Monday 23 November 2015

ഋതുഭേദങ്ങള്‍...


ശൈശവം....

ഉറക്കത്തില്‍ കൈകാലിട്ടടിക്കുകയും
ചിരിക്കുകയും ചുണ്ടുളുംബി കരയുകയും ചെയ്യുന്ന
നിഷ്കളങ്കതയുടെ, ദൈവസാനിധ്യത്തിന്റെ ശ്രേഷ്ഠകാലം .


ബാല്യം...

ബട്ടന്‍ പൊട്ടിയ ഹാഫ് ട്രൌസര്‍ വലിച്ചു കയറ്റുന്ന,
കണ്ണിമാങ്ങാചുണ കവിളിലും ചുണ്ട്ത്തും ഭൂപടങ്ങള്‍ വരയ്ക്കുന്ന,
പൊട്ടിയകാല്‍മുട്ടുകളുള്ള, പറ്റേവെട്ടിയ മുടിയുള്ള കുറുംബന്മാരുടെ അറിവില്ലായ്മയുടെ, അവിവേകത്തിന്റെ, കൗതുകങ്ങളുടെ ശാദ്ദ്വലകാലം.

കൌമാരം...

ഒറ്റയ്ക്കിരിക്കുമ്പോള്‍ തൂണിനോടും നിഴലിനോടും സംവദിക്കുന്ന,
കണ്ണാടിയില്‍ കറുക്കുന്ന മീശ തടവുന്ന,
മുടിയില്‍ പരീക്ഷണങ്ങള്‍ തീര്‍ക്കുന്ന,
ഒരു കാരണവും കൂടാതെ മന്ദഹസിക്കുകയും
ചിലപ്പോള്‍ മിഴികളില്‍ അറിയാതെ നീര് നിറയുകയും,
അകലെ കാണുന്ന തെങ്ങിന്‍ തലപ്പിലേക്ക് മിഴികളൂന്നി
സ്വപ്നങ്ങള്‍ നെയ്യുന്ന സുന്ദര സുരഭില സുവര്‍ണ്ണ കാലം.

യൌവ്വനം...

നിഷേധത്തിന്റെ,
നിരാസതിന്റെ,
നിരാശയുടെ നിമ്നോന്നതങ്ങള്‍ താണ്ടി,
ജീവിതായനത്തിന്റെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും കണ്ടു,
സുഖവദുഖങ്ങള്‍ ഈടും പാവുമണിഞ്ഞ പാതയിലൂടെ
ചിരിച്ചും കരഞ്ഞും ജീവിതചക്രമുരുട്ടുന്ന പ്രയാസകാലം..

മദ്ധ്യാഹ്നം...

വിടപറയുന്ന തുടിപ്പുകളുടെ,
അന്യമാവുന്ന ചുറുചുറുപ്പിന്റെ,
മനസും ശരീരവും ക്രമം തെറ്റിയോടുന്നത് പിടിച്ചുനിര്‍ത്താന്‍ പാടുപെടുന്ന
പ്രായത്തിന്റെ പ്രിയം നഷ്ടപെടുന്ന വ്യാകുലകാലം.

വാര്‍ദ്ധക്ക്യം...

വിളറി വെളുത്ത ഊഷരശിരസ്സും സ്നിഗ്ദ്ധതയൂർന്ന തൊലിയുമായി,
താണ്ടിയപാതകളിലെ തെറ്റും ശരിയും വേര്‍തിരിച്ചെടുക്കനാവാതെ,
ഉതിര്‍ന്ന നീര്‍മണികള്‍ തുടച്ചെടുക്കാനാവാതെ,
തിരുത്തലുകളുടെ കണക്കുപുസ്തകവുമായി,
ഒരു വട്ടം കൂടി പിന്നിട്ട പാതയില്‍ നടന്നുകയറാന്‍ വരം കാത്തു,
ഗതകാലസ്മൃതികളുടെ ഈര്‍പ്പത്തിലും ഈണത്തിലും സ്വയം തടവിലാക്കപെട്ട ശേഷകഷ്ടകാലം.
ചാക്രിക ചലനത്തിന്റെ സഞ്ചിതയാവിഷ്ക്കാരം, ജീവിതം...

മാറ്റൊലികള്‍....

വൈധവ്യം.

മരണത്തിനും നമ്മെ വേർപ്പെടുത്താനാവില്ലെന്ന്
കണ്ണു കണ്ണിൽതൊട്ട് ചെയ്ത സത്യം,
മരണം വിതച്ച വിടവിൽ, വിറങ്ങലിച്ചു കിടക്കുന്നു.

വിടവാങ്ങുന്നവൻറ്റെ വ്യർത്ഥവാക്കുകൾക്ക് വ്യാംഗ്യം ചമച്ച്,
വേപഥുപൂണ്ടു,  വ്യസനം കുടിച്ചിരിക്കുന്നു, വെളളയുടയാടകൾ ധരിച്ചവൾ.

മരണതണുപ്പ്.
നിലത്തും,
നിലാവ് പുതച്ചിരിക്കുന്ന അവളുടെ കവിളിലും.
 -----------------------------------------------
പ്രണയം...

പ്രണയം പുഴപോലെയല്ല; തുലാവർഷമഴപോലെയാണ്.
എപ്പോൾ വേണമെങ്കിലും പെയ്യാം. എവിടെ വേണമെങ്കിലുമൊഴുകാം.
ആരേയും നനക്കാം; നട്ടുനനച്ചു വളർത്താം.
തളിർക്കാം പൂവിടാം സുഗന്ധം പരത്താം.
പക്ഷേ, സൂര്യകാന്തിയാകണം.
സൂര്യനെ മാത്രം പ്രണയിച്ച സുവർണ്ണപ്രഭയുടെ സുന്ദരപുഷ്പം.
-----------------------------
സ്മൃതികള്‍...

ചിലയോർമ്മകൾ ഹിമസാന്ദ്രമാണ്.
അവയുരുകാതെ സമുദ്രത്തിലെ മഞ്ഞുമല കണക്ക് ഖനീഭവിച്ചിരിക്കും.
കണ്ടാൽ തണുത്തുറഞ്ഞിരിക്കും; തൊട്ടാൽ പൊളളുകയും.
-----------------------------------------------------------
മൌനം..

മൌനം സമ്മതമാണ് ചിലപ്പോള്‍..
പ്രണയമാണ്; പ്രതിഷേധമാണ്.

മൗനം ചിലപ്പോള്‍, മരണവുമാണ്‌.
-------------------------------------------------
ക്ഷണം; ക്ഷണനം...

പ്രണയവും മരണവും മൂന്നക്ഷരങ്ങളുടെ ക്ഷണിക്കപ്പെടാത്ത അതിഥികളാണ്.
രണ്ടും സംഭവിക്കുന്നത്‌ പറയാതെയാണ്. പ്രതീക്ഷിക്കുമ്പോള്‍ സംഭാവിക്കാത്തതും.

വ്യത്യാസമിതാണ്,

ഒന്ന് ഹൃദയം കവരുമ്പോള്‍ മറ്റൊന്ന് കവരുന്നത്, ഹൃദയമിടിപ്പാണ്‌.

Monday 13 July 2015

അതിര്‍ത്തികള്‍ക്കുമപ്പുറം...


അതിര്‍ത്തികളും അതിര്‍വരമ്പുകളും അകലങ്ങളും നിശ്ചയിക്കപ്പെടുകയാണ്.

ഉടലളവാലും,
ഉടുപ്പുകളാലും
ചുവരുകളാലും
മതിലുകളാലും
വേലികളാലും വരമ്പുകള്‍ തീര്‍ത്ത്‌ മനുഷ്യരും മണ്ണും മനസ്സും പകുക്കപ്പെടുകയാണ്.


എന്നിലും നിന്നിലും അതിര്‍ത്തികള്‍ നിശ്ചയിക്കപ്പ്ട്ടു, ഉടലുകളുടെ ആകൃതവ്യത്യാസത്തില്‍ നീയും ഞാനുമായി വേര്‍പെട്ടകന്നു നില്‍ക്കുകയാണ്.

വിത്തു മുളക്കാത്ത,
വേരുകള്‍ താഴാത്ത,
തളിരും മലരും ഉടലും വളരാത്ത
ഊഷരഭൂവിനും ഹിമശൈലങ്ങള്‍ക്കും വേണ്ടി
രക്തം ചിന്തിയും ജീവബലി നല്‍കിയും അതിര്‍ത്തികള്‍ സംരക്ഷിക്കപ്പെടുകയാണ്.

മണ്ണപ്പം കളിച്ചു വളര്‍ന്ന ബാല്യത്തെ മറന്നു,
സ്ലേറ്റ്‌ പെന്‍സില്‍ കൂര്‍പ്പിച്ചു തന്ന സൗഹൃദത്തെ മറന്നു
ഉണ്ടപാത്രവും ഒന്നിച്ചുറങ്ങിയ പായും സിരയിലോടുന്ന രക്തവും മറന്നു
മുടിയിഴക്ക്‌ സ്ഥാനം തെറ്റിയ അതിര്‍ത്തിക്കായി അസ്ഥിതറക്കടിയില്‍ ചുരക്കുന്ന മുലക്കുമേല്‍ രക്തം ചിന്തുകയാണ്.

മുന്‍പു, വേലിക്കിടയിലൊരു വിടവുണ്ടായിരുന്നു.
ഇളം കുരുന്നുകള്‍ക്ക് നൂലാനും
വിശേഷങ്ങള്‍ പങ്കു വെക്കാനും
അടുക്കളമണം പകര്‍ത്തി കൊടുക്കാനും ഒരിടവഴി ഒഴിചിട്ടിരുന്നു.
വരമ്പുകള്‍ മൂലയില്‍ വെട്ടിയോതുക്കി എനിക്കും നിനക്കും ജലനനവുകള്‍ വരിയൊപ്പിക്കാന്‍ ഹൃദയം തുറന്നിടുമായിരുന്നു.

സ്വാതന്ത്ര്യത്തിന്റെ, സ്വകാര്യതയുടെ, സ്വാശ്രയത്തിന്റെ പേര് പറഞ്ഞു,
മുറിയും കക്കൂസും സോപ്പും തോര്‍ത്തും പേസ്റ്റും ബ്രഷും തന്നു
വേര്‍തിരിവുകളുടെ നിര്‍വചനങ്ങള്‍ പഠിപ്പിക്കുകയാണ്.

ഇരുമ്പു വേലികളും കാഴ്ച മറക്കുന്ന കല്‍മതിലുകളും പണിതു,
ദേശീയതയുടെ കാലം തെറ്റിയ സങ്കുചിതങ്ങള്‍ വാരിതെച്ചു,
ഭാഷയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റേയും ചായങ്ങള്‍ പൂശി,
ഒരു വ്യത്യാസവുമില്ലാത്ത എന്നെയും നിന്നെയും വേര്‍തിരിക്കുകയാണ്.

ജാതിയും മതവും ആഭിജാത്യവും പറഞ്ഞു സമൂഹത്തിലും,
ഭാഷയും സംസ്കാരവും ശീലവും ചൂണ്ടികാട്ടി ദേശത്തിലും,
ദേശീയതയുടെ തീപ്പൊരികള്‍ കൊണ്ട് അഗ്നി കൊളുത്തി ലോകത്തിനു മുന്‍പിലും വേര്‍തിരിക്കപ്പെടുകയാണ്.

എന്നിട്ടും,

ചന്ദന ചര്‍ച്ചിത ചന്ദ്രികരാവില്‍ തണുപ്പിന്റെ മേലാട വാരിപുതച്ചു വിറച്ചു ഞാന്‍ പാടുമ്പോള്‍
" തെരെ മേരെ സപ്നേ അബ് ഏക്‌ രംഗ് ഹെ..... "

അതിര്‍ത്തി  താണ്ടി മറുവാക്ക് എന്നെ തേടി വരുന്നു..

ഓ......, ജഹാം ഭി ലെ ജായെന്‍ രാഹേം, ഹം സ്ന്ഘ് ഹെ....

Wednesday 1 July 2015

വിധിവൈപരീത്യം....


 തൂലിക
--------
ചിന്തക്ക് ചിത്രമേകിയും
വാക്കിനു വരി നല്‍കിയും
പ്രണയത്തിനു ഭാഷ്യം ചമച്ചും
വികാരങ്ങള്‍ക്ക് വര്‍ണ്ണം നല്‍കിയും
അക്ഷരത്തെ അനശ്വരമാക്കി ചോരവറ്റിയയെനിക്ക്
മുനതേഞ്ഞു, നടുവൊടിഞ്ഞു, തൊടിയില്‍ കിടക്കാനാണ് വിധി ,


കുട.
-----
നിറം കാക്കാന്‍ നിറം മങ്ങുന്ന,
പഴകിപിഞ്ഞി പടം പൊഴിക്കുന്ന
നനഞ്ഞും ഉണങ്ങിയും നരച്ചു പോവുന്ന,
കൈപിടിച്ചവന്റെകൂടെ പടിയിറങ്ങി പോവുന്ന,
ഉടലുലച്ചിലില്‍ ഉപേക്ഷിക്കപെടുന്ന വേശ്യയാവാനാണ് വിധി.

ചെരുപ്പ്.
----------
ഭാരം താങ്ങി തളര്‍ന്നിട്ടും
ചവിട്ടിതേഞ്ഞു തേങ്ങിയിട്ടും
കൂടെ നടന്നു കൂറ് കാണിച്ചിട്ടും
വിഴുപ്പകറ്റി വിശുദ്ധനാക്കിയും
നിവര്‍ന്നു നില്‍ക്കാന്‍ ശിരസ്സ്‌ നമിച്ചിട്ടും
അഹിന്ദുവിനെപോലെ അശുദ്ധനായി പുറത്തു കിടക്കാനാണ് വിധി.

Wednesday 24 June 2015

അക്ഷരജാലകം...

വിരോധാഭാസം..

നാട്ടാരാല്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയാണ് ഞാന്‍.
നാടിനും നാട്ടാര്‍ക്കും നന്മ മാത്രം വരണമെന്നാഗ്രഹിക്കുന്ന മണ്ണിന്റെ മണമുള്ള ഭരണാധികാരി.
കള്ളപ്പണം പിടിച്ചെടുത്തു,
അഴിമതി പൊളിച്ചടുക്കി,
കൈക്കൂലി തുടച്ചു നീക്കി,
ഗുണ്ടകളെ തുറുങ്കിലടച്ചു,
സമൃദ്ധിയും സമാധാനവും വിളയാടുന്ന സുഭിക്ഷ സുന്ദര ഭരണം കാഴ്ചവെച്ചു,
ഭൂമിയിലൊരു സ്വര്‍ഗ്ഗം പണിയണമെന്നുണ്ട്.
പക്ഷെ, ചരിത്രമെന്നെ ഭയപ്പെടുത്തുന്നു.
സുമുഖനായ,
സുജാതനായ,
സുഗുണനായ എന്നെ,
ചുവന്ന കണ്ണുകളും,
കപ്പടാമീശയും
ഉന്തിയ വയറുമുള്ള ഇരുളിന്റെ വികൃതരൂപമായവര്‍ ച്ത്രീകരിക്കും.
ദുഖവും ദുരിതവുമില്ലാത്തയിടത്തു തങ്ങള്‍ക്കു സ്ഥാനമില്ലെന്ന് തിരിച്ചറിയുന്ന ദേവകളുടെ പരാതിയില്‍, ഒരവതാരം കൂടി പിറവിയെടുക്കും.
അവന്റെ മൂന്നാം ചുവടിനുള്ള ശിരസായി,
ഉടലോടെ പാതാളത്തിലേക്ക് അവരോഹണം ചെയ്യപ്പെട്ടു,
കെട്ടുകഥയിലെ പരിഹാസകഥാപാത്രമായി മാറാന്‍,
ഞാനെന്തിനു നല്ല ഭാരണാധികാരിയാവണം !!!
-----------------------------------------------------------------------
നിര്‍വചനം
പുരുഷന്‍ പ്രണയിക്കുന്നത്‌ അവള്‍ എങ്ങിനെയിരുന്നുവോ അതുപോലെ തന്നെയായിരിക്കും പ്രണയത്തിനും പരിണയത്തിനു ശേഷവും എന്ന പ്രതീക്ഷയിലാണ്.
എന്നാല്‍ സ്ത്രീ പ്രണയിക്കുന്നത്‌ അവന്‍ എനിക്കുവേണ്ടി എത്ത്രത്തോളം മാറുമെന്ന പ്രതീക്ഷയിലാണ്.
മാറിയില്ലെങ്കില്‍ എന്നോട് ഇഷ്ടമില്ലെന്നു പറയും. മാറിയാല്‍, നീ പഴയപ്പോലെ എന്നെ ഇഷ്ടപ്പെടുന്നില്ലെന്നും!!!
-----------------------------------------------------------------------
നരന്‍
ഒരിക്കലൊരു നാരിയുടെ തുണിയുരിഞ്ഞതിനാലൊരു യുദ്ധമുണ്ടായെങ്കിൽ,
ഇന്നു തുണിയുടുപ്പിക്കാനാണ് യുദ്ധം.
അന്നു തുണിയഴിച്ചത് പുരുഷൻ, ഉടുപ്പിച്ചതും പുരുഷൻ.
ചേലയുടുപ്പിച്ചു മാനംകാത്ത മാനവനേക്കാൾ
വസ്ത്രമെടുത്തൊളിപ്പിച്ച് മേനിയഴകിൽ മുഴുകിയ നരനെയോർക്കുന്നു നാരികൾ.
ഖ്യാതിയേക്കൾ അപഖ്യാതിയോർക്കുന്ന നാട്ടിൽ, നരാ, നീയെന്നും അധമൻ തന്നെ..
കൃഷ്ണ, നിനക്കു നീ തന്നെ തുണ...
-----------------------------------------------------------------------
 
ഭാവം
കരയുക; കാരണം ഒരു ഒരു മഴയ്ക്ക് ശേഷമാണ് വര്‍ണ്ണം വിടര്‍ത്തുന്ന വാർമഴവില്‍ തെളിയുന്നത്.
ചിരിക്കുക.; ചിരിക്കുമ്പോഴാണ് മുഖവും മനസുമൊന്നായി നിങ്ങള്‍ മനുഷ്യനാവുന്നത്.
----------------------------------------------------------------
നേര്‍കാഴ്ച..
പുരുഷസൗഹൃദങ്ങള്‍ പിരിഞ്ഞുപോവുന്നത് അമിട്ട് പൊട്ടുന്നത് പോലെയാണ്.
നീ ശരിയല്ല. നീയും.
എന്നാ കള. ഓക്കേ.
ബൈ. ഡിം. കഴിഞ്ഞു.
സ്ത്രീസൗഹൃദങ്ങള്‍ പിരിയുന്നതു മഴപെയ്തു തീരുന്നപോലെ, ചിലംബിയും ചിണുങ്ങിയും ഒന്നുകൂടി കനത്തുമാണ്.
ചിലപ്പോൾ, ഒരു പിന്‍വിളി ബാക്കിയിട്ടു കൊണ്ടും.
 
 -----------------------------------------------------------------------
ജീവനകല
മരണത്തെ ഭയക്കാതിരിക്കുക.
മരണത്തെക്കാള്‍ ഭയാനകമാണ് മഹത്തായ മനുഷ്യജന്മം കിട്ടിയിട്ടും മനുഷ്യനായി ജീവിക്കാതിരിക്കുന്നത്.
പാറ്റയായും പാമ്പായും പുഴുവായും ജനിക്കാം മരിക്കാം. ജനനത്തിനും മരണത്തിനുമിടയില്‍ ജീവിക്കുന്നത് മനുഷ്യന്‍ മാത്രമാണ്.
ജീവിക്കുക.
മോഹങ്ങളെ മൂകമാക്കാതെയും
ആശകളെ അനാഥമാക്കാതെയും അഭിലാഷങ്ങളെ അന്ന്യമാക്കാതെയും..

Friday 19 June 2015

മറുപുറം...


എവിടെയോ കണ്ടുമറന്ന കൃഷ്ണന്റെ കള്ളച്ചിരി കണ്ടുകൊണ്ടാണ് എണീറ്റത്. വൈകിയാല്‍ അവന്‍ ദേഷ്യപ്പെടും. വേഗം കുളിച്ചു മുണ്ടും നേരിയതുമുടുത്തു. തുണിസഞ്ചിയുമെടുത്ത് വേലിക്കലേക്ക് ചെന്നു വിളിച്ചു.

ലക്ഷ്മ്യെ...

പല്ല് തെച്ചുകൊണ്ട് നിന്ന ലക്ഷ്മി വിളികേട്ട് വായില്‍ നിന്ന് വിരലെടുക്കാതെ കണ്ണു വട്ടത്തില്‍ വിടര്‍ത്തി മൌനചോദ്യം വേലിക്കു മുകളിലൂടെയെറിഞ്ഞു..

ന്താപ്പോ വസ്ത്രോക്കെ മാറി.. എവടെക്കാ.

ഒന്നു ഗുരുവായൂര്‍ക്ക് പൂവാട്ട്വോ.. കുറച്ചീസായി ഭഗവാന്‍ ങ്ങനെ സ്വപ്നത്തില് വന്നു ചിരിക്ക്യാ. ന്നെ കാണണം ന്നു തോന്നണില്യെ ന്നു ചോയിക്ക്യാ.. പോണം പോണം ന്ന് ശ്ശി ആയി നിക്കും ണ്ട്.. പക്ഷേ ആരാ കൊണ്ടാവാന്‍.. ആയകാലത്ത് സമയം കിട്ടുമ്പോ കിട്ടുമ്പോ ഞാന്‍ വന്നു കണ്ടേര്‍ന്നില്ലേ നെന്നെ.. നിക്ക് വയ്യാന്റായ വെവരം ഭഗവാന്‍ അറിഞ്ഞില്യാ ന്നു ണ്ടോ.. നു ഞാനങ്ങട്ടാ ചോദിച്ചു.. അപ്പഴും അങ്ങേരു ചിരിയോടെ ചിരി..

ന്റെ ലക്ഷ്മ്യെ, വാര്‍ധക്യപെന്‍ഷന്‍ ആണെങ്കി ഒന്നിനൊന്നിനും തെകേണില്യ . എത്രാച്യട്ടാ അവനെ ങ്ങനെ ഒരോന്നിനും കഷ്ടപ്പെടുത്വാ.. കൊഴംബിനും എണ്ണംക്കും ഗുളികക്കും തന്നെ നല്ല സംഖ്യവാണുണ്ട്. പാരമ്പര്യായിട്ട് അവനു കൊടുക്കാ ന്റ്റെല് വല്ലതൂണ്ടാർന്നോ... ? കുടുംബചെലവ് കൊണ്ടന്നെ അവന്‍ ശ്വാസം മുട്ടാ.. ഒന്ന് ഗുരുവായൂര്‍ക്ക് പോവാടാ ന്നു പറഞ്ഞപ്പം അവന്‍ ദേഷ്യപ്പെട്ടു ചാടികളിച്ചു. ന്നോട് ഒന്നൂം ഇന്ടായിട്ടല്ല ട്ടോ .. എല്ലാംകൂടി അവനു താങ്ങണ്ടേ..? ബസ് കാശും വഴിപാടും ഒക്ക്യായിട്ടു ഒരു നൂറു നൂറ്റംപതു ഉറുപ്പ്യേന്കിലും വേണം.. അവനാണെങ്കി ദൈവം ന്നു കേള്‍ക്കണത് തന്നെ കൊറച്ചു കാലായിട്ട് കല്യാ... എത്ര ഒക്കത്ത് വെച്ച് കൊണ്ടയിതാ കണ്ണന്റെ അടുത്തേയ്ക്കവനെ..

തികട്ടിവന്ന കണ്ണുനീർ തുടച്ചു. ദീർഘനിശ്വാസത്തിന് ഇടവേളയിട്ടു. ലക്ഷ്മി വായും മുഖവും കഴുകി വേലിയരുകിലെത്തി. കഞ്ഞിമുക്കി വടിപോലിരിക്കുന്ന ഒറ്റമുണ്ട് അമർത്തിയൊതുക്കി പറഞ്ഞു.

കഷ്ടപ്പാടോണ്ടാവും. രണ്ടു കുട്ട്യോളെ പഠിപ്പിക്കണം.. അവള്‍ക്കാണെങ്കി നിറത്തിനൊപ്പിച്ചു തുണീം ആഭരണങ്ങളും ഇടണം. അതിനെ കുറ്റോം പറഞ്ഞിട്ടും കാര്യല്യാ. ചെറുപ്രായല്ലേ.. ചുറ്റും കാണണത് അതും അങ്ങട് ചെയ്യുണൂ.. ഇന്‍ടോ ല്യേ ന്നോ രു നോട്ടൊന്നും ല്യാ. ന്റെ കാര്യല്ലേ അവനു വേണ്ടാന്നുവെക്കാന്‍ പറ്റൂ.. ന്നെ ആണെങ്കില്‍ അങ്ങട്ട് വിളിക്ക്ണൂ ല്യാ. എത്ര ചെറുപ്രായക്കാരെ അങ്ങേരു കണ്ണീരു വീഴ്ത്താന്‍ എടുക്കണ്.. ന്റെ കൃഷ്ണാ.. ന്നേ അങ്ങട് വിളിച്ചൂടെ.. ഇന്നലെ രണ്ടും കൂടി എന്തൊക്കെയോ അങ്ങട്ടും ഇങ്ങട്ടും പറഞ്ഞു വഴക്കുണ്ടാക്കാണ കണ്ടൂ.. ദാരിദ്ര്യം വഴക്കിനു വല്യൊരു കാരണാ ന്റെ ലെക്ഷ്മ്യ.. ന്താവോ കാലത്തെണീറ്റപ്പോ അവന്‍ അടുത്തുവന്നു ചോയിച്ചു.. അമ്മേ ഗുരുവായൂര്‍ക്ക് ഒന്ന് പോവാം.. കൊറേ നാളായില്ലേ അമ്മ പറേണൂ.. പറേമ്പോ അവന്‍ മൊകത്ത് നോക്കണില്യാ.. പണ്ട് ശര്‍ക്കര വഴിയില്‍ വെച്ച് പൊതിയഴിച്ചു തിന്നത് കയ്യോടെ പിടിച്ചപ്പോള്‍ കണ്ട ആ കള്ളത്തരം അവന്റെ മൊകത്തു ഇന്നും കണ്ടു. എന്തെങ്കിലും ആവട്ടെ.. നിക്ക് സന്തോഷായി. ബാക്കി വന്നിട്ട് പറയാം ട്ടോ ലെക്ഷ്മ്യെ.. പ്രസാദം കൊണ്ടരാം...

" കൃഷ്ണാ, ഗുരുവായൂരപ്പാ.."  രണ്ടുപേരും ഒരുമിച്ചു പറഞ്ഞു.

അവന്‍ ബസ്സില്‍ അടുത്തിരുന്നെങ്കിലും വലിയ അകലത്തിലായിപോയെന്നു തോന്നി. ബസ്സിന്റെ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റില്‍ അവന്റെ വിളര്‍ത്തു വെളുത്തിരിക്കുന്ന മുഖത്ത് അരുതായ്കയുടെ അടയാളങ്ങള്‍ ഉള്ളത്പോലെ തോന്നി. ഇടക്കെപ്പഴോ അവനൊന്നു കണ്ണ് തുടച്ചുവോ.. അതോ എനിക്ക് തോന്നിയതോ.. അവനു വയസാവുന്നു. അകാലത്തില്‍ പാവം നരച്ചുപോയി. കഷണ്ടിയും തെളിയുന്നു. വല്യേ അഹങ്കാരായിരുന്നു അവനു മുടിയുടെ കാര്യത്തില്‍. തിങ്ങി നിറഞ്ഞു നെറ്റി മറച്ചു കിടക്കുന്ന മുടിയാണവന്റെ സൌന്ദര്യം. കിരീടം വെച്ച രാജാവിനെപോലെ അവന്‍ മുടി പിന്നിലേക്ക്‌ ചീകിവെച്ച് തലയുയര്‍ത്തി നടക്കുമായിരുന്നു. . തന്റെ കണ്ണിൻ മുന്‍പിലൂടെ അവന്‍ കമിഴ്ന്നു, മുട്ട്കുത്തി നീങ്ങി, ഇരുന്നു നിരങ്ങി എണീറ്റ്‌ നിന്ന്. ജീവിതഭാരങ്ങളും വിശപ്പും ഇവനെ കാണുമ്പോള്‍ പോയിമറയുമായിരുന്നു. അമ്മ്യാര്‍ മഠങ്ങളില്‍ പണിയെടുത്തു, ഉപ്പും പുളിയും എരിവുമില്ലാത്ത തണുത്ത ഭക്ഷണം കൊണ്ട് വരുമ്പോഴേക്കും അവന്‍ കളിച്ചും എന്നെ കാണാതെ കരഞ്ഞും ഉറങ്ങി കാണും. ചിലപ്പോള്‍ വഴികണ്ണുമായി കാത്തരിക്കുന്നുണ്ടാവും. കുടിച്ചാലും ഇല്ലെങ്കിലും അവന്റെ വായില്‍ മുലകണ്ണു തിരുകിവെച്ചു അരുകില്‍ കിടക്കുംബോള്‍ വേദനകള്‍ വെണ്ണപോലൊരുകും. അവനു കൊടുക്കാന്‍ കഴിയാതെ പോകുന്ന സൌകര്യങ്ങളില്‍ മനം നോവും. ചുരത്തിയ അമ്മിഞ്ഞപാല്‍ കുടിക്കാതെ അവന്റെ ചുണ്ടുകളില്‍ നിന്ന് താഴോട്ടോഴുകും. അതില്‍ കണ്ണുനീര്‍ വീണു ജീവിതമധുരത്തിന്റെ നറുംപാലില്‍ കഷ്ടപ്പാടുകളുടെ ഉപ്പു കലര്‍ത്തും. അവന്‍ ഉറക്കത്തില്‍ ചിരിക്കും. ഞാനത് കണ്ടു ചിരിച്ചു കൊണ്ടുറങ്ങും.
നാല്പത്തിയഞ്ച് വർഷം എത്ര വേഗമാണ് ഓടിപോയത്. അവനിപ്പോള്‍ വയസ്സിനേക്കാള്‍ പ്രായം തോന്നുന്നു. ജീവിതം അതിന്റെ ഭാരം മുതുകിലല്ല തലയിലാണ് വെച്ചത്. നരച്ചു വെളുത്തും അടർന്നപൊഴിഞ്ഞും അതിവേഗം മരുഭൂമിയാവുന്ന തല അവന്റെ ജീവിതയാത്രയുടെ നിറംകെട്ട നിശ്ചലനിരാശാചിത്രമാണ്. അവനെ ഒന്നു മടിയിലിരുത്താന്‍ കഴിഞ്ഞെന്കിലെന്നു വല്ലാതെ കൊതിച്ചു . അകലാനാണെങ്കില്‍ അവന്‍ വളരണ്ടായിരുന്നു . ഞാന്‍ അവന്റെ കയ്യെടുത്ത് മടിയില്‍ വെച്ചു, അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു.

