Wednesday 30 July 2014

സ്നേഹനീര്‍മാതളങ്ങള്‍..

പത്തുമാസം ചുമന്നു നൊന്തുപെറ്റ, 
സന്തോഷത്തിലും ദുഖത്തിലും അശ്രുബിന്ദുക്കള്‍ പൊഴിക്കുന്ന, ഊഷ്മളസ്നേഹത്തിന്റെ മൂര്‍ത്തരൂപമാണ് അമ്മ. എന്നാല്‍ 

തന്നെ വെറുമൊരു സ്ത്രീയില്‍ നിന്ന് അമ്മയാക്കിയതിനു, 
വിത്ത്‌ മുളക്കാത്ത ഊഷരഭൂവെന്ന പേരുദോഷത്തില്‍ നിന്ന് ശാപമോക്ഷം നല്‍കി ഉര്‍വ്വരയാക്കിയതിനു, 
നാല് ചുവരും മേല്‍കൂരയും ചേര്‍ന്ന ഒരു അചേതനാലയം വീടാക്കിയതിനു, ദേവചൈതന്യം വീട്ടിലേക്ക് ഇളംചുവടുകള്‍ വെച്ച് നടന്നു കയറിയതിനു
അമ്മയെന്ന സ്ത്രീ മക്കളോട് കടപ്പെട്ടിരിക്കുന്നു.

ചുമലിലേറ്റി കാഴ്ചകള്‍ കാണിച്ചു, കഥ പറഞ്ഞു, കളിപ്പാട്ടങ്ങള്‍ വാങ്ങിച്ചു തന്ന, ഖനിഭവിച്ച ഹിമശേഖരമാണ് അച്ഛന്‍. എന്നാല്‍,

നിരര്‍ത്ഥകമായി പോകുമായിരുന്ന,
ജീവിതാര്‍ഥം തന്നെ നഷ്ടപെട്ട് വെറും പടുജന്മമാവുമായിരുന്ന ഒരു ജീവിതം, സ്നേഹതീര്‍ത്ഥം തളിച്ച്,
വളമിട്ടു പുഷ്ടിപെടുത്തിയതിനു,
വരയും വര്‍ണ്ണവുമില്ലാത്ത വെള്ളകടലാസ് പോലെയുള്ള ജീവിതം വര്‍ണ്ണാഭമാക്കിയതിനു,
കടപ്പെട്ടിരിക്കുകയാണ് ഓരോ അച്ചനും തന്റെ മക്കളോട്....

വര്‍ണ്ണയുടുപ്പുകള്‍ തന്നു, മുന്തിയ്‌ സ്കൂളില്‍ വിട്ടു, മൊബൈലും കമ്പ്യൂട്ടറും വാങ്ങിത്തന്നു പോക്കെറ്റില്‍ ചിലറ തിരുകുന്നതാണോ വാല്‍സല്യം? അല്ല,

മക്കളെ ഇടക്കൊക്കെ നെഞ്ചോട്‌ ചേര്‍ത്തു പിടിക്കുന്നതും, നെറുകയില്‍ തലോടുന്നതും, നെറ്റിയില്‍ ചുംബിക്കുന്നതുമാണ് വാല്‍സല്യം. നമ്മുടെ പിടിവാശിക്കും സ്വപ്നങ്ങള്‍ക്കനുസരിച്ചും വളര്‍ത്തുന്നതും എഞ്ചിനീയര്‍/ഡോക്ടര്‍ ആക്കുന്നതുമല്ല വാല്‍സല്യം. അവരിലെ കഴിവുകള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിച്ചു, അവര്‍ക്കെന്താവണമോ അതിലേക്കു നയിക്കുന്നതാണ് സ്നേഹം.

മരിച്ച ശേഷം സന്ച്ചയനവും അടിയന്തിരവും കേമമാക്കുകയും വലിയെ ഫോട്ടോ വെച്ച് മുന്നില്‍ ദീപം പ്രകാശിപ്പിക്കുന്നതാണോ സ്നേഹം? അല്ല,

അവര്‍ ഉയിരോടെ ഇരിക്കുംബോള്‍ അവരോടു അടുത്തിരുന്നു സംസാരിക്കുന്നതു, അവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കുന്നതു, ഉറങ്ങുന്നതിനു മുന്‍പ്അവരോടു വല്ലതും കഴിച്ച്ചുവോ എന്ന് വിളിച്ചു ചോദിക്കുന്നതാണ്. ആയിരം വട്ടം നാമം ജപിച്ചതിനു തുല്യമാകുമിത്.

