Tuesday 13 January 2015

പ്രതിനായകന്‍ .....

ഭാഗം  1 ( വിത്തുകള്‍)

ദേഹം നന്നായി നീറുന്നുണ്ട്. മണ്ണില്‍ ഉരഞ്ഞുപൊട്ടിയും ഭീമസേനന്‍ മാന്തിപോളിച്ചും അടര്‍ന്നുപോയ തൊലികളില്‍ ചോരപൊടിഞ്ഞു നില്‍ക്കുന്നു. ദാസിപെണ്ണുങ്ങള്‍ ചൊരയൊപ്പിയെടുത്തു മരുന്ന് പുരട്ടിയെങ്കിലും ഇപ്പോഴും ചോര കിനിയുന്നുണ്ട്. വേദനയില്ല മറിച്ചു സുഖം തോന്നുന്നുകയാണ്. ഭീമനെ കീഴ്പെടുത്താനായതില്‍ ആല്‍മഹര്‍ഷം കൊണ്ട് ശരീരം തുടിക്കുകയാണ്. അവനെ തനിക്കു നേരിടാന്‍ കഴിയില്ലെന്നാണ് കരുതിയത്‌.. അശാന്തിയുടെ തീരഭൂമിയായിരുന്ന മനസിപ്പോള്‍ നിര്‍മ്മലമാണ്. ഒറ്റയ്ക്കാവുമ്പോള്‍ അശുഭശകുനംപോലെ വൃകൊദരനെ കുറിച്ചുള്ള ചിന്തകള്‍ കടന്നു വരും. തന്നെക്കാള്‍ ആകാരവും ബലവും അവനുണ്ട്. കാഴ്ചയില്‍ മന്ദബുദ്ധിയെന്നുതോന്നും. തീറ്റഭ്രാന്തനാണ്. അവന്‍ ദിവസവുമെന്നുവെച്ചു വളരുകയാണ്. അറിയാത്തഭാവത്തില്‍ അവന്‍ സഹോദരരെ ചവിട്ടുന്നതും മുതുകത്ത് ഇടിക്കുന്നതും കൂട്ടത്തോടെ പിടിച്ചു ശ്വാസം മുട്ടിക്കുന്നതും പതിവായപ്പോള്‍ താനും കുറേശ്ശെ തിരിച്ചു കൊടുക്കാന്‍ തുടങ്ങി. തന്നോട് അല്പം അകന്നാണ് അവന്‍ നടക്കുക. അവന്റെ പരാക്രമം മുഴുവന്‍ ഇച്ചിരിപോന്ന സഹോദരന്മാരോടാണ്. വൃകോദരന് ശക്തിയെയുള്ളൂ; ബുദ്ധിയില്ല. അവന്റെ കൈക്കുള്ളില്‍പെട്ടാലെ അവനെന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളൂ. പിടികൊടുക്കാതെ മാറിയും തിരിഞ്ഞും ഒളിഞ്ഞും താന്‍ ആക്രമിക്കുകയായിരുന്നു.

അനിയന്മാരുടെ നിലവിളികേട്ട് ഓടിചെല്ലുമ്പോള്‍ ഭീമസേനന്‍ അവര്‍ കയറിയിരുന്ന മരം പിടിച്ചു കുലുക്കി താഴെയിടാന്‍ നോക്കുകയാണ് അവര്‍ കൊമ്പുകളെ മുറുകെപിടിച്ചു "ജ്യെഷ്ടാ ജ്യെഷ്ടാ" എന്ന് കരയുന്നു. ഉപദ്രവിക്കുന്നതിന്റെ രസത്തിനിടയില്‍ താന്‍ പിറകെവന്നത് മന്ദന്‍ കണ്ടില്ല.. രണ്ടു കൈകള്‍ കൊണ്ട് പിന്നില്‍നിന്ന് കാലുകള്‍ വാരിയെടുത്തു നിലത്തടിച്ചു.. മുഖമടച്ചു വീണതിന്റെ വേദനയില്‍ ഭീമന്‍ എരുമ അമറുന്ന പോലെ കരഞ്ഞു.. എടുത്താല്‍ പൊന്താത്ത ശരീരം അവനു ദോഷമാവുകയായിരുന്നു. കൈകള്‍ കുത്തി എണീക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് മുതുകത്ത് മുട്ടുകാല്‍ മടക്കി ഇടിച്ചു.. അവന്‍ ഇടതു കൈപൊക്കി തന്നെ അള്ളിപിടിക്കാന്‍ നോക്കി. കിട്ടിയ ഭാഗങ്ങളില്‍ അമര്‍ത്തിമാന്തി. വലത്തേക്കും ഇടത്തേക്കും മാറിമാറി ചാടി അവന്‍റെ കഴുത്തിലും വാരിയെല്ലിലും താഡനങ്ങള്‍ ഏല്പിച്ചു. പുറംകാല്‍ മടക്കി അവനടിച്ചപ്പോള്‍ താന്‍ തെറിച്ചു വീണു.. തന്റെ കാലുകള്‍ പിടിച്ചു അവന്‍ മണ്ണിലൂടെ വലിച്ചു മരത്തിനു ചുറ്റും നടന്നു. ദേഹമാകെ മുറിയുന്നു. കുനിഞ്ഞു തന്നെ എടുത്തു പോക്കാന്‍ നോക്കിയപ്പോള്‍ ഇതുതന്നെ അവസരമെന്ന് കണ്ടു മുന്‍പോട്ടു വളഞ്ഞു മൂക്കില്‍ ആഞ്ഞിടിച്ചു.. ചോരതെറിച്ച മൂക്കില്‍ പിടിച്ചു വൃകോദരന്‍ ഒരു നിമിഷം തരിച്ചു നിന്നപ്പോള്‍ എണീറ്റ്‌ പിറകിലൂടെ അവന്റെ രണ്ടും കയ്യും പിന്നിലേക്ക്‌ വളച്ചു മരത്തിനു പിറകില്‍ ചേര്‍ത്ത്പിടിച്ചു.. അവന്‍ തന്റെ കൈകളിലും വാരിയിലും നഖക്ഷതങ്ങള്‍ വീഴ്ത്തികൊണ്ടിരുന്നു. സഹിച്ചു നിന്നു. പിടിവിട്ടാല്‍ തന്റെ കഥ കഴിയും. വിയര്‍പ്പില്‍ കുതിര്‍ന്നു രക്തമൊഴുകി കൊണ്ടിരുന്നു. ശക്തി മുഴുവനും കൈകളില്‍ ആവാഹിച്ചു ഇടതുകാല്‍ മരതടിയില്‍ അമര്‍ത്തി ചവിട്ടി അവന്റെ കൈകള്‍ വിടാതെ വലിച്ചു പിടിച്ചു നിന്നു. ഒടുവില്‍ ആനപന്തിയിലെ കാവല്ക്കാരാണ് വിദുരരെ കൊണ്ട് വന്നത്.. സാത്വികമുഖത്തു പതിവിനു വിപരീതമായ കോപം കണ്ടു. തന്നെ തള്ളിമാറ്റി ഒന്നും ചോദിക്കാതെ ഭീമനെ കൊണ്ട്പോയപ്പോള്‍ വേദന തോന്നി.

ധനുമാസമായതിനാലാവണം ഇരുട്ടും തണുപ്പും ഇണചേര്‍ന്ന് സന്ധ്യക്ക് മുന്‍പ് തന്നെ ഇരച്ചു കയറി വരും. സന്ധ്യാവന്ദനത്തിനു ഇനിയും സമയമുള്ളതിനാല്‍ കുറച്ചു നീന്തി തുടിക്കാമെന്നു കരുതിയാണ് അഭ്യാസശിബിരത്തില്‍ നിന്ന് നേരെ പുഴക്കരയിലേക്ക് പോന്നത്.. കൂടെ ചിത്രസേനനും ദുശാസനനും സാമനും ദ്രിതവര്‍മ്മാനും മാത്രമേ പോന്നുള്ളൂ.. ശിശിരമാസസന്ധ്യയിലെ ജലതണുപ്പ് മെയ്‌ വഴക്കത്തെ ബാധിക്കുമെന്നുള്ള ആചാര്യന്റെ ഉപദേശം രക്ഷയാക്കി മറ്റുള്ളവര്‍ ചൂടുവെള്ളത്തില്‍ കുളിക്കാനായി കുളിമുറികളില്‍ കയറുകയായിരുന്നു. സീമന്തപുത്രനായ തനിക്കു ദാസിപെണ്ണുങ്ങളുടെ മുന്‍പില്‍ തുണിയഴിക്കാന്‍ മടി തോന്നിതുടങ്ങിയിരിക്കുന്നു. ഒഴുക്കിനെതിരെ നീന്താന്‍ എന്നും വെന്പല്‍കൊള്ളുന്ന തനിക്ക് വെട്ടിയാല്‍ മുറിയാത്ത ജലപരപ്പിലേക്ക് എടുത്തുചാടുക രസകരമായാണ് തോന്നാറു. എന്നും തന്റെ ശരീരത്തെയും ആല്‍മാവിനെയും വെല്ലുവിളിക്കുന്ന എന്തിനെയും എതിരിടാനുള്ള ത്വര ബാല്യംമുതലേ മുന്നിട്ടു നിന്നിരുന്നു. പതിനായിരം മദയാനകളുടെ ശൌര്യവും ശക്തിയുമുള്ള ഒരച്ഛന്റെ മകനായി പിറന്നതിന്റെ അഹന്തയാവും ഒരുപക്ഷെ തന്നെ വിഘ്നങ്ങള്‍ കവച്ചു വെക്കാതെ, തച്ചുടച്ചു മുന്നോട്ടു പോകാനുള്ള ഊര്‍ജം തരുന്നത്. മഹാമേരു കണക്ക് ആജാനാബാഹുവായ പിതാവിന് കാഴ്ച കൂടിയുണ്ടായിരുന്നെങ്കില്‍ ചക്രവര്‍ത്തിയായെനെയെന്നു തോന്നാറുണ്ട്. ശക്തിദുര്‍ഗമായിട്ടും പുറംകാഴ്ചകള്‍ അന്യമായ രാജാവ് ഭരണം അനുജന് വിട്ടുകൊടുത്തത്തില്‍ ഇന്ന് ദുഖിക്കുന്നുണ്ടാവും. തുമ്പികൈ പോലുള്ള കൈകള്‍ കൊണ്ട് പുറം തലോടുമ്പോള്‍ ആ വെള്ളികണ്ണുകളില്‍ നനവ്‌ വരുന്നുണ്ടോയെന്ന് നോക്കും. ഇല്ല; അവ നിശ്ചേതന നിശ്ചല നെരിപ്പോടായി എരിഞ്ഞുതീര്‍ന്നു കെട്ടുകിടക്കുകയാണ്. വരണ്ട കണ്‍തടങ്ങളില്‍ തെളിച്ചവും തെളിനീരും പിറവികൊള്ളാത്തത് അദേഹത്തിന് തുണയായി കാണണം. അമ്മയാണെങ്കില്‍ എപ്പോഴും അച്ഛന്റെ കൂടെയാണ്. രാത്രികളില്‍ മാത്രമാണ് അമ്മയെ കാണാന്‍ തന്നെ കിട്ടാറു. പതിസ്നേഹത്താല്‍ നയനങ്ങള്‍ എന്നെന്നേക്കുമായി കെട്ടിയടച്ച അമ്മക്ക് എല്ലാവരെയും ഒരിക്കല്‍ പോലും കണ്ടിട്ടില്ല. തന്റെ മക്കള്‍, ദാസിയിലുണ്ടായ മക്കള്‍ എന്ന വേര്‍തിരിവില്ലവര്‍ക്ക്. എല്ലാവരോടും ഒരേപോലെ സ്നേഹം. എല്ലാവരും അച്ഛന്റെ, കുരുവംശത്തിന്റെ ചോരയല്ലേ..