"അമ്മേ ഗുരുവായൂരെത്തി.." 
അവനെ ശബ്ദത്തിന് പണ്ടെങ്ങോ കേട്ട് മറന്ന ഇടര്‍ച്ച. എപ്പഴോ പിന്നിട്ട വര്‍ഷങ്ങളിലേക്ക് നടക്കുന്നതിനിടയില്‍ മയങ്ങി പോയിരുന്നു. ഭഗവാന്‍ വെറുതെയല്ല തന്റെ പ്രാര്‍ഥനകള്‍ കേള്‍ക്കാന്‍ കഴിയാത്തത് എന്ന് അവിടുത്തെ ജനസാഗരം കണ്ടപ്പോള്‍ തോന്നി. അവന്‍ അകത്തു കയറിയില്ല. നൂറുതവണ ഉള്ളില്‍ പോയി പറഞ്ഞിട്ടും അവനെ കരകയറ്റാത്തതിന്റെ പ്രതികാരം തീര്‍ക്കുകയാണ് ഉള്ളില്‍ കയറാതെ. തനിക്കു ചിരി വന്നു. കാരണം രണ്ടു കാലുകള്‍ ഇല്ലാതെ ഒരു മനുഷ്യന്‍ നിരങ്ങി നിരങ്ങി അകത്തേക്ക് പോകുന്നുണ്ടായിരുന്നു. ഇടതടവില്ലാതെ കൃഷ്ണ, കൃഷണ എന്ന് പറഞ്ഞു കൊണ്ട്.

തിരികെ വന്നപ്പോള്‍ മേല്‍പ്പത്തൂര്‍ ഓടിറ്റോറിയത്തില്‍ ഇരിക്കാമെന്ന് പറഞ്ഞ സ്ഥലത്ത് അവനില്ല. സ്റെജില്‍ കുട്ടികളുടെ അരങ്ങേറ്റം നടക്കുന്നു. അത് കാണാന്‍ അടുത്തു പോയതാവും. ഒരു വട്ടം ചിക്കിചികഞ്ഞു നോക്കിയിട്ടും അവനെ കണ്ടില്ല. ചന്ദനവും പഴവും പഞ്ചസാരയും വെണ്ണയും പിടിച്ചു നിലത്തിരുന്നു. നൃത്തങ്ങള്‍ കഴിഞ്ഞപ്പോള്‍ ആളുകള്‍ പിരിഞ്ഞു പോയി. അവനെ കാണുന്നില്ല. വിശക്കുന്നു. കയ്യിലിരുന്ന വെണ്ണ മുഴുവന്‍ ഉരുകിപോയി. സമയം ഒരുപാടായി. തന്റെ കണ്ണുകള്‍ തിരഞ്ഞു കൊണ്ടിരിക്കുന്നത് കണ്ടു അടുത്തുള്ള ഏകദേശം തന്റെ പ്രായം വരുന്ന ദൈന്യത്തിന്റെ മനുഷ്യരൂപം ചോദിച്ചു..

മകനെ നോക്കാണോ..

അതെ..

അമ്മയുടെ മകന്‍ ഇനി വരൂം ന്നു തോന്നണില്യാ.. ക രണ്ടു വര്ഷം മുന്‍പ് എന്റെ മകനും എന്നെ ഭഗവാനു സമര്‍പ്പിച്ചു പോയതാണ്. പിന്നെ ഇതുവരെ വന്നില്യാ..

തരിച്ചിരുന്നു പോയി. ഉള്ളൊന്നു പിടഞ്ഞു പുകഞ്ഞു. അങ്ങിനെ ഒരു മകന്‍ ചെയ്യ്വോ.. പറഞ്ഞു.

ഹേ...യ്,.. ന്റെ മോന്‍ വരും. അവന്‍ ആരെയെങ്കിലും കണ്ടു കാണും.. കൂട്ടുകാരെ. അതാവും. അതാവും..വരും.. എത്ര വൈക്യാലും..

അവര്‍ ഒരു പുച്ഛചിരി ചിരിച്ചു.. പിന്നെ നാരായണ, നാരായണ എന്ന് മന്ത്രിച്ചു ഭാഗവാന്റെ നേരെ തിരിഞ്ഞിരുന്നു. സന്ധ്യയായി. അവര്‍ പ്രസാദം കഴിക്കാന്‍ ക്യൂ നില്ക്കാന്‍ വിളിച്ചപോള്‍ പോയില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ വിയര്‍ത്തു കുളിച്ചു വന്നു..

നീയെവിട്യാര്‍ന്നു.. ? സങ്കടം വാക്കുകളെ വിഴുങ്ങാതിരിക്കാന്‍ പാടുപ്പെട്ടു.

ഞാന്‍.. ഞാന്‍. ന്റെ ഒരു ഫ്രെണ്ടിന്ടെ കണ്ടു അവൻറ്റെ അമ്മയെ കാണാൻ പോയി.. മ്മക്ക് പോവാം..
എന്തോ അപ്പഴും അവന്‍ മുഖത്തേക്ക് നോക്കിയില്ല. അരുതായ്കയുടെ, തെറ്റിന്റെ, കുറ്റബോധത്തിന്റെ നിഴലുകള്‍ വീണ അവന്റെ മുഖം താഴ്ന്നു തന്നെ കിടന്നു. ഉണങ്ങിപ്പോയ ചന്ദനമെടുത്ത് നെറ്റിയിൽ തേച്ചുകൊടുക്കുമ്പോഴവൻറ്റെ കണ്ണു നിറഞ്ഞു. അവനങ്ങനെയാണ്. ഇത്തിരി മതി. വരാൻ വൈകിയതിൻറ്റെ വെഷമാവും.

തിരികെ ബസ്സില്‍ പോരുമ്പോള്‍ പുതിയതായി തുടങ്ങിയ ആശുപത്രിയുടെ മുന്‍പിലെ സ്റ്റോപ്പില്‍ ബസ് നിര്‍ത്തി. പഴയ ആശുപത്രി ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആക്കി. ഡോക്ടറാവാന്‍ പഠിപ്പിക്കുന്നുണ്ട്. പ്രൈവറ്റ് ബസ്സുകള്‍ ഇതിനു മുന്‍പില്‍ കുറച്ചു നേരം നിര്‍ത്തിയിടും. നല്ല ചൂടുണ്ട്. നേരിയതു കൊണ്ട് വീശി വെറുതെ അവിടെ സ്ഥാപിച്ച ബോര്‍ഡുകള്‍ വായിക്കാന്‍ ശ്രമിച്ചു. പലതും വായിക്കുന്നതിന്റെ കൂട്ടത്തില്‍ ഒരു ബോര്‍ഡ്‌ കണ്ണിലുടക്കി..

" പഠനത്തിന്റെ ഭാഗമായി ഉപയോഗിക്കാന്‍ മൃതശരീരങ്ങള്‍ ആവശ്യമുണ്ട്. അംഗഭംഗം വരാത്ത മൃതശരീരങ്ങള്‍ക്ക് ഒരു ലക്ഷം വരെ നല്‍കുന്നതാണ്.. "

ഒരു ആന്തല്‍ നെഞ്ചിനുള്ളില്‍ എരിഞ്ഞു പൊങ്ങി. കണ്ണുകള്‍ ചുളിച്ചു ഒന്നുകൂടെ വായിച്ചു. പതിയെ മകനിരിക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു നോക്കി. ജീവിതം തലച്ചുമടാക്കി നടന്നു വലഞ്ഞു വരണ്ട തല മുന്നിലെ കുറുകെയുള്ള കമ്പിയില്‍ വെച്ച് കണ്ണടച്ഛവനിരിക്കുന്നു.. അവന്‍ കണ്ടുകാണില്ല ഇതെന്ന് പറഞ്ഞുറപ്പിക്കാന്‍ ശ്രമിച്ചു. അവനു കഫകെട്ടു വന്നു ന്യുമോണിയായി ശ്വാസംമുട്ടി കിടന്ന ദിവസങ്ങളില്‍ കണ്ണീര്‍ വറ്റാതെ, രാത്രികളില്‍ ഒരുപോള ഇമയടക്കാതെ
വിശപ്പും ദാഹവും മറന്നു,
അവനെതന്നെ നോക്കിയിരുന്നു വെളുപ്പിച്ച രാത്രികള്‍ പെട്ടെന്ന് മനസ്സില്‍ മിന്നിതെളിഞ്ഞു. അവനിതു കണ്ടിട്ടുണ്ടാവരുതെ എന്ന് പ്രാര്‍ത്ഥിച്ചു തളരുന്ന മനസ്സിനെ സാന്ത്വനപ്പെടുത്തി,
സ്റ്റോപ്പില്‍ മടിയിലിരുത്തി മധുരനാരങ്ങയുടെ അല്ലിയടര്‍ത്തി കുരുക്കളെടുത്തു കളഞ്ഞു മകന്റെ വായിലിട്ടു കൊടുക്കുന്ന അമ്മയുടെ നനവും തുടിപ്പും കലര്‍ന്ന മുഖത്തെ നിര്‍വൃതിയെ കണ്‍നിറയെ കണ്ട സുഖം അയവിറക്കി,
മേടത്തിലെ പുഴുക്കത്തെ നേരിയതിന്റെ തലപ്പ്‌ കൊണ്ട് വീശിയകറ്റി
ഉരുണ്ടുവരുന്ന നീർമണികള്‍ക്ക് തടയണ കെട്ടാന്‍ ഇമയടച്ച് കമ്പിയിലേക്ക് തലചായ്ച്ചിരുന്നു.

Thursday 28 May 2015

എഴുതാന്‍ മറന്നത്......



ചോദ്യകടലാസ്സു നിവര്‍ത്തി, മിഴിയും മൂക്കും വിടര്‍ത്തി, മഷി കുടഞ്ഞു, മുന കൂര്‍പ്പിച്ചു ഇടതു കൈതാങ്ങില്‍ മുഖം വെച്ച് ഉത്തരമെഴുതാനിരുന്നു.

ഒറ്റവാക്കിലുത്തരമെഴുതേണ്ടിടത്തു അവളുടെ ചിരിയലകള്‍പോലെ, രണ്ടു പുറം കവിഞ്ഞുപോയി; ഉപന്യാസം, അവളെയ്യും മിഴിമുന കണക്കു ഒറ്റവാക്കിലൊതുങ്ങിയും പോയി..

അടുത്തെത്തുമ്പോള്‍ വാക്കും മിടിപ്പും മരവിച്ചുപോവുന്നയെന്നില്‍ വാക്യത്തില്‍ പ്രയോഗിക്കാന്‍ ബാക്കിവെച്ചത് അവളുടെ ഉച്ച്വാസങ്ങളില്‍ വീണുടയുന്ന നിശബ്ദശബ്ദം മാത്രമായിരുന്നു..

വിട്ടുപോയത് പ്രണയമായതിനാല്‍ അര്‍ദ്ധവൃത്തങ്ങള്‍ക്കടിയിലെ തിരഞ്ഞെടുക്കേണ്ട മൂവാക്കും വിരഹമായിരുന്നു.

നാനാര്‍ത്ഥത്തില്‍ അർത്ഥം നഷ്ടപെടാതിരിക്കാന്‍ ഞാന്‍ നീയ്യായും നീ ഞാനായും വരച്ചു വെച്ചു.

എതിര്‍പദമെഴുതാതെ ഞാന്‍ നേട്ടം കൈവിട്ടത് നമ്മള്‍ വിപരീതദിശയില്‍ നടന്നകലാതിരിക്കാനായിരുന്നു.

ഉത്തരകടലാസ് നെടുകെ മടക്കി, പുറംപേരെഴുതി വെച്ചപ്പോള്‍ മരണമണി മുഴങ്ങിയതെന്തിനായിരുന്നു...?

കാത്തു നിന്ന നീ കൈവെള്ളയില്‍ അമര്‍ത്തിവെച്ച കടലാസ് മടക്കിലെ ഒടിഞ്ഞു നുറുങ്ങിയ അക്ഷരകൂട്ടങ്ങില്‍ ചതഞ്ഞരഞ്ഞു ശ്വാസം മുട്ടി മരിച്ചത് ഉത്തരമില്ലാത്ത ഒരു ചോദ്യമായിരുന്നു.

ചേരുംപടിചേരാതെ പോയത് എന്നിലെ ശുദ്ധമോ അതോ നിന്നിലെ ചൊവ്വയോ...?

നാലുമണിപൂവുകള്‍....


ടേബിള്‍ലാമ്പിന് താഴെ നാലാക്കി മടക്കിവെച്ചിരുന്ന കടലാസു ഒന്ന് കൂടെ എടുത്തു വായിച്ചു. ചുളിവുകള്‍ വീണ കടലാസില്‍ പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ കോറിവരഞ്ഞപോലെയുള്ള എഴുത്തില്‍ നിനവുകളുടെ നനവുകള്‍ ഉണങ്ങിപിടിച്ചിരിക്കുന്നത് കാണാം . ഗദ്ഗദം വിഴുങ്ങിയ വാക്കുകള്‍ വരിയും ദിശയും വിട്ടു ഗതികിട്ടാതെ വഴി മറന്നു നില്‍ക്കുകയാണ്.
ഒന്ന് കാണണം ന്നു കൊറായി തോന്നീട്ടു.. നിക്കിനി അധികല്യാ ന്നാണ് തോന്നണെ.. വല്യേ എഴുത്തുകാരനോക്കെയായി ന്നൊക്കെ അറിഞ്ഞപ്പഴും ഞാന്‍ തേടി വന്നിട്ടില്യാ.. ഇപ്പൊ, ശ്യാമിന്റെ ഭാഷേല് പറഞ്ഞാ, ഈ ജീവിതാസ്തമയം അടുത്ത സമയത്ത് ഒന്ന് കാണണം, മിണ്ടണം ന്നു വല്ലാതെ തോന്ന്വ.. തെരക്കുള്ള ആളാന്ന് അറ്യാം.. സിനിമാക്കൊക്കെ തിരകഥ ഒക്കെ ഇണ്ടാവും ല്ലേ. പറ്റൂച്ചാ ഒന്ന് വരൂ.. ചെലപ്പോ ശ്യാം ദ്. വായിക്കുമ്പോഴേക്കും ഞാന്‍....
സ്വന്തം രേണു..
നീണ്ടു പരന്നു കിടക്കുന്ന മുടിയുടെ വലതു ഭാഗത്ത് ചുവന്ന റോസാപൂ ചൂടി, പാദസരകിലുക്കം പേടിച്ചു, കണംകാലില്‍ തലതല്ലിപിടയുന്ന പാവാടതുമ്പ് ഉയര്‍ത്തി പിടിച്ചു മഷിയെഴുതിയ വട്ടകണ്ണുകള്‍ വിടര്‍ത്തി, നാലുമണിപൂക്കള്‍ വിരിയുന്ന സമയത്ത് പോക്കുവെയില്‍ നീണ്ട നിഴലുകള്‍ വീഴ്ത്തുന്ന മുറ്റത്തു വന്നുനിന്ന് " ചന്ദ്രികമ്മേ പാല് " എന്ന് മുകളിലിരുന്ന പഠിക്കുന്ന എന്നെ കേള്‍പ്പിക്കാന്‍ വിധത്തില്‍ പറഞ്ഞിരുന്ന രേണു... ജനല്‍മരയഴിവിടവിലൂടെ എന്റെ മുഖം പരതുന്ന കണ്ണുകളില്‍ നാണം മഷിയെഴുതിയിരുന്നു. തിരിച്ചുപോവുമ്പോള്‍ പൂത്തുനില്‍ക്കുന്ന ചെമ്പകത്തില്‍ നിന്നൊരു പൂ വള്‍ പറിക്കാന്‍ കയ്യുയര്‍ത്തുമ്പോള്‍ നടന്നുവിയര്‍ത്ത കക്ഷം എന്റെ കണ്ണിലുടക്കുമായിരുന്നു. അവളുടെ ചുവന്നുരുണ്ട ഉപ്പൂറ്റിയും നനഞ്ഞ കക്ഷവും ഒബ്സെഷനായി തീര്‍ന്നു പിന്നീട്‌. താന്‍ ഡിഗ്രിക്കും അവള്‍ പ്രീഡിഗ്രിക്കും. രണ്ടു വയസിനിളപ്പം. വായനയും എഴുത്തും ഒപ്പം അത്യാവശ്യം പഠനവുമുളള പതിനെട്ടുകാരൻറ്റെ വിശപ്പുവഴിയിലെ പാഥേയമായിമാറുകയായിരുന്നു അവള്‍.
" എന്തൊക്ക്യാ ഈയെഴുതി കൂട്ടണേ... പകുതി നിക്ക് മന്സിലാവണില്യാ.. ആലോൾക്ക് മനസിലാവാത്തത് എഴുതീട്ടെന്താ കാര്യം..
നിനക്കുവേണ്ടി ഞാനെന്താ എഴുതേണ്ടത്...
ഇന്നോടുള്ള ഇഷ്ടം.. അതെഴുതോ...?
മ്ഹ്..... നീ തന്നെയല്ലേ എൻറ്റെ എഴുത്തു മുഴുവൻ..
എന്റെ എഴുത്തുമഷി നിന്റെ കണ്ണിലെ കറുപ്പല്ലേ...
എന്റെ തൂലിക നിന്റെ നീണ്ടുമെലിഞ്ഞ വിരലല്ലേ..
നിന്റെ ചന്ദ്രകല നെറ്റിയിലല്ലേ ഞാനെന്റെ അക്ഷരകുറി തൊടുവിക്കുന്നത്..
ഉയര്‍ന്നമ്മരുന്ന നിന്റെ നെഞ്ചിന്റെ താളമല്ലേ എന്റെ കവിതയുടെ ഈണവും ലയവും...
അവള്‍ മയില്പീലിയിമകള്‍ വിടര്‍ത്തി കണ്ണുകളില്‍ നിലാതിളക്കവുമായി വാതിലില്‍ കോറിവരച്ചു നിന്നു.
മുപ്പതുവര്‍ഷം എത്ര വേഗമാണ് ഓടി പോയത്. ഡിഗ്രിക്ക് കഴിഞ്ഞപ്പോള്‍ അവളെ വിവാഹം ചെയ്തയച്ചു. കല്യാണതലേന്ന് ഉറക്കപിച്ചുള്ള കണ്ണുകളില്‍ നിന്ന് ജലധാരയോഴുക്കി തിങ്ങിവരുന്ന വാക്കുകള്‍ക്ക് ശബ്ദം കൊടുക്കാനാവാതെ കുറെ നേരമവള്‍ നിന്നു. അരപട്ടിണിയും കഷ്ടിച്ച് രണ്ടു ഷര്‍ട്ട്കള്മുള്ള, ധനികവീടുകളില്‍ പോയി ടൂഷനെടുത്തു ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നവനും ശബ്ദമില്ലായിരുന്നു.
സന്ദര്‍ശകര്‍ക്ക് വിലക്കുള്ള മുറിയുടെ വാതില്‍ തുറന്ന പെണ്‍കുട്ടി പച്ചസ്ക്രീന്‍ കൊണ്ട് മറച്ച കട്ടിലിനടുത്തെക്ക് കൊണ്ട് പോയി, ഔപചാരികതയുടെ ചിരി സമ്മാനിച്ച്‌ പുറത്തിറങ്ങി. പദസ്വനം കേട്ടിട്ടാവണം ഇടത്തോട്ടു ചരിഞ്ഞു കിടന്നിരുന്ന അവള്‍ മെല്ലെ തിരിഞ്ഞു. അവളുടെ രൂപം കണ്ട ഞെട്ടല്‍ ഉള്ളിലൊതുകാന്‍ പാടുപെട്ടു പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
ഇരിക്കൂ ശ്യാം ...
അടുത്തുള്ള സ്റ്റൂള്‍ ശബ്ദമുണ്ടാക്കാതെ വലിച്ചിട്ടു ഇരുന്നു. കഴുത്തുവരെ മൂടിയിരുന്ന ഷീറ്റ് അരയോളം താഴ്ത്തി തലയിണക്ക് മുകളിലേക്ക് പ്രയാസപെട്ടവള്‍ ചാഞ്ഞിരുന്നു. കാലവും രോഗവും കാര്‍ന്നുതിന്ന അവളുടെ രൂപത്തെ ഉള്കൊള്ളനാവാതെ ഉള്ളു പിടഞ്ഞു. കര്‍ക്കിടകത്തിലെ ആകാശം കണക്കു ഇടതൂര്‍ന്ന മുടിയാല്‍ ഇരുണ്ടു കനത്തുകിടന്ന ശിരസ്സില്‍ വകഞ്ഞു മാറ്റിയ മാറാലപോലെ കുറച്ചു രോമങ്ങള്‍. വരണ്ട നെറ്റിയിലും കഴുത്തിലും കറുപ്പ് പടര്‍ന്നിരിക്കുന്നു. വിളര്‍ത്തൊട്ടിയ കവിളുകളില്‍ നിന്ന് പുറത്തേക്ക് തെന്നിനില്‍ക്കുന്ന കവിളെല്ലുകള്‍. വിണ്ടു നെടുകെ വരകള്‍ വീണ ചുണ്ടുകള്‍, ഗുളികകള്‍ കഴിച്ച് പല്ലുകളടര്‍ന്നു പോയി കിളിവാതിലുകള്‍ തുറന്നിരിക്കുന്നു. മെലിഞ്ഞുണങ്ങി ചുള്ളികമ്പുകള്‍പോലെ കൈകളിലെ വിരലുകള്‍ നിവര്‍ത്താനാവാത്ത വിധം വളഞ്ഞു അവളെ പോലെ തന്നെ കൂനി കൂടിയിരിക്കുന്നു. മീനമാസത്തില്‍ കിണറ്റിലെ ഇത്തിരിവട്ടജലവിതാനംപോലെ ഉള്ളിലേക്ക് പോയിരിക്കുന്ന കണ്ണുകളിപ്പോഴും തിളങ്ങുന്നു. ഒരുപക്ഷെ ഗതകാലസ്മരണകള്‍ തിരയടിക്കുന്നതു കൊണ്ടാവാം . അവള്‍ മുട്ടുകള്‍ മടക്കി നെഞ്ചിനോട് ചേര്‍ത്തു വെച്ച് താടിയമര്‍ത്തി വെച്ച് കൗതുകത്തോടെ ആടികൊണ്ടിരുന്നു.
എങ്ങിനെയിരുന്നതാണ്. നാട്ടിലെ ചിരിവസന്തമായിരുന്നു. മുടിയും ചിരിയും അവളെ കഴിഞ്ഞിട്ടേ നാട്ടിലെ ഏതു പെണ്ണിനുമുള്ളൂ. നേര്‍ത്തുനനുത്ത ചുണ്ടുകള്‍ പിളര്‍ത്തി വെളുത്തപല്ലുകള്‍ മുഴുവന്‍ കാണിച്ചു ചിരിക്കുമായിരുന്നു. നൃത്തം ചെയ്യുന്നപോലെയാണ് കൈകള്‍ അല്പം അകത്തിപിടിച്ചു നടക്കുക. . മുടി, ക്ലോക്കിലെ പെന്‍ഡുലംപോലെ നിതംബത്തെ തൊട്ടുതലോടി ആടികളിച്ചു കൊണ്ടിരിക്കും. കവിളിലെ അരുണിമയെ വെല്ലുവിളിച്ചു എഴുന്നുനില്‍ക്കുന്ന മുഖകുരുക്കൾ അവള്‍ക്കു കൂടുതല്‍ ചന്തം നല്‍കി. വലതുകയ്യിലെ ചെറുവിരല്‍ നഖത്താല്‍ അവളതു പൊട്ടിക്കുമ്പോള്‍ വേദനിക്കുന്നത് നാട്ടിലെ കൌമാരക്കാര്‍ക്കായിരുന്നു. ശ്.... എന്ന വേദനയുടെ സീല്‍ക്കാരത്തിന് ഡബ്ബിംഗ് കൊടുത്തത് പുരുഷകൗമാരശബ്ദങ്ങളായിരുന്നു.. കണ്മഷി തടംകെട്ടിയ കറുത്ത കണ്ണുകളില്‍ കിനാവുകള്‍ തളിരിടുന്നതു കാണാനും ആ നിലാകയങ്ങളില്‍ മുങ്ങി നിവരാനും കൊതിച്ചു സ്വയം മറന്നു നില്‍ക്കുമായിരുന്നു സ്വപ്നകാമുകന്മാര്‍.
ന്താ ആലോചിക്കണേ.. അവള്‍ ചിലമ്പിച്ച സ്വരത്തില്‍ ചോദിച്ചു.
ജീവിതം ഇത്രയും ക്രൂരത അവളോട്‌ കാണിക്കാന്‍ പാടില്ലായിരുന്നു. അസുഖം വന്നതോടെ ഭര്‍ത്താവ് കുട്ടികളെയും കൊണ്ട് ഒഴിഞ്ഞുപോയി. ആകെയുള്ള ചേച്ചിയാണ് കൂട്ടിനും സഹായത്തിനും. വരുന്ന വഴിയില്‍ ഡ്രൈവര്‍ പറഞ്ഞറിഞ്ഞതാണ്. അയാള്‍ക്ക്‌ പഴയ കഥകളറിയാം. പൊതുവേ വാക്കുകള്‍ അനര്‍ഗളം പൊഴിയുന്ന എനിക്ക് സഹതപിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല. ഇനിയൊന്നും ശരിയാവാനില്ല എന്നറിയുന്ന അവളോട്‌ ഞാന്‍ സഹതാപത്തിന്‍റെ സ്വരം പകര്‍ന്നു പൊള്ളവാക്കുകള്‍ പറഞ്ഞു.
ഞാനെന്താ ചെയ്യേണ്ടത്.. എങ്ങിനെ മാനേജ് ചെയ്യുന്നു ചിലവുകള്‍? വിഷമിക്കേണ്ട രേണു, ഒന്നും വരില്ല.. ഒക്കെ ശര്യാവും..
ശര്യാവേ.. എങ്ങിനെ....? എന്തിനു.. ?
ശ്യാം എന്നോട് സഹതപിക്കരുത്. മരുന്നുകളെക്കാള്‍ ഞാന്‍ വെറുക്കുന്നത് സഹതാപവും സഹാനുഭൂതിയുമാണ്. നീയെങ്കിലും സഹതാപത്തിന്റെ വാക്കുകള്‍ കൊണ്ടെന്നെ ബോറടിപ്പിക്കരുത്..
പിന്നെ ഞാനെന്തു വേണം എന്നര്‍ത്ഥത്തില്‍ അവളുടെ മുഖത്തേക്ക് നോക്കി..
അവള്‍ ചിരിച്ചു. മെലിഞ്ഞുണങ്ങിയ കൈകള്‍ കൊണ്ട് എന്റെ വിരലുകള്‍ പിടിക്കാനാഞ്ഞു. ഞാന്‍ എഴുന്നേറ്റു അവള്‍ക്കരികില്‍ കിടക്കയിലിരുന്നു. അടുത്തിരിക്കാനും ഉണ്ണിപിണ്ടിയുടെ നിറമുള്ള കൈകളില്‍ തൊടാനുമൊക്കെ എത്ര ആശിച്ചതാണ്. ഇപ്പോള്‍ എനിക്ക് തോന്നുന്ന വികാരമെന്താണ്. കരുണയാണോ... ? ദയയാണോ.. ? സഹാനുഭൂതിയാണോ.. ? ഈശ്വരാ.. നിറവും തുടിപ്പുമാണോ പ്രണയത്തിന്റെ അളവ് കോല്‍.. ? അല്ലെന്നു പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കുന്തോറും ആണെന്ന് ആരോ പറയുന്നപോലെ തോന്നി. അവള്‍ വിരലുകളില്‍ മുറുകെ പിടിക്കാന്‍ ശ്രമിച്ചു. പണ്ട് പുഴയ്ക്കു കുറുകെയുള്ള ഇരട്ടകവുങ്ങിന്റെ പാലത്തില്‍ വിറച്ചു വിറച്ചു നടന്ന അവളുടെ കൈപിടിച്ചു അക്കരെ കടന്നതോര്‍മ്മ വന്നു. കൈനാറിപൂവിന്റെ ഗന്ധമായിരുന്നു അവള്‍ക്കു. റോസാദളം കയ്യില്‍ പിടിച്ചപോലെ അവളുടെ വിരലുകള്‍ എന്റെ കൈക്കുള്ളില്‍ ശ്വസംമുട്ടി. ഇടക്കെപ്പഴോ പാലം ഒന്നുലഞ്ഞപ്പോള്‍ അവള്‍ ചേര്‍ന്ന് ചാരിനിന്നു. അപ്പോള്‍ വിറച്ചത് എന്റെ കാലുകളായിരുന്നു. തലചുറ്റി രണ്ടുപേരും കൂടി വെള്ളത്തിലേക്ക്‌ വീണുപോവുമായിരുന്നു. ഈ പരുപരുത്ത വിരലുകള്‍ അവള്‍ കടന്നുപോയ ജീവിതപ്രയാസങ്ങളുടെ നേര്‍പരിചേദമാണെന്നു തോന്നി.
" പ്പോ ന്താ എന്നോട് തോന്നണേ.. ?
എന്റെ മനോവികാരങ്ങള്‍ അളെന്നെടുത്തവണ്ണം അവള്‍ ചോദ്യം തൊടുത്തു വിട്ടു.. ഞാന്‍ തീര്‍ത്തും അശക്തനായി മറുപടി കൊടുക്കാനാവാതെ വികൃതമായി ചിരിച്ചു. ഉഷ്ണം തീക്ഷണമായ ഒരു ഉച്ചനേരത്ത് വിയര്‍പ്പും ഭയവും കലര്‍ന്നൊഴുകുന്ന ശരീരവുമായി ഇടനാഴിയിലെ വാതില്‍ മറവില്‍ ഒരു വട്ടം ചേര്‍ത്തു പിടിച്ചതും ദിശതെറ്റുന്ന കൈകളില്‍ അവള്‍ നുള്ളിയതും കാലടി ശബ്ദം കേട്ട് ഓടിപോകുമ്പോള്‍ മുള്‍വേലിയില്‍ ദേഹം കൊരുത്തു പോറലുകള്‍ വീണതും യുഗങ്ങള്‍ക്കു മുന്‍പാണെന്ന് തോന്നി. ആ വെള്ളികൊലുസ്സിട്ട ഫുള്‍പാവാടകാരിയാണ് തൻറ്റെ മുമ്പിലിരിക്കുന്ന ചോരയും നീരുമില്ലാത്ത, ചുള്ളികമ്പുകള്‍ അടക്കിവെച്ച രൂപമെന്നു സങ്കല്‍പ്പിക്കുക വയ്യ.
" എഴുത്തുകാരനല്ലേ.. പറയുമ്പോള്‍ കളിയാക്കരുത്. ജീവിതമെന്നത് ദിവസം പോലെയാണ്. ബാല്യത്തിന്റെ നിഷ്കളങ്കമായ പുലരിയും കൌമാരത്തിന്റെ ഇളംവെയിലുകളും ഉച്ചയുടെ ഉഷ്ണയൌവ്വനവും പക്വതയാര്‍ന്ന മധ്യാഹ്നവും കടന്നു ശാന്തിയുടെ മൃദുരശ്മികളുതിര്‍ത്തു മരണത്തിന്റെ കറുത്തകമ്പിളി പുതപ്പിക്കുന്ന കാലയളവ്‌.
അവള്‍ ഒന്ന് നിര്‍ത്തി. ജനലിലൂടെ ചുവന്നവെളിച്ചം പൊഴിച്ചു പടിഞ്ഞാറു കത്തിയുരുകി നില്‍ക്കുന്ന സൂര്യനെ നോക്കി പറഞ്ഞു..
" ഞാനസ്തമിക്കുകയാണ് ശ്യാം. അസ്തമയചക്രവാളത്തോട് അനുദിനം അടുക്കുകയാണ്. കത്തിതീരാന്‍ പോവുന്ന എല്ലാം ഒന്ന് ആളികത്തുമല്ലോ, ഒരു നിമിഷത്തേക്കെങ്കിലും. ശ്യാം എന്നോട് ചോദിച്ചല്ലോ ഞാനെന്താ ചെയ്യേണ്ടതെന്ന്... ഞാനും നീയും ഒരുമിച്ചു താണ്ടിയ കാലസ്മരണകള്‍ അയവിറക്കി, പഴയകഥയിലെ നായികയായി ഒരു നിമിഷമെങ്കിലും എനിക്ക് ജീവിക്കണമെന്നുണ്ട്. എപ്പോഴെന്കിലും ജീവിച്ചുവെന്നു തോന്നാനെങ്കിലും.... എന്റെ വിരലുകള്‍ അന്ന് പുഴ കടക്കുമ്പോള്‍ അമര്‍ത്തിപിടിച്ചപോലെ പിടിച്ചു എന്റെയൊപ്പം നടക്കാമോ ശ്യാം. ഒരു പത്തുചുവട് എന്‍റെ...
അവള്‍ വികാരതള്ളലാല്‍ കിതച്ചു പോയി. ആവേശം കയറിയപോലെയവള്‍ തുടര്‍ന്നു.
ചക്രവാളം അധികം ദൂരത്തല്ല.. ഈ പത്തു ചുവടിനുള്ളിൽ ഞാന്‍ വീണു മരിച്ചാല്‍ ജനനത്തിനും മരണത്തിനുമിടയില്‍ ഞാന്‍ ജീവിച്ചു മരിച്ചു എന്ന ധന്യതയോടെ എനിക്കുപോകാം ശ്യാം..
അവള്‍ കരുണക്കായ്‌ കൈവിടാതെ എന്നെ നോക്കിയിരുന്നു. ഞാനെണീറ്റ്‌ വലതുകൈ കൊണ്ട് വട്ടം ചുറ്റിപിടിച്ചു സ്ഫടികപാത്രം എടുക്കുന്നപോലെ അവളെ കട്ടിലില്‍ നിന്ന് താഴെയിറക്കി. കൊക്കി കൊക്കി കിതച്ചു നടക്കുന്ന അവളുടെ വിരലുകള്‍ മുറുകെപിടിച്ചു നടന്നു. അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു.
ചിലമ്പിച്ച സ്വരങ്ങളില്‍ അവള്‍ പോക്കുവെയിലില്‍ ചിരിക്കുന്ന നാലുമണിപൂവുകളെ കുറിച്ചും, ചുവന്ന ഓണതുമ്പികളെ പറ്റിയും, നിലാവുകള്‍ ചിത്രം വരയ്ക്കുന്ന പത്തായപുരയെ പറ്റിയും, എന്നോ വായിച്ചു മറന്ന എന്റെ കവിതയെ കുറിച്ചും പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ വെറുതെ മൂളിയും..

