Thursday 21 April 2016

സാക്ഷിപത്രം...


നക്ഷത്രമായും
ഗ്രഹമായും
വായുവായും
വാനമായും
പ്രപഞ്ചത്തെ പകുത്തു.

ജലമായും
ജീവനായും
ഖരമായും
ഹിമമായും
ഭൂമിയെ പകുത്തു.
പുലരിയെന്നും
ഉച്ചയെന്നും
പ്രദോഷമെന്നും
നിശയെന്നും
ദിനത്തെ പകുത്തു.
വാരത്തെ ഏഴാക്കി,
നക്ഷത്രങ്ങളെ ഇരുപത്തേഴാക്കി,
മാസത്തെ മുപ്പതാക്കി,
വര്‍ഷത്തെ പന്ത്രണ്ടാക്കി പകുത്തു.
വര്‍ഷവും
വേനലും
വസന്തവും
ഹേമന്തവുമായി
പ്രകൃതിയെ നാലാക്കി പകുത്തു.
ശൈശവമായും
ബാല്യമായും
കൗമാരമായും
യൗവ്വനമായും
വാര്‍ദ്ധക്ക്യമായും
അഞ്ചദ്ധ്യായങ്ങളാക്കി ജീവിതമെന്ന പാഠപുസ്തകത്തില്‍ തുന്നിച്ചേര്‍ത്തു.
പക്ഷേ,
പാകം വന്നു പഴുത്ത നിന്നെ മാത്രം
പങ്കുവെക്കുവാനോ,
പകുക്കുവാനോ
പകര്‍പ്പെടുക്കാനോ കഴിഞ്ഞില്ല.
പകരംവെക്കാനില്ലാത്ത നിന്നെ
പകര്‍ന്നെഴുതാന്‍ കഴിയാതെ
പഴി പറഞ്ഞപ്പോൾ
പിണങ്ങി പിരിഞ്ഞ പേനയും
പ്രണയാക്ഷരങ്ങളും
പ്രതിഷേധപ്പൂര്‍വം
പ്രണയമഷിയില്‍ ചാടി
പ്രാണൻ വെടിഞ്ഞു,
പ്രണയത്തിനു സാക്ഷ്യപത്രമെഴുതി,
പവിത്രസ്മാരകം പണിതു.

അല്‍ വിദാ 2015.....


പടിയിറങ്ങുകയാണ് ഞാന്‍.
പ്രതീക്ഷകളും സ്വപ്നങ്ങളുമായി പടികയറിവന്നെങ്കിലും
ഞാനവയെല്ലാം ട്രങ്ക് പെട്ടിയുടെ മൂലയില്‍ തിരുകിവെച്ചു
നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍ ശ്രമിച്ചു.

വർണ്ണ വര്‍ഷമായും
വിളർത്ത വേനലായും
വിറകൊള്ളുന്ന മഞ്ഞായും
നിങ്ങളെ തഴുകി തലോടി നിന്നു.
നിമിഷമായും
ദിനമായും
ആഴ്ചയായും
മാസമായും
എന്നെ ഞാന്‍ പകുത്തിട്ടു.
നിങ്ങള്‍ക്കായി ഞാൻ വേഗത്തിലോടി.
വേദനയിൽ മരവിച്ചു നിന്നു, ചിലപ്പോള്‍ മടിച്ചും.
തങ്കതിളക്കമുള്ള ഓരോ പുലരിക്കും ശേഷവും കനലെരിയുന്ന അസ്തമയമുണ്ടെന്നു ഞാന്‍ നിങ്ങളെ പഠിപ്പിച്ചു.
നിലാവുപോലുള്ള പകലിന് ശേഷം കാക്കയെപോലെ കറുത്തയിരുട്ടു കാത്തിരിക്കുന്നെന്നു കാണിച്ചു തന്നു.
കാലാനുസൃതമായി തളിരിട്ടു, പൂവിട്ടു, കായായ് വിരിഞ്ഞു കനകം വിളയിച്ചു.
നിയോഗം നിസ്വര്‍ത്ഥം നിര്‍വഹിച്ച ഞാന്‍,
യൗവ്വനം കൊഴിഞ്ഞു വീഴാതിരുന്നിട്ടും,
പതി പനപോലിരുന്നിട്ടും,
സതി വരിക്കുകയാണ്.
ചാവേര്‍ജന്മമായ ഒരു മധുര പതിനാറുകാരി ഹൂറി,
അടയാഭരണങ്ങളണിഞ്ഞു
അരങ്ങിനു പിറകില്‍,
അക്ഷമയോടെ
ആവേശഭരിതയായി,
കാത്തുനില്‍ക്കുകയാണ്.
ഒരു പിന്‍വിളി എനിക്കുണ്ടാകില്ല; നന്ദിയുടെ ചെറുപുഞ്ചിരിയും.
നിറയുന്ന മിഴികള്‍ ഇറുക്കി പിടിച്ചു,
കനക്കുന്ന നൊമ്പരം നിശ്വാസത്തിലൊതുക്കി,
പതറുന്ന പാദങ്ങളെ പഴി പറഞ്ഞു,
പതിയെ ഞാന്‍ പടിയിറങ്ങുകയാണ്.

