Wednesday 30 July 2014

സുധാകരായനം - ഫലശ്രുതി.

സുധാകരായനത്തില്‍ എഴുതിയതൊക്കെ എന്റെ ബാല്യ-കൌമാര- യൌവ്വനത്തെ സ്വാധീനിച്ച അനുഭവങ്ങളുടെയും ചിന്തകളുടെയും ആകെത്തുകയാണ്. ശാപം കിട്ടിയ ജീവിതം ജീവിച്ചു തീര്‍ക്കുന്ന അഭിശപ്തജന്മത്തിന്റെ വിലാപകാവ്യമായിരുന്നില്ല അതൊന്നും. 

പിന്തള്ളപെടുമ്പോള്‍ തിരിഞ്ഞു നടക്കാതെ, തളര്‍ച്ചയില്‍ തളരാതെ, വിളര്‍ച്ചയില്‍ വിരളാതെ ചാരത്തില്‍ നിന്നുയര്‍ത്തെണീക്കുന്ന ഫീനിക്സ് പക്ഷി പാടുന്ന വിജയകാഹളമാണ്.

ദാരിദ്ര്യവും
അവഗണനയും
അവഹേളനവും
അപകര്‍ഷതയും
ചേര്‍ന്ന് എന്നെ ഞാനാക്കാതിരിക്കുമ്പോള്‍ ഞാന്‍ ഞാനാവാന്‍ ശ്രമിക്കുന്നതിന്റെ ചോദനകള്‍ വരികള്‍ക്കിടയിലും മൌനങ്ങളിലും എളുപ്പത്തില്‍ വായിച്ചെടുക്കാം. കുറച്ചു പേര്‍ക്കെങ്കിലും ദാരിദ്ര്യം ഒരു ശാപമായി ഞാന്‍ കരുതുന്നുവെന്ന് തോന്നിയിടുണ്ടാകും.

തോന്നിയിട്ടുണ്ട്; ഒരു കാലത്ത്.

അമ്മാവന്‍റെ വീട്ടില്‍ കഞ്ഞിക്കും വിദ്യക്കും വക തേടിചെന്ന് പരിഹാസ്യനായി നിന്ന ചന്തുവിനെപോലെ....

നല്ലകുലത്തില്‍ ജനിച്ചിട്ടും അധകൃതനായി ജീവിച്ചു മെയ്കരുത്തു ജലരേഖകളായി പോവുന്നത് കണ്ടു നിസഹായനായി നിന്ന കര്‍ണ്ണനെ പോലെ...

ഓരോ കൌരവനേയും സ്വന്തം കൈകൊണ്ട് കൊന്നു പാണ്ടവര്‍ക്ക് വിജയം നേടികൊടുത്തിട്ടും പേരും പെരുമയും കിട്ടാതെപോയ ഭീമനെപോലെയാണെന്ന് പലവട്ടം തോന്നിയിട്ടുണ്ട്...

ദാരിദ്ര്യം, അവഗണന, തരംതാഴ്ത്തല്‍ ഒക്കെ ശാപമായി പിന്തുടര്‍ന്നിടരുന്ന കൗതുകബാല്യം.

വെച്ച് നീട്ടിയ പ്രണയം സ്വീകരിക്കാനാകാതെ മാറിനിന്ന് കണ്ണീരൊഴുക്കിയ ഉഷ്ണകൌമാരം.

കഴിവുകള്‍ മറച്ചുവെച്ചു ഒതുങ്ങികൂടെണ്ടിവന്ന, രോഷങ്ങള്‍ അടക്കി വെക്കേണ്ടിവന്ന തീക്ഷ്ണയൌവനം.

ജയിക്കാത്ത ജയങ്ങളും തോല്‍ക്കാത്ത തോല്‍വികളും നഷ്ടമില്ലാത്ത നഷ്ടപെടലുകളുമാണ് എന്റെ ജീവിതനേട്ടങ്ങള്‍. സാധാരണ ജീവിതചുറ്റുപാടുകളില്‍ ജനിച്ചു, ചുറ്റുമുള്ള സമ്പത്തും സമൃദ്ധിയും കണ്ടു അന്തിച്ചുനില്‍ക്കുന്ന ഒരു നിര്‍ഭാഗ്യവാൻടെ ജീവിതത്തിൽ എന്റെ ജീവിതായനത്തിന്റെ അക്ഷരദീപങ്ങള്‍ വെട്ടംവീശിയെങ്കില്‍ ഞാന്‍ കൃതാര്‍ത്തനാണ്.

എന്റേത് ധന്യമായ ജന്മവും സഫലമായ ജീവിതവുമാണ്;
കുറഞ്ഞത് എന്റെ കാഴ്ചപാടില്ലെന്കിലും!!!

No comments:

Post a Comment