹിക്കാമല്ലോ. മാര്‍ക്ക് കുറഞ്ഞത് ബുദ്ധിയില്ലാഞ്ഞിട്ടല്ല മറിച്ചു പഠിക്കാന്‍  പുസ്തകം കാണില്ല. സന്ധ്യക്ക് തുടങ്ങുന്ന മഴ രാത്രി മുഴുവന്‍ താരാട്ട് പാടി പെയ്തുകൊണ്ടിരിക്കും.

വീടിനു മുന്‍പില്‍ മനയാണ്. ഇന്ന് മന ആളൊഴിഞ്ഞ പൂരപരമ്പ് പോലെയാണ്. ഭൂമിയും മരങ്ങളൊക്കെ വിറ്റു. തുറസ്സായി കിടക്കുന്ന പറമ്പ് കാണുമ്പോള്‍ മനയാണെന്നു തോന്നില്ല, ഒരു നൊമ്പരം എവിടെയൊക്കെയോ മൊട്ടിടുന്ന പോലെ തോന്നും. മുന്‍പ് മൊത്തം മരങ്ങള്‍ ആയിരുന്നു. ഞങ്ങളുടെ വിശപ്പകട്റ്റിയിരുന്ന, മാവ്, പ്ലാവ്, കശുമാവ്, തെങ്ങ്, അങ്ങിനെ നാനാതരം മരങ്ങളും, വിവിധ പഴവര്‍ഗങ്ങള്‍ ഉണ്ടാകുന്ന ചെടികളും നിറഞ്ഞു നിന്നിരുന്നു. ആറുമണിയകുംബോഴേക്കും രാത്രിയാക്കുന്ന ഇരുട്ട് പടര്തിയിരുന്ന ഈ വനശേഖരം. മയില്‍, ചെമ്പോത്, കാലന്കൊഴി തുടങ്ങി അനവധി പക്ഷികളും കുറക്കന്‍, ഉടുമ്പ്, കീരി തുടങ്ങിയ മൃഗങ്ങളും ഒരു തടസ്സവും കൂടാതെ വിഹരിച്ചിരുന്നു.. കൂടാതെ ഇഷ്ടം പോലെ ആനകളും. ഞാനെന്നും സ്വപ്നം കാനുന്നതു ഈ ആനകള്‍ ചങ്ങല പൊട്ടിച്ചു വന്നു തുമ്പികൈ കൊണ്ട് പോക്കി ( തോണ്ടി) " ഡാ സുധേ, നീക്കെടാ, പോഴേ പോവാം " എന്ന് പറയുന്നതായിട്ടാണ്.

മനയില്‍ ആത്തേമാര്‍ക്ക്, (അന്തര്‍ജനങ്ങള്‍ക്ക്) കുളിക്കാന്‍ കടവുകളുള്ള കുളമുണ്ട്. ഇവര്‍ പുറത്തു പോയി കുളിക്കാറില്ല, ഇന്നത്തെ പോലെ കുളിമുറികളും ഇല്ല.   ഇതില്‍ നിറയെ മീനുകളണ്. നമ്ബൂരിമാരായ, പുല്ലും വയ്ക്കോലും മാത്രം കഴിക്കുന്ന ഇവര്‍ തിന്നുകയുമില്ല, ഞങ്ങളെ തീറ്റിക്കുകയുമില്ല. മീന്‍ പിടിക്കാന്‍ അനുവദിക്കില്ല. ഈ ജലാശയത്തില്‍ തിക്കിതിരക്കി, ഇവരുടെ നനുനനെയുള്ള മേനിയില്‍ ചുണ്ടും വാലുമുരസ്സിയുണ്ടാക്കുന്ന ഇക്കിളിയില്‍ പുളകം കൊണ്ട്, കളിച്ചു ചിരിച്ചു, കൈകാലിട്ടടിച്ചു, പരസ്പരം വെള്ളം തെറിപ്പിച്ചു, നീന്തി തുടിച്ചു തിമിര്‍ക്കുകയാണ് അധികം പുറത്തിറങ്ങാത്ത ആത്തേമാരുടെ ആകെയുള്ള വിനോദം.

ഈ കുളം കര്‍ക്കിടക മാസത്തില്‍ കവിഞ്ഞൊഴുകും. മുലകച്ച കെട്ടി കുളിക്കാനിറങ്ങുന്ന നിത്യാമേനോനെ പോലെയുള്ള ജലദേവതകളുടെ കച്ചകവിഞ്ഞു പുറത്തേക്ക് തുളുമ്പുന്ന മാറിടം പോലെ, കുളത്തിലെ വെള്ളം കനത്ത മഴയില്‍ കുറേശ്ശെ കുറേശ്ശെയായി പുറത്തേക്കു തികട്ടി തികട്ടി വരും. താനേ രൂപപെട്ടുണ്ടായ ചാലിലൂടെ ഇതോഴുകി, പാടങ്ങള്‍ താണ്ടി വടക്കാഞ്ചേരി പുഴയില്‍ ജലമര്‍മരം പൊഴിച്ച് ഇണചേര്‍ന്നോഴുകും. ഈ കാലവര്‍ഷത്തിലാണ് ഞങ്ങള്‍ക്ക് ചാകര. രാത്രിയില്‍ ഞങ്ങള്‍ കുരുത്തിയും കൊണ്ട് മീന്‍ പിടിക്കാന്‍ പോകും. ( ചൂരല്‍ കൊണ്ട് മെടഞ്ഞു , പിന്‍ഭാഗം കൂട്ടി യോജിപ്പിച്ചും മുന്‍ഭാഗം വട്ടത്തില്‍ വിടര്‍ത്തി, ഉള്ളിലേക്ക് മാത്രം തുറക്കുന്ന ഒരു അടപ്പോക്കെ വെച്ചും ഉണ്ടാക്കിയ നീളവും വണ്ണവും ഉള്ള ഒരു സാധനമാണ് ഈ കുരുത്തി. മുന്‍ഭാഗം വിടര്‍ന്നും പിന്‍ഭാഗം ചെര്‍ന്നുമിരിക്കും) ഇതിലൂടെ വെള്ളം ഒഴുകി പോകും, പക്ഷെ മീനുകള്‍ ഇതിനുള്ളില്‍ പെട്ടു പോകും. ഇതിന്റെ അടപ്പ് പിന്ഭാഗത്തേക് മാത്രമേ തുറക്കൂ. മുന്നോട്ട് അടയും. അങ്ങിനെയാണ് മീനുകള്‍ ഇതില്‍ പെട്ടു പോകുന്നത്.

മോരും സാമ്പാറും പച്ചടിയും മാമ്പഴപുളിശേരിയും കടുമാങ്ങ അച്ചാറും കഴിച്ചു വെളുത് തുടുത്തു, തേജസ്വികലായ, നിര്‍മലമാനസങ്ങലായ ആത്തെമാരെ ഇക്കിളിയിട്ട, അവരുടെ നഖത്തിലെയും മറ്റും അഴുക്കുകള്‍ തിന്നു കൊഴുത്ത ( പണ്ടത്തെ pedicure) , വെണ്ണിലാവുറഞ്ഞ, വെണ്ണ തോല്‍ക്കുന്ന മേനികളുടെ ചാരുത ഏറ്റുവാങ്ങിയ ഈ പരല്‍ മീനുകളെ കറി വെച്ച് കഴിക്കുമ്പോള്‍ എന്തോ ഒരു പ്രത്യേക സുഖമുണ്ടായിരുന്നു. എവിടെയൊക്കെയോ ഇക്കിളികള്‍ കിളിര്‍ക്കുന്ന, അനുഭൂതികള്ണര്‍ത്തുന്ന, കാമനകളെ വന്ന്യമാക്കുന്ന, ത്രുഷ്ണകള്‍ക്ക് തീ കൊളുത്തുന്ന ഒരിത്...

ഇന്ന് ഇരുട്ടു പരത്തുന്ന കര്‍ക്കിടകമഴയില്ല, നിറഞ്ഞു കവിയുന്ന കുളങ്ങളില്ല...

നിഴലും വെളിച്ചവും ഇണ ചേര്‍ന്ന് പിണയുന്ന കുളത്തില്‍ വെട്ടി തിളങ്ങി പാഞ്ഞു നടക്കുന്ന പരല്‍ മീനുകളില്ല...

ഒറ്റ ചേലയുടുത്തു കല്പടവുകളിരുന്നു കഥകളി പദങ്ങളും കൈകൊട്ടി കളിയുടെ ഈണങ്ങളും മൂളി, ഇടതൂര്‍ന്ന കേശഭാരത്തില്‍ ചെമ്പരത്തിതാളി തേച്ചു മെയ്യിളക്കുന്ന ആത്തെമാരുമില്ല.

നീര്‍ചാലിലൂടെ ഒഴുകി വരുന്ന വെള്ളമെടുത്തു മുഖം കഴുകി നമ്പൂരി കുളിച്ച വെള്ളം പുന്ന്യഹമെന്നു പറയുന്ന നിഷ്കളങ്കഗ്രാമവുമില്ല..

നഗരത്തിന്റെ അവശിഷ്ടങ്ങള്‍ പേറാന്‍ വിധിക്കപെട്ട വരണ്ടു, വിണ്ടുകീറി, വെറങ്ങലിച്ചു ഊഷരഭൂമിയായി മാറുന്ന ഗ്രാമവും, നിര്‍വികാരതയുടെ, വിമുഖതയുടെ, നിസ്സഹായതയുടെ വസൂരികലകള്‍ നിറഞ്ഞ ഗ്രാമീണമുഖങ്ങളും, നിഷ്കളങ്കത നഷ്ടമാവുന്ന കൌമാരക്കാരിയുടെ കപടഗ്രാമീണതയുമാണ് കാലത്തിനു മുന്‍പേ പറക്കാന്‍ കോലം മാറിയ നാടിന്റെ ചിതലരിക്കുന്ന ബാക്കിപത്രം...!!!








Tuesday 16 July 2013

തൃഷ്ണ...



 ഡിഗ്രിക്ക് കോളേജില്‍ പടിക്കുമ്പോള്‍ ഒരു ടീച്ചര്‍ ഉണ്ടായിരുന്നു. കിളരം കുറഞ്ഞ, എണണ കറപ്പുള്ള, ചന്തിക്ക് താഴേവരെ മുടിയുള്ള, മുഖകുരുക്കളും, പൊട്ടിച്ച കുരുക്കള്‍ അവശേഷിപ്പിച്ച പാടുകളും നിറഞ്ഞ മുഖമുള്ള ഒരു പാവം മാലാഖ ( കറുത്ത മാലാഖമാരും ഉണ്ട്) .  ഉടയാടകളുടെ ആകര്ഷണമില്ലാത്ത, കോലന്‍ മുടിയുള്ള, ദാരിദ്രവാസിയോടു ടീച്ചര്‍ക്ക്‌ എന്നാണ് മമത തോന്നി തുടങ്ങിയത് എന്നറിയില്ല. പട്ടിണിക്കാരനോടുള്ള സഹതാപവും, സാഹിത്യ വസനയോടുള്ള ആരാധനയും വാത്സല്യത്തിന്റെ രൂപത്തില്‍ വന്നതാകും എന്നാണ് ഞാന്‍ കരുതിയത്‌.

പക്ഷെ സംഗതി പ്രണയമായിരുന്നു.

റെക്കോര്‍ഡ്‌ ഒപ്പിടാന്‍ പോയ എന്‍റെ കവിളില്‍ തലോടിയപ്പോള്‍ ഓമനിച്ചതാനെന്നു ഞാന്‍ കരുതി. ലാബില്‍ വാരിയെല്ലിനിടയില്‍ നുള്ളിയപ്പോള്‍ കളിതമാശയാനെന്നും.

ബീക്കരുകളും ടെസ്റ്റ്‌ ടൂബുകളും നിറഞ്ഞ ലാബിന്റെ മൂലയില്‍, ഇരുട്ടില്‍, അപ്രതീക്ഷിതമായി വലിച്ചടുപ്പിച്ചമ്പോള്‍, വയറ്റില്‍ തീ ആളി കത്തി. ഇരുട്ടിലും തിളങ്ങുന്ന കണ്ണുകളില്‍ കത്തുന്ന കാമം, മുഖത്ത് ശക്സ്തിയായി വീഴുന്ന ഉച്വാസ വായുവില്‍ രാവിലെ കഴിച്ച ഉള്ളി ചമ്മന്തിയുടെ രൂക്ഷ ഗന്ധം.

ശരീരം അനങ്ങാതെ തന്നെ കിതക്കുക്കയായിരുന്നു.. പെരുമ്പറ കൊട്ടുന്ന ഹൃദയം, നെഞ്ചു പിളര്‍ന്നു പുറത്തേക്കു തെറിക്കുമെന്ന് തോന്നി.

ഇരച്ചുയരുന്ന വികാരതള്ളലില്‍, ഇരമ്പിയാര്‍ക്കുന്ന കടല്‍തിരകള്‍ പോലെ സിരകളില്‍ തിളച്ചു മറിയുന്ന കൌമാരരക്തം.. അടി തൊട്ടു മുടിവരെ അമിട്ടുകള്‍ പൊട്ടി വിരിയുന്നതുപോലെ.. എഴുനേറ്റു നില്‍ക്കുന്ന രോമങ്ങളും വികസിക്കുന്ന രോമ കൂപങ്ങളും. .

കാലവും ഞാനും ഒരുപോലെ മരവിച്ചു പോയ നിമിഷങ്ങള്‍... ടീച്ചറുടെ പൊള്ളുന്ന, വിറയാര്‍ന്ന കൈകള്‍ ശരീരമാകെ പരതുന്നു. കനത്ത കാറ്റില്‍ ഹുങ്കാരം പുറപ്പെടുവിച്ചു ആടിയുലയുന്ന മുളന്ക്കൂടം പോലെയായിരുന്നു ടീച്ചര്‍.  അലറി വിളിച്ചു വരുന്ന കാട്ടാന കൂട്ടത്തിന്റെ മുന്‍പില്‍ പെട്ട പോലെ, ശബ്ദം നഷ്ടപ്പെട്ട്, ആദ്യത്തെ അരുതായ്കയുടെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് മൌന സാക്ഷിയായ്‌ ഞാന്‍ ചുമരിനോട് ചേര്‍ന്ന് നിന്നു.

ആവേശം കേട്ടടങ്ങിയപ്പോള്‍, സ്ഥല കാലം ബോധം വീണ്ടെടുത്ത്‌, കിതപ്പടക്കി, വിളറി വെളുത്ത്, തൊണ്ട വരണ്ടു, നിശ്ചലനായി നില്‍ക്കുന്ന എന്നെ കുറ്റ്പെടുതലിന്റെ ഈണത്തില്‍ ടീച്ചര്‍ വിളിച്ചു,

" പേടിത്തൊണ്ടന്‍".

പിന്നെ കാറ്റില്‍ പറന്നുയരുന്ന അപ്പൂപ്പന്‍ താടി പോലെ, നിലത്തുറാക്കാത്ത പാദങ്ങള്മായ്, നുരഞ്ഞുയരുന്ന ലഹരിയില്‍, വിസ്മ്രുതനായ്‌, വിവര്‍ന്നനായ്‌, ആര്‍ക്കും മുഖം കൊടുക്കാതെക്ലാസ്സിലേക്ക് ഒഴുകി നടന്നു. 