സുധാഭാഷിതം....


നാടെവിടെ മക്കളെ..... കാടെവിടെ മക്കളെ...

അന്ന്,
പുഴയില്‍ മുങ്ങാംകുഴിയിട്ട് നീന്തി തുടിക്കുമായിരുന്നു.
നീര്‍ച്ചാലുകളില്‍ കടലാസ് തോണിയിറക്കി കളിക്കുമായിരുന്നു.
കുന്നിന്മേല്‍ ഓടികയറി ചുറ്റുമുള്ള പച്ചപ്പ്‌ ആസ്വദിക്കുമായിരുന്നു.
വൃക്ഷതണുപ്പിലിരുന്നു ചൂടിനെ പുകച്ചു പുറത്തു ചാടിക്കുമായിരുന്നു.
കറുത്തിരുണ്ട പാറമേല്‍ മലര്‍ന്നു കിടന്നു മിഴികളടച്ചു സ്വപ്നം കാണുമായിരുന്നു.

ഇന്ന്,

ഒരു പുഴയുണ്ടായിരുന്നെങ്കില്‍ മണല്‍ വാരി പൂമുഖം മിനുക്കാമായിരുന്നു.
ഒരു നീര്‍ച്ചാല്‍ കണ്ടിരുന്നെങ്കില്‍ എന്നിലെ മാലിന്യം വലിച്ചെറിയാമായിരുന്നു.
ഒരു കുന്നു കണ്ടെങ്കില്‍ ഇടിച്ചു നിരത്തി മാന്തിയെടുത്ത് മണിമന്ദിരം തീര്‍ക്കാമായിരുന്നു.
ഒരു മരം കിട്ടിയിരുന്നെങ്കില്‍ വെട്ടി ചിത്ര പണികളുള്ള വാതായനങ്ങള്‍ തീര്‍ക്കാമായിരുന്നു.
ഒരു പാറ കണ്ടിരുന്നെങ്കില്‍ ഇടിച്ചുപൊടിച്ചു മഹാസൌധം കെട്ടി അന്തസ്സ് കൂട്ടാമായിരുന്നു.

കാട് കയ്യേറി നാടാക്കി. നാട് നഗരമാക്കി, നഗരത്തെ നരകമാക്കി, നരന്‍ നായക്കും നരിക്കും സമാനനായി.
നാടുമില്ല; ഇപ്പോള്‍ കാടും.

ശുദ്ധവായുവില്ല,
ശുദ്ധവെള്ളമില്ല,
ശുദ്ധഭക്ഷണമില്ല.

അടുത്ത തലമുറക്കായി ഒരുക്കി വെച്ചിരിക്കുന്നത് പുകയുന്ന വേനലിന്റെ ശ്മശാനഭൂമിയാണ്. പുതു തലമുറ പിറന്നു വീഴുന്നത് എരിയുന്ന പട്ടടയിലേക്കാണ്.

നമ്മളിന്ന് കഴിക്കുന്ന പേരക്കയും നീര്‍മാതളവും മാമ്പഴവും നമ്മള്‍ നട്ടുവളര്‍ത്തിയതല്ല. ഈ കാണുന്ന നല്ലതെല്ലാം പൂര്‍വികര്‍ അവര്‍ക്കനുഭവയോഗ്യമാവില്ല എന്നറിഞ്ഞുകൊണ്ടുതന്നെ, നമ്മളെ വളര്‍ത്തിയപോലെതന്നെ വെള്ളമൊഴിച്ച് വളമിട്ടു പരിപാലിച്ചു പരിപോഷിപ്പിച്ചതാണ്. അവയൊക്കെ അവരുടെ പ്രതീക്ഷകൾക്കൊപ്പം വളര്‍ന്നു വലുതായി തലമുറകള്‍ക്ക് സ്വാദ് തരുന്നു. നമ്മള്‍ അടുത്ത തലമുറയ്ക്ക് കൈമാറേണ്ട പ്രകൃതിയെന്ന സൌഭാഗ്യം പൊന്മുട്ടയിടുന്ന താറാവിനെ കൊന്ന അത്യാഗ്രഹിയെപോലെ ചൂഷണം ചെയ്യുന്നു. നല്ലതെന്താണ് അടുത്ത തലമുറക്കായി ബാക്കിവെച്ചിരിക്കുവെന്നു ചിന്തിക്കുക.

ഓര്‍ക്കുക, നോട്ടുകെട്ടുകള്‍ വെറും ചവറാവുന്ന കാലം വിദൂരമല്ല.

ചിന്ത ചിതയില്‍ വെച്ച് സൗകര്യപൂർവ്വം നമ്മളെടുത്തണിഞ്ഞ നിസ്സംഗതയുടെ മൂടുപടം കുടഞ്ഞു കളഞ്ഞുണരുക.

കണ്ണ് തുറക്കുക ; വൈകിയിരിക്കുന്നു, വല്ലാതെ..

ശിഥിലം.....


എന്ന് മുതലാണ്‌ വെളുത്ത ചതുരത്തിലെ കറുത്ത അക്കങ്ങളെ ജാതിയും മതവും ചുവപ്പിച്ചത്... ?
എന്തിനാണ് ആഴ്ചയിലെ ദിവസങ്ങളെ ദൈവത്തിന്റെ പേരില്‍ പങ്കിട്ടെടുത്തത്..?
ചൊവ്വ ദേവിക്കും, വെള്ളി അള്ളാഹുവിനും, ഞായര്‍ ക്രിസ്തുവിനും വേണമെന്ന് ഏതു ദുസ്വപ്നത്തിലാണ് അവര്‍ വന്നു പറഞ്ഞത്‌....?

ഓണത്തിനും ക്രിസ്മസ്സിനുമുളള അവധികൾ പരീക്ഷാചൂടിൻറ്റെ കൂളിംഗ് ഓഫ് പിരിയഡാണെന്നാണെനിക്കു തോന്നിയിരുന്നത്....
ശിവരാത്രിയിൽ ഉറക്കമിളക്കുന്നത് കഥാപ്രസംഗം കേള്‍ക്കാനും മൂക്കുമുട്ടെ തിന്നാനുമാണെന്നാണ് ഞാന്‍ കരുതിയിരുന്നത് ..
വെള്ളിയാഴ്ചയിലെ ദീര്‍ഘമായ ഇടവേള കളിച്ചു തിമിര്‍ക്കാനായിരുന്നുവെന്നാണ് എനിക്ക് തോന്നിയിരുന്നത്..
ആറുദിവസത്തെ അദ്ധ്വാനത്തിന് ശേഷമുള്ള വിശ്രമദിവസമാണ് ഞായറെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്...
ഓണവും വിഷുവും ഈസ്റ്ററും ബക്രീദും, പുതിയ വസ്ത്രങ്ങളും ബിരിയാണിയും അച്ചപ്പവും പൂത്തിരിയും കൈനീട്ടവുമുള്ള ആഘോഷദിനങ്ങള്‍ മാത്രമാണെന്നാണ് ഞാന്‍ ധരിച്ചുവെച്ചിരുന്നത്..

ഈ വര്‍ണ്ണശോഭദിനങ്ങള്‍ക്കുമേല്‍ ദൈവത്തിന്റെയും മതത്തിന്റെയും ജാതിയുടെയും ഇരുട്ട് വീഴ്ത്തിയത് ആരാണ്..?
എന്തിനാണ്... ?
ആര്‍ക്കു വേണ്ടിയാണ്....

ഓണം എന്റ്റേയും, റംസാന്‍ നിന്റ്റേയും, ഈസ്റെര്‍ അവന്റ്റേയുമാവാതിരിക്കാന്‍ എന്നില്‍ നിന്ന് പടിയിറങ്ങിപോയ ആ മനുഷ്യനെ കണ്ടു പിടിച്ചെനിക്കു തിരികെ തരിക..

കാലമെന്ന യുഗപുരുഷാ, എനിക്കെന്നെ തിരിച്ചറിയാനുള്ള അറിവ് നല്‍കുക...

നീയെന്നെ വീണ്ടും മനുഷ്യനാക്കുക...

വെറും മനുഷ്യന്‍!!!

Selfless selfies....

നിലാവും കുളിരുമുള്ള തിരുവാതിരയുണ്ടായിരുന്നു.
തുമ്പിയും തുമ്പയുമുള്ള ഓരോണക്കാലമുണ്ടായിരുന്നു.
വെള്ളിതുട്ടുകളുടെ ധവളപ്രഭയുള്ള വിഷുക്കാലമുണ്ടായിരുന്നു.
അച്ചപ്പവും കുഴലപ്പവും ചിരിച്ചു വിരുന്നുവരുന്ന തിരുന്നാളുണ്ടായിരുന്നു.
വേലിപഴുതിലൂടെ ഒളിച്ചുവരുന്ന ബിരിയാണിമണമുള്ള പെരുനാളുണ്ടായിരുന്നു.

നാണം നിണം പടര്‍ത്തിയ കപോലങ്ങളുള്ള കൌമാരക്കാരിയുണ്ടായിരുന്നു..
മ്മ്മ്.. ഈയോരൊററ മൂളലില്‍ മൂത്രമൊഴിച്ചു പോവുന്ന ഗൌരവക്കാരനായൊരച്ഛനുണ്ടായിരുന്നു.
ചിരിച്ചു കൊണ്ട് കരയുകയും കരഞ്ഞു കൊണ്ട് ചിരിക്കുകയും ചെയ്യുന്ന അമ്മയെന്ന അത്ഭുതമുണ്ടായിരുന്നു.
" അതെന്തേട്ട അങ്ങിനെ " എന്ന് ചോദ്യചിഹ്നങ്ങള്‍ കൌതുകം വിടര്‍ത്തുന്ന മിഴിയുളള ഒടപിറന്നോളുണ്ടായിരുന്നു.
അക്ഷയപാത്രംപോലെ കഥകളുടെ മാന്ത്രിക ചെപ്പുള്ള തല നരച്ച, മുറുക്കി ചുവപ്പിച്ച, വെറുതെ ചിരിക്കുന്ന ഐശ്വര്യങ്ങളുണ്ടായിരുന്നു.

ദാരിദ്ര്യം എന്നൊരു കുറവുണ്ടായിരുന്നു.
നിന്നിലുള്ളത് എന്നില്ലില്ല, എന്നിലുള്ളതു നിന്നിലില്ല എന്ന പരസ്പരാശ്രയത്വവും.
തൂക്കി നോക്കാതെ, അളന്നു നോക്കാതെ, വലുപ്പചെറുപ്പമില്ലാതെ കൊടുത്തും വാങ്ങിയും കഴിഞ്ഞ ഒരു മാവേലികാലം.
ഇന്നെനിക്കെല്ലാമുണ്ട്. നിന്നിലുളളതിലേറെയുണ്ടാക്കാനുള്ള ഓട്ടപ്പാച്ചിലിലുമാണ് ഞാന്‍.

തമിഴ് പേശും പൂവിട്ട ഓണവും,
കിലുക്കമില്ലാത്ത കൈനീട്ടവും,
മന്‍മറഞ്ഞ ഞാറ്റുവേലക്കൊപ്പം പടിയിറങ്ങിയ തിരുവാതിരയും
നിന്റെയും അവന്റെയും ആഘോഷമായി മാറിയ തിരുനാളും പെരുന്നാളുമായി, സ്വയാശ്രയത്തിന്റെ കരിങ്കല്‍ മതില്‍കെട്ടിനുള്ളില്‍, വാതായനങ്ങള്‍ കൊട്ടിയടച്ചു ഞാന്‍ കൈവഴുതിപോയ നഷ്ടങ്ങളെ കുറിച്ച് കവിതയെഴുതുകയാണ്...

പിന്‍വിളിക്ക് കാതോര്‍ത്തു നിന്ന കണ്മണിയെ കണ്ടില്ലെന്ന നടിച്ച കാമുകനെ പോലെ,
പിടിച്ചു പുറത്താക്കി പടിയടച്ചു പിണ്ഡംവെച്ച ഞാന്‍,
പിന്‍തിരിഞ്ഞുപോയ പിന്‍നിലാവുകളെ കുറിച്ച് കവിതയെഴുതുകയാണ്.

പിടഞ്ഞു മരിച്ച പുഴയേയും
കാര്‍ന്നുതിന്ന കുന്നിനേയും
ഇടിച്ചുപൊടിച്ച പാറയേയും
പൊള്ളുന്ന വേനലിനെയും
അകാലത്തില്‍ പെയ്തൊഴിയുന്ന മഴയേയും,
പരാജയപ്പെട്ട പ്രണയത്തേയും കുറിച്ച്,
അകത്തു മലവും പുറത്തു മലയും ചുമക്കുന്ന,
മടിയനായ മനുഷ്യന്‍ കവിതെയെഴുതുകയാണ്..

നിഷാദം...

---------------------------------------------------------------
ഇതിഹാസങ്ങള്‍ വായിക്കുകയാണ് ഞാന്‍.
രാജാധിരാജന്മാർ കാട്ടികൂട്ടിയ തോന്ന്യാസങ്ങളുടെ നിറംപിടിപ്പിച്ച നുണകഥകള്‍, വെള്ളംതൊടാതെ വിഴുങ്ങുകയാണ്.
പുത്തനരിചോറിലെവിടെയോ ഒരു കല്ല്‌ കടിക്കുന്നു.
തൊണ്ടയിലെങ്ങോ ഒരു മുള്ള് തടയുന്നു.
ഒരു കറുമ്പൻറ്റെ ചോര നുണഞ്ഞെൻ നാവുപൊളളുന്നു.
കള്ളവും കലഹവും കവര്‍ച്ചയും പകല്‍സ്വപ്‌നങ്ങളാക്കിയ മാവേലിമന്നന്റെ കെട്ടുകഥ കേട്ടെൻ ചെവിയടയുന്നൂ
ഒടപിറന്നോളുടെ മാനത്തിന്റെ കണക്കു ചോദിച്ച,
സതിയെ പതിവ്രതയായി കണ്ടു കൺവെട്ടത്തില്‍ നിന്നകറ്റി നിര്‍ത്തിയ അസുരശ്രേഷ്ഠന്റെ മുടിയിഴകളാണോ പല്ലിനിടയില്‍ കുരുങ്ങിയത്....
ഏകലവ്യന്റെ ചോരവാര്‍ന്ന പെരുവിരലാണോ ശ്വാസനാളത്തിൽ ഞെരുങ്ങിയത്....
ഹിഡുംബന്റെ ആര്‍ത്തനാദമാണോ,
ബകന്റെ അലർച്ചയാണോ,
ജരാസന്ധന്റെ അട്ടഹാസമാണോ എന്റെയുറക്കം കെടുത്തിയത്....?
വിത്ത്‌ വിതച്ചു മറന്നുമറഞ്ഞ താതന്റെ കാല്‍ക്കല്‍ ജീവബലിയേകിയ ഘടോല്‍കചനാണോ നെഞ്ചിനുള്ളിൽ തേങ്ങിയത്.....
കാടിന്‍ കറുത്തമക്കളെ കഥ കഴിച്ചു,
കരി വാരിതേച്ചു,
അധിനിവേശത്തിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച ആര്യചരിതങ്ങള്‍,
വെന്തചോറിലെ വേകാത്ത കല്ലുപ്പോലെ പല്ലിലും,
ഒടിയാത്ത മുള്ളായി നെഞ്ചിലും കൊള്ളുന്നു.
നിഷാദന്റെ,
അസുരന്റെ,
കാട്ടാളന്റെ വീരഗാഥകള്‍ പാടാന്‍ എന്നാണൊരു കീഴാളന്‍ പൂണൂലിടുക...?
എന്നാണവന്‍ കറുത്തചോരയിൽ മുക്കിയ നാരായത്താൽ അസുരഗണഗുണങ്ങളെഴുതുക...?
എന്നാണു അധിനിവേശത്തെയെതിര്‍ത്തു അടര്‍ക്കളത്തില്‍ അടരാടിവീണ അധഃകൃതന്‍, അനശ്വരനായകനാവുക...?
എന്നാണു കാടുകയറിയ നാട്ടാളരുടെ കാട്ടുനീതിയിൽ കരിഞ്ഞുവീണ കീഴാളകഥകള്‍ ഇതിഹാസങ്ങളാവുക..?

മാ നിഷാദാ....


അവളുടെ,

മാനത്തിനു വിലയിട്ടില്ലായിരുന്നുവെങ്കില്‍,
സ്വകാര്യതകളില്‍ തുറിച്ചു നോക്കിയിരുന്നില്ലെങ്കില്‍,
വാരിയുടുത്ത ഒറ്റചെലയില്‍ കൈവെക്കാതിരുന്നുവെങ്കില്‍,
ഴിഞ്ഞുലഞ്ഞുകിടന്ന മുടിയലകളില്‍ പിടിയിടാതിരുന്നുവെങ്കില്‍,
രജസ്വലയായ പതിവ്രതയുടെ രക്തത്തുള്ളികള്‍ വീഴ്ത്തിയില്ലായിരുന്നുവെങ്കില്‍,

പുരുഷകുലം ചത്തൊടുങ്ങുമായിരുന്നില്ല.
സര്‍വ്വം മുടിച്ച ഒരു യുദ്ധമുണ്ടാകുമായിരുന്നില്ല.
പവിത്രഗംഗ നിണം കലര്‍ന്ന് ചുവന്നുതുടുക്കുമായിരുന്നില്ല.
വൈധവ്യത്തിന്റെ പഞ്ചാഗ്നിയില്‍ പ്രിഥ്വി പിടയുമായിരുന്നില്ല.
സ്വന്തം ചോരയെ ചതിച്ചുകൊന്നെന്ന കുറ്റബോധം വേട്ടയാടുമായിരുന്നില്ല.
അനാഥകുരുന്നുകളുടെ അലമുറയില്‍ ആകാശം ഇരുണ്ടുപോവുമായിരുന്നില്ല.
ചേര്‍ത്തുകെട്ടിയ കണ്ണുകള്‍ തുറന്ന ഗാന്ധാരിയുടെ. നെഞ്ചുപിളരുമായിരുന്നില്ല.
 
അബലയുടെ ബലം പരീക്ഷിക്കരുത്.
കണ്ണീരും രക്തവും ചിന്തി ശാപവും ശപഥവും ഏറ്റുവാങ്ങരുത്.
ബാലവനായ നിന്റെ പരാക്രമം പെണ്ണിനോടല്ല വേണ്ടൂ; പ്രകൃതിയോടും !!!

സുകൃതം


ശന്തനവിനു തന്റെ പുരുഷായുസ്സ് അടിയറ വെച്ചു ലൗകികജീവിതം വെടിഞ്ഞു ബ്രഹ്മചാരിയായ ഭീഷ്മര്‍..
പിതാവ് നൽകിയ വരം അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ രാജസിംഹാസനമുപേക്ഷിച്ചു കാട് പൂകിയ രാമന്‍.
പിതാവിന് തന്റെ യുവത്വം സമര്‍പ്പിച്ചു ജരാനരകള്‍ ഏറ്റുവാങ്ങി അകാലത്തില്‍ വൃദ്ധനായ പുരൂരവസ്സ്.
അമ്മയുടെ വെറും വാക്കിനെ മാനിച്ചു മത്സരിച്ചു ജയിച്ചു സ്വന്തമാക്കിയ പെണ്ണിനെ പകുത്തു നല്‍കിയ അര്‍ജുനന്‍.
പഞ്ചപാണ്ടവരുടെ ജിവൻ അമ്മയ്ക്കു ഭിക്ഷയായ് നൽകി അമ്മയേക്കാൾ വളർന്ന കർണ്ണൻ..
രമിച്ചു രേതസ്സിട്ടു മറന്നു മറഞ്ഞുപോയ പിതാവിനെ യുദ്ധത്തില്‍ സഹായിക്കാനെത്തി ജീവന്‍ ബലിയര്‍പ്പിച്ച ഘടോല്‍കചന്‍.
പദ്മവ്യൂഹം തകര്‍ക്കാന്‍ മടിപിടിച്ച് ഭയന്നുനിന്ന വീരശൂരപിതാശ്രീകളോട് ഞാനുണ്ടെന്ന് പറഞ്ഞു ജീവന്‍ ബലിയര്‍പ്പിച്ച പതിനാറുകാരന്‍, അഭിമന്യു.
മക്കൾ മാഹാത്മ്യത്തിൻറ്റെ പത്തരമാറ്റുളള ചരിതങ്ങൾ...
ഇതിഹാസത്തിലില്ലാത്ത വേറൊരു അച്ഛനും മകനുമുണ്ട്.
ചരിത്രങ്ങളിലും നിന്നും ഇതിഹാസങ്ങളില്‍ നിന്നും ഒന്നും പഠിക്കാതെപോയ ഒരച്ഛന്‍. ലഹരികളില്‍ മുങ്ങിനീരാടി ജീവിച്ചപ്പോള്‍ സ്നേഹവും വാത്സല്യവും നിഘണ്ടുവില്‍ എഴുതിച്ചേര്‍ക്കാന്‍ മറന്നുപോയ പടുജന്മം.
പകര്‍ന്നു കിട്ടാത്ത പിതൃസ്നേഹം കനലായെരിയുന്ന നെഞ്ചും,
വിരല്‍തുമ്പ് പിടിച്ചു നടക്കാന്‍ മോഹിച്ചു മരവിച്ച ഹൃദയവുമായി,
അമ്മയെ പഴിപറഞ്ഞു,
നരകജന്മത്തെ ശപിച്ചു,
വാതിലുകള്‍ തള്ളിയടച്ചു,
ചോറിന്‍കിണ്ണം തട്ടിതെറിപ്പിച്ചു,
രോഷത്തിന്റെ മൂര്‍ത്തരൂപമായി‍ വളര്‍ന്നു.
പിന്നെയൊരിക്കല്‍, ഒറ്റമുടി പോലും നരക്കാത്ത തലയുമായി, തണുത്തുറഞ്ഞു പട്ടടയില്‍ കിടന്ന രൂപത്തിന് മുന്‍പില്‍ നിര്‍വികാരനായി, ഈ കറുകറുത്ത മുടിയെങ്കിലും അച്ഛന്റെ വകയായി പകരാമായിരുന്നില്ലേ എന്നാലോചിച്ചു, നഷ്ടപെടലിന്റെ വേദനയില്ലാതെ കൊള്ളിവെച്ചു, ഇതിഹാസകഥകളിലേക്ക് ഒരു പുരുഷജന്മത്തെ കൂടി എഴുതിചേര്‍ത്തു.
ഞാനനുഭവിക്കാത്ത പ്രണയത്തെ കുറിച്ച് വസന്തം പടിയിറങ്ങിയ മധ്യാഹ്നത്തിലും എഴുതിയെഴുതി പ്രണയത്തെ അനശ്വരമാക്കുന്നതുപോലെ, എനിക്കന്യമായ പിതൃസ്നേഹം അളവില്ലാതെ പകർന്നു കൊടുക്കുന്നു. . ഊണിലും ഉറക്കത്തിലും ബോധത്തിലും അബോധത്തിലും അവർ തിരിച്ചും!!
രേതസ്സിലൂടെ ഭ്രൂണമാക്കിയ പിതാവേ നിനക്ക് നന്ദി,
ഭ്രൂണത്തില്‍ നിന്ന് പുത്രനാക്കിയ മാതേ നിനക്ക് നന്ദി,
പുത്രനില്‍ നിന്നും പതിയാക്കിയ പത്നി, നിനക്ക് നന്ദി,
പതിയില്‍ നിന്ന് പിതാവാക്കിയ പ്രിയപുത്രീ നിനക്കു നന്ദി,
ഉച്ചവെയിലേറ്റ് വരണ്ടുവിണ്ടു വിളർത്തു വെളുത്തു വിരസമായിപ്പോയ മധ്യാഹ്നത്തെ വർണ്ണ വിസ്മയ വിളനിലമാക്കിയ മകനേ നിനക്കും നന്ദി.
അച്ഛന്‍ നിനക്ക് പ്രിയമായിരിക്കട്ടെ; നീയെനിക്ക് പ്രാണനും !!!

