Thursday 3 October 2013

ഇടവപാതി...



എന്റെ ബാല്യകാലത്ത്  ഇടവപാതി ന്നൊക്കെ പറഞ്ഞാല്‍ ദിവസത്തില്‍ പാതിവെയിലും പാതി കൈ വെച്ചാല്‍ മുറിയുന്ന മഴയുമാണ്. നാല് മണി ന്ന് പറഞ്ഞാല്‍,  സ്കൂള്‍ ബെല്‍ അടിക്കുമ്പോള്‍ കൃത്യമായി മഴ പോട്ടിവീഴും. കറുത്ത റബ്ബര്‍ ബാണ്ടിട്ട പുസ്തകങ്ങള്‍ തലയില്‍ വെച്ച് ഓരോട്ടമാണ്. മൂന്നു കിലോമീറ്റര്‍ കഴിഞ്ഞാണ് വീട്. കൊല്ലവസാന പരീക്ഷക്ക്‌   പാഠപുസ്തകങ്ങളുടെ അവസ്ഥ ഊഹിക്കാമല്ലോ. മാര്‍ക്ക് കുറഞ്ഞത് ബുദ്ധിയില്ലാഞ്ഞിട്ടല്ല മറിച്ചു പഠിക്കാന്‍  പുസ്തകം കാണില്ല. സന്ധ്യക്ക് തുടങ്ങുന്ന മഴ രാത്രി മുഴുവന്‍ താരാട്ട് പാടി പെയ്തുകൊണ്ടിരിക്കും.

വീടിനു മുന്‍പില്‍ മനയാണ്. ഇന്ന് മന ആളൊഴിഞ്ഞ പൂരപരമ്പ് പോലെയാണ്. ഭൂമിയും മരങ്ങളൊക്കെ വിറ്റു. തുറസ്സായി കിടക്കുന്ന പറമ്പ് കാണുമ്പോള്‍ മനയാണെന്നു തോന്നില്ല, ഒരു നൊമ്പരം എവിടെയൊക്കെയോ മൊട്ടിടുന്ന പോലെ തോന്നും. മുന്‍പ് മൊത്തം മരങ്ങള്‍ ആയിരുന്നു. ഞങ്ങളുടെ വിശപ്പകട്റ്റിയിരുന്ന, മാവ്, പ്ലാവ്, കശുമാവ്, തെങ്ങ്, അങ്ങിനെ നാനാതരം മരങ്ങളും, വിവിധ പഴവര്‍ഗങ്ങള്‍ ഉണ്ടാകുന്ന ചെടികളും നിറഞ്ഞു നിന്നിരുന്നു. ആറുമണിയകുംബോഴേക്കും രാത്രിയാക്കുന്ന ഇരുട്ട് പടര്തിയിരുന്ന ഈ വനശേഖരം. മയില്‍, ചെമ്പോത്, കാലന്കൊഴി തുടങ്ങി അനവധി പക്ഷികളും കുറക്കന്‍, ഉടുമ്പ്, കീരി തുടങ്ങിയ മൃഗങ്ങളും ഒരു തടസ്സവും കൂടാതെ വിഹരിച്ചിരുന്നു.. കൂടാതെ ഇഷ്ടം പോലെ ആനകളും. ഞാനെന്നും സ്വപ്നം കാനുന്നതു ഈ ആനകള്‍ ചങ്ങല പൊട്ടിച്ചു വന്നു തുമ്പികൈ കൊണ്ട് പോക്കി ( തോണ്ടി) " ഡാ സുധേ, നീക്കെടാ, പോഴേ പോവാം " എന്ന് പറയുന്നതായിട്ടാണ്.

മനയില്‍ ആത്തേമാര്‍ക്ക്, (അന്തര്‍ജനങ്ങള്‍ക്ക്) കുളിക്കാന്‍ കടവുകളുള്ള കുളമുണ്ട്. ഇവര്‍ പുറത്തു പോയി കുളിക്കാറില്ല, ഇന്നത്തെ പോലെ കുളിമുറികളും ഇല്ല.   ഇതില്‍ നിറയെ മീനുകളണ്. നമ്ബൂരിമാരായ, പുല്ലും വയ്ക്കോലും മാത്രം കഴിക്കുന്ന ഇവര്‍ തിന്നുകയുമില്ല, ഞങ്ങളെ തീറ്റിക്കുകയുമില്ല. മീന്‍ പിടിക്കാന്‍ അനുവദിക്കില്ല. ഈ ജലാശയത്തില്‍ തിക്കിതിരക്കി, ഇവരുടെ നനുനനെയുള്ള മേനിയില്‍ ചുണ്ടും വാലുമുരസ്സിയുണ്ടാക്കുന്ന ഇക്കിളിയില്‍ പുളകം കൊണ്ട്, കളിച്ചു ചിരിച്ചു, കൈകാലിട്ടടിച്ചു, പരസ്പരം വെള്ളം തെറിപ്പിച്ചു, നീന്തി തുടിച്ചു തിമിര്‍ക്കുകയാണ് അധികം പുറത്തിറങ്ങാത്ത ആത്തേമാരുടെ ആകെയുള്ള വിനോദം.