പിന്നെ കാണുമ്പോഴൊക്കെ ടീച്ചര്‍ ശബ്ദം താഴ്ത്തി പേടിത്തൊണ്ടന്‍, പേടിത്തൊണ്ടന്‍ എന്ന് കളിയാക്കുമായിരുന്നു. ഇന്നും അത് കാമാമായിരുന്നോ അതോ പ്രേമമായിരുന്നോ എന്ന് എനിക്കുറപ്പില്ല. വര്ഷങ്ങള്‍ക്ക് ശേഷം പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന്റെ ഭാഗമായി ഞാന്‍ പഴയ ടീച്ചര്‍മാര്‍ ഉണ്ടെങ്കില്‍ ക്ഷണിക്കാനായി കോളേജില്‍ ചെന്നപ്പോള്‍, അന്‍പത്തി നാലിലും ഒന്നു പോലും നരക്കാത്ത മുടി ചന്തിക്ക് താഴെത്തന്നെ പരത്തിയിട്ടു പ്രിന്‍സിപ്പല്‍ ചെയറില്‍ ഇരിക്കുന്ന അവരുടെ കണ്ണുകളില്‍ പ്രണയം കണ്ടില്ല. മടിച്ചു മടിച്ചു ഞാന്‍ പറഞ്ഞു :

" എന്നെ ശെരിക്കും മനസിലായോ

എനിക്ക് സുമിത്രയോടു സ്നേഹമായിരുന്നു എന്ന് പറഞ്ഞ സേതുവിനോട് സുമിത്ര പൊട്ടി തെറിച്ച പോലെ, മറുപടി ഓലപടക്കം പോലെ നെഞ്ചിലേക്ക് പൊട്ടിവീണു.:

സുധാകരനാണ് ഒരിക്കലും എന്നെ മനസ്സിലാക്കാഞ്ഞത്,  ...!!!

പേടിത്തൊണ്ടന്‍, തലതാഴ്ത്തി തിരിഞ്ഞു നടന്നു, അശക്ത്തനായി, ഒരിക്കല്‍ കൂടി!!

നീര്‍മാതളം പൂത്തുലഞ്ഞപ്പോള്‍

നിലാവുള്ള, നക്ഷത്രങ്ങള്‍ പ്രഭാപൂരം ചൊരിയുന്ന ഒരു മകരമാസരാവില്‍,
കയ്യില്‍ നിറയെ മൈയ്ലാന്ചിയിട്ടു,
കറുത്ത വളകളിട്ടു,
വാലിട്ടു കണ്ണെഴുതി,
വട്ടത്തില്‍ കറുത്ത പൊട്ടുതൊട്ട്,
ഇറുകിയ മേല്‍വസ്ത്ര മണിഞ്ഞു,
കത്തുന്ന മിഴികളും വശ്യമായ പുന്ചിരിയുമായി, ലാസ്യഭാവത്തോടെ, എന്റെ തോളത്തു കൈ വെച്ച് , മുട്ടിയുരുമി അരികിലിരുന്നു അവള്‍ പചോദിച്ചു :

" എനിക്ക് വേണ്ടി എന്ത് ചെയ്യും.... ? "

മുല്ലപ്പൂ മണം, വാക്കിന്നും വായുവിനും..

ഉച്വസവായുവിനു പതിവില്ലാത്ത ചൂട്,
വിയര്‍പ്പ് പൊടിയുന്ന കഴുത്തു,
ഉയര്‍ന്നമരുന്ന മാറിടം,
കക്ഷങ്ങളില്‍ നനഞ്ഞുതിരുന്ന ചെന്ബന്‍ മുടിയുടെ നനവ്‌,
മുടിയില്‍ തിരുകിയ കുടമുല്ലയുടെ രൂക്ഷഗന്ധം....

തലക്കുള്ളില്‍ വട്ടമിട്ടു പറക്കുന്ന തുമ്പികള്‍ യുഗ്മഗാനം പാടാന്‍ തുടങ്ങിയിരുന്നു.  പറയാനല്ല, പ്രവര്‍ത്തിക്കാനുള്ള  സമയമാനെന്നറിഞ്ഞിട്ടും,  എന്നിലെ സാഹിത്യകാരന്‍ നിയന്ത്രിച്ചു. അവ്യക്തമായി, തേവര്‍ മകനില്‍ രേവതി പാട്ട് പാടിയ പോലെ പറഞ്ഞു:

" ഒരു ദിവസം ഞാന്‍ നിന്നെ വിട്ടു അങ്ങകലേക്ക് പോകും, ആ കാണുന്ന നക്ഷത്രകൂട്ടത്തില്‍ ഒരു പോന്താരകയായി ഉദിച്ചുയര്‍ന്നു നിന്നെ നോക്കി കണ്‍ചിമ്മും...

നീ മിഴിയടച്ചു, ഒരു സുന്ദരപുരുഷനെ കിട്ടാന്‍ പ്രാര്‍ഥിക്കുമ്പോള്‍ ; നിന്റെ അഭിലാഷം നിറവേറ്റാന്‍ ഒരു ഉല്‍ക്കയായി പൊട്ടിവീണ്, കത്തിജ്വലിച്ചു, ഞാന്‍ ജീവന്‍ വെടിയും...

പിന്നെ കത്തിജ്വലിച്ചത് അവളിലെ കാമമായിരുന്നു,

പതിനാറിന്റെ കാമം മണിച്ചിത്രത്താഴിലെ നാഗവല്ലിയെ പോലെ അലറി വിളിച്ചു 

ഞാന്‍ ഞെരിഞ്ഞമരുന്ന നിമ്നോന്നതങ്ങളില്‍ വീണുടഞ്ഞു,
വേലിയേറ്റവും വേലിയിറക്കവും ആസ്വദിച്ച്,
തിരമാലകള്‍ എണ്ണുന്ന കുട്ടിയെ പോലെ,കൌതുകം കൊണ്ടു, 

അലയടിക്കുന്ന തിരമാലയില്‍ നനഞ്ഞു കുതിരുന്ന തീരം പോലെ,
സഫലമായ വന്നതൃഷ്ണകളിലെ ധന്യത ഏറ്റുവാങ്ങികൊണ്ട് , 

താമരനൂലുപോലെ നീണ്ടുവരുന്ന കൈകളില്‍ നിര്‍വൃതിയണിഞ്ഞു, 
നാണം കൊണ്ട് മേഘങ്ങള്‍ക്കിടയില്‍ മറയുന്ന ചന്ദ്രനെ നോക്കി കണ്‍ ചിമ്മി,
അവളിലെ കിതപ്പുകളിലെ സംഗീതം ആസ്വദിച്ച് കൊണ്ട് മലര്‍ന്നു കിടന്നു.........

Tuesday 2 July 2013

പ്രണയനിലാവ്... 1985, a retrospective....


വ്യാസയില്‍  കോളേജില്‍
ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ശ്രീ കൃഷ്ണപുരത്തു  നിന്ന് ജയശ്രീ എന്ന പേരുള്ള ഒരു പെണ്‍കുട്ടി ബി എ ക്ക് ഉണ്ടായിരുന്നു.  വെളുത്തു, മെലിഞ്, കിളരമുള്ള, കഴുത്തില്‍ ഈള്പോലെ ഒരു സ്വര്‍ണമാലയിട്ടു, അതില്‍ പച്ചപതക്കം തൂക്കി, കാതില്‍ കാറ്റിലാടുന്ന ജിമിക്കിയിട്ടു, നക്ഷത്രതിളക്കം മിഴിയിലും മൃദുമന്ദഹാസം ചുണ്ടിലുമായി, ഏഴുതിരിയിട്ടു തെളിയിച്ച നിലവിളക്ക് പോലെ ഒരു എല്ലിച്ച സുന്ദരി. അത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടിയെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. ആദ്യ പ്രണയത്തിലെ പ്രണയിനിയുടെ സൌന്ദര്യം അമ്മയുണ്ടാക്കുന്ന കറി പോലെ വേറെ എവിടെയും കാണാന്‍ കഴിയില്ല. 

ക്ലാസ്സ്‌ വിട്ടാല്‍ അവള്‍ ബസ്‌ കയറാന്‍ പോകുമ്പോള്‍ അവളുടെ ചുവന്നു തുടുത്ത കാലടികള്‍ ഇടവേറ്റാതെ പിന്തുടരുകയാണ് എന്റെ പ്രണയത്തിന്റെ ആദ്യ പടി. പാര്‍ളിക്കാട് ബസ്‌ സ്റോപ്പ് വരെ, പത്തടി പിന്നില്‍ ഞാന്‍ സ്വപ്നാടകനെ പോലെ നടക്കും.  എനിക്ക് പോകേണ്ടത് നേരെ വിപരീത ദിശയിലാണ്.  ഒരിക്കലും അവള്‍ തിരിഞ്ഞു നോക്കിയില്ല. അവള്‍ അടിവെച്ചടിവെച്ചു നടക്കുമ്പോള്‍, അവള്‍ ബാക്കി വെച്ച പാദമുദ്രകളില്‍ ചവിട്ടുംബോഴുള്ള സുഖം, 

അവള്‍ നിശ്വസിച്ച വായു ശ്വസിക്കുംബോഴുള്ള നിര്‍വൃതി, 
അവളുടെ മുടിയിഴകള്‍ തഴുകിയ അതെ കാറ്റ് എന്നെ നെറ്റിമേല്‍ച്ചുംബിക്കുംബോഴുള്ള ധന്യത, പതിഞ്ഞ കാല്‍ വെപ്പുകളില്‍ അവളുണര്‍ത്തുന്ന താളം,
 എന്റെ മനസ്സില്‍ അതുയര്‍ത്തുന്ന ഓളം, 
പാറി പറക്കുന്ന അളകങ്ങളില്‍ നനുത്ത കൈവിരലുകള്‍കൊണ്ട് ചെവിക്കു പിന്നില്‍ ഒതുക്കിയിടുമ്പോള്‍ തെളിയുന്ന വിയര്‍പ്പ് കുളിരണിയിച്ച കക്ഷങ്ങള്‍, 
ഒതുങ്ങിയ നിതംബത്തില്‍ പെണ്ട്ലമാടുന്ന മുടിയറ്റം.  ആദരവോടെ, ആര്‍ദ്രതയോടെ, ആല്മനിര്‍വ്രുതിയോടെ ഞാന്‍ പിന്തുടര്‍ന്ന് കൊണ്ടിരുന്നു.

ബസ്സില്‍ കയറി മുകളില്‍ കമ്പിയില്‍ പിടിച്ചു വണ്ടി  മുന്നോട്ടെടുക്കുമ്പോള്‍ കിട്ടുന്ന ഒരു പാതി ചിരിയുടെ അക്ഷരരൂപമായിരുന്നു അന്ന് പ്രണയം.  ഈ നടന്ന ദൂരം പിന്നെ മുഴുവന്‍ ഒറ്റയ്ക്ക് പിന്നോട്ട് നടക്കണം. ഇതൊക്കെ മതിയായിരുന്നു സ്വപ്നജീവികളായ അന്നത്തെ കൌമാരക്കാരന്. ശനിയും ഞായറും കണ്ടുപിടിച്ചവനെ ശപിച്ചു കൊണ്ട്, തിങ്കളിനു വേണ്ടി കാത്തിരിക്കുമായിരുന്നു.

അവള്‍ ബി എ ഇക്നോമിക്സ്, ഞാന്‍ കെമിസ്ട്രിയും. മൂന്നു വര്‍ഷം പ്രണയിച്ചു, തെറ്റി, പിന്നാലെ നടന്നു.  ഒന്നുമുരിയാടാതെ, പരസ്പരം ചിരിക്കാതെ, തൊടാതെ, നേരെ നേരെ നോക്കാതെ, കാലടികള്‍ പിന്തുടര്‍ന്ന് കൊണ്ട്, സുരക്ഷിതയായി അവളെ യാത്രയാക്കി കൊണ്ട്.... ഒരു ദിവസം പോലും അവള്‍ തിരിഞ്ഞു നോക്കിയില്ല, ഒന്നും ചോദിച്ചില്ല പറഞ്ഞുമില്ല. വരാന്തയില്‍ അവള്‍ നേരില്‍ വരുമ്പോള്‍ നെഞ്ചില്‍ പെരുമ്പറ കൊട്ടും,  ഹൃദയം പോട്ടിതെറിക്കുമോ എന്ന് തോതോന്നും,  അപ്പൂപ്പന്‍ താടി പോലെ സ്വയം വായുവില്‍ ഉയരുന്നപോലെ തോന്നും,  എവിടെ നിന്നോ ഒരു ഓടകുഴല്‍ നാദം കേള്‍ക്കുമായിരുന്നു, അവളുടെ കൊലുസിന്റെ താളത്തിനൊത്തു എന്റെ ശ്വാസവും താളം പിടിക്കുമായിരുന്നു., ചെന്ബിന്‍നതണ്ട് പോലുള്ള കൈ വീശി അവള്‍ നടന്നു മറയും വരെ ഞാനും കാലവും മരവിച്ചു നിന്ന് പോകുമായിരുന്നു.

അവളുടെ സോഷ്യല്‍ ദിനത്തിന്റെ അന്ന്
ലാബില്‍ വെച്ച് ടെസ്റ്റ്‌ ടുബില്‍ അളന്നെടുത്ത ലായനി ഞാന്‍  ബീക്കറിലേക്ക് ഒഴിച്ച് കൊണ്ടിരിക്കുമ്പോള്‍ ജനലില്‍ ഇളം റോസ് നിറത്തിലുള്ള സാരിയും കറുത്ത ജാകെട്ടുമിട്ടു അവള്‍ നിഴല്‍ വീശി.. ടെസ്റ്റ്‌ ടുബില്‍ നിന്ന് ലായനി തുളുമ്പി സിങ്കില്‍ വീണു, കാറ്റില്‍ പറന്ന അപ്പൂപ്പന്‍ താടി കണക്കെ  ഞാനറിയാതെ   ജനലിനരുകിലേക്ക് നടന്നു... മൌനത്തിന്റെ വാല്‍മീകം ഉടക്കാന്‍ അവള്‍ തന്നെ വേണ്ടി വന്നു, ഞാന്‍ ഭൂമിയിലല്ലായിരുന്നു, അക്ഷരങ്ങളും ശബ്ദവും എനിക്കന്യമാവുന്നത് പോലെ തോന്നി. കാലുകള്‍ നിലത്ത് തൊടുന്നില്ല, വായുവിലോഴുകുന്ന പോലെ..

ഇന്ന് ലാസ്ടാ, എന്നോടൊന്നും  പറയാന്‍ ല്യേ....... ?

ഈശ്വര....!!!  ഇത്രയും മധുരമായിരുന്നോ ഇവളുടെ ശബ്ദം... ഒരുപക്ഷെ ഭീരുവായ ഞാന്‍ ഒരിക്കലും കേള്‍ക്കാതെ പോവുമായിരുന്ന ശബ്ദം,  എന്റെ മറുപടി കേള്‍ക്കാന്‍ വട്ടം പിടിക്കുന്ന ആന ചെവികള്‍, മിടിക്കുന്ന മഷിയെഴുതിയ നീണ്ടു വിടര്‍ന്ന കണ്ണുകള്‍, ശ്വസ്സോച്ഛസ്സങ്ങള്‍ക്കൊപ്പം ഉയര്‍ന്നമരുന്ന നീര്‍മാതളമാറിടം...

