Wednesday 30 July 2014

പുനര്‍ജനി....


സഭയില്‍ വെച്ച് പിതാമഹനില്‍ നിന്ന് കേട്ട വാക്കുകള്‍ ഇടിതീയായി വീണു തന്നെ കരിച്ചു കളയുകയായിരുന്നു. താന്‍ യുദ്ധം ചെയ്യാതെ അര്‍ദ്ധരഥിയായി യുദ്ധസഹായങ്ങൾ ചെയ്തു പിന്നാലെ നടക്കണം. കവചകുണ്ടല്ങ്ങള്‍ നഷ്ടമായ, മുനിയില്‍ നിന്ന് ശാപം ഇരന്നുവാങ്ങിയ താന്‍ സേനാപതിയാവാന്‍ പോയിട്ട് ഒരു യോദ്ധാവ് പോലുമാകാന്‍ യോഗ്യതയില്ലത്രേ. 

ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും അധകൃതനായ തന്റെ കീഴില്‍ യുദ്ധം ചെയ്യാന്‍ മടിയാണെന്നുള്ളത് വാക്കുകൾക്കിടയിൽ വായിക്കാമായിരുന്നു.
വില്ലാളിവീരനായ ഒരു യോദ്ധാവിനെ അവഹേളിക്കുകയായിരുന്നു. അടുക്കിവെച്ചിരിക്കുന്ന ആയുധങ്ങള്‍ തന്നെ നോക്കി പുച്ചിച്ച് ചിരിക്കുന്ന പോലെ കര്‍ണ്ണന് തോന്നി. വീരയോദ്ധാവിനു കുരുക്ഷേത്രഭൂമിയിലെ അടര്‍കളത്തില്‍ സ്ഥാനമില്ല. ജനിച്ച മ്ലേച്ചകുലത്തിന്റെ കറകള്‍ തന്റെ വിജയത്തിനു എന്നും തടസ്സമായിരുന്നു. വിളിച്ചു പറയണമെന്നുതോന്നി :

തനിക്കും വലിയ കുലത്തിന്റെ പിന്‍ബലമുണ്ട്.
താന്‍ കൌന്തെയനാണ്, സൂര്യപുത്രനാണ്.

പക്ഷെ പറഞ്ഞില്ല. താന്‍ അധകൃതനായിതന്നെയിരിക്കട്ടെ.. പിതാമഹന്‍ കുരുഷേക്ത്രഭൂമിയില്‍ വീണിട്ടെ താന്‍ യുദ്ധത്തിനിറങ്ങുകയുള്ളൂ.

അമര്‍ഷം ഉള്ളിലൊതുക്കി കൊണ്ട് എന്നും തനിക്ക് പ്രിയപ്പെട്ട, തന്നെ രാധമമയുടെ കൈകളില്‍ സുരക്ഷിതമായി എത്തിച്ച ഗംഗയുടെ മടിത്തട്ടിലേക്കിറങ്ങി ഒരു കുമ്പിള്‍ വെള്ളമെടുത്ത് മുഖം കഴുകി. നല്ല തണുപ്പ്. അമ്മ കവിളില്‍ തോലോടിയ പോലെ തോന്നി. തിരിഞ്ഞു കയറുമ്പോള്‍ അച്ഛന്‍, അധിരഥന്‍ മുന്‍പില്‍.

അമ്മ കാണാന്‍ വന്നിരിക്കുന്നു, രാജമാതയായ കുന്തിദേവി...

അമ്മ....

