Sunday 30 June 2013

അഗ്രഹാരം...


അഗ്രഹാരങ്ങള്‍ കണ്ടിട്ടുണ്ടോ,   ബ്രാഹ്മണന്‍മാര്‍ പാര്‍ക്കുന്ന തെരുവുകള്‍.  ഞാന്‍ ഊണ് കഴിക്കാന്‍ പോവുന്നത് തിരുവനന്തപുരത്തെ  ഇതുപോലുള്ള  തെരുവിലെ വീട്ടിലാണ്. പ്ചൂടുള്ള പരിപ്പ് വടയും   തയിരും കൂട്ടിയുള്ള  ആ ഊണ് നിത്യമേനോനെ പോലെതന്നെ എന്റെ മറ്റൊരു ദൌര്‍ബല്യമാണ്.  തമിഴ്‌ നാട്ടില്‍ നിന്ന് പൂജക്കും യാഗങ്ങള്‍ക്കും മറ്റുമായി കൊണ്ട് വന്നു താമസ്സിപ്പിച്ചവരാണിവര്‍. മലയാളം പറഞ്ഞു അവസാനം റെന്‍, ട്ടാള്‍, ടോം എന്നൊക്കെ ചേര്‍ത്താല്‍ തമിഴായി എന്ന് വിശ്വസിക്കുന്ന,  മുയലുകളെ പോലെ, മാനുകളെ പോലെ, അണ്ണാരകണ്ണനെ പോലെ സസ്യഭുക്കുകളായ വെറും പാവങ്ങള്‍..

അവരുടെ വീടിനു മതിലുകള്‍ ഇല്ല, സിറ്റ് ഔട്ട്‌ ഇല്ല, പടികെട്ടുകള്‍ ഇറങ്ങുന്നതു റോഡിലെക്കാണ്.. കുട്ടികള്‍ കളിക്കുന്നത്, ദീവാളിക്ക് പടക്കം പൊട്ടിക്കുന്നത്, സ്ത്രീകള്‍ തമ്മില്‍ സംസാരിക്കുന്നതു, കാര്ത്തികക്ക് വിളക്കുകള്‍ കത്തിക്കുന്നത്, ഒക്കെ ഈ പൊതുവഴിയിലാണ്..

 
ആ തെരുവുകളിലൂടെ നടക്കുമ്പോള്‍ എന്തൊരു  ശാന്തതയാണ്.  ബഹളങ്ങളില്ല, തെറി വിളികളില്ല, വഴിയില്‍ ഫിറ്റ് ആയി പാംപുകള്‍ കിടക്കുന്നില്ല,  ബീഡി വലിച്ചു കുന്തിചിരിക്കുന്ന മേക്കട്ടുകേറികലില്ല, ചീഞ്ഞളിഞ്ഞ ശവങ്ങളുടെ നാറ്റമില്ല. ആകെയുള്ള ശല്യം നല്ല മൊരിഞ്ഞ ദോശയുടെ മണവും തയിര്‍ കൂട്ടി ഉണ്ട തടിയന്മാരുടെ ഏമ്ബക്കവുമാണ്..

ഈ വീടുകള്‍ തമ്മില്‍ വേര്‍തിരിക്കുന്നത് ഒരു ചുവര്‍ ആണ്. ഒരു വീട്ടില്‍ ഒരു കൂട്ടര്‍, ചുവരിന്റെ അപ്പുറത്ത് വേറെ ഒരു കൂട്ടര്‍.  ഈ ചുവരില്‍ തട്ടിയാല്‍ അപ്പുറത്ത് കേള്‍ക്കും. പക്ഷേ ഒരു പ്രശ്നവുമില്ല. ഈ ഏരിയയിലെ  പോലീസ്‌കാര്‍  ഒരിക്കലും   ആ വഴിക്ക് വന്നിട്ടുണ്ടാവില്ല, ഒരു പരാതി അവര്‍ക്ക് ഇവിടെ നിന്ന് കിട്ടി കാണില്ല.