ഞാന്‍.... ഞാന്‍..... വാക്കുകള്‍ തട്ടി തടഞ്ഞു തൊണ്ടയില്‍ തന്നെ തളര്‍ന്നു വീണു.

എന്നെങ്കിലും ഇന്റെയടുത്തു വരുമെന്നും ഇഷ്ടമാണോന്ന് ചോദിക്കുമെന്നും കരുതി... നെഞ്ചോട്‌ ചെര്‍ത്തമാര്‍ത്തി പിടിച്ച ബുക്കില്‍ നിന്നും രണ്ടു മൂന്നു കടലാസു ചുരുളുകള്‍ നിവര്‍ത്തി അവള്‍ പറഞ്ഞു : മറ്റുള്ളവര്‍ക്ക് പ്രനയിനികള്‍ക്ക് കൊടുക്കാന്‍ എഴുതി കൊടുത്ത ഈ പ്രണയവര്‍ണ്ണങ്ങള്‍ ഒരു ദിവസം എന്റെ കൈ വെള്ളയില്‍ കാണിക്ക പോലെ വെച്ച് തരുമെന്നു ഞാന്‍ കിനാവ്‌ കണ്ടു... വെറുതെ... വെറ്തെ... നനയുന്ന കണ്ണുകള്‍; വിറയ്ക്കുന്ന ചുണ്ടുകള്‍...

തീര്‍ത്ഥജലം പോലെ എന്നില്‍ പെയ്തിറങ്ങിയ പ്രണയമോഴികള്‍.. വീഴാതിരിക്കാന്‍ ജനലിലമര്‍ത്തി പിടിച്ചു ഞാന്‍ തരിച്ചു നിന്നു.

എനിക്ക്.. ഞാന്‍.. ശബ്ദമില്ലാത്ത ഞാന്‍ പറയാതെ പറഞ്ഞു :  ഞാന്‍ നിന്നെയല്ല ഒരുപക്ഷെ പ്രണയിച്ചത്. മൂന്നു വര്‍ഷം ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ടത് നിന്റെ ചുവന്നു തുടുത്ത ഉപ്പൂറ്റിയായിരുന്നു. അതില്‍ നിന്നും തെറിച്ചു വീഴുന്ന മണ്‍തരികളായിരുന്നു.  ഞാന്‍ പെരുക്കാതെ പെറുക്കിയെടുത്തു നെഞ്ചോട്‌ ചേര്‍ത്ത മണ്‍തരികള്‍.. കയ്യില്‍ നിന്നൂര്‍ന്നു പോകുന്ന മണല്‍ത്തരികള്‍ പോലെ നെന്ചിലോട്ടിപിടിക്കാതെ ഉതിര്‍ന്നു വീണ മണ്‍തരികള്‍..

ഞാന്‍ പോപോനൂട്ടോ, , ഒരു ജോലി കിട്ടിയാ വരണം. രണ്ടു വര്‍ഷമോക്കെ ഞാന്‍ കാത്തിരിക്കാം... പിന്നെ ഞാനറിയാതെ എന്റെ ഐകാര്‍ഡില്‍ നിന്നെടുത്ത ആ ഫോട്ടോ കളയരുത്...

നെഞ്ചോട്‌ കൈ ചേര്‍ത്തു വെച്ച് അവള്‍ പറഞ്ഞു :  എനിക്ക് ഫോട്ടോ വേണ്ട, ഇയാള്‍ , ദേ ഇവിടെയുണ്ട്.. അവള്‍ ഒന്ന് കൂടെ ചിരിച്ചു, അല്പം കാമതോടെയുള്ള ചിരി. നോട്ടം പിന്‍ വലിക്കാതെ നാലടി പിന്നോട്ട് നടന്നു, അപ്പോള്‍ അവളുടെ കണ്ണില്‍ നക്ഷത്ര തിളക്കമായിരുന്നില്ല, ഉതിര്‍ന്നു വീഴുന്ന നീര്‍മണികളുടെ സ്ഫടികപ്രകാശമായിരിന്നു.  വെയിലത്ത്‌ പെയ്യുന്ന മഴപോലെ, നിലാവുതിരുന്ന അവളുടെ പുന്ചിരിയില്‍ അലിഞ്ഞു ചേര്‍ന്ന രണ്ടു കണ്ണുനീര്‍ചാലുകള്‍....

അതോരറിവായിരുന്നു.. എന്നില്‍ നിറങ്ങളുടെ തെന്മഴപെയ്യിക്കാന്‍, നരുമണത്തിന്റെ ചാരുഗന്ധം പടര്‍ത്താന്‍ അവള്‍ തെയ്യാറായിരുന്നു. ഈ മൂന്നു വര്‍ഷവും അവള്‍ ഭീരുവായ എന്നില്‍ നിന്ന് പലതും കേള്‍ക്കാനാഗ്രഹിച്ചിരുന്നു. സൌഭാഗ്യങ്ങള്‍ തൊട്ടടുത്ത്‌ ചേര്‍ന്ന് നില്‍ക്കുമ്പോഴും, അനുഭവപെടാന്‍ യോഗമില്ലാതെ, നിലാവുതിരുന്ന പൌര്‍ണമി രാത്രികളില്‍ കണ്ണിരുക്കിയടച്ചു കരിമ്പടം മൂടിപുതച്ചുറങ്ങിയ, വിലാപങ്ങളുടെ നാറിയ ഭാണ്ടകെട്ടുകള്‍ പേറി , അത്താണികളില്ലാത്ത, വഴിയന്ബലങ്ങള്‍ കൊട്ടിയടക്കപെട്ട ഇരുളടഞ്ഞ പാതയിലൂടെ ഒറ്റയ്ക്ക് നടന്നു തീര്‍ക്കാന്‍ വിധിക്കപെട്ട സുധാകരജന്മം!!!

Sunday 30 June 2013

അഗ്രഹാരം...


അഗ്രഹാരങ്ങള്‍ കണ്ടിട്ടുണ്ടോ,   ബ്രാഹ്മണന്‍മാര്‍ പാര്‍ക്കുന്ന തെരുവുകള്‍.  ഞാന്‍ ഊണ് കഴിക്കാന്‍ പോവുന്നത് തിരുവനന്തപുരത്തെ  ഇതുപോലുള്ള  തെരുവിലെ വീട്ടിലാണ്. പ്ചൂടുള്ള പരിപ്പ് വടയും   തയിരും കൂട്ടിയുള്ള  ആ ഊണ് നിത്യമേനോനെ പോലെതന്നെ എന്റെ മറ്റൊരു ദൌര്‍ബല്യമാണ്.  തമിഴ്‌ നാട്ടില്‍ നിന്ന് പൂജക്കും യാഗങ്ങള്‍ക്കും മറ്റുമായി കൊണ്ട് വന്നു താമസ്സിപ്പിച്ചവരാണിവര്‍. മലയാളം പറഞ്ഞു അവസാനം റെന്‍, ട്ടാള്‍, ടോം എന്നൊക്കെ ചേര്‍ത്താല്‍ തമിഴായി എന്ന് വിശ്വസിക്കുന്ന,  മുയലുകളെ പോലെ, മാനുകളെ പോലെ, അണ്ണാരകണ്ണനെ പോലെ സസ്യഭുക്കുകളായ വെറും പാവങ്ങള്‍..

അവരുടെ വീടിനു മതിലുകള്‍ ഇല്ല, സിറ്റ് ഔട്ട്‌ ഇല്ല, പടികെട്ടുകള്‍ ഇറങ്ങുന്നതു റോഡിലെക്കാണ്.. കുട്ടികള്‍ കളിക്കുന്നത്, ദീവാളിക്ക് പടക്കം പൊട്ടിക്കുന്നത്, സ്ത്രീകള്‍ തമ്മില്‍ സംസാരിക്കുന്നതു, കാര്ത്തികക്ക് വിളക്കുകള്‍ കത്തിക്കുന്നത്, ഒക്കെ ഈ പൊതുവഴിയിലാണ്..

 
ആ തെരുവുകളിലൂടെ നടക്കുമ്പോള്‍ എന്തൊരു  ശാന്തതയാണ്.  ബഹളങ്ങളില്ല, തെറി വിളികളില്ല, വഴിയില്‍ ഫിറ്റ് ആയി പാംപുകള്‍ കിടക്കുന്നില്ല,  ബീഡി വലിച്ചു കുന്തിചിരിക്കുന്ന മേക്കട്ടുകേറികലില്ല, ചീഞ്ഞളിഞ്ഞ ശവങ്ങളുടെ നാറ്റമില്ല. ആകെയുള്ള ശല്യം നല്ല മൊരിഞ്ഞ ദോശയുടെ മണവും തയിര്‍ കൂട്ടി ഉണ്ട തടിയന്മാരുടെ ഏമ്ബക്കവുമാണ്..

ഈ വീടുകള്‍ തമ്മില്‍ വേര്‍തിരിക്കുന്നത് ഒരു ചുവര്‍ ആണ്. ഒരു വീട്ടില്‍ ഒരു കൂട്ടര്‍, ചുവരിന്റെ അപ്പുറത്ത് വേറെ ഒരു കൂട്ടര്‍.  ഈ ചുവരില്‍ തട്ടിയാല്‍ അപ്പുറത്ത് കേള്‍ക്കും. പക്ഷേ ഒരു പ്രശ്നവുമില്ല. ഈ ഏരിയയിലെ  പോലീസ്‌കാര്‍  ഒരിക്കലും   ആ വഴിക്ക് വന്നിട്ടുണ്ടാവില്ല, ഒരു പരാതി അവര്‍ക്ക് ഇവിടെ നിന്ന് കിട്ടി കാണില്ല.

പരാതിയില്ല, പരിദേവനങ്ങള്‍ ഇല്ല, വലിയ ആര്‍ഭാടങ്ങള്‍ ഇല്ല. വയര്‍ നിറയെ ഭക്ഷണം, അതിനു ശേഷം കുറച്ചു മധുരം, സന്ധ്യക്ക് മുടിയില്‍ കുറച്ചു മുല്ല/പിച്ചി പൂവ് ചൂടി ക്ഷേത്രത്തില്‍ പോകണം. ഒരു തമിഴ്‌ സിനിമ കൂടി കണ്ടാല്‍ ഓ ഹോ... പ്രമാദം....

മനസ്സ് കൊണ്ടുപോലും ആരെയും നോവിക്കാത്ത സുകൃതജന്മങ്ങള്‍.  അടിപിടിയില്ല, കത്തികുത്തില്ല, തെറി വിളിയില്ല, രാഷ്ട്രീയ ലഹളകളില്ല, ഈ തെരുവുകളില്‍ ഉയരുന്നത് മന്ത്രധ്വനികള്‍, നാമജപങ്ങള്‍, പിന്നെ നീട്ടി പാടുന്ന രാഗങ്ങളും സപ്തസ്വരങ്ങളും...

നമ്മള്‍ മതില്‍ കെട്ടി അതിര്‍ത്തി തിരിച്ചു, തുറക്കാന്‍ പാടുപെടെണ്ടിവരുന്ന ഭീമാകാരമായ  ഗേറ്റ്, അടച്ചു കുറ്റിയിട്ടു,   മുന്‍വാതിലടച്ചു,  അകത്തിരുന്നിട്ടു അയല്‍ക്കാരന്റെ ദോഷങ്ങളെ കുറിച്ചും അയാളുടെ വീട്ടില്‍ നില്‍ക്കുന്ന മാവില്‍ നിന്നും നമ്മുടെ വീട്ടിലേക്കു വീഴുന്ന മാവിലകളെ കുറിച്ചും ചര്‍ച്ച ചെയ്തു ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. തര്‍ക്കങ്ങളും സ്പര്‍ധയും വൈരാഗ്യവും തെരുവില്‍ പരസ്പരം വിഴുപ്പു അലക്കിയും മാനം കളഞ്ഞു  അടിച്ചും തീര്‍ക്കുന്നു..

നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ  ചിന്തകളും സ്വഭാവങ്ങളും മനോഭാവങ്ങളും ഒന്നിനൊന്നു ബന്ധപെട്ടിരിക്കുന്നുവോ.....?

ആവൊ... ?

Friday 28 June 2013

കണ്ടകശനി...

എന്റെ ഒപ്പം വളര്‍ന്ന സുഹൃത്ത്‌ ആണ് ചെന്താമരാക്ഷന്‍.  കൌമാരത്തിന്റെ പടിക്കെട്ടുകളില്‍ കാലെടുത്തു വെച്ചപ്പോള്‍,  അന്നത്തെ നാട്ടുനടപ്പ് പ്രകാരം വായ്‌ നോട്ടം ഇല്ലാത്ത സമയങ്ങളില്‍, ശ്രീമാന്‍ കുറേശ്ശെ പുകവലിയെ പ്രണയിക്കാന്‍ തുടങ്ങി.. അദേഹത്തിന്റെ തുടരെ തുടരെയുള്ള പ്രാണയാഭ്യര്‍ത്ഥന മാനിച്ചു പുകവലി തിരിച്ചും പ്രണയിച്ചു.  നീലചുരുളുകളായി ഊതി വിടുന്ന പുക, രതിലഹരിയായി അവനില്‍ പടര്‍ന്നു കയറുകയും, രമിച്ചു തളരുന്ന, മധുവിധു നാളുകളായി തീരുകയും ചെയ്തു അവന്റെ കൌമാരദിനങ്ങള്‍.

പുകവലി നിര്‍ത്തിയില്ലെങ്കില്‍ പുകച്ചു കളയുമെന്ന വീട്ടിലെ ഭീഷണിയില്‍ നിന്ന് രക്ഷപെടാന്‍,  ഒരു ദുശീലം കൊണ്ട് മാത്രമേ മറ്റൊരു ദുശീലം കളയാന്‍ പറ്റൂ എന്ന എന്റെ ഉപദേശപ്രകാരം,  അവന്‍ കുറേശ്ശെ പൊടിവലി തുടങ്ങി.. രണ്ടു വിരല് കൊണ്ട് കൂട്ടി പിടിച്ചു, മൂക്കിലൂടെ പഴയ ഒറ്റ മുണ്ട് കീറുന്ന പോലെ ശബ്ദമുണ്ടാകി ഈ പൊടി മൂക്കിലോട്ടു വലിച്ചു കയറ്റുകയും അത് നെറുകയിലെത്തിയത്തിന്റെ ലഹരിയാലസ്യത്തില്‍ അവന്‍ തുമ്മുകയും ആനന്ദാശ്രുക്കള്‍ പോഴിക്കുകയും ചെയ്യുമായിരുന്നു. കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോഴാണ് തന്‍റെ പാറപറത്തു ചിരട്ട ഉരക്കുന്നപോലെയുള്ള ഘനഗംഭീര പുരുഷസ്വരം, ചുക്ക് ചുളിഞ്ഞ ചെമ്പ് കുടത്തില്‍ വെള്ളം നിറയുന്ന പോലെ ഹ്രസ്വസ്വരങ്ങളായി പോവുകയും താന്‍ സ്വയം ഒരു രാധകൃഷ്ണശബ്ദമായി മാറുന്നുണ്ടോ എന്നും അവനു തോന്നി തുടുങ്ങിയത്.. ഈ പ്രണയവും തനിക്ക് ശേരിയാവില്ല എന്ന് തോന്നി തുടങ്ങി. ഇതിനിടയില്‍ പഴയ കാമുകി തീരെ വിട്ടു പോയിട്ടുമില്ലായിരുന്നു. അല്ലെങ്കിലും ആദ്യ കാമുകി എന്നും നമ്മുക്ക് പ്രിയപെട്ടതാണല്ലോ..