Thursday 19 February 2015

പുനര്‍ജ്ജനി.


എനിക്കൊപ്പമോടിയെത്താനാവാതെ തളര്‍ന്നു വീണവര്‍ക്കൊപ്പം കുതിച്ചുപായണം.
അമ്മയുടെ ഗര്‍ഭഗേഹമരതണലിലെ ആലിലമഞ്ചലില്‍ ചാഞ്ചാടിയുറങ്ങണം.
മതിവരാതെ കൈവിട്ട നിഷ്കളങ്ക പുലര്‍കാല കതിരൊളികളില്‍ ഉണങ്ങി മേയണം.
കൗതുക കുതൂഹല വര്‍ണ്ണ വിസ്മയ ബാല്യകളിയരങ്ങിലേക്ക് ഊളിയിട്ടിറങ്ങണം.
മീശ മുളക്കുന്ന, തൊട്ടാല്‍ പൊട്ടുന്ന കൗമാര കുസൃതികളില്‍ സ്വയം മറക്കണം.
കത്തിജ്വലിക്കുന്ന ഉഷ്ണ യൗവ്വന തൃഷ്ണകളിൽ വിയര്‍ത്തൊലിക്കണം.
സമശീതോഷ്ണ ബൗദ്ധിക സായന്തനത്തിലെരിഞ്ഞു തീരണം.
ചുവപ്പുരാശി പടര്‍ന്ന സാന്ദ്രസന്ധ്യയില്‍ മുങ്ങാംകുഴിയിട്ട് പൊങ്ങി നിവരണം
ഭോഗിച്ചു തളര്‍ന്നു പുതച്ചുറങ്ങിയ രാവുകളിൽ ഇനിയുമുറങ്ങിയെണീക്കണം.
തിരികെ പോകണം.
കവച്ചു വെച്ച് നടന്നു നീങ്ങിയ ജീവിതതീരങ്ങളില്‍ ചവുട്ടി മെതിച്ചു നടക്കാനെനിക്ക്,
തിരികെ പോകണം..

നിണമണിഞ്ഞ ഗുല്‍മോഹറുകള്‍....


സെമിത്തേരിയിലെന്നവണ്ണം നിശബ്ദമായിരുന്നു അന്ന്. പൊതുവേ പ്രഭാതത്തിലെ പക്ഷികലംബലുകള്‍പോലെ ശബ്ദമുഖരിതമാവുന്ന കലാശാലാങ്കണം വെയിലേറ്റു നരച്ച ഉച്ചപോലെ ദുഖിച്ചു വിളര്‍ത്തു കിടന്നു. ഇന്ന് അവസാന പരീക്ഷയാണ്. പല ബന്ധങ്ങളുടെയും കണ്ടു മുട്ടലുകളുടെയും അന്ത്യവും. വ്യാസയിലെ വാകമരതണലിലെ കരിങ്കല്‍ മതിലിന്നരുകില്‍ ഒരു കാല്‍ പിന്നോട്ട് മടക്കി പാദം മതിലിനോട് ചേര്‍ത്തുവെച്ച് ഇടതു കൈകൊണ്ട് മതിലില്‍ പറ്റിചേര്‍ന്ന് പുതഞ്ഞു കിടക്കുന്ന പച്ചപൂപ്പലുകള്‍ അടര്‍ത്തി കൊണ്ടിരുന്നു. ആരോടോ വാശി തീര്‍ക്കാനെന്ന വണ്ണം സിഗരറ്റ് ആഞ്ഞു വലിക്കുകയും. പുക അന്തരീക്ഷത്തില്‍ വൃത്തം വരച്ചു വലുതായി വായുവിലുയര്‍ന്നു ലയിച്ചു. ഉയരുന്ന വെളുത്ത പുകയില്‍ റാണിയുടെ മുഖം തെളിയുന്ന പോലെ തോന്നി. പകുതി വലിച്ചുതീരുമ്പോഴേക്കും അവള്‍ പലപ്പോഴും പിടിച്ചു വാങ്ങി വലിച്ചെറിയാറുണ്ട്. എന്നിട്ട് പറയും..
ഓ..... നിക്ക് സിഗരറ്റിന്റെ മണം ഷ്ടാണെന്നു പറഞ്ഞത് പ്പോ വല്യേ കഷ്ടായി.. അതിന്റെ പേരില്‍ വലിച്ചു കൂട്ടന്നെ കൂട്ടന്നെ ഒരാള്... ചുണ്ട് തേരട്ട പോലെ കറക്കണത് കാനാല്യെ....
ഞാന്‍ നാവു കൊണ്ട് ചുണ്ട് നനച്ചു ചുവപ്പിക്കാന്‍ ശ്രമിക്കും. അവള്‍ പാതിവിടര്‍ന്ന ചിരി പിടിച്ചുവെച്ച് ഗൗരവം ചുണ്ടുകളില്‍ തേച്ചു പിടിപ്പിക്കും. നാളെ നല്ലപാതിയാവാന്‍ പോകുന്നതിന്റെ അധികാരം അവളുടെ മിഴികളില്‍ കത്തി നില്‍ക്കുമപ്പോള്‍. അതു കാണുക ഒരു സുഖലഹരിയാണ്.
വ്യാസയിലെ രസതന്ത്രലാബിലെ അലമാരക്കും ബീക്കറുകള്‍ക്കും കഥകള്‍ അയവിറക്കാന്‍ വിട്ടു ഇന്ന് കോളേജ് വിടുകയാണ്.. കലാലയ ജീവിതത്തിന്‍റെ അവസാനനാള്‍ അടുക്കുന്തോറും ആധിയായി തുടങ്ങിയിരുന്നു. ഇനിയെന്തു എന്ന ചോദ്യം മത്സ്യത്തിന്റെ വായില്‍ പെട്ട ചൂണ്ടകൊളുത്ത് പോലെ ഉള്ളില്‍ മുറിവുകള്‍ വീഴ്ത്താന്‍ തുടങ്ങി.... ? ജീവിതഭാരത്താല്‍ അമ്മയുടെ ഒട്ടിയ കവിളും അകാലനര വീണ തലയും കുഴിയിലാണ്ട കണ്ണുകളും കണ്ടു തലകുനിച്ചു ഇനി വീട്ടിലിരിക്കുക വയ്യ. പ്രണയം പറയാതെ, അറിയാതെ, വെള്ളവും വളവുമിടാതെ അങ്ങ് വളര്‍ന്നതാണ്. ആശിച്ചതല്ല; അര്‍ഹതപെട്ടതും. കോളേജില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയമുണ്ടാവുക എന്നത് പഠനത്തിന്റെ ഭാഗം പോലെയാണ് തോന്നിയത്. കുത്തികുറിക്കലുകള്‍ വായിച്ചു, കണ്ണുകളില്‍ ആരാധനയുടെ തിരയിളക്കവുമായി തന്നെ തേടി അവള്‍ വന്നപ്പോള്‍, പാതി വയറുമായി പടയോട്ടങ്ങളില്‍ പിന്തിരിഞ്ഞവന് എന്തുകൊണ്ടോ വേണ്ടെന്നു വെക്കാനായില്ല. വായനയും പ്രണയവും വിശപ്പ്‌ മറക്കാനുള്ള മറുമരുന്നായത് അങ്ങിനെയാണ്.
പേര് പോലെ തന്നെ ഒരു രാജകുമാരിയായി ജീവിക്കുന്ന, നാളെ ഒരു രാജാവിന്റെ റാണിയാവേണ്ട സുഭഗസൌന്ദര്യസുജാതജന്മ്മത്തിന്റെ ജീവിതം കരിന്തിരി കത്തിയപോലെയാവാന്‍ മനസ്സ് മടിച്ചു. ജീവിതത്തില്‍ പലതും വിധിച്ചിട്ടില്ല എന്ന് കുഞ്ഞുനാളില്‍ മുതല്‍ സമാധാനിച്ചു പഠിച്ചതിനാല്‍ റാണിയെ കയ്യകലത്തില്‍ നിര്‍ത്താന്‍ വിഷമമുണ്ടായില്ല. പതിയെ അകലം കൂട്ടി കൂട്ടി കരള്‍ പറിയുന്ന വേദനയോടെ അവളെ അകലത്തിലാക്കി . അകല്‍ച്ചയുടെ കാരണങ്ങള്‍ അവള്‍ കുത്തി നോവിച്ചു ചോദിച്ചില്ല. ഒന്നും മനസിലാവാഞ്ഞിട്ടും പരിഭവം പറയാതെ തന്റെ കണ്ണില്‍പെടാതെ തല കുനിച്ചു നടന്നു.
സുധേട്ടാ.. ആ സിഗരറ്റ് കളയൂട്ടോ ... മതി വലിച്ചു കയറ്റീത്.
മനസ്സിന്റ വ്യാപാരങ്ങളെ തട്ടിയുണര്‍ത്തിയ ശബ്ദം തിരിച്ചറിഞ്ഞു തിരിഞ്ഞു നോക്കി. പഠനത്തിന്റെ കനത്തഭാരം കണ്ണിൽ കറുപ്പെഴുതി, എപ്പഴോ ഒന്ന് കരഞ്ഞതിന്‍റെ കരിമഷി പടര്‍ന്ന കവിളുമായി അവള്‍ തൊട്ടടുത്ത്‌ വേനല്‍മഴയുടെ ആലിപ്പഴച്ചിരി പൊഴിച്ചു നിന്നു. ഗുൽമോഹറുകൾക്ക് എക്യദാർഢ്യം പ്രഖ്യാപിച്ചു അവളുടെ മിഴികള്‍ ചുവന്നിരുന്നു. ഒന്ന് മന്ദഹസിക്കാന്‍ ശ്രമിച്ചു വിഡ്ഢിചിരിയായി പരാജയപ്പെട്ടു ഒരു പൊട്ടനെ പോലെ നിന്നു. മാറോട് ചേര്‍ത്തു പിടിച്ച ഫയലിന്റെ അറ്റം കടിച്ചു കൊണ്ട്, വികൃതികാട്ടുന്ന മുടിയിഴകളെ ചെവിക്കു പിറകില്‍ ഒതുക്കിയിടാന്‍ പാടുപെട്ടു അവള്‍ എന്റെ കണ്ണുകളിലേക്കു നോക്കി. പറങ്കിമാവുകളെ തഴുകി വരുന്ന കാറ്റിന് കശുമാങ്ങയുടെ ഗന്ധമുണ്ടായിരുന്നു. റബ്ബര്‍ മരങ്ങളിലെ ഒട്ടുപാലിന്റെ ചൂര് കലര്‍ന്നതിനാൽ മദഗന്ധവും. പാലപൂ വിരിയുന്ന രാത്രികളില്‍ ഒഴുകി വരുന്ന അരുതായ്കയുടെ മണം. കാറ്റില്‍ അവളുടെ മുടിയടരുകള്‍ കണ്ണിലും കവിളിലും പാറി വീണു. പൂത്തു നില്‍ക്കുന്ന വാകമരത്തില്‍ നിന്ന് പ്രണയമലരുകള്‍ ഇടവേളകലില്‍ ദലമർമ്മരം പൊഴിച്ചടര്‍ന്നു വീഴുകയും.
ഉച്ചകളില്‍ പച്ചയുടുപ്പിട്ട മൊട്ടുകളില്‍ നിന്ന് പറിച്ചെടുത്ത ശീകരങ്ങള്‍ കൊണ്ട് പരസ്പരം കൊരുത്തു യുദ്ധം ചെയ്യുമായിരുന്നു ഞങ്ങള്‍. ഞാനെപ്പോഴും തോറ്റുകൊടുക്കുന്ന യുദ്ധം. എനിക്ക് ചിരപരിചിതമായ പരാജയത്തിന്റെ ആവര്‍ത്തനം. ജയിച്ച ലഹരിയില്‍ അവള്‍ തരുന്ന ഒരു നുള്ളിന്റെ സുഖനോവിനായി ജീവിതം മുഴുവന്‍ തോല്‍ക്കാന്‍ തെയ്യറാണെന്നു അവളോട്‌ പറയാതെ പറഞ്ഞ നാളുകള്‍. പലപ്പോഴും വാപൊത്തി ചിരിക്കുന്ന അവളുടെ വെളുത്ത കൈലെസോ, മാറിലമരുന്ന പുസ്തകമോ, തൊടുന്ന വട്ടപോട്ടോ, അഴക്‌ വിടര്‍ത്തിയെഴുതുന്ന കണ്‍മഷിയോ, മുഖത്തേക്ക് പാറി പടരുന്ന മുടിയിഴകളോ ആയിരുന്നെങ്കില്‍ എന്നാശിക്കുമായിരുന്നു. അവളെ തൊട്ടിരിക്കാന്‍ എന്തുമാകാന്‍ തെയ്യാറായിരുന്നു കൌമാരതുടിപ്പുകളില്ലാത്ത പട്ടിണിയുടെയും അപകര്‍ഷതയുടെയും പഷ്ണികോലം.
ഞാനെന്തിന്കിലുമൊക്കെ പറയുമെന്ന് പ്രതീക്ഷിച്ചവസാനം അവള്‍ ചോദിച്ചു..
എഴുത്വോ നിക്ക്....
ഇരുപത്തഞ്ചു പൈസയുടെ കാര്‍ഡ് വാങ്ങി പ്രണയം പുതുക്കണമെങ്കില്‍ അമ്മയുടെ വിയര്‍പ്പിന്റെ പങ്കു പാററണമെന്നു അവള്‍ മറന്നു കാണും. എഴുതില്ലെന്നു മനസ്സില്‍ ആവര്‍ത്തിച്ചുറപ്പിച്ചു പറഞ്ഞു...
എഴുതാം...
അവള്‍ വിശ്വസിച്ചപോലെ ദീര്‍ഘമായി നിശ്വസിച്ചു. അവളുടെ നിശ്വാസത്തിനു ചിലപ്പോള്‍ ചാമ്പക്കയുടെ മണമാണ്. ചിലപ്പോള്‍ അരിനെല്ലിക്കയുടെയും. ഉമിക്കരി കൊണ്ട് പല്ലുതേക്കുന്ന എന്റെ വായ്ക്കു സിഗരറ്റു മണം മാത്രമുണ്ടായത് ഒരു രക്ഷയായിരുന്നു. മുടികെട്ടിലേക്ക് പുകയൂതി വിടുമ്പോള്‍ അവള്‍ പറയും..
സുധേട്ടന്റെ വിരലുകളെക്കാള്‍ എന്നെയുണര്‍ത്തുന്നത് ഈ പുകച്ചുരുളുകളാണ് . സുധേട്ടന്റെ ഉച്ച്വാസവായുവും വായിലെ നനവും ചേര്‍ന്ന, പ്രണയത്തിന്റെ ചൂടും ചൂരുമുള്ള പുകചുരുളുകള്‍...
എത്രാ വേഗാ സുധേട്ടന്‍ മാറ്യേ... ന്റെ കുറ്റം ന്താണെന്നു നിക്ക് തു വരേം മന്സിലായിട്ടില്യാ ട്ടോ.. സാരല്യെ.. വല്യേ സാഹിത്യകാരനോക്കെ ആവുമ്പോ ഏതേലും കതേല് ഈ പൊട്ടി പെണ്ണിന് ഒരു സ്ഥാനം തന്നാ മതി. നിക്കത് ധാരാളം. ന്റെ കുട്ട്യോള്‍ക്ക് പോട്ടം കാണിച്ചു കൊടുത്ത് പറയാലോ ന്റെ കൂടെ പഠിച്ച ആളാ ന്ന്..
വാക്കുകള്‍ അവിടെ മുറിഞ്ഞു വീണു പിടഞ്ഞു. തേങ്ങലുകള്‍ കാറ്റിനോട് കലമ്പി തമ്മില്‍ കലരാതെ വേറിട്ട്‌ നിന്നു. കണ്ണീരു തുടക്കാതെ അവള്‍ കൈലേസും കാലവും മറന്നു നിന്നു. നൊമ്പരം താങ്ങാനാവാതെ, കദനഭാരത്താല്‍ രണ്ടു മൂന്നു ഗുല്‍മോഹറുകള്‍ പൊഴിഞ്ഞു വീണു. ചുവന്ന മൂക്കിനുമേല്‍ കണ്ണീരാല്‍ ഒട്ടിയ ഒരു പൂവിതള്‍ പറിച്ചെടുത്തു മതിലിനു മേലവള്‍ വെച്ചു.
ഓര്‍മ്മെണ്ടോ സുധെട്ടന്...അന്നോരിക്കെ ഞാന്‍ ചോയിചില്ലേ കണ്ണീരു അസിഡിക് ആണോ അതോ ആല്‍ക്കലിയാണോ ന്ന്... അന്ന് സുധേട്ടന്‍ പറഞ്ഞു.. നീ കരഞ്ഞു കണ്ണീരു വീഴ്ത്തി നീലലിട്മസ് പേപ്പര്‍ ചുവക്കുന്നുണ്ടോന്നു നോക്കീട്ടു എന്ന് സ്വയം കണ്ടു പിടിക്കൂ ന്ന്..
അവള്‍ ഒന്ന് നിര്‍ത്തി. ഞാന്‍ നിലത്തു വേരുറപ്പിച്ചുവെച്ച മിഴികളുയര്‍ത്തി അവളെ നോക്കി. അവള്‍ കൈലേസെടുത്ത് മുഖം തുടച്ചു. പാതി പിളര്‍ന്ന ചുണ്ടുകളിലെ നനവില്‍ നിന്ന് വേര്‍പെടാന്‍ മടിച്ച രണ്ടു മുടിയിഴകളെ വലിച്ചെടുത്തു ഒതുക്കിവെച്ചവള്‍ മുഴുമിച്ചു.
ഞാന്‍ കണ്ടു പിടിച്ചു സുധെട്ടാ... കണ്ണീരു അസിടിക് ആണ് .. ദാ നോക്ക്യേ...
കുറച്ചു നീലലിട്മസ് ചുരുളുകള്‍ അവള്‍ എന്റെ നേരെ നീട്ടി. വാങ്ങി നിവര്‍ത്തി നോക്കിയപ്പോള്‍ പലയിടത്തും ഭൂപടങ്ങള്‍ വരച്ചിട്ടപോലെ ചുവന്നു തുടുത്തിരിക്കുന്നു. ഞാന്‍ ദയനീയതയുടെ നിസഹായരൂപം പൂണ്ടു വിളിച്ചു..
റാണീ.....
സുധേട്ടാ... പുരുഷന്മാര്‍ പ്രണയത്തിന്റെ അടയാളങ്ങള്‍ ഒന്നും സൂക്ഷിച്ചു വെക്കില്ലെന്നറിയാം. എന്റെ കയ്യില്‍ ഇനിയുമുണ്ട് സായംസന്ധ്യപോലെ ചുവന്നുപോയ നീലലിട്മസ്സുകള്‍.. സുധേട്ടന്‍ ഈ ഗുല്‍മോഹറുകള്‍ക്കിടയില്‍ ഇതുപെക്ഷിച്ചോളൂ.. പൊതുവേ ജീവിതഭാരത്താല്‍ ക്ഷീണിതനായ സുധേട്ടന്‍ ഞാന്‍ തന്ന ഭാരങ്ങള്‍ ഇവിടെയിറക്കി വെച്ച് കലാശാലായുടെ പടിയിറങ്ങൂ.. കലകൌമുദീം മാത്രുഭൂമീം ഞാന്‍ എപ്പോഴും വാങ്ങും ട്ടോ. നിക്കറ്യാം ഇതില് രണ്ടിലും അല്ലാതെ സുധേട്ടന്‍റ്റെ കഥ വരില്യാ ന്നു..
ഞാന്‍ പോവ്വാ....
വാക്കും വചനവും അനര്‍ഗളമൊഴുകുന്ന എന്റെ നാവു തളര്‍ന്നുതന്നെ കിടന്നു. അവൾ നടന്നകന്നപ്പോൾ ചാമ്പക്കമണത്തോടൊപ്പം കശുമാങ്ങാമണമുള്ള കാറ്റും പിണങ്ങി പതിയെ പിന്‍വാങ്ങി.
നടന്നു നീങ്ങുന്ന അവളുടെ ഉപ്പൂറ്റിയില്‍ പറ്റിചേര്‍ന്ന മൺധൂളികളിലോന്നാവാന്‍ കൊതിച്ചു,
മടമ്പില്‍ ചേര്‍ന്നുരയുന്ന പാവാടഞൊറിയിലെ നൂലാകാന്‍ കൊതിച്ചു,
അവള്‍ ശ്വസിക്കുന്ന പ്രാണവായുവിലെ കണമാവാന്‍ കൊതിച്ചു,
കാലത്തെ പഴിച്ചു കരള്‍ വേവുന്ന കനലില്‍ വിയര്‍ത്തു നിന്നു.
കല്ലായി പോയ കൈകള്‍ കൊണ്ട് ലിട്മസ് പേപ്പര്‍ വിടര്‍ത്തി വീണ്ടും നോക്കി. രണ്ടുതുള്ളി കണ്ണുനീര്‍ വീണു കടലാസിലെ രണ്ടിടങ്ങള്‍ കൂടി ചുവന്നു. മതിലില്‍ അവള്‍ ഒട്ടിച്ചു വെച്ച പൂവിതളെടുത്തു കടലാസ്സില്‍ പൊതിഞ്ഞു മുറുകെ പിടിച്ചു.
കൈവിട്ടു പോവുന്ന എന്തോ ഒന്നിനെ തിരിച്ചു പിടിക്കാനുള്ള പിന്‍വിളിയെന്നോണം പറയാന്‍ കൊതിച്ച വാക്കുകള്‍ ചുവന്നു തുടുത്ത ഗുല്‍മോഹറുകളില്‍ വീണു നിണമുതിര്‍ത്തു. ..

അമൃതം...


അമ്മിഞ്ഞ നുണഞ്ഞു വളര്‍ന്നവര്‍ ജീവാമൃതായ അമ്മിഞ്ഞയില്‍ നിന്നും "അമ്മ"യെയെടുത്തു, ആദ്യം നുകര്‍ന്ന അമ്മിഞ്ഞപാലിന്റെ നന്മയും നേര്‍മയും നിലാവും ചേര്‍ത്തു "അമ്മേ" എന്നു മധുരമലയാളത്തില്‍ വിളിച്ചു. അമ്മ ചിരിക്കുമ്പോഴും കരയുമ്പോഴും കണ്ണില്‍ വെള്ളം നിറച്ചു. അമ്മക്ക് കണ്ണീര്‍ എന്ന് പര്യായം സ്വയമെഴുതി ചേര്‍ത്തു.
ഉറങ്ങാന്‍ കിടക്കുമ്പോഴും എണീക്കുമ്പോഴും അമ്മേ എന്ന് വിളിച്ചു. ജീവിതത്തില്‍ തളരുമ്പോഴും വിഷമം വരുമ്പോഴും അപകടം സംഭവിക്കുമ്പോഴും ഭഗവാന് പകരം 'അമ്മേ' യെന്ന് വിളിച്ചു.
അമ്മ സര്‍വവ്യാപിയായി, സഹനമായി, സഹവര്‍ത്തിയായി ക്ഷമയുടെ, സ്നേഹത്തിന്റെ ജീവചെയ്തന്യമായ് കൂടെ കൊണ്ട് നടന്നു.
ഇന്ന് പലതും വെട്ടിപിടിക്കാനും അടുക്കിചേര്‍ത്തുവെക്കാനുമുളള ഓട്ടപാച്ചിലില്‍ ഒന്നിനും സമയമില്ലാത്ത അമ്മമാര്‍ മക്കളെ മില്‍മ വാങ്ങി കുടിപ്പിക്കുന്നു. തനിയാവര്‍ത്തനം പോലെ ഇന്നത്തെ കുരുന്നുകള്‍ മില്‍മയിലെ രണ്ടു "മ" എടുത്തു ഇന്ഗ്ലിഷിലെ മോം എന്നതിനെ കൊന്നു കൊലവിളിച്ചു മമ്മി രൂപത്തിലാക്കി നിലവിളിക്കുന്നു. ബാം ചെയ്തു വെച്ച ചേതനയറ്റ മമ്മിയെ കുലുക്കി വിളിക്കുന്ന പോലെ അവര്‍ വിളിക്കുന്നു ..... മമ്മി... മമ്മി...
ചൈതന്യവും ചേതനയുമുള്ള "അമ്മ" വീടിന്റെ പിന്നംബുറത്തുള്ള അമ്മിയെ പോലെ ഉപകാരപെടാതെയാവുമ്പോള്‍ കാഴ്ചവസ്തുവായ "മമ്മി"യായി മാറുന്നതിങ്ങനെയാണ്..
നിങ്ങളിന്നു നല്‍കുന്ന ഭൌതികസൌകര്യങ്ങള്‍ മക്കള്‍ പലിശയോടെ കൂടി നാളെ തിരിച്ചു തന്നേക്കാം. എന്നാൽ അവര്‍ക്കന്യമായ, അവരറിയാത്ത, അവരെ സ്പര്‍ശിചിട്ടില്ലാത്ത അപരിചിതമായ സ്നേഹം എങ്ങിനെ തിരിച്ചു തരാനാണ് ?
സ്നേഹവും വാല്‍സല്യവും കുഞ്ഞുങ്ങളെ ഫീല്‍ ചെയ്യിക്കുകയാണ് വേണ്ടത്. അടുത്തിരുന്നും തൊട്ടും തലോടിയും ആശ്ലെഷിച്ചും ചുംബിച്ചുമാണ് പകര്‍ന്നു നല്‍കേണ്ടത്. സുഖസൌകര്യങ്ങളും ഉപഹാരങ്ങളുമായിട്ടല്ല. സ്നേഹം ഭൌതികരൂപത്തില്‍ കൊടുത്താല്‍ നാളെ തിരിച്ച് കിട്ടുന്നതും അതേ രൂപത്തിലായിരിക്കും.
ജീവിതാസ്തമയത്തില്‍
മരുന്നായി,
കൈവടിയായി,
ചക്രകസേരയായി....
വിവാഹവാര്‍ഷിക-പിറന്നാളാശംസകളായി...
വിളറി വെളുത്ത കടലാസ്സില്‍
ഔപചാരികതയുടെ മൂടുപടമണിഞ്ഞ, സ്വത്വം നഷ്ടപെട്ട നിഴല്‍രൂപങ്ങളായി, കണ്ണീര്‍ വീണു നനയാന്‍ വിധിക്കപെട്ട, ചേതനയറ്റ അക്ഷരകൂട്ടങ്ങളായി....
മരണകിടക്കയില്‍ നിങ്ങളുടെ ശിരസ്സ്‌ തലോടാനവർ മറന്നു പോകും...
കയ്യില്‍ കൈചേര്‍ത്തു പിടിക്കാനവര്‍ മറന്നു പോകും....
നെറുകയിലോരുമ്മ തരാനവര്‍ മറന്നു പോകും....
കരഞ്ഞു കൊണ്ട് പിറന്ന നിങ്ങള്‍,
കരയാന്‍ മറന്നു ഭൌതികലോകം വെടിയുമ്പോള്‍
ഒന്നുറക്കെ കരയാനും, ഒരുപക്ഷേയവര്‍ മറന്നുപോകും, ...!!!

Tuesday 13 January 2015

ജയ, ജയ, ജയ, ജയ ഹെ ....