പാഴ്ചിന്തകളില്‍ നിന്നുണരാന്‍ സുയോധനന്‍ ഉടയാടകള്‍ പറിചെറിഞ്ഞു ഞൊറിവിടര്‍ത്തിയ ചേലപോലെ വിടര്‍ന്നു പരന്നൊഴുകുന്ന പുഴയുടെ മാറിലേക്ക് എടുത്തുചാടി. അക്കരെപോയിവരാമെന്ന് പറഞ്ഞു കൈകള്‍ നീട്ടിയെറിഞ്ഞു പുഴയ്ക്കു വിലങ്ങനെ കമിഴ്ന്നും മലര്‍ന്നും നീന്തി. പക്ഷെ പിന്നെയും ചിന്തകള്‍ തണുപ്പിനെ പോലെ തന്നെ വരിഞ്ഞു മുറുക്കികൊണ്ടിരുന്നു. കൊട്ടാരത്തില്‍ രാജകീയസുഖഭോഗങ്ങളോടൊപ്പം താമസിക്കാന്‍ മാത്രമല്ല രാജ്യവും കൂടി പങ്കിടാനാണ് പാണ്ഡവര്‍ വരുന്നതെന്ന് പറഞ്ഞതു ശകുനിയമ്മാവനാണ്. നിനക്കവകാശപെട്ട ഭൂമിയാണ്‌ ഹസ്തിനപുരം. കുരുവംശത്തിന്റെ രക്തമോടുന്നത് കൌരവരിലാണ്. കൊട്ടാരത്തില്‍ വെച്ച് കുന്തിയോ മാദ്രിയോ ഒരു കുഞ്ഞിനും ജന്മം നല്‍കിയിട്ടില്ല. ചെറിയച്ച്ചനു കുഞ്ഞുങ്ങള്‍ ഉണ്ടാവില്ലെന്ന് ശകുനിമാമന്‍ പറഞ്ഞപ്പോള്‍ " പിന്നെയെങ്ങിനെ പാണ്ഡവര്‍ " എന്ന ചോദ്യത്തിന് അമ്മാവന്‍ ദിവ്യഗര്‍ഭം എന്ന് പറഞ്ഞൊഴിഞ്ഞു. വലുതാവുമ്പോള്‍ തനിയെ മനസിലാവുമെന്നും. നിസ്സംഗതയോടെയും അകല്‍ച്ചയോടെയും പെരുമാറുന്ന വിദുരര്‍ ചെറിയച്ഛനെ വെറുപ്പായിരുന്നു. പക്ഷെ പാണ്ഡവര്‍ വന്നതുമുതല്‍ ചെറിയച്ഛന്‍ വലിയ ഉത്സാഹത്തിലാണ്. കുന്തി ചെറിയമ്മയുമായി എപ്പോഴും കുശലവും കുശുകുശുക്കലുമാണ്. യുധിഷ്ടിരനെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്നത് കാണാം. ധര്‍മ്മോപദേശങ്ങള്‍ നല്‍കുന്നതും. അച്ഛനും പാണ്ടുചെറിയച്ഛനും കഴിവില്ലാതെ പോയതിനാല്‍ വാസ്തവത്തില്‍ രാജ്യം ഭരിച്ചത് വിദുരര്‍ ചെറിയച്ചനാണ
മറുകരയിലെത്തിയപ്പോള്‍ കിതപ്പകറ്റാന്‍ വെള്ളത്തില്‍ തന്നെ കാലുകള്‍ ഇറക്കി വെച്ച് മലര്‍ന്നു കിടന്നു. പെട്ടെന്നാണ് മറുകരയില്‍നിന്ന് നിലവിളി കേട്ടത്.. എന്തോ അരുതാത്തത് സംഭവിച്ചിരിക്കുന്നു.. ഭീമന്‍.... ? വെള്ളത്തിലേക്ക് എടുത്തുചാടി കൈകള്‍ വട്ടംവീശി ജലപരപ്പിനെ വെട്ടിയകറ്റി വേഗത്തില്‍ നീന്തി. അകലെ നിന്നെ കണ്ടു ഭീമസേനന്‍ അട്ടഹസിക്കുന്നു. എട്ടുകാലുകള്‍ ഇടയ്ക്കിടയ്ക്ക് വെളിയില്‍ പൊങ്ങുകയും താഴേക്ക്‌ പോവുകയും ചെയ്യുന്നുണ്ട്. അവരുടെ ശ്വാസം കുമിളകളായി മുകളില്‍ വന്നു പൊട്ടിതകരുന്നു. ഇടയ്ക്കു ചത്തോ എന്ന് നോക്കാനെന്നപോലെ അവരെ വെളിയില്‍ പൊക്കിയെടുക്കുന്നുണ്ട് വൃകോദരന്‍. തന്നില്‍ നിന്നേറ്റ അപമാനം തന്റെ കുഞ്ഞനിയന്മാരെ ദ്രോഹിച്ചു ആല്‍മസായൂജ്യമടയുകയാണ് വൃകോദരന്‍. അര്‍ജനനും നകുലസഹദേവന്മാരും കരയില്‍ ആരെങ്കിലും വരുന്നുണ്ടോയെന്ന് പിന്നിലേക്ക്‌ നോക്കിയും കൈകൊട്ടിയാര്‍ത്തും ആനന്ദിക്കുകയാണ്. തന്നെ കണ്ടതും അവരെ പുഴയിലേക്ക് തള്ളിയിട്ടു വൃകോദരന്‍ കരയിലേക്ക് ഓടികയറി.. മൂന്നുപേരും വല്ലാതെ അവശരായിപോയിരുന്നു. പിടിച്ചു വലിച്ചു കരക്ക്‌ കയറ്റി കാല്‍മുട്ടുകളില്‍ കമിഴ്ത്തി കിടത്തി വെള്ളമെല്ലാം ചര്‍ദിപ്പിച്ചു. ജീവിതത്തിലാദ്യമായി തന്റെ കണ്ണ് നിറഞ്ഞു.. തനിക്കു കിട്ടേണ്ട ദണ്ടനങ്ങള്‍ തന്റെ അനിയന്മാര്‍ ഏറ്റുവാങ്ങിയിരിക്കുന്നു. നിശ്ചിതയകലത്തില്‍ ഓടിരക്ഷപെടാന്‍ നില്‍ക്കുന്ന ഭീമനെ നോക്കി, ഒരു കൈകുടന്ന ജലം കയ്യിലെടുത്തു ഉയര്‍ത്തിയ കൈകളില്‍ നിന്നും മണ്ണിലേക്ക് ഒഴുകിയിറങ്ങുന്ന ജീവജലത്തെ സാക്ഷിയാക്കി പറഞ്ഞു.

ഭീമാ... ഇതിനു ധാര്‍ത്ത്രരാഷ്ട്രനായ ഞാന്‍ പ്രതികാരം ചെയ്തില്ലെങ്കില്‍ ഞാന്‍ ധൃതരാഷ്ട്രരുടെ പുത്രനല്ല.. നീ കരുതിയിരുന്നോ വൃകോദരാ.. കുരുവംശചോര ഈ സിരകളില്‍ ഓടുന്നുണ്ടെങ്കില്‍, കുരുവംശരേതസ്സില്‍ ഞാന്‍ പിറവി കൊണ്ടിട്ടുന്ടെങ്കില്‍, ഈ ജീവജലം തൊട്ടു ഞാന്‍ ശപഥം ചെയ്യുന്നു.. നിന്നെ ഞാനിതിനിരട്ടി വെള്ളം കുടിപ്പിക്കും. നീ വെള്ളം കുടിച്ചു, ശ്വാസം മുട്ടി, കണ്ണ് തള്ളും. എന്നെ ദ്രോഹിച്ചാല്‍ ഞാന്‍ ക്ഷമിക്കുമായിരുന്നു. എന്റെ സ്വന്തം ചോരയെ നീ കൊല്ലാന്‍ നോക്കി. നിന്‍റെ മരണശേഷമേ എന്റെ മുഖത്തിനി പുഞ്ചിരി വിടരുകയുള്ളൂ. ഉതിര്‍ന്നുവീഴുന്ന ഈ ജലകണികകളാണ് സത്യം.

പേടിച്ചരണ്ട കുരുന്നുകളെ ചേര്‍ത്തുപിടിച്ചു പറഞ്ഞു..
ഇനി ഞാന്‍ നിങ്ങളെ തനിച്ചാക്കില്ല. ഇനിയെനിനിക്ക് മാത്രമായി ഒരു ജീവിതമില്ല. ഈ വലിയേട്ടന്‍ ഇനി ജീവിക്കുന്നത് നിങ്ങള്‍ക്ക് വേണ്ടിയും പിന്നെയീ പാണ്ഡവരുടെ പതനം കാണാനും മാത്രം.

ശകുനിയമ്മാനോടും അച്ഛനോടും മാത്രം നടന്ന കാര്യങ്ങള്‍ വിവരിച്ചു പറഞ്ഞു കരഞ്ഞു. അമ്മയറിയേണ്ട എന്നുപറഞ്ഞ അച്ഛന്‍ നെറുകില്‍ തലോടി കൊണ്ടിരുന്നു. ഒരിക്കല്‍ പോലും കരയാത്ത ബലവാനായ അച്ഛന്‍റെയുള്ളില്‍ സന്കടതിരകള്‍ ഉയര്‍ന്നു പൊങ്ങുന്നത് നെഞ്ചിന്‍ കൂടിന്റെ ഉയര്‍ച്ചതാഴ്ചയില്‍ നിന്നും വേഗത്തിലെടുക്കുന്ന ശ്വാസനിശ്വാസങ്ങളില്‍ നിന്നും മനസിലാവുന്നുണ്ടായിരുന്നു. ശകുനിമാമന്റെ ഇച്ചപ്രകാരം ഉള്ളിലെ കോപവും പ്രതികാരദാഹവും അടക്കിവെച്ചു തോറ്റുകൊടുത്തവന്റെ ശരീരഭാഷയും ഭാവങ്ങളുമായി കുറച്ചുദിനങ്ങള്‍ തള്ളിനീക്കി. ഗദകൊണ്ട് തന്റെ സഹോദരങ്ങളുടെ തല തച്ചുടക്കുന്ന ഭീമരൂപം സ്വപ്നം കണ്ടു ഞെട്ടിയുണരുക പതിവായി. കാത്തിരുന്നു; വര്‍ദ്ധിതപകയോടെ, തന്റെ അവസരത്തിനായി..

വല്ലപ്പോഴും ഗംഗയുടെ വനതീരങ്ങളില്‍ ഒരിടത്ത് എല്ലാവരും കൂടി തമ്പടിച്ചു ജലക്രീഡകളും കാട്ടിറച്ചിയുമോക്കെയായി കൂടുന്ന പതിവുണ്ടായിരുന്നു. ഇരുട്ട് പരക്കുന്നതുവരെ ആവോളം ഗംഗയില്‍ നീന്തിതുടിച്ച വൃകൊദരന്‍ ഭക്ഷണം തെയ്യാറാവുന്നതിനു മുന്‍പേതന്നെ പാചകശാലയില്‍ കയറി. പരിചാരകര്‍ ഭക്ഷണത്തിനു സമയമാകുമെന്നു പറഞ്ഞപ്പോള്‍ അവന്‍ പുറത്തിറങ്ങി. ഈറനോടെ കയറിവന്ന യുധിഷ്ഠിരന്‍ ചോദിക്കുന്നത് കേട്ടു..

കളിച്ചു മതിയായില്ലേ നിനക്ക് ...

ജ്യേഷ്ടന്‍ ഭക്ഷണം കഴിച്ചു കിടന്നോളൂ.. ഞാന്‍ ഒന്നുകൂടി ഉല്ലസിച്ചിട്ടു വരാം..
സൂക്ഷിക്കണം എന്ന് യുധിഷ്ഠിരന്‍ പിറുപിറുത്തെനു തോന്നുന്നു. അവൻ ജലത്തിലേക്ക് നടന്നിറങ്ങുന്നതു കണ്ടു. വെള്ളവും കരയും ചേരുന്നിടത്ത് ചളിയുണ്ട്. അവന്‍ വീണുകിട്ടിയാല്‍ എളുപ്പമായി കാര്യങ്ങള്‍. കരയിലെ പൊന്തകാടുകളില്‍ നിന്ന് വള്ളികള്‍ പറിച്ചെടുത്തു കൊണ്ട് വരാന്‍ ദുശാസനനോടും മറ്റും പറഞ്ഞു പാചകപുരയില്‍ നിന്നെടുത്ത വലിയ പങ്കായം പോലുള്ള ചട്ടുകമെടുത്തു പിന്നില്‍ ചെന്ന് വിളിച്ചു...