ഈ രണ്ടു പ്രണയിനികളെയും ദൂരെ കളയാന്‍ ഒരു വഴി കണ്ടു പിടിച്ചു. നല്ല തളിര്‍ വെറ്റിലയും കളിയടക്കയും വാസന ചുണ്ണാമ്പും ചേര്‍ത്തുള്ള മുറുക്ക്. നാലും കൂട്ടി മുറുക്കി തുപ്പി കൊണ്ടിരിക്കാം എന്ന് തീരുമാനിച്ചു.  മുറുക്കും താമരയെ നല്ല മുറുക്കെ കെട്ടിപുണര്‍ന്നു.

ഇപ്പോള്‍, വായനശാലയുടെ മുന്നില്‍, ഇടതു കയ്യിലെ വിരലുകള്‍ക്കിടയില്‍ സിഗരറ്റും, വലതു കയ്യിന്റെ തള്ള വിരലും ചൂണ്ടു വിരലും കൂട്ടി ചേര്‍ത്തു പിടിച്ചതില്‍ ഒരു നുള്ള് പൊടിയുമായി, മുറുക്ക് തുപ്പി എന്റെ കൂട്ടുക്കാരന്‍ താമര , " താമര കുംബിളല്ലോ മമ ഹൃദയം " എന്നും പാടി, മൂന്നു പ്രണയിനികളെയും ചേര്‍ത്തു പിടിച്ചു,  എന്നെ കാണുമ്പോള്‍ മൂക്കും കുത്തി വീണവരുടെ ശബ്ദം പോലെ " ഷുദേ, ഷുകം തന്നല്ലേഡാ  എന്നും പറഞ്ഞുകൊണ്ട്
ചന്തി ബെഞ്ചില്‍ തൊടാതെ കുന്തിചിരിക്കുന്നു. 
 
ദുശീലങ്ങള്‍ പ്രണയം പോലെയാണ്.... തുടങ്ങാന്‍ എളുപ്പമാണ്; വിട്ടു പോവാനാണ് പ്രയാസം. കണ്ടകശനി പോലെയുമാണ്; കൊണ്ടേ പോകൂ....!!!

ഋതുഭേദങ്ങള്‍..

സ്കൂള്‍ ക്ലാസ്സില്‍ നല്ല വസ്ത്രമണിഞ്ഞ് അലൂമിനിയം പെട്ടിയും കാമെല്‍ ബോക്സുമായി വരുന്ന മനോജ്‌ വീണു കയ്യോടിഞ്ഞപ്പോള്‍ എനിക്ക് ദുഃഖം തോന്നാതിരുന്നപ്പോള്‍ എനിക്ക് മനസിലായി എന്നിലൊരു ആസൂയക്കാരന്‍ ഉണ്ടെന്നു.

പരീക്ഷഹാളില്‍ കയറുന്നതിനു മുന്‍പ് കൂട്ടുകാരെ നല്ല മാര്‍ക്ക് ആശീര്‍വദിക്കുകയും മനസ്സില്‍ ഇവര്‍ക്ക് എന്നെക്കാള്‍ കൂടുതല്‍ മാര്‍ക്ക് കിട്ടാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യമ്പോള്‍ ഞാന്‍ മനസ്സിലാക്കി എനിക്ക് പൊയ്മുഖമുന്ടെന്നു..

വിവാഹം കഴിഞ്ഞു ഭാര്യയും മക്കളുമൊക്കെയായി, എന്റെ സ്നേഹം ഇവരിലെക്കൊതുങ്ങിയപ്പോള്‍ ഞാന്‍ മനസിലാക്കുന്നു എനിക്ക് എല്ലാവരോടും സ്നേഹമായിരുന്നെന്നു.

സ്ഥലം വാങ്ങി വീടുവെച്ച ഞാന്‍ BSNL Society യിലും എസ് ബി ഐ യിലും ശമ്പളത്തിന്റെ സിംഹഭാഗം കൊടുക്കെണ്ടിവരുമ്പോള്‍, പിശുക്ക് ഒരു സോഭാവമാക്കാന്‍ ശ്രമിക്കുമ്പോള്‍, മനസിലാക്കുന്നു മുന്‍പ് ഞാനോരു ധനികനായിരുന്നു വെന്നു.

നെറ്റിയുടെ രണ്ടു ഭാഗത്തിലൂടെയും ദേശീയപാതകള്‍ രൂപം കൊള്ളുമ്പോള്‍, നെറുകയില്‍ ഫുട്ബോള്‍ മൈതാനം പ്രത്യക്ഷപെടുമ്പോള്‍ എനിക്ക് ഇടതൂര്‍ന്ന മുടിയുണ്ടായിരുന്ന സത്യം ഞാന്‍ മനസിലാക്കുന്നു.

മുഖത്തെയും കൈകാലുകളിലെയും തൊലിയുടെ സ്നിഗ്തത നസ്തപെടുന്നത് കാണുമ്പോള്‍ എനിക്ക് ഓജസ്സും തേജസ്സുമുള്ള ഒരു മേനി ഉണ്ടായിരുന്നുവെന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നു.

മൂസിയത്തില്‍ മൂന്ന് റൌണ്ട് നടക്കുന്ബോഴേക്കും കിതക്കുന്ന ഞാന്‍ മനസിലാക്കുന്നു എന്നിലെ ചുറ്ചുറ്ക്കും യൌവ്വനത്തിന്റെ തുടിപ്പും നഷ്ടപെടുകയാണെന്നു .

കൌമാരത്തിലും യൗവ്വനത്തിലും എന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കി നടന്നു മറഞ്ഞ അനഘ്രാതകുസുമങ്ങള്‍  വാടിയ നിര്‍മാല്യമായിട്ടും എന്നെ നോക്കി പുഞ്ചിരിക്കാന്‍ മടിക്കുന്ബോള്‍ ഞാന്‍ മനസിലാക്കുന്നു സൌന്ദര്യം എന്നെ വിട്ടുപിരിഞ്ഞെന്നു...

ഞാന്‍, എന്റെ, എനിക്ക് എന്നീ വാക്കുകള്‍ എന്റെ നിഘണ്ടുവില്‍ ആവശ്യത്തിനും അനാവശ്യത്തിനും ആവോളം വന്നടിഞ്ഞപ്പോള്‍ ഞാന്‍ മനസിലാക്കുന്നു പണ്ട് ഞാന്‍ ഒരു സ്വാര്‍ത്ഥനല്ലായിരുന്നുവെന്നു..

ഞാന്‍ ഞാനല്ലാതെവയാവുംബോഴാണ്,  ഞാന്‍, ഞാനായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കിയത്‌...

എന്നും മാറ്റത്തിന് വിധേയമയികൊണ്ടിരിക്കുന്ന ഞാന്‍ എന്നിട്ടും പറയുന്നു എനിക്കൊരു മാറ്റവുമില്ലെന്നു.....................!!!!!!

സ്ത്രീജന്മം...


അമ്മയായും സഹോദരിയായും ഭാര്യയായും മകളായും നമ്മില്‍ സ്നേഹത്തിന്റെ,  വാല്‍സല്യത്തിന്റെ ക്ഷീരധാര ചൊരിയുന്ന ദേവജന്മങ്ങള്‍...

ചരിത്രത്തിലുടനീളം പുരുഷന്റെ നിഴലുകലായി മാത്രം ജീവിക്കാന്‍ വിധിക്കപെട്ടവര്‍..

ഗാന്ധാരി;  ഭര്‍ത്താവു കണ്ടു രസിക്കാത്ത ഒന്നും തനിക്കു വേണ്ടെന്നു പറഞ്ഞു കാഴ്ചകളെ കൊട്ടിയടച്ചു പടിക്കു പുറത്താക്കി ഇരിക്കപിണ്ഡം വെച്ചവള്‍..

കുന്തി;  ഒരു ഷണ്ഡനെ കെട്ടി, രാജകുലം അന്ന്യം നിന്ന് പോകാതിരിക്കാന്‍ എവിടെ നിന്നോക്കെയോ വിത്തുകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപെട്ട ഉര്‍വ്വരജന്മം.

ദ്രൌപദി;  അഞ്ചുപേര്‍ക്ക്‌ മാറി മാറി പായ വിരിക്കേണ്ടി വന്നവള്‍. പണയപെട്ടവനാല്‍ പണയപെടുത്തി, കുടുംബസദസ്സിനു, വന്ദ്യവയോധികര്‍ക്ക്, ഗുരുജനങ്ങള്‍ക്ക് മുന്നില്‍ ചേലയുരിയപെട്ടവള്‍..

സീത;  ഭര്‍ത്താവിനോടൊപ്പം ഏതു കാട്ടിലും മേട്ടിലും അയോധ്യ തീര്‍ത്തവള്‍,  സംശയത്തിന്റെ സര്‍പ്പദംശനത്തിലുണ്ടായ പുരുഷന്റെ അഭിമാനക്ഷതത്തിനു ജീവിതം ത്യജിക്കേണ്ടി വന്നവള്‍..

ഊര്‍മിള;  പുരാണങ്ങളിലെ ആദ്യത്തെ വിരഹിണി, രാമന്റെ നിഴലിനെ പരിണയിച്ചതിന്റെ പരിണിതഫലം..

അങ്ങ് നിന്നിങ്ങോളം സ്ത്രീ വെറും നിഴലാണ്, നിശബ്ദയാണ്, സഹനമാണ്..

മനം മടുക്കുന്ന ഓരോ സ്ത്രീയുടെയും അഭിലാഷം അടുത്ത ജന്മം ഒരു ആണായി പിറക്കണേ എന്നാണു. എന്നാല്‍ എത്ര പുരുഷന്മാര്‍ ആഗ്രഹിക്കുന്നുണ്ട് ഒരു പെണ്ണായി പിറക്കണേയെന്ന്...?

ഏതു പുരുഷന് സാധിക്കും ഒന്‍പതു മാസം ഒരു കുഞ്ഞിനെ ചുമക്കാന്‍,
കമിഴ്ന്നോ, ചരിഞ്ഞോ കിടക്കനാവാതെ, 

ഓടാനാവാതെ, ചാടാനാവാതെ,
നാല് ചുവരുകള്‍ക്കുള്ളില്‍ തന്റെ ജീവിതം തളച്ചിടാന്‍,

എല്ലുകള്‍ പൊടിയുന്ന വേദന തിന്നു പ്രസവിക്കാന്‍, പറയാതെ പറയുന്ന കുഞ്ഞിന്‍റെ ഭാഷ മനസ്സിലാക്കാന്‍ ...?

രതിസുഖത്തിലാറാടി വിത്ത്‌ വിതച്ചു കൈ വീശി നടക്കുന്ന ഭാഗ്യജന്മങ്ങള്‍ നമ്മള്‍......

സര്‍വംസഹകളായ,
സഹനശക്തിയുടെ മൂര്‍ത്തിഭാവങ്ങളായയ,
ശക്തിസ്രോതസ്സുകളായ സ്നേഹസ്വരൂപങ്ങള്‍ക്ക് മുന്നില്‍ സംഷ്ടംഗ പ്രണാമം.....

ഇത്തിള്‍കണ്ണികള്‍..

അസഹ്യമായ്‌ ചൂടുള്ള മെയ്‌ മാസത്തില്‍ തമ്പാനൂര്‍ റെയില്‍വേ സ്റേഷനില്‍ നാട്ടില്‍ പോകാന്‍ ട്രെയിന ഇരിക്കുമ്പോള്‍ അമൃത എക്സ്പ്രസ്സ്‌ വന്നു നിന്നു. എ സി കമ്പാര്‍ട്ട്മെന്‍റ്  കണ്ട അമ്മു ചോദിച്ചു.. 

അച്ചാ, എന്താ സുഖാല്ലേ ഈ എ സി യില്‍ പോകാന്‍.  ചൂടില്ല, പൊടിയടിക്കില്ല, നല്ല വൃത്തിയുമുണ്ട്., സുഖ ഉറക്കം. എന്താ നമ്മള്‍ വല്ലപ്പോഴും മാത്രം അതില്‍ പോണേ..?

ഞാന്‍ അതിന് മറുപടി പറഞ്ഞില്ല. 


" വാ നമ്മുക്ക് നടക്കാം..". 

അവളെയും കൊണ്ട് ഞാന്‍ വണ്ടിയുടെ ഏറ്റവും പിന്നിലെത്തി. ജനറല്‍  കമ്പാര്‍ട്ട്മെന്‍റ് തിങ്ങി നിറഞ്ഞു ജനങ്ങള്‍ ശ്വാസം വിടാന്‍ പഴുതില്ലാതെ നില്‍ക്കുന്നു. ദൈന്യത തുളുമ്പുന്ന മുഖങ്ങള്‍.. എല്ലും തോലുമായ സ്ത്രീ ജനങ്ങള്‍, വയസ്സന്മാര്‍, കാലില്ലത്തവര്‍.. തിക്കി തിരക്കി നില്‍ക്കുന്നു. പത്താം ക്ലാസ്സുകാരിയോടു പിന്നെയൊന്നും പറയേണ്ടി വന്നില്ല. അവള്‍ എന്നെ നോക്കി എല്ലാം മനസ്സിലായപോലെ മന്ദഹസിച്ചു; ഞാനും.. വീണ്ടും തിരിച്ചു നടന്നു എ സി യുടെ മുന്നിലെത്തിയപ്പോള്‍ അവള്‍ ഉള്ളിലേക്ക് നോക്കി പറഞ്ഞു :

അച്ചാ, ഈ വെളുത്ത ഖദര്‍വേഷക്കാര്‍ നിറഞ്ഞിരിക്കുകയാനല്ലോ ഇതില്‍.  അതെന്താ ഈ ഖദര്‍ധാരികള്‍ ഇതില്‍ മാത്രമേ പോവൂ. നമ്മുടെ സ്ലീപ്പര്‍ക്ലാസ്സിലും ഇവരെ കാണാറില്ല ലോ..? ഇ രാഷ്ട്രീയം കൊണ്ട് നടക്കുന്നവര്‍ക്ക്  ഇത്രയും വരുമാനമുണ്ടോ?

എനിക്ക് ആധിയായി, ഇവള്‍ പഠനം ഉപേക്ഷിച്ചു ഇതിലേക്ക് ഇറങ്ങി പുറപ്പെടുമോ എന്ന് ശങ്കിച്ച് ഉടനെ പറഞ്ഞു.