ഈ കുളം കര്‍ക്കിടക മാസത്തില്‍ കവിഞ്ഞൊഴുകും. മുലകച്ച കെട്ടി കുളിക്കാനിറങ്ങുന്ന നിത്യാമേനോനെ പോലെയുള്ള ജലദേവതകളുടെ കച്ചകവിഞ്ഞു പുറത്തേക്ക് തുളുമ്പുന്ന മാറിടം പോലെ, കുളത്തിലെ വെള്ളം കനത്ത മഴയില്‍ കുറേശ്ശെ കുറേശ്ശെയായി പുറത്തേക്കു തികട്ടി തികട്ടി വരും. താനേ രൂപപെട്ടുണ്ടായ ചാലിലൂടെ ഇതോഴുകി, പാടങ്ങള്‍ താണ്ടി വടക്കാഞ്ചേരി പുഴയില്‍ ജലമര്‍മരം പൊഴിച്ച് ഇണചേര്‍ന്നോഴുകും. ഈ കാലവര്‍ഷത്തിലാണ് ഞങ്ങള്‍ക്ക് ചാകര. രാത്രിയില്‍ ഞങ്ങള്‍ കുരുത്തിയും കൊണ്ട് മീന്‍ പിടിക്കാന്‍ പോകും. ( ചൂരല്‍ കൊണ്ട് മെടഞ്ഞു , പിന്‍ഭാഗം കൂട്ടി യോജിപ്പിച്ചും മുന്‍ഭാഗം വട്ടത്തില്‍ വിടര്‍ത്തി, ഉള്ളിലേക്ക് മാത്രം തുറക്കുന്ന ഒരു അടപ്പോക്കെ വെച്ചും ഉണ്ടാക്കിയ നീളവും വണ്ണവും ഉള്ള ഒരു സാധനമാണ് ഈ കുരുത്തി. മുന്‍ഭാഗം വിടര്‍ന്നും പിന്‍ഭാഗം ചെര്‍ന്നുമിരിക്കും) ഇതിലൂടെ വെള്ളം ഒഴുകി പോകും, പക്ഷെ മീനുകള്‍ ഇതിനുള്ളില്‍ പെട്ടു പോകും. ഇതിന്റെ അടപ്പ് പിന്ഭാഗത്തേക് മാത്രമേ തുറക്കൂ. മുന്നോട്ട് അടയും. അങ്ങിനെയാണ് മീനുകള്‍ ഇതില്‍ പെട്ടു പോകുന്നത്.

മോരും സാമ്പാറും പച്ചടിയും മാമ്പഴപുളിശേരിയും കടുമാങ്ങ അച്ചാറും കഴിച്ചു വെളുത് തുടുത്തു, തേജസ്വികലായ, നിര്‍മലമാനസങ്ങലായ ആത്തെമാരെ ഇക്കിളിയിട്ട, അവരുടെ നഖത്തിലെയും മറ്റും അഴുക്കുകള്‍ തിന്നു കൊഴുത്ത ( പണ്ടത്തെ pedicure) , വെണ്ണിലാവുറഞ്ഞ, വെണ്ണ തോല്‍ക്കുന്ന മേനികളുടെ ചാരുത ഏറ്റുവാങ്ങിയ ഈ പരല്‍ മീനുകളെ കറി വെച്ച് കഴിക്കുമ്പോള്‍ എന്തോ ഒരു പ്രത്യേക സുഖമുണ്ടായിരുന്നു. എവിടെയൊക്കെയോ ഇക്കിളികള്‍ കിളിര്‍ക്കുന്ന, അനുഭൂതികള്ണര്‍ത്തുന്ന, കാമനകളെ വന്ന്യമാക്കുന്ന, ത്രുഷ്ണകള്‍ക്ക് തീ കൊളുത്തുന്ന ഒരിത്...

ഇന്ന് ഇരുട്ടു പരത്തുന്ന കര്‍ക്കിടകമഴയില്ല, നിറഞ്ഞു കവിയുന്ന കുളങ്ങളില്ല...

നിഴലും വെളിച്ചവും ഇണ ചേര്‍ന്ന് പിണയുന്ന കുളത്തില്‍ വെട്ടി തിളങ്ങി പാഞ്ഞു നടക്കുന്ന പരല്‍ മീനുകളില്ല...

ഒറ്റ ചേലയുടുത്തു കല്പടവുകളിരുന്നു കഥകളി പദങ്ങളും കൈകൊട്ടി കളിയുടെ ഈണങ്ങളും മൂളി, ഇടതൂര്‍ന്ന കേശഭാരത്തില്‍ ചെമ്പരത്തിതാളി തേച്ചു മെയ്യിളക്കുന്ന ആത്തെമാരുമില്ല.

നീര്‍ചാലിലൂടെ ഒഴുകി വരുന്ന വെള്ളമെടുത്തു മുഖം കഴുകി നമ്പൂരി കുളിച്ച വെള്ളം പുന്ന്യഹമെന്നു പറയുന്ന നിഷ്കളങ്കഗ്രാമവുമില്ല..

നഗരത്തിന്റെ അവശിഷ്ടങ്ങള്‍ പേറാന്‍ വിധിക്കപെട്ട വരണ്ടു, വിണ്ടുകീറി, വെറങ്ങലിച്ചു ഊഷരഭൂമിയായി മാറുന്ന ഗ്രാമവും, നിര്‍വികാരതയുടെ, വിമുഖതയുടെ, നിസ്സഹായതയുടെ വസൂരികലകള്‍ നിറഞ്ഞ ഗ്രാമീണമുഖങ്ങളും, നിഷ്കളങ്കത നഷ്ടമാവുന്ന കൌമാരക്കാരിയുടെ കപടഗ്രാമീണതയുമാണ് കാലത്തിനു മുന്‍പേ പറക്കാന്‍ കോലം മാറിയ നാടിന്റെ ചിതലരിക്കുന്ന ബാക്കിപത്രം...!!!