Wednesday 30 July 2014

ഈ അമ്മമാരെ പറ്റിക്കാന്‍ എന്ത് എളുപ്പാല്ലേ...

എന്റെ കൌമാര-യൌവ്വനകാലത്ത് വല്ലപ്പോഴും കള്ളുകുടിച്ചു വീട്ടില്‍ വന്നാല്‍ വാതിലില്‍ മുട്ടിയിട്ടു മൂത്രമൊഴിക്കാന്‍ നിക്കുന്ന പോലെ വേലിയുടെ അടുത്ത് പോയി നിക്കും. അമ്മക്ക് കുടിച്ച മണം അടിക്കാതിരിക്കാന്‍..

എന്നിട്ടു പറയും, " അമ്മ പോയി കിടന്നോ, ഞാന്‍ വാതില്‍ അടച്ചോളാം....

അമ്മ മുടി നെറുകിലേക്ക് ഉയര്‍ത്തി കെട്ടി ഒന്ന് കൂടെ സംശയിച്ചു നിന്ന്,
ഇരുട്ടില്‍ കുട്ടിയെ ഭയപെടുത്തന്നതൊന്നും ഇല്ലെന്നു ഉറപ്പു വരുത്തി,
മോന് സംരക്ഷണവലയം തീര്‍ക്കാന്‍ കാതുകള്‍ ഉമ്മറത്ത്‌ വാതിലിന്നരുകില്‍ ഉപേക്ഷിച്ചു,
മനസ്സ് കൊണ്ട് എന്റെ കാലടിശബ്ദങ്ങള്‍ അളന്നു കിടക്കും.
എന്‍റെ ഓരോ തിരിഞ്ഞും മറിഞ്ഞും കിടക്കലിനു അമ്മ ഓരോ തവണയും ഞെട്ടിയുണരും..

രാത്രി വൈകി വായിക്കുമ്പോള്‍ സിഗരട്ടു വലിക്കാന്‍ തോന്നും. തീപ്പെട്ടി ഉരച്ചാല്‍ അമ്മ കേള്‍ക്കും, അറിയും.. എന്താ വഴി..?

റോഡിലൂടെ ഏതെന്കിലും വാഹനം പോകുമ്പോള്‍ ആ ശബ്ദം/വെളിച്ചം തീരുന്നതിനു മുന്‍പ് സിഗരട് കൊളുത്തും. പുക വട്ടത്തില്‍ ഊതി വിടും. എന്താ ഒരു സുഖം. കള്ളത്തരം അമ്മ അറിഞ്ഞിട്ടുമ്മില്ല.

പെറ്റ് വീണ അന്നുമുതല്‍ തന്‍റെ ഓരോ കരച്ചിലിന്റെയും അത് വിശന്നിട്ടാണോ, അപ്പിയിടാന്‍ ആണോ, വയറ് വേദനിചിട്ടാണോ, ഉറക്കം വന്നിട്ടാണോ എന്നൊക്കെ കിറുകൃത്യമായി മനസ്സിലാക്കിയെടുത്തു ഇരുപതു വയസ്സുവരെ വളര്‍ത്തിയ അമ്മയോടാണ് നമ്മുടെ നമ്പര്‍. സിഗരട്ട്ടിന്റെ മണം വീട്ടില്‍ മാത്രമല്ല നാട്ടില്‍ മുഴുവന്‍ പരക്കും എന്ന് തിരിച്ചറിയാത്ത, തന്റെ ഓരോ ചലനങ്ങളില്‍ നിന്നും കുടിചിടുണ്ടോ ഇല്ലയോ എന്ന് അമ്മ മനസ്സിലാക്കിയിരിക്കും എന്നറിയാത്ത സുധാകരന്മാര്‍ .....

അമ്മമ്മാര്‍ എന്നും ഒന്നും അറിയാത്ത പോലെ നടിച്ചു.
എന്നിട്ട് "ന്റെ കുട്ടിക്ക് കുടിയും വലിയും കാരണം അസുഖം വരുത്തല്ലേ തേവരെ" എന്ന് പ്രാര്‍ഥിച്ചു പുഷ്പാഞ്ജലി കഴിച്ചു..

ഈ അമ്മമാരെ പറ്റിക്കാന്‍ എന്തെള്പ്പാല്ലേ !!!

No comments:

Post a Comment