മറ്റു പുരുഷന്മാരെപോലെതന്നെ എനിക്കും കടയില്‍ കയറി എല്ലാം വാരി വലിച്ചിട്ട് ചികഞ്ഞു നോക്കി " അയ്യോ, ഒന്നും ഇഷ്ടായില്ലാട്ടോ" എന്ന് പറഞ്ഞു ഇറങ്ങിപോരാന്‍ കഴിയില്ല. ഇഷ്ടപെട്ടാലും ഇല്ലെങ്കിലും പണ്ടാരമടങ്ങി എന്തെങ്കിലും ഒന്നും വാങ്ങി കാശ് കളയും. എന്നാല്‍ നോമിൻടെ ശ്രീമതി, ജയശ്രീ, അങ്ങിനെ കാശ് കളയാന്‍ തെയ്യാറല്ല. ഇഷ്ടപെട്ടില്ലെന്കില്‍ നല്ലൊരു മന്ദഹാസം കൊടുത്ത് കൂളായി ഇറങ്ങിപോരും. "എന്തോന്നടെ" എന്നയെന്റെ മുഖഭാവം കണ്ടു അവള്‍ പറയും.
നിങ്ങൾക്ക് ജോലീം ശമ്പളോംണ്ട്. എന്ത് തോന്ന്യാസവും സ്റ്റൈലും കാണിക്കാം. ന്റെ സ്ഥിതിയതല്ല. ഹുണ്ടികയിൽ ഇടുന്നപോലെ തന്നെ മാസബജെറ്റിലേക്ക് നീക്കിവെക്കണ കാശളവിൽ വല്യെ വ്യത്യസം ഇന്ടാവാറില്ല്യാലോ.. എത്ര കടേ കേറ്യാലും വലിച്ചിട്ടാലും വേണ്ടാന്ന് പറ്യാന്‍ നിക്കൊരു വെഷമോം നാണോം ല്യ..
വാങ്ങിയാല്‍ തന്നെ രണ്ടുദിവസം കഴിഞ്ഞു ഇഷ്ടപെട്ടില്ലെങ്കിൽ മാറ്റിവാങ്ങും.
ഞാന്‍ ലോട്ടറി എടുക്കുന്നതും ഇങ്ങിനെ തന്നെ. നൂറുരൂപ കൊടുത്ത് ടിക്കറ്റുകള്‍ തരാന്‍ പറയും. വിൽപ്പനക്കാരൻ അയാള്‍ക്ക്‌ ഇഷ്ടമുള്ളത് തരും. വാങ്ങി കീശയിലിട്ടു പോരും. ഒരു മാസശമ്പളകാരന് വെറുതെ പ്രതീക്ഷകള്‍ തളിരിടാനും കാശുകാരനാവുന്നത് സ്വപനം കാണാനും ഒരു കാരണം വേണം. അത്ര തന്നെ. സ്ഥിരമായി എനിക്ക് ലോട്ടറി തരുന്ന ആള്‍ ഞങ്ങള്‍ രണ്ടു പേരും കൂടിയുള്ളപ്പോള്‍ കണ്ടു.
" ന്താ സര്‍, ഒന്നും വാങ്ങാറില്ലല്ലോ..
ഓ... നമ്മുക്കൊക്കെ ഈ ഭാഗ്യം ന്നു പറേണതു സ്വപ്നംകാണുന്ന പോലെയാണ്. അത് കാണാന്‍ മാത്രേ അവകാശള്ളൂ, കണ്ണ് തുറന്നു നോക്കുമ്പോള്‍ ടിം. യോഗമില്ലാത്തവർ എന്തിനാണു കാശ് കളയുന്നത്.
ഞാന്‍ ശ്രീമതിയുടെ മുന്പിില്‍ തത്വജ്ഞാനിയായി. ലവന്‍ വിടുമോ...?
" ന്നാ പിന്നെ ചേച്ചിയെടുക്കട്ടെ. ചേച്ചിയെ കണ്ടാലറിയാം നല്ല ഐശ്വര്യമാണെന്നു ലവന്റെ നമ്പര്‍. പെണ്ണല്ലേ, ജയ അതില്‍ വീണു. നൂറു രൂപയ്ക്കു നമ്പര്‍ നോക്കിയും മാറ്റിയും തിരിച്ചുവെച്ചും കണക്ക് കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും ആയിരംരൂപയുടെ നോട്ടു കള്ളനോട്ടല്ല എന്ന് ഉറപ്പു വരുത്തുന്നത് പോലെ പൊക്കി പിടിച്ച് നോക്കിയും മൂന്നുടിക്കറ്റുകള്‍ തിരഞ്ഞെടുത്തു. വീട്ടിലെത്തിയ അവള്‍ വാങ്ങിയ പുതിയ സാരി ദേഹത്ത് പിടിച്ച് കണ്ണാടിയില്‍ നോക്കുന്നപോലെ. ടിക്കെറ്റുകള്‍ എടുത്തു ഒന്ന് കൂടി തിരിച്ചും മറിച്ചും നോക്കി, അക്കങ്ങള്‍ കൊണ്ട് വിരലില്‍ കായികാഭ്യാസങ്ങള്‍ നടത്തി, കണക്ക് കൂട്ടലുകള്‍ തെറ്റിയ, ഒക്കെ കണക്കായ ജീവിതത്തില്‍ ഒന്ന് കൂടി കണക്ക്കൂട്ടലുകള്‍ നടത്തികൊണ്ട്, ഒരു ടിക്കറ്റ്‌ കയ്യില്‍ നീട്ടി പിടിച്ചു എന്തോ പറയാന്‍ മുന്നോട്ടാഞ്ഞു.പതിനാറു വര്‍ഷത്തിന്റെ അനുഭവമുളള ഉള്ള ഞാന്‍ അപകടം മണത്തു, ഒരു മുഴം നീട്ടിയെറിഞ്ഞു,
" ജയേ, ഇത് സാരിയല്ലാട്ടോ മാറ്റി വാങ്ങാന്‍.. "
അവള്‍ മടങ്ങിയടങ്ങി. പിറ്റേദിവസം ഐശ്വര്യവതിയായ ഭാര്യ, വീടിന്റെ മൂലയിലിരിക്കുന്ന പരസ്പരം ബന്ധുക്കാരായ, ആണും പെണ്ണു കുട്ടികളുമടങ്ങുന്ന ദൈവങ്ങളെ നോക്കി മനസ്സില്‍ എന്തോ പറഞ്ഞിട്ട് മലയാളത്തിന്റെ സുപ്രഭാതമെടുത്തു നമ്പര്‍ മാറിമാറി നോക്കി. മുഖത്തെ ഐശ്വര്യവും തേജസ്സും, പഴയകാല സിനിമയിലെ യുഗ്മഗാനംപോലെ അടര്‍ന്നകന്നുപോയി. തലപൊക്കി ജഗദീശ്വരന്മാരെ ഒന്ന് നോക്കി, "ടി പി ബാലഗോപാലന്‍ എം എ" സിനിമയിൽ മോഹന്‍ലാലിനെപോലെ, മുഖം ചെരിച്ചു, ചുണ്ട് വക്രിച്ചു, കൈമലര്‍ത്തി നല്ല ഐശ്വര്യ ത്തോടെ പറഞ്ഞു..
അയ്യെടാ.................

സ്വത്വം.....


നരച്ചു വെളുത്ത നഭസ്സില്‍ വിടര്‍ന്നുല്ലസിച്ചിരുന്ന വാര്‍മഴവില്ലിനു നിറങ്ങള്‍ കൈമോശം വന്നതെങ്ങിനെയാണ്.....

നേരിന്റെയും നേര്‍മയുടെയും നിറങ്ങള്‍ക്കെന്നാണ് തെളിമയും നൈര്‍മല്യവും നഷ്ടമായത്...

എന്ന് മുതലാണ്‌ വായുവിനും വെള്ളത്തിനും അരാജകത്വത്തിന്റെ ഇരുള്‍നിറം കൈവന്നത്...

ഐശ്വര്യത്തിന്റെ, സമൃദ്ധിയുടെ, വര്‍ഷാരംഭത്തിന്റെ സുവര്‍ണ്ണവര്‍ണ്ണമായ കര്‍ണ്ണികാരത്തിനു തങ്കതിളക്കം നഷ്ടമായതെന്നാണ്.....

ഉര്‍വ്വരതയുടെ ഹരിതവര്‍ണ്ണത്തില്‍ നിന്ന് ചേതന പിണങ്ങി പടിയിറങ്ങി പോയതെന്നാണ്...

ഉദയാസ്തമനസൂര്യന്‍റെ യൌവ്വനം ജ്വലിക്കുന്ന കനല്‍മുഖം മങ്ങിവിളര്‍ത്തതെന്നു മുതലാണ്...

സത്യത്തിന്റെ, വിശുദ്ധിയുടെ, നന്മയുടെ നിര്‍മ്മലഭാവം വര്‍ണ്ണവിവേചനമറിയാത്ത വെളുപ്പിന് അന്യമായതെന്നാണ്...

ബ്രഹ്മചര്യത്തിന്റെ , വൃതശുദ്ധിയുടെ, സന്ന്യാസത്തിന്റെ പര്യായമായ കാവിയുടെ തേജസ്സടര്‍ന്നു പോയതെന്നാണ്...

നീലവിഹായസ്സില്‍ പാറികളിക്കുന്ന ത്രിവര്‍ണ്ണത്തെ അലക്കല്ലില്‍ അടിച്ചുവെളുപ്പിച്ചു നിറങ്ങള്‍ ചോര്‍ത്തിയെടുത്തതാരാണ്...

ഗഗനസാഗരനീലിമക്കും നിന്റെ കണ്ണിലെ പ്രണയനിലാവിനും അശ്ലീലം ബാധിച്ചതെന്നു മുതലാണ്‌......

പത്രദൃശ്യമാധ്യമങ്ങള്‍ നുണകൾക്ക് മേലാടയണിയിച്ച് അക്ഷരവെളിച്ചം ഊതികെടുത്തിയതെന്നുമുതലാണ്...

എന്നുപെയ്ത മഴയിലാണ്ണ് കൂണൂകൾപോലെ ഇരുളിൻടെ സന്തതികളായ നൂറുകണക്കിന് ദുരാഗ്രഹരാഷ്ട്രീയങ്ങൾ ജന്മമെടുത്തത്....

എന്നാണ് എൻടെ ദേശീയതയിലും രാഷ്ട്രബോധത്തിലും ജാതിമതമേലാളവേതാളികൾ വിഭാഗീയതയുടെ വിഷവിത്തുകൾ വിതച്ചത് .......

എന്നാണു നിരന്തരം, നിര്‍ഭയം, നിഷ്പക്ഷം, അര്‍ഥം നഷ്ടപെട്ട അക്ഷരകൂട്ടങ്ങളായി നെറികേടിന്റെ നേര്‍പരിചേദങ്ങളായത്.....

എന്ന് മുതലാണ്‌ കേവലമനുഷ്യന്‍റെ ജന്മവും മരണവും കലണ്ടറിലെ കറുത്തയക്ഷരങ്ങളെ ചുവപ്പിച്ചത്....

എന്റെ സ്വാതന്ത്ര്യം ഹനിക്കലാണ് നിന്റെ സ്വതന്ത്ര്യമെന്നത് നീ വിശ്വസിച്ചു തുടങ്ങിയതെന്നാണ്....

എന്നുമുതലാണ് ദൈവങ്ങള്‍ പാതയോരങ്ങളില്‍ ഭിക്ഷക്കായ്‌ ഹുണ്ടിക വെച്ചിരിക്കാന്‍ തുടങ്ങിയത്...

എന്നു മുതലാണ്‌ അമ്മിയും ആട്ടുകല്ലും ഉരലും ഉലക്കയും കൂട്ടിയിട്ടിടത്തു വാര്‍ദ്ധക്ക്യങ്ങള്‍ക്കായ്‌ നമ്മള്‍ പായ വിരിച്ചത്...

എന്ന് മുതലാണ് നമ്മള്‍ വാതായനങ്ങള്‍ കൊട്ടിയടച്ചു ജനലിലൂടെ ഒളിഞ്ഞു നോക്കാന്‍ പഠിച്ചത്...

എന്ന് മുതലാണ്‌ അടുത്ത വീട്ടിലെ മുറ്റവും കിണറും പയറും മുളകും മുരിങ്ങയിലയും നമ്മുടെയല്ലാതായത്...

എന്നാണു അതിരുകളിലെ വേലിപൊത്തുകളും ഇടകളും വേര്‍തിരിവുകളുടെ ചങ്ങലകണ്ണികള്‍പോലെ ചേര്‍ന്നുറച്ചു പോയത്...

എന്നാണു ഓണം എന്റേയാഘോഷവും റംസാനും ക്രിസ്മസ്സും നിന്റെതുമാത്രമായത്.

എന്നുമുതലാണ്‌ എന്റെ ശരിയും നിന്റെ ശരിയും, പിന്നെ അശോകചക്രത്തിലെ മറഞ്ഞു കിടക്കുന്ന നാലാമത്തെ സിംഹംപോലെ മറ്റൊരു ശരിയുമുണ്ടായത് ....

എന്നാണു എന്നില്‍ നിന്നും ഒരു വ്യത്യസവുമില്ലാത്ത നീയെനിക്ക് അന്ന്യനായത്...

എന്നാണു ഞാന്‍ ഞാന്‍ മാത്രമായത്; എന്റേ എന്റേതു മാത്രമായത്...
കാലമേ....

എനിക്ക് നഷ്ടമായതെല്ലാമെനിക്ക് തിരിച്ചു തരിക. എനിക്ക് എന്നെയും നിനക്ക് നിന്നെയുമല്ല; നമുക്ക് നമ്മെ തിരിച്ചു തരിക....

മനുഷ്യനെന്ന പദം വെറുംവക്കാവാതെ, ഒരു വികാരമാക്കാന്‍, എന്നില്‍ നിന്നടര്‍ത്തിയെടുത്തതെല്ലാമെനിക്ക് തിരികെ തരി.

കാലമേ..... തിരികെ തരിക...

മമ മതം...


ഊഴം.... ( 2014 )



വിടവാങ്ങലിന്റെ വേപഥുവിലും
കാലം ചെയ്ത കാലത്തിന്റെ കദനഭാരത്തിലും
കണ്‍നിറഞ്ഞു, കവിള്‍ തുടുത്തു, കാലൊച്ചയില്ലാതെ
കുനിഞ്ഞ ശിരസ്സുമായവള്‍ പതിയെ പടിയിറങ്ങുകയാണ്.


രാവിനും പകലിനും സുഖത്തിനും ദു;ഖത്തിനും
ഉയ൪ച്ചക്കും താഴ്ച്ചക്കും ഉയിരിനും ഉടലിനും
ഉണര്‍വിനും ഉറക്കത്തിനും മൂകസാക്ഷിയായി,
ഋതുഭേദങ്ങളെ പകുത്തെടുത്തു, നനഞ്ഞും തണുത്തും ഉഷ്ണിച്ചും
യോഗനിയോഗസമാഗമത്തിന്റെ നിര്‍വൃതിയില്‍ വിടചൊല്ലുകയാണ്.

ചുംബനസീല്‍ക്കാരശബ്ദമുടയുംമുമ്പ്,
തീക്ഷണതൃഷ്ണകളുടെ വിയര്‍പ്പുണങ്ങും മുമ്പ്
ചേര്‍ത്തണച്ച കൈകളിലെ ഊഷ്മളതയാറും മുമ്പ്
അശ്വവേഗകിതപ്പുകളുടെ ശ്വാസഗതി താഴും മുമ്പ്,
മധുവിധുമധുരം മറയുംമുമ്പ് മണിയറ വിട്ടു വഴിമാറുകയാണ്.

സ്വപ്നബാക്കിയാല്‍ പാതിയടഞ്ഞ മയിൽപ്പലിയിമകളും
പുന്ചിരിപൂക്കളാൽ കൊളുത്തിട്ട ചുണ്ടുകളുമായി
പടി കയറിവരുന്ന പുതുപെണ്ണിനെ നോക്കിയവളൊന്നു ചിരിച്ചുവോ... ?

പൂത്തു തളിര്‍ത്തു ചിരിച്ചുല്ലസിച്ചു നില്‍ക്കാന്‍ ഒരു വേനലിന്റെയും മഴയുടെയും ദൂരയളവെന്നവള്‍ പറയാതെ പറഞ്ഞുവോ....?

പിന്‍വിളിക്കായ് തിരിഞ്ഞ നിമിഷവേളയില്‍,
തടയിണകെട്ടിയ കൺതടാകത്തില്‍ നിന്നൊരുനീർമണി അറിയാതെയുതിര്‍ന്നുവോ...

സുധാമൊഴിയിതളുകൾ.....

മൂകശബ്ദങ്ങള്‍  
................................................................................
മൗനവും മൂകതയും ശബ്ദമില്ലായ്മയാണ്.
സംവേദനത്തിന്‍റെ നിശ്ശബ്ദശബ്ദമാണ് മൗനമെങ്കില്‍ മരണത്തണുപ്പിന്റെ തേങ്ങലാണ് മൂകത.
മൗനം ജീവന്റെ ചലനഭാവമാണ്.
മൂകം, മരവിപ്പിന്റെ നിശ്ചലതയും!
..........................................................................

പ്രണയം
..........................................................................
നിന്നില്‍ എന്നെയും എന്നില്‍ നിന്നെയും കാണുന്ന അര്‍ദ്ധനാരീശ്വരഭാവമാണ് പ്രണയം.
വഴിയളന്നു നടക്കുന്ന നിന്‍റെ പിൻപാദങ്ങളിൽ നിന്നടർന്നവിഴുന്ന മൺധൂളികളാണ് പ്രണയം.
ജീവിതത്തിനും മരണത്തിനുമിടയില്‍ നടന്നളക്കാന്‍ കഴിയാത്ത മൂന്നക്ഷരചുവടുകളാണ് പ്രണയം.
...............................................................................

വർണ്ണം....

ഇരുട്ട് വെളിച്ചത്തിൻടെ വിപരീതമല്ല; കാഴ്ചയുടെ നിറഭേദമാണ്.
കാണാകാഴ്ചയുടെ ഗഹനചാരുതയാണ്.
വെളുത്തപശ്ചാതലത്തിലെഴുതിയ അക്ഷരവെളിച്ചംപോലെ പരസ്പരപൂരകങ്ങളാണ്.
വെളിച്ചം ദീപ്തസ്വപ്നമാണ്; ഇരുട്ട്, സുഖസുഷുപ്തിയും !!!
 ------------------------------------------------------------------------
കൈ നിവര്‍ത്തിപിടിച്ചു നോക്കുമ്പോള്‍ പരസ്പരം ചേദ്ദിക്കപ്പെട്ട് വരവിസ്മയചിത്രം വരച്ചു കുറെ രേഖകള്‍ കിടക്കുന്നു.
ആയുസ്സും ബുദ്ധിയും അന്തസ്സും പരസ്പരം വെട്ടിമുറിവേല്‍പ്പിച്ചപ്പോള്‍ ഏതു രേഖയാണ് പെണ്ണേ, എന്നെയും നിന്നെയും കൂട്ടിമുട്ടിച്ചത്...
------------------------------------------------------------------------
അന്ന് വൃക്ഷതണലിലിരുന്നാണ് തപസ്സു ചെയ്തിരുന്നത്. ഇന്ന് തണലിനായി തപസ്സു ചെയ്യുന്നു..
 ------------------------------------------------------------------------
അന്ന് ചെമ്മീനെന്ന സിനിമയെടുത്തപ്പോള്‍ ചെന്ബന്‍കുഞ്ഞും പഴനിയും കറുത്തമ്മയുമൊക്കെയായിരുന്നു കഥാപാത്രങ്ങള്‍.
ഇന്നാണെങ്കില്‍ വെറോനിക്കയും ഡിക്രൂസും പെരേരയുമാവുമായിരുന്നു.

------------------------------------------------------------------------
നിങ്ങളുടെ ജീവിതകഥ എഴുതുവാന്‍ ആരേയും അനുവദിക്കാതെ ആത്മകഥയെഴുതുക.
മറ്റുള്ളവര്‍ എഴുതുന്ന ജീവിതകഥയില്‍ ജീവിതമേ കാണൂ; ആത്മാവ് കാണില്ല.
------------------------------------------------------------------------
മുന്‍പ് ഫീ കൊടുക്കാതെ പഠിപ്പിച്ചത് സര്‍ക്കാര്‍ സ്കൂള്‍ ആയിരുന്നു. ഇന്ന് ഫീ വാങ്ങാതെ ജീവിതം പഠിപ്പിക്കുന്നു..
------------------------------------------------------------------------
 
ജനനമെന്ന ഉദയത്തില്‍ നിന്ന് മരണമെന്ന അസ്തമയത്തിലേക്കുള്ള മൂന്നക്ഷരദൂരയളവാണ് ജീവിതം..

സദാചാരി...

നിൻടെ ശിരോലിഖിതങ്ങൾ പകുത്തെടുക്കാൻ കഴിയാത്ത എൻടെയോഗനിയോഗങ്ങൾക്കുളള ശേഷക്രിയയാണ് സദാചാരം.

കരളുറപ്പില്ലാത്തയെനിക്കന്ന്യമായ സുരലഹരിയുടെ അക്ഷരരൂപമാണ് സദാചാരം.
അടക്കിയൊതുക്കിവെച്ച എൻടെ ഭോഗതൃഷ്ണകളുടെ രതിമൂർച്ചയാണ് സദാചാരം.

എന്നിലെ ജാരനെ നിന്നിൽ കാണുമ്പോൾ വാടിതളർന്നണഞ്ഞുപോകുന്ന പുരുഷഭാവമാണ് സദാചാരം.

അവൻടെ കുതിപ്പിലും കിതപ്പിലും വിയർത്തൊലിക്കുന്ന നിൻടെ നിമ്നോന്നതങ്ങളിൽ എരിഞ്ഞുതീരുന്നയെന്നിലെ ഷണ്ഡനാണ്, സദാചാരി!!!

------------------------------------------------------------------------
 
അധരവ്യായാമം.
കൂടെ പിറന്നവർക്ക്,
മക്കൾക്ക്,
മരുമക്കൾക്ക്, പേരകുട്ടികൾക്ക്
മൂർദ്ധാവിൽ വാത്സല്യചുംബനം.
ഇരുളിൽ,
മറവിൽ,
അടർന്നുവീഴുന്ന അസുലഭനിമിഷങ്ങളിൽ,
കുളിർകോരുന്ന പ്രണയചുംബനം.
മനവും തനുവുമൊന്നായ് ജീവിതസഹയാത്രികക്ക്,
ഊഷ്മളസ്നേഹചുംബനം.
പൊതുപ്രദർശനസുഖത്തിനായ്,
പാതയോരമലമുത്രവിസർജനം പോലൊരു
ശ്വാനസുരതചുംബനം!!!

സഖി


ഞാൻ നോക്കുന്ന കണ്ണാടിയില്‍
പ്രതിഫലിക്കപ്പെടുന്ന മുഖം നിന്റെതാണ്.
ഞാന്‍ കുറിക്കുന്ന അക്ഷരനിറം
നിന്റെ കണ്ണിലെ കറുപ്പാണ്.
ഞാന്‍ കുളിച്ചു കയറുന്ന നീലജലാശയം
നിന്റെ കണ്‍തടത്തിലൂറിയ മിഴിനീർത്തടാകമാണ്.
ഞാൻ താണ്ടുന്ന ഇരുൾപാതകളിൽ വഴിതെളിയിക്കുന്ന പ്രകാശധാര
നിന്റെ ചിരിപ്രഭയാണ്.
ഞാൻ തല ചായ്ച്ചുറങ്ങുന്ന വഴിയമ്പലം
നിന്റെ വിസ്തൃത മടിത്തട്ടാണ്.
എന്‍റെ ഇരുകര്‍ണ്ണങ്ങളില്‍ അലയടിക്കുന്ന ഗാനധാര നിന്റെ ചിരിയലകളാണ്.
എന്‍റെ നൊമ്പരങ്ങള്‍ ഇറക്കിവെക്കുന്ന അത്താണിയാണ് നിന്റെ നീര്‍മാതള മാറിടം.
നിൻ മിഴിമൊഴികളിലെ മൗനമാണ് പ്രണയത്തിന്‍റെ സാഗരഗർജ്ജനം.
നീയുതിർക്കുന്ന ചുടുനിശ്വാസങ്ങളാണെൻ പ്രാണന്‍റെ മിടിപ്പും തുടിപ്പും.
നിൻ സ്നിഗ്ധരുധിരയധരങ്ങളിൽ വിരിയുന്ന മുഗ്ദഹാസമാണെൻ ജീവിതായനപാഥേയം.

പ്രതിനായകന്‍ .....

ഭാഗം  1 ( വിത്തുകള്‍)

ദേഹം നന്നായി നീറുന്നുണ്ട്. മണ്ണില്‍ ഉരഞ്ഞുപൊട്ടിയും ഭീമസേനന്‍ മാന്തിപോളിച്ചും അടര്‍ന്നുപോയ തൊലികളില്‍ ചോരപൊടിഞ്ഞു നില്‍ക്കുന്നു. ദാസിപെണ്ണുങ്ങള്‍ ചൊരയൊപ്പിയെടുത്തു മരുന്ന് പുരട്ടിയെങ്കിലും ഇപ്പോഴും ചോര കിനിയുന്നുണ്ട്. വേദനയില്ല മറിച്ചു സുഖം തോന്നുന്നുകയാണ്. ഭീമനെ കീഴ്പെടുത്താനായതില്‍ ആല്‍മഹര്‍ഷം കൊണ്ട് ശരീരം തുടിക്കുകയാണ്. അവനെ തനിക്കു നേരിടാന്‍ കഴിയില്ലെന്നാണ് കരുതിയത്‌.. അശാന്തിയുടെ തീരഭൂമിയായിരുന്ന മനസിപ്പോള്‍ നിര്‍മ്മലമാണ്. ഒറ്റയ്ക്കാവുമ്പോള്‍ അശുഭശകുനംപോലെ വൃകൊദരനെ കുറിച്ചുള്ള ചിന്തകള്‍ കടന്നു വരും. തന്നെക്കാള്‍ ആകാരവും ബലവും അവനുണ്ട്. കാഴ്ചയില്‍ മന്ദബുദ്ധിയെന്നുതോന്നും. തീറ്റഭ്രാന്തനാണ്. അവന്‍ ദിവസവുമെന്നുവെച്ചു വളരുകയാണ്. അറിയാത്തഭാവത്തില്‍ അവന്‍ സഹോദരരെ ചവിട്ടുന്നതും മുതുകത്ത് ഇടിക്കുന്നതും കൂട്ടത്തോടെ പിടിച്ചു ശ്വാസം മുട്ടിക്കുന്നതും പതിവായപ്പോള്‍ താനും കുറേശ്ശെ തിരിച്ചു കൊടുക്കാന്‍ തുടങ്ങി. തന്നോട് അല്പം അകന്നാണ് അവന്‍ നടക്കുക. അവന്റെ പരാക്രമം മുഴുവന്‍ ഇച്ചിരിപോന്ന സഹോദരന്മാരോടാണ്. വൃകോദരന് ശക്തിയെയുള്ളൂ; ബുദ്ധിയില്ല. അവന്റെ കൈക്കുള്ളില്‍പെട്ടാലെ അവനെന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളൂ. പിടികൊടുക്കാതെ മാറിയും തിരിഞ്ഞും ഒളിഞ്ഞും താന്‍ ആക്രമിക്കുകയായിരുന്നു.

അനിയന്മാരുടെ നിലവിളികേട്ട് ഓടിചെല്ലുമ്പോള്‍ ഭീമസേനന്‍ അവര്‍ കയറിയിരുന്ന മരം പിടിച്ചു കുലുക്കി താഴെയിടാന്‍ നോക്കുകയാണ് അവര്‍ കൊമ്പുകളെ മുറുകെപിടിച്ചു "ജ്യെഷ്ടാ ജ്യെഷ്ടാ" എന്ന് കരയുന്നു. ഉപദ്രവിക്കുന്നതിന്റെ രസത്തിനിടയില്‍ താന്‍ പിറകെവന്നത് മന്ദന്‍ കണ്ടില്ല.. രണ്ടു കൈകള്‍ കൊണ്ട് പിന്നില്‍നിന്ന് കാലുകള്‍ വാരിയെടുത്തു നിലത്തടിച്ചു.. മുഖമടച്ചു വീണതിന്റെ വേദനയില്‍ ഭീമന്‍ എരുമ അമറുന്ന പോലെ കരഞ്ഞു.. എടുത്താല്‍ പൊന്താത്ത ശരീരം അവനു ദോഷമാവുകയായിരുന്നു. കൈകള്‍ കുത്തി എണീക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് മുതുകത്ത് മുട്ടുകാല്‍ മടക്കി ഇടിച്ചു.. അവന്‍ ഇടതു കൈപൊക്കി തന്നെ അള്ളിപിടിക്കാന്‍ നോക്കി. കിട്ടിയ ഭാഗങ്ങളില്‍ അമര്‍ത്തിമാന്തി. വലത്തേക്കും ഇടത്തേക്കും മാറിമാറി ചാടി അവന്‍റെ കഴുത്തിലും വാരിയെല്ലിലും താഡനങ്ങള്‍ ഏല്പിച്ചു. പുറംകാല്‍ മടക്കി അവനടിച്ചപ്പോള്‍ താന്‍ തെറിച്ചു വീണു.. തന്റെ കാലുകള്‍ പിടിച്ചു അവന്‍ മണ്ണിലൂടെ വലിച്ചു മരത്തിനു ചുറ്റും നടന്നു. ദേഹമാകെ മുറിയുന്നു. കുനിഞ്ഞു തന്നെ എടുത്തു പോക്കാന്‍ നോക്കിയപ്പോള്‍ ഇതുതന്നെ അവസരമെന്ന് കണ്ടു മുന്‍പോട്ടു വളഞ്ഞു മൂക്കില്‍ ആഞ്ഞിടിച്ചു.. ചോരതെറിച്ച മൂക്കില്‍ പിടിച്ചു വൃകോദരന്‍ ഒരു നിമിഷം തരിച്ചു നിന്നപ്പോള്‍ എണീറ്റ്‌ പിറകിലൂടെ അവന്റെ രണ്ടും കയ്യും പിന്നിലേക്ക്‌ വളച്ചു മരത്തിനു പിറകില്‍ ചേര്‍ത്ത്പിടിച്ചു.. അവന്‍ തന്റെ കൈകളിലും വാരിയിലും നഖക്ഷതങ്ങള്‍ വീഴ്ത്തികൊണ്ടിരുന്നു. സഹിച്ചു നിന്നു. പിടിവിട്ടാല്‍ തന്റെ കഥ കഴിയും. വിയര്‍പ്പില്‍ കുതിര്‍ന്നു രക്തമൊഴുകി കൊണ്ടിരുന്നു. ശക്തി മുഴുവനും കൈകളില്‍ ആവാഹിച്ചു ഇടതുകാല്‍ മരതടിയില്‍ അമര്‍ത്തി ചവിട്ടി അവന്റെ കൈകള്‍ വിടാതെ വലിച്ചു പിടിച്ചു നിന്നു. ഒടുവില്‍ ആനപന്തിയിലെ കാവല്ക്കാരാണ് വിദുരരെ കൊണ്ട് വന്നത്.. സാത്വികമുഖത്തു പതിവിനു വിപരീതമായ കോപം കണ്ടു. തന്നെ തള്ളിമാറ്റി ഒന്നും ചോദിക്കാതെ ഭീമനെ കൊണ്ട്പോയപ്പോള്‍ വേദന തോന്നി.