പതിര്....


പരസ്പരം
പലവട്ടം
പറഞ്ഞു
പഴകിയപ്പോഴാണ്,
പ്രണയം
പഴംപുരാണമായി
പാഴായിപോയത്.

പറയാതിരുന്നെങ്കിൽ
പ്രണയം,
പവിത്രവും
പരിപാവനവുമായ
പൗർണ്ണമിനിലാവുപോലെ
പാതിരാവിലും പരിലസിച്ചേനേ..

പിണക്കം...


പിണങ്ങി നിന്നിൽ നിന്നു ഞാൻ പടിയിറങ്ങിപോയാൽ
ഒരു പിൻവിളിയിലാലെന്നെ തിരികെ വിളിക്കണം.
ചെവി കൊട്ടിയടച്ചു കൈപിണച്ചിരിക്കുന്നയെന്നെ
ഇണപോൽ വന്നു ഇണക്കിയെടുക്കണം.
വാടിയ മുഖം പൊത്തി മൂഡിയായിരിക്കുന്നയെന്നെ
മോടിയിൽ വന്നു ചേലോടെ പിടിച്ചുലക്കണം.
മടി പിടിച്ച്
മുഖം കനത്ത്
മനം കറുത്തിരിക്കുന്ന
എനിക്കിനി ചുട്ടയടിയേ ബാക്കിയുളളൂ.
ഒരു പുളിവാറലോ കൊന്നപത്തലോ
ഓലമടലോ കയ്യിലെടുക്കുക.
തല്ലണ്ട, അമ്മയെപോലെ വെറുതെ ഓങ്ങിയാൽ മതി.
തല്ലിയാൽ കണ്ണു നിറഞ്ഞേക്കും.
എൻറ്റേയും നിൻറ്റേയും...

കവിത

കാലത്തിൻറ്റെ വിതകളിൽനിന്ന് കവി,
കൊയ്തു
മെതിച്ചു
ചേറിയെടുക്കുന്ന,
കറകളഞ്ഞ
കളയകന്ന
കളളമില്ലാ
വിളവാണ്,
കവിത...

മാ നിഷാദാ....


