Wednesday 30 July 2014

സുധാകരായനം - അക്ഷരം..


നാട്ടില്‍ വായനശാലയും സ്കൂളും ആരാധനാലയവും തൊട്ടു തൊട്ടാണ് നില്‍ക്കുന്നത്. മൂന്നും മനുഷ്യമനസ്സിലും അവന്റെ ജീവിതയാത്രകളിലും വെളിച്ചം വീശാന്‍ വേണ്ടി സൃഷ്ടിച്ചവ. പ്രഭാകരന്‍, നമ്പ്യാര്, രത്നം, സുലോചന, മേരി എന്നീ മഹാല്‍മ്മക്കളോടടോപ്പം തറയും പറയും പനയുമൊക്കെ ഉറക്കെ പറഞ്ഞു പഠിച്ചു. കയ്യില് മൂലപൊട്ടിയ സ്ലേറ്റും, വേലി പടര്‍പ്പില്‍ നിന്ന് പറിച്ചെടുത്ത മഷിതണ്ടും കൊണ്ട് നാലുവര്‍ഷങ്ങള്‍ ശിരസ്സില്‍ തട്ടമിട്ട സെനബയുടെ കൈപിടിച്ചു ഇടവഴികള്‍ താണ്ടി തറയിലും ബെന്ചിലിമിരുന്നു പഠിച്ചു. ഉച്ചക്ക് കിട്ടുന്ന ഗോതമ്പ്പ്പുമാവ്, പാത്രം വാങ്ങാന്‍ കാശില്ലാത്തതിനാല്‍ ഷര്‍ട്ടിന്റെ ഇടതുവശം നിവര്‍ത്തിപിടിച്ചു വാങ്ങുമായിരുന്നു.. എല്ലാ ഷര്‍ട്ട്കളുടെയും ഇടതുവശം നിറം മങ്ങിമാഞ്ഞു എണ്ണമയം പുരണ്ടാതായിപോയിരുന്നു.. പന്ത്രണ്ടു മണിക്ക് ഊട്ട് പുരയില്‍ നിന്നുയരുന്ന ഉപ്പുമാവിന്റെ ഗന്ധം പോലൊരു സുഗന്ധം ആദ്യരാത്രിയിലെ മണിയറയില്‍ വെള്ളവിരിച്ച മെത്തയില്‍ വിതറിയ മുല്ലപ്പൂക്കള്‍ക്ക് പോലും തരാനായില്ല. വികാരം വിശപ്പിനേക്കാള്‍ വളരെ വളരെ പിന്നിലാണ്.

പഠനത്തില് മോശമല്ലാതിരുന്നിട്ടും പലപ്പോഴും അവഗണന ഏല്‍ക്കേണ്ടി വന്നിടുണ്ട്. സ്കൂളില്‍ നടത്തിയ ടെസ്റ്റില്‍ മുന്നിലായിട്ടും സ്കൊളര്‍ഷിപ് പരീക്ഷക്ക് എന്നെ തഴഞ്ഞു വലിയ വീട്ടിലെ കുട്ടികളെ മാത്രം കൊണ്ട് പോവുമായിരുന്നു. ഞാന്‍ പുത്തൂരം വീട്ടില് അഭ്യാസം പഠിക്കാന്‍ എന്ന വ്യാജേന മൂന്നു നേരം കഴിക്കാന്‍ ഭക്ഷണം തരമാകുമെന്ന പ്രതീക്ഷയില്‍ നില്‍ക്കുന്ന ചന്തുവിനെ പോലെ ഊട്ടുപുരയിലേക്ക് കണ്ണും നാട്ടു വിഷണ്ണനായി നിന്നു........

തന്റെ കരുത്താണ് പാണ്ഡവരുടെ ശക്തി എന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നിട്ടും വൃകൊദരന്‍, ഊശാന്‍ താടിക്കാരന്‍, പോഴന്‍, തടിയന്‍, മണ്ടന്‍, എന്ന വിശേഷണങ്ങള്‍ കൊടുത്തൊതുക്കിയ, അല്ലെങ്കില്‍ സ്വയം ഒതുങ്ങികൂടിയ, സ്വന്തം ശരീരത്തേക്കാള്‍ വലുപ്പത്തില്‍ നന്മയും സ്നേഹവും മനസ്സില്‍ കൊണ്ട് നടക്കുന്ന ഭീമനെപോലെ പൊട്ടന്‍കളിച്ചു വിടവുള്ള പലക പല്ല് കാട്ടി ചിരിച്ചു മറഞ്ഞു ....

തന്റെ കരുത്ത് താന്‍ ജീവിക്കുന്ന കുലത്തിന്റെയും കാലത്തിന്റെയും ദൂഷ്യം കൊണ്ട് എവിടെയും കാഴ്ചവെക്കാനാകാതെ, കയ്യടി വാങ്ങാനാവാതെ, ഒരിക്കല്‍ പോലും വിജയം സ്വന്തമാക്കാതെ, പലവട്ടം അപമാനത്തിനും അവഹേളനത്തിനും അവഗണനക്കും ഇരയാവേണ്ടിവന്ന കര്‍ണനെപോലെ ഞാനും ഒതുങ്ങി കൊടുത്തു കൊണ്ട് വളര്‍ന്നു.