ധനുമാസമായതിനാലാവണം ഇരുട്ടും തണുപ്പും ഇണചേര്‍ന്ന് സന്ധ്യക്ക് മുന്‍പ് തന്നെ ഇരച്ചു കയറി വരും. സന്ധ്യാവന്ദനത്തിനു ഇനിയും സമയമുള്ളതിനാല്‍ കുറച്ചു നീന്തി തുടിക്കാമെന്നു കരുതിയാണ് അഭ്യാസശിബിരത്തില്‍ നിന്ന് നേരെ പുഴക്കരയിലേക്ക് പോന്നത്.. കൂടെ ചിത്രസേനനും ദുശാസനനും സാമനും ദ്രിതവര്‍മ്മാനും മാത്രമേ പോന്നുള്ളൂ.. ശിശിരമാസസന്ധ്യയിലെ ജലതണുപ്പ് മെയ്‌ വഴക്കത്തെ ബാധിക്കുമെന്നുള്ള ആചാര്യന്റെ ഉപദേശം രക്ഷയാക്കി മറ്റുള്ളവര്‍ ചൂടുവെള്ളത്തില്‍ കുളിക്കാനായി കുളിമുറികളില്‍ കയറുകയായിരുന്നു. സീമന്തപുത്രനായ തനിക്കു ദാസിപെണ്ണുങ്ങളുടെ മുന്‍പില്‍ തുണിയഴിക്കാന്‍ മടി തോന്നിതുടങ്ങിയിരിക്കുന്നു. ഒഴുക്കിനെതിരെ നീന്താന്‍ എന്നും വെന്പല്‍കൊള്ളുന്ന തനിക്ക് വെട്ടിയാല്‍ മുറിയാത്ത ജലപരപ്പിലേക്ക് എടുത്തുചാടുക രസകരമായാണ് തോന്നാറു. എന്നും തന്റെ ശരീരത്തെയും ആല്‍മാവിനെയും വെല്ലുവിളിക്കുന്ന എന്തിനെയും എതിരിടാനുള്ള ത്വര ബാല്യംമുതലേ മുന്നിട്ടു നിന്നിരുന്നു. പതിനായിരം മദയാനകളുടെ ശൌര്യവും ശക്തിയുമുള്ള ഒരച്ഛന്റെ മകനായി പിറന്നതിന്റെ അഹന്തയാവും ഒരുപക്ഷെ തന്നെ വിഘ്നങ്ങള്‍ കവച്ചു വെക്കാതെ, തച്ചുടച്ചു മുന്നോട്ടു പോകാനുള്ള ഊര്‍ജം തരുന്നത്. മഹാമേരു കണക്ക് ആജാനാബാഹുവായ പിതാവിന് കാഴ്ച കൂടിയുണ്ടായിരുന്നെങ്കില്‍ ചക്രവര്‍ത്തിയായെനെയെന്നു തോന്നാറുണ്ട്. ശക്തിദുര്‍ഗമായിട്ടും പുറംകാഴ്ചകള്‍ അന്യമായ രാജാവ് ഭരണം അനുജന് വിട്ടുകൊടുത്തത്തില്‍ ഇന്ന് ദുഖിക്കുന്നുണ്ടാവും. തുമ്പികൈ പോലുള്ള കൈകള്‍ കൊണ്ട് പുറം തലോടുമ്പോള്‍ ആ വെള്ളികണ്ണുകളില്‍ നനവ്‌ വരുന്നുണ്ടോയെന്ന് നോക്കും. ഇല്ല; അവ നിശ്ചേതന നിശ്ചല നെരിപ്പോടായി എരിഞ്ഞുതീര്‍ന്നു കെട്ടുകിടക്കുകയാണ്. വരണ്ട കണ്‍തടങ്ങളില്‍ തെളിച്ചവും തെളിനീരും പിറവികൊള്ളാത്തത് അദേഹത്തിന് തുണയായി കാണണം. അമ്മയാണെങ്കില്‍ എപ്പോഴും അച്ഛന്റെ കൂടെയാണ്. രാത്രികളില്‍ മാത്രമാണ് അമ്മയെ കാണാന്‍ തന്നെ കിട്ടാറു. പതിസ്നേഹത്താല്‍ നയനങ്ങള്‍ എന്നെന്നേക്കുമായി കെട്ടിയടച്ച അമ്മക്ക് എല്ലാവരെയും ഒരിക്കല്‍ പോലും കണ്ടിട്ടില്ല. തന്റെ മക്കള്‍, ദാസിയിലുണ്ടായ മക്കള്‍ എന്ന വേര്‍തിരിവില്ലവര്‍ക്ക്. എല്ലാവരോടും ഒരേപോലെ സ്നേഹം. എല്ലാവരും അച്ഛന്റെ, കുരുവംശത്തിന്റെ ചോരയല്ലേ..

പാഴ്ചിന്തകളില്‍ നിന്നുണരാന്‍ സുയോധനന്‍ ഉടയാടകള്‍ പറിചെറിഞ്ഞു ഞൊറിവിടര്‍ത്തിയ ചേലപോലെ വിടര്‍ന്നു പരന്നൊഴുകുന്ന പുഴയുടെ മാറിലേക്ക് എടുത്തുചാടി. അക്കരെപോയിവരാമെന്ന് പറഞ്ഞു കൈകള്‍ നീട്ടിയെറിഞ്ഞു പുഴയ്ക്കു വിലങ്ങനെ കമിഴ്ന്നും മലര്‍ന്നും നീന്തി. പക്ഷെ പിന്നെയും ചിന്തകള്‍ തണുപ്പിനെ പോലെ തന്നെ വരിഞ്ഞു മുറുക്കികൊണ്ടിരുന്നു. കൊട്ടാരത്തില്‍ രാജകീയസുഖഭോഗങ്ങളോടൊപ്പം താമസിക്കാന്‍ മാത്രമല്ല രാജ്യവും കൂടി പങ്കിടാനാണ് പാണ്ഡവര്‍ വരുന്നതെന്ന് പറഞ്ഞതു ശകുനിയമ്മാവനാണ്. നിനക്കവകാശപെട്ട ഭൂമിയാണ്‌ ഹസ്തിനപുരം. കുരുവംശത്തിന്റെ രക്തമോടുന്നത് കൌരവരിലാണ്. കൊട്ടാരത്തില്‍ വെച്ച് കുന്തിയോ മാദ്രിയോ ഒരു കുഞ്ഞിനും ജന്മം നല്‍കിയിട്ടില്ല. ചെറിയച്ച്ചനു കുഞ്ഞുങ്ങള്‍ ഉണ്ടാവില്ലെന്ന് ശകുനിമാമന്‍ പറഞ്ഞപ്പോള്‍ " പിന്നെയെങ്ങിനെ പാണ്ഡവര്‍ " എന്ന ചോദ്യത്തിന് അമ്മാവന്‍ ദിവ്യഗര്‍ഭം എന്ന് പറഞ്ഞൊഴിഞ്ഞു. വലുതാവുമ്പോള്‍ തനിയെ മനസിലാവുമെന്നും. നിസ്സംഗതയോടെയും അകല്‍ച്ചയോടെയും പെരുമാറുന്ന വിദുരര്‍ ചെറിയച്ഛനെ വെറുപ്പായിരുന്നു. പക്ഷെ പാണ്ഡവര്‍ വന്നതുമുതല്‍ ചെറിയച്ഛന്‍ വലിയ ഉത്സാഹത്തിലാണ്. കുന്തി ചെറിയമ്മയുമായി എപ്പോഴും കുശലവും കുശുകുശുക്കലുമാണ്. യുധിഷ്ടിരനെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്നത് കാണാം. ധര്‍മ്മോപദേശങ്ങള്‍ നല്‍കുന്നതും. അച്ഛനും പാണ്ടുചെറിയച്ഛനും കഴിവില്ലാതെ പോയതിനാല്‍ വാസ്തവത്തില്‍ രാജ്യം ഭരിച്ചത് വിദുരര്‍ ചെറിയച്ചനാണ
മറുകരയിലെത്തിയപ്പോള്‍ കിതപ്പകറ്റാന്‍ വെള്ളത്തില്‍ തന്നെ കാലുകള്‍ ഇറക്കി വെച്ച് മലര്‍ന്നു കിടന്നു. പെട്ടെന്നാണ് മറുകരയില്‍നിന്ന് നിലവിളി കേട്ടത്.. എന്തോ അരുതാത്തത് സംഭവിച്ചിരിക്കുന്നു.. ഭീമന്‍.... ? വെള്ളത്തിലേക്ക് എടുത്തുചാടി കൈകള്‍ വട്ടംവീശി ജലപരപ്പിനെ വെട്ടിയകറ്റി വേഗത്തില്‍ നീന്തി. അകലെ നിന്നെ കണ്ടു ഭീമസേനന്‍ അട്ടഹസിക്കുന്നു. എട്ടുകാലുകള്‍ ഇടയ്ക്കിടയ്ക്ക് വെളിയില്‍ പൊങ്ങുകയും താഴേക്ക്‌ പോവുകയും ചെയ്യുന്നുണ്ട്. അവരുടെ ശ്വാസം കുമിളകളായി മുകളില്‍ വന്നു പൊട്ടിതകരുന്നു. ഇടയ്ക്കു ചത്തോ എന്ന് നോക്കാനെന്നപോലെ അവരെ വെളിയില്‍ പൊക്കിയെടുക്കുന്നുണ്ട് വൃകോദരന്‍. തന്നില്‍ നിന്നേറ്റ അപമാനം തന്റെ കുഞ്ഞനിയന്മാരെ ദ്രോഹിച്ചു ആല്‍മസായൂജ്യമടയുകയാണ് വൃകോദരന്‍. അര്‍ജനനും നകുലസഹദേവന്മാരും കരയില്‍ ആരെങ്കിലും വരുന്നുണ്ടോയെന്ന് പിന്നിലേക്ക്‌ നോക്കിയും കൈകൊട്ടിയാര്‍ത്തും ആനന്ദിക്കുകയാണ്. തന്നെ കണ്ടതും അവരെ പുഴയിലേക്ക് തള്ളിയിട്ടു വൃകോദരന്‍ കരയിലേക്ക് ഓടികയറി.. മൂന്നുപേരും വല്ലാതെ അവശരായിപോയിരുന്നു. പിടിച്ചു വലിച്ചു കരക്ക്‌ കയറ്റി കാല്‍മുട്ടുകളില്‍ കമിഴ്ത്തി കിടത്തി വെള്ളമെല്ലാം ചര്‍ദിപ്പിച്ചു. ജീവിതത്തിലാദ്യമായി തന്റെ കണ്ണ് നിറഞ്ഞു.. തനിക്കു കിട്ടേണ്ട ദണ്ടനങ്ങള്‍ തന്റെ അനിയന്മാര്‍ ഏറ്റുവാങ്ങിയിരിക്കുന്നു. നിശ്ചിതയകലത്തില്‍ ഓടിരക്ഷപെടാന്‍ നില്‍ക്കുന്ന ഭീമനെ നോക്കി, ഒരു കൈകുടന്ന ജലം കയ്യിലെടുത്തു ഉയര്‍ത്തിയ കൈകളില്‍ നിന്നും മണ്ണിലേക്ക് ഒഴുകിയിറങ്ങുന്ന ജീവജലത്തെ സാക്ഷിയാക്കി പറഞ്ഞു.

ഭീമാ... ഇതിനു ധാര്‍ത്ത്രരാഷ്ട്രനായ ഞാന്‍ പ്രതികാരം ചെയ്തില്ലെങ്കില്‍ ഞാന്‍ ധൃതരാഷ്ട്രരുടെ പുത്രനല്ല.. നീ കരുതിയിരുന്നോ വൃകോദരാ.. കുരുവംശചോര ഈ സിരകളില്‍ ഓടുന്നുണ്ടെങ്കില്‍, കുരുവംശരേതസ്സില്‍ ഞാന്‍ പിറവി കൊണ്ടിട്ടുന്ടെങ്കില്‍, ഈ ജീവജലം തൊട്ടു ഞാന്‍ ശപഥം ചെയ്യുന്നു.. നിന്നെ ഞാനിതിനിരട്ടി വെള്ളം കുടിപ്പിക്കും. നീ വെള്ളം കുടിച്ചു, ശ്വാസം മുട്ടി, കണ്ണ് തള്ളും. എന്നെ ദ്രോഹിച്ചാല്‍ ഞാന്‍ ക്ഷമിക്കുമായിരുന്നു. എന്റെ സ്വന്തം ചോരയെ നീ കൊല്ലാന്‍ നോക്കി. നിന്‍റെ മരണശേഷമേ എന്റെ മുഖത്തിനി പുഞ്ചിരി വിടരുകയുള്ളൂ. ഉതിര്‍ന്നുവീഴുന്ന ഈ ജലകണികകളാണ് സത്യം.

പേടിച്ചരണ്ട കുരുന്നുകളെ ചേര്‍ത്തുപിടിച്ചു പറഞ്ഞു..
ഇനി ഞാന്‍ നിങ്ങളെ തനിച്ചാക്കില്ല. ഇനിയെനിനിക്ക് മാത്രമായി ഒരു ജീവിതമില്ല. ഈ വലിയേട്ടന്‍ ഇനി ജീവിക്കുന്നത് നിങ്ങള്‍ക്ക് വേണ്ടിയും പിന്നെയീ പാണ്ഡവരുടെ പതനം കാണാനും മാത്രം.

ശകുനിയമ്മാനോടും അച്ഛനോടും മാത്രം നടന്ന കാര്യങ്ങള്‍ വിവരിച്ചു പറഞ്ഞു കരഞ്ഞു. അമ്മയറിയേണ്ട എന്നുപറഞ്ഞ അച്ഛന്‍ നെറുകില്‍ തലോടി കൊണ്ടിരുന്നു. ഒരിക്കല്‍ പോലും കരയാത്ത ബലവാനായ അച്ഛന്‍റെയുള്ളില്‍ സന്കടതിരകള്‍ ഉയര്‍ന്നു പൊങ്ങുന്നത് നെഞ്ചിന്‍ കൂടിന്റെ ഉയര്‍ച്ചതാഴ്ചയില്‍ നിന്നും വേഗത്തിലെടുക്കുന്ന ശ്വാസനിശ്വാസങ്ങളില്‍ നിന്നും മനസിലാവുന്നുണ്ടായിരുന്നു. ശകുനിമാമന്റെ ഇച്ചപ്രകാരം ഉള്ളിലെ കോപവും പ്രതികാരദാഹവും അടക്കിവെച്ചു തോറ്റുകൊടുത്തവന്റെ ശരീരഭാഷയും ഭാവങ്ങളുമായി കുറച്ചുദിനങ്ങള്‍ തള്ളിനീക്കി. ഗദകൊണ്ട് തന്റെ സഹോദരങ്ങളുടെ തല തച്ചുടക്കുന്ന ഭീമരൂപം സ്വപ്നം കണ്ടു ഞെട്ടിയുണരുക പതിവായി. കാത്തിരുന്നു; വര്‍ദ്ധിതപകയോടെ, തന്റെ അവസരത്തിനായി..

വല്ലപ്പോഴും ഗംഗയുടെ വനതീരങ്ങളില്‍ ഒരിടത്ത് എല്ലാവരും കൂടി തമ്പടിച്ചു ജലക്രീഡകളും കാട്ടിറച്ചിയുമോക്കെയായി കൂടുന്ന പതിവുണ്ടായിരുന്നു. ഇരുട്ട് പരക്കുന്നതുവരെ ആവോളം ഗംഗയില്‍ നീന്തിതുടിച്ച വൃകൊദരന്‍ ഭക്ഷണം തെയ്യാറാവുന്നതിനു മുന്‍പേതന്നെ പാചകശാലയില്‍ കയറി. പരിചാരകര്‍ ഭക്ഷണത്തിനു സമയമാകുമെന്നു പറഞ്ഞപ്പോള്‍ അവന്‍ പുറത്തിറങ്ങി. ഈറനോടെ കയറിവന്ന യുധിഷ്ഠിരന്‍ ചോദിക്കുന്നത് കേട്ടു..

കളിച്ചു മതിയായില്ലേ നിനക്ക് ...

ജ്യേഷ്ടന്‍ ഭക്ഷണം കഴിച്ചു കിടന്നോളൂ.. ഞാന്‍ ഒന്നുകൂടി ഉല്ലസിച്ചിട്ടു വരാം..
സൂക്ഷിക്കണം എന്ന് യുധിഷ്ഠിരന്‍ പിറുപിറുത്തെനു തോന്നുന്നു. അവൻ ജലത്തിലേക്ക് നടന്നിറങ്ങുന്നതു കണ്ടു. വെള്ളവും കരയും ചേരുന്നിടത്ത് ചളിയുണ്ട്. അവന്‍ വീണുകിട്ടിയാല്‍ എളുപ്പമായി കാര്യങ്ങള്‍. കരയിലെ പൊന്തകാടുകളില്‍ നിന്ന് വള്ളികള്‍ പറിച്ചെടുത്തു കൊണ്ട് വരാന്‍ ദുശാസനനോടും മറ്റും പറഞ്ഞു പാചകപുരയില്‍ നിന്നെടുത്ത വലിയ പങ്കായം പോലുള്ള ചട്ടുകമെടുത്തു പിന്നില്‍ ചെന്ന് വിളിച്ചു...

വൃകോദരാ.....

അവന്‍ തിരിയുന്നതിനു മുന്‍പ് ചട്ടുകം കൊണ്ട് തലയിലടിച്ചു.. തരിച്ചു മരവിച്ചുനിന്ന അവനെ വട്ടംതിരിഞ്ഞു മുന്‍കാല്‍ കൊണ്ട് കാല്‍വണ്ണകളില്‍ വീശിയടിച്ചു. കുതിര്‍ന്നമണ്ണില്‍ കാല്‍തെറ്റി അവന്‍ പാതിവെള്ളത്തിലെക്കും മലര്‍ന്നടിച്ചു വീണു.. ചളിയില്‍ കൈകുത്തി അവന്‍ എണീക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് കവിളെല്ലുകള്‍ പൊടിയും വിധം വീശി ഒരടി കൂടി കൊടുത്തു. അപ്പോഴേക്കും വള്ളികളും കയറുകളും കൊണ്ട് അനുജന്മാരെത്തി. പത്തു നാല്പതുപെരുടെ ബാഹുബലം തകര്‍ക്കാന്‍ അവന്‍ മദമിളകിയ ആനയെ പോലെ കുതറികൊണ്ടിരുന്നു. അവന്റെ കാലുകളും കൈകളും ബന്ധിച്ചു വലിച്ചുകൊണ്ട് പോയി വെള്ളത്തിലിട്ടു.. കൈകാല്‍ ബന്ധിതനായ അവന്‍ തുഴയാന്‍ കഴിയാതെ മുങ്ങിതാണുകൊണ്ടിരുന്നു. അവന്‍ തളർന്നു താഴുന്നത് കണ്ട വികര്‍ണ്ണന്‍ പറഞ്ഞു..

" അവന്‍ ചത്തു പോവും. എല്ലാവരും നമ്മെ പഴിക്കും. സഹോദരനെ കൊന്നെന്ന അപഖ്യാതി പരക്കും. അമ്മ നമ്മളെ വെറുക്കും. അവനെ രക്ഷിക്കൂ..

അമ്മയെ കുറിച്ച് പറഞ്ഞപ്പോള്‍ ആധി കയറി. വേഗം ഇറങ്ങിചെന്ന് പിടിച്ചുവലിച്ചു കരയിലിട്ടു. വെള്ളം കുടിച്ചു അവന്റെ വയര്‍ വീര്‍ത്തിരുന്നു. കണ്ണുകള്‍ വിടര്‍ന്നു ചുവന്നു തുടുത്തും. നിസഹായതയില്‍ അവന്‍ മുരണ്ടു കൊണ്ടിരുന്നു. അവനെ വൃക്ഷതടയില്‍ ചാരിയിരുത്തി പറഞ്ഞു..

" ഇനി നിന്റെ കൈ എന്റെ സഹോദരങ്ങളുടെ മേല്‍ പതിഞ്ഞാല്‍ നിന്നെ ഞാന്‍ കൊല്ലും. എനിക്ക് രാജാവാവേണ്ട, വില്ലാളി വീരനാവേണ്ട. അതിനു പറ്റിയവര്‍ നൂറില്‍ ഒരുപാടുണ്ട്. എനിക്ക് സ്വര്‍ഗ്ഗവും വേണ്ട. പ്രതികാരത്തിനും പകക്കുമിടയില്‍ ധര്‍മ്മവും സത്യവുമില്ല. ധാര്‍ത്തരാഷ്ട്രരില്‍ ഇനിയൊരുത്തനെ നീ തൊട്ടാല്‍ പിന്നെ പാണ്ഡവരിലോ കൌരവരിലോ എണ്ണം കുറയും.. കൌരവരില്‍ പിന്നെയും തൊണ്ണൂറ്റിയൊന്പതു ബാക്കിയുണ്ട്. മന്ദാ, നീ പോയാല്‍ പിന്നെ പഞ്ചപാണ്ഡവര്‍ വട്ടപൂജ്യമാണ്; വട്ടപൂജ്യം..

തുറിച്ചു നോക്കി കൊണ്ടിരുന്ന അവന്റെ കണ്ണുകളില്‍ തറപ്പിച്ചു നോക്കിപറഞ്ഞു..

കൊട്ടാരത്തില്‍ പറഞ്ഞുപരത്തിയാല്‍ അന്ന് സഹോദരങ്ങളെ ശ്വാസംമുട്ടിച്ച കഥ ഞങ്ങളും പറയും. ഇപ്പോള്‍ കടങ്ങള്‍ തീര്‍ന്നിരിക്കുന്നു.. എന്റെ സഹോദരങ്ങളെ ഉപദ്രവിക്കാതെ എന്നെ കടപ്പാടുള്ളവനാക്കി മാറ്റുക. കണക്കുകൾതീർക്കാൻ ഇനിയുമെന്നെ കടക്കാരനാക്കരുത് ഭീമസേനാ..
വിജയത്തിനു എന്ത് കൊണ്ടോ മാധുര്യം കുറഞ്ഞിരുന്നു..

അവന്റെ കണ്ണില്‍ ഭയം കണ്ടപ്പോള്‍, ദയക്ക് വേണ്ടി യാചിക്കുന്ന കണ്ണുകളില്‍ നോക്കിയപ്പോള്‍ തളരുന്നുവെന്നു തോന്നി. അരുത്.. അവന്‍ ശത്രുവാണ്.. ശത്രു ദയ അര്‍ഹിക്കുന്നില്ല.. ഇവരെ വളരാന്‍ വിട്ടാല്‍ അവഗണനയില്‍ ജീവിച്ച ബാല്യം യൌവ്വനത്തിലെക്കും വളരും. അതനുവദിക്കരുത്. തനിക്ക് ജീവനുണ്ടെങ്കില്‍ ധാര്‍ത്തരാഷ്ട്രം പങ്കുവെക്കില്ല. ക്ഷത്രിയജന്മം രാജ്യത്തിന് വേണ്ടിയാണ്. രാജ്യം രക്ഷിക്കാത്തവന്‍ ക്ഷത്രിയനല്ല. ശത്രുവിന് മുഖമില്ല, ബന്ധമില്ല, ദയയര്‍ഹിക്കുന്നുമില്ല. ശത്രുവിന്റെ കണ്ണില്‍ നോക്കരുത്; അത് നിങ്ങളെ ദയാലുവാക്കും. വെറുതെവിട്ട ശത്രു നാളെ നിങ്ങളെ തുടച്ചുനീക്കും. ശത്രു, ശത്രു മാത്രമാണ്.. ശത്രുനിഗ്രഹം; ക്ഷത്രിയധര്‍മവും.  രാജ്യം ഒരടി കുറയാതെ അച്ഛന്റെ കാല്‍ക്കല്‍ വെച്ച് താനൊരിക്കല്‍ പറയും..

അച്ചാ, ഇരുളിന്‍റെ മറവില്‍ അങ്ങേക്ക് നഷ്ടമായ സിംഹാസനം തിരിച്ചുപിടിച്ചിരിക്കുന്നു..
ഒരു രാജാവിന് വേണ്ടത് പുറംകാഴ്ചകളല്ല. ഉൾകാഴ്ചയുള്ള, ഇച്ഛാശക്തിയുള്ള, അകകണ്ണുകളുള്ള ബലവാനാണ് രാജാവ്..

അങ്ങ് ബലവാനാണ്; അങ്ങയുടെ സീമന്തപുത്രനായ ഈ സുയോധനനും.

നിശ്ച്ചയദാര്‍ഡ്യം തളംകെട്ടിയ മുഖവും പുത്തനുണര്‍വ്വിന്റെ സോപാനസംഗീതം പൊഴിക്കുന്ന മനവുമായി സുയോധനന്‍ ഉറക്കറയിലേക്ക് നടന്നു..

ഭാഗം  - 2 ( ദ്യൂതം )

അഭ്യാസകാഴ്ചയില്‍ കര്‍ണ്ണന് നേരിട്ട അപമാനം ഗുണമാവുകയായിരുന്നു. പാണ്ടവരോടുള്ള തീരാപക കര്‍ണ്ണനില്‍ വളര്‍ത്തിയെടുക്കാനും അവന്റെ ആജീവനാന്തസൗഹൃദം നേടാനും ദേഹവും ദേഹിയും തനിക്ക് പണയം വെച്ചിരിക്കുന്നുവെന്നുവരെ പറയിപ്പിക്കാനും സാധിച്ചു. ധനുര്‍വിദ്യയില്‍ അര്‍ജുനനോടൊപ്പം തന്നെ അല്ലെങ്കില്‍ അതിനേക്കാള്‍ കേമത്തം തന്റെ സതീര്‍ത്യനായ കര്‍ണ്ണന് ആവോളമുള്ളതിനാല്‍ തന്റെ മെയ്യ്‌കരുത്തിനും ദൃഡബാഹുക്കള്‍ക്കും യോജിച്ച ഗദാവിദ്യയിലാണ് പരിശീലനം നേടാൻ താൽപ്പര്യമുണ്ടായത്. ഭീമനും അതിലാണെന്നറിഞ്ഞപ്പോള്‍ ആഹ്ലാദിച്ചു. എനിക്കവനെയാണ് വേണ്ടത്. ഭീമനാണ് പാണ്ഡവരുടെ ശക്തി. ആ ശക്തിദുര്‍ഗ്ഗത്തെ തന്റെ കൈകരുത്തില്‍ തീര്‍ക്കണം. ബലരാമന്റെ ശിഷ്യത്വത്തില്‍ ഒന്നിച്ചാണ് പരിശീലനം. അതികായനായതിനാല്‍ കൈശരീരവേഗങ്ങള്‍ ഭീമന് കുറവായിരുന്നു. ദ്വന്ദയുദ്ധത്തില്‍ ഇവന്‍റെ കൈകളില്‍ ഒതുങ്ങിപോയാല്‍ ജീവന്‍ തിരിച്ചു കിട്ടാന്‍ സാധ്യതയില്ലെന്ന് മനസിലായി. ഇവനില്‍ നിന്ന് ഒരു കയ്യകലത്തില്‍ നിന്ന് വേണം ആക്രമിക്കാന്‍. ഗദായുദ്ധത്തില്‍ തനിക്കിവനെ അടിചിടാന്‍ അധികസമയം ആവശ്യമില്ല.

അഭ്യാസകാഴ്ചയില്‍ തുടക്കത്തില്‍ ഇരമ്ബിയാര്‍ത്തു നിന്ന ഭീമന്‍ സമയം പിന്നിട്ടപ്പോള്‍ തളരുന്നത് തിരിച്ചറിഞ്ഞു.. തന്നെ അടിച്ചിടാനുള്ള വെമ്പലില്‍, പരാക്രമത്തിന്റെ ധൃതികളില്‍ തുടക്കം മുതല്‍ ആഞ്ഞടിച്ചു കയറിയ അവന്‍ തുടരെ തുടരെ വന്യമൃഗത്തെ പോലെ അലറി വിളിച്ചു, തിരിച്ചറിയാത്ത ഭാഷകളില്‍ പുലംബിയും തന്റെ ഗദയില്‍ താഡനമെല്‍പ്പിച്ചു കൊണ്ടിരുന്നു. താന്‍ അനായാസം ഒഴിഞ്ഞും തടഞ്ഞും അവന്റെ കിതപ്പുകള്‍ക്കും തളര്‍ച്ചക്കുമായി ക്ഷമയോടെ കാത്തിരുന്നു. ക്ഷീണിച്ചുവെന്നു തോന്നിയ നിമിഷം കൊടുങ്കാറ്റ്പോലെ ഇരച്ചു കയറി ഇടതടവില്ലാതെ അടിച്ചൊതുക്കി. വാരിയെല്ലില്‍ നോക്കി അടിച്ച അടി വീഴും മുന്‍പേ ദ്രോണര്‍ തന്റെ കൈ തട്ടി മാറ്റി ഗദ നിലത്തു വീഴിച്ചു. ഗുരു, കയറി ഇടപെട്ടില്ലായിരുന്നുവേന്കില്‍ പഞ്ചപാണ്ടവരിലൊന്നു കുറഞ്ഞേനെ. ഗദകള്‍ കൂട്ടിയുരസിയുള്ള തീപ്പോരികള്‍ക്ക് പകരം ഭീമന്റെ വാരിയെല്ലുകള്‍ തകര്‍ന്നു രുധിരധാരയുതിര്‍ന്നേനെ.