വെട്ടേറ്റു നിലത്ത് വീഴുന്ന ഓരോ മരവും പ്രകൃതിയുടെ,
അല്ലെങ്കില്‍ മനുഷ്യന്റെ തന്നെ ചിതക്കു തീകൊളുത്താനുള്ള തീകൊള്ളിയാണ്.
മാന്തിയെടുക്കുന്ന ഓരോ പിടി മണ്ണും അവന്റെ കുഴിമാടത്തില്‍ വിതറാനുള്ളതാണ്.
വറ്റിച്ചെടുക്കുന്ന ഓരോ തുള്ളി ജലവും ഊര്‍ദ്ധം വലിക്കുന്ന മനുഷ്യന്റെ നാവില്‍ ഇറ്റിക്കുന്ന ഗംഗജലമാണ്.
അംബരചുംബികളായ കെട്ടിടസമുച്ചയങ്ങളും മാളുകളും കൻവെൻഷൻ സെൻറ്ററുകളും പുരോഗമനത്തിൻറ്റ അടയാളങ്ങളല്ല; ചൂഷണത്തിന്റെ സ്മാരകശിലകളാണ്.
പാതിവെന്ത മണല്‍പുറം, ഭൂമിദേവിയുടെ പട്ടടയാണ്.
അനാവശ്യമായി കെട്ടിയുയര്‍ത്തപെടുന്ന ഓരോ സിമന്റ്കോട്ടയും ശവപുരകളാണ്.
പ്രകൃതി,
കറുത്തിരുണ്ട വനാന്തരംപോലെ ഇരുണ്ടതും,
പുളിനങ്ങള്‍ പൊഴിച്ച് കളകളമൊഴുകുന്ന പുഴയെപോലെയുമുള്ള ദ്രൗപദിയാണ് . അവളുടെ ഉടയാടകളാണ് വൃക്ഷലതാദികള്‍. ഒരിക്കല്‍ പ്രകൃതിയുടെ ഉടയാടകളഴിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷിച്ച അവതാരം തന്നെയാണ് പറഞ്ഞത് അവസാനം പ്രളയമാണെന്നു.
പറയാതെ പറഞ്ഞ മറ്റൊന്നുണ്ട്. ക്ഷണിച്ചു വരുത്തുന്ന പ്രളയത്തില്‍ എനിക്കൊന്നും ചെയ്യനാകില്ലെന്നു.
ദുശ്ശാസനാ...
നിന്നെ ശപിക്കാന്‍ പൊങ്ങുന്നതു നിനക്കീ പ്രകൃതിരമണീയത കൈമാറിയ പിതാമഹന്മാരുടെ ചുളിവുവീണ കൈകള്‍ മാത്രമാവില്ല. പിറന്നു വീഴാന്‍ പോകുന്ന തലമുറകളുടെ നനുത്തനേര്‍ത്ത കൈകള്‍ കൂടിയാകും.
മറക്കാതിരിക്കുക.....
പ്രകൃതിസമ്പത്ത് മുത്തശ്ശന്മാര്‍ നമ്മുക്ക് ജീവിതാസ്വാദനത്തിന് കടംതന്നതാണ്; ഒരു കേടുപാടും കൂടാതെ അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാമെന്ന വ്യവസ്ഥയില്‍.
അടുത്ത തലമുറ നിങ്ങളുടെ സ്മാരകത്തില്‍ നെയ്ത്തിരി കൊളുത്തണമോ അതോ കാര്‍ക്കി്ച്ചു തുപ്പണമോയെന്ന് ദുശ്ശാസനന്മാരെ നിങ്ങള്‍ തീരുമാനിക്കുക!!!
വനദിനാംശകൾ...

ജനം കൊണ്ട് മുറിവേറ്റവൾ.... ജലം.


