Wednesday 30 July 2014

2014.....


അവള്‍ ചിരിക്കുന്നു.

മഞ്ഞച്ചു പഴുത്ത ഞാന്‍,
പുഴുക്കുത്തെറ്റ്‌ പുറംതള്ളപെടുന്നത് കണ്ടു,
നവവധുവായിട്ടുകൂടി ലജ്ജവിട്ടു ചിരിക്കുകയാണ്..

കലിതുള്ളുന്ന കാലത്തിന്റെ ചതുരരൂപമാണ് ഞാന്‍;
കറുപ്പിലും ചുവപ്പിലും തെളിയുന്ന അക്കങ്ങളുടെ ആവര്‍ത്തനപട്ടിക.

ജീവപര്യന്തമെന്ന വധശിക്ഷക്ക് വിധേയമായി
ഞാന്‍ തൂക്കിലേറ്റ പെടുകയായിരുന്നു; പിറന്നുവീണയുടനെതന്നെ.

മരണം വരെ മനുഷ്യനെ തൂക്കി കൊല്ലുന്ന പതിവുമാറി,
365 ദിവസത്തിന്റെ നീണ്ട കാലയളവിന്റെ കനിവെനിക്കുണ്ട്.

ചന്ദ്രമാസങ്ങളില്‍ ചുവന്നുപോവുന്ന അബലദിനങ്ങളെപോലെ ഞാനും ഋതുമതിയാവുന്നു; ആഴ്ചതോറും....

എന്നില്‍,

ആഘോഷങ്ങളുണ്ട്, ആചാരങ്ങളുണ്ട്, അടിയന്തിരമുണ്ട്,
ആണ്ടുണ്ട്, ആതിരയുണ്ട്, ആനിവേഴ്സറിയുണ്ട്,

നിഴല്‍ പോലെ കറുത്ത അമാവാസിയുണ്ട്; പെണ്ണുടല്‍പോലെ വെളുത്ത പൌര്‍ണമിയുണ്ട്.

പുലര്‍ച്ചയുണ്ട്, മദ്ധ്യാഹ്നമുണ്ട്, സായന്തനമുണ്ട്, സന്ധ്യയുണ്ട്,
രാവുണ്ട്, രാഹുവുണ്ട്, നിസ്കാരമുണ്ട്, നമസ്കാരമുണ്ട്.

പിറന്നാളുണ്ട്, പെരുന്നാളുണ്ട്, പൂരമുണ്ട്
നേര്‍ച്ചയുണ്ട്, ജാറമുണ്ട്, ജനനമുണ്ട്; മരണവും...

ഞാന്‍ വേഗത്തിലോടാത്തതാണ് മാസശമ്പളക്കാരുടെ പരിഭവമെന്കില്‍ മധ്യവയസ്കരുടെ പരിദേവനം, ഞാന്‍ ശരവേഗത്തില്‍ പായുന്നതാണ്.

ചിലരെന്നെ നോക്കി,വിരല്‍ മടക്കി, ദിവസമെണ്ണി മന്ദഹസിച്ചു കാത്തിരിക്കുന്നു,
മറ്റു ചിലര്‍ കാത്തു കാത്തു കണ്‍കഴക്കുന്നു..

ചിലര്‍ കോറിയിടുന്നു, കുത്തി വരക്കുന്നു, വട്ട മിടുന്നു.
മുദ്രകള്‍, അടയാളങ്ങള്‍, വരകള്‍, വര്‍ണ്ണങ്ങള്‍ ചാര്‍ത്തുന്നു...

ചുവന്നും കരിഞ്ഞും മിടിച്ചും മിടിക്കാതെയും ചതുരകളങ്ങളില്‍ കിടക്കുന്നയെന്നെ പെറുക്കിയെടുത്തു കളിച്ചിരുന്നൊരു ബാല്യകാലമുണ്ടായിരുന്നു

ആണ്ടറുതിയില്‍, പിന്‍ഗാമിയെ തൂക്കികൊല്ലലിനു വിധിക്കുമ്പോള്‍
പുസ്തകങ്ങള്‍ക്ക് പുതപ്പായി തീരുന്നൊരു കാലമുണ്ടായിരുന്നു

ഇന്ന്,

മുന്നൂറ്റി അറുപതന്ച്ചു ദിവസത്തെ തൂക്കികൊല്ലലിനു വിധിക്കപെട്ട്,
സവോളയെപോലെ ഓരോ തൊലിയും അടര്‍ത്തിയടര്‍ത്തി
അരക്കൊല്ലപരീക്ഷയുടെ മാര്‍ക്കുകള്‍ക്കൊപ്പം അരിയോടുങ്ങി,
അന്ത്യശ്വാസം വലിക്കുന്നു...

ദീര്‍ഖചതുരത്തില്‍, ചതുരകള്ളികളിലെ ചതുരനായ ഞാന്‍,
ഗതകാലസ്മരണകളുടെ ഈറന്‍ മണക്കുന്ന ട്രന്ക്‌ പെട്ടിയിലെ
മഞ്ഞനിറമുള്ള കടലാസുകളിലോന്നായ്‌ പോലും ഇടം പിടിക്കാതെ,
ഗ്രീഷമത്തിലും ശിശിരത്തിലും ശരത്തിലും ഹെമന്തത്തിലും
എന്നെ തൊട്ടു തഴുകിയ കൈകള്‍ കൊണ്ട് തന്നെ,
പാതയോരത്തെ തെമ്മാടികുഴിയിലേക്ക് അനാഥപ്രേതം പോലെ വലിച്ചെറിയപെടുന്നു.

എന്റെ ദുഖമതല്ല....

പുത്തനച്ചിയായ രണ്ടായിരത്തി പതിനാലെന്ന പച്ചിലക്ക്,
ചിരിച്ചുലഞ്ഞു തുള്ളിതുളുമ്പി നില്‍ക്കാനാനിയെത്ര നാള്‍ കൂടിയെന്നതാണ്, വര്‍ഗ്ഗസ്നേഹിയായ എന്റെ ആവലാതിയും വേവലാതിയും വ്യാകുലതയും...!!!

No comments:

Post a Comment