സ്നേഹമെന്ന അമ്രുതിന്റെ പര്യായം. പിറന്നുവീണു പൊക്കിള്‍കൊടി കോഴിയുംമുന്‍പ് അശ്വനദിയിലെ ഓളങ്ങളില്‍ ഉപേക്ഷിച്ച പവിത്രതയുടെ പേര്. ജീവാമൃതെന്ന അമ്മിഞ്ഞപാല്‍ ഇളംചുണ്ടുകളില്‍ വീഴ്ത്താതെ, നെറുകയില്‍ ച്ചുംബിക്കാതെ, താരാട്ട്പാടി ഉറക്കാതെ, നാവില്‍ തേനും വയമ്പും ചേര്‍ത്തു വെക്കാതെ ഒരു സ്ത്രീ എങ്ങിനെ അമ്മയാവും. തന്റെ അമ്മ ഇവരല്ല, എന്നെ ഞാനാക്കിയ രാധമമയാണ്. കൃഷ്ണന്‍ തന്റെ ശാപജന്മത്തിന്റെ കഥ പറഞ്ഞപ്പോള്‍ ഇവരെ കാണണമെന്നും പലതും ചോദിക്കണമെന്നുണ്ടായിരുന്നു. പ്രതിച്ഛായപോലെ ഉണ്ടായ ആദ്യസന്തതിയായ എന്നെ എന്തിനു കളഞ്ഞു? അഭ്യാസകാഴ്ചയില്‍ താന്‍ അപമാനിതനാവുമ്പോള്‍ സദസ്സിലുണ്ടയിരുന്ന ഇവര്‍ അധകൃതനെന്ന് അവഹേളിക്കുമ്പോള്‍ , നിന്നനിലയില്‍ താന്‍ അലിഞ്ഞില്ലാതാവുമ്പോള്‍ എന്റെ മകനെന്നു വിളിച്ചു പറയാഞ്ഞതെന്തേ? ഇന്ന് താന്‍ അംഗരാജ്യത്തെ രാജാവാണ്, നാളെ കൌരവരുടെ സേനാപതിയാണ്. ഇനി തനിക്ക് ആരുടെയും ഔദാര്യം ആവശ്യമില്ല. ഈ ജന്മം കടപ്പെട്ടിരിക്കുന്നത് ജീവിതം ദാനം ചെയ്ത ദുര്യോധനനോട് മാത്രമാണ്.

കോപമോതുക്കി നിര്‍വികാരതയും നിസ്സങ്ങതയും മുഖത്ത് വരുത്തി ഇറങ്ങി ചെന്നു. കൂടാരത്തിന് പിറകില്‍ തലവര മറക്കാനെന്ന വണ്ണം ശിരോവസ്തം കൊണ്ടു തലയും പാതി മുഖവും മറച്ചു രാജമാത കുന്തിദേവി പടിഞ്ഞാറ് തിരിഞ്ഞു നില്‍ക്കുന്നു. കണ്ണുകള്‍ ചുവന്നുതിളങ്ങുന്ന സൂര്യ ഭാഗവാനിലാണ്. ഭഗവാനോട് എന്തോ മന്ത്രിക്കുന്നുന്ടെന്നു തോന്നി. സൂര്യഭഗവാന്റെ കിരണങ്ങള്‍ ഇളംകാറ്റില്‍ ഉലയുന്ന വൃക്ഷശിഖരങ്ങള്‍ക്കിടയിലൂടെ അവരുടെ ജീവിതയാത്രയുടെ പ്രതിഫലനം പോലെ മുഖത്ത് നിഴലും നിലാവും മാറിമാറി വീഴ്ത്തുന്നുണ്ടായിരുന്നു. ശുഭ്രവസ്ത്രത്തില്‍ അമ്മയുടെ തേജസ്സു കൂടിയെന്ന് തോന്നി. നെറുകയില്‍ വീണുകിടക്കുന്ന മുടിയിഴകളില്‍ വെളുത്തവയാണ് എണ്ണത്തില്‍ കൂടുതല്‍. അമ്മയ്ക്ക് വയസ്സ് എറിയിരിക്കുന്നു. ജീവിതം അമ്മക്ക് അകാ നര നല്‍കിയോ...? വിഷാദം തളംകെട്ടി നില്‍ക്കുന്ന കണ്ണുകളില്‍ യുദ്ധഭീതി നിഴല്‍ വീശുന്നുന്ടെന്നു തോന്നി. കാല്പെരുമാറ്റം കേട്ട് അവര്‍ തലയുയര്‍ത്തി.