വികല വികസനത്തിന്റെ നിര്‍വചനത്തില്‍ നമ്മുക്ക് നഷ്ടമായത് എല്ലാമൊരുക്കിതരുന്ന പ്രകൃതിയെയായിരുന്നു. ക്ഷേത്രനടയില്‍ തള്ളിയ അമ്മയെപോലെ നമ്മള്‍ പ്രകൃതിയെ മറന്നു വെല്ലുവിളിച്ചു വിനാശവികസനത്തെ കെട്ടിപുണര്‍ന്നപ്പോൾ കാടുകളും പുല്‍മേടുകളും കുന്നും പാറകളും പുഴയും പുഴുവും പൂക്കളും എന്തിനു മണ്ണിര വരെ നമ്മുക്ക് നഷ്ടമായി.
സുന്ദരിയായ പ്രകൃതിയുടെ നീര്‍മാതളമാറിടങ്ങളെ തച്ചു തകര്‍ത്ത്, ജലസ്രോതസ്സായ വയലുകള്‍ നികത്തി വിറ്റുതിന്നു. വേഗത്തിൽ ധനികനാകാന്‍ മരങ്ങളെല്ലാം മുറിച്ചു കളഞ്ഞു ഭൂമിയെ വന്ധ്യയാക്കുന്ന വിളകള്‍ നട്ടുപിടിപ്പിച്ചു. കേരളനാടിന്റെ നറുമണം തൂത്തെറിഞ്ഞു മടിയില്‍ പണം കെട്ടുകെട്ടായി തിരുകി സുഖം തേടിയലഞ്ഞു.
ഭൂമിയുടെ വെള്ളിയരഞ്ഞാണമായ പുഴകള്‍ വറ്റി വരളുന്നത്, ഉള്ള വെള്ളം മലീമാസമാകുന്നത് നമ്മള്‍ കണ്ണടച്ച് കാണാതെ കണ്ടു നിന്നു .
ഗജകേസരികളെപോലെ കറുത്ത് ഭൂമിക്ക് ഉറപ്പും ഭംഗിയും നല്‍കിയ പാറകള്‍ക്ക് പകരം മരണകിണറുകള്‍പോലെ പാറമടകള്‍ പ്രത്യക്ഷമായി.
കുന്നുകള്‍ക്ക് പകരം അതിനേക്കാള്‍ ഉയരമുള്ള സൌധങ്ങള്‍ പണിതുയര്‍ത്തി.
പുഴയില്‍ തോര്‍ത്തു വിരിച്ചു മീന്‍ പിടിച്ചു കുപ്പിയില്‍ ഇട്ടു കാണുന്ന സുഖം പെട്ടിയിലടച്ചുവെച്ച സ്വര്‍ണ്ണമീനുകളില്‍ കിട്ടുമെന്ന് കിനാവ്‌ കണ്ടു..
മനുഷ്യന്റെയകത്തെ നന്മയോടൊപ്പം പ്രകൃതിയിലെ നല്ലതെല്ലാം അപ്രത്യക്ഷമാവുകയാണ്.
മടി, അലസത, സ്വന്തം കാര്യം, ഇന്നത്തെ ജീവിതം, സമ്പത്ത്, സമൃദ്ധി, സൗകര്യം, സുഖം, ആഡംബരം, ധാരാളിത്തം. ഇതിനോക്കെയായി നമ്മള്‍ കൊടുത്ത വില ഭീകരമാണ്.
ഇന്നെല്ലാം പാതി വെന്തതാണ്. വൃക്ഷച്ചായകള്‍ നിഴല്‍ വീശുന്ന കിണറുകളിലെ തണുത്ത തെളിനീരിനു പകരം വെന്തുമരിച്ച വെള്ളമാണ് നമ്മള്‍ കുടിക്കുന്നത്. അല്ലെങ്കിൽ മോർച്ചറി തണുപ്പിൽ മരിച്ചു മരവിച്ച ജലം.
കിണറ്റിലെ വെള്ളമെങ്ങിനെ മലീമസമായിയെന്നു ചിന്തിച്ചോ?
കിണറുകളില്‍ വെള്ളം വറ്റിയതെങ്ങിനെയെന്ന് ചിന്തിച്ചോ?
മഴ കുറഞ്ഞിട്ടില്ല പക്ഷെ ഈ മഴവെള്ളമോക്കെ തന്റെ മാറിടത്തില്‍ ചോർന്ന് ചേര്‍ത്ത് വെച്ചിരുന്ന വയലുകള്‍ പോയപ്പോള്‍,
മുറ്റങ്ങള്‍ നഷ്ടമായപ്പോള്‍,
ഉള്ളമുറ്റങ്ങള്‍ക്ക് മിന്നുന്ന കവചം പണിതപ്പോള്‍,