വൃകോദരാ.....

അവന്‍ തിരിയുന്നതിനു മുന്‍പ് ചട്ടുകം കൊണ്ട് തലയിലടിച്ചു.. തരിച്ചു മരവിച്ചുനിന്ന അവനെ വട്ടംതിരിഞ്ഞു മുന്‍കാല്‍ കൊണ്ട് കാല്‍വണ്ണകളില്‍ വീശിയടിച്ചു. കുതിര്‍ന്നമണ്ണില്‍ കാല്‍തെറ്റി അവന്‍ പാതിവെള്ളത്തിലെക്കും മലര്‍ന്നടിച്ചു വീണു.. ചളിയില്‍ കൈകുത്തി അവന്‍ എണീക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് കവിളെല്ലുകള്‍ പൊടിയും വിധം വീശി ഒരടി കൂടി കൊടുത്തു. അപ്പോഴേക്കും വള്ളികളും കയറുകളും കൊണ്ട് അനുജന്മാരെത്തി. പത്തു നാല്പതുപെരുടെ ബാഹുബലം തകര്‍ക്കാന്‍ അവന്‍ മദമിളകിയ ആനയെ പോലെ കുതറികൊണ്ടിരുന്നു. അവന്റെ കാലുകളും കൈകളും ബന്ധിച്ചു വലിച്ചുകൊണ്ട് പോയി വെള്ളത്തിലിട്ടു.. കൈകാല്‍ ബന്ധിതനായ അവന്‍ തുഴയാന്‍ കഴിയാതെ മുങ്ങിതാണുകൊണ്ടിരുന്നു. അവന്‍ തളർന്നു താഴുന്നത് കണ്ട വികര്‍ണ്ണന്‍ പറഞ്ഞു..

" അവന്‍ ചത്തു പോവും. എല്ലാവരും നമ്മെ പഴിക്കും. സഹോദരനെ കൊന്നെന്ന അപഖ്യാതി പരക്കും. അമ്മ നമ്മളെ വെറുക്കും. അവനെ രക്ഷിക്കൂ..

അമ്മയെ കുറിച്ച് പറഞ്ഞപ്പോള്‍ ആധി കയറി. വേഗം ഇറങ്ങിചെന്ന് പിടിച്ചുവലിച്ചു കരയിലിട്ടു. വെള്ളം കുടിച്ചു അവന്റെ വയര്‍ വീര്‍ത്തിരുന്നു. കണ്ണുകള്‍ വിടര്‍ന്നു ചുവന്നു തുടുത്തും. നിസഹായതയില്‍ അവന്‍ മുരണ്ടു കൊണ്ടിരുന്നു. അവനെ വൃക്ഷതടയില്‍ ചാരിയിരുത്തി പറഞ്ഞു..

" ഇനി നിന്റെ കൈ എന്റെ സഹോദരങ്ങളുടെ മേല്‍ പതിഞ്ഞാല്‍ നിന്നെ ഞാന്‍ കൊല്ലും. എനിക്ക് രാജാവാവേണ്ട, വില്ലാളി വീരനാവേണ്ട. അതിനു പറ്റിയവര്‍ നൂറില്‍ ഒരുപാടുണ്ട്. എനിക്ക് സ്വര്‍ഗ്ഗവും വേണ്ട. പ്രതികാരത്തിനും പകക്കുമിടയില്‍ ധര്‍മ്മവും സത്യവുമില്ല. ധാര്‍ത്തരാഷ്ട്രരില്‍ ഇനിയൊരുത്തനെ നീ തൊട്ടാല്‍ പിന്നെ പാണ്ഡവരിലോ കൌരവരിലോ എണ്ണം കുറയും.. കൌരവരില്‍ പിന്നെയും തൊണ്ണൂറ്റിയൊന്പതു ബാക്കിയുണ്ട്. മന്ദാ, നീ പോയാല്‍ പിന്നെ പഞ്ചപാണ്ഡവര്‍ വട്ടപൂജ്യമാണ്; വട്ടപൂജ്യം..

തുറിച്ചു നോക്കി കൊണ്ടിരുന്ന അവന്റെ കണ്ണുകളില്‍ തറപ്പിച്ചു നോക്കിപറഞ്ഞു..

കൊട്ടാരത്തില്‍ പറഞ്ഞുപരത്തിയാല്‍ അന്ന് സഹോദരങ്ങളെ ശ്വാസംമുട്ടിച്ച കഥ ഞങ്ങളും പറയും. ഇപ്പോള്‍ കടങ്ങള്‍ തീര്‍ന്നിരിക്കുന്നു.. എന്റെ സഹോദരങ്ങളെ ഉപദ്രവിക്കാതെ എന്നെ കടപ്പാടുള്ളവനാക്കി മാറ്റുക. കണക്കുകൾതീർക്കാൻ ഇനിയുമെന്നെ കടക്കാരനാക്കരുത് ഭീമസേനാ..
വിജയത്തിനു എന്ത് കൊണ്ടോ മാധുര്യം കുറഞ്ഞിരുന്നു..

അവന്റെ കണ്ണില്‍ ഭയം കണ്ടപ്പോള്‍, ദയക്ക് വേണ്ടി യാചിക്കുന്ന കണ്ണുകളില്‍ നോക്കിയപ്പോള്‍ തളരുന്നുവെന്നു തോന്നി. അരുത്.. അവന്‍ ശത്രുവാണ്.. ശത്രു ദയ അര്‍ഹിക്കുന്നില്ല.. ഇവരെ വളരാന്‍ വിട്ടാല്‍ അവഗണനയില്‍ ജീവിച്ച ബാല്യം യൌവ്വനത്തിലെക്കും വളരും. അതനുവദിക്കരുത്. തനിക്ക് ജീവനുണ്ടെങ്കില്‍ ധാര്‍ത്തരാഷ്ട്രം പങ്കുവെക്കില്ല. ക്ഷത്രിയജന്മം രാജ്യത്തിന് വേണ്ടിയാണ്. രാജ്യം രക്ഷിക്കാത്തവന്‍ ക്ഷത്രിയനല്ല. ശത്രുവിന് മുഖമില്ല, ബന്ധമില്ല, ദയയര്‍ഹിക്കുന്നുമില്ല. ശത്രുവിന്റെ കണ്ണില്‍ നോക്കരുത്; അത് നിങ്ങളെ ദയാലുവാക്കും. വെറുതെവിട്ട ശത്രു നാളെ നിങ്ങളെ തുടച്ചുനീക്കും. ശത്രു, ശത്രു മാത്രമാണ്.. ശത്രുനിഗ്രഹം; ക്ഷത്രിയധര്‍മവും.  രാജ്യം ഒരടി കുറയാതെ അച്ഛന്റെ കാല്‍ക്കല്‍ വെച്ച് താനൊരിക്കല്‍ പറയും..

അച്ചാ, ഇരുളിന്‍റെ മറവില്‍ അങ്ങേക്ക് നഷ്ടമായ സിംഹാസനം തിരിച്ചുപിടിച്ചിരിക്കുന്നു..
ഒരു രാജാവിന് വേണ്ടത് പുറംകാഴ്ചകളല്ല. ഉൾകാഴ്ചയുള്ള, ഇച്ഛാശക്തിയുള്ള, അകകണ്ണുകളുള്ള ബലവാനാണ് രാജാവ്..

അങ്ങ് ബലവാനാണ്; അങ്ങയുടെ സീമന്തപുത്രനായ ഈ സുയോധനനും.

നിശ്ച്ചയദാര്‍ഡ്യം തളംകെട്ടിയ മുഖവും പുത്തനുണര്‍വ്വിന്റെ സോപാനസംഗീതം പൊഴിക്കുന്ന മനവുമായി സുയോധനന്‍ ഉറക്കറയിലേക്ക് നടന്നു..

ഭാഗം  - 2 ( ദ്യൂതം )

അഭ്യാസകാഴ്ചയില്‍ കര്‍ണ്ണന് നേരിട്ട അപമാനം ഗുണമാവുകയായിരുന്നു. പാണ്ടവരോടുള്ള തീരാപക കര്‍ണ്ണനില്‍ വളര്‍ത്തിയെടുക്കാനും അവന്റെ ആജീവനാന്തസൗഹൃദം നേടാനും ദേഹവും ദേഹിയും തനിക്ക് പണയം വെച്ചിരിക്കുന്നുവെന്നുവരെ പറയിപ്പിക്കാനും സാധിച്ചു. ധനുര്‍വിദ്യയില്‍ അര്‍ജുനനോടൊപ്പം തന്നെ അല്ലെങ്കില്‍ അതിനേക്കാള്‍ കേമത്തം തന്റെ സതീര്‍ത്യനായ കര്‍ണ്ണന് ആവോളമുള്ളതിനാല്‍ തന്റെ മെയ്യ്‌കരുത്തിനും ദൃഡബാഹുക്കള്‍ക്കും യോജിച്ച ഗദാവിദ്യയിലാണ് പരിശീലനം നേടാൻ താൽപ്പര്യമുണ്ടായത്. ഭീമനും അതിലാണെന്നറിഞ്ഞപ്പോള്‍ ആഹ്ലാദിച്ചു. എനിക്കവനെയാണ് വേണ്ടത്. ഭീമനാണ് പാണ്ഡവരുടെ ശക്തി. ആ ശക്തിദുര്‍ഗ്ഗത്തെ തന്റെ കൈകരുത്തില്‍ തീര്‍ക്കണം. ബലരാമന്റെ ശിഷ്യത്വത്തില്‍ ഒന്നിച്ചാണ് പരിശീലനം. അതികായനായതിനാല്‍ കൈശരീരവേഗങ്ങള്‍ ഭീമന് കുറവായിരുന്നു. ദ്വന്ദയുദ്ധത്തില്‍ ഇവന്‍റെ കൈകളില്‍ ഒതുങ്ങിപോയാല്‍ ജീവന്‍ തിരിച്ചു കിട്ടാന്‍ സാധ്യതയില്ലെന്ന് മനസിലായി. ഇവനില്‍ നിന്ന് ഒരു കയ്യകലത്തില്‍ നിന്ന് വേണം ആക്രമിക്കാന്‍. ഗദായുദ്ധത്തില്‍ തനിക്കിവനെ അടിചിടാന്‍ അധികസമയം ആവശ്യമില്ല.

അഭ്യാസകാഴ്ചയില്‍ തുടക്കത്തില്‍ ഇരമ്ബിയാര്‍ത്തു നിന്ന ഭീമന്‍ സമയം പിന്നിട്ടപ്പോള്‍ തളരുന്നത് തിരിച്ചറിഞ്ഞു.. തന്നെ അടിച്ചിടാനുള്ള വെമ്പലില്‍, പരാക്രമത്തിന്റെ ധൃതികളില്‍ തുടക്കം മുതല്‍ ആഞ്ഞടിച്ചു കയറിയ അവന്‍ തുടരെ തുടരെ വന്യമൃഗത്തെ പോലെ അലറി വിളിച്ചു, തിരിച്ചറിയാത്ത ഭാഷകളില്‍ പുലംബിയും തന്റെ ഗദയില്‍ താഡനമെല്‍പ്പിച്ചു കൊണ്ടിരുന്നു. താന്‍ അനായാസം ഒഴിഞ്ഞും തടഞ്ഞും അവന്റെ കിതപ്പുകള്‍ക്കും തളര്‍ച്ചക്കുമായി ക്ഷമയോടെ കാത്തിരുന്നു. ക്ഷീണിച്ചുവെന്നു തോന്നിയ നിമിഷം കൊടുങ്കാറ്റ്പോലെ ഇരച്ചു കയറി ഇടതടവില്ലാതെ അടിച്ചൊതുക്കി. വാരിയെല്ലില്‍ നോക്കി അടിച്ച അടി വീഴും മുന്‍പേ ദ്രോണര്‍ തന്റെ കൈ തട്ടി മാറ്റി ഗദ നിലത്തു വീഴിച്ചു. ഗുരു, കയറി ഇടപെട്ടില്ലായിരുന്നുവേന്കില്‍ പഞ്ചപാണ്ടവരിലൊന്നു കുറഞ്ഞേനെ. ഗദകള്‍ കൂട്ടിയുരസിയുള്ള തീപ്പോരികള്‍ക്ക് പകരം ഭീമന്റെ വാരിയെല്ലുകള്‍ തകര്‍ന്നു രുധിരധാരയുതിര്‍ന്നേനെ.