ദ്രൌപദീപരിണയത്തിലാണ് ധനുര്‍വിദ്യയില്‍ കേമത്തം നേടാത്തതില്‍ മനംനൊന്തു പോയത്. എണ്ണകറുപ്പുള്ള സുഭഗസൌന്ദര്യത്തിന്റെ മൂര്‍ത്തീരൂപമായ ദ്രൌപദിയെ വേള്‍ക്കാന്‍ തനിക്കും ആശയുണ്ടായിരുന്നു. തനിക്കെന്നല്ല അവളെ കാണുന്ന ആര്‍ക്കും. അവള്‍ മണ്ഡപത്തിലേക്ക് കറുത്ത കുതിരയെപോലെ അടിവെച്ചടിവച്ചുവന്നപ്പോള്‍ കര്‍മ്മങ്ങള്‍ ചെയ്യുന്ന ബ്രാഹ്മണപുരഹിതര്‍ പോലും മന്ത്രം മറന്നു. ഉച്ചാരണം വിറച്ചു; കൈകളും. സഭയിലെ ആയിരം കണ്ണുകള്‍ കാലത്തിന്റെ അത്ഭുതസൃഷ്ടിയില്‍ മിഴിച്ചു നിന്നു. ഘനശ്യാമവര്‍ണ്ണമേഘം മണ്ണിലിറങ്ങിയപോലെ താരുണ്യലാസ്യലാവണ്യത്തില്‍ കാലവും കണ്ണും മണ്ണും തരിച്ചു നിന്നു. ആറടി ഉയരത്തില്‍ ത്രസിച്ചു തുളുമ്പിയോഴുകി വരുന്ന സാഗരനീലിമയെ സഭാവാസികൾ ഇമയടയ്ക്കാതെ നോക്കിയിരുന്നു. ദൃഷ്ടദ്യുമനസമേതനായി വന്നു, ശിരോവസ്ത്രം പതുക്കെ ഉയര്‍ത്തി, ചേനതണ്ട് പോലെ നേര്‍ത്ത് നീണ്ട കൈകള്‍ കൂപ്പി, സഭയെ വണങ്ങി ചെറുഹാസമുതിര്‍ത്തു, തല കുനിച്ചുനിന്ന അവളുടെ ഗഹനസാഗരമിഴികള്‍ ആരെയോ തിരയുന്നുണ്ടായിരുന്നു.   കഠിനമായ മത്സരം കേട്ടപ്പോള്‍ തന്നെ സാധിക്കില്ലെന്ന് തോന്നി. ശൈവചാപം ഉയര്‍ത്തി അമ്ബെയ്തെങ്കിലും ലക്‌ഷ്യം ദുര്‍ഗ്രഹമായിരുന്നു. തന്റെ പ്രിയയായുധം ഗദയായതിനാല്‍ വല്ലാതെ ദുഖിച്ചു..  അതിനെക്കാള്‍ വിഷമിപ്പിച്ചത് അരക്കില്ലത്തില്‍ ചുട്ടു ചാമ്പലായിയെന്ന് കരുതിയ പാണ്ഡവര്‍ ജീവിച്ചിരിക്കുന്നു എന്നറിവാണ്. അവരെ ചുട്ടുകരിക്കാന്‍ ശ്രമിച്ചതിനു താന്‍ കേള്‍ക്കാത്ത പഴികളില്ല. ഇവര്‍ക്ക് പകരം തീയിലിട്ടു കൊന്ന ഒരു തെറ്റും ഇവരോട് ചെയ്യാത്ത ഒരമ്മയുടെയും അഞ്ചു മക്കളുടെയും കഥ കേള്‍ക്കാന്‍ ആര്‍ക്കും താല്പര്യമില്ല. പാണ്ഡവര്‍ ദ്രുപദരാജ്യത്തിന്റെ ബന്ധുബലത്താല്‍ ശക്തി കൈവരിക്കുമെന്നത് ഉറക്കം കെടുത്താന്‍ തുടങ്ങി. പാഞ്ചാലരാജ്യത്തെ ബന്ധുബലമുള്ള പാണ്ടവരോട് സന്ധിചെയ്യുക ദുഷ്ക്കരമായിരുന്നെങ്കിലും അച്ഛന്റെയും വിദുരരുടെയും പിതാമഹന്റെയും നിര്‍ബന്ധപ്രകാരം പാതിരാജ്യം മനസില്ലാമനസ്സോടെ, ഉടനെ തിരിച്ചു പിടിക്കുമെന്ന് ഉള്ളിലുറപ്പിച്ചു പകുത്തു കൊടുത്തു.

ഇന്ദ്രപ്രസ്ഥത്തിലെ മയമായാമന്ദിരത്തില്‍ പറ്റിയ അമളികളില്‍ അപഹാസ്യനായി വിളര്‍ത്തു വിയര്‍ത്തു നില്‍ക്കുന്ന തന്നെ തോഴികള്‍ക്ക് ചൂണ്ടികാണിച്ചു ദ്രൌപദി ആര്‍ത്തുചിരിച്ചത് മനസ്സില്‍ നിന്നും മായാതെ വൃണമായി പഴുത്തു കിടന്നു. അവളോടിതിനു പ്രതികാരം തീര്‍ക്കാതെ ആണെന്നും രാജാവെന്നും പറയുന്നതില്‍ അര്‍ത്ഥമില്ലെന്നു തോന്നി. പരാക്രമികളായ അഞ്ചു ഭര്‍ത്താക്കന്മാരുള്ളതിന്റെ അഹന്തയാണവള്‍ക്ക്. ആ അഹന്ത തകരണമെങ്കില്‍ അവളുടെ മുന്‍പില്‍ അവര്‍ അഞ്ചുപേര്‍ തന്നോട് തോല്‍ക്കണം. അതിനു ഏതുവഴി തേടിയാലും വേണ്ടില്ല. ശകുനിമാതുലനോട് ചോദിച്ചു. ചൂത് കളിയില്‍ പണ്ട് മുതലേ അതീവതല്പരനായ യുധിഷ്ടിരനെ തന്റെ മുന്‍പില്‍ തന്നാല്‍ തോല്‍പ്പിച്ചു തരാമെന്ന് പറഞ്ഞപ്പോള്‍ പാണ്ഡവരെ വിരുന്നു പാര്‍പ്പിനും ചൂതിനും ക്ഷണിച്ചു. യുധിഷ്ടിരന്‍ ഇത്രവേഗം ഈ കെണിയില്‍ വീഴുമെന്നു ധരിച്ചില്ല. സമ്പത്തും രാജ്യവും സഹോദരങ്ങളെയും തന്നെ തന്നെയും പണയംവെച്ച യുധിഷ്ടിരന്‍ ദ്രൌപദിയെ പോലും പണയം വെച്ചു. അടിമകളായി നില്‍ക്കുന്ന വീരശൂരപരാക്രമികളായ പതികളെ പത്തിയില്‍ തന്നെ അടിക്കാനുറച്ചു ദുശാസനനോട് പണയപെട്ടു ദാസിയായി മാറിയ പാഞ്ചാലിയെ സഭയിലേക്ക് വിളിക്കാനാവശ്യപെട്ടു. രാജസ്വയലയാണെന്നു പറഞ്ഞു നിരാകരിച്ച അവളെ ദുശാസനന്‍ മുടിയില്‍ പിടിച്ചു കൊണ്ട് വന്നു. പെറ്റുകിടക്കുന്ന പെന്‍പൂച്ചയെപോലെ മുരണ്ടും മൂളിയും അവള്‍ വിലപിച്ചുകൊണ്ടുമിരുന്നു.. സ്ത്രീയെ അവഹേളിക്കാത്ത തന്നില്‍ പകയുടെ ഇരുള്‍ നിറഞ്ഞതിനാല്‍ ആഹ്ലാദമാണ്‌ നല്‍കിയത്. കുറച്ചു സമയത്തേക്ക് അല്പനാവുകയായിരുന്നു. ഉലഞ്ഞഴിഞ്ഞു വഴിമാറുന്ന ഒറ്റവസ്ത്രത്തിന്റെ ഉലച്ചിലുകളില്‍ തെളിയുന്ന സ്നിഗ്ധമേനിയുടെ വശ്യചാരുത സഭയിലെ പലരുടെയും തനുവില്‍ വികാരതിരയിളക്കങ്ങളുതീര്‍ത്തു. അവളുടെ ജല്‍പ്പനങ്ങള്‍ തന്നെ വാശികേറ്റി കൊണ്ടിരുന്നു. ഇന്ന് വിലപിക്കുന്ന ഇവള്‍ തന്നെ നോക്കി ആര്‍ത്തു ചിരിച്ചത് ഓര്‍മ്മ വന്നപ്പോള്‍ അറിയാതെ പറഞ്ഞു പോയി..

" അഞ്ചു പതിമാരുടെ ഭാര്യയായ പതിവ്രതയായ ദ്രൌപദി, നിനക്കഭയം വേണമെങ്കില്‍ വരൂ, എന്റെ ഇടത്തെ തുടയില്‍ നിനക്കിരിക്കാന്‍ ആവശ്യത്തിലധികം സ്ഥലമുണ്ട്".

തന്നില്‍ വിരിഞ്ഞത് വിടലചിരിയായിരുന്നു. അവളെ അപമാനിക്കുക എന്നതിനേക്കാള്‍ പാണ്ഡവരെ തേജോവധം ചെയ്തു ആല്‍മവീര്യം കെടുത്തുകയെന്നതായിരുന്നു. ശത്രുക്കള്‍ മൊത്തം തനിക്കധീനപെട്ടു എന്ന് കരുതിയിരിക്കുമ്പോഴാണ് വികര്‍ണ്ണന്‍ അനാവശ്യനീതിശാസ്ത്രങ്ങളുമായി വന്നത്. വികര്‍ണ്ണനെ എതിര്‍ത്തത് കര്‍ണ്ണനായിരുന്നു. പാഞ്ചാലിപരിണയദിനത്തില്‍ സൂതന്‍ മത്സരത്തില്‍ ജയിച്ചാലും താന്‍ വരിക്കില്ലെന്നു പറഞ്ഞപമാനിച്ചതിന്റെ പക കര്‍ണ്ണന്‍ തീര്‍ത്തതീപ്പോഴാണ്.

ഇവള്‍ പതിവ്രതയോ...? ഹ ഹ ഹ.. അഞ്ചുപേരുടെ ഭാര്യ എങ്ങിനെയാണ് വികര്‍ണ്ണാ പതിവ്രതയാവുക..?  അഞ്ചു പേര്‍ക്ക് പായ വിരിക്കുന്ന ഇവള്‍ കുലടയാണ്. ഇപ്പോള്‍ അടിമയും.
ഇവള്‍ ഹസ്തിനപുരദാസിയാണ്.  ദുശശാസനാ, ഒരു ദാസി പെണ്ണിനോട് എങ്ങിനെ പെരുമാറുമോ അതുപോലെയാണ് ഇവളോടും വേണ്ടത്.

കര്‍ണ്ണന്റെ മുഖത്ത് അന്നുവരെ കാണാത്ത ഒരു ഭാവം പ്രകടമാവുകയായിരുന്നു. അപമാനം ഒരു പെണ്ണില്‍ നിന്നുണ്ടാവുമ്പോള്‍ അതെത്രത്തോളം പുരുഷനില്‍ സ്വാധീനം ചെലുത്തുന്നെവെന്നു മുഖത്ത് നിന്ന് വായിച്ചെടുക്കാം. ദ്രൌപദി അച്ഛന്റെ കാല്‍ക്കല്‍ വീണു ന്യായവും കരുണയും തേടി. എപ്പോഴും പാണ്ടവപക്ഷം പിടിക്കുന്ന ചെറിയച്ഛന്‍ അച്ഛന്റെ ചെവിയില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. സ്ത്രീശാപം ഏറ്റുവാങ്ങി കുലം നശിക്കാതിരിക്കാന്‍ അവളെ അപമാനിച്ചതിന്റെ പിഴയായി രാജ്യവും ധനവും തിരിച്ചു കൊടുത്ത് അവരെ സ്വതന്ത്രരാക്കാന്‍ അച്ഛനെ ഭീഷമരും വിദുരരും പ്രേരിപ്പിച്ചു. അമര്‍ഷത്തോടെ സഭയില്‍ നിന്നിറങ്ങി. പാണ്ഡവരെ നോക്കി പറയാന്‍ മറന്നില്ല :

" ഹേ , പരാക്രമികളെ, ഇത് കൌരവരുടെ ധര്‍മ്മമാണ്. പാഞ്ചാലി എന്ന ഒരു സ്ത്രീ കാരണം, അവളുടെ കണ്ണീരിന്റെ ദയയില്‍ കിട്ടുന്ന ധര്‍മ്മം. അവളുടെ കണ്ണ്നീരിന്റെയും വിലാപങ്ങളുടെ ആകെതുക. അവളോട്‌ ഞങ്ങള്‍ കാട്ടുന്ന കരുണയില്‍ തിമിര്‍ത്തു കഴിയുക ..
പുച്ഛം തെളിയുന്ന ഒരു നോട്ടമെറിഞ്ഞു അമര്‍ത്തിചവിട്ടി പുറത്തിറങ്ങി.

കൈവന്ന സൌഭാഗ്യങ്ങളെല്ലാം തട്ടികളഞ്ഞ തീരുമാനത്തെ തനിക്കു സ്വീകര്യമല്ലെന്നറിഞ്ഞ അച്ഛന്‍ടെ ഇനിയെന്തു വേണമെന്ന ചൊദ്യത്തിനു മറുപടി പറഞ്ഞത് മാതുലന്‍ ശകുനിയാണ്.

" വീണ്ടും ദ്യൂതിനു വിളിക്കണം. ആ സീമന്തപൊട്ടന്‍ വരും. ഇപ്പോള്‍ ധര്‍മ്മം കിട്ടിയ രാജ്യം കളിച്ചു ജയിച്ചു നേടാന്‍ പറഞ്ഞാല്‍ ആ വെല്ലുവിളി സ്വീകരിച്ചവര്‍ വരും. തോറ്റവര്‍ പന്ത്രണ്ടു വര്‍ഷം വനവാസവും ഒരുവര്‍ഷം അജ്ഞാതവാസവും. "

വിദുരര്‍ എതിര്‍പ്പ് പറഞ്ഞെങ്കിലും പാണ്ടവരെ തിരിച്ചു വിളിക്കാന്‍ വിട്ടു. പെണ്ണിന്റെ കരുണയില്‍ കിട്ടിയ രാജ്യം ഒരുപക്ഷെ തിരിച്ചുപിടിക്കാന്‍ ഇനിയുള്ള കളിക്ക് കഴിഞ്ഞാലോ എന്ന ശുഭപ്രതീക്ഷയില്‍ വാശികയറിയ യുധിഷ്ടിരന്‍ വീണ്ടും വന്നു. ആദ്യമൊക്കെ ഒതുങ്ങികൊടുത്ത ശകുനി മാതുലനോട് യുധിഷ്ടിരൻ പതിയെ അടിയറവ് പറഞ്ഞു, കുനിഞ്ഞ ശിരസ്സും നിസഹായമുഖവുമായി വനവാസത്തിനു പുറപ്പെട്ടു.

ബദ്ധവൈരികള്‍ ഇനി പതിമൂന്നു വര്‍ഷത്തേക്ക് കാട്ടിലും ഇരുളിലും. ഈ കാലയളവ് കഴിയുമ്പോഴേക്കും അവര്‍ ക്ഷയിക്കും. പിന്നെ ഹസ്തിനപുരത്തിന് ആരും ഒന്നും ഭീഷണിയാവില്ല. ആഹ്ലാദത്തിനു അതിരില്ലായിരുന്നു. ഹസ്തിനപുരവും അഴകേറിയ ഇന്ദ്രപ്രസ്തവും തനിക്ക് സ്വന്തം. രാജ്യം മുഴുവന്‍ ഭരിക്കുന്ന ചക്രവര്‍ത്തിയാവാന്‍ ഇനിയധികകാലമില്ല. ചിരിക്കുന്ന മുഖം ബാല്യത്തിലെ നഷ്ടമായ താനിന്നു വല്ലാതെ സന്തോഷിക്കുന്നുന്ടെന്നും മുഖത്തു വിരിയുന്ന ചിരിവസന്തത്തില്‍ അതീവസന്തുഷ്ടനാണെന്നും കര്‍ണ്ണന്‍ പറഞ്ഞപ്പോള്‍, ജീവിതത്തില്‍ തീണ്ടാപാടകലെനിന്ന സന്തോഷവും സുഖവുമെന്ന വികാരങ്ങള്‍ തനിക്കു അനുഭവേദ്യമാവുകയായിരുന്നു.

കൊട്ടാരത്തില്‍ വിജയാഘോഷത്തിന്റെ അലയാഴികള്‍ ഉയര്‍ന്നു പൊങ്ങി. പുലരുവോളം മധുചഷകങ്ങള്‍ നിറഞ്ഞും സോമരസകുംഭങ്ങള്‍ ഒഴിഞ്ഞും ദാസിപെണ്ണുങ്ങളുടെ വസ്ത്രങ്ങള്‍ ഉലഞ്ഞും ഉടലുകള്‍ പുളഞ്ഞുകൊണ്ടുമിരുന്നു...


ഭാഗം  - 3 ( ദൂത്.)

വനവാസം കഴിഞ്ഞു പാണ്ഡവര്‍ തിരിച്ചു വരുമെന്നായപ്പോള്‍ പാതിരാജ്യം കൊടുക്കേണ്ടതിനെ കുറിച്ച് ചെറിയച്ഛന്‍ പറയാന്‍ തുടങ്ങി. ഭീഷ്മമുത്തച്ഛനും അത് ശരി വെച്ചു. തിരിച്ചുകൊടുക്കാമെന്നു വ്യവസ്ഥയില്ലായിരുന്നല്ലോ ദ്യൂതില്‍ എന്ന് താനും. നിലപാടുകൾ വ്യകതമാക്കികൊണ്ടു പറഞ്ഞു :

ഞാന്‍ ക്ഷത്രിയനാണ്. രാജ്യം ഭരിക്കുക അതിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുക എന്നതാണ് ജന്മധര്‍മ്മം. പാണ്ഡവര്‍ക്ക് പാതിരാജ്യം ഒരിക്കല്‍ കൊടുത്തതാണ്. ദ്യൂതിനു ആരും നിര്‍ബന്ധിച്ചില്ല. കളിച്ചു തോറ്റു രാജ്യം നഷ്ടപെട്ടിട്ടു തിരിച്ചു താ എന്ന് പറയുന്നത് എവിടുത്തെ ന്യായമാണ്... ? അവര്‍ ചോദിക്കും മുമ്പ് കൊടുക്കാന്‍ തെയ്യാറാവുന്നത് ഏതു തത്വസംഹിത പ്രകാരമാണ്...? പിന്നെ പാഞ്ചാല - വിരാട ബന്ധുബലത്തില്‍ യുദ്ധത്തിനാണ് ഒരുക്കമെങ്കില്‍ കൗരവകുലം മുടിച്ച ശേഷമേ സാധിക്കൂ. അവരുടെ ഉഗ്രപ്രതാപം കണ്ടു താണുവണങ്ങി കഴിയാന്‍ ധാർത്തപുത്രരെ കിട്ടില്ല. രാജ്യവും ജീവിതവും കൈവിട്ടു ജീവിച്ച അങ്ങ് എന്ത് നേടി മുത്തച്ചാ.. ? കുറെ ശപഥങ്ങളും ശാപങ്ങളുമല്ലാതെ..

ഭീഷ്മര്‍ നിശബ്ദനായി. കര്‍ണ്ണന്‍ ഉറക്കെ പ്രഖ്യാപിച്ചു..

ഒരിക്കലും കൊടുക്കരുത്. കൊടുത്താല്‍ പിന്നെ കൗരവരും ഹസ്തിനപുരവും ശൂന്യമാവും. അവര്‍ വളരും. പാണ്ഡവരുടെ തലമുറകള്‍ രാജ്യം വാഴും. രാജ്യം ധര്‍മ്മമായി കൊടുക്കേണ്ട ഒന്നല്ല വേണമെങ്കില്‍ അവര്‍ യുദ്ധം ചെയ്തു നേടട്ടെ.

ഒന്നു ചിരിച്ചു പരിഹാസത്തോടെ പറഞ്ഞു :

ആരു നേടാന്‍..? അവർ യുദ്ധത്തിനും കൊള്ളില്ല; ചൂതിനും കൊള്ളില്ല. പാഞ്ചാലിയുടെ ഊഷ്മളമാറില്‍ ഉറങ്ങാന്‍ ഊഴം കാത്തുനില്‍ക്കുന്ന കാമാര്‍ത്തരായ പൂരുഷര്‍ മാത്രമാണവര്‍. വിരാടഗേഹത്തില്‍ അവര്‍ പടുത്തുയര്‍ത്തിയ ബന്ധുബലവും മറ്റും സൂതര്‍ പാടി കേള്‍ക്കുന്നുണ്ട്.  കൗരവരെ അപ്പാടെ തോല്‍പ്പിചോടിച്ചു എന്നൊക്കെ കഥകള്‍ വരുന്നു.  ഭീഷ്മരേയും വില്ലാളിവീരനായ കര്‍ണ്ണനെയും ബലവാനായ ദുര്യോധനനെയും എളുപ്പത്തില്‍ ഒരാള്‍ തോല്പ്പിചോടിച്ച കഥ മെനഞ്ഞു പാടാന്‍ കൊടുത്തത് അവൾ പാന്ചാലിയാണോ.? രണ്ടു ദിനത്തിന് ശേഷം ചെറിയച്ഛന്‍ വലിയ ആഹ്ലാദത്തോടെ പറഞ്ഞു.

ദൂതിനു കൃഷ്ണന്‍ വരുന്നു.  രാജ്യാതിര്‍ത്തികള്‍ നിര്‍ണ്ണയിച്ചു പങ്കുവെക്കാന്‍.

അതിര്‍ത്തികള്‍ എന്നേ തീര്‍ത്തു കഴിഞ്ഞു ചെറിയച്ചാ.. രാജ്യം പങ്കുവെക്കണമെങ്കില്‍ ആദ്യം എന്നെ വെട്ടി രണ്ടാക്കണം .

പക്ഷപാതിയായ ചെറിയച്ചന്റെ നേര്‍ക്ക്‌ തറപ്പിച്ചു നോക്കിയാണ് പറഞ്ഞത്. ചെറിയച്ഛന്‍ എന്നും തനിക്കെതിരെയാണ്. കൃഷ്ണന്‍ താനൊരുക്കിയ വിരുന്നില്‍ പങ്കെടുക്കില്ലെന്നും ജലപാനം പോലും ചെയ്യില്ലെന്ന് പറഞ്ഞപ്പോള്‍ മധ്യസ്ഥനായല്ല വന്നിരിക്കുന്നത് മറിച്ചു പാണ്ടവര്‍ക്ക് പാതിരാജ്യം ഇന്നും, ഭാരതം മുഴുവന്‍ നാളെയും സ്വന്തമാക്കി കൊടുക്കാനാണന്നു മനസിലായി. പാതിരാജ്യം കൊടുക്കില്ലെന്ന് തീര്‍ത്തുപറഞ്ഞപ്പോള്‍ അഞ്ചുഗ്രാമങ്ങള്‍ മതിയെന്നായി.. ഗ്രാമങ്ങളുടെ പേരുകള്‍ കേട്ടപ്പോള്‍ ഒളിച്ചുവെച്ച ചതി തിരിച്ചറിഞ്ഞു. ഹസ്തിനപുരത്തിന്‍റെ ചുറ്റുമുള്ള ഗ്രാമങ്ങളാണ്. നാളെ തങ്ങള്‍ക്കു പുറത്തിറങ്ങണമെങ്കില്‍, ധാന്യങ്ങളും മറ്റും കൊട്ടാരത്തില്‍ എത്തണമെങ്കില്‍ ഈ ഗ്രാമങ്ങള്‍ കടന്നു വേണം..

ബലെ ഭേഷ്, ദേവകി നന്ദനാ.... ഞങ്ങളെ വരിഞ്ഞു കെട്ടി ശ്വാസം മുട്ടിക്കാനാണ് ശ്രമമല്ലേ.. താങ്കള്‍ അര്‍ജുനന്റെ സ്യാലന്‍ ആയാണോ അതോ പാണ്ഡവരുടെ ദൂതനായാണോ വന്നിരിക്കുന്നത്...?

കോപം കൊണ്ട് ദൈവചൈതന്യം നഷ്ടപെടുത്തി കൃഷ്ണന്‍ കൊടുത്തില്ലെങ്കില്‍ കൌരവകുലം താന്‍ മുടിക്കുമെന്നു ശപിച്ചു പറഞ്ഞപ്പോള്‍ നിയന്ത്രിക്കാനായില്ല.
.
താന്കള്‍ എന്തിനാണ് കോപാകുലനാവുന്നത്? താങ്കള്‍ക്കെന്താണ് ഇതില്‍ നേട്ടം.? ബന്ധുക്കള്‍ക്ക് വേണ്ടി എന്നെ ശത്രുവാക്കുന്നതെന്തിനു? നാരായണാ, ഗ്രാമം പോയിട്ട് സൂചി കുത്താന്‍ സ്ഥലം കൊടുക്കില്ല. ബന്ധുബലത്തില്‍ പാണ്ഡവരും പക്ഷപാതിയായ നിങ്ങളും കാണിക്കുന്നത് കണ്ടു ഞാന്‍ മുട്ടുമടക്കില്ല. എന്റെ കൊട്ടാരത്തില്‍ വന്നു എന്റെ ഭക്ഷണം ഭുജിക്കാതെ എന്നെ ഭയപെടുത്തി, എന്റെ ശത്രുക്കളായ പാണ്ഡവരുടെ ഖ്യാതി പറഞ്ഞു നിങ്ങള്‍ യുദ്ധത്തിലേക്ക് വഴിവെട്ടുകയാണ്. യുദ്ദ്ധം നിങ്ങള്‍ കാംഷിക്കുന്നു കൃഷ്ണാ.. പാതിരാജ്യമോ അഞ്ചു ഗ്രാമമോ അല്ലെ നിങ്ങളുടെ ലക്‌ഷ്യം.. കൗരവകുലത്തിന്റെ അന്ത്യമാണ്. യുദ്ധം കാംഷിക്കുന്നത് ഞാനല്ല താങ്കളും പാണ്ടവരുമാണ്. അഞ്ചുഗ്രാമത്തില്‍ ഒതുങ്ങുന്നതല്ല കുന്തിയുടെയും ദ്രൗപദിയുടെയും സ്വപ്‌നങ്ങള്‍. യുദ്ധം, എന്നെ പഴി പറഞ്ഞു നിങ്ങള്‍ അനിവാര്യമാക്കുകയാണ്. ഒരു ഗ്രാമം തന്നാലും നിങ്ങളും പാണ്ഡവരും ചേർന്നു ഹസ്തിനപുരം വിഴുങ്ങും.. അത് നോക്കി നില്‍ക്കാന്‍ സുയോധനനാവില്ല. യുദ്ധമണ്ടായാല്‍ ഞാന്‍ ജയിക്കില്ലായിരിക്കും. പക്ഷേ പങ്കുവെക്കപെട്ട തുണ്ട് രാജ്യം ഭരിച്ചു സുഖിച്ചു കഴിയാന്‍ ഞാന്‍ ഷണ്ഡപുത്രനായ യുധിഷ്ടിരനല്ല. പങ്കുവെച്ചു കഴിച്ചതിൻറ്റെ സ്വാദ് അവര്‍ക്കറിയാം. മണ്ണും പെണ്ണും ഞാന്‍ പങ്കുവെക്കില്ല. രണ്ടുമെനിക്ക് പവിത്രമാണ്. സ്വത്തും പശുക്കളും ഒരു നല്ല സൈന്യം പോലുമില്ലാത്ത യാദവന് തോന്നുന്ന അസൂയയുടെ മൂര്‍ത്തഭാവമാണ് നിങ്ങള്‍..

മാധവാ.... സുയോധനന്‍ സന്ധിക്കില്ല..  രാജ്യത്തിന്റെ ഒരു കഷണം പോലും അടിയറ വെക്കാന്‍ ഞാനൊരുക്കമല്ല. എന്നില്‍ നീതിയില്ലെങ്കില്‍ ആര്‍ക്കു വേണമെങ്കിലും പാണ്ഡവപക്ഷം ചേരാം.. സൗജന്യമായി കൊടുക്കേണ്ടത് ഭക്ഷണവും വസ്ത്രവുമാണ്; ചവുട്ടി നില്‍ക്കുന്ന മണ്ണല്ല. ഈ മണ്ണിന്റെ മകനായ ക്ഷത്രിയന്‍ മണ്ണിനെ കാക്കും; മരണം വരേയും....

നിരാശക്ക് പകരം കൃഷ്ണന്റെ മുഖത്തു താന്‍ വന്നത് നേടിയെന്നുള്ള തൃപ്തിഭാവമായിരുന്നു. വന്നു നേരെ അച്ചൻ പെങ്ങളായ ചെറിയമ്മയുടെയടുത്തു പോയി ചെറിയച്ഛനുമായി നടത്തിയ ഗൂഢാലോചനയുടെ നാടകരൂപമാണ് സഭയില്‍ അരങ്ങേറിയത്. പണ്ടേ ഭക്തയായ പാഞ്ചാലിയോടും പെങ്ങളെ പരിണയിച്ച അര്‍ജുനനോടും അച്ഛന്‍ പെങ്ങളായ കുന്തിയോടുമല്ലാതെ ആരോടാണ് കൃഷ്ണന്‍ അടുപ്പം കാണിക്കുക.

പിന്നെയൊന്നും കേള്‍ക്കാനും പറയാനും സഭയില്‍ നിന്നില്ല. പക്ഷപാതികള്‍ നിറഞ്ഞു നില്‍ക്കുന്ന സഭയില്‍ നിന്ന് കര്‍ണ്ണന്റെ കൈകള്‍ പിടിച്ചിറങ്ങി പോന്നു.
 