പരാതിയില്ല, പരിദേവനങ്ങള്‍ ഇല്ല, വലിയ ആര്‍ഭാടങ്ങള്‍ ഇല്ല. വയര്‍ നിറയെ ഭക്ഷണം, അതിനു ശേഷം കുറച്ചു മധുരം, സന്ധ്യക്ക് മുടിയില്‍ കുറച്ചു മുല്ല/പിച്ചി പൂവ് ചൂടി ക്ഷേത്രത്തില്‍ പോകണം. ഒരു തമിഴ്‌ സിനിമ കൂടി കണ്ടാല്‍ ഓ ഹോ... പ്രമാദം....

മനസ്സ് കൊണ്ടുപോലും ആരെയും നോവിക്കാത്ത സുകൃതജന്മങ്ങള്‍.  അടിപിടിയില്ല, കത്തികുത്തില്ല, തെറി വിളിയില്ല, രാഷ്ട്രീയ ലഹളകളില്ല, ഈ തെരുവുകളില്‍ ഉയരുന്നത് മന്ത്രധ്വനികള്‍, നാമജപങ്ങള്‍, പിന്നെ നീട്ടി പാടുന്ന രാഗങ്ങളും സപ്തസ്വരങ്ങളും...

നമ്മള്‍ മതില്‍ കെട്ടി അതിര്‍ത്തി തിരിച്ചു, തുറക്കാന്‍ പാടുപെടെണ്ടിവരുന്ന ഭീമാകാരമായ  ഗേറ്റ്, അടച്ചു കുറ്റിയിട്ടു,   മുന്‍വാതിലടച്ചു,  അകത്തിരുന്നിട്ടു അയല്‍ക്കാരന്റെ ദോഷങ്ങളെ കുറിച്ചും അയാളുടെ വീട്ടില്‍ നില്‍ക്കുന്ന മാവില്‍ നിന്നും നമ്മുടെ വീട്ടിലേക്കു വീഴുന്ന മാവിലകളെ കുറിച്ചും ചര്‍ച്ച ചെയ്തു ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. തര്‍ക്കങ്ങളും സ്പര്‍ധയും വൈരാഗ്യവും തെരുവില്‍ പരസ്പരം വിഴുപ്പു അലക്കിയും മാനം കളഞ്ഞു  അടിച്ചും തീര്‍ക്കുന്നു..

നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ  ചിന്തകളും സ്വഭാവങ്ങളും മനോഭാവങ്ങളും ഒന്നിനൊന്നു ബന്ധപെട്ടിരിക്കുന്നുവോ.....?

ആവൊ... ?

4 comments:

  1. "നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ ചിന്തകളും സ്വഭാവങ്ങളും മനോഭാവങ്ങളും ഒന്നിനൊന്നു ബന്ധപെട്ടിരിക്കുന്നുവോ.....?"

    ആവാം ... ഋജു ബുദ്ധികലോട്‌ വക്ര ബുധികളായ നമുക്കെന്നും പുച്ചമാണല്ലോ...
    അവന്‍ ആള്‍ട്ടോ വാങ്ങിയാല്‍ ഞാന്‍ സ്വിഫ്റ്റ് വാങ്ങും മറ്റവന്‍ അതുകണ്ട് സ്കോഡ വാങ്ങും അതിനപ്പുറം ബെന്‍സും ...
    നമ്മളൊക്കെ എന്ന് ഈ വിധം മത്സരം നിര്‍ത്തുന്നുവോ അന്നുവരെ ആ ഋജു ബുദ്ധികളെ പോലെ നമുക്കുറങ്ങാനാവില്ല...

    ReplyDelete
  2. സിനിമയിലൂടെ കണ്ടിട്ടുണ്ടെന്നല്ലാതെ ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്ത ഒരു നന്മയാണീ അഗ്രഹാരങ്ങൾ... നല്ല വിവരണം..

    ReplyDelete