ദ്രൌപദീപരിണയത്തിലാണ് ധനുര്‍വിദ്യയില്‍ കേമത്തം നേടാത്തതില്‍ മനംനൊന്തു പോയത്. എണ്ണകറുപ്പുള്ള സുഭഗസൌന്ദര്യത്തിന്റെ മൂര്‍ത്തീരൂപമായ ദ്രൌപദിയെ വേള്‍ക്കാന്‍ തനിക്കും ആശയുണ്ടായിരുന്നു. തനിക്കെന്നല്ല അവളെ കാണുന്ന ആര്‍ക്കും. അവള്‍ മണ്ഡപത്തിലേക്ക് കറുത്ത കുതിരയെപോലെ അടിവെച്ചടിവച്ചുവന്നപ്പോള്‍ കര്‍മ്മങ്ങള്‍ ചെയ്യുന്ന ബ്രാഹ്മണപുരഹിതര്‍ പോലും മന്ത്രം മറന്നു. ഉച്ചാരണം വിറച്ചു; കൈകളും. സഭയിലെ ആയിരം കണ്ണുകള്‍ കാലത്തിന്റെ അത്ഭുതസൃഷ്ടിയില്‍ മിഴിച്ചു നിന്നു. ഘനശ്യാമവര്‍ണ്ണമേഘം മണ്ണിലിറങ്ങിയപോലെ താരുണ്യലാസ്യലാവണ്യത്തില്‍ കാലവും കണ്ണും മണ്ണും തരിച്ചു നിന്നു. ആറടി ഉയരത്തില്‍ ത്രസിച്ചു തുളുമ്പിയോഴുകി വരുന്ന സാഗരനീലിമയെ സഭാവാസികൾ ഇമയടയ്ക്കാതെ നോക്കിയിരുന്നു. ദൃഷ്ടദ്യുമനസമേതനായി വന്നു, ശിരോവസ്ത്രം പതുക്കെ ഉയര്‍ത്തി, ചേനതണ്ട് പോലെ നേര്‍ത്ത് നീണ്ട കൈകള്‍ കൂപ്പി, സഭയെ വണങ്ങി ചെറുഹാസമുതിര്‍ത്തു, തല കുനിച്ചുനിന്ന അവളുടെ ഗഹനസാഗരമിഴികള്‍ ആരെയോ തിരയുന്നുണ്ടായിരുന്നു.   കഠിനമായ മത്സരം കേട്ടപ്പോള്‍ തന്നെ സാധിക്കില്ലെന്ന് തോന്നി. ശൈവചാപം ഉയര്‍ത്തി അമ്ബെയ്തെങ്കിലും ലക്‌ഷ്യം ദുര്‍ഗ്രഹമായിരുന്നു. തന്റെ പ്രിയയായുധം ഗദയായതിനാല്‍ വല്ലാതെ ദുഖിച്ചു..  അതിനെക്കാള്‍ വിഷമിപ്പിച്ചത് അരക്കില്ലത്തില്‍ ചുട്ടു ചാമ്പലായിയെന്ന് കരുതിയ പാണ്ഡവര്‍ ജീവിച്ചിരിക്കുന്നു എന്നറിവാണ്. അവരെ ചുട്ടുകരിക്കാന്‍ ശ്രമിച്ചതിനു താന്‍ കേള്‍ക്കാത്ത പഴികളില്ല. ഇവര്‍ക്ക് പകരം തീയിലിട്ടു കൊന്ന ഒരു തെറ്റും ഇവരോട് ചെയ്യാത്ത ഒരമ്മയുടെയും അഞ്ചു മക്കളുടെയും കഥ കേള്‍ക്കാന്‍ ആര്‍ക്കും താല്പര്യമില്ല. പാണ്ഡവര്‍ ദ്രുപദരാജ്യത്തിന്റെ ബന്ധുബലത്താല്‍ ശക്തി കൈവരിക്കുമെന്നത് ഉറക്കം കെടുത്താന്‍ തുടങ്ങി. പാഞ്ചാലരാജ്യത്തെ ബന്ധുബലമുള്ള പാണ്ടവരോട് സന്ധിചെയ്യുക ദുഷ്ക്കരമായിരുന്നെങ്കിലും അച്ഛന്റെയും വിദുരരുടെയും പിതാമഹന്റെയും നിര്‍ബന്ധപ്രകാരം പാതിരാജ്യം മനസില്ലാമനസ്സോടെ, ഉടനെ തിരിച്ചു പിടിക്കുമെന്ന് ഉള്ളിലുറപ്പിച്ചു പകുത്തു കൊടുത്തു.

ഇന്ദ്രപ്രസ്ഥത്തിലെ മയമായാമന്ദിരത്തില്‍ പറ്റിയ അമളികളില്‍ അപഹാസ്യനായി വിളര്‍ത്തു വിയര്‍ത്തു നില്‍ക്കുന്ന തന്നെ തോഴികള്‍ക്ക് ചൂണ്ടികാണിച്ചു ദ്രൌപദി ആര്‍ത്തുചിരിച്ചത് മനസ്സില്‍ നിന്നും മായാതെ വൃണമായി പഴുത്തു കിടന്നു. അവളോടിതിനു പ്രതികാരം തീര്‍ക്കാതെ ആണെന്നും രാജാവെന്നും പറയുന്നതില്‍ അര്‍ത്ഥമില്ലെന്നു തോന്നി. പരാക്രമികളായ അഞ്ചു ഭര്‍ത്താക്കന്മാരുള്ളതിന്റെ അഹന്തയാണവള്‍ക്ക്. ആ അഹന്ത തകരണമെങ്കില്‍ അവളുടെ മുന്‍പില്‍ അവര്‍ അഞ്ചുപേര്‍ തന്നോട് തോല്‍ക്കണം. അതിനു ഏതുവഴി തേടിയാലും വേണ്ടില്ല. ശകുനിമാതുലനോട് ചോദിച്ചു. ചൂത് കളിയില്‍ പണ്ട് മുതലേ അതീവതല്പരനായ യുധിഷ്ടിരനെ തന്റെ മുന്‍പില്‍ തന്നാല്‍ തോല്‍പ്പിച്ചു തരാമെന്ന് പറഞ്ഞപ്പോള്‍ പാണ്ഡവരെ വിരുന്നു പാര്‍പ്പിനും ചൂതിനും ക്ഷണിച്ചു. യുധിഷ്ടിരന്‍ ഇത്രവേഗം ഈ കെണിയില്‍ വീഴുമെന്നു ധരിച്ചില്ല. സമ്പത്തും രാജ്യവും സഹോദരങ്ങളെയും തന്നെ തന്നെയും പണയംവെച്ച യുധിഷ്ടിരന്‍ ദ്രൌപദിയെ പോലും പണയം വെച്ചു. അടിമകളായി നില്‍ക്കുന്ന വീരശൂരപരാക്രമികളായ പതികളെ പത്തിയില്‍ തന്നെ അടിക്കാനുറച്ചു ദുശാസനനോട് പണയപെട്ടു ദാസിയായി മാറിയ പാഞ്ചാലിയെ സഭയിലേക്ക് വിളിക്കാനാവശ്യപെട്ടു. രാജസ്വയലയാണെന്നു പറഞ്ഞു നിരാകരിച്ച അവളെ ദുശാസനന്‍ മുടിയില്‍ പിടിച്ചു കൊണ്ട് വന്നു. പെറ്റുകിടക്കുന്ന പെന്‍പൂച്ചയെപോലെ മുരണ്ടും മൂളിയും അവള്‍ വിലപിച്ചുകൊണ്ടുമിരുന്നു.. സ്ത്രീയെ അവഹേളിക്കാത്ത തന്നില്‍ പകയുടെ ഇരുള്‍ നിറഞ്ഞതിനാല്‍ ആഹ്ലാദമാണ്‌ നല്‍കിയത്. കുറച്ചു സമയത്തേക്ക് അല്പനാവുകയായിരുന്നു. ഉലഞ്ഞഴിഞ്ഞു വഴിമാറുന്ന ഒറ്റവസ്ത്രത്തിന്റെ ഉലച്ചിലുകളില്‍ തെളിയുന്ന സ്നിഗ്ധമേനിയുടെ വശ്യചാരുത സഭയിലെ പലരുടെയും തനുവില്‍ വികാരതിരയിളക്കങ്ങളുതീര്‍ത്തു. അവളുടെ ജല്‍പ്പനങ്ങള്‍ തന്നെ വാശികേറ്റി കൊണ്ടിരുന്നു. ഇന്ന് വിലപിക്കുന്ന ഇവള്‍ തന്നെ നോക്കി ആര്‍ത്തു ചിരിച്ചത് ഓര്‍മ്മ വന്നപ്പോള്‍ അറിയാതെ പറഞ്ഞു പോയി..

" അഞ്ചു പതിമാരുടെ ഭാര്യയായ പതിവ്രതയായ ദ്രൌപദി, നിനക്കഭയം വേണമെങ്കില്‍ വരൂ, എന്റെ ഇടത്തെ തുടയില്‍ നിനക്കിരിക്കാന്‍ ആവശ്യത്തിലധികം സ്ഥലമുണ്ട്".

തന്നില്‍ വിരിഞ്ഞത് വിടലചിരിയായിരുന്നു. അവളെ അപമാനിക്കുക എന്നതിനേക്കാള്‍ പാണ്ഡവരെ തേജോവധം ചെയ്തു ആല്‍മവീര്യം കെടുത്തുകയെന്നതായിരുന്നു. ശത്രുക്കള്‍ മൊത്തം തനിക്കധീനപെട്ടു എന്ന് കരുതിയിരിക്കുമ്പോഴാണ് വികര്‍ണ്ണന്‍ അനാവശ്യനീതിശാസ്ത്രങ്ങളുമായി വന്നത്. വികര്‍ണ്ണനെ എതിര്‍ത്തത് കര്‍ണ്ണനായിരുന്നു. പാഞ്ചാലിപരിണയദിനത്തില്‍ സൂതന്‍ മത്സരത്തില്‍ ജയിച്ചാലും താന്‍ വരിക്കില്ലെന്നു പറഞ്ഞപമാനിച്ചതിന്റെ പക കര്‍ണ്ണന്‍ തീര്‍ത്തതീപ്പോഴാണ്.

ഇവള്‍ പതിവ്രതയോ...? ഹ ഹ ഹ.. അഞ്ചുപേരുടെ ഭാര്യ എങ്ങിനെയാണ് വികര്‍ണ്ണാ പതിവ്രതയാവുക..?  അഞ്ചു പേര്‍ക്ക് പായ വിരിക്കുന്ന ഇവള്‍ കുലടയാണ്. ഇപ്പോള്‍ അടിമയും.
ഇവള്‍ ഹസ്തിനപുരദാസിയാണ്.  ദുശശാസനാ, ഒരു ദാസി പെണ്ണിനോട് എങ്ങിനെ പെരുമാറുമോ അതുപോലെയാണ് ഇവളോടും വേണ്ടത്.