ഭാഗം  - 4 ( യുദ്ധം .)


യുദ്ധം തീരുമാനിച്ചപ്പോഴാണ് ധര്‍മ്മസങ്കടത്തിലാക്കുന്ന പിതാമഹന്‍ വീഴാതെ ആയുധമെടിക്കില്ല എന്ന കര്‍ണ്ണന്റെ തീരുമാനം അറിഞ്ഞത്. മുത്തച്ഛന്‍ വല്ലാതെ അപമാനിച്ചു  കര്‍ണ്ണനെ. എന്തിനാണ് സൂതപുത്രനായ കര്‍ണ്ണനോട് ഇത്ര വൈരാഗ്യമെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. തനിക്കുറപ്പായിരുന്നു കര്‍ണ്ണന്‍ ക്ഷത്രിയപുത്രനാണെന്ന്.  മുത്തച്ഛനും ഗുരുവും പാണ്ഡവരെ കൊല്ലാന്‍ മുതിരില്ല എന്നത് സുനിശ്ചിതമായിരുന്നു. തന്റെ ഭാഗത്ത് ശരിയുള്ളതിനാല്‍ മാത്രം ഗുരുവും മുത്തച്ഛനും നിന്നതാണ്. പാണ്ഡവരെ കൊല്ലാന്‍ കര്‍ണ്ണന്‍ മാത്രമേ ഉണ്ടാകൂ.. കര്‍ണ്ണന്‍ മാറി നില്‍ക്കുന്നത് കൊണ്ട് തന്നെ യുദ്ധം നീളുകയാണ്. ശവങ്ങള്‍ കൊണ്ട് കുരുക്ഷേത്രം നിറയുകയാണ്. വലിയ സൈന്യശേഖരമൊന്നുമില്ലെങ്കിലും പാണ്ഡവര്‍ മുന്നേറുകയാണ്. ശല്യനും മുത്തച്ഛനും ദ്രോണരും അഭ്യാസകാഴ്ച്ചപോലെയാണ് യുദ്ധം ചെയ്യുന്നത്. വെറുതെ അമ്പുകള്‍ തടുത്തിടുന്ന കാഴ്ചയാണ്. കാലാള്‍ പടകളിലെ ഭടന്മാരല്ലാതെ പാണ്ടവരിലെ പ്രധാനികളൊന്നും വീഴുന്നില്ല. ഒരിക്കല്‍ മുത്തച്ഛനോട്‌ സൂചിപ്പിച്ചപ്പോള്‍ യുദ്ധം നിര്‍ത്തുമെന്നു പറഞ്ഞു. ഗുരു എനിക്ക് കൌരവരും പാണ്ടവരും ഒരുപോലെയാണെന്നു പറഞ്ഞൊഴിഞ്ഞു. . വെറുതെ കാഴ്ചകോലങ്ങളായി മാത്രം കൂടെ നില്‍ക്കുന്ന ഇവര്‍ മിത്രങ്ങളോ ശത്രുക്കാളോയെന്ന് തിരിച്ചറിയാനാവുന്നില്ലെന്നു തോന്നി.. ശകുനിയും അശ്വത്ഥാമാവും കൃപരും കൃതവര്‍മ്മാവും അര്‍പ്പണബോധത്തോടെ യുദ്ധം ചെയ്യുന്നു. കര്‍ണ്ണനും കൂടി ആയുധമെടുത്തെങ്കില്‍...

പിതാമഹന്‍ വീണതിനുശേഷം ആയുധമെടുത്ത കര്‍ണന്‍ പാണ്ഡവര്‍ക്ക് നികത്താനാവാത്ത ദുരിതം വിതച്ചു. പിതാമഹനെയും ഗുരുവിനെയും ചതിച്ചത് പോലെ തന്നെ കര്‍ണ്ണനെയും ചതിച്ചു കൊന്നപ്പോള്‍ യുദ്ധം തോറ്റെന്നുള്ള തിരിച്ചറിവില്‍, ദേഹമാസകലം മുറിവേറ്റ് തളര്‍ന്നു, സ്വയം പരിത്യാഗം ചെയ്യാമെന്ന് കരുതി. ആരൊക്കെ ബാക്കി ജീവിച്ചിരിക്കുന്നുവെന്നറിയില്ല. തനിക്കിനിയൊന്നും നേടാനില്ല. പതിയെ കുരുക്ഷേത്രത്തില്‍ നിന്ന് പാലായനം ചെയ്തു കാട്ടുപൊയ്കയില്‍ വിശ്രമിക്കുമ്പോഴാണ് യുദ്ധത്തിനു വെല്ലുവിളിച്ചു കൊണ്ടുള്ള യുധിഷ്ഠിരന്റെ വാക്കുകള്‍ കേട്ടത്..

രണഭൂമിയില്‍ ജനിച്ച മണ്ണിനു വേണ്ടി വീണുമരിച്ചു വീരസ്വര്‍ഗം പൂകുമെന്നൊക്കെ വീമ്പിളക്കിയ ദുര്യോധനാ ഭീരുവിനെ പോലെ ഒളിച്ചിരിക്കുന്നോ.. ഇറങ്ങി വാ.. യുദ്ധം തീര്‍ന്നിട്ടില്ല. നിന്റെ തല നിലത്തു വീണുരുണ്ട ശേഷമേ യുദ്ധം തീരുകയുള്ളൂ..

വിജയത്തില്‍ മതി മറന്നു പ്രഥമപാണ്ഡവന്‍ സ്വയം മതി മറന്നു നില്‍ക്കുകയാണ്. ആശകള്‍ നശിച്ച താന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

രാജ്യം നിങ്ങളെടുത്തു കൊള്ളുക. എന്റെ പ്രിയ സഹോദരങ്ങളും തോഴന്‍ കര്‍ണ്ണനുമില്ലാതെ ആ രാജ്യം എനിക്കെന്തിന്..? . ഇനി യുദ്ധമില്ല. ഞാന്‍ കാട് കയറി സ്വയം സമാധിയടയുകയാണ്.
യുധിഷ്ടിരാ.. ഒരു ക്ഷത്രിയന്‍ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്ന ധന്യതയോടെ ഞാന്‍ ഇവിടം വിടുകയാണ്.  എന്നോട് കൂടി ഞാന്‍ ചെയ്തതെല്ലാം ഇന്നസ്തമിക്കും.  കൗരവരെ ചതിച്ചു കൊന്നു രാജ്യം നേടിയ അപഖ്യാതി നിങ്ങളുടെ മരണംവരെ പിന്തുടരും.  വിധവകളുടെ കണ്ണുനീര്‍ തുടക്കാനാവാതെ നിങ്ങള്‍ തളരും.  അമ്മമാരുടെ വിലാപങ്ങള്‍ നിങ്ങളുടെ ഉറക്കം കെടുത്തും.
കുഞ്ഞുങ്ങളുടെ ദീനരോദനങ്ങള്‍ നിങ്ങളുടെ ചെവികളെ പൊള്ളിക്കും.  ശാപം കിട്ടിയ ജന്മങ്ങളായ നിങ്ങളെ മരണം പോലും വരം തരാതെ അകന്നു നില്‍ക്കും.  ധര്‍മ്മം പറയുകയും അധര്‍മ്മത്തിന്റെ പാതയില്‍ സഞ്ചരിക്കുകയും ചെയ്ത നിങ്ങളെ ജനങ്ങള്‍ അപഹസിക്കും..

എല്ലാം നേടിയതിന്റെ ഗര്‍വ്വ് യുധിഷ്ടിരനില്‍ ഉറഞ്ഞുതുള്ളുകയാണ്. വീണ്ടും വെല്ലുവിളി തുടര്‍ന്നു.

വാ.. ഞങ്ങളിലെ ആരുമായും നിനക്ക് യുദ്ധം ചെയ്യാം. ജയിച്ചാല്‍ നിനക്ക് രാജ്യം. രണ്ടാമതു ദ്യൂതിനു നീയെന്നെ വെല്ലുവിളിച്ചപ്പോള്‍ പറഞ്ഞത് ഓര്‍ക്കുന്നോ ദുര്യോധനാ.. അന്ന് നീ പറഞ്ഞത് ഞാന്‍ ആവര്‍ത്തിക്കുന്നു.  പാണ്ഡവരിലെ ഒരാളോട് യുദ്ധം ചെയ്തു ജയിച്ചാല്‍ രാജ്യം മുഴുവന്‍ നിനക്ക്..

ഇനിയാര്‍ക്കു വേണം പുരുഷവര്‍ഗ്ഗം മുഴുവന്‍ മരിച്ചുപോയി വിധവകള്‍ മാത്രമായി, ജനതതി പകുതിയായി പാതിരാജ്യമായി മാറിയ രാജ്യം.? ആര്‍ക്കുവേണ്ടി രാജ്യം നേടണം.. ? മക്കളില്ല, സഹോദരങ്ങളില്ല, മരുമക്കളില്ല, പേരകുട്ടികളില്ല. വിധവകളുടെ കണ്ണീരും ചോരയും കലര്‍ന്ന് നഞ്ഞു കിടക്കുന്ന മണ്ണ് ആര്‍ക്കു വേണം.. ഇതല്ല സുയോധനന്‍ സ്വപ്നം കണ്ട രാജ്യം.. ഇത് രാജ്യമല്ല; ശ്മശാനമാണ്.. പ്രജകള്‍ ഇല്ലാതെ എന്ത് രാജാവ്.. ? എന്റെ പ്രജകള്‍ മരിച്ചു വീണിടത്ത് അവരുടെ ചോരവീണ മണ്ണില്‍ ചോര വീഴ്ത്തി വീരചരമം പ്രാപിക്കുക എന്നതല്ലാതെ ഇനി തനിക്കെന്തു സ്വപ്നം.. ? തന്റെ സന്തതസഹചാരിയായ കര്‍ണ്ണനില്ലാതെ തനിക്കിനി ഒന്നു ചിരിക്കാന്‍ പോലും കഴിയില്ല.  കൃഷ്ണനോട് താന്‍ ചിരിച്ചു കൊണ്ട് പറയണം .

ഇതാ പാതി രാജ്യം.. വിളറി വെളുത്ത വിധവകളുടെ രാജ്യം. ഇതാണോ കൃഷ്ണാ നീ പാണ്ഡവര്‍ക്ക് നേടി കൊടുക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു കഷ്ടപെട്ടത്‌ ? കുട്ടികാലത്ത് ഒരു കളിപ്പാവയെ തിരിച്ചു കൊടുക്കാന്‍ പറഞ്ഞാല്‍പോലും അതിനെ നശിപ്പിച്ചു കൊടുക്കുന്ന താന്‍ ഈ രാജ്യവും കൊടുക്കുന്നു. ഒന്നിനും കൊള്ളാത്ത ഒരു രാജ്യം !!

പാണ്ഡവര്‍ മടങ്ങുന്ന ലക്ഷണമില്ല.  തന്നെ തീർക്കാതെ പാണ്ഡവർ പിൻവാങ്ങില്ല. പതിയെ പുറത്തിറങ്ങി. കൃഷ്ണന്‍ യുധിഷ്ഠിരനെ ശകാരിക്കുന്നു. ചിരിച്ചു കൊണ്ട് പറഞ്ഞു.

ഭയക്കേണ്ട യുധിഷ്ഠിര, എനിക്ക് ഭീമനെ മതി. ഇവനെ തോൽപ്പിച്ചിട്ടു ഞാന്‍ നേടുന്ന രാജ്യം നിങ്ങൾക്ക് ധര്‍മ്മമായി തരും. എന്റെ സഹോദരങ്ങള്‍ക്കുള്ള ആദരാഞ്ജലി ചെയ്യലാവും ഇന്നിവന്റെ ചോര കൊണ്ട്. ബാല്യം മുതല്‍ ഇവനാണ് ഞങ്ങളുടെ ശത്രു. ഈ ആജന്മശത്രുവിനെ കൊല്ലാനായാല്‍ അതിനെക്കാള്‍ വലുത് ഒന്നുമില്ല. ഭീമാ, ഗദയെടുക്ക്...

ഗുരു, ബലരാമനെ തൊഴുതു വണങ്ങി വലതു കയ്യില്‍ ഗദയെടുത്തു മുന്നോട്ടു വന്നു. ഗുരുവിനെ വണങ്ങാൻ പോലും മറന്നു ക്രൂധനായി വന്ന ഭീമന്റെ മുഖം ഭീഭത്സമായിരുന്നു. തന്നെ തോല്‍പ്പിച്ച് കൊല്ലുക എന്നതിനേക്കാള്‍ മറ്റെന്തോ നേടിയെടുക്കാനുള്ള വെമ്പല്‍ അയാളുടെ മുഖത്തുണ്ടായിരുന്നു. ശൗര്യം കണ്ണുകളില്‍ തിളങ്ങിനിന്നു. ചോരകറകള്‍ വീണ മാര്‍ച്ചട്ട അഴിച്ചു വലിച്ചെറിഞ്ഞു ഗദയെടുത്തു കാടിനെ പ്രകമ്പനം കൊള്ളിക്കുന്ന അലറലിന്റെ അകമ്പടിയോടെ തന്റെ നേരെ കുതിച്ചു. തന്റെ തളര്‍ച്ചയെ കുറിച്ച് അവനു വ്യക്തമായ ധാരണയുണ്ട്. പെട്ടെന്ന് തന്നെ തച്ചുതകര്‍ക്കാനുള്ള ആവേശം ഓരോ അടിയിലും തെളിഞ്ഞു നിന്നിരുന്നു. ഇവന്റെ രൂപസാദൃശ്യമുള്ള പ്രതിമയില്‍ പ്രയോഗിച്ചു പഠിച്ചതെല്ലാം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അടികള്‍ക്കെല്ലാം നല്ല ശക്തിയുണ്ട് പക്ഷേ അഭ്യാസകാഴ്ചയിലെ യൗവ്വനത്തിന്റെ തീക്ഷണതയില്ല. കുരുക്ഷേത്രയുദ്ധം മുഴുവന്‍ ജയിച്ചതിന്റെ ക്ഷീണം അവന്റെ വേഗത്തെ കുറക്കുന്നുണ്ട്. വേഗതയാണ് തന്റെ ആയുധം. തടുത്തുകൊണ്ടിരുന്നാല്‍ താന്‍ തളരും. രണ്ടു കൈകൊണ്ടും ചേര്‍ത്തുപിടിച്ചവനടിച്ച അടിയില്‍ ഇരുന്നു പോയെങ്കിലും വലതുമുട്ടില്‍ നിവര്‍ന്നിരുന്നു അവന്റെ ഇടതു ചുമലിൽ ശരവേഗത്തില്‍ ആഞ്ഞടിച്ചു. അലറികൊണ്ടിരുന്ന അവനില്‍ നിന്ന് ആര്‍ത്തനാദം അടര്‍ന്നുവീണു. ഇരട്ടിശക്തിയിലവൻ ഗദ ചുഴറ്റിയടിക്കും മുമ്പ് ഗദയുടെ മധ്യത്തില്‍ അടിച്ചു ലക്‌ഷ്യം തെറ്റിച്ചു. തെറിച്ചുവീണ ഗദയെടുക്കാന്‍ തിരിഞ്ഞപ്പോള്‍ മുതുകില്‍ ആഞ്ഞടിച്ചു. അലറിവിളിച്ചു മണ്ണിൽ കമിഴ്ന്നുവീണ ഭീമനെ അടിക്കാനൊരുങ്ങുമ്പോള്‍ ഗുരു ബാലരാമന്‍ വിളിച്ചു പറഞ്ഞു..
അരുത് സുയോധനാ.. വീണ് കിടക്കുന്നവനെ അടിക്കാന്‍ നിന്നെ ഞാന്‍ പഠിപ്പിച്ചിട്ടില്ല.
ഗദ മണ്ണില്‍ കുത്തി നിന്ന് വലിയൊരു ശ്വാസമെടുത്തു, കിതച്ചു കൊണ്ട് ഗുരുവിനെ നോക്കി പറഞ്ഞു :
ധര്‍മ്മയുദ്ധം കുരുക്ഷേത്രത്തിനു എന്നോ അന്യമായി ഗുരുവേ. ഇവനെ ചതിച്ചു കൊന്നിട്ട് എനിക്കൊന്നും നേടാനില്ല. ഞാനൊരു ശപഥവും ചെയ്തിട്ടുമില്ല. എനിക്കറിയാം ഇവനെന്നെ ജയിക്കാനാവില്ല.

വിളറി നില്‍ക്കുന്ന യുധിഷ്ഠിരനോട് പറഞ്ഞു..

ഭയക്കേണ്ട. ഇവനെ കൊല്ലുക മാത്രമാണെന്റെ ലക്‌ഷ്യം. ഈ യുദ്ധരാം ഞാൻ ജയിച്ചാലുമില്ലെങ്കിലും രാജ്യം എനിക്കുവേണ്ട.

ഭീമന്‍ കൈകള്‍ കുത്തി പതുക്കെയെണീറ്റ്‌, ഭയപ്പാടോടെ കൃഷ്ണനെ നോക്കി. തൻറ്റെ നേർക്കു തിരിഞ്ഞപ്പപോൾ കണ്ണുകള്‍ അരക്ക് കീഴെ പതിയുന്നത് കണ്ടു. ഗദകള്‍ വീണ്ടും വായുവില്‍ ഇടിമുഴക്കങ്ങളും തീപ്പൊരികളുമുതിര്‍ത്തു. ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ പക്ഷികള്‍ ഭയപ്പാടോടെ അങ്ങുമിങ്ങും പറന്നു നടന്നു. വന്യമൃഗങ്ങള്‍ ഒച്ചയിട്ടോടിയകന്നു. ഇടതുകരത്തില്‍ അവനടിച്ച അടിയില്‍ ആയുധം പിടിവിട്ടുപോകുമോയെന്നു തോന്നി. വേദനയെ മറന്നു ഗദയുയര്‍ത്തി തലക്കടിക്കാന്‍ നോക്കിയപ്പോള്‍ കുനിഞ്ഞൊഴിഞ്ഞതിനാല്‍ മുതുകത്താണ് കൊണ്ടത്‌. കുനിഞ്ഞുനിന്ന അവന്‍ അപ്രതീക്ഷിതമായി ഇടതുതുടയില്‍ ആഞ്ഞടിച്ചു. പ്രഹരത്താല്‍ തുടപൊളിഞ്ഞു രക്തം ഭീമന്റെ മുഖത്തേക്ക് തെറിച്ചു വീണു. വേദന ശിരസ്സിലേക്ക് ഇരച്ചു കയറുന്നതും ഭീമന്റെ ഗദ തന്റെ ശരീരമാകമാനം താഢനങ്ങള്‍ ഏല്‍പ്പിക്കുന്നതും അലറി വിളിക്കുന്നതും മങ്ങിയും തെളിഞ്ഞും കേട്ടു. കയ്യില്‍ നിന്നു ആയുധം താഴെ വീണു. മയങ്ങിമങ്ങുന്ന നേത്രങ്ങള്‍ കൊണ്ട് ഗുരുവിനെ നോക്കി. അദേഹം അധര്‍മ്മം, ക്രൂരം എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്. ചോരപുരണ്ട മണ്ണിലേക്ക് മലര്‍ന്നു വീണ തന്റെ ഇടതു കവിളില്‍ വലതു കാലു കൊണ്ട് തട്ടി, തലയില്‍ ചവുട്ടി നിന്ന് ഭീമന്‍ അട്ടഹാസതിരകള്തിര്‍ത്തു. .
 
ഭാഗം -  5 ( സമര്‍പ്പണം )

എപ്പഴോ കൃപരും കൃതവര്‍മ്മവും അശ്വത്ഥാമാവും എത്തിയിരുന്നു. തന്റെ തുട പിളര്‍ന്നു, ചോരയൊലിപ്പിച്ച്, മണ്ണുപുരണ്ടു കിടക്കുന്ന കാഴ്ച   ദ്രൗണിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ തലയിലടിച്ചു മണ്ണില്‍ കിടന്നു വിലപിക്കാന്‍ തുടങ്ങി. എന്തോ പറയാന്‍ തുനിഞ്ഞെങ്കിലും നാവു തളര്‍ന്നു പോയിരുന്നു. ദേഹാമാകെ ചോരയൊലിക്കുന്നു. ദ്രൗണി ചാടിയെഴുന്നേറ്റു ആക്രോശിച്ചു പറഞ്ഞു..

എന്റെ അച്ചനെ ചതിച്ചു കൊന്നു. ഭീഷ്മപിതാമഹനെ ചതിച്ചു കൊന്നു.. അതൊക്കെ ഞാന്‍ സഹിച്ചു. എന്നാലീ ചതി എന്നെ നികൃഷ്ടനാക്കുന്നു. ഈ ക്രൂരതക്ക്, അപമാനത്തിന് ഞാന്‍ അതെ നാണയത്തില്‍ മറുപടി കൊടുക്കും. അധര്‍മ്മമാണ് എന്റെ ഇനിയുള്ള ധര്‍മ്മം.
രാജാവേ. അങ്ങ് അവസാനശ്വാസം പിടിച്ചുവെച്ച് എനിക്ക് വേണ്ടി കാത്തുനില്‍ക്കുക. ഇതിനു പകരം വീട്ടിയിട്ടേ ദ്രൗണി തിരിച്ചു വരൂ. ഇല്ലെങ്കില്‍ മാതുലന്‍ എന്റെ മരണം വന്നു പറയും. അതുവരെ, അതുവരെ അങ്ങ് സ്വര്‍ഗ്ഗം പൂകരുത്.

താന്‍ മന്ദഹസിച്ചു. ഈ യോദ്ധാവിനെ താന്‍ തിരിച്ചറിഞ്ഞില്ലല്ലോയെന്ന് ദുഖിച്ചു. പതിയെ ഉച്ചരിച്ചു..

നീയാണ് അവസാനത്തെ കൗരവസേനാപതി. ധര്‍മ്മം രണ്ടു കൂട്ടരും എന്നേ വെടിഞ്ഞു.. ശുഭവാര്‍ത്തയുമായി തിരിച്ചു വരിക..  വിജയീ ഭവ....

കൈകള്‍ പാടുപെട്ടുയര്‍ത്തുന്നത് കണ്ടു ദ്രൗണി അരികിലിരുന്നു കൈകളെടുത്തു തലയില്‍ വെച്ചു. കൃപരും കൃതവര്‍മ്മാവും തൊഴുതു പിന്‍വാങ്ങി..

രാജാവേ..

തട്ടി വിളിക്കുന്നത്‌ കേട്ടാണ് മയക്കമുണര്‍ന്നത്‌. ദ്രൗണിയുടെ മടിയിലാണ് തന്റെ ശിരസ്സ്‌. കൃപരും കൃതവര്‍മ്മാവും ചെന്നായകളേയും കുറുക്കന്മാരേയും ആട്ടിയോടിക്കുന്നു. ഒലിച്ചിറങ്ങിയ ചോരയെല്ലാം നക്കികുടിച്ച മൃഗങ്ങള്‍ തന്റെ ഞരക്കങ്ങള്‍ തീരാന്‍ കാത്തു നിന്നിരിക്കണം. ഭാരതം മുഴുവന്‍ കാല്‍ക്കീഴിലാവുമെന്നാശിച്ച താനിപ്പോള്‍ വെറും മണ്ണില്‍, എല്ലുകള്‍ വെളിയില്‍ ചാടി ചോരവാര്‍ന്നു, വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമാകാന്‍ കാത്തുകിടക്കുന്നു. മെല്ലെ മിഴികൾ തുറന്നു തലയുയര്‍ത്തി ദ്രൗണിയെ നോക്കി. അയാളുടെ മുഖവും ദേഹമാകെ ചോരയില്‍ മുങ്ങിയിരിക്കുന്നു. പേടിപെടുത്തുന്ന രൂപം. ദ്രൗണിയുടെ കൈകള്‍ അമര്‍ത്തി പിടിച്ചു. എന്തോ കേള്‍ക്കാന്‍ ചെവിയും ഹൃദയവും തുടിച്ചു. തളര്‍ച്ചയിലും വേദനയിലും അവന്‍ ആഹ്ലാദം വരുത്താന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു..

ഞാന്‍ തച്ചു തകര്‍ത്തു പാണ്ടവസേനയെ രാജന്‍.. ഇനി പാണ്ഡവരില്‍ വെറും വിരലിലെണ്ണാവുന്നവര്‍ മാത്രം ബാക്കി.

തന്റെ കണ്ണുകള്‍ തിളങ്ങിയോ..? ചുണ്ടില്‍ ചെറുചിരിയുതിര്‍ന്നുവോ.. ? കിടന്നുകൊണ്ട് തന്നെ ദ്രൗണിയെ അരയിലൂടെ ചുറ്റി വരിഞ്ഞാശ്ലേഷിച്ചു. കൃപരേയും കൃതവര്‍മ്മനേയും സ്നേഹഭാരഭാവത്തോടെ നോക്കി മനസ്സ് കൊണ്ട് വണങ്ങി. അവരുടെ കണ്ണുകള്‍ നനഞ്ഞിരുന്നു. ചോരപുരണ്ട ഉത്തരീയം കൊണ്ട് അവര്‍ തന്റെ വേദനയെ വീശിയകറ്റി കൊണ്ടിരുന്നു.
താന്‍ ജനിച്ചപ്പോള്‍ കണ്ട ദുര്‍നിമിത്തങ്ങള്‍ കുലം മുടിക്കാന്‍ ജനിച്ചവനെന്ന പേര് നേടി തന്നു. മനസിലാവാതെ പോയതും ഇത് തന്നെയാണ്. അതെ സമയത്ത് ജനിച്ച ഭീമനു ഈ പേരുദോഷങ്ങള്‍ എന്തുകൊണ്ട് ചാര്‍ത്തി കൊടുത്തില്ല... ? യുദ്ധത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ കൌരവരെ മൊത്തം സ്വന്തം കൈകളാല്‍ കൊന്നു കുലം മുടിച്ചത് ഭീമനാണ്. സ്വന്തം ജ്യേഷ്ഠനെ കൊന്ന അപഖ്യാതി വാങ്ങിയത് അര്‍ജുനാണ്. പൈതൃകമായി കിട്ടിയ മണ്ണിനെ സ്നേഹിച്ചാശ്ലേഷിച്ചു വെട്ടിമുറിക്കാന്‍ അനുവദിക്കാതിരുന്ന സുയോധനന് കിട്ടിയ ദുഷ്പേരുകളെത്ര.. ? സ്വന്തം അമ്മ പോലും തന്നെ തള്ളി പറഞ്ഞു. ഓരോ ദിവസവും അമ്മയുടെ ആശീര്‍വാദത്തിനായി ചെല്ലുമ്പോള്‍ ഒരിക്കല്‍ പോലും "ജയിച്ചു വാ " എന്ന് പറയാതെ " ധര്‍മ്മം എവിടെയുണ്ടോ അവിടെ ജയമുണ്ടാകുമെന്നു "പറഞ്ഞു സ്നേഹത്തെ കൈപാടകലെനിര്‍ത്തിയ അമ്മ പാണ്ഡവരുടെ അധര്‍മ്മം കണ്ടു ഇപ്പോള്‍ ദുഖിക്കുന്നുണ്ടാകും. പണ്ട് മുതലേ തന്നെ തള്ളി പറഞ്ഞ വിദുരരെയും താന്‍ ദ്രോഹിച്ചില്ല. ക്ഷത്രിയജന്മം ക്ഷത്രിയനായി ജീവിച്ചു തീര്‍ക്കുകയായിരുന്നു. തന്റെ ശരികള്‍ മുറുകെ പിടിച്ചത് മാത്രമാണ് തന്റെ തെറ്റ്..

ദ്രൌണി തന്റെ നെറ്റിയില്‍ തടവി കൊണ്ടിരുന്നു. ഒഴുകി കട്ടപിടിച്ച ചോരയില്‍ ചേക്കേറിയ പ്രാണികളെ തട്ടികളഞ്ഞു കൊണ്ട് ദ്രൗണി വേദനയിലും ചിരിച്ചു. സംതൃപ്തമായ, ധന്യമായ, സഫലമായ ജീവിതം താണ്ടിയവനാണ് താനെന്നും ദുഖിക്കരുതെന്നും പറയാന്‍ ശ്രമിച്ചു പരാജയപെട്ടു. ഒരു നിമിഷം പ്രിയ പത്നി ഭാനുമതിയുടേയും തോഴന്‍ കര്‍ണ്ണന്റെയും ജ്യേഷ്ഠാ എന്ന് വിളിച്ചു നിഴലുപോലെ കൂടെ നടക്കുന്ന ദുശ്ശാസനേയും ഒരേയൊരു സഹോദരി ദുശ്ശളയേയും ഓര്‍ത്തു. കണ്ണീര്‍മുത്തുകള്‍ ഉരുണ്ടു വീണു ചോരയില്‍ കലര്‍ന്നു.

ദ്രൌണിയുടെ അരക്കെട്ടില്‍ മുറുകെ പിടിച്ചിരുന്ന കൈകളയഞ്ഞു. ശരീരം തളരുന്നതും കണ്ണുകളില്‍ ഇരുട്ട് കയറുന്നതും ശ്വാസം നെന്ചില്‍ പിടയുന്നതും തൊട്ടറിഞ്ഞു, വിടര്‍ന്ന കണ്ണുകളില്‍ വെളിച്ചം നിറച്ചു, ദ്രൌണിയെ നോക്കി പുഞ്ചിരിച്ചു, അകലുന്ന അടുത്ത ശ്വാസത്തിൻറ്റെ തിരിച്ചു വരവിനായി, സ്വർഗ്ഗം തുറക്കുന്ന സമയമുഹൂർത്തത്തിനായ്, കാലത്തിൻറ്റെ ശംഖനാദത്തിനായ് കാത്തുകിടന്നു.