അവാര്‍ഡുദാന ചടങ്ങുകളില്‍ എല്ലാരും കാണ്കെ കെട്ടി പടിച്ചു ഉമ്മ കൊടുക്കുന്നത് ഭാര്യയോടുള്ള സ്നേഹമല്ല അല്പത്വമാണ്, ഹിപ്പോക്രസി ആണ്. അതില്‍ ഷോ ബിസിനെസ്സ്‌ മാത്രമാനുള്ളത്. രണ്ടുപേരും മാത്രമാവുംബോഴാണ് ഒരു സ്ത്രീ ഭര്‍ത്താവിന്റെ അശ്ലേഷവും ചുംബനവും ആസ്വദിക്കുന്നത്. എല്ലാവരും ഭക്ഷണം കഴിക്കുമ്പോള്‍ നീയുമിരിമെന്ന് പറഞ്ഞു ഭാര്യയെയും കൂടെ അടുത്തു പിടിചിരുത്തുന്നതാണ്, പരിഗണിക്കുന്നതാണ്, ബഹുമാനിക്കുന്നതാണ് സ്നേഹം, അല്ലാതെ രാത്രി പത്തുമണിക്ക് ശേഷമുള്ള "വെറുതെ അല്ല ഭാര്യ" എന്ന തോന്നല്‍ സ്നേഹമല്ല, സ്വന്തം കാര്യം നടക്കാനുള്ള അഭിനയമാണ്, സേവനം പിടിച്ചു വാങ്ങുന്നതാണ്, അടിമത്തമാണ്, അധീശത്വമാണ്...

സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍ അടിചെല്‍പ്പിക്കലല്ല സ്നേഹം.
കൊടുക്കലും വാങ്ങലുമല്ല സ്നേഹം.
കെട്ട്കാഴ്ചകളല്ല സ്നേഹം.
പിടിച്ചോ ഇരന്നോ വാങ്ങാവുന്നതുമല്ല.
സ്നേഹം, നിര്‍വചിക്കാനവാത്ത, അനുഭവിച്ചറിയാനുള്ളതാണ്. തീവ്രവികാരങ്ങളുടെ ആര്ദ്രതയാണ് സ്നേഹം.

ഞാന്‍ നിന്നെ എന്റെ ജീവനെക്കാളെറെ സ്നേഹിക്കുന്നു എന്ന് പറയേണ്ട ഗതികേടല്ല സ്നേഹം, മറിച്ചു നമ്മുടെ കണ്ണിലത് വായിച്ചെടുക്കുന്ന രീതിയില്‍ സ്നേഹിക്കുന്നതാണ്.

അമ്മ നെറുകില്‍ തലോടുംമ്പോള്‍ നാല്പതിയന്ച്ചു വയസ്സിലും അറിയാതെ ഉറങ്ങിപോകുന്നതാണ് സ്നേഹം.....

ഉറക്കം വരാതെ ഒറ്റക്ക് കിടക്കുമ്പോള്‍, അമ്മയുടെ മടി കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നതാണ് സ്നേഹം...

മക്കളെ നെഞ്ചില്‍ കിടത്തി, മുതുകത്ത് തലോടി ഉറക്കുംബോള്‍, സ്വന്തം അച്ഛനെ ഓര്‍മ വരുന്നതാണ് സ്നേഹം...

ഈ ഓര്‍മപ്പൂക്കളുടെ സുഗന്ധമാസ്വദിക്കുമ്പോള്‍ മിഴിനീര്‍മുത്തുകള്‍ ഉരുണ്ടു കൂടുന്നതാണ് സ്നേഹം...

തന്മാത്രയിലെപോലെ, ആറടി X നാലടി കട്ടിലില്‍ ഒറ്റപുതപ്പിനടിയില്‍ കെട്ടിപിടിച്ചു ഒന്നിച്ചുറങ്ങുന്നതാണ് സ്നേഹവീട്...

No comments:

Post a Comment