കര്‍ണ്ണന്റെ മുഖത്ത് അന്നുവരെ കാണാത്ത ഒരു ഭാവം പ്രകടമാവുകയായിരുന്നു. അപമാനം ഒരു പെണ്ണില്‍ നിന്നുണ്ടാവുമ്പോള്‍ അതെത്രത്തോളം പുരുഷനില്‍ സ്വാധീനം ചെലുത്തുന്നെവെന്നു മുഖത്ത് നിന്ന് വായിച്ചെടുക്കാം. ദ്രൌപദി അച്ഛന്റെ കാല്‍ക്കല്‍ വീണു ന്യായവും കരുണയും തേടി. എപ്പോഴും പാണ്ടവപക്ഷം പിടിക്കുന്ന ചെറിയച്ഛന്‍ അച്ഛന്റെ ചെവിയില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. സ്ത്രീശാപം ഏറ്റുവാങ്ങി കുലം നശിക്കാതിരിക്കാന്‍ അവളെ അപമാനിച്ചതിന്റെ പിഴയായി രാജ്യവും ധനവും തിരിച്ചു കൊടുത്ത് അവരെ സ്വതന്ത്രരാക്കാന്‍ അച്ഛനെ ഭീഷമരും വിദുരരും പ്രേരിപ്പിച്ചു. അമര്‍ഷത്തോടെ സഭയില്‍ നിന്നിറങ്ങി. പാണ്ഡവരെ നോക്കി പറയാന്‍ മറന്നില്ല :

" ഹേ , പരാക്രമികളെ, ഇത് കൌരവരുടെ ധര്‍മ്മമാണ്. പാഞ്ചാലി എന്ന ഒരു സ്ത്രീ കാരണം, അവളുടെ കണ്ണീരിന്റെ ദയയില്‍ കിട്ടുന്ന ധര്‍മ്മം. അവളുടെ കണ്ണ്നീരിന്റെയും വിലാപങ്ങളുടെ ആകെതുക. അവളോട്‌ ഞങ്ങള്‍ കാട്ടുന്ന കരുണയില്‍ തിമിര്‍ത്തു കഴിയുക ..
പുച്ഛം തെളിയുന്ന ഒരു നോട്ടമെറിഞ്ഞു അമര്‍ത്തിചവിട്ടി പുറത്തിറങ്ങി.

കൈവന്ന സൌഭാഗ്യങ്ങളെല്ലാം തട്ടികളഞ്ഞ തീരുമാനത്തെ തനിക്കു സ്വീകര്യമല്ലെന്നറിഞ്ഞ അച്ഛന്‍ടെ ഇനിയെന്തു വേണമെന്ന ചൊദ്യത്തിനു മറുപടി പറഞ്ഞത് മാതുലന്‍ ശകുനിയാണ്.

" വീണ്ടും ദ്യൂതിനു വിളിക്കണം. ആ സീമന്തപൊട്ടന്‍ വരും. ഇപ്പോള്‍ ധര്‍മ്മം കിട്ടിയ രാജ്യം കളിച്ചു ജയിച്ചു നേടാന്‍ പറഞ്ഞാല്‍ ആ വെല്ലുവിളി സ്വീകരിച്ചവര്‍ വരും. തോറ്റവര്‍ പന്ത്രണ്ടു വര്‍ഷം വനവാസവും ഒരുവര്‍ഷം അജ്ഞാതവാസവും. "

വിദുരര്‍ എതിര്‍പ്പ് പറഞ്ഞെങ്കിലും പാണ്ടവരെ തിരിച്ചു വിളിക്കാന്‍ വിട്ടു. പെണ്ണിന്റെ കരുണയില്‍ കിട്ടിയ രാജ്യം ഒരുപക്ഷെ തിരിച്ചുപിടിക്കാന്‍ ഇനിയുള്ള കളിക്ക് കഴിഞ്ഞാലോ എന്ന ശുഭപ്രതീക്ഷയില്‍ വാശികയറിയ യുധിഷ്ടിരന്‍ വീണ്ടും വന്നു. ആദ്യമൊക്കെ ഒതുങ്ങികൊടുത്ത ശകുനി മാതുലനോട് യുധിഷ്ടിരൻ പതിയെ അടിയറവ് പറഞ്ഞു, കുനിഞ്ഞ ശിരസ്സും നിസഹായമുഖവുമായി വനവാസത്തിനു പുറപ്പെട്ടു.

ബദ്ധവൈരികള്‍ ഇനി പതിമൂന്നു വര്‍ഷത്തേക്ക് കാട്ടിലും ഇരുളിലും. ഈ കാലയളവ് കഴിയുമ്പോഴേക്കും അവര്‍ ക്ഷയിക്കും. പിന്നെ ഹസ്തിനപുരത്തിന് ആരും ഒന്നും ഭീഷണിയാവില്ല. ആഹ്ലാദത്തിനു അതിരില്ലായിരുന്നു. ഹസ്തിനപുരവും അഴകേറിയ ഇന്ദ്രപ്രസ്തവും തനിക്ക് സ്വന്തം. രാജ്യം മുഴുവന്‍ ഭരിക്കുന്ന ചക്രവര്‍ത്തിയാവാന്‍ ഇനിയധികകാലമില്ല. ചിരിക്കുന്ന മുഖം ബാല്യത്തിലെ നഷ്ടമായ താനിന്നു വല്ലാതെ സന്തോഷിക്കുന്നുന്ടെന്നും മുഖത്തു വിരിയുന്ന ചിരിവസന്തത്തില്‍ അതീവസന്തുഷ്ടനാണെന്നും കര്‍ണ്ണന്‍ പറഞ്ഞപ്പോള്‍, ജീവിതത്തില്‍ തീണ്ടാപാടകലെനിന്ന സന്തോഷവും സുഖവുമെന്ന വികാരങ്ങള്‍ തനിക്കു അനുഭവേദ്യമാവുകയായിരുന്നു.

കൊട്ടാരത്തില്‍ വിജയാഘോഷത്തിന്റെ അലയാഴികള്‍ ഉയര്‍ന്നു പൊങ്ങി. പുലരുവോളം മധുചഷകങ്ങള്‍ നിറഞ്ഞും സോമരസകുംഭങ്ങള്‍ ഒഴിഞ്ഞും ദാസിപെണ്ണുങ്ങളുടെ വസ്ത്രങ്ങള്‍ ഉലഞ്ഞും ഉടലുകള്‍ പുളഞ്ഞുകൊണ്ടുമിരുന്നു...


ഭാഗം  - 3 ( ദൂത്.)

വനവാസം കഴിഞ്ഞു പാണ്ഡവര്‍ തിരിച്ചു വരുമെന്നായപ്പോള്‍ പാതിരാജ്യം കൊടുക്കേണ്ടതിനെ കുറിച്ച് ചെറിയച്ഛന്‍ പറയാന്‍ തുടങ്ങി. ഭീഷ്മമുത്തച്ഛനും അത് ശരി വെച്ചു. തിരിച്ചുകൊടുക്കാമെന്നു വ്യവസ്ഥയില്ലായിരുന്നല്ലോ ദ്യൂതില്‍ എന്ന് താനും. നിലപാടുകൾ വ്യകതമാക്കികൊണ്ടു പറഞ്ഞു :

ഞാന്‍ ക്ഷത്രിയനാണ്. രാജ്യം ഭരിക്കുക അതിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുക എന്നതാണ് ജന്മധര്‍മ്മം. പാണ്ഡവര്‍ക്ക് പാതിരാജ്യം ഒരിക്കല്‍ കൊടുത്തതാണ്. ദ്യൂതിനു ആരും നിര്‍ബന്ധിച്ചില്ല. കളിച്ചു തോറ്റു രാജ്യം നഷ്ടപെട്ടിട്ടു തിരിച്ചു താ എന്ന് പറയുന്നത് എവിടുത്തെ ന്യായമാണ്... ? അവര്‍ ചോദിക്കും മുമ്പ് കൊടുക്കാന്‍ തെയ്യാറാവുന്നത് ഏതു തത്വസംഹിത പ്രകാരമാണ്...? പിന്നെ പാഞ്ചാല - വിരാട ബന്ധുബലത്തില്‍ യുദ്ധത്തിനാണ് ഒരുക്കമെങ്കില്‍ കൗരവകുലം മുടിച്ച ശേഷമേ സാധിക്കൂ. അവരുടെ ഉഗ്രപ്രതാപം കണ്ടു താണുവണങ്ങി കഴിയാന്‍ ധാർത്തപുത്രരെ കിട്ടില്ല. രാജ്യവും ജീവിതവും കൈവിട്ടു ജീവിച്ച അങ്ങ് എന്ത് നേടി മുത്തച്ചാ.. ? കുറെ ശപഥങ്ങളും ശാപങ്ങളുമല്ലാതെ..

ഭീഷ്മര്‍ നിശബ്ദനായി. കര്‍ണ്ണന്‍ ഉറക്കെ പ്രഖ്യാപിച്ചു..

ഒരിക്കലും കൊടുക്കരുത്. കൊടുത്താല്‍ പിന്നെ കൗരവരും ഹസ്തിനപുരവും ശൂന്യമാവും. അവര്‍ വളരും. പാണ്ഡവരുടെ തലമുറകള്‍ രാജ്യം വാഴും. രാജ്യം ധര്‍മ്മമായി കൊടുക്കേണ്ട ഒന്നല്ല വേണമെങ്കില്‍ അവര്‍ യുദ്ധം ചെയ്തു നേടട്ടെ.

ഒന്നു ചിരിച്ചു പരിഹാസത്തോടെ പറഞ്ഞു :

ആരു നേടാന്‍..? അവർ യുദ്ധത്തിനും കൊള്ളില്ല; ചൂതിനും കൊള്ളില്ല. പാഞ്ചാലിയുടെ ഊഷ്മളമാറില്‍ ഉറങ്ങാന്‍ ഊഴം കാത്തുനില്‍ക്കുന്ന കാമാര്‍ത്തരായ പൂരുഷര്‍ മാത്രമാണവര്‍. വിരാടഗേഹത്തില്‍ അവര്‍ പടുത്തുയര്‍ത്തിയ ബന്ധുബലവും മറ്റും സൂതര്‍ പാടി കേള്‍ക്കുന്നുണ്ട്.  കൗരവരെ അപ്പാടെ തോല്‍പ്പിചോടിച്ചു എന്നൊക്കെ കഥകള്‍ വരുന്നു.  ഭീഷ്മരേയും വില്ലാളിവീരനായ കര്‍ണ്ണനെയും ബലവാനായ ദുര്യോധനനെയും എളുപ്പത്തില്‍ ഒരാള്‍ തോല്പ്പിചോടിച്ച കഥ മെനഞ്ഞു പാടാന്‍ കൊടുത്തത് അവൾ പാന്ചാലിയാണോ.? രണ്ടു ദിനത്തിന് ശേഷം ചെറിയച്ഛന്‍ വലിയ ആഹ്ലാദത്തോടെ പറഞ്ഞു.

ദൂതിനു കൃഷ്ണന്‍ വരുന്നു.  രാജ്യാതിര്‍ത്തികള്‍ നിര്‍ണ്ണയിച്ചു പങ്കുവെക്കാന്‍.

അതിര്‍ത്തികള്‍ എന്നേ തീര്‍ത്തു കഴിഞ്ഞു ചെറിയച്ചാ.. രാജ്യം പങ്കുവെക്കണമെങ്കില്‍ ആദ്യം എന്നെ വെട്ടി രണ്ടാക്കണം .

പക്ഷപാതിയായ ചെറിയച്ചന്റെ നേര്‍ക്ക്‌ തറപ്പിച്ചു നോക്കിയാണ് പറഞ്ഞത്. ചെറിയച്ഛന്‍ എന്നും തനിക്കെതിരെയാണ്. കൃഷ്ണന്‍ താനൊരുക്കിയ വിരുന്നില്‍ പങ്കെടുക്കില്ലെന്നും ജലപാനം പോലും ചെയ്യില്ലെന്ന് പറഞ്ഞപ്പോള്‍ മധ്യസ്ഥനായല്ല വന്നിരിക്കുന്നത് മറിച്ചു പാണ്ടവര്‍ക്ക് പാതിരാജ്യം ഇന്നും, ഭാരതം മുഴുവന്‍ നാളെയും സ്വന്തമാക്കി കൊടുക്കാനാണന്നു മനസിലായി. പാതിരാജ്യം കൊടുക്കില്ലെന്ന് തീര്‍ത്തുപറഞ്ഞപ്പോള്‍ അഞ്ചുഗ്രാമങ്ങള്‍ മതിയെന്നായി.. ഗ്രാമങ്ങളുടെ പേരുകള്‍ കേട്ടപ്പോള്‍ ഒളിച്ചുവെച്ച ചതി തിരിച്ചറിഞ്ഞു. ഹസ്തിനപുരത്തിന്‍റെ ചുറ്റുമുള്ള ഗ്രാമങ്ങളാണ്. നാളെ തങ്ങള്‍ക്കു പുറത്തിറങ്ങണമെങ്കില്‍, ധാന്യങ്ങളും മറ്റും കൊട്ടാരത്തില്‍ എത്തണമെങ്കില്‍ ഈ ഗ്രാമങ്ങള്‍ കടന്നു വേണം..