മകനെ...... എന്റെ മകനെ...

വാക്കുകള്‍ തീര്‍ത്ഥജലം തളിക്കുന്നപോലെ അമൃതവര്‍ഷമായി ശിരസ്സില്‍ വീണു. ഹൃദയം വല്ലാതെ തുടിച്ചു. കനപ്പിച്ചുവെച്ച കോപമെല്ലാം വെണ്ണപോലെ ഉരുകിയോലിച്ചു. അരുത്, അശക്തനാവരുത്. ഇവര്‍ പാണ്ഡവരുടെ അമ്മയായ രാജമാതയാണ്. തന്നെയും ഇവരെയും തമ്മില്‍ ബന്ധപെടുത്തുന്ന ഒന്നുമില്ല. താന്‍ അധിരഥനെന്ന തേരാളിയുടെ പുത്രനാണ്; സൂതപുത്രന്‍. തനിക്കിവരെ വെറുക്കാന്‍ പെട്ടിയില്‍ ചോരപോടിയുന്ന പൊക്കിള്‍കൊടിയുമായി ഗംഗയുടെ മാറിലും മടിയിലും ആടിയുലഞ്ഞു കിടന്ന ആ ശിശുവിനെ ഓര്‍ത്താല്‍ മതി.

മകനോ, ഞാനോ.. ഹ ഹ ഹ. രാജമാതക്ക് വഴിതെറ്റിയോ ? ആളു മാറിയോ ? ഞാന്‍ സൂതപുത്രനായ കര്‍ണ്ണനാണ്.

പരിഹസിക്കരുത് മകനെ. നിന്നെയോര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ മുലയില്‍ പാല്‍ ചുരത്തുന്നുണ്ട്. ഉന്നതകുലജാതയായ ഒരു സ്ത്രീക്കുള്ള പരിമിതികള്‍ നീ മനസ്സിലാക്കണം. ഒന്നും ഉറക്കെ വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്കില്ല. കുലമഹിമയുടെ മുള്‍കിരീടം ചുമന്നു പട്ടടയില്‍ അവസാനിക്കുന്ന ജീവിതം ജീവിച്ചു തീര്‍ക്കാന്‍ ജന്മമെടുക്കുകയാണ് സ്ത്രീകള്‍. പക്ഷെ ഇനിയെനിക്ക് വയ്യ. സഹോദരങ്ങള്‍ തമ്മില്‍ വെട്ടിമരിക്കുന്നത് കാണാന്‍ വയ്യ. നീ എന്റെ മകനാണ്, ഇത് ഞാന്‍ എവിടെയും പറയാന്‍ തെയ്യാറാണ്.

പാണ്ഡവമാതാവായ കുന്തിയുടെ പ്രഥമപുത്രനാണ് താനെന്നു ശ്രീകൃഷ്ണന്‍ അന്നു പറഞ്ഞപ്പോള്‍ തനിക്ക് വിശ്വസിക്കാനായില്ല. അധമകുലത്തിലല്ല താന്‍ ജനിച്ചത്. താന്‍ സൂതപുത്രനല്ല; സൂര്യപുത്രനാണെന്നുള്ള സത്യം ഉള്‍കൊള്ളാന്‍ പെട്ടെന്ന് കഴിഞ്ഞില്ല. ഇന്നിപ്പോള്‍ നൊന്തുപെറ്റ അമ്മയുടെ നാവില്‍ നിന്ന് കേട്ടപ്പോള്‍ കോരിതരിച്ചില്ല. അപമാനവും അവഗണനയും അവഹേളനവും അവജ്ഞയും കണ്ടും കേട്ടും അനുഭവിച്ചും തണുത്തു മരവിച്ചുപോയ വികാരങ്ങളെ താനെന്നെ കുഴിച്ചുമൂടിയിരുന്നു. കര്‍ക്കശസ്വരത്തില്‍ തന്നെ പറഞ്ഞു :