അയ്യോ മോളെ, ഇവര്‍ ജനങ്ങള്‍ സേവിക്കുന്നവരാന്..  ഇവര്‍ അവിടെ ജനറല്‍ കമാപ്ര്‍ത്മെന്റില്‍ കണ്ടവര്‍ക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്നവരാണ്. ഇ വര്‍ക്ക് നല്ല ഭക്ഷണം,  ഉറക്കം , വിശ്രമം ഒക്കെ കൊടുക്കേണ്ടത് ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളുടെ ഉത്തരവാദിത്തമാണ്. ഇവരൊക്കെ നമ്മുക്ക് വേണ്ടി സമരം ചെയ്യുന്നത് നീ ടി വി യില്‍ കണ്ടിട്ടില്ലേ,
പോലീസിന്റെ  അടി കൊള്ളൂന്നതും. ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ട്.  ഇവര്‍ക്ക് ജനസേവനം ആണ് ജീവിതവൃതം. സമരത്തിന്റെ തീചൂളകളില്‍ പാതിവേന്തെരിഞ്ഞ ജീവിതമാണ് ഇവരുടേത്. ഇവിടത്തെ സാധരണക്കാരന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച് തപം ചെയ്തു കല്ലും മുള്ളും ചവിട്ടി, കഷ്ടപാടുകളും ദുരിതങ്ങളിലും പങ്കാളികളായി സാധരണക്കാരന്റെ തോളോട് തോള്‍ ചേര്‍ന്ന് നടക്കുന്നവരാണിവര്‍..

അവളുടെ ചോദ്യം വൈകിയില്ല..

അച്ചാ? സാധാരണക്കാരന്റെ വിഷമം പന്കുവെക്കേണ്ട, തോളോട് തോള്‍ ചേര്‍ന്ന് നടക്കേണ്ട, അവരുടെ ദുരിതം മനസ്സിലാക്കേണ്ട ഇവരെന്താ പിന്നെ ജനറല്‍ കംപ്ര്‍ത്മെന്റില്‍ കയറാത്തത്...?

സത്യം കേള്‍ക്കുമ്പോള്‍ ഉത്തരത്തിലിരിക്കുന്ന പല്ലി ചിലക്കുന്ന പോലെ ട്രെയിന്‍ ചൂളം വിളിച്ചു......

അയനം

സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു പാട്ടുകാരനാവണമെന്നായിരുന്നു ആഗ്രഹം. കുറെ പേരുടെ ക്ഷമ പരീക്ഷിച്ചത് മാത്രമായിരുന്നു അതിന്റെ ബാക്കിപത്രം. കോളേജില്‍ എത്തിയപ്പോള്‍ എം ടി യും മുകന്ദനും മാധവിക്കുട്ടിയും ഒ. വി. വിജയനും സി. രാധകൃഷ്ണനുമൊക്കെ സന്തതസഹചാരികളായി ഒപ്പം കൃഷ്ണന്‍നായര്‍ സാറും ആര്‍ടിസ്റ്റ്‌ നമ്പൂതിരിയുമുള്ള കലാകൌമുദിയും മദനന്റെ വരകളും വര്‍ണ്ണങ്ങളും നിറഞ്ഞ മാതൃഭൂമിയും.  കൂടല്ലൂരും ചമ്രവട്ടവും മയ്യഴിയും ഖസാക്കുമൊക്കെ വടക്കാന്ചെരിയിലേക്ക് വിരുന്നു വരികയായിരുന്നു. അല്ലെങ്കില്‍ വടക്കാന്ചെരിയും കുമ്പളങ്ങാടുമോക്കെ ഈ ദേശങ്ങളായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. ഞാനും, എന്നിലൂടെ എന്റെ ദേശവും ഇതുപോലെ അറിയപെടണമെന്നു തിരതല്ലുന്ന അഭിലാഷമായി മനസ്സിനെ മദിക്കാന്‍ തുടങ്ങി.  ഒപ്പം എം എ മലയാളത്തില്‍ ചെയ്തു സാതിഹ്യമണ്ഡലത്തിലെ അപാരസീമകളെ താണ്ടണമെന്നും.

പക്ഷെ എഴുതാന്‍ ശ്രമിച്ചിട്ട് ഒന്നും വരുന്നില്ല. വരുന്നതൊക്കെ എവിടെയോ വായിച്ചു മറന്നവയായിരുന്നു. ബീഡി വലിച്ചു നോക്കി, ചാരായം കുടിച്ചു, ഊശാന്‍ താടി വളര്‍ത്തി, ജുബയിട്ടു, ബുജിസഞ്ചി തൂക്കി, കിം ഫലം... വായനയുണ്ട്, സാഹിത്യകാരന്റെ നല്ല ലുക്ക്‌ വരുന്നുണ്ട്.  സംസാരത്തിലും സാഹിത്യം അലയടിക്കുന്നുണ്ട്,  നാവില്‍ ശ്രീയുണ്ട് പക്ഷെ എഴുത്ത് മാത്രം വരുന്നില്ല, പലരും രൂപവും സംസാരവും കണ്ടു ചോദിക്കുമായിരുന്നു എഴുതുമോ? ആദ്യം കവിതയെഴുതാന്‍ ശ്രമിച്ചു. നമ്പ്യാര്‍ മാഷിന്റെ മകളെപോലെ തന്നെ ഈ കവിതയും എന്റെ മുഖത്ത് തന്നെ കാര്‍ക്കിച്ചു തുപ്പി,   ഈറ്റപ്പുലിയെ പോലെ ചീറി നടന്നു പോയി. കഥയില്ലാത്തവന്റെ "കഥ"എഴുതാനുള്ള ശ്രമവും  മണിയറയില്‍ കയറിയ പുതുമണവാളനെപോലെ  "ശല്യപ്പെടുത്തരുത് " എന്ന് പറഞ്ഞു   ശബ്ദത്തോടെ കതകടച്ചു പടിയടച്ചു പിണ്ഡം വെച്ചു.  എഴുതിയ ലേഖനങ്ങള്‍ ആര്‍ക്കും പിടി കിട്ടാതെയും പിടി കൊടുക്കാതെയും സ്വയം എരിഞ്ഞടങ്ങി.. ഞാന്‍ വെറും സുധാകരനായും,  വടക്കാഞ്ചേരി ഒരു നിയോജകമണ്ടലമായും അവശേഷിച്ചു.. വാരികകളിലേക്ള്ള കത്തുകളിലും വായനശാലയിറക്കിയ കയ്യെഴുത്ത് മാസികയിലെ സാഹിത്യ നിരൂപണത്തിലും  മരുമകന്റെ വീട്ടില്‍ അമ്മായിഅമ്മയുടെ അടുക്കളജീവിതം പോലെ എന്റെ രചനകള്‍ ഒതുങ്ങിപോയി.

കോളേജിനു ശേഷം പിന്നെ കഷ്ടപാടുകളുടെയും ദുരിതങ്ങളുടെയും ഇരുട്ടും വേവും നിറഞ്ഞ ഇരുണ്ട താഴവരകള്‍ ആയിരുന്നു. പിടിച്ചു നില്ക്കാന്‍ പാടുപെടേണ്ടിവന്ന ദിനങ്ങള്‍,  കാലാവധി കഴിഞ്ഞ വസ്ത്രങ്ങള്‍ ഓണപതിപ്പിലെ സര്‍ഗ്ഗഭാവന വറ്റിയ എഴുത്തുകാരുടെ ശുഷ്ക്കരചനകള്‍ പോലെ എനിക്ക് ചേരാതെ എന്നെ പൊതിഞ്ഞു നിന്നു.  എണ്ണപുരണ്ട, മുഖകുരുക്കള്‍ സംഹാര താണ്ടവം നടത്തിയ മുഖവും, കോലന്‍ മുടിയും കണ്ണാടിയെപോലും പേടിപ്പിച്ചുരുന്നുവെന്നു തോന്നി.  വീടു ഭീതിയുണര്‍ത്തുന്ന ഒരു പ്രേതാലയം പോലെ എന്നെ പേടിപ്പിക്കാന്‍ തുടങ്ങി. " ന്താ ഒന്നും ആയില്ലേ, ടൂടോറിയാല്‍ കൊണ്ട് എത്രകാലം? " എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പൂവിന് ചുറ്റും വട്ടമിട്ടു പറക്കുന്ന വണ്ടുകളെ പോലെ എന്നെ വലയം ചെയ്തു.. ഞാന്‍ എന്നിലേക്ക് ഉള്‍വലിയാന്‍ തുടങ്ങി. വായനശാലയും ടൂടോറിയലും പകല്‍ സമയങ്ങളില്‍ എനിക്കൊളിചിരിക്കാനുള്ള സങ്കേതങ്ങളായി, യാത്രകള്‍ രാത്രിയില്‍ മാത്രമായി. യാമിനി എന്റെ കൂട്ടുകാരിയായി, . ഞാനോഴുക്കിയ കണ്ണീര്‍ കണ്ടതും തുടച്ചതും അവള്‍ മാത്രമായിരുന്നു. ഇരുട്ടിനെ പ്രണയിച്ച ഞാന്‍ രജനിയുടെ രമണനായി.

പിന്നെ ജോലി തേടിയുള്ള അലചിലുകള്‍, കോയമ്പത്തൂര്‍, ബോംബേ ( എന്ത് മുംബൈ, അതിനൊക്കെ ബോംബെ കാണണം മോനെ) ബാംഗ്ലൂര്‍, പഞ്ചാബ്‌, ഡല്‍ഹി.. മേച്ചില്‍ പുറങ്ങള്‍ മാറി മാറി വന്നു. ജീവിതം കണ്ടു,  സഹനങ്ങള്‍ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ കൊടുത്തു, ഭാഷകള്‍ സ്വയത്തമാകി, സൌന്ദര്യം വന്നു, സൌന്ദര്യത്തെ തേടി, സൌന്നര്യധാമങ്ങള്‍ ഒഴുകിയെത്തി, വാഗ്ധോരണികളില്‍ മൂക്ക് കുത്തി വീണു, മുല്ലവല്ലിയെ പോലെ ഉടയാടകളില്ലാതെ അവര്‍ ചേര്‍ന്ന്  ഒട്ടി നിന്നു. ജീവിതം തിരിച്ചുപിടിക്കുകയായിരുന്നു. പടവെട്ടി മുന്നേറുകയായിരുന്നു, ഒരു തുള്ളി ചോര ചിന്താത്ത യുദ്ധം.. ജീവിത യുദ്ധം..

ഇന്ന് നാല്പ്പത്തിയന്ചിലെത്തി തിരിഞ്ഞു നോക്കുമ്പോള്‍ പാദമുദ്രകളില്‍ കണ്ണനീരുണ്ട്, ചിന്തയുണ്ട്, ചിരിയുണ്ട്, മോഹമുണ്ട്, അതിനേക്കാളേറെ മോഹഭംഗങ്ങളുണ്ട്, ഭാഗ്യമുണ്ട്, ഭാഗ്യകേടുകളും. ഇല്ലാത്തത് ചതിയും വഞ്ചനയും കാപട്യവുമാണ്.. ഇതുവരെ എന്നെയറിയാത്ത പത്തുപേര്‍ മുഖപുസ്തകത്തിലൂടെ എന്നെ അറിയുന്നു, എന്റെ എഴുത്തിനെ ആദരിക്കുന്നു, . സുധാകരനോടൊപ്പം പത്തുപേര്‍ വാടക്കന്ചെരിയെ കൂടി അറിയുന്നു. ദേശത്തിന് ഞാന്‍ തിരികെ നല്‍കുന്ന ദേശപൂജയാണ് എന്റെ പേരിനോടൊപ്പം ദേശവും ഖ്യതിയാര്‍ജിക്കുകയെന്നത്. വാടക്കന്ചെരിയെ നാലുപേര്‍ അറിയുന്നതില്‍ എനിക്ക് ചാരിതാര്‍തത്യമുണ്ട്, എന്നെ എന്റെ  പേര് പറയാതെ വടക്കാഞ്ചേരി എന്ന് വിളിക്കുന്നതില്‍ അന്തസ്സും അഭിമാനവുമുണ്ട്.

ഒരു ബ്ലോഗ്‌ തുടങ്ങുകയാണ്.  ആക്ക്രികള്‍ ചെര്‍ത്തിടുക എന്നെ ഇതിനു അര്‍ത്ഥമുള്ളൂ.. എന്റെ എഴുത്തിനേക്കാള്‍ എന്നെ ഇഷ്ടപെടുന്ന നിങ്ങള്‍ എന്നെ ചേര്‍ത്ത് പിടിച്ചപോലെ എന്റെ എഴുത്തിനെയും ഹൃദയത്തോട് ചെര്തുപിടിക്കുമെന്ന വിശ്വാസത്തില്‍, എന്റെ കുത്തികുറിക്കലുകള്‍ പുതിയ രൂപത്തില്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്. ഇതിലെ ഏതെന്കിലും വരികള്‍ ചുണ്ടുകളില്‍ പുഞ്ചിരി വിരിയെചെന്കില്‍, കണ്കൊണ്കളില്‍ ഒരു മിഴിനീര്‍ ഉരുണ്ടുകൂടാന്‍ കാരണമായെന്കില്‍, എന്നെപോലെതന്നെ മറ്റൊരാള്‍കൂടിയുണ്ട് എന്ന തോന്നാല്‍ ഉണ്ടാക്കിയെങ്കില്‍, ഞാന്‍ ചിന്തിച്ചത് ഈ വരികളിലുണ്ട് എന്ന് തോന്നിപ്പിച്ചുവേന്കില്‍,
ഈ വരികളില്‍ ഒരു മനുഷ്യനെ എനിക്ക് കാണാന്‍ കഴിഞ്ഞു എന്ന ബോധം ഉളവക്കിയെന്കില്‍ ഞാന്‍ കൃതാര്‍ത്ത്നായി..

സമര്‍പ്പിക്കുകയാണ്; മുഖപുസ്തകത്തിലെ എന്റെ പ്രിയപെട്ടവരുടെ കൈകളിലേക്ക്...

നിറഞ്ഞ സ്നേഹത്തോടെ, സുധാകരന്‍ വടക്കാഞ്ചേരി...

സഫലമീ യാത്ര...


ഏതൊരു വിഷയത്തിലും എന്നെ അല്ലെങ്കില്‍ എന്റെ ചുറ്റുമുള്ളവരെ കൂടി കക്ഷി ചേര്‍ത്തെ എഴതാനോക്കൂ.. അതുകൊണ്ട് തന്നെ ബന്ധുജനങ്ങള്‍, നാട്ടുക്കാര്‍ ഒക്കെ എന്നെ ശപിച്ചു, പ്രാകി കൈ വിട്ടു. .    പോട്ടെ.  അനിഴം നാളുകാരനായ എനിക്ക് ബന്ധുക്കളെ കൊണ്ട് അല്ലെങ്കിലും ഒരു ഗുണവും ഉണ്ടാകാന്‍ ഇടയില്ല..