ബലെ ഭേഷ്, ദേവകി നന്ദനാ.... ഞങ്ങളെ വരിഞ്ഞു കെട്ടി ശ്വാസം മുട്ടിക്കാനാണ് ശ്രമമല്ലേ.. താങ്കള്‍ അര്‍ജുനന്റെ സ്യാലന്‍ ആയാണോ അതോ പാണ്ഡവരുടെ ദൂതനായാണോ വന്നിരിക്കുന്നത്...?

കോപം കൊണ്ട് ദൈവചൈതന്യം നഷ്ടപെടുത്തി കൃഷ്ണന്‍ കൊടുത്തില്ലെങ്കില്‍ കൌരവകുലം താന്‍ മുടിക്കുമെന്നു ശപിച്ചു പറഞ്ഞപ്പോള്‍ നിയന്ത്രിക്കാനായില്ല.
.
താന്കള്‍ എന്തിനാണ് കോപാകുലനാവുന്നത്? താങ്കള്‍ക്കെന്താണ് ഇതില്‍ നേട്ടം.? ബന്ധുക്കള്‍ക്ക് വേണ്ടി എന്നെ ശത്രുവാക്കുന്നതെന്തിനു? നാരായണാ, ഗ്രാമം പോയിട്ട് സൂചി കുത്താന്‍ സ്ഥലം കൊടുക്കില്ല. ബന്ധുബലത്തില്‍ പാണ്ഡവരും പക്ഷപാതിയായ നിങ്ങളും കാണിക്കുന്നത് കണ്ടു ഞാന്‍ മുട്ടുമടക്കില്ല. എന്റെ കൊട്ടാരത്തില്‍ വന്നു എന്റെ ഭക്ഷണം ഭുജിക്കാതെ എന്നെ ഭയപെടുത്തി, എന്റെ ശത്രുക്കളായ പാണ്ഡവരുടെ ഖ്യാതി പറഞ്ഞു നിങ്ങള്‍ യുദ്ധത്തിലേക്ക് വഴിവെട്ടുകയാണ്. യുദ്ദ്ധം നിങ്ങള്‍ കാംഷിക്കുന്നു കൃഷ്ണാ.. പാതിരാജ്യമോ അഞ്ചു ഗ്രാമമോ അല്ലെ നിങ്ങളുടെ ലക്‌ഷ്യം.. കൗരവകുലത്തിന്റെ അന്ത്യമാണ്. യുദ്ധം കാംഷിക്കുന്നത് ഞാനല്ല താങ്കളും പാണ്ടവരുമാണ്. അഞ്ചുഗ്രാമത്തില്‍ ഒതുങ്ങുന്നതല്ല കുന്തിയുടെയും ദ്രൗപദിയുടെയും സ്വപ്‌നങ്ങള്‍. യുദ്ധം, എന്നെ പഴി പറഞ്ഞു നിങ്ങള്‍ അനിവാര്യമാക്കുകയാണ്. ഒരു ഗ്രാമം തന്നാലും നിങ്ങളും പാണ്ഡവരും ചേർന്നു ഹസ്തിനപുരം വിഴുങ്ങും.. അത് നോക്കി നില്‍ക്കാന്‍ സുയോധനനാവില്ല. യുദ്ധമണ്ടായാല്‍ ഞാന്‍ ജയിക്കില്ലായിരിക്കും. പക്ഷേ പങ്കുവെക്കപെട്ട തുണ്ട് രാജ്യം ഭരിച്ചു സുഖിച്ചു കഴിയാന്‍ ഞാന്‍ ഷണ്ഡപുത്രനായ യുധിഷ്ടിരനല്ല. പങ്കുവെച്ചു കഴിച്ചതിൻറ്റെ സ്വാദ് അവര്‍ക്കറിയാം. മണ്ണും പെണ്ണും ഞാന്‍ പങ്കുവെക്കില്ല. രണ്ടുമെനിക്ക് പവിത്രമാണ്. സ്വത്തും പശുക്കളും ഒരു നല്ല സൈന്യം പോലുമില്ലാത്ത യാദവന് തോന്നുന്ന അസൂയയുടെ മൂര്‍ത്തഭാവമാണ് നിങ്ങള്‍..

മാധവാ.... സുയോധനന്‍ സന്ധിക്കില്ല..  രാജ്യത്തിന്റെ ഒരു കഷണം പോലും അടിയറ വെക്കാന്‍ ഞാനൊരുക്കമല്ല. എന്നില്‍ നീതിയില്ലെങ്കില്‍ ആര്‍ക്കു വേണമെങ്കിലും പാണ്ഡവപക്ഷം ചേരാം.. സൗജന്യമായി കൊടുക്കേണ്ടത് ഭക്ഷണവും വസ്ത്രവുമാണ്; ചവുട്ടി നില്‍ക്കുന്ന മണ്ണല്ല. ഈ മണ്ണിന്റെ മകനായ ക്ഷത്രിയന്‍ മണ്ണിനെ കാക്കും; മരണം വരേയും....

നിരാശക്ക് പകരം കൃഷ്ണന്റെ മുഖത്തു താന്‍ വന്നത് നേടിയെന്നുള്ള തൃപ്തിഭാവമായിരുന്നു. വന്നു നേരെ അച്ചൻ പെങ്ങളായ ചെറിയമ്മയുടെയടുത്തു പോയി ചെറിയച്ഛനുമായി നടത്തിയ ഗൂഢാലോചനയുടെ നാടകരൂപമാണ് സഭയില്‍ അരങ്ങേറിയത്. പണ്ടേ ഭക്തയായ പാഞ്ചാലിയോടും പെങ്ങളെ പരിണയിച്ച അര്‍ജുനനോടും അച്ഛന്‍ പെങ്ങളായ കുന്തിയോടുമല്ലാതെ ആരോടാണ് കൃഷ്ണന്‍ അടുപ്പം കാണിക്കുക.

പിന്നെയൊന്നും കേള്‍ക്കാനും പറയാനും സഭയില്‍ നിന്നില്ല. പക്ഷപാതികള്‍ നിറഞ്ഞു നില്‍ക്കുന്ന സഭയില്‍ നിന്ന് കര്‍ണ്ണന്റെ കൈകള്‍ പിടിച്ചിറങ്ങി പോന്നു.
 
ഭാഗം  - 4 ( യുദ്ധം .)


യുദ്ധം തീരുമാനിച്ചപ്പോഴാണ് ധര്‍മ്മസങ്കടത്തിലാക്കുന്ന പിതാമഹന്‍ വീഴാതെ ആയുധമെടിക്കില്ല എന്ന കര്‍ണ്ണന്റെ തീരുമാനം അറിഞ്ഞത്. മുത്തച്ഛന്‍ വല്ലാതെ അപമാനിച്ചു  കര്‍ണ്ണനെ. എന്തിനാണ് സൂതപുത്രനായ കര്‍ണ്ണനോട് ഇത്ര വൈരാഗ്യമെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. തനിക്കുറപ്പായിരുന്നു കര്‍ണ്ണന്‍ ക്ഷത്രിയപുത്രനാണെന്ന്.  മുത്തച്ഛനും ഗുരുവും പാണ്ഡവരെ കൊല്ലാന്‍ മുതിരില്ല എന്നത് സുനിശ്ചിതമായിരുന്നു. തന്റെ ഭാഗത്ത് ശരിയുള്ളതിനാല്‍ മാത്രം ഗുരുവും മുത്തച്ഛനും നിന്നതാണ്. പാണ്ഡവരെ കൊല്ലാന്‍ കര്‍ണ്ണന്‍ മാത്രമേ ഉണ്ടാകൂ.. കര്‍ണ്ണന്‍ മാറി നില്‍ക്കുന്നത് കൊണ്ട് തന്നെ യുദ്ധം നീളുകയാണ്. ശവങ്ങള്‍ കൊണ്ട് കുരുക്ഷേത്രം നിറയുകയാണ്. വലിയ സൈന്യശേഖരമൊന്നുമില്ലെങ്കിലും പാണ്ഡവര്‍ മുന്നേറുകയാണ്. ശല്യനും മുത്തച്ഛനും ദ്രോണരും അഭ്യാസകാഴ്ച്ചപോലെയാണ് യുദ്ധം ചെയ്യുന്നത്. വെറുതെ അമ്പുകള്‍ തടുത്തിടുന്ന കാഴ്ചയാണ്. കാലാള്‍ പടകളിലെ ഭടന്മാരല്ലാതെ പാണ്ടവരിലെ പ്രധാനികളൊന്നും വീഴുന്നില്ല. ഒരിക്കല്‍ മുത്തച്ഛനോട്‌ സൂചിപ്പിച്ചപ്പോള്‍ യുദ്ധം നിര്‍ത്തുമെന്നു പറഞ്ഞു. ഗുരു എനിക്ക് കൌരവരും പാണ്ടവരും ഒരുപോലെയാണെന്നു പറഞ്ഞൊഴിഞ്ഞു. . വെറുതെ കാഴ്ചകോലങ്ങളായി മാത്രം കൂടെ നില്‍ക്കുന്ന ഇവര്‍ മിത്രങ്ങളോ ശത്രുക്കാളോയെന്ന് തിരിച്ചറിയാനാവുന്നില്ലെന്നു തോന്നി.. ശകുനിയും അശ്വത്ഥാമാവും കൃപരും കൃതവര്‍മ്മാവും അര്‍പ്പണബോധത്തോടെ യുദ്ധം ചെയ്യുന്നു. കര്‍ണ്ണനും കൂടി ആയുധമെടുത്തെങ്കില്‍...

പിതാമഹന്‍ വീണതിനുശേഷം ആയുധമെടുത്ത കര്‍ണന്‍ പാണ്ഡവര്‍ക്ക് നികത്താനാവാത്ത ദുരിതം വിതച്ചു. പിതാമഹനെയും ഗുരുവിനെയും ചതിച്ചത് പോലെ തന്നെ കര്‍ണ്ണനെയും ചതിച്ചു കൊന്നപ്പോള്‍ യുദ്ധം തോറ്റെന്നുള്ള തിരിച്ചറിവില്‍, ദേഹമാസകലം മുറിവേറ്റ് തളര്‍ന്നു, സ്വയം പരിത്യാഗം ചെയ്യാമെന്ന് കരുതി. ആരൊക്കെ ബാക്കി ജീവിച്ചിരിക്കുന്നുവെന്നറിയില്ല. തനിക്കിനിയൊന്നും നേടാനില്ല. പതിയെ കുരുക്ഷേത്രത്തില്‍ നിന്ന് പാലായനം ചെയ്തു കാട്ടുപൊയ്കയില്‍ വിശ്രമിക്കുമ്പോഴാണ് യുദ്ധത്തിനു വെല്ലുവിളിച്ചു കൊണ്ടുള്ള യുധിഷ്ഠിരന്റെ വാക്കുകള്‍ കേട്ടത്..

രണഭൂമിയില്‍ ജനിച്ച മണ്ണിനു വേണ്ടി വീണുമരിച്ചു വീരസ്വര്‍ഗം പൂകുമെന്നൊക്കെ വീമ്പിളക്കിയ ദുര്യോധനാ ഭീരുവിനെ പോലെ ഒളിച്ചിരിക്കുന്നോ.. ഇറങ്ങി വാ.. യുദ്ധം തീര്‍ന്നിട്ടില്ല. നിന്റെ തല നിലത്തു വീണുരുണ്ട ശേഷമേ യുദ്ധം തീരുകയുള്ളൂ..