പുഴകളില്‍ നിന്നു കൊലുസ്സിന്‍മണിപോലെ യുള്ള മണല്‍ ആവശ്യത്തിനും അനാവശ്യത്തിനും ഊറ്റിയെടുത്തപ്പോള്‍
തെളിനീരെന്ന അമൃത് നമ്മുക്ക് നഷ്ടമായി.
കിണറ്റില്‍ വെള്ളമില്ലാതായപ്പോള്‍ അടുത്ത വഴി നോക്കിയ മനുഷ്യന്‍ ഭൂമിയുടെ നെഞ്ചു തുരന്നുതുറന്നു. ഓരോ ഞെരമ്പിലും സൂചി കുത്തികയറ്റി അവശേഷിക്കുന്ന ഓരോ തുള്ളി വെള്ളവും കുഴല്‍കിണര്‍ വഴി കുഴിച്ചെടുത്തു. ലവണങ്ങള്‍ കലര്‍ന്ന ഈ വെള്ളത്തില്‍ കുടിച്ചു കുളിച്ചു നമ്മള്‍ യൗവ്വനത്തിൽ തന്നെ നരക്കുന്നു. തൊലികള്‍ ചുളിയുന്നു, വരളുന്നു, വിളളുന്നു.
വിഷമയമായ അന്തരീക്ഷത്തില്‍ ശ്വസിച്ചു നമ്മള്‍ അനുദിനം രോഗികളാവുന്നു.
വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചു ഉള്ളിലുള്ള ഓരോ അവയവവും അകാലമൃത്യുയടയുന്നു. മുപ്പതാം വയസ്സില്‍ തന്നെ നമ്മള്‍ രോഗികളാവുന്നു. നാല്പ്പതില്‍ വയോധികരും.
അര്‍ബുദങ്ങള്‍ നാവിലും തൊണ്ടയിലും ആമാശയത്തിലും കുടലിലും ശ്വാസകോശത്തിലും തൊലിയിലും വരുന്നു. പുതുതലമുറകള്‍ രോഗികളായി ജനിക്കുന്നു. കൂട്ടിവെച്ചിരിക്കുന്ന ധനം ഒന്നും ചെയ്യാനാവാതെ നമ്മെ നോക്കി പുച്ഛിച്ച് ചിരിക്കുന്നു. ചിരിക്കാത്തവ ചിരിക്കും, ഉടനെതന്നെ..
ശോഷിച്ചു ഊർദ്ധം വലിച്ചു കിടക്കുന്ന പുഴകളും,
മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞു മലീമസമായ തടാകങ്ങളും
ഉടഞ്ഞവിഗ്രഹം പോലെ പാതിമരിച്ചു കിടക്കുന്ന കുന്നുകളും, ശവസംസ്ക്കാരം കഴിഞ്ഞ പട്ടടപോലുള്ള പാറമടകളും
വെന്തുപഴുത്തു വരണ്ടു വെറുങ്ങലിച്ചു കിടക്കുന്ന ഊഷരഭൂമിയും,
തൊലിയെ പൊള്ളിക്കുന്ന രൗദ്രവേനലും പുഴുക്കവും എരിപൊരി സന്ചാരവും
ദൈവത്തിന്റെ സ്വന്തം നാടിനെ, അതിന്റെ കണ്ണീരും കയ്യും കാണാതെ, സൗകര്യപൂര്‍വ്വം മാറി മാറി പീഡിപ്പിച്ചതിന്‍റെ ബാക്കിപത്രമാണ്.
എവിടെയാണ് പിഴച്ചത്....? തിരിഞ്ഞു നോക്കാന്‍ നമ്മള്‍ക്ക് വൈകിയോ..
ഇനിയും വൈകരുത്.
വൈകിയാല്‍ നമ്മെ ശപിക്കുന്നതു മണ്മറഞ്ഞുപോയ തലമുറ മാത്രമാവില്ല, ജനിക്കാനുള്ളത് കൂടിയാവും.....
ജലം അമൃതാണ്; മൃതസഞ്ജീവിനിയാണ്.
പ്രകൃതിമാതാവിൻറ്റെ മുലപ്പാലാണ്.
ഇന്നലെ ജനിച്ചവനും
ഇന്നു ജനിക്കുന്നവനും
നാളെ ജനിക്കാനിരിക്കുന്നവനും വേണ്ട ജീവാമൃതമാണ് ജലം.