അന്നും ഇന്നും മതവും രാഷ്ട്രീയവും എനിക്ക് രണ്ടാംകെട്ടിലെ മക്കളെ പോലെയാണ്. സാഹിത്യമാണ്, അല്ലെങ്കില്‍ ആയിരുന്നു ജീവവായു. നാന സിനിമവാരികയുടെ സെന്റര്‍ പേജ് തുറക്കുന്ന പോലെ, കിട്ടിയാലുടനെ, കലാകൌമുദിയുടെയും മാതൃഭൂമിയുടെയും പേജുകള്‍ ദീര്‍ഘമായി മണക്കും. വായന പിന്നെയാണ്. അതുകൊണ്ടാണ് അക്ഷരാര്‍ഥത്തില്‍ വായന ജീവവായു എന്നൊക്കെ പറഞ്ഞത്. കൂടാതെ അന്ന് മൂന്നുനേരം ഭക്ഷണം ഉറപ്പില്ലായിരുന്നു. " വിശക്കുന്ന മനുഷ്യ, പുസ്തകം കയ്യിലെടുക്കൂ, അത് ഒരു "ആയുധ"മാണ് എന്നുള്ളത്  "ഭക്ഷണ"മാണ് എന്ന് ഞാന്‍  ബെര്തോലെക്റ്റ്‌ ബ്രക്ടിനെ തിരുത്തി. നര്‍മവും രതിയുമാണ് ഇഷ്ട വിഷയങ്ങള്‍. പിന്നെ പിന്നെ വായനയോക്കെ ശുഷ്ക്കിച്ചു, ജീവിതം ഒരു ചോദ്യ ചിഹ്നം പോലെ വക്രിച്ചു, കൊഞ്ഞനം കുത്തി തുടങ്ങിയപ്പോള്‍ എല്ലാം കൈ വിട്ടു,  മറ്റുള്ളവരെ പോലെ വെട്ടിപിടിക്കാന്‍ ശ്രമിചില്ലെന്കിലും പിടിച്ചു നില്കാനുള്ള തത്രപാട് ആയിരുന്നു. ഓട്ടമത്സരത്തില്‍ ഒന്നാമനായതുമില്ല,   പലതും കൈ വിട്ടു പോയി താനും. സാഹിത്യവും, ഒപ്പം പ്രേമിച്ച പെണ്ണും. ഊര്‍ന്നു പോകുന്ന മണല്‍ തരികളെ പിടിച്ചു നിര്‍ത്താനാവാതെ, താന്‍ നേടിയ ദ്രൌപദിയെ ചേട്ടന്റെ മണിയറയിലേക്ക്‌ ആദ്യരാത്രിയില്‍  പോകുന്നത് കണ്ടു  നിര്‍വികാരനായി, നോക്കി നിന്നു. ദാരിദ്ര്യം ഒരു ശാപമാണെന്ന് മനസിലൂട്ടിയുറപ്പിച്ച നാളുകള്‍, ദരിദ്രനായി ജനിച്ചു, ദരിദ്രനായി ജീവിച്ചു, ദരിദ്രനായി തന്നെ മരിക്കുമെന്ന് തോന്നിയ കാലഘട്ടം.

തിരിഞ്ഞു നോക്കുംബോള്‍ വെടിക്കെട്ട്‌ കഴിഞ്ഞ പൂരപറമ്പ് പോലെ ചിന്നി ചിതറി കിടക്കുന്ന കൌമാര യൌവനങ്ങളുടെ ഊര്‍ജം നഷ്ടപെട്ട കിതപ്പുകളും ഗദ്ഗദങ്ങളുടെ തളര്‍ച്ചയും. ഇന്ന് ജീവിതം സ്വര്‍ഗമാണ്.  പിന്നിട്ട വഴികളെ കുറിച്ച് ആലോചിക്കുമ്പോള്‍, തികട്ടി വരുന്ന ഗതകാല സ്മരണകളില്‍ വര്‍ണപോലിമ വാരി വിതറുന്ന പൂക്കളുടെ ത്രസിപ്പിക്കുന്ന ഗന്ധമില്ല, 

പാറി പറന്നു നടക്കുന്ന ചിത്ര ശലഭങ്ങലില്ല,
കൈ തണ്ടയില്‍ അവള്‍ ഏല്പിച്ച നഖക്ഷതങ്ങളില്ല,
ഞെരിഞ്ഞമര്‍ന്നുതിര്‍ന്നു വീണ ചുവന്ന വളപ്പോട്ടുകളില്ല,
ചെഞ്ചായം തൂവിയ ചുണ്ടുകളുടെ സ്നിഗ്ദ്ധതയില്ല.
ഉള്ളത് പച്ചയായ ജീവിതത്തിന്റെ തീക്ഷണങ്ങളായ അനുഭവങ്ങളും ഒറ്റപ്പെട്ട, അടക്കിപിടിച്ച ആഗ്രഹങ്ങളുടെ, അഭിലാഷങ്ങളുടെ തേങ്ങലുകളും മാത്രം ....

എന്നാലും ധന്യനാണ്, സന്തോഷവനാനു, കൃതാര്‍തനുമാണ്.. ജീവിതത്തിനു വര്‍ണവസന്തം നല്കിയ ഒരു കൂട്ടുകാരി, കണ്ണിനു കണ്ണായ രണ്ടു കന്മണികള്‍,  കടമുന്ടെന്കിലും  കേറി കിടക്കാന്‍ ഒരു വീട്,

ഈ സ്വപ്ങ്ങളോക്കെയല്ലേ അറുപതു/എഴുപതുകളില്‍ ജനിച്ച നമ്മള്ക്ക് ഉണ്ടായിരുന്നത്? അപ്പോള്‍ സഫലമായില്ലേ എന്റെ ജീവിതം. സഫലമീയാത്ര, പ്രിയ മിത്രങ്ങളെ, തീര്‍ത്തും സഫലം.....

മാമ്പഴം...

വടക്കാഞ്ചേരി സ്കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. മലയാളത്തില്‍ വയലോപ്പിള്ളിയുടെ "മാമ്പഴം" കവിത പഠിക്കാന്‍ ഉണ്ടായിരുന്നു. മലയാളം എടുത്തിരുന്ന തങ്കമണി ടീച്ചര്‍, വായില്‍ അരിമണി ഇട്ടപോലെ ഇപ്പോഴും കടിച്ചു കടിച്ചു കൊണ്ടിരിക്കും. ടീച്ചര്‍ ക്ലാസ്സില്‍ വരും കവിതയുടെ ആദ്യത്തെ വരി വായിക്കും :

അന്കണ തയ്മാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ,
അമ്മ തന്‍ നേത്രത്തില്‍. നിന്നുതിര്‍ന്നു ചുടുകണ്ണീര്‍ ....

എന്ന് രണ്ടു വരി കഴിയുമ്പോഴേക്കും ഇന്നത്തെ മെഗാ സീരിയല്‍ നടികളെ വെല്ലും വിധം അല്ലെങ്കില്‍ വൈലോപ്പിള്ളി തങ്കമണി ടീച്ചറുടെ ജീവചരിത്രമാണോ എഴുതിയത് എന്ന് തെറ്റിദ്ധരിക്കും വിധം ടീച്ചറുടെ കണ്ണുകളില്‍ നിന്ന് ഡാം 999 സിനിമയിലെ പോലെ വെള്ളം അനര്‍ഗളം പ്രവഹിക്കാന്‍ തുടങ്ങും. കൈലേസുകളും സാരിതുമ്പും നനഞ്ഞു കുതിരും, മുഖം വിവര്‍ണമാകും, മൂക്കിലൂടെ വരുന്ന കൊഴുത്ത ദ്രാവകം മുകളിലേക്ക് വലിക്കും, മേശയില്‍ കയ്യും കുത്തി, മുഖം താഴ്ത്തി, പൂതനക്ക് വിശപ്പടക്കാന്‍ വിട്ടു കൊടുത്ത കുട്ടിയുടെ അമ്മയെ പോലെ തേങ്ങും, വിങ്ങും വിതുമ്പും. ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെ പീഡനം സഹിക്കാഞ്ഞു സാരിത്തുമ്പ് കൊണ്ട് മൂക്കുപിഴിഞ്ഞു സ്വന്തം വീട്ടിലേക്കു വരുന്ന പെണ്ണിനെ പോലെ കരഞ്ഞു വീര്‍ത്ത മുഖവുമായാണ് ടീച്ചര്‍ ക്ലാസ്സില്‍ നിന്ന് തിരിച്ചു പോകാറുള്ളത്.

ദിവസങ്ങള്‍ കടന്നു പോയി, ടീച്ചര്‍ രണ്ടു വരിക്കപ്പുറം കടന്നില്ല. ചുടു കണ്ണീര്‍ പ്രവഹിച്ചു കൊണ്ടിരുന്നു. ഞങ്ങള്‍ ഹാപ്പി ആയിരുന്നു. അഞ്ചു മിനിറ്റ് മാത്രമെ ക്ലാസ്സ്‌ കാണുള്ളൂ.. ടീച്ചര്‍ തന്റെ അണപോട്ടിയോഴുകുന്ന ദുഃഖം അമര്‍ത്താന്‍ പാടുപെടുമ്പോള്‍,  പൂമ്പാറ്റയും കണ്ണാടി വിശ്വനാഥന്റെ മായാവിയും അമ്പിളി അമ്മാവനും ക്ലാസ്സില്‍ കൈകളില്‍ നിന്ന് കൈകളിലേക്ക് ടീച്ചറുടെ കണ്ണീര്‍ പ്രവാഹതോടൊപ്പം പടര്‍ന്നു കൊണ്ടിരുന്നു. ടീച്ചര്‍ ഇതൊന്നും അറിയാതെ ചുടു കണ്ണീര്‍ വാര്‍ത്തുകൊണ്ടേയിരുന്നു. അവസാനം ഈ മാംബഴത്തെ ഓര്‍ത്ത്‌ രണ്ടു തുള്ളി കണ്ണീര്‍ ഞങ്ങളും വീഴ്ത്തെണ്ടിവന്നു..

കൊല്ല പരീക്ഷക്ക്‌ എട്ടു മാര്‍ക്കിന്റെ ചോദ്യം അതില്‍ നിന്നായിരുന്നു!!!

Tuesday 18 June 2013

അഭ്യാസകാഴ്ച...

ഇന്ദ്രപ്രസ്ഥത്തില്‍ അഭ്യാസകാഴ്ചകള്‍ നടക്കണ ടൈം . പാണ്ടവമാധ്യനായ പാര്‍ഥന്റെ ബെസ്റ്റ്‌ ടൈം!! തന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു ഞെളിഞ്ഞു നിക്കണ സമയത്ത് ദാണ്ടെ സൂര്യതേജസ്വോടെ കെടന്നു വരന് ഒരുത്തന്‍, അവിഹിത ഗര്ഭതിലെയായത് കൊണ്ട് മുന്നോക്കകാരനായിട്ടും പിന്നോക്കക്കാരന്റെ അപമാനം പേറേണ്ടി വന്ന , സൂതപുത്രന്‍, കര്‍ണ്ണന്‍.... 

ലവന്‍ പറഞ്ഞ് :

ഡേയ്, എന്തരു പോളപ്പു പളക്കനത്...? ലധികം കെടന്നു പോളക്കാതെ.... നീ കാണിച്ച ലതെല്ലാം ലതിനെക്കം ഗംഫീരമായി ഞാന്‍ കാണിച്ചു തരമാടെയ്... എന്തരു ? ലപ്പോ തോടങ്ങല്ലേ...?

ലവന്‍ തൊടങ്ങി.. പാര്‍ഥന്റെ തന്തയായ ഇന്ദ്രന്‍ ആകാശത്ത് വന്നു അനുഗ്രഹങ്ങള് ചൊരിഞ്ഞ്, ലവന്റെ പക്ഷം ചേര്‍ന്ന്. ലത് കണ്ടു സൂര്യന്‍ മേഘങ്ങളെ ഒക്കെ ഓട്ടിച്ചു കര്‍ണ്ണന്റെ മേല്‍ പ്രഭ ചൊരിഞ്ഞ്... അങ്ങനെ തന്തമാര്‍ ഓരോ ചേരിയിലായി.. അര്‍ജുനന്‍ കട്ടയും പടവും ഏകദേശം മടക്കി നിക്കുമ്പോ ലവന്റെ കലിപ്പ് തീരാതെ വീണ്ടും :

ഒരു കയ്യാന്‍കളി കൂടെ നോക്കനോടെയ്....?

അര്‍ജുനന്‍ ഉവാച.... സംഗതി അലമ്ബാവൂന്നു കണ്ട ഫീമന്‍ ചാടി വീണ്‌ പറഞ്ഞ്..

നീയെത് പയലേ...? നെന്റെ വീടെവിടെ? തന്തേടെ പെരെന്തെരു?

ഫീമന്‍ തന്നേ ചോയിക്കണം.. ലവന്മാര്‍ അഞ്ചു പേരുടെ തന്തയുടെ കാര്യത്തില്‍ തന്നെ ഒരു പിടിയുംല്ല.. എന്നിട്ടാണ് കര്‍ണ്ണന്റെ മേക്കട്ട് കേറനത്... സുയോധനന്‍ പറഞ്ഞ് ; നെന്റെ തന്തയുടെ തീയൂമാനം ആയൂട്ടു യെവന്റെ തീരുമാനിക്കാം കേട്ട.. യെവനെ ഞാന്‍ അങ്ക രായിത്തെ രായാവായി വാഴിചിരിക്ക്നു.. തോടങ്ങട്ടെ അടി...

ഇത് കേട്ട് കുന്തം പോലെയിരുന്ന കുന്തി അന്തിച്ചു ചന്തിയും കുത്തി കൊഴഞ്ഞു വീണ്‌...

മക്കള്‍ പരസ്പരം പോരാടുന്നതു  കണ്ടു,  മാനത്ത് പിതാക്കള്‍ കക്ഷി ചേരുന്നത് കണ്ട ഒരു അമ്മയുടെ മോഹാലസ്യം... ഒരേ വയറ്റില്‍ പിറന്ന രണ്ടു മക്കള്‍ സ്വത്തിനും പേരിനും പെരുമയ്ക്കും പരസ്പരം പോരാടാന്‍ ഒരുങ്ങി നില്‍ക്കുന്നു... തന്തമാര്‍ വേറെ വേറെ ആയതിനാല്‍ അവര്‍ ഓരോരുത്തരുടെയും പക്ഷം പിടിക്കുന്നു.. ഇതിനിടയില്‍ വിങ്ങി, ഞെരുങ്ങി നുറങ്ങുന്നത് സ്ത്രീ ഹൃദയമാണ്, അമ്മഹൃദയമാണ്..

അന്നും ഇന്നും പിതാകളുടെ ഈഗോ ക്ലാഷുകള്‍ക്കിടയിലും മക്കളുടെ പാരമ്പര്യ സ്വത്തിന് വേണ്ടിയുള്ള വടംവലികല്‍ക്കിടയിലും അച്ഛനും മക്കളും തമ്മിലുള്ള തലമുറ വ്യത്യാസങ്ങളുടെ ശീത സമരങ്ങല്‍ക്കിടയിലും വെന്തു നീറുന്ന ഹൃദയം അമ്മയുടേതാണ്.

കണ്ണീരോഴുക്കാന്‍ വേണ്ടി ജന്മമെടുക്കുന്ന വര്‍ഗം.

ഭക്തിശിരോമണി

ഭക്തിശിരോമണി സുധാകരന്‍ :

ചെലവ് :

മുപ്പതു രൂപയ്ക്കു ഗുരുവായൂരപ്പന്റെ ഒരു ഫോട്ടോ.

രണ്ടു രൂപയ്ക്കു വാങ്ങിയ കെട്ടില്‍ നിന്ന് ഒരു തിരി..

ഒരു സ്പൂണ്‍ നല്ലെണ്ണ.....

ഒരു രൂപയുടെ തീപ്പെട്ടിയില്‍ നിന്ന് ഒരു കൊള്ളി...

പ്രാര്‍ത്ഥന ( പ്രതീക്ഷയും) :

രണ്ടു കോടിയുടെ ലോട്ടറി അടിക്കണം
അരുന്ധതി ; ഡോക്ടര്‍ ആവണം
സിദ്ധാര്‍ത് : സിവില്‍ സര്‍വീസ്‌ കിട്ടണം
ജയക്ക് ഞാന്‍ തട്ടി പോണവരെ വരെ ആയുസ്സ് കൊടുക്കണം...