വിജയത്തില്‍ മതി മറന്നു പ്രഥമപാണ്ഡവന്‍ സ്വയം മതി മറന്നു നില്‍ക്കുകയാണ്. ആശകള്‍ നശിച്ച താന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

രാജ്യം നിങ്ങളെടുത്തു കൊള്ളുക. എന്റെ പ്രിയ സഹോദരങ്ങളും തോഴന്‍ കര്‍ണ്ണനുമില്ലാതെ ആ രാജ്യം എനിക്കെന്തിന്..? . ഇനി യുദ്ധമില്ല. ഞാന്‍ കാട് കയറി സ്വയം സമാധിയടയുകയാണ്.
യുധിഷ്ടിരാ.. ഒരു ക്ഷത്രിയന്‍ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്ന ധന്യതയോടെ ഞാന്‍ ഇവിടം വിടുകയാണ്.  എന്നോട് കൂടി ഞാന്‍ ചെയ്തതെല്ലാം ഇന്നസ്തമിക്കും.  കൗരവരെ ചതിച്ചു കൊന്നു രാജ്യം നേടിയ അപഖ്യാതി നിങ്ങളുടെ മരണംവരെ പിന്തുടരും.  വിധവകളുടെ കണ്ണുനീര്‍ തുടക്കാനാവാതെ നിങ്ങള്‍ തളരും.  അമ്മമാരുടെ വിലാപങ്ങള്‍ നിങ്ങളുടെ ഉറക്കം കെടുത്തും.
കുഞ്ഞുങ്ങളുടെ ദീനരോദനങ്ങള്‍ നിങ്ങളുടെ ചെവികളെ പൊള്ളിക്കും.  ശാപം കിട്ടിയ ജന്മങ്ങളായ നിങ്ങളെ മരണം പോലും വരം തരാതെ അകന്നു നില്‍ക്കും.  ധര്‍മ്മം പറയുകയും അധര്‍മ്മത്തിന്റെ പാതയില്‍ സഞ്ചരിക്കുകയും ചെയ്ത നിങ്ങളെ ജനങ്ങള്‍ അപഹസിക്കും..

എല്ലാം നേടിയതിന്റെ ഗര്‍വ്വ് യുധിഷ്ടിരനില്‍ ഉറഞ്ഞുതുള്ളുകയാണ്. വീണ്ടും വെല്ലുവിളി തുടര്‍ന്നു.

വാ.. ഞങ്ങളിലെ ആരുമായും നിനക്ക് യുദ്ധം ചെയ്യാം. ജയിച്ചാല്‍ നിനക്ക് രാജ്യം. രണ്ടാമതു ദ്യൂതിനു നീയെന്നെ വെല്ലുവിളിച്ചപ്പോള്‍ പറഞ്ഞത് ഓര്‍ക്കുന്നോ ദുര്യോധനാ.. അന്ന് നീ പറഞ്ഞത് ഞാന്‍ ആവര്‍ത്തിക്കുന്നു.  പാണ്ഡവരിലെ ഒരാളോട് യുദ്ധം ചെയ്തു ജയിച്ചാല്‍ രാജ്യം മുഴുവന്‍ നിനക്ക്..

ഇനിയാര്‍ക്കു വേണം പുരുഷവര്‍ഗ്ഗം മുഴുവന്‍ മരിച്ചുപോയി വിധവകള്‍ മാത്രമായി, ജനതതി പകുതിയായി പാതിരാജ്യമായി മാറിയ രാജ്യം.? ആര്‍ക്കുവേണ്ടി രാജ്യം നേടണം.. ? മക്കളില്ല, സഹോദരങ്ങളില്ല, മരുമക്കളില്ല, പേരകുട്ടികളില്ല. വിധവകളുടെ കണ്ണീരും ചോരയും കലര്‍ന്ന് നഞ്ഞു കിടക്കുന്ന മണ്ണ് ആര്‍ക്കു വേണം.. ഇതല്ല സുയോധനന്‍ സ്വപ്നം കണ്ട രാജ്യം.. ഇത് രാജ്യമല്ല; ശ്മശാനമാണ്.. പ്രജകള്‍ ഇല്ലാതെ എന്ത് രാജാവ്.. ? എന്റെ പ്രജകള്‍ മരിച്ചു വീണിടത്ത് അവരുടെ ചോരവീണ മണ്ണില്‍ ചോര വീഴ്ത്തി വീരചരമം പ്രാപിക്കുക എന്നതല്ലാതെ ഇനി തനിക്കെന്തു സ്വപ്നം.. ? തന്റെ സന്തതസഹചാരിയായ കര്‍ണ്ണനില്ലാതെ തനിക്കിനി ഒന്നു ചിരിക്കാന്‍ പോലും കഴിയില്ല.  കൃഷ്ണനോട് താന്‍ ചിരിച്ചു കൊണ്ട് പറയണം .

ഇതാ പാതി രാജ്യം.. വിളറി വെളുത്ത വിധവകളുടെ രാജ്യം. ഇതാണോ കൃഷ്ണാ നീ പാണ്ഡവര്‍ക്ക് നേടി കൊടുക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു കഷ്ടപെട്ടത്‌ ? കുട്ടികാലത്ത് ഒരു കളിപ്പാവയെ തിരിച്ചു കൊടുക്കാന്‍ പറഞ്ഞാല്‍പോലും അതിനെ നശിപ്പിച്ചു കൊടുക്കുന്ന താന്‍ ഈ രാജ്യവും കൊടുക്കുന്നു. ഒന്നിനും കൊള്ളാത്ത ഒരു രാജ്യം !!

പാണ്ഡവര്‍ മടങ്ങുന്ന ലക്ഷണമില്ല.  തന്നെ തീർക്കാതെ പാണ്ഡവർ പിൻവാങ്ങില്ല. പതിയെ പുറത്തിറങ്ങി. കൃഷ്ണന്‍ യുധിഷ്ഠിരനെ ശകാരിക്കുന്നു. ചിരിച്ചു കൊണ്ട് പറഞ്ഞു.

ഭയക്കേണ്ട യുധിഷ്ഠിര, എനിക്ക് ഭീമനെ മതി. ഇവനെ തോൽപ്പിച്ചിട്ടു ഞാന്‍ നേടുന്ന രാജ്യം നിങ്ങൾക്ക് ധര്‍മ്മമായി തരും. എന്റെ സഹോദരങ്ങള്‍ക്കുള്ള ആദരാഞ്ജലി ചെയ്യലാവും ഇന്നിവന്റെ ചോര കൊണ്ട്. ബാല്യം മുതല്‍ ഇവനാണ് ഞങ്ങളുടെ ശത്രു. ഈ ആജന്മശത്രുവിനെ കൊല്ലാനായാല്‍ അതിനെക്കാള്‍ വലുത് ഒന്നുമില്ല. ഭീമാ, ഗദയെടുക്ക്...

ഗുരു, ബലരാമനെ തൊഴുതു വണങ്ങി വലതു കയ്യില്‍ ഗദയെടുത്തു മുന്നോട്ടു വന്നു. ഗുരുവിനെ വണങ്ങാൻ പോലും മറന്നു ക്രൂധനായി വന്ന ഭീമന്റെ മുഖം ഭീഭത്സമായിരുന്നു. തന്നെ തോല്‍പ്പിച്ച് കൊല്ലുക എന്നതിനേക്കാള്‍ മറ്റെന്തോ നേടിയെടുക്കാനുള്ള വെമ്പല്‍ അയാളുടെ മുഖത്തുണ്ടായിരുന്നു. ശൗര്യം കണ്ണുകളില്‍ തിളങ്ങിനിന്നു. ചോരകറകള്‍ വീണ മാര്‍ച്ചട്ട അഴിച്ചു വലിച്ചെറിഞ്ഞു ഗദയെടുത്തു കാടിനെ പ്രകമ്പനം കൊള്ളിക്കുന്ന അലറലിന്റെ അകമ്പടിയോടെ തന്റെ നേരെ കുതിച്ചു. തന്റെ തളര്‍ച്ചയെ കുറിച്ച് അവനു വ്യക്തമായ ധാരണയുണ്ട്. പെട്ടെന്ന് തന്നെ തച്ചുതകര്‍ക്കാനുള്ള ആവേശം ഓരോ അടിയിലും തെളിഞ്ഞു നിന്നിരുന്നു. ഇവന്റെ രൂപസാദൃശ്യമുള്ള പ്രതിമയില്‍ പ്രയോഗിച്ചു പഠിച്ചതെല്ലാം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അടികള്‍ക്കെല്ലാം നല്ല ശക്തിയുണ്ട് പക്ഷേ അഭ്യാസകാഴ്ചയിലെ യൗവ്വനത്തിന്റെ തീക്ഷണതയില്ല. കുരുക്ഷേത്രയുദ്ധം മുഴുവന്‍ ജയിച്ചതിന്റെ ക്ഷീണം അവന്റെ വേഗത്തെ കുറക്കുന്നുണ്ട്. വേഗതയാണ് തന്റെ ആയുധം. തടുത്തുകൊണ്ടിരുന്നാല്‍ താന്‍ തളരും. രണ്ടു കൈകൊണ്ടും ചേര്‍ത്തുപിടിച്ചവനടിച്ച അടിയില്‍ ഇരുന്നു പോയെങ്കിലും വലതുമുട്ടില്‍ നിവര്‍ന്നിരുന്നു അവന്റെ ഇടതു ചുമലിൽ ശരവേഗത്തില്‍ ആഞ്ഞടിച്ചു. അലറികൊണ്ടിരുന്ന അവനില്‍ നിന്ന് ആര്‍ത്തനാദം അടര്‍ന്നുവീണു. ഇരട്ടിശക്തിയിലവൻ ഗദ ചുഴറ്റിയടിക്കും മുമ്പ് ഗദയുടെ മധ്യത്തില്‍ അടിച്ചു ലക്‌ഷ്യം തെറ്റിച്ചു. തെറിച്ചുവീണ ഗദയെടുക്കാന്‍ തിരിഞ്ഞപ്പോള്‍ മുതുകില്‍ ആഞ്ഞടിച്ചു. അലറിവിളിച്ചു മണ്ണിൽ കമിഴ്ന്നുവീണ ഭീമനെ അടിക്കാനൊരുങ്ങുമ്പോള്‍ ഗുരു ബാലരാമന്‍ വിളിച്ചു പറഞ്ഞു..
അരുത് സുയോധനാ.. വീണ് കിടക്കുന്നവനെ അടിക്കാന്‍ നിന്നെ ഞാന്‍ പഠിപ്പിച്ചിട്ടില്ല.
ഗദ മണ്ണില്‍ കുത്തി നിന്ന് വലിയൊരു ശ്വാസമെടുത്തു, കിതച്ചു കൊണ്ട് ഗുരുവിനെ നോക്കി പറഞ്ഞു :
ധര്‍മ്മയുദ്ധം കുരുക്ഷേത്രത്തിനു എന്നോ അന്യമായി ഗുരുവേ. ഇവനെ ചതിച്ചു കൊന്നിട്ട് എനിക്കൊന്നും നേടാനില്ല. ഞാനൊരു ശപഥവും ചെയ്തിട്ടുമില്ല. എനിക്കറിയാം ഇവനെന്നെ ജയിക്കാനാവില്ല.

വിളറി നില്‍ക്കുന്ന യുധിഷ്ഠിരനോട് പറഞ്ഞു..

ഭയക്കേണ്ട. ഇവനെ കൊല്ലുക മാത്രമാണെന്റെ ലക്‌ഷ്യം. ഈ യുദ്ധരാം ഞാൻ ജയിച്ചാലുമില്ലെങ്കിലും രാജ്യം എനിക്കുവേണ്ട.