അവിടുത്തെ കാരുണ്യത്തിന് നന്ദി. പക്ഷെ രാധേയനായ എനിക്ക് മറ്റൊരു അമ്മയെ ആവശ്യമില്ല. രാജമാതക്ക് എന്നെ കൊണ്ട് എന്തെങ്കിലും ആവശ്യമുണ്ടോ...

അവര്‍ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു. പതിയെ പറഞ്ഞു..

മകനെ, നീ എതിര്‍പക്ഷത്തു നില്‍ക്കരുത്. നിന്റെ കൂടപിറപ്പുകളാണ് പഞ്ചപാണ്ഡവര്‍. നീ എന്റെ കൂടെ വരണം. അവര്‍ നിന്നെ മൂത്തജ്യെഷ്ടനായി സ്വീകരിക്കും. ദ്രൌപദി നിന്റെ പത്നിയായി പരിചരിക്കും. യുദ്ധം ജയിച്ചു രാജ്യം നേടുമ്പോള്‍ നീയായിരിക്കും രാജാവ്.

ഓഹോ, അതാണ്‌ കാര്യം. കര്‍ണ്ണന്റെ വീര്യത്തിലും കഴിവിലും പാണ്ഡവര്‍ പേടിച്ചിരിക്കുന്നു. ജീവന്റെ ഭിക്ഷക്കായി അമ്മയെ ദൂത് വിട്ടിരിക്കുകയാണ്. കവചകുണ്ഡലങ്ങള്‍ അപഹരിച്ച അര്‍ജുനന്‍, സൂതപുത്രനെന്നു പരിഹസിച്ച ദ്രൌപദി, വണ്ടികാരന്‍ എന്ന് കളിയാക്കിയ ഭീമന്‍. തന്നെ പേടിക്കുന്ന വില്ലാളിവീരന്മാരായ പാണ്ഡവര്‍. തന്നെ പരിഹസിച്ച, അപമാനിച്ച, അവഹേളിച്ചവര്‍ ഇതാ തന്റെ മുന്‍പില്‍ ജീവനുവേണ്ടി, പൊക്കിള്‍കൊടിയുടെ മഹാല്‍മ്യത്തെ ചൂഷണം ചെയ്യുന്നു. വില്ലാളിവീരനായ അര്‍ജുനന്‍ അച്ഛനെ വിട്ടു കവചകുണ്ഡലങ്ങള്‍ കൈക്കലാക്കിയ ശേഷം ജീവന് വേണ്ടി അമ്മയെ പേറ്റുനോവിന്റെ കണക്ക് പറയാന്‍ വിട്ടിരിക്കുന്നു. കര്‍ണ്ണന് അഭിമാനം തോന്നി; വിജയങ്ങൾക്ക് മുകളിൽ കയറിനിന്ന് ദിഗന്ധം മുഴങ്ങുമാറ് അട്ടഹസിക്കണമെന്നും.

പിന്നെ സ്വയം തിരിച്ചറിഞ്ഞു. തനിക്ക് അഹങ്കരിക്കാനോ പ്രതികാരദാഹിയാവാനോ കഴിയില്ലെന്ന്. ഒരുപക്ഷെ രാജകുലത്തില്‍ പിറന്നു കൊട്ടാരത്തിനു പുറത്തുള്ള ഒരു ജീവിതം കണ്ടിട്ടില്ലായിരുന്നുവെന്കില്‍ താന്‍ സ്വാര്‍ത്ഥനായ, ധര്‍മാധര്‍മങ്ങള്‍ ഇഴകീറി തന്റെ ശരികളെ മാത്രം മുറുകെ പിടിക്കുന്ന, അഹങ്കാരിയായ ഒരു രാജാവായി തീരുമായിരുന്നു. തനിക്ക് പ്രതികാരമില്ല, രക്തദാഹമില്ല, യുദ്ധകളത്തില്‍ വീഴുന്ന രുധിരം തന്നെ മത്തു പിടിപ്പിക്കുന്നില്ല. ശബ്ദം മയപ്പെടുത്തി ചോദിച്ചു..