ഇന്‍ഫ്ര റെഡ്‌ ശബ്ദത്തില്‍ ഗുരുവായൂരപ്പന്‍ :

എന്താടോ സുധാകരാ, നന്നാവാത്തെ......?

ബോഞ്ചി...........

ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ( 1991-1998) പിശുക്കിനെ പേരുകേട്ട രണ്ടു തിരുവനതപുരം സുഹൃത്തുക്കള്‍ എനിക്ക് ഉണ്ടായിരുന്നു. രണ്ടു പേരും പ്രൊഫസര്‍ ധന്ബതികളുടെ മക്കളാണ്, പൂത്ത കാശുണ്ട്. പക്ഷെ എന്ത് ചെയ്യാം നഗരത്തിന്റെ പുതുസന്തതികളാണ്.  
നന്മ, സ്നേഹം, സൗഹൃദം, കരുണ, സാഹോദര്യം, പങ്കുവെക്കല്‍ ഇതൊക്കെ ഇചിരിപൂരം കുറവാണ്. ഒരാള്‍ ഇപ്പോള്‍ കേന്ദ്ര സര്‍വീസിലും മറ്റൊരാള്‍ ബാങ്ക് മനജേരും ആണ്.

ഡല്‍ഹിയില്‍ മെയ്‌ മാസതിലെ, മുഖത്ത് പഴുത്ത ചീനച്ചട്ടി വെച്ച പോലെയുള്ള ചൂട് സമയത്ത്, രണ്ടു പേരും കൂടി ശേനിയാഴ്ച കറങ്ങാന്‍ ഇറങ്ങിയതാണ്. രണ്ടു പേര്ക്കും നല്ല ദാഹമുണ്ട്, പക്ഷെ എന്തെങ്കിലും കുടിച്ചാല്‍ ഷെയര്‍ ചെയ്യണം. അത് ആ ദിവസത്തെ ഉറക്കം കെടുത്തും. രണ്ടു പേരും വിശപ്പും ദാഹവും സഹിച്ചു നടന്നു. ഒടുക്കം ഗത്യന്തരമില്ലാതെ, മനോജ്‌ ഉണ്ണിയോട് പറയാണ്:

ഡേയ്, ഞാന്‍ നെനക്ക് ഒരു ബോഞ്ചി ( നാരങ്ങ വെള്ളം) വാങ്ങി തരാം, നെയെനിക്കും വാങ്ങി താടെയ്‌........

Sunday 16 June 2013

കടം...

ഇന്ന് ജീവിച്ചിരിക്കുന്ന മഹാരാജാവ് ബാലരാമവര്മ കാലത്ത് ഉണര്‍ന്നെണീക്കുമ്പോള്‍, കാല്‍ തറയില്‍ തൊടുന്നതിനു മുന്‍പ്, കൈ നീട്ടി ഭൂമിയെ തൊട്ടു, വണങ്ങി, " ഞാനെന്റെ പാദം നിന്റെ നെഞ്ചില്‍ വെചോട്ടെ" എന്ന് അനുവാദം ചോദിക്കുന്നു. പ്രകൃതിയെ പ്രപഞ്ചശക്തിയായ്‌ കണ്ടു അതോനോടിണങ്ങി ജീവിക്കുന്ന ഒരു സമൂഹം ഉണ്ടായിരുന്നു. തിരിച്ചു പ്രകൃതിയും അവനെ സ്നേഹിച്ചു, തീറ്റി പോറ്റി, ചൂടെകി, തണലേകി, തലോടി താരാട്ട് പാടി.

എന്റെ വീടിനു മുന്നിലൂടെ മണല്‍മാഫിയകള്‍ കൊണ്ട് പോകുന്ന ഓരോ ലോറിയും എന്നെ എന്നില്‍ ഭീതി വിതക്കുകയാണ്. ഭാരതപുഴയുടെ കരളും ഹൃദയവുമാണ് മാന്തി കൊണ്ട് പോകുന്നത്. കുന്നുകളിടിച്ചു നിരത്തുന്ന ഓരോ ജെ സി ബി യുടെയും ശബ്ദം കേള്ക്കുമ്പോള്‍ എന്റെ നെഞ്ചു തകരുന്നു; ഭൂമിദേവിയുടെ മാറിടം കീറിമുറിക്കനാണ് അത് തന്റെ കൈകള്‍ നീട്ടുന്നത്. വേദനകൊണ്ട് അമ്മ പുളയുന്നത് ഗുജറാത്തില്‍ ഭൂകംബമായും സാഗരത്തില്‍ സുനാമിയായും നമ്മള്‍ ഭീകര രൂപത്തില്‍ കണ്ടതാണ്.

ഈ നിമിഷത്തിന്റെ, ഇന്നിന്റെ മാത്രം സന്തോഷത്തിലും നിര്‍വൃതിയിലും കഴിയുന്ന നമ്മള്‍ നാളെ കുറിച്ച് ചിന്തിക്കുന്നില്ല. നാളെ നമ്മുടേതല്ല, നമ്മുടെ മക്കളുടെതാണ.. അടുത്ത തലമുറക്കായി പ്രകൃതിയെ ചൂഷണം ചെയ്തു സമ്പത്തും സൌധങ്ങളും കൂട്ടി വെക്കുമ്പോള്‍, അവര്ക്ക് നഷ്ടപെടുന്നത് ഈ കൂട്ടി വെച്ചതൊക്കെ വെറും പാഴ്വസ്തുക്കളായി മാറുന്ന നാളെയെയാണ്..

വെട്ടേറ്റു നിലത്ത് വീഴുന്ന ഓരോ മരവും പ്രകൃതിയുടെ, അല്ലെങ്കില്‍ മനുഷ്യന്റെതന്നെ ചിതക്കു കൊളുതാനുള്ള തീകൊള്ളിയാണ് ...

ജെസിബി മാന്തിയെടുക്കുന്ന ഓരോ പിടി മണ്ണും അവന്റെ കുഴിമാടത്തില്‍ വിതറാനുള്ളതാണ്..

കുഴല്‍ കിണറുകള്‍ കുത്തി വറ്റിചെടുക്കുന്ന ഓരോ തുള്ളി ജലവും ഊര്ധ്വം വലിക്കുന്ന അവന്റെ നാവില്‍ ഇറ്റിക്കുന്ന ഗംഗ ജലമാണ്....

ഓര്‍ക്കുക...

ഈ ഹരിതഭൂവും പ്രകൃതി സമ്പത്തും നമ്മള്‍ അടുത്ത തലമുറയില്‍ നിന്നും കടം കൊണ്ടതാണ്...

കേടുകൂടാതെ, തിരിചെല്പ്പിക്കേണ്ടതും ...!!!

പാര്‍ത്ഥന്‍...

പഞ്ചപാണ്ടവരിലെ മധ്യമന്‍. യോദ്ധാവ്, വില്ലാളിവീരന്‍, കൌരവരുടെ പേടിസ്വപ്നം!. ഇവനില്ലയിരുന്ന്നെങ്കില്‍ കാണാമായിരുന്നു അലസനും സുഖലോലുപനും പകിട കളികക്കാരനുമായിരുന്ന, മുക്കിനും മൂലക്കും ( ചിലപ്പോള്‍ രണ്ടു മുലകള്ക്കും ) ധര്‍മമശാസ്ത്രങ്ങള്‍ പറയുന്ന ചേട്ടായിടെ അവസ്ഥ!!! അനിയന്‍ മല്‍സരം ജയിച്ചു കൊണ്ടുവന്ന പെണ്ണിന് മേല്‍ കണ്ണ് വെച്ചത് ഈ അണകൊണാപ്പന്‍ രാജകുമാരന്‍. അമ്മ പറഞ്ഞ ഏതോ വാക്കില്‍ കയറി പിടിച്ചു, വിയര്‍ക്കുമ്പോള്‍ താമരപ്പൂവിന്റെ സുഗന്ധം പരത്തുന്ന ദ്രൌപദിയെ, കഷ്ടപ്പെട്ട് നേടിയവന് ആദ്യത്തെ അവസരം കൊടുക്കാതെ ( അതെന്തു നീതിസൂക്തതിന്റെ ചുവടു പിടിചാണാവോ) സ്വന്തമാക്കി സുഖിച്ചവന്‍. ഈ ഒന്നിനും കൊള്ളതതവന്റെ കഥ ഇവിടെ വിട്ടു, നമ്മുക്ക് ഫല്‍ഗുണനിലേക്ക് വരാം.

അസ്ത്രങ്ങള്‍ ഒഴിയാത്ത ആവനാഴി.  ജീവിതത്തില്‍ മുട്ട് വിറച്ചതും മൂത്രമോഴിച്ചതും ആന്‍കുട്ടിയായ കര്‍ണന്റെ മുന്നില്‍ മാത്രം. പണി പാള്മെന്നു തോന്നിയ അവസരത്തില്‍ ദ്രോണര്‍ രക്ഷപെടുത്തി, അല്ലെങ്കില്‍ മമ്മൂട്ടിയുടെ സിനിമകള്‍ പോട്ടണ പോലെ വില്ലാളി വീരന്‍റെ മാനം മാനത്തു എട്ടുനിലയില്‍ പോട്ടിയേനെ. സ്വന്തം കഴിവ് കൊണ്ട് നേടിയ കൈതപൂവിന്റെ ഗന്ധമുള്ള ദ്രൌപദിയെ സഹോദരന്മാര്‍ക്ക് പങ്കിട്ടു നല്കി്യ മഹാല്‍മാവ്‌  (എന്നിട്ടും ദാനധര്‍മങ്ങളുടെ പേറ്റെന്റ്  ഒരു കവചവും രണ്ടു കുണ്ടലങ്ങളും നല്‍കി്യ കര്‍ണെന്. ത്ഫൂ,..  ഈ സതുതിപാടകരുടെ ഒരു കാര്യം!!!) സൂതപുത്രനായ കര്‍ണ്ണ്നുമായി എതിരുടുമ്പോള്‍ ഒരു സൂതന്റെ പുത്രനെ  "ഞമ്മന്റെ ആളെന്നു" കരുതി ഒരു സൂതന്‍ തന്നെ ചതിചാലോ എന്ന ചിന്തയില്‍, സൂതന് പകരം പിന്നോക്കക്കാരനും കൌശലക്കാരനുമായ ഒരു യാദവനെ വണ്ടിയുടെ ഡ്രൈവര്‍ ആക്കി.  ഇനി യെവനെങ്ങാനും ചതിചാലോ എന്ന് കരുതി   അങ്ങേരെടെ പെങ്ങളെ കെട്ടി കക്ഷിയെ അളിയാനാക്കിയ ബുദ്ധിരാക്ഷസന്‍ ആണ് അര്‍ജുനന്‍.  പടകളത്തില്‍ തനിക്ക് നേരെ നിരന്നു നിന്ന കൌരവപടയെ കണ്ടു, കണ്ണ് മഞ്ഞളിച്ചു, ഊതി പെരുപ്പിച്ച തന്റെ ശക്തിയില്‍  വിശ്വാസം നഷപെട്ടു, അസ്ത്രപ്രഞ്ഞ്നായ്, നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു, മനം തളര്‍ന്നു, രഥത്തില്‍ കുന്തിചിരുന്നവന്‍, ഈ കുന്തിപുത്രന്‍, കാര്‍ത്തവീര്യാര്‍ജുനന്‍.

ഒടുക്കം അളിയന്‍ കൃഷ്ണന്‍, കവലപ്രസന്ഗം നടത്തുന്ന ഉപദേശികളെ പോലെ അറംപാതമില്ലാതെ നടത്തിയ ധര്‍മ്മത്തിലും കര്‍മ്മത്തിലും നട്ടം തിരിഞ്ഞു, വിലപിച്ചു, സഹികെട്ടു, പണ്ടാരമടങ്ങി, ഇനിയിപ്പോ യുദ്ധം ചെയ്താലേ അളിയന്‍ വായടക്കൂ എന്ന് സ്വയം തിരിച്ചറിഞ്ഞു യുദ്ധഭൂമിയിലേക്ക്‌
മേലെപറമ്ബിലെ ആണ്‍ വീട് എന്ന സിനിമയില്‍ കുളത്തിലേക്ക്‌ ചാടുന്ന ജഗതിയെ പോലെ,  "യെശോദേ " എന്ന് ഉറക്കെ വിളിച്ചു,   നീയോഗം, കര്‍മം, ധര്‍മം, മര്‍മം എന്നോക്കെ വിളിച്ചു കൂവി (എന്റെ ഒരു യോഗം, കര്മ്ദോഷം, പണ്ടാരമടങ്ങാന്‍ എന്നോക്കെയാണ് സത്യത്തില്‍ ഉദേശിച്ചതെന്നു കുഞ്ഞുകുട്ടന്‍ തമ്പുരാന്‍ പിന്നെയെഴുതി) പടകളത്തിലേക്ക് എടുത്തു ചാടി, കിളവകേസരികളായ വകയിലെയും വകയിലില്ലാത്തതും ഒരു വകക്ക് കൊള്ളത്തവരുമായ മാതുലന്മാരോടും, കൊച്ചച്ചന്‍മാരോടും, പാമ്പ്, പാറ്റ, പഴുതാരകളോടും പൊരുതി, കള്ളത്തരത്തില്‍, ഗുരുവായ ദ്രോണരെയും,  സ്വന്തം ചോരയായ കര്‍ണനെയും തോല്പ്പിച്ച് നേടിയതെല്ലാം, പണ്ടതെപോലെതന്നെ, പൂര്‍വാധികം ഭംഗിയായി, ചേട്ടന് കാഴ്ച വെച്ച കഥ, മഗതരെ, സൂതരെ, ഇനിയുമിനിയും പാടൂ...

പാര്‍ഥന്റെ വീരശൂരപരക്രമാകഥകള്‍, സഹോദരങ്ങളുടെ, അമ്മയുടെ സന്തോഷത്തിനും ഐക്യത്തിനും വേണ്ടി ദാനം ചെയ്ത ത്യാഗത്തിന്റെ കണ്ണീര്‍ വറ്റാത്ത കഥകള്‍.....

ആത്മമകഥ....

പട്ടിണിയും പരിവട്ടവും ഒക്കെ ഉണ്ടെങ്കിലും മലയാളത്തില്‍ എം എ എടുക്കണം,
 അറിയപെടുന്ന  സാഹിത്യക്കാരനാകണം ഏന്നൊക്കെയായിരുന്നു ലോക്കലായി പറഞ്ഞാല്‍ പൂതി, സാഹിത്യഭാഷയില്‍ പറഞ്ഞാല്‍ അഭിലാഷം.

കവിത, കഥ, ലേഖനം ഒക്കെ പയറ്റി. ഞാന്‍ എഴുതിയതെല്ലാം, സ്വന്തം ചോരയാനെന്നറിഞ്ഞു തേരില്‍ തരിച്ചു നില്ക്കു ന്ന ഭീമനെ, " ജീവന്‍ വേണമെങ്കില്‍ ഓടിക്കോ, വൃകോദര"  എന്ന് പറഞ്ഞു പുച്ചിചു ചിരിക്കുന്ന കര്‍ണ്ണനെപോലെ, എന്നെ നോക്കി കൊഞ്ഞനംകുത്തി, പരിച്ചസിച്ചു ചിരിച്ചു.