വെട്ടി പിടിക്കലില്‍, കുതികാല്‍ വെട്ടലില്‍, ചതിയില്‍, മല്‍സരങ്ങളില്‍
താല്പര്യമില്ലായിരുന്നു. വിജയങ്ങള്‍ കയ്യെത്തി പിടിച്ചിട്ടും ആദരവുകളും ആശീര്‍വാദങ്ങളും സമ്മാനങ്ങളും തീണ്ടാപാടകലെ പുച്ചിച്ച്ചു കൊഞ്ഞനം കുത്തി നിന്നു. മല്‍സരങ്ങളില്‍ സമ്മാനങ്ങള്‍ അധ്യാപകരുടെ മക്കള്‍ വീതിചെടുക്കുമ്പോള്‍, സ്റ്റേജില്‍ കയ്യടിയോടെ ഏറ്റുവാങ്ങുമ്പോള്‍ ഒന്നാമനായിട്ടും ഒന്നുമല്ലാതെയാകുന്ന ഇളംമനസ്സിന്റെ അമര്‍ഷവും ആല്‍മരോഷവും അണകെട്ടി നിറുത്തുക പ്രയാസമായിരുന്നു. ഒരിക്കല്‍ എന്റെ ദിനം വരുമെന്നാശിക്കാന്‍പോലും അന്ന് ത്രാണിയില്ലായിരുന്നു. ചിരിക്കാന്‍ മറന്ന മുഖം കല്ലിച്ചു കനത്തുപോയി.

കാലങ്ങള്‍ കലംബിയും കലഹിച്ചും കടന്നുപോയപ്പോള്‍,
ജീവിതം കൈപിടിയില്‍ ഒതുങ്ങിയപ്പോള്‍, ഒരിക്കല്‍ പാവാടതുംബിന്റെ സ്പര്‍ശനത്തിനും കോരിത്തരിക്കലിനും കാത്തിരുന്നവന്, ഇരുട്ടിന്റെ മറവില്‍ എന്ത് വേണമെങ്കിലും ചെയ്യൂ എന്നപോലെ ഒതുങ്ങിനിന്ന പ്രണയിനിയെ തൊടാന്‍ പോലുമാവാതെ വിറച്ചുവെറുങ്ങലിച്ചുപോയ കൌമാരക്കാരന്റെ കാമംപോലെ
വൈരാഗ്യങ്ങളും പകയും വാശിയും അലിഞ്ഞുപോവുകയായിരുന്നു. എല്ലാം വടക്കന്‍ വീരഗാഥയിലെ ചന്തുവിനെപോലെ ചുണ്ടിന്റെ ഇടതു കോണില്‍ പുച്ഛം കലര്‍ന്ന ചിരിയിലൊതുക്കി തിരിഞ്ഞു നടന്നു.

എനിക്ക് ഞാനവാനെ കഴിയൂ.. ആര്‍ത്തലച്ചു അലതല്ലി സംഹാരരൂപത്തില്‍ വരുന്ന കടല്‍തിര കരയെ ചുംബിച്ചു തഴുകി തിരികെ ഒഴുകിപോവുന്ന പോലെ ഒരു പൊട്ടിത്തെറിയില്‍ എല്ലാം തീര്‍ന്നു വീണ്ടും ശാന്തനാവുന്ന പ്രാകൃതപ്രകൃതം.

നാടുവാഴുന്ന നമ്പൂതിരിക്കു ഇരുട്ടിന്റെ തടവറയില്ണ്ടായ അവിഹിതസന്തതിയുടെ ദുര്യോഗംപോലെയായിരുന്നു ജീവിതം. ഇരുട്ടിന്റെ മറവില്‍, ആരുമറിയാതെ, തലയില്‍ തലോടി, കയ്യില്‍ അഞ്ചുരൂപയുടെ മുഷിഞ്ഞനോട്ടു തിരുകി, കണ്ണില്‍വെള്ളം നിറച്ചു, മകനോടുള്ള സ്നേഹവാല്‍സെല്യം പ്രകടിപ്പിക്കുന്ന തന്തക്ക് പിറക്കാത്ത ഒരു തന്തയെ പോലെയായിരുന്നു എനിക്ക് കിട്ടിയ അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും...

ഞാന് നടന്നു കയറിയ വഴികള്‍,
കയ്യെത്തി പിടിച്ച ജീവിതം,
പരുക്കെല്‍പ്പിക്കാതെ പടവെട്ടിപിടിച്ച വിജയങ്ങള്‍,
തലതൊട്ടപ്പന്മാര്‍ ഇല്ലാത്തവര്‍ക്കൊരു മാതൃകയായി,
സ്വയം വഴിവെട്ടിതെളിച്ചവന്റെ വിയര്‍പ്പ് മണക്കുന്ന,
അണകെട്ടി നിര്‍ത്തിയ സങ്കടങ്ങള്‍ ജീവിതോര്‍ജമാക്കിയ,
അവഗണന അവേശമാക്കിയ
അപമാനം അഭിനിവേശമാക്കിയ
അവഹേളനം ആരോഗ്യമാക്കിയ വിജയകഥനത്തിന്റെ ആമുഖമാണിത്......

ഇതിനെ കഥയെന്നും, വിജയമെന്നും വിളിക്കാമെങ്കില്‍!!!!

No comments:

Post a Comment