ഞാനെന്തു വേണം, പറഞ്ഞു കൊള്ളൂ. ദുര്യോധനന്‍ ആണ് ഇന്നെനിക്കല്ലാം. ഈ പ്രാണനും ദേഹവും അദേഹത്തിന്റെതാണ്. എന്റെ ജയവും തോല്‍വിയും കൌരവപക്ഷത്തിന്റെതാണ് മറുപക്ഷം ചാടുക അസംഭവ്യമാണ്. എന്റെ സിരകളിലൂടെ ഒഴുകുന്ന ചോര ദുര്യോധനനുവേണ്ടി വേണ്ടി ചിന്താനുള്ളതാണ്. അതൊഴിച്ചു വേറെ എന്തും ചോദിക്കൂ..

നീ നിന്റെ സഹോദരരെ കൊല്ലരുത്. സ്വന്തം ചോരയെ കൊന്ന പാപം കര്‍ണ്ണന്‍ ഏറ്റുവാങ്ങിയെന്നു ചരിത്രം പറയരുത്..

ഹ ഹ ഹ.. അമ്മക്കിതു പാണ്ടവരോട് പറയാമായിരുന്നില്ലേ, ജ്യേഷ്ടനെ കൊല്ലരുതെന്നു... അവഗണന, അപമാനം, അവഹേളനം ഏറ്റുവാങ്ങാന്‍ കര്‍ണ്ണന്‍; ക്ഷമിക്കാനും പൊറുക്കാനും ദാനം ചെയ്യാനും അതേ കര്‍ണ്ണന്‍. ഇതെവിടുത്തെ നീതിയണമ്മേ...

മകനെ, ഒരു അമ്മ തന്റെ സ്വന്തം മകനോട്‌ യാചിക്കുകയാണ്. തന്റെ മറ്റു മക്കളെ കൊല്ലരുതെന്നു. ദാനധര്‍മിഷ്ടനെന്നു പേര്കേട്ട കര്‍ണ്ണനോട് മക്കളുടെ ജീവനുവേണ്ടി അമ്മ കണ്ണീരും തൊഴുകയ്യുമായി നിന്ന് കേഴുകയാണ്. എന്റെ അഞ്ചു മക്കളുടെ ജീവന്‍ ഭിക്ഷയായി തരൂ.

അവര്‍ തന്ടെ ശിരോവസ്ത്രം അഴിച്ചു രണ്ടു കയ്യിലും നിവര്‍ത്തി പിടിച്ചു യാചനയുടെ മുഖവുമായി ദയക്കായി കാത്തു നിന്നു...

അമ്മെ.... അമ്മ എന്റെ മുന്നില്‍ കരയരുത്, യാചിക്കരുത്, തൊഴരുത്.. അമ്മയ്ക്ക് അഞ്ചു മക്കളാണ് എന്നുമുണ്ടായിരുന്നത്.. ഞാന്‍ വാക്ക് തരുന്നു. അമ്മക്കെന്നും അഞ്ചുമക്കളുണ്ടാവും.

പഞ്ചപാണ്ഡവര്‍ അമരന്മാരായിരിക്കും..

പഞ്ചപാണ്ഡവര്‍ അമരന്മാരായിരിക്കുമെന്ന കർണ്ണൻടെ വാക്കുകൾ എട്ടുദിക്കിലും ഇരട്ടി ശബ്ദത്തോടെ പ്രതിധ്വനിച്ചു.
പറഞ്ഞതില്‍ പാതി മനസിലാവാതെ അവര്‍ ചോദ്യങ്ങള്‍ കലര്‍ന്ന മിഴികളുയര്‍ത്തി നോക്കി...

