Wednesday 30 July 2014

ഫെമിനിസം.....

എന്താണ് സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീ വിമോചനം, അല്ലെങ്കില്‍ ഫെമിനിസം?

ഒരിക്കല്‍ ഒരു സ്ത്രീ രത്നം പറഞ്ഞത്‌ " തുല്യത, പരിഗണന, ബഹുമാനം, ആദരവ് , ഭൌതികമായ മുന്നേറ്റം. സ്നേഹമെന്നു നിങ്ങള്‍ വിളിക്കുന്ന സേവനം ഇച്ചിച്ച്ചു കൊണ്ടുള്ള ബന്ധനത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നൊക്കെയാണ്. "

ഇതൊക്കെ മാത്രമാണോ, അല്ലെങ്കില്‍ ഇതൊക്കെ കൊണ്ട് പൂര്‍ണമാവുമോ, സഫലമാകുമോ സ്ത്രീജന്മം?

എന്റെ നിരീക്ഷണത്തില്‍ സ്ത്രീയുടെ സ്വത്വം സാര്‍ത്ഥകമാകുന്നത് ഒരു പടി മുന്നിലേക്ക്‌ പോയിട്ടാണ്...

ഏതു വീട്ടില്‍ നിന്നാണ് പുരുഷനോടൊപ്പം സ്ത്രീയുടെ ചിരി ഉയര്‍ന്നു കേള്‍ക്കുന്നത്, ആ വീട്ടില്‍ സ്ത്രീ പൂര്‍ണ സ്വതന്ത്രയാണെന്നു ഞാന്‍ വിശ്വസിക്കുന്നു; ഒപ്പം സന്തോഷവതിയും.

മൗനം സ്ത്രീയെ ബന്ധനസ്ഥയായ ഭ്രാന്തിയാക്കുന്നു. ഒരുനാള്‍ ബന്ധനങ്ങള്‍ അറുത്തുമുറിച്ചു, സ്വാതന്ത്ര്യത്തിന്റെ തുറസായ വീഥികളിലേക്ക് ഓടിപോകേണ്ട ഗതികേടിലേക്ക് എത്തിച്ചേരുന്ന സ്ത്രീജന്മമാവരുതു ഒരു വീട്ടിലും.

തമാശ കേള്‍ക്കുമ്പോള്‍ തൂവാല കൊണ്ട് വായ്‌ പൊത്താതെ പുരുഷന്മാരെ പോലെ ശബ്ദത്തോടെതന്നെ ചിരിക്കുമ്പോള്‍,
ചിരിച്ചു ചിരിച്ചു കണ്ണീര്‍ പൊഴിക്കുമ്പോള്‍,
ആ സമൂഹത്തില്‍ സ്ത്രീ വിമോചിതയാണ്...

വന്ദ്യവയോധികയായ ഒരു സ്ത്രീ കടന്നുവരുമ്പോള്‍ പുരുഷസമൂഹം ധാര്‍ഷ്ട്യം കളഞ്ഞു എഴുന്നേറ്റു നില്ക്കുുന്നുവോ ആ സദസ്സില്‍ സ്ത്രീജന്മം ബഹുമാനിക്കപ്പെടുന്നു....

ദേവിക്ഷേത്രങ്ങളില്‍ കൈകൂപ്പി നിന്ന് തോഴുന്നപോലെ സ്ത്രീയെ കാണുമ്പോള്‍ തൊഴുതു വണങ്ങുന്നുവോ അവിടെ സ്ത്രീജന്മം ആദരിക്കപെടുകയും ദേവസമാനമാവുകയും ചെയ്യുന്നു..

തീന്മേശയില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ അടുക്കളകരിയില്‍ കരിഞ്ഞു കറുത്തുപോകുന്ന ദേവജന്മ്മത്തെ ഒപ്പം പിടിച്ചിരുത്തുന്ന വീട്ടില്‍ സ്ത്രീക്ക് തുല്യതയും പരിഗണനയും കിട്ടുന്നു...

കപടസ്നേഹവും അവസരപ്രണയവും ഏകപക്ഷീയകാമത്തിനു സെക്സ് എന്ന് പേര് കൊടുത്തു, നമ്മള്‍ ഉണ്ടാക്കി വെച്ച ചട്ടക്കൂടില്‍ ഒതുങ്ങിനിര്‍ത്തുന്ന സ്ത്രീജന്മങ്ങള്‍ പഴവും പാലും കൊടുത്ത് കൂട്ടിലിട്ടു വളര്‍ത്തുന്ന തത്തയാണ്. നമ്മള്‍ പറഞ്ഞു പഠിപ്പിച്ചവ സമൂഹമധ്യത്തില്‍ തത്ത പറയുംപോലെ പറയുന്ന പാഴ്ജന്മങ്ങള്‍.

ഇത് ചതിയാണ്, അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു രണ്ടു കൂട്ടരും നടിക്കുന്ന ചതി.

വേതനമില്ലാത്ത സേവനങ്ങള്‍ ചെയ്തു,
രേഖപെടുത്താത്ത ത്യാഗങ്ങള്‍ ചെയ്തു,
ഉത്തരവാദിത്വങ്ങള്‍ നിറവേറ്റി,
അകത്തും പുറത്തും ഓടിനടന്നു പണിയെടുത്തു ഒതുങ്ങികൂടി ചുറ്റുള്ളവരുടെ സന്തോഷത്തിനായി ജീവനുഴിഞ്ഞിട്ടു ജന്മം സഫലമാക്കുന്ന ഒരു സുക്രുതജന്മത്തെ അവഗണിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണ്, പാതകമാണ്; ക്രൂരതയാണ്.

അവര്‍ ചിരിക്കട്ടെ,
പൊട്ടി പൊട്ടി ചിരിക്കട്ടെ, അകത്തും പുറത്തും....

അവര്‍ ചിരിക്കുമ്പോള്‍ അവരെ തുറിച്ചു നോക്കാതിരിക്കുക,
കഷ്ടം വെക്കാതിരിക്കുക, കൊഞ്ഞനം കുത്താതിരിക്കുക. അടക്കവും ഒതുക്കവും തറവാടിത്തവുമൊക്കെ വേഷത്തിലും പെരുമാറ്റത്തിലും സംസാരത്തിലും മതി.

വീര്‍പ്പിച്ചുവെച്ച,
സമൂഹത്തെ വെറുക്കുന്ന,
ലോകത്തെ ശപിക്കുന്ന മുഖമായിരിക്കുന്ന സുന്ദരികള്‍ക്ക് ഭംഗിയില്ല.

ചിരിക്കുന്ന ഏതൊരു സ്ത്രീയും സുന്ദരിയാണ്.

അവരെ സുന്ദരികളാകകാന്‍ അനുവദിക്കുക.
മുല്ലപ്പൂമണം വിതറി,
മുത്തുകള്‍ പൊഴിച്ച് അവര്‍
വെളുക്കെ വെളുക്കെ, ഉറക്കെയുറക്കെ ചിരിക്കട്ടെ.

ചിരിയുടെ തിരമാലകള്‍ അലയടിക്കട്ടെ, വീട്ടിലും; സമൂഹത്തിലും !!!

No comments:

Post a Comment