ഞാന്‍ വേദനയോടെ, 

അപമാനിതനായി,
തല താഴ്ത്തി, 
ഞാന്‍ എഴുത്തില്‍ ഒന്നുമാവില്ല എന്നാ തിരിച്ചറിവോടെ സ്വയം പിന്‍ വാങ്ങി..

അവസാനം, എന്റെ
ആത്മമകഥ  എഴുതാന്‍ ഞാന്‍ തീരുമാനിച്ചു.

പക്ഷെ അവിടെയും ഞാന്‍ തൊറ്റുപോയി; എന്റെ സ്വന്തം ജീവിതകഥ  എനിക്ക് മുന്നേ ആരോ എഴുതികഴിഞ്ഞിരുന്നു....!!!

രസതന്ത്രം.....


സ്കൂളില്‍ ഒന്പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. കീറാമുട്ടിയായിരുന്നു രേസതന്ത്രത്തിലെ സമവാക്യം പൂരിപ്പിക്കല്‍. ചിലപ്പോള്‍ ഇടതു വശത്ത് രണ്ടു ഇടണം, ചിലപ്പോള്‍ താഴെ, ചിലപ്പോള്‍ ഒരു ബ്രാക്കെറ്റ്‌ ഇട്ടിട്ടു രണ്ടോ മൂന്നോ ഇടണം. നീല ലിട്മസ് പേപ്പര്‍ ചുവപ്പവുമത്രേ. നല്ല വെളുത്ത മുണ്ട് അലക്കാന്‍ കൊടുത്തിട്ട് കൊണ്ട് വരുമ്പോള്‍ നീലയാകുന്നത് കണ്ടിട്ടുണ്ട്. ഈ ചുവപപ്പാകുന്നത് നമ്മള്‍ കണ്ണടച്ച് വിശ്വസിച്ചു കൊള്ളണം.

ഇതൊക്കെ സഹിക്കാം. ഈ മേന്ടലിയഫ് എന്നൊരു ചങ്ങായി പണ്ട് ജീവിച്ചിരുന്നു. ഇങ്ങരുടെ ഭാര്യ അമേരിക്കയില്‍ എങ്ങാണ്ടോ നേഴ്സ് ആയിരുന്നെന്നു തോന്നുന്നു. ഇയാള്ക്ക് ഒരു പണിയുമില്ല. ബിഗ്‌ ബസാറിലെ പോകുമ്പോള്‍ ബാഗും കുടയും വെക്കാന്‍ കുറെ കൂടുകള്‍, ചതുര കള്ളികള്‍ ഉണ്ടാക്കി വെച്ചിരിക്കുന്നത് കണ്ടിട്ടില്ലേ.  ഇയാളും ഇത് പോലെ ഒന്ന് വീട്ടില്‍ ഉണ്ടാക്കി വെച്ചിടുണ്ട്. ദിവസവും കാലതെണീക്കും. പല്ല് പോലും തേക്കാതെ ഓരോ മൂലകങ്ങളെ പിടിക്കും അതിനെ അത്തള പിത്തള തവളാച്ചി ചുക്ക് മരിക്കണ ചൂലാപ്പ്, മറിയം വന്നു വിളക്കൂതി ഗുണ്ട് മാണി സാറാപ്പു എന്നോ അതിന്റെ ജര്‍മന്‍ വേര്‍ഷണോ ഒക്കെ പാടി അവസാനം കുത്തിയ കള്ളിയില്‍ പുള്ളി വെക്കും.

അങ്ങിനെ ഈ ദുനിയാവിലുള്ള സകല മൂലങ്ങളെയും,  ഛെ, മൂലകങ്ങളേയും പിടിച്ചു ഓരോ കള്ളിയില്‍,  ഒരു ടൈംപാസിനു ഇട്ടു. എന്നിട്ട് തനിക്ക് ജീവശാസ്ത്രപരമായി ഒരു ഗുണവും ഇല്ലാത്ത ഭാര്യയുടെ പേരില്‍ അത് ഡെഡിക്കേറ്റ് ചെയ്തു. അവള്‍ക്ക് പിരിയോടിക്കല്‍ ആയി വരുന്ന "പീരീഡ്‌ " എടുത്തു, ഈ ഡൈനിങ്ങ്‌ ടേബിള്‍, സ്റ്റഡി ടേബിള്‍ എന്നൊക്കെ പറയുന്ന പോലെ, പിരിയോടിക് ടേബിള്‍ എന്നങ്ങു നാമകരണം ചെയ്തു. എന്നിട്ട് ഞാനൊന്ന് മറിഞ്ഞില്ലേ രാമാ നാരായണ എന്നും പാടി, പച്ച വെള്ളം കുടിച്ചു, ഉടുത്ത മുണ്ട് അഴിച്ചു, തലയിലൂടെ മൂടി, എന്തോ മഹാകാര്യം ചെയ്ത മട്ടില്‍ കൂര്‍ക്കം വലിച്ചുറങ്ങി.

ആ കശ്മലന് കൈ നാട്ടയില്‍ തിരുകി, വായുടെ അരികിലൂടെ കൊറവ ഒളിപ്പിച്ചു, കൂര്‍ക്കം വലിച്ചറങ്ങിയാല്‍ മതി. ഇവിടുത്തെ 13-14 വയസ്സുക്കാര്‍ ഈ തീണ്ടാരിമേശയെ ( period table) പഠിക്കാന്‍ പെടുന്ന പാട് കണ്ടാല്‍ പെറ്റ തള്ള സഹിക്കൂല... അന്നെങ്ങനും ഇയാള്‍ വാടക്കന്ചെരിയോ മറ്റോ വന്നിരുന്നെങ്കില്‍, ആറ്റുകാല്‍ അമ്മച്ചിയാണേ എന്റെ കൂടുക്കാര്‍ക്ക് വേണ്ടിയും, വരുംതലമുറയ്ക്ക് വേണ്ടിയും, ഞാന്‍ ഇയാളെ കൊന്നു രക്തസാക്ഷിയായേനെ.....!!!

പ്രകൃതി...

ഒരു കാലമുണ്ടായിരുന്നു. തൊഴുത്തിലെ പശുവിനെ കറന്നു, നേര്‍മയും നന്മയും സത്യവും സമ്മോഹിച്ച പാല്‍ കുട്ടികള്‍ കുടിക്കുമായിരുന്നു. ആ ധവളപ്രഭ ചേര്‍ത്ത ചായ നമ്മള്‍ കുടിച്ചു ഉന്മേഷരാകുമായിരുന്നു. വീട്ടിലെ കോഴികള്‍ ഇടുന്ന മുട്ട പുഴുങ്ങി കുഞ്ഞുങ്ങളുടെ ആരോഗ്യം വര്ധിപ്പിക്കുമായിരുന്നു. കൌമാരത്തില്‍ നിരാശകള്‍ ബാധിക്കുമ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്ന പാറകെട്ടുകളില്‍ പോയി മലര്‍ന്നു കിടന്നു, നീലവിഹായസ്സിലേക്ക് നോക്കി ആശ്വാസം കണ്ടെത്തുമായിരുന്നു. മാനംമുട്ടെ നില്ക്കുടന്ന കുന്നുകളില്‍ കയറി താഴെ പച്ചപ്പും വൃക്ഷലതാദികളും പുഴയും നോക്കി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജനിച്ചതില്‍ നിര്‍വൃതി കൊളള്മായിരുന്നു.

പ്രകൃതിയെ സ്നേഹിച്ച, പ്രകൃതി തിരിച്ചും ഇരട്ടിയളവില്‍ സ്നേഹിച്ച ഒരു കാലം. ഞാറ്റ്വേലകളും ഋതുഭേദങ്ങളും വെയിലും മഴയും തണുപ്പും അവനു കാലാകാലങ്ങളില്‍ നല്‍കി, ഗര്ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞിനെ കാക്കുന്ന പോലെ, അവനെ പരിചരിച്ചു, പരിപാലിച്ചു. പ്രകൃതിയും മനുഷ്യനുമായി സംവദിച്ചു, സഹാവര്‍ത്തിച്ചു ഒന്നായി ജീവിച്ചിരുന്ന ഒരു കാലം, പ്രകൃതിയിലുള്ള ഓരോ അചേതനവും സചേതനവും ദൈവസമമായി കണ്ടിരുന്ന ഒരു കാലം..

എവിടെയാണ് പിഴച്ചത്?

കാലത്തിന്‍റെ കുത്തൊഴുക്കില്‍, മാററങ്ങളുടെ മഴവെള്ളപാച്ചിലില്‍, മനുഷ്യന്‍ മാറിയത് എപ്പോഴാണ്? ആരോഗ്യദായകമായ മുട്ട തരുന്ന കോഴിയെ, അതിനെ പ്രാണന്‍ എടുത്തു, ചോര ചിന്തി, നമ്മുടെ ദയ്നംദിന ഭക്ഷണമാകിയത് എന്ന് മുതലാണ്‌? നിഷ്കളങ്കതയുടെ പ്രതിരൂപമായ, സത്യത്തിന്റെ ശുഭ്രപ്രഭ തൂകുന്ന ക്ഷീരം ചുരത്തുന്ന പശുവിനെ, തലയ്ക്കു കൂടം കൊണ്ടടിച് ആഘാതത്തില്‍, പ്രാണവേദനയാല്‍ മലം വിസര്ജിച്ചു, തലച്ചോറില്‍ ചോര കട്ടയായി, കണ്ണ് തള്ളി, പിടഞ്ഞു ചത്ത ഒരു ദൈവസൃസ്തിയുടെ ഇറച്ചി, സന്ച്ചയനവും പതിനാരടിയന്തിരവും കഴിഞ്ഞുപോലും തണുപ്പിച്ചും വരുത്തും വെച്ച്, മനുഷ്യനും മൃഗത്തിനും ജീവന്‍ നല്കിയ സര്‍വേശ്വരന്റെ പടത്തിന് താഴെ ഇരുന്നു കടിച്ചു ചവച്ചു തിന്നാന്‍ മടി തോന്നാതെ അത്രയും ക്രൂരനായത് എന്നാണ്?

പ്രകൃതി മാതാവിന്റെ മാറ് പിളര്ന്നെടുക്കുന്ന പോലെ, നമ്മുക്ക് ഒരിക്കല്‍ സുന്ദരമായ പ്രകൃതി സൌന്ദര്യം ഔന്നത്യം കാണിച്ചു തന്ന കുന്നുകളെ മാന്തിയെടുത്ത്, ഒരിക്കല്‍ നമ്മെ മലരര്‍ന്നു കിടന്നു വിണ്ണിലെ നീലിമ ആസ്വദിക്കാന്‍ മെത്തയോരുക്കിയ ആ ആനച്ചന്തങ്ങളെ, കരിമരുന്നു വെച്ച് പൊട്ടിച്ചു, പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ തകിടം മറച്ചു, ആ കുന്നുകളെക്കള്‍ ഉയരത്തില്‍ കൊട്ടാരങ്ങള്‍ പണിതുയര്ത്തി , അന്തസ്സും അഭിമാനവും ഉയര്ത്തി പിടിക്കാന്‍ നമ്മള്‍ പഠിച്ചതെന്നാണ്?

നമ്മുക്ക് നീന്തി തുടിക്കാന്‍, അഴുക്ക് കഴുകി കളയാന്‍, നമ്മളെ കവികളാകാന്‍, കളകളം പുളിനങ്ങള്തിര്‍ത്തു അലസമോഴുകിയിരുന്ന പുഴകളെ മാലിന്യ ചാലുകളാക്കാന്‍, മണല്‍ വാരി നമ്മുടെ സൌധങ്ങളെ നിത്യാമേനോന്റെ കവിള്തകടങ്ങള്‍ പോലെ മിനുസ്സമാക്കാന്‍ നമ്മളെ പ്രേരിപ്പിച്ച വികാരമെന്താണ്

കെട്ടിപോക്കിയ സൌധങ്ങളുടെ ചാരുപടിയിലിരുന്നു, അങ്ങകലെ പോട്ടിക്കുന്ന പാറകളെയും ഇടിചിടുന്ന കുന്നുകളെയും നോക്കി പരിസ്ഥിതി പ്രേമം പ്രകടിപ്പിക്കുന്ന ഇരട്ടതാപുള്ള മനുഷ്യ, നീ മനുഷ്യനെന്ന, ദൈവത്തിന്റെ മഹത്തായ സൃഷ്ടിക്ക് അപമാനമാണ്. പ്രകൃതി പിടയുകയാണ്, അവിവേകിയായ, ചിന്തശൂന്യനായ മനുഷ്യന്‍ കാണിക്കുന്ന പെക്കൂത്തുകളില്‍ അവള്‍ ചിതയില്‍ ഏറിയ പെട്ട സതിയെ പോലെ എരിഞ്ഞു തീരുകയാണ്. പ്രകൃതി സ്ത്രീയാണ്, സര്‍വ്വംസഹയാണ്, ക്ഷമയുടെ മൂര്‍തതിരൂപമാണ്. പക്ഷെ അവള്‍ക്കു മറ്റൊരു മുഖമുണ്ട്, രൌദ്രതയുടെ, സംഹാര മൂര്‍ത്തിയുടെ, സര്‍വ്വവും തകര്‍ത്തെറിയുന്ന ദുര്‍ഗയുടെ...

അഹങ്കാരിയായ സുധാകരന്മാരെ, 


പ്രകൃതിയോടുള്ള വെല്ലുവിളി നിന്റെ സ്വന്തം കുഴിമാടത്തിന്റെ മാത്രമല്ല, വരുന്ന തലമുറയുടെ കൂടെ കുഴികള്‍ തോന്ടുന്നതിനു തുല്യമാണ്. ഈ അരാജകത്വം കാണാതെ, ഇതിനെതിരെ പ്രതികരിക്കാതെ, മൊബൈലിലും ലാപ്‌ടോപിലും നാല് ചുവരുകള്‍ക്കുള്ളിലെ കുളിര്‍മയിലും വിരാജിക്കുന്ന സുധാകരന്മാരെ, നിങ്ങള്ക്ക് വരും തലമുറ മാപ്പ് നല്കില്ല. സൌധങ്ങളുടെഉയരവും ഉറപ്പുമൊന്നും ഒരു സുനാമിയും തടുക്കാന്‍ നിനക്ക് ഉപകരിക്കില്ല, ഭൂമികുലുക്കങ്ങള്‍ നിത്യസംഭാവങ്ങളാകും, സുനാമികള്‍ നിത്യ കാഴ്ചകളാകും, കടല്‍ വലുതായി കരയെ കാര്‍ന്നു തിന്നും, ഊഷ്മാവ് കൂടി നിന്റെ തൊലികള്‍ വെന്തുരിയും.

സുധാകര, 


നിന്നെ ശപിക്കാന്‍ പൊങ്ങുന്നതു നിന്റെ പിതാമഹന്മാരുടെ ചുളിവ് വീണ കൈകള്‍ മാത്രമാവില്ല, പിറന്നു വീഴാന്‍ പോകുന്ന തലമുറകളുടെ നനുനനുത്ത നേര്ത്ത  കൈകള്‍ കൂടിയാകും...

 ശപിക്ക പെട്ട സുധാകര ജന്മങ്ങളെ, ഓര്‍ക്കുക. 

പ്രകൃതി നിങ്ങളെ സ്നേഹിക്കും, പ്രകൃതിയെ നിങ്ങള്‍ സ്നേഹിച്ചാല്‍......