ഞാന്‍ അര്‍ജുനനെ മാത്രമേ കൊല്ലുകയുളൂ. അമ്മയുടെ മക്കളായ ആര്‍ക്കും എന്നെ തോല്‍പ്പിച്ച് കൊല്ലാം. പക്ഷെ ഞാന്‍ കൊല്ലുന്നത് അര്‍ജുനനെ മാത്രമായിരിക്കും. ഞാനെന്ന ബീജം ചുമന്നു നടന്നു നൊന്തു പ്രസവിച്ച അമ്മക്ക് ഞാന്‍ കടം വീട്ടുകയാണ്. ഒരു മകനും സാധിക്കാത്ത ഒന്ന് ഞാന്‍ ചെയ്യകുയാണ്.

അവര്‍ പതിയെ നടന്നുവന്നു ചേര്‍ത്ത് പിടിച്ചു. കുനിഞ്ഞുവണങ്ങിനിന്ന തൻടെ നെറുകയിൽ വരണ്ട ചുണ്ടുകൾ കൊണ്ടുമ്മ വെച്ചു. ചൂടുള്ള കണ്ണീര്‍കണങ്ങള്‍ തന്റെ നെഞ്ചില്‍ അടര്‍ന്നു വീണു കൊണ്ടിരുന്നു. അവരുടെ വക്ഷസുകള്‍ പാല്‍ ചുരത്തുന്നുന്ടെന്നു തോന്നി. പാല്‍ വീണു നനയുന്ന തന്റെ ഹൃദയത്തിന്റെ മിടിപ്പുകളുടെ താളം താരാട്ടായി മാറുന്നതും താന്‍ ചെറുതായി ശൈശവത്തിലേക്ക് മടങ്ങുന്നതും ആ പാട്ടിലലിഞ്ഞു മയങ്ങുന്നതായും കർണ്ണനു തോന്നി. അമ്മയുടെ വിരലുകള്‍ പുറത്തും കഴുത്തിലും ശിരസ്സിലും തലോടുന്നതും താന്‍ ഗര്‍ഭപാത്രത്തിന്റെ സുഖശീതളിമയിലേക്ക് ഊളിയിട്ടിറങ്ങുന്നത് പോലെയും തോന്നി..

ഒരു നിമിഷം കര്‍ണ്ണന്‍ പശ്ചിമചക്രവാളത്തിലേക്ക് നോക്കി. അമ്മയും പുത്രനും സ്നേഹസാഗരതിരകളിൽ അലിഞ്ഞുചേർന്നൊന്നാകുന്ന
ചരിത്രമുഹൂര്‍ത്തത്തില്‍,
നിറഞ്ഞു കവിയുന്ന ആല്‍മഹര്‍ഷത്തിന്റെയും നിര്‍വൃതിയുടെയും പൊന്‍കിരണങ്ങള്തിര്‍ത്തു,
നനവൂര്‍ന്ന മിഴികളുമായി മലയിടുക്കിലേക്ക് ഊര്‍ന്നിറങ്ങുന്ന തന്റെ പിതാവിനെയും,

പണ്ട് പാടിയുറക്കിയ താരാട്ടുപാട്ടിന്റെ ഈരടികള്‍ പുളിനങ്ങളായ്തിര്‍ക്കുന്ന ഗംഗമാതയേയും സാക്ഷിയാക്കി,

കൌന്തെയനായ,
ഗന്ഗേയനായ,
രാധേയനായ സൂര്യസൂതപുത്രനായ കര്‍ണ്ണന്‍ കുന്തിയുടെ ഗര്‍ഭത്തില്‍ ഒരിക്കല്‍ കൂടി ബീജമായ്‌ വിരിഞ്ഞു....

No comments:

Post a Comment