ഭീമന്‍ കൈകള്‍ കുത്തി പതുക്കെയെണീറ്റ്‌, ഭയപ്പാടോടെ കൃഷ്ണനെ നോക്കി. തൻറ്റെ നേർക്കു തിരിഞ്ഞപ്പപോൾ കണ്ണുകള്‍ അരക്ക് കീഴെ പതിയുന്നത് കണ്ടു. ഗദകള്‍ വീണ്ടും വായുവില്‍ ഇടിമുഴക്കങ്ങളും തീപ്പൊരികളുമുതിര്‍ത്തു. ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ പക്ഷികള്‍ ഭയപ്പാടോടെ അങ്ങുമിങ്ങും പറന്നു നടന്നു. വന്യമൃഗങ്ങള്‍ ഒച്ചയിട്ടോടിയകന്നു. ഇടതുകരത്തില്‍ അവനടിച്ച അടിയില്‍ ആയുധം പിടിവിട്ടുപോകുമോയെന്നു തോന്നി. വേദനയെ മറന്നു ഗദയുയര്‍ത്തി തലക്കടിക്കാന്‍ നോക്കിയപ്പോള്‍ കുനിഞ്ഞൊഴിഞ്ഞതിനാല്‍ മുതുകത്താണ് കൊണ്ടത്‌. കുനിഞ്ഞുനിന്ന അവന്‍ അപ്രതീക്ഷിതമായി ഇടതുതുടയില്‍ ആഞ്ഞടിച്ചു. പ്രഹരത്താല്‍ തുടപൊളിഞ്ഞു രക്തം ഭീമന്റെ മുഖത്തേക്ക് തെറിച്ചു വീണു. വേദന ശിരസ്സിലേക്ക് ഇരച്ചു കയറുന്നതും ഭീമന്റെ ഗദ തന്റെ ശരീരമാകമാനം താഢനങ്ങള്‍ ഏല്‍പ്പിക്കുന്നതും അലറി വിളിക്കുന്നതും മങ്ങിയും തെളിഞ്ഞും കേട്ടു. കയ്യില്‍ നിന്നു ആയുധം താഴെ വീണു. മയങ്ങിമങ്ങുന്ന നേത്രങ്ങള്‍ കൊണ്ട് ഗുരുവിനെ നോക്കി. അദേഹം അധര്‍മ്മം, ക്രൂരം എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്. ചോരപുരണ്ട മണ്ണിലേക്ക് മലര്‍ന്നു വീണ തന്റെ ഇടതു കവിളില്‍ വലതു കാലു കൊണ്ട് തട്ടി, തലയില്‍ ചവുട്ടി നിന്ന് ഭീമന്‍ അട്ടഹാസതിരകള്തിര്‍ത്തു. .
 
ഭാഗം -  5 ( സമര്‍പ്പണം )

എപ്പഴോ കൃപരും കൃതവര്‍മ്മവും അശ്വത്ഥാമാവും എത്തിയിരുന്നു. തന്റെ തുട പിളര്‍ന്നു, ചോരയൊലിപ്പിച്ച്, മണ്ണുപുരണ്ടു കിടക്കുന്ന കാഴ്ച   ദ്രൗണിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ തലയിലടിച്ചു മണ്ണില്‍ കിടന്നു വിലപിക്കാന്‍ തുടങ്ങി. എന്തോ പറയാന്‍ തുനിഞ്ഞെങ്കിലും നാവു തളര്‍ന്നു പോയിരുന്നു. ദേഹാമാകെ ചോരയൊലിക്കുന്നു. ദ്രൗണി ചാടിയെഴുന്നേറ്റു ആക്രോശിച്ചു പറഞ്ഞു..

എന്റെ അച്ചനെ ചതിച്ചു കൊന്നു. ഭീഷ്മപിതാമഹനെ ചതിച്ചു കൊന്നു.. അതൊക്കെ ഞാന്‍ സഹിച്ചു. എന്നാലീ ചതി എന്നെ നികൃഷ്ടനാക്കുന്നു. ഈ ക്രൂരതക്ക്, അപമാനത്തിന് ഞാന്‍ അതെ നാണയത്തില്‍ മറുപടി കൊടുക്കും. അധര്‍മ്മമാണ് എന്റെ ഇനിയുള്ള ധര്‍മ്മം.
രാജാവേ. അങ്ങ് അവസാനശ്വാസം പിടിച്ചുവെച്ച് എനിക്ക് വേണ്ടി കാത്തുനില്‍ക്കുക. ഇതിനു പകരം വീട്ടിയിട്ടേ ദ്രൗണി തിരിച്ചു വരൂ. ഇല്ലെങ്കില്‍ മാതുലന്‍ എന്റെ മരണം വന്നു പറയും. അതുവരെ, അതുവരെ അങ്ങ് സ്വര്‍ഗ്ഗം പൂകരുത്.

താന്‍ മന്ദഹസിച്ചു. ഈ യോദ്ധാവിനെ താന്‍ തിരിച്ചറിഞ്ഞില്ലല്ലോയെന്ന് ദുഖിച്ചു. പതിയെ ഉച്ചരിച്ചു..

നീയാണ് അവസാനത്തെ കൗരവസേനാപതി. ധര്‍മ്മം രണ്ടു കൂട്ടരും എന്നേ വെടിഞ്ഞു.. ശുഭവാര്‍ത്തയുമായി തിരിച്ചു വരിക..  വിജയീ ഭവ....

കൈകള്‍ പാടുപെട്ടുയര്‍ത്തുന്നത് കണ്ടു ദ്രൗണി അരികിലിരുന്നു കൈകളെടുത്തു തലയില്‍ വെച്ചു. കൃപരും കൃതവര്‍മ്മാവും തൊഴുതു പിന്‍വാങ്ങി..

രാജാവേ..

തട്ടി വിളിക്കുന്നത്‌ കേട്ടാണ് മയക്കമുണര്‍ന്നത്‌. ദ്രൗണിയുടെ മടിയിലാണ് തന്റെ ശിരസ്സ്‌. കൃപരും കൃതവര്‍മ്മാവും ചെന്നായകളേയും കുറുക്കന്മാരേയും ആട്ടിയോടിക്കുന്നു. ഒലിച്ചിറങ്ങിയ ചോരയെല്ലാം നക്കികുടിച്ച മൃഗങ്ങള്‍ തന്റെ ഞരക്കങ്ങള്‍ തീരാന്‍ കാത്തു നിന്നിരിക്കണം. ഭാരതം മുഴുവന്‍ കാല്‍ക്കീഴിലാവുമെന്നാശിച്ച താനിപ്പോള്‍ വെറും മണ്ണില്‍, എല്ലുകള്‍ വെളിയില്‍ ചാടി ചോരവാര്‍ന്നു, വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമാകാന്‍ കാത്തുകിടക്കുന്നു. മെല്ലെ മിഴികൾ തുറന്നു തലയുയര്‍ത്തി ദ്രൗണിയെ നോക്കി. അയാളുടെ മുഖവും ദേഹമാകെ ചോരയില്‍ മുങ്ങിയിരിക്കുന്നു. പേടിപെടുത്തുന്ന രൂപം. ദ്രൗണിയുടെ കൈകള്‍ അമര്‍ത്തി പിടിച്ചു. എന്തോ കേള്‍ക്കാന്‍ ചെവിയും ഹൃദയവും തുടിച്ചു. തളര്‍ച്ചയിലും വേദനയിലും അവന്‍ ആഹ്ലാദം വരുത്താന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു..

ഞാന്‍ തച്ചു തകര്‍ത്തു പാണ്ടവസേനയെ രാജന്‍.. ഇനി പാണ്ഡവരില്‍ വെറും വിരലിലെണ്ണാവുന്നവര്‍ മാത്രം ബാക്കി.

തന്റെ കണ്ണുകള്‍ തിളങ്ങിയോ..? ചുണ്ടില്‍ ചെറുചിരിയുതിര്‍ന്നുവോ.. ? കിടന്നുകൊണ്ട് തന്നെ ദ്രൗണിയെ അരയിലൂടെ ചുറ്റി വരിഞ്ഞാശ്ലേഷിച്ചു. കൃപരേയും കൃതവര്‍മ്മനേയും സ്നേഹഭാരഭാവത്തോടെ നോക്കി മനസ്സ് കൊണ്ട് വണങ്ങി. അവരുടെ കണ്ണുകള്‍ നനഞ്ഞിരുന്നു. ചോരപുരണ്ട ഉത്തരീയം കൊണ്ട് അവര്‍ തന്റെ വേദനയെ വീശിയകറ്റി കൊണ്ടിരുന്നു.
താന്‍ ജനിച്ചപ്പോള്‍ കണ്ട ദുര്‍നിമിത്തങ്ങള്‍ കുലം മുടിക്കാന്‍ ജനിച്ചവനെന്ന പേര് നേടി തന്നു. മനസിലാവാതെ പോയതും ഇത് തന്നെയാണ്. അതെ സമയത്ത് ജനിച്ച ഭീമനു ഈ പേരുദോഷങ്ങള്‍ എന്തുകൊണ്ട് ചാര്‍ത്തി കൊടുത്തില്ല... ? യുദ്ധത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ കൌരവരെ മൊത്തം സ്വന്തം കൈകളാല്‍ കൊന്നു കുലം മുടിച്ചത് ഭീമനാണ്. സ്വന്തം ജ്യേഷ്ഠനെ കൊന്ന അപഖ്യാതി വാങ്ങിയത് അര്‍ജുനാണ്. പൈതൃകമായി കിട്ടിയ മണ്ണിനെ സ്നേഹിച്ചാശ്ലേഷിച്ചു വെട്ടിമുറിക്കാന്‍ അനുവദിക്കാതിരുന്ന സുയോധനന് കിട്ടിയ ദുഷ്പേരുകളെത്ര.. ? സ്വന്തം അമ്മ പോലും തന്നെ തള്ളി പറഞ്ഞു. ഓരോ ദിവസവും അമ്മയുടെ ആശീര്‍വാദത്തിനായി ചെല്ലുമ്പോള്‍ ഒരിക്കല്‍ പോലും "ജയിച്ചു വാ " എന്ന് പറയാതെ " ധര്‍മ്മം എവിടെയുണ്ടോ അവിടെ ജയമുണ്ടാകുമെന്നു "പറഞ്ഞു സ്നേഹത്തെ കൈപാടകലെനിര്‍ത്തിയ അമ്മ പാണ്ഡവരുടെ അധര്‍മ്മം കണ്ടു ഇപ്പോള്‍ ദുഖിക്കുന്നുണ്ടാകും. പണ്ട് മുതലേ തന്നെ തള്ളി പറഞ്ഞ വിദുരരെയും താന്‍ ദ്രോഹിച്ചില്ല. ക്ഷത്രിയജന്മം ക്ഷത്രിയനായി ജീവിച്ചു തീര്‍ക്കുകയായിരുന്നു. തന്റെ ശരികള്‍ മുറുകെ പിടിച്ചത് മാത്രമാണ് തന്റെ തെറ്റ്..

ദ്രൌണി തന്റെ നെറ്റിയില്‍ തടവി കൊണ്ടിരുന്നു. ഒഴുകി കട്ടപിടിച്ച ചോരയില്‍ ചേക്കേറിയ പ്രാണികളെ തട്ടികളഞ്ഞു കൊണ്ട് ദ്രൗണി വേദനയിലും ചിരിച്ചു. സംതൃപ്തമായ, ധന്യമായ, സഫലമായ ജീവിതം താണ്ടിയവനാണ് താനെന്നും ദുഖിക്കരുതെന്നും പറയാന്‍ ശ്രമിച്ചു പരാജയപെട്ടു. ഒരു നിമിഷം പ്രിയ പത്നി ഭാനുമതിയുടേയും തോഴന്‍ കര്‍ണ്ണന്റെയും ജ്യേഷ്ഠാ എന്ന് വിളിച്ചു നിഴലുപോലെ കൂടെ നടക്കുന്ന ദുശ്ശാസനേയും ഒരേയൊരു സഹോദരി ദുശ്ശളയേയും ഓര്‍ത്തു. കണ്ണീര്‍മുത്തുകള്‍ ഉരുണ്ടു വീണു ചോരയില്‍ കലര്‍ന്നു.

ദ്രൌണിയുടെ അരക്കെട്ടില്‍ മുറുകെ പിടിച്ചിരുന്ന കൈകളയഞ്ഞു. ശരീരം തളരുന്നതും കണ്ണുകളില്‍ ഇരുട്ട് കയറുന്നതും ശ്വാസം നെന്ചില്‍ പിടയുന്നതും തൊട്ടറിഞ്ഞു, വിടര്‍ന്ന കണ്ണുകളില്‍ വെളിച്ചം നിറച്ചു, ദ്രൌണിയെ നോക്കി പുഞ്ചിരിച്ചു, അകലുന്ന അടുത്ത ശ്വാസത്തിൻറ്റെ തിരിച്ചു വരവിനായി, സ്വർഗ്ഗം തുറക്കുന്ന സമയമുഹൂർത്തത്തിനായ്, കാലത്തിൻറ്റെ ശംഖനാദത്തിനായ് കാത്തുകിടന്നു.
 

2 comments: