Thursday 31 July 2014

ബാല്യകാലസഖി; ഒരു ഭ്രമകല്പന.

 ഓളങ്ങള്‍....... 

ഉച്ചനേരത്ത് പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ പതഞ്ഞുപൊങ്ങുന്ന മുടിക്കെട്ട് മുന്നിലെക്കിട്ടു, കൊലുസിന്റെ കൊഞ്ചലുമായി അവള്‍ വന്നു. ഏതോ നീണ്ടകഥ വായിച്ചതിന്റെ ലാസ്യം മുഖത്ത്. എന്റെ മേലേക്ക് അല്പം ചാഞ്ഞവള്‍ ചോദിച്ചു... 

ഞാന്‍ ഒരു ഭാരമാവുന്നുണ്ടോ...? 

സാഹിത്യകാരന്‍ ആവശ്യമില്ലാതെ ഇങ്ങിനെയുള്ള സമയത്താണല്ലോ ഉണരുക. ഞാന്‍ പറഞ്ഞു.

ഹ, ഭാരം തോന്നുന്നുണ്ട്. നീലമിഴികള്ക്ക് കണ്പീലികള്‍ എത്ര ഭാരമാവുന്നുവോ, അത്രയും............

ഗൗരവമായ വായന അടുത്തുകൂടെ പോവാത്ത അവള്‍,
പറഞ്ഞതിന്റെ പൊരുള്‍ മനസിലാക്കാതെ,
ഇമകള്‍ വെട്ടിച്ചു,
മുഖം കനപ്പിച്ചു,
ചാരുകസേര മടക്കിവെക്കുന്ന പോലെ "ടപ്പേ" ന്ന് എഴുനേറ്റു,
മടിയില്‍ കളിക്കാന്‍ കൊണ്ട് വന്ന കൊത്താംകല്ലിലോന്നു എന്റെ ദേഹത്തേക്കെറിഞ്ഞു,
പാദസരം കിലുക്കി, ഞോറിവെച്ച പാവാട കയറ്റിപിടിച്ചു ഓടി മറഞ്ഞു .....

ഉണര്‍വുകള്‍....

കൗമാരത്തില്‍ ഒരിക്കല്‍ അവളെന്നോട് ചോദിച്ചു : 

എന്നെ അടത്തു ഒറ്റയ്ക്ക് കിട്ടിയാല്‍ എന്ത് ചെയ്യും............. ? 

എന്നിലെ സാഹിത്യകാരന്‍ സടകുടഞ്ഞെഴുനേറ്റു പറഞ്ഞു : 

ഹുങ്കാര പൊഴിച്ച് ചൂളം കുത്തിവരുന്ന കാറ്റ്‌ മുളംകൂട്ടത്തെ എന്ത് ചെയ്യുമോ അതാണ്‌ ഞാനും ചെയ്യുക..... 

എന്റെ കാല്പനികശബ്ദങ്ങളില്‍, 
വെണ്ണ പോലെ ഉരുകിയൊലിച്ച്, 
പ്രേമപരവശയായി നസീറിന്റെ വക്ഷസ്സിലേക്ക് ചായുന്ന ഷീലയെ ഇവള്‍ അനുകരിക്കും എന്ന് കരുതിയ എന്നോട്. 

അതെന്ത, ഞാന്‍ വല്ല ചാമ്പക്ക മരമാണോ പിടിച്ചു കുലുക്കാന്‍. പൊട്ടന്‍ തന്നെ.. 

ഇതും പറഞ്ഞു മുഖം വെട്ടിച്ചു, 
ഞൊറിയിട്ട പാവാടതുമ്പു എന്റെ ദേഹത്തുരസി, 
എന്നിലെ കൗതുകകാമാനകള്‍ക്ക് തീ പിടിപ്പിച്ചു അവള്‍ അവളുടെ പാട്ടിനു പോയി..

ഒളിച്ചിന്നും ഓര്‍മ്മകള്‍...


സന്ധ്യക്ക് കാണാമെന്ന് പറഞ്ഞിട്ട് വരാതിരുന്ന അവളോട്‌ പിണക്കം രണ്ടുദിവസം ഭാവിച്ചു അകന്നു നിന്നു. പിന്നൊരുദിവസം വരാന്തയില്‍ തൂണില്‍ ചാരി വായിച്ചു മടക്കിയ പുസ്തകം മടിയില്‍ വെച്ച് ദിവാസ്വപ്നം കണ്ടു കൊണ്ടിരിക്കുമ്പോള്‍, പെട്ടെന്ന് പൊട്ടിവീഴുന്ന വേനല്‍ മഴപോലെ അവള്‍ തൊട്ടുമുന്നില്‍. ഞാന്‍ കൃത്രിമമായി മുഖം കനപ്പിച്ചു തിരിഞ്ഞിരുന്നു. അവള്‍ അടുത്തു വന്നു തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നിന്നു. പെണ്ണിന്റെ മനംകവരുന്ന മലര്‍മണം. സിരകളിലോടുന്ന ചോര തരിച്ചു മരവിച്ചു പോവുമെന്ന് തോന്നി. സംഹാരത്തിന്റെ വിശ്വരൂപം പൂണ്ടു അവള്‍ എന്റെ കണ്ണുകളില്‍ നിറഞ്ഞു നിന്നു. 

ഒരടി കൂടി വെച്ച് അവള്‍ ചേര്‍ന്നു നിന്നു. പാവാടഞൊറികള്‍ കാലുകളില്‍ സര്‍പ്പം പോലെ ഉരഞ്ഞു പിണയുന്നു. ഉച്ഛ്വസ വായുവിനു കന്മദഗന്ധം. നീര്‍മാതള കുരുക്കള്‍പോലെ കൂമ്പിനിന്ന മുഖകുരുക്കുകളിലോന്നു അമര്‍ത്തിപൊട്ടിച്ചു അവള്‍ വ്രീളാവിവശയായി തഴുകിയോഴുകി നിന്നു. 

കറുത്തപുള്ളിയുള്ള ഇറുകിയ ജാകെറ്റിലെ സര്‍പ്പംപോലെ തിളങ്ങുകയായിരുന്നു അവള്‍. മീനമാസചൂടിന്‍റെ പുകച്ചിലില്‍ വിയര്‍പ്പില്‍ പിണയുന്ന കരിമണിമാലയിലെ ഗുരുവായൂരപ്പന്റെ ലോകെറ്റ്‌ കടിച്ചു പിടിച്ചു, മിഴികളില്‍ ശംഖു പുഷ്പത്തിന്റെ നാണമെഴുതി, തൂണില്‍ ചാരി നിന്ന് കൈത്തണ്ടയില്‍ തഴുകികൊണ്ട് ചോദിച്ചു : 

ശരിക്കും പിണങ്ങ്യോ.....? 

വയലുകളില്‍ നട്ട ഞാറുകളെ പോലെ എഴുനേറ്റു നില്ക്കുന്ന രോമാരാജികള്‍. ആദ്യമായി തൊട്ടത്തിന്റെ വേവും പുളകവും. ശ്വാസം തൊണ്ടയില്‍ കുരുങ്ങി മരിക്കുമെന്ന് തോന്നി. ഏതൊരു കൗമാരക്കാരനും തരളിതഹൃദയനായി വെട്ടിയിട്ട "വാഴത്തടി" പോലെ വീണുപോകുന്ന വാക്കുകളുടെ മലര്ശരങ്ങള്‍. ഹൃദയതന്ത്രികളില്‍ ആരോ വിരല്‍മീട്ടി പ്രണയഗാനം തുടങ്ങി. വികാരം തളിരിടുന്നതിനു മുന്നേ ചാടികേറി ബലാല്‍സംഘരംഗങ്ങളില്‍ അനാവശ്യസമയത്ത് ചാടിവീഴുന്ന പഴയ സിനിമകളിലെ നായകനെ പോലെ എന്നിലെ സാഹിത്യക്കാരന്‍ പറഞ്ഞു : 

എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ശില്പി തന്റെ ശില്പത്തോട്, 
ചിത്രകാരന്‍ തന്റെ ചിത്രത്തോട്, 
സൃഷ്ടാവ് തന്റെ സൃഷ്ടിയോടു പിണങ്ങുന്നത്.......? 

ഇതില്‍ അവള്‍ വീണുപോകുമെന്നും, ആരുമില്ലാത്ത ഉച്ചനേരത്ത് എന്നിലേക്ക് ചാഞ്ഞുലയുമെന്നു പ്രതീക്ഷിച്ചു. അന്ന് മനസ്സില്‍ ലഡ്ഡു പൊട്ടുന്ന ഫാഷന്‍ ഇല്ലാത്തതിനാല്‍ നാരങ്ങമിട്ടായി നോട്ടിനുണഞ്ഞു നിന്ന എന്നോട് അവള്‍ പറഞ്ഞു. 

എന്നാ ഈ കണ്ണിമാങ്ങ തിന്നോ. നെനക്ക് വേണ്ടി കൊണ്ടാന്നതാ. ചുണ്ടത്തു കറ വീഴണ്ട ട്ടോ സുധെട്ട , പൊള്ളും.!! 

ഇതും പറഞ്ഞു മടിയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന നാല് കണ്ണിമാങ്ങകള്‍ കയ്യില്‍വെച്ച്, ഒരു നുള്ളും തന്നു, അന്ന് സ്വയം കണ്ണിമാങ്ങ പോലിരുന്ന അവള്‍ വേലിയുടെ വിടവിലൂടെ ഊളിയിട്ടുപോയി....

വനതൃഷ്ണകള്‍....

നിലാവുള്ള, 
നക്ഷത്രങ്ങള്‍ പ്രഭാപൂരം ചൊരിയുന്ന ഒരു മകരമാസരാവില്‍, 
കയ്യില്‍ മൈലാഞ്ചിയുടെ മൊഞ്ചുമായി, 
കറുത്ത വളകളിട്ടു, 
വാലിട്ടു കണ്ണെഴുതി, 
വട്ടത്തില്‍ കറുത്ത പൊട്ടുതൊട്ട്, 
ഇറുകിയ വസ്ത്രമണിഞ്ഞു, 
കനലെരിയുന്ന മിഴികളും വശ്യമായ പുഞ്ചിരിയുമായി, 
മുട്ടിമുട്ടിയില്ലാമട്ടില്‍ അരികിലിരുന്നു ആലസ്യത്തോടെ അവള്‍ ചോദിച്ചു :

" എനിക്ക് വേണ്ടി എന്ത് ചെയ്യും.... ? " 

മുല്ലപ്പൂമണം; വാക്കിന്നും വായുവിനും.. 
ഉച്ഛ്വസവായുവിനു പതിവില്ലാത്ത ചൂട്, 
വിയര്‍പ്പ് പൊടിയുന്ന കഴുത്തു, 
ഉയര്‍ന്നമരുന്ന മാറിടം, 
കക്ഷങ്ങളില്‍ നനഞ്ഞുതിരുന്ന ചെമ്പന്‍ മുടിയുടെ നനവ്‌, 
മുടിയില്‍ തിരുകിയ കുടമുല്ലയുടെ മദഗന്ധം.... 

തലക്കുള്ളില്‍ വട്ടമിട്ടു പറക്കുന്ന തുമ്പികള്‍ മനസ്സ് മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിക്കും എന്ന യുഗ്മഗാനം പാടാന്‍ തുടങ്ങി. പറയാനല്ല, പ്രവര്‍ത്തിക്കാനുള്ള സമയമാണെന്നറിഞ്ഞിട്ടും സ്വയം നിയന്ത്രിച്ചു, എന്നിലെ സാഹിത്യകാരന്‍ പറഞ്ഞു: 

ഒരു ദിവസം ഞാന്‍ നിന്നെ വിട്ടു അങ്ങകലേക്ക് പോകും. ആ കാണുന്ന നക്ഷത്രകൂട്ടത്തില്‍ ഒരു പൊന്‍ന്താരകയായി ഉദിച്ചുയര്‍ന്നു നിന്നെ നോക്കി കണ്‍ചിമ്മും... നീ മിഴിയടച്ചു പിടിച്ചു ജീവിതയാത്രയില്‍ കൈപിടിക്കാന്‍ ഒരു സുന്ദരപുരുഷനു വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍, നിന്റെ അഭിലാഷം നിറവേറ്റാന്‍, ഉല്‍ക്കയായി പൊട്ടിവീണ്, സ്വയം കത്തിജ്വലിച്ചു ഞാന്‍ ജീവന്‍ വെടിയും... 

പിന്നെ കത്തിജ്വലിച്ചത് അവളിലെ കാമനകളായിരുന്നു!! 

ഞാന്‍ തിരമാലകള്‍ എണ്ണുന്ന കുട്ടിയെ പോലെ കൗതുകം പൂണ്ടു, 
ഉയര്‍ന്നു പൊങ്ങുന്ന സാഗരത്തിന്റെ വേലിയേറ്റവും വേലിയിറക്കവും ആസ്വദിച്ച്, അലയടിക്കുന്ന തിരമാലയില്‍ നനഞ്ഞു കുതിരുന്ന തീരം പോലെ, 
സഫലമായ വനതൃഷ്ണകളിലെ ധന്യതയേറ്റുവാങ്ങികൊണ്ട്, 
താമരനൂലു പോലെ നീണ്ടു വരുന്ന കൈകളിലെ നിര്‍വൃതിയണിഞ്ഞു, 
മേഘങ്ങള്‍ക്കിടയില്‍ നാണിച്ചു മറയുന്ന ചന്ദ്രനെ നോക്കി പാതി കണ്‍ചിമ്മി, നിലാവുകള്‍ നിഴല്പാകിയ മണ്ണില്‍, ചോരപൊടിഞ്ഞ കൈമുട്ടുകള്‍ വരച്ചു ചേര്‍ത്ത വികൃതരൂപങ്ങളില്‍ കോറിയും വരച്ചും അരമതിലില്‍ ചാഞ്ഞിരുന്നു........

പ്രണയം .....

പ്രണയം, അവളുടെ കവിളിനെ തഴുകികിടക്കുന്ന അളകങ്ങള്‍ പോലെയാണ്. 

പതിയെ വീശുന്ന ഇളംകാറ്റില്‍ പാറിപറക്കുന്ന താമരനൂലുകള്‍.......

നീണ്ടു മെലിഞ്ഞ, 
നനുനനുത്ത കൈവിരലുകള്‍ കൊണ്ട്
ചെവിയിടയിലേക്കൊതുക്കിയിടാന്‍ ശ്രമിക്കുമ്പോഴൊക്കെ,
വിക്രുതിപിള്ളാരെപോലെ, വീണ്ടും വീണ്ടും അവളുടെ കവിളുകളെ പ്രേമപൂര്‍വ്വം തഴുകിയുണര്‍ത്തുന്ന കുറുനിരകള്‍...

അവളുടെ മുടിയിഴകളെ ആടിയുലയിച്ച,
കവിളിലെ അരുണിമയെ പുളകം കൊള്ളിച്ച,
അവളുടെ നിശ്വാസങ്ങള്‍ ഏറ്റുവാങ്ങിയ,
ചെമ്പകപൂമണമുള്ള കാറ്റ്,
നിങ്ങളെ തഴുകുംബോഴുണ്ടാകുന്ന വികാരത്തിന്റെ ഒററവാക്കാണ് പ്രണയം....

ഊഷ്മളകാമനകള്‍...

ജോലി കിട്ടി പോവുമ്പോള്‍ ഒരു മീനമാസത്തിലെ പുകഞ്ഞുരുകുന്ന ഉച്ച്ചചൂടില്‍,
വടക്കിനിയില്‍ വെച്ച് ഹൃദയം പറിയുന്ന സങ്കടത്തില്‍ അവള്‍ ചോദിച്ചു...
മറക്കോ, ന്നെ..... ?
വേഗത്തിലാവുന്ന ശ്വസ്സോച്ച്വസ്സത്തിനോപ്പം ഉയര്‍ന്നു താഴുന്ന നെന്ചിലായിരുന്നു എന്റെ കൌതുകണ്ണുകള്‍. കാലത്തിലെ സുമിത്രയുടെ, കാമം മഷിയെഴുതിയ നനവൂറുന്ന നക്ഷത്രകണ്ണുകള്‍ തന്റെ തൊട്ടടുത്ത്. സേതുവിനെ പോലെ ഞാനും വിജയത്തിന്റെ തെരിലെറാന്‍ വെന്ബുകയായിരുന്നു. മയില്‍പീലിയിമകള്‍ ധൃതിയില്‍ മുട്ടിയുരുമുകയും വിടരുകയും ചെയ്തു. വിയര്‍പ്പൊഴുകുന്ന, നീലരോമാരാജികള്‍ ഒലിച്ചിറങ്ങുന്ന പിന്‍കഴുത്തില്‍ ഒട്ടികിടന്ന നേര്‍ത്ത വാഴനാര് പോലുള്ള പാലക്കമാല അവളുടെ നേര്‍ത്തഹാസത്തിനോടൊപ്പം മിന്നിതിളങ്ങി കൊണ്ടിരുന്നു. നീണ്ടുകിടക്കുന്ന മെലിഞ്ഞ കുരുത്തോലകൈതണ്ടയില്‍ അമര്‍ത്തി പിടിച്ചു. പിടിവീണ കൈകളിലെ കറുത്ത കുപ്പിവളകള്‍ പൊട്ടിയുതിര്‍ന്നു വീണു. ചോരപൊടിയുന്ന കൈകള്‍ കാട്ടി വേദനയിലും ചിരിച്ചു കൊണ്ട് അവള്‍ വീണ്ടും ചോദിച്ചു,
ഓര്‍മേണ്ടാവോ ഈ ഇതൊക്കെ....?
എന്നിലെ സാഹിത്യകാരന്‍ പറഞ്ഞു,
ഞാനെന്റെ ഹൃദയത്തിന്റെ ഉള്ളറയില്‍ നീയ്യെന്ന ചായാചിത്രം സൂക്ഷിച്ചു വെക്കും. അവിടേക്ക് എന്റെ സ്വന്തം ഹൃദയമിടിപ്പ് പോലും നിന്‍റെ അനുവാദം ചോദിച്ചിട്ടാണ് കയറി വരൂ.. പോരെ....?
അവള്‍ ശിശുക്കള്‍ ചിരിക്കുന്ന പോലെ നിറുത്താതെ അലയടിച്ചു ചിരിച്ചു. താരകള്‍ പൂത്തുലയുന്ന കണ്ണുകളിലെ തടാകം കരകവിഞ്ഞൊഴുകി. പൂത്ത കൊന്നമരം പോലെ വിടര്‍ന്നു നിന്ന അവള്‍ പൊടുന്നനെ വാടിയ ചെന്ബിന്‍തണ്ട് പോലെ എന്നിലേക്ക് ചാഞ്ഞു...
കുപ്പിവളകള്‍ പിന്നെയും പൊട്ടിവീണു.
ശ്വസോച്ച്വസങ്ങളുടെ താളവും ലയവും ആരോഹണാവരോഹണത്തില്‍ ശ്രുതി മീട്ടി.
ചില്ലുകള്‍ തറക്കുന്ന വേദനയിലും അവള്‍ മിഴികളടച്ചു പിടിച്ചു കാനാകയങ്ങളിലെ കനവുകളിലേക്ക് ഊളിയിട്ടിറങ്ങി. ചാലുകള്‍ കീറിയ വിയര്‍പ്പുകണങ്ങള്‍ പറ്റിപിടിച്ച വെള്ളിനാഗംപോലുള്ള പാദസരങ്ങള്‍ അനുസണയില്ലാതെ കിലുങ്ങി ചിരിച്ചു കൊണ്ടിരുന്നു.
അവളുടെ ഉപ്പുരസമുള്ള വിയര്‍പ്പിന് അന്ന് മധുരമായിരുന്നു. മീനമാസത്തിലെ സൂര്യനെ പോലെ ഇന്നും മധുരം കിനിയുന്ന, ചൂടും ചൂരും നഷ്ടപെടാത്ത, തീക്ഷ്ണമായ ഓര്‍മകളുടെ വിയര്‍പ്പുഗന്ധം!!!
ഇന്നും നിശാഗന്ധിപോലെ എന്നില്‍ പടര്‍ന്നു പന്തലിക്കുന്ന ഈ വിയര്‍പ്പ്ഗന്ധം മാത്രമാണ് പരാജിതപ്രണയത്തിന്റെ ക്ലാവ് പിടിക്കാതെ ഓര്‍മകളുടെ ബാക്കിപത്രം...........

രാഗസുധാകരരസം....

ഉറക്കം വരാത്ത ഒരു പൌര്‍ണമി രാവില്‍ 
അവളെയും അവളിലെ വികാരങ്ങളെയും ഉണര്‍ത്താനായി 
നീലനിലാവുതിര്‍ക്കുന്ന പൌര്‍ണമിതിങ്കളില്‍ അവളുടെ മുഖം ഓര്‍മ്മിചെടുക്കാന്‍ ശ്രമിച്ചു കൊണ്ട് 
അവളുടെ വീടിന്റെ വേലിപടര്‍പ്പില്‍ നില്‍ക്കുന്ന കൌമാരത്തിലെത്തിനില്‍ക്കുന്ന കണികൊന്നയില്‍ ചാരി നിന്ന് ജയചന്ദ്രനെ മനസ്സില്‍ ധ്യാനിച്ച്‌ പാടി :

വിണ്ണിലെ സുധാകരനോ,വിരഹിയായ കാമുകനോ
ഇന്ന് നിന്റെ ചിന്തകളെ ആരുണര്‍ത്തുന്നു; സഖി, ആരുണര്‍ത്തുന്നു.....

അവളുണര്‍ന്നില്ല, 
പക്ഷെ ആങ്ങളമാര്‍ ഉണര്‍ന്നു; അവരിലെ തീവ്രമായ വികാരങ്ങളും... ...

മദ്ധ്യാഹ്നം.....

മുല്ലപൂന്ബോടിയെറ്റ് കിടക്കും കല്ലിനുമുണ്ടാം സൌരഭ്യം എന്ന് പറയുന്നത് ശെരിയാണ്...

വായില്‍ വിരലിട്ടാല്‍ കടിക്കാത്ത ഇനമായിരുന്നു പണ്ടും, ഈയടുത്ത കാലത്തു എന്നെ വീണ്ടും കണ്ടുമുട്ടുന്നവരേയ്ക്കും ( ഓണ്‍ലൈന്‍), പിന്നെ കേട്ടുമുട്ടുന്ന വരേയ്ക്കും (ഫോണ്‍) . പക്ഷെ കുറച്ചു നാളത്തെ എന്റെ കൂടെയുള്ള സംബന്ധം ഛെ, സംബര്‍ക്കം കൊണ്ട് ഇങ്ങിനെയായി. 

എങ്ങിനെയായി? ന്നാ കഥ കേട്ടോളൂ...ട്ടോ. 

നാല്‍പതിലെത്തിയിട്ടും കൌമാരം വിട്ടു യൌവനത്തിന്റെ പടിപ്പുരയിലേക്ക് കാല്‍ വെച്ചോ എന്ന് കണ്ടാല്‍ സംശയം തോന്നുന്ന എന്റെ ബാല്യകാലസഖി സംസാരത്തിനിടയില്‍ എന്നോട് പറഞ്ഞു....

"ന്റെ കൃഷ്ണ, കണ്ടിട്ട് പ്പോ ഒരിരുപതു വര്‍ഷെന്കിലും ആയിട്ടുണ്ടാവൂലോ.. എന്താ, എങ്ങിന്യ ന്നൊക്കെ ഒരു രൂപോല്യ.. എങ്ങിന്യ നല്ലോണം തടിച്ചോ..? നെറ്റിയില്‍ നിറഞ്ഞു കവിയുന്ന ആ മുടിയൊക്കെ ഇപ്പോഴുന്ടോ..?

മുട്യോക്കെ പോയി കുട്ട്യേ. പണ്ട് നീ ചന്ദനം തേക്കാന്‍ ഇടത്തെ കൈ കൊണ്ട് നെറ്റിയില്‍ വീണു കിടക്കുന്ന മുടി മുകളിലേക്ക് ഉയര്‍ത്തി തൊട്ടതു ഓര്‍മയില്ലേ ? ഒക്കെ പോയി കുട്ട്യേ. കഴിഞ്ഞു പോയ വസന്തത്തിന്റെയോപ്പം കൊഴിഞ്ഞു പോയത് മുടിയോടോപം യൌവ്വനവും കൂടിയായിരുന്നു. ഇപ്പൊ ചന്ദനമുട്ടി എന്റെ വീതിയേറിയ നെറ്റിയില്‍ അരക്കാം.

എനിക്ക് ദീര്‍ഘ നിശ്വാസം; അപ്പുറത്ത് മൌനത്തിന്റെ അള്‍ത്താര.... പതിയെ പൂ വിരിയുന്ന പോലെ അവള്‍ പറഞ്ഞു..

ഒരൂസം ങ്ങോട്ടു വരൂന്നെ, ഒന്ന് കാണാലോ.... വെറുതെ...

കണ്ണുകളില്‍ കൌതുകം,
വാക്കുകള്‍ ഊഷ്മളത,
മുഖത്ത് ലാസ്യം ...

സാക്ഷാല്‍ ആന്ജനെയന്‍ പോലും വീണുപോകുന്ന തരളിതാവസ്ഥ.....

വടക്കാഞ്ചേരി പുലിയല്ലേ, പുലി. പണ്ട് കുറേക്കാലം തിരിഞ്ഞു നോക്കാതെ നടന്നതല്ലേ. അല്പം തമാശയായും ഇച്ചിരി മസില് പിടിച്ചും ഞാന്‍ പറഞ്ഞു....

ഓ, പണ്ട് നടന്നു കെന്ചിയിട്ടു തിരിഞ്ഞു നോക്കീട്ടില്യ, ഇപ്പൊ കെളവിയായപ്പോഴാനു കാണാന്‍ വിളിക്കണേ.

ന്‍റെ പട്ടി വരും....

എന്റെ കൂടെയുള്ള കുറച്ചു നാളത്തെ കൂട്ടുകെട്ടിന്റെ ഗുണം കൊണ്ട്, മറുപടി അധികം വൈകിയില്ല.

" ന്താ, പട്ട്യോള്‍ക്കൊക്കെ പ്പോ കെളവ്യോളെയാണോ ഇഷ്ടം....!!!

ഞാന്‍ പ്ലിംഗ്.....

ബോയ്സ് ഒണ്‍ലി സ്കൂള്‍......

നമ്മുടെ പണ്ടത്തെ ബാല്യകാലസഖിയെ അടുത്തകാലത്ത്‌ ഞാന്‍ കണ്ടു (കണ്ടുമുട്ടാന്‍ പറ്റിയില്ല; ഖിന്നനാണ്.) എല്ലാ ഫേസ് ബൂക്കന്മാരും കാണാന്‍ വരുമ്പോള്‍ ചെയ്യുന്ന പോലെ ഞങ്ങള്‍ ഒന്നിച്ചെടുത്ത ഫോട്ടോ ഫേസ് ബുക്കില്‍ ഇടട്ടെ എന്ന എന്റെ ചോദ്യത്തിന് കിട്ടിയ മറുപടി :

" വേണ്ട, ഇയാളുടെ ഫേസ് ബുക്കിലെ സൌഹൃദസദസ്സ് സര്‍ക്കാര്‍ ബോയ്സ് സ്കൂള്‍ (ഒണ്‍ലി) പോലെയാകും...."


വേണ്ട, ഫോട്ടോ ഇടണ്ട.......


വിവിധ വര്‍ണ്ണത്തിലുള്ള റിബണുകള്‍ കെട്ടിയ മുടികളില്ലാതെ,

മഷിയെഴുതിയ മിഴികളില്ലാതെ,

നെറ്റിയിലെ ചാന്തുപോട്ടുകളില്ലാതെ

പഫ്ഫ്‌ വെച്ച ജാക്കെട്ടും ഞോറി വെച്ച പാവാടകള്മില്ലാതെ

കുട്ടിക്കൂറ പൌഡറിന്റെ ത്രസിപ്പിക്കുന്ന ഗന്ധമില്ലാതെ,

ചിരിക്കുമ്പോള്‍ വിരിയുന്ന താമരനുണകുഴികളില്ലാതെ,

റോസാപൂക്കളുടെ നിറചാര്‍ത്തില്ലാതെ,

കുപ്പി വളകിലുക്കമില്ലാതെ,

പാദസര സ്വനമില്ലാതെ,

അടക്കി പിടിച്ച ചിരികളില്ലാതെ,

വിയര്‍പ്പ് പൊടിഞ്ഞ കക്ഷങ്ങളില്ലാതെ

നിതംബത്തില്‍ ചവിട്ടുനാടകം കളിക്കുന്ന കേശഭാരമില്ലാതെ

പൊട്ടിച്ചിതറുന്ന കുപ്പിവളകള്‍ പോലെ എന്തിനു മേതിനും പൊട്ടിച്ചിരിക്കുന്ന,
നിറവസന്തത്തിന്റെ വര്‍ണ്ണരാജി വിടര്‍ത്തുന്ന ചിത്രശലഭങ്ങളില്ലാതെ
ഉണങ്ങിവരണ്ടുപോയ അഞ്ചു വര്‍ഷത്തെ സര്‍ക്കാര്‍ ഹൈസ്കൂള്‍ പോലെയാകേണ്ട സൌഹൃദസദസ്സ്.

ഞാന്‍ പോട്ടം കീറി, ജനലിലൂടെ വായുവില്‍ അപ്പ്‌ ലോഡ്‌ ചെയ്തു....

നിര്‍വൃതി....



പണ്ടൊരിക്കല്‍ കോടമഞ്ഞുയരുന്നപോലെ നിലാവുതിരുന്ന ഒരു പൌര്‍ണമിരാവില്‍ മന്ദഹസിച്ചുകൊണ്ട് എന്നെതന്നെ നോക്കിയിരിക്കുന്ന അവളോട്‌ ചോദിച്ചു...

ഞാന്‍ നിന്നെ ചുംബിക്കുമ്പോള്‍ നീ കണ്ണടച്ചു പിടിക്കുന്നതെന്തിനാണ്....?

നാടിന്റെ രോമാഞ്ചവും ആവേശവുമായിരുന്ന, 
വശ്യമാര്‍ന്ന പുഞ്ചിരിയുടെ ദീപപ്രഭയായിരുന്ന അവള്‍ 
വളരെ നിഷ്കളങ്കതയോടെ, 
നുണകുഴികള്‍ വിരിയിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു :

ഞാന്‍ നിന്നെ കണ്ണുംപൂട്ടി വിശ്വസിക്കുന്നുവെന്ന് നിനക്ക് പറഞ്ഞു തരാന്‍ ഇതിനെക്കാള്‍ പറ്റിയ സമയമേതാണ്........

സ്നേഹബിന്ദൈക്കളുടെ ജലമര്‍മരങ്ങള്‍ ബാക്കി വെച്ച ധന്യമുഹൂര്‍ത്തങ്ങള്‍...

വിരഹം....

രാത്രിയിലെല്ലാം ഓര്‍ത്തു ഞാന്‍ നിന്നെ; 
മാത്രയിലെല്ലാം കാത്തു ഞാന്‍ നിന്നെ.....

രാത്രി മുഴുവന്‍ അവളെയോര്‍ത്തു കിടന്നു. 

അവള്‍ വന്നെന്‍റെ കണ്ണില്‍ ദീപപ്രഭ പൊഴിചെന്കിലെന്നും 
എന്നില്‍ സ്നേഹനിറവിന്റെ അനിലശോഭയുതിര്‍ത്തെന്കിലെന്നും പ്രതീക്ഷിച്ചു ഉറക്കം വരാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. 

വെള്ളിവെളിച്ചത്തിന്റെ ഒരു വെയില്‍ക്കീറുപോലും തെളിയിക്കാതെ,
പ്രണയമഴയുടെ കുളിര്‍തെന്നല്‍ വീശാതെ,
എന്നെ ഇരുളിന്റെ കമ്പളം പുതപ്പിച്ചു,
പരിഭവത്തിന്റെ കനപ്പിച്ച മുഖമുള്ള നവവധുവിനെ പോലെ
അവളകന്നു തന്നെ നിന്നു; പുലരുവോളം..

പിറ്റേന്ന് രാവിലെയവള്‍ വന്നു.

മുന്‍കൂട്ടി പറയാതെ പണിക്ക് വരാതിരുന്ന അടിച്ചുതളിക്കാരിയെ പോലെ,
മുഖം വീര്‍പ്പിച്ചു,
പഴകിപിഞ്ഞിയ സാരിതലപ്പു കൊണ്ട് സന്കടതിരകളോഴുകുന്ന മൂക്ക് തുടച്ചു,
കണ്മഷി കലങ്ങിയ കണ്ണിലെ ഈര്‍പ്പം തുടച്ചു കളഞ്ഞു ,
സഹതാപ തരംഗമുണ്ടാക്കാന്‍ കള്ള് കുടിച്ചു വരുന്ന കണവൻ മുടി ചുറ്റി പിടിച്ചു ചുമരിലിടിക്കുന്ന പഴകിയ നുണകഥയുമായി,
ജീവിതപ്രാരാബ്ധങ്ങളുടെ വിഴുപ്പുഭാണ്ടമഴിച്ചു , നാടകീയതയുടെ മൂടുപടമണിഞ്ഞു ഉമ്മറത്ത്‌ കാല്‍ നീട്ടിയിരുന്നു.
.
.
.

പേടി....


വായന ജീവവായുവും, വായനശാല തറവാടും, എം ടി, ബഷീര്‍, മലയാറ്റൂര്‍, മുകുന്ദന്‍, മാധവിക്കുട്ടിമാര്‍ കുടുംബവുമായി കഴിഞ്ഞ കാലം. വസ്ത്രം മാറാനും വല്ലതും ഞണ്ണാനും മാത്രം വീട്ടില്‍ പോയിരുന്നുള്ളൂ അന്നൊക്കെ. വായനശാല ഒരു അഭയകേന്ദ്രമായിരുന്നു. അഞ്ചുകൊല്ലം വ്യാസയില്‍ കയിലുകുത്തി നടന്നു ബിരുദമെന്ന ശീര്‍ഷകം മുൾക്കീരീടം പോലെ ഭാരമായ നാളുകള്‍. എന്ത് ചെയ്യുന്നു, എന്താ ഒന്നുമായില്ലേ? എന്ന ചോദ്യങ്ങള്‍ ശരശയ്യ തീര്‍ത്ത വ്യാകുലകാലം. വനവാസത്തിനു പറ്റിയ ഒരു ഒളിത്താവളമായി മറുകയായിരുന്നു വായനശാല. നിരങ്ങുന്നതും ഉറങ്ങുന്നതും ഉണരുന്നതും അവിടെ തന്നെ കാരണം നാലക്ഷരം പഠിച്ചവന് വല്ലവന്റെം തിണ്ണ നിരങ്ങാന്‍ പറ്റില്ലലോ. പണ്ടത്തെ വീടുകളില്‍ കയറി ചെന്ന് അരമന കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് ഒരു നേരത്തെ ഊണിനും മുറുക്കാനും വേണ്ടി കഥകള്‍ മെനയുന്ന നാണിതള്ളയെ പോലെ മനോരമയെ ഇന്നും സ്നേഹിക്കുന്നത് അന്ന് രാത്രിയിലെ മെത്തയായിരുന്നത് കൊണ്ടാണ്. വായനശാലയിലെ ബെന്ച്ചുകള്‍ അടുപ്പിച്ചിട്ടു മനോരമ വിരിച്ചു ഒരു കാജാ ബീഡിയും വലിച്ചു നീണ്ടു നിവര്‍ന്നു കിടക്കും.

വായനശാല നില്ക്കുന്ന സ്ഥലം ബ്രാഹ്മണന്മാരുടെ ചുടലകളമായിരുന്നുവെന്നു ( ശവപറമ്പ്) അമ്മമ്മ പറയാറുണ്ടായിരുന്നു. കൂടാതെ തൊട്ടടുത്താണ് വിശ്ശുദ്ധ തദേവൂസ്സിന്റെ പള്ളിയോട് ചേര്‍ന്ന് കിടക്കുന്ന സെമിത്തരിയും. രോഷയൌവ്വനത്തിനു എന്ത് യക്ഷി, എന്ത് ചുടല, എന്ത് ബ്രഹ്മരക്ഷസ് ? പല ദിവസങ്ങളിലും എന്നെ ആരോ തള്ളി നീക്കുന്നതായിട്ടും തിരിച്ചു കിടത്തുന്നതായിട്ടും സ്വപ്നം (?) കാണാറുണ്ടായിരുന്നു. ചങ്ങല വലിചിഴക്കുന്നതിന്റെ അകമ്പടിയോടെ ആരോ തടിച്ചു വീര്‍ത്തു മന്ത് വന്ന കാലുകള്‍ വലിച്ചു ഏന്തി നടന്നു പോകുന്ന പോലെ .

" തമ്പ്രാന്റെ പ്രേതം നടക്കണ വഴീലാവും നീ കൗടക്കണേ. തട്ടി മാറ്റി പോണതാകും" .

അമ്മമ്മ ഭീതി കൂട്ടി. പ്രേതത്തെ കണ്ടു പേടിച്ചു പനി പിടിച്ച് ചോര ചർദിച്ച് മരിച്ചു പോയവരുടെ കഥകള്‍ അമ്മമ്മ നേരത്തെ കാലത്തെ വീട്ടിലെത്താന്‍ വേണ്ടി പറഞ്ഞു കൊണ്ടിരുന്നു. പിന്നെ.... പ്രേതമായ, ആവിയായ, അരൂപിയായ തമ്പ്രാന്റെ ആല്മാവിനു നടന്നിട്ട് വേണ്ടേ പോകാന്‍ എന്ന് പറഞ്ഞെങ്കിലും പേടി തോന്നുന്നുണ്ടായിരുന്നു. പക്ഷെ പ്രേതത്തേക്കാള്‍ ഭയപെടുത്തുന്നതായിരുന്നു വീട്ടിലെ അലോസരങ്ങള്‍, ചോദ്യചിഹ്നങ്ങള്‍. ചോറിനു മാത്രമേ വെളുത്ത മുഖമുണ്ടായിരുന്നുള്ളൂ, ചുറ്റും ആവലാതികളുടെ മുഖാവരണങ്ങള്‍ അണിഞ്ഞ കറുത്ത മുഖങ്ങളായിരുന്നു. ഒരു നാള്‍ പ്രേതത്തെ കണ്ട് ചോര ചര്‍ദിച്ചു മരണത്തെ പുല്കുന്നത് ഉണ്മാദമായി എന്നെ പിടികൂടി.

ഒരു ദിവസം രാത്രി അലര്ച്ച കേട്ട് ഞെട്ടിയുണര്ന്നു. കൊടുംകാട്ടില്‍ വെചു കുന്തി രതിമന്ത്രം ചൊല്ലിയപ്പോള്‍ പ്രത്യക്ഷപെട്ട കാട്ടാളനെ പോലെ, മുന്നില്‍ ചങ്ങലയും പിടിച്ചു ചുകന്ന കണ്ണുകളും കാതില്‍ വെട്ടി തിളങ്ങുന്ന നീലകടുക്കനുമിട്ട, നെഞ്ചത്ത്‌ നരച്ച രോമമുള്ള കൃശഗാത്രനായ നമ്പൂതിരി...... അമ്മമ്മ പറഞ്ഞ കഥയിലെ തമ്പ്രാന്‍! അലറാന്‍ പൊളിച്ച വായയില്‍ നിന്ന് തേവര്‍ മകനില്‍ രേവതി പാടിയ പാട്ടുപോലെ വെറും കാറ്റ് താന്‍ വന്തത് . കൌമാരക്കാരന്റെ ശരീരത്തെ വലിഞ്ഞു മുറുക്കുന്ന വലിയ മുലകളുള്ള, കറുത്ത് തടിച്ച വേശ്യയെ പോലെ. ഭയം ശരീരമാകെ ഇറുകി പൊതിയുകയായിരുന്നു. കോടമഞ്ഞ് പുതപ്പിടുന്ന താഴവരകളെ പോലെ, ഭീതിയുടെ വേഗതയേറിയ, ഘനമുള്ള ശ്വസോച്വാസങ്ങള്‍ എന്നെ പൊതിഞ്ഞു. തൊണ്ട വറ്റി വരണ്ടു, കണ്ണുകളും നാവും പുറത്തേക്കു വരുന്നപോലെ, നെന്ചികൂട് തകര്ക്കുന്ന, നെന്മാറ വല്ലങ്ങി വേലക്ക് പൊട്ടുന്ന വെടിക്കെട്ടിനെക്കാള്‍ ഇരമ്ബമുള്ള ഹൃദയസ്പന്ദനങ്ങള്‍. നെഞ്ചിനകത്ത് നിന്ന് ആരോ കൂടം കൊണ്ട് ഇടിക്കുന്നപോലെ. ശ്വാസമെടുക്കാതെ, ഇമ വെട്ടാതെ, ഉമിനീരിറക്കാതെ, സര്‍പ്പദംശനമേല്ക്കാ ന്‍ കാത്തുകിടന്ന ഖസാക്കിലെ രവിയെ പോലെ, കഴുത്തിന്‌ നേരെ നീണ്ടുവരുന്ന ബലിഷ്ഠകരങ്ങള്ക്കായി ഞാന്‍ നിസ്സഹായതയുടെ തളര്‍ച്ചയില്‍ മരണം കാത്തു കിടന്നു....

പക്ഷെ മെല്ലെ മെല്ലെ ചിത്രം മായുന്നു. തമ്പ്രാന്‍ ദൈന്യത നിറഞ്ഞ ഒരു നോട്ടമെറിഞ്ഞു, തിരിഞ്ഞു ഒരു കാല്‍ ഏന്തി വലിച്ചു, ചങ്ങലയുമിഴച്ചു മാഞ്ഞുമറയുന്നു. കൈവിട്ടുപോയ പട്ടം പോലെ മേലോട്ട് പോയി തിരികെ വരാന്‍ മടിച്ച ശ്വാസം തിരികെ കിട്ടുന്നു. വിയര്പ്പിനാല്‍ നനഞ്ഞു കുതിര്ന്ന ശരീരം. വിയര്പ്പ് വീണു മനോരമ വട്ടം വട്ടത്തില്‍ നനഞ്ഞിരിക്കുന്നു. വിറയ്ക്കുന്ന കയ്യും കാലും. കൂരിരുട്ടില്‍ അടച്ചിട്ട ജനപാളികൾക്കിടയിലൂടെ അരിച്ചെത്തുന്ന നിലാവെട്ടത്തില്‍ താഴെ വീണു കിടക്കുന്ന പുസ്തകം കണ്ണില്‍ പെട്ടു. കുനിഞ്ഞു കയ്യിലെടുത്തു നോക്കിയപ്പോള്‍ ബാറ്റന്‍ ബോസിന്റെ "രക്ഷതരക്ഷസ്സ്".... വിട്ടൊഴിഞ്ഞ ഭയം ഇരട്ടി വേഗത്തില്‍ തിരിച്ചെത്തി. പിന്നില്‍ നിന്ന് ആരോ പിടിച്ചു വലിക്കുന്നുണ്ടോ? ആരുടെയോ ഉച്വാസവായു എന്റെ പുറത്തു തട്ടുന്നുണ്ടോ? നീളമുള്ള നഖങ്ങlളും മൂര്‍ച്ചയുള്ള ദംഷ്ട്രങ്ങളും കഴുത്തില്‍ അമരുന്നുണ്ടോ ? പാലപൂവിന്റെ ഗന്ധം അരിചെത്തുന്നുണ്ടോ? യക്ഷിയാണോ ആണ് പ്രേതമാണോ, അതോ സെമിത്തേരിയില്‍ നിന്ന് വന്ന പുകയുന്ന കുന്തിരിക്കത്തിന്റെ മണമുള്ള ക്രിസ്ത്യാനി പ്രേതമാണോ? തിരിഞ്ഞു നോക്കാന്‍ മടിച്ചു മരണമുറപ്പിച്ചു, ശ്വാസം മറന്നു മിഴിച്ചു നിന്നു.

നിമിഷങ്ങള്‍ വിയര്‍പ്പ് തുള്ളികൾക്കൊപ്പം കൊഴിഞ്ഞു വീണു. മെല്ലെ, തിരിഞ്ഞുനോക്കാതെ, വിറച്ചുകൊണ്ട് പുസ്തകം ഷെല്ഫിുല്‍ വെച്ച് കസേരയിലിരുന്നു. വായനശാലയില്‍ പുസ്തകം ഇഷ്യൂ ചെയ്യാനുള്ള വലിയ രജിസ്റ്റര്‍ വെച്ചെഴുതാന്‍ ഉപയോഗിക്കുന്ന പലകയെടുത്തു കസേരതണ്ടില്‍ വെച്ചപ്പോള്‍ അതില്‍ എഴുതിയിരിക്കുന്നു. "

സുഖമരണം...... "

കണ്ണില്‍ ഇരുട്ട് കയറി. ഭയം മലന്ചെരിവിലെ കോച്ചി വലിക്കുന്ന തണുപ്പുപോലെ ശരീരത്തിലേക്ക് ഒരിക്കല്‍ കൂടി ഇരച്ചു തുളച്ചു കയറി. കസേരക്ക് പിന്പില്‍ മരണം നിശ്ചലരേഖാരൂപം പൂണ്ടു നില്‍ക്കുന്നതായി തോന്നി. കഴുത്തില്‍ കൈകള്‍ മുറുകുന്നു, ശ്വാസം മുട്ടുന്നു, കണ്ണിലും ചിന്തയിലും ഇരുട്ട് തിങ്ങി നിറയുന്നു. ഞാന്‍ കഴുത്തൊടിഞ്ഞു, ചോരയൊലിപ്പിച്ച്, നാവു കടിച്ചു മുറിച്ചു, കണ്ണുകള്‍ പുറത്തേക്ക് തള്ളി, മേശപ്പുറം മാന്തി പൊളിച്ച ചോര പൊടിഞ്ഞ നഖവും വിരലുകളുമായി മരിച്ചു കിടക്കുന്നു

" എന്താ സുധേ, വീട്ടില്‍ പോകുന്നില്ലേ "

ജോസേട്ടന്റെ ഭാര്യ ഓമന ജനലില്‍ തട്ടി വിളിച്ചു പറഞ്ഞപ്പോഴാണ് ഉണര്‍ന്നത്? ഉണരുകയായിരുന്നോ അതോ ബോധം വീഴുകയയിരുന്നോ? അറിയില്ല. സ്വപ്നമായിരുന്നോ? കിടന്നത് മനോരമയിലാണല്ലോ? പിന്നെ? ആ.... ? സുഖമരണം എന്നെഴുതിയ പലക മുന്നില്‍ ഇരട്ടപെറ്റ പെണ്ണിനെ പോലെ വിളര്‍ത്തു കിടക്കുന്നു. അഞ്ചു വര്ഷത്തിനിടയില്‍ ഒരിക്കല്‍ പോലും പലകയുടെ മറുവശം കണ്ടിട്ടുണ്ടായിരുന്നില്ല; അതില്‍ ചോക്ക് കൊണ്ടെഴുതിയ "സുഖമരണം" എന്ന കുറിപ്പും.

പകലിന്റെ വിളര്ച്ചയില്‍ വെളുത്ത കടലാസ്സു പോലെ വിളറിയ മുഖവുമായി ഞാന്‍ വീട്ടില്‍ പോയി. അന്ന് രാത്രി ഇവനെ പഠിപ്പിച്ചതു വെറുതെയായി എന്ന ഭാവം തെളിഞ്ഞു നില്‍ക്കുന്ന മുഖവുമായി,
താടിക്കു കൈ കൊടുത്തു,
മുണ്ടിന്റെ കോന്തല നെഞ്ചില്‍ കൊളുത്തി നില്ക്കുന്ന മുഷിഞ്ഞ മുഖങ്ങളിലേക്ക് മിഴിയുയർത്താതെ,
ഓമക്കായ മൊളോഷ്യം ഒഴിച്ച്
കറുത്ത മുഖങ്ങള്‍ തെളിയുന്ന വെളുത്ത ചോറുണ്ട്,
പൊട്ടിച്ചു കാച്ചിയ പപ്പട തുണ്ടുകള്‍ തൊടാതെ മാറ്റി വെച്ച്
( വരുമാനമില്ലാത്തവന് പപ്പടമെന്ന സ്പെഷല്‍ അധികപറ്റാനു)
എണീറ്റ്‌ കൈ കഴുകി...

"പണീം തോഴിലൊന്നൂല്യ, കണ്ടോടം നെരങ്ങാണ്
ന്നാലും വാശിക്കൊരു കൊറവ്വൂല്യ "

എന്ന ഹരിനാമസന്കീര്‍ത്തനം പതിവുപോലെ കേട്ട്,
തികട്ടി വന്ന രോഷമടക്കി,
നാക്ക് താഴിട്ടു പൂട്ടി,
ശബ്ദം നഷ്ടപെട്ടവനെ പോലെ,
തഴപായയില്‍ വറുത്ത ചെമ്മീനെപോലെ ചുരുണ്ട്,
അര്‍ജുന ഫല്‍ഗുന പാർത്ഥാ..
എന്ന ധൈര്യമന്ത്രത്തിനോടൊപ്പം
ഭയമാണഖിലസാരമൂഴിയില്‍ എന്നുരുവിട്ട്
വീടിന്റെ ചായ്പില്‍ ഉടുത്ത മുണ്ട് തലയിലൂടെ പുതച്ചുറങ്ങാന്‍ കിടന്നു. .....

Wednesday 30 July 2014

മുറിവ്...

ചിന്നിചിതറി കിടക്കുന്ന ഭൌതികാവശിഷ്ടങ്ങളില്‍ പുകയുന്ന ചിതയുണ്ട്..
പട്ടകള്‍ അട വെക്കാത്ത പട്ടടയില്‍ പട്ടുനൂല്‍ പോലൊരു കുഞ്ഞുണ്ട്.

നേര്‍ത്ത വീണാനാദംപോലെ ഇടവിട്ടുയരുന്ന ദീനരോദനങ്ങളുണ്ട്;
പതിക്കുന്ന ഷെല്ലുകളില്‍ അമര്‍ന്നരഞ്ഞു പോവുന്ന പച്ചമാംസങ്ങളുണ്ട്.

അച്ഛന്‍ ചേര്‍ത്തണച്ചു പിടിക്കുമ്പോള്‍ ഉമ്മ കൊടുക്കുന്ന കുഞ്ഞിളം ചുണ്ടുകള്ണ്ട് അമ്മയുടെ കണ്ണീര്‍ വടിചെടുക്കുന്ന നനുനനുത്ത തളിര്‍വിരലുകളുണ്ട്

ആകാശകീറുകളില്‍ ശരവേഗത്തില്‍ പുളഞ്ഞു പോകുന്ന മിസ്സൈലുകളില്‍ കൌതുകനോട്ടമെറിഞ്ഞു ചിരിക്കുന്ന നിഷ്കളങ്കബാല്യമുണ്ട്.

പാതിമയങ്ങിയ മിഴിയില്‍ നിശബ്ദപുലരിയെ സ്വപ്നം കാണുന്ന വൃദ്ധമാനസങ്ങളുണ്ട്
ചുട്ടെടുത്ത റൊട്ടിയില്‍ അവസാനത്തെ അത്താഴം കണ്ടുകണ്ടമിടറുന്ന അമ്മഹൃദയങ്ങളുണ്ട്.

സ്വപ്നവും പ്രതീക്ഷയും വറ്റിയ, ഇരുള്‍ കരിമഷിയെഴുതിയ കണ്‍തടാകങ്ങളില്‍
വറ്റിവരണ്ടു കിടക്കുന്ന മരണഭയത്തിന്റെ വികൃതചിത്രങ്ങളുണ്ട്..

ഒരു ശ്വാസമെടുക്കുമ്പോൾ, നിശ്വസിക്കാന്‍ കഴിയാതെ
അര്‍ദ്ധനിമിഷത്തില്‍ ഉയിരൊഴിഞ്ഞു പോവുന്ന ശാപജന്മങ്ങളുണ്ട്.

മരണത്തിനു കാതോര്‍ത്തു,
ഉടലടര്‍ന്നു,
തലയടര്‍ന്നു,
ഉയിരടര്‍ന്നു പോവും മുന്‍പേ,
ഒരു കട്ടിലില്‍,
ഒറ്റപുതപ്പിന്‍ തണലില്‍
ഒന്നായി പുണര്‍ന്നു കിടക്കുമ്പോള്‍
ദൈവവും പ്രവാചകന്മാരും മത്സരിച്ചു കൈവിട്ട പാപജന്മങ്ങളുടെ
പ്രാര്‍ഥിക്കാന്‍ മറന്നു പോയ ചുണ്ടുകളുച്ചരിച്ചത്
ദൈവമേയെന്നോ ചെകുത്താനേയെന്നോ..

വിണ്ടു കീറിയ ഒരു തളിരിലയെ കൈകളില്‍ കോരിയെടുത്ത്
നിസ്സഹായനായ, നിരാലംബനായ, നിശ്ചലജന്മം നിലവിളിക്കുന്നു....

നിന്റെ
ജന്മവും ജീവനും
നിറവും നീതിയും
മതവും മരണവും
തീറ്റയും തൂറലും
ഭാഷയും ഭൂമിയും
പ്രായവും പ്രാര്‍ഥനയുമെന്തുമാവട്ടെ,

എന്റെയും നിന്റെയും ചോരയുടെ നിറവും മണവുമൊന്നാണ്;

നീ മനുഷ്യനാണ്; ഞാനും..

എന്റെ കുരുന്നിനെ കൊന്നു തള്ളരത്; തിന്നേക്കുക !!!
 

സ്നേഹമാനസങ്ങള്‍....

പനി പിടിച്ചത് മുതല്‍ തോന്നിയതാണ് അമ്മയെ കാണണം. "ഞാന്‍ വരണോ മോനെ എന്ന ചോദ്യത്തിന് മൂളാന്‍ തുടങ്ങിയത് ജയയുടെ കനപ്പിച്ച മുഖത്തില്‍ അലിഞ്ഞില്ലാതായി. അറുപത്താറ് വയസായ അമ്മയെ മധ്യവയസ്സിലെത്തി നില്‍ക്കുന്ന മകന്‍ ഇത്രയും ദൂരം വിളിച്ചു വരുത്തി കഷ്ടപെടുത്തുന്നതിന്റെ നീരസം അവള്‍ ഒറ്റ നോട്ടത്തിലൂടെ കനപ്പിച്ചറിയിച്ചു. "സരയൂ" എന്ന് പേരുള്ള വീടിന്റെ ഐശ്വര്യമായ SBI ബാങ്കില്‍ പോകണം; ബഹറിനില്‍ നിന്ന് വന്ന അനിലിനെ കാണണം. അനില്‍ മൂന്നു വര്‍ഷമായി എന്നില്‍ സഹോദര സ്നേഹത്തിന്റെ തേന്മഴ പൊഴിക്കുന്നവനാണ്. ഒരു സ്റ്റാറ്റസ് പോലും ഇടാതെ ലൈക്‌ കമ്മ്നെറ്റ്‌ കൊടുത്ത് എഴുത്തുകാരെ സ്നേഹം കൊണ്ട് പൊതിയുന്നവന്‍. ഒരു ലൈക്‌ തരുമ്പോള്‍ രണ്ടു ലൈക്‌ തിരിച്ചു ചോദിക്കുന്ന ഫേസ് ബുക്കില്‍ ഇദേഹം അതിശയമാണ്.

വീട്ടിലെത്ത പത്രം വായിച്ചു കൊണ്ടിരിക്കുമ്പോള്‍ അമ്മ വന്നു. ഊര്‍ജസ്വലത അമ്മയെ കൈവിടുന്നുന്ടെന്നു തോന്നി. അമ്മയുടെ ദ്രുതഗമനം ഇപ്പോള്‍ കാണാനില്ല. ചന്ദ്രികയെന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധം പൌര്‍ണമി കണക്കെ അമ്മയുടെ മുടി മുഴുവന്‍, കൈ വിട്ടു പോയ വിളറിയ ജീവിതചിത്രം പോലെ വെളുത്തിരുന്നു. . എന്തോ അമ്മയുടെ തേജസ്സു നഷ്ടപെടുന്ന മുഖത്തേക്ക് നോക്കാന്‍ വയ്യ. വിളര്‍ത്ത കണ്ണുകളും ചുളിവുകള്‍ വീണ കവിളും നരകജീവിതം കറുപ്പ് തേച്ചു പിടിപ്പിച്ച നെറ്റിയും പൂനിലാവുപോലെയിരുന്ന അമ്മയിൽ മേഘനിഴലുകൾ പാകിയിരിക്കുന്നു. ജീവിതയാദനകള്‍, ‍ കണ്ണന് ചാര്‍ത്തുന്ന കളഭം പോലെയിരുന്ന അമ്മയുടെ നിറവും മണവും കവര്ന്നെടുതിരുന്നു. അമ്മ ഒരിക്കല്‍ വളരെ സുന്ദരിയായിരുന്നു. കറുത്ത് നീണ്ടു മെലിഞ്ഞ, ജീവിതത്തില്‍ മൊത്തം ഗോപി വരച്ച അച്ഛന്‍ അമ്മയുടെ ജീവിതത്തിലെ അമാവാസിയായിരുന്നു. നെന്മാറയിലെ മാടമ്പി മൂത്താര്ക്ക് അമ്മയുടെ നിറത്തെക്കാള്‍ കഴുത്തിലും കയ്യിലും മിന്നിതിളങ്ങിയ സ്വര്‍ണ്ണത്തിലായിരുന്നു താല്പര്യം. ഞാന്‍ അത്ഭുതപെട്ടിട്ടുണ്ട് അമ്മക്കെങ്ങിനെ ഇയാളെ സ്വീകരിക്കാന്‍ കഴിഞ്ഞുവെന്നു. ചോദിക്കുംബോഴൊക്കെ അമ്മ ദീര്‍ഘനിശ്വസമെടുത്തു പറയും..

"ഭര്‍ത്താവു നമ്മള്‍ വളര്‍ത്തുന്ന വീട്ടുമൃഗം പോലെയാണ്; അതെങ്ങിനെയിരുന്നാലും നമ്മള്‍ ഇഷ്ടപെടും..

ഞാന്‍ പത്രത്തിനു കണ്ണുകളും അമ്മക്ക് കാതുകളും കൊടുത്ത്, അമ്മ പറയുന്ന കുടുംബകാര്യങ്ങളും നാട്ടുകാര്യങ്ങള്‍ക്കും മൂളി കൊണ്ടിരുന്നു. എണ്ണ തൊട്ടുപുരട്ടാത്ത, കല്‍ചട്ടിയിലുണ്ടാക്കിയ ദോശയും ഉള്ളി ചമ്മന്തിയും കൊണ്ടാണ് അമ്മ വന്നത്.
ഞാന്‍ കഴിക്കുന്നത്‌ അടുത്തിരുന്നു അമ്മ കണ്ടു വയര്‍ നിറച്ചുകൊണ്ടിരുന്നു. ഞാന്‍ മുഖമുയര്‍ത്താതെ അനിയന്മാരെ പറ്റിയും മറ്റും ചോദിച്ചു കൊണ്ടിരുന്നു. അനിയന്‍ ടെറസ്സില്‍ നിന്ന് വീണു നടുവിന് ബെല്‍റ്റ്‌ ഇട്ടു കെടുക്കുകയാണ്. എത്ര കിട്ടിയിട്ടും ഒന്നും തികയാത്ത ഞാന്‍ വരുമാനമില്ലാത്ത അവന്റെ അവസ്ഥ ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു. പണ്ടത്തെ പോലെയല്ല; ഇന്ന് ഞാനും വലിയൊരു പ്രാരാബ്ധകാരനാണ്; വീട് വെച്ചതിന്റെ കടം എന്റെ നട്ടെല്ല് ഒടിചിരിക്കുന്നു. നിവരണമെങ്കില്‍ പെന്‍ഷന്‍ പറ്റണം. പലതും കാണാതിരിക്കുകയും കേള്‍ക്കാതിരിക്കുകയുമാണ് മനസിനും ശരീരത്തിനും നല്ലത്. പുറത്തു മഴ കനത്തുതുടങ്ങിയിരുന്നു. ഇരുട്ട് വീഴ്ത്തുന്ന മഴ. അമ്മ പറഞ്ഞു :

ഇത്ര ദിവസം മഴേ ഇന്ടാര്‍ന്നില്ല. ഇന്നിപ്പോ തുമ്പിക്കൈ വണ്ണത്തിലാ പെയ്യണെ. ആ, വെള്ളം ഇന്ടാവട്ടെ.. സര്‍ക്കാരിന്‍റെ ഈ പോക്ക് കണ്ടിട്ട് വെള്ളം കുടി പോലും നടക്ക്വോ ന്നു സംശയ.. ഉച്ചക്ക് ഞാന്‍ കൊണ്ട്രില്; ല നീയ്യ്‌ അങ്ങോട്ട്‌ വന്നോ...

എന്നും കമ്മൂണിസ്റ്റായ അമ്മ രണ്ടു സർക്കാരിനും ഓരോ കൊട്ടുകൊട്ടി തിരിച്ചു പോയി..

ബാങ്കില്‍ പോയി ഇറങ്ങുമ്പോഴേക്കും ഫോണ്‍ വിളികളുടെ ബഹളമായിരുന്നു. വൈകാതെ എല്ലാവരും വന്നു പ്രദീപിന്റെ വീട്ടില്‍ ചായയും ചക്കചുളയും കഴിച്ച ശേഷം വീട്ടിലേക്കു പോയി ഭക്ഷണവും സുരപാനവും വെടിവെട്ടവും പാട്ടും കവിതയുമായി ഞങ്ങളങ്ങിനെ കൂടി. ഇടയില്‍ ഒരു നോക്ക് കാണാന്‍ നോമ്പിന്റെ തളര്ച്ചയിലും അബ്ദുള്‍ ചെര്‍പ്പുളശേരിയില്‍ നിന്നെത്തി. ചേര്‍ത്ത് പിടിച്ച കൈകളില്‍ സ്നേഹസൌഹൃദത്തിന്റെ ഊഷ്മളത തെളിഞ്ഞുനിന്നു; വിടര്‍ന്ന ചിരിയില്‍ വാക്കുകളിലൂടെ പരിചയമായ സുധേട്ടനെ കണ്ടതിലുള്ള ചാരിതാര്‍ത്ഥ്യം പതിനാലാം രാവിലെ ചന്ദ്രനെ പോലെ തിളങ്ങി നിന്നു. കണ്ണ് നിറയാതിരിക്കാന്‍ ഞാന്‍ പാട് പെട്ടു. അഞ്ചു മിനിറ്റു കാണാന്‍, ഇത്രയും ദൂരം, ഒരു ചായ പോലും കുടിക്കാതെ തിരിച്ചു പോവാന്‍. ഞാന്‍ വല്ലാതെയായി.

ഇടയില്‍ അമ്മ വീണ്ടും വന്നു ഉച്ചക്ക് ഉണ്ണാന്‍ വരാത്ത മകനെ തേടി. വന്നപ്പോള്‍ മുറ്റത്ത് നാല് മണിപ്പൂക്കള്‍ ഒന്നിച്ചു വിരിഞ്ഞ പോലെ ഒരുപാട് മക്കള്‍. അമ്മയുടെ മുഖം വിടര്‍ന്നു. അമ്മുവിനു ശേഷം ഒരു കുട്ടി കൂടി ദാരിദ്ര്യം കാരണം വേണ്ടെന്നു വെച്ച എന്നോട് അമ്മ പറയാറുണ്ടായിരുന്നു

" ഡാ കണ്ടു മുട്ടുന്നൊരു സ്വത്തു എത്രേന്ടെന്ന്ല ചോയിക്ക്യാ മക്കളെത്രയന്ടെന്നാണ് "

പഴയ അമ്മ അവിടെ തന്നെ ജീവിക്കുകയാണ്. അന്ന് മക്കള്‍ സ്വരുക്കൂട്ടിവെക്കുന്ന സമ്പാദ്യമാണ്. ഇന്ന് മക്കളെന്നാല്‍ ഉണ്ടാക്കിയ സമ്പാദ്യം കടലില്‍ കായം കലക്കുന്ന മുടിയന്മാരാന്. അന്ന് തിരിച്ചു കിട്ടുന്ന നിക്ഷേപമാണ് മക്കള്‍; ഇന്ന് കിട്ടാകടമാണ്. ഇത്രയും മക്കളെ ഒന്നിച്ചു കണ്ട അമ്മ ചിരിച്ചു കൊണ്ടേയിരുന്നു . ഓരോരുത്തരെയും പരിചയപെട്ടു. ചിലര്‍ ചേര്‍ത്ത് പിടിച്ചു, ചിലര്‍ കാല്‍ തൊട്ടു വന്ദിച്ചു, ആരോ കൈകളില്‍ ഉമ്മ വെച്ചു. ആര്‍ക്കും അപരിചിത്വമില്ല കാരണം അമ്മയെ എന്റെ എഴുത്തിലൂടെ എല്ലാവരും അറിയാം. അമ്മയുടെ മനസ്സ് നിറയുന്നത് എനിക്ക് കാണാമായിരുന്നു. കുറച്ചു നേരം ഞങ്ങളുടെ ചിരിയും കളിയും കണ്ടു അമ്മ രാത്രി ഭക്ഷണം ഉണ്ടാക്കാന്‍ തിരിച്ചു പോയി. പുളിയോ രസമോ ആവും; ഒണക്കമീനും കാണും. ഞാന്‍ മനസ്സിലോര്‍ത്തു നാവില്‍ വെള്ളം കിനിഞ്ഞു.

നിര്‍ത്താതെ പെയ്ത മഴ ഒന്നിനും അനുവദിച്ചില്ല. ടിക്കറ്റ്‌ ഷോര്‍ണൂര്‍ നിന്നായിരുന്നതിനാല്‍ തിരിച്ചു അനിലിന്റെ കാറില്‍ പോരുമ്പോള്‍ വീടിനു മുന്‍പില്‍ ഇറങ്ങി അമ്മയുടെ കയ്യില്‍ താക്കോല്‍ കൊടുക്കുക മാത്രമാണ് ചെയ്തത്. കുട്ടികള്‍ക്ക് ഒന്നും ഉണ്ടാക്കി തരാന്‍ കഴിയാത്തതിന്റെ വിഷമം അമ്മക്ക്. പിറ്റേ ദിവസം ഞായര്‍ ആയതിനാല് ‍ഞാന്‍ അന്ന് തന്നെ പോരുമെന്നു അമ്മ കരുതിയില്ല. എന്നെ സ്റേഷനില്‍ ഇറക്കി മക്കള്‍ക്ക്‌ കൊണ്ട് വന്ന വലിയ മിഠായിയും മറ്റും തിക്കിനിറച്ച പൊതിയുമെല്‍പ്പിച്ചു അനില്‍ യാത്രമൊഴി ചൊല്ലി പിരിഞ്ഞു.

ഒറ്റക്കായപ്പോള്‍ എന്തോ ഒരു നഷ്ടബോധം എന്നിൽ മഴയുടെ തണ്പ്പിനെക്കാള്‍ ചൂഴ്നിറങ്ങാന്‍ തുടങ്ങി. . അമ്മയുടെ കൂടെ കുറച്ചു നേരമിരുന്നില്ല, അമ്മയുണ്ടാക്കിയ ഭക്ഷണം കഴിച്ചില്ല, അമ്മക്കെന്തെന്കിലും പറയാന്‍ കാണുമായിരിക്കും. ഞാന്‍ ഒറ്റയ്ക്ക് വരുമ്പോഴാണ് അമ്മ മനസ്സ് തുറക്കുക. ഞങ്ങള്‍ പഴയ വൈക്കോല്‍ പുരയുടെ ദാരിദ്ര്യത്തിലേക്ക് ഒന്നിച്ചുരിയാടാതെയിറങ്ങുന്നതും അപോഴാണ്. താക്കോല്‍ കൊടുക്കുമ്പോള്‍ " നെനക്കിന്നന്നെ പോണോ" എന്ന ചോദ്യത്തില്‍ വിഷമം നിഴലിച്ചു നിറഞ്ഞു നിന്നു. ഞാന്‍ വണ്ടി കയറി എന്ന് വിളിച്ചു പറഞ്ഞപ്പോള്‍ അടുത്ത മാസം വര്വോ നീയ്യ്‌ എന്ന ചോദ്യം ഇടറി നേര്‍ത്തു പോയിരുന്നു.

നോക്കട്ടെ, അമ്മൂന്റെ ക്ലാസാണ് പ്രശ്നം.. ന്നാലും നോക്കാം. ഞാന്‍ പറഞ്ഞു.

ഒന്നറിയാം. അമ്മ ഇന്ന് ഉച്ചക്കും രാത്രിയും ഒന്നും കഴിച്ചു കാണില്ല. ഒരു കാലത്ത് മകന് വയര്‍ നിറയെ ഒന്നും കൊടുക്കാന്‍ കഴിയാതെ,
ഒഴിഞ്ഞ മന്‍കലത്തിലേക്ക് പിഴിഞോഴിച്ച മിഴിനീരിന്റെ ഉപ്പുരസം ഇന്ന് സ്മരണകളില്‍ സുഖനോവുകളുടെ അമൃത കണങ്ങളാവുകയാണ്. അന്ന് ഒഴിഞ്ഞ വയറുമായി കമിഴ്ന്നു കിടന്നു താരാട്ട് കേട്ടുറങ്ങിയ ആ മകന്റെ സമ്പാദ്യത്തില്‍ നിന്ന് വാങ്ങിയ അരി ഇന്ന് കുടമുല്ല കണക്ക് വിടര്‍ന്നു നിറഞ്ഞു കിടന്നിട്ടും ഉണ്ണാതെ ഒട്ടിയ വയറുമായി ഗതകാലസ്മരണകളിലേക്ക് ഊളിയിട്ടു അമ്മ കിടന്നു കാണും. ഒരിക്കല്‍ സ്റ്റഡി ടൂര്‍ പോകാന്‍ കാശ് താരാത്തതിനു രണ്ടു ദിവസം പട്ടിണി സമരം നടത്തി അമ്മയെ സന്കടനീര് കുടിപ്പിച്ചു പാഠം പഠിപ്പിക്കാന്‍ ശ്രമിച്ചു, പുറത്തു നിന്ന് ഭക്ഷണം കഴിച്ചു നിറഞ്ഞ വയറുമായി ഞാനുറങ്ങുമ്പോള്‍, ആ ദിവസങ്ങളില്ലാം ഉണ്ണാതെ ഒഴിഞ്ഞവയറുമായി ദിനരാത്രങ്ങള്‍ കഴിച്ചു കൂട്ടിയ അമ്മയെ ഓർമ്മ വന്നു.. ഉതിര്‍ന്ന നീര്‍മണികള്‍ ഇടതു കയ്യിന്റെ പുറം കൊണ്ട് തുടച്ചു അമ്മയെ ഒന്ന് കൂടി വിളിച്ചു. കാത്തിരുന്ന പോലെ അമ്മ ഫോണെടുത്തു..

എന്തെ മോനെ..

ഒന്നൂല്യാ.. ഇങ്ങള് വല്ലതും കഴിച്ചോ...

നിക്കെന്തിനാ ന്നു ചോറ്.. ന്റെ മോന്റെപ്പം എത്ര മക്കളെയാണ് ന്നു ഞാന്‍ കണ്ടേ.. അവരെ കണ്ടപ്പോ തന്നെ ന്റെ വയറൊക്കെ നിറഞ്ഞു.. ഒള്ള ചോറ് കൊണ്ട് വന്നു അവര്‍ക്ക് കൊടുക്കാര്‍ന്നു ന്നുള്ള ഒരു വെഷമേ നിക്കുപ്പോ ള്ളൂ. .. അവരൊക്കെ വരന്ടെന്കി പരയാര്‍നില്യെ.. ഒന്നൂം കൊടുതില്യാ കുട്ട്യോള്‍ക്ക്. എന്ത് കരുത്വോ ആവൊ.. ഒരൂസം കൂടി വരാന്‍ പറേണം അവരോടു.. ന്റെ മോന്‍ ഇങ്ങളോട് പെണങ്ങ്യാലും ഇങ്ങള് അവനെ കളേര്ത് ന്നു അവരോടു പറേണം നിക്ക്. കാരണം നിക്കര്യാം നെന്റെ മനസ്സ് ചെറുതാ, ഇത്തരി മതി നെനക്ക് ഇണങ്ങാനും പെണങ്ങാനും...

കെടന്നോ കെടന്നോ. ഇന്നലേം വന്ടീലല്ലേ കേടന്നെ, ... ഒറങ്ങിക്കോ.. എത്യാ ഒടനെ വിളിക്കണം.. ഞാന്‍ കേടക്കാണ് ന്നെ ള്ളൂ. നിക്കിന്നു ഒറക്കൊന്നും വരില്യ...

മറുപടി പറയാതെ ഞാന്‍ ഫോണ്‍ ഓഫ്‌ ചെയ്തു. എവിടെയോ ഒരു ഗദ്ഗദം വഴി മുടങ്ങി വീണു വെന്തു മരിച്ചു. അത്താഴംമുടങ്ങുന്ന ദിവസങ്ങളില്‍ അമ്മ പുറത്തു തട്ടി പാടിയുറക്കിയിരുന്ന ഒരു താരാട്ടിന്റെ ഈണം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു, കൂര്‍ത്തു പൊങ്ങി നില്‍ക്കുന്ന മുടിയിഴകളില്‍ അമ്മയുടെ വിരലുകളുടെ ചോരയോട്ടം ചികഞ്ഞെടുക്കാന്‍ പാടുപെട്ടു, തിങ്ങി തികട്ടി ഗദ്ഗദങ്ങളെ അമര്‍ത്തി പിടിച്ചു കൊണ്ട്, ഉയര്‍ന് താഴുന്ന നെഞ്ചിലെ സ്നേഹ വാല്‍സല്യ ശ്വാസ നിശ്വാസങ്ങള്‍ക്ക് അതിര്‍ വരമ്പുകള്‍ തീര്‍ക്കാന്‍ കൊതിച്ചു, വീണ്ടുമൊരു വിടവാങ്ങലിന്റെ നോമ്ബരങ്ങള്‍ക്ക് അമ്മയുടെ സ്നേഹതലോടലുകളുടെ ഈണം പകര്‍ന്നു കൊണ്ട്,
തീവണ്ടിയുടെ ഉലചിലുകളില്‍ ആടിയുമൈലഞ്ഞും അമ്മയുടെ ഗര്‍ഭപാത്രമെന്ന ആലിലമഞ്ചലില്‍ ചന്ചാടിയാടിയുറങ്ങിയ കുരുന്നു ജീവനായലിഞ്ഞു,
അമ്മയുടെ വട്ടമുഖത്തു നോക്കി കിടന്നമൃതം നുണഞ്ഞ സുധയായി,
കണ്ണിലെ തിരയിളക്കങ്ങള്‍ക്ക് തടയിണ കെട്ടാന്‍ പാടുപെട്ടു ഞാന്‍ ബെര്‍ത്തില്‍ കമിഴ്ന്നു കിടന്നു...

ആര്‍ദ്രം...

ജീവിതത്തില്‍ വേദനകള്‍ ഒരുപാട് കടിച്ചമര്‍ത്തിയത് കൊണ്ടും ജീവിതഭാരദൂരങ്ങള്‍ താണ്ടാന്‍ തന്നെ തനിച്ചാക്കിയവരോടുമുള്ളള്ള പ്രതിക്ഷേധം ചവച്ചരച്ചു തുപ്പിയതും കൊണ്ടുമാവും അമ്മയുടെ പല്ലുകള്‍ തേഞ്ഞൂ ദ്രവിച്ചു പോയതിനാല്‍ നാലെണ്ണം ഈയടുത്ത കാലത്ത് എടുത്തു കളഞ്ഞു. അതിന്റെ ചുളിവുകളും അടുത്ത കാലത്ത് കിട്ടിയ തൊലിപുറത്തുള്ള ചെറിയ നിറവ്യത്യ്സവും അമ്മയെ വേദനിപ്പിചില്ലെന്കിലും എന്നെ നൊമ്പരപെടുത്തിയിരുന്നു. ഓടി ചാടി നടക്കുന്ന അമ്മ മരുന്നുകള്‍ പുരട്ടി വീട്ടിലിരിക്കുന്നത് അസുഖകരമായ കാഴ്ചയായിരുന്നു. അമ്മയോടുള്ള സ്നേഹം പരിഹാസത്തിലും ദേഷ്യത്തിലും കാണിക്കുന്ന ഞാന്‍ പറഞ്ഞു..

ഇള്ള അമ്പലത്തിലും കേറിറങ്ങി, വഴിവക്കിലെ സര്‍വ്വേ കല്ലില്‍ പോലും തൊട്ടു തൊഴുതു ന്റെ കാശ് വഴിപാടായും ദക്ഷിണയായും കായം കലക്കിട്ടു പ്പോ, ന്തായി.. ദൈവങ്ങള്‍ക്ക് ഇങ്ങളോട് എന്തെങ്കിലും നന്ദിണ്ടെങ്കില്‍ ഇങ്ങക്ക് ഇങ്ങിനോരോ അസുഖങ്ങള് വരുത്ത്വോ.. ഇനീന്കിലും ഈ കാശ് വേസ്റ്റ് ചെയ്യണ പരിപാടി ങ്ങളു നിര്‍ത്തിന്‍...

പറഞ്ഞയൂടനെ തിന്നു കൊണ്ടിരുന്ന ദോശ നെറുകയില്‍ കയറി. സീമന്തപുത്രന്‍ തിന്നുന്നതു കണ്ടു മനവും വയറും നിറച്ചു, വിശപ്പകറ്റി, ഏമ്ബക്കത്തിനു തെയ്യാറെടുത്തുകൊണ്ടിരുന്ന അമ്മ, എണീറ്റ്‌ തലയില്‍ നാല് തട്ട് തട്ടി. ഗ്ലാസില്‍ വെള്ളമെടുത്തു തന്നു, മുഖത്ത് നോക്കാതെ പറഞ്ഞു..

അതിനു മോനെ, ഞാന്‍ നിക്ക് രോഗം വരുത്തരുതെന്നു ഒരിക്കലും പ്രാര്‍തിചിട്ടില്യാ; ന്റെ കുട്ട്യോള്‍ക്ക് വരുത്തരുതെന്നെ ചോദിചിട്ടുള്ളൂ. പിന്നെ ഒന്നൂട്യം പറഞ്ഞിരുന്നു. അഥവാ ന്റെ കുട്ട്യോള്‍ക്ക് രോഗം വരാൻ യോഗന്ടെന്കി, അതവര്‍ക്ക് കൊടുക്കാന്റെ നിക്ക് തരണെന്റെ തേവരെ ന്നും..

വാക്കുകള്‍ ഹിമപാതം പോലെ നെന്ചില്‍ പെയ്തു വീണു ചിന്നി ചിതറി. മറുപടിയില്ലാത്ത വാക്കുകള്‍ തൊണ്ട പൊള്ളിച്ചു. കഴിച്ചു കൊണ്ടിരുന്ന ദോശ അമ്മയുടെ കൈ പുണ്യത്തിന്റെ മധുരം മറന്നു കൈച്ചു.

നെനക്കോ, നെന്റെ കുട്ട്യോള്‍ക്കോ തരാതെ അങ്ങേരു നിക്ക് തന്നില്യെ,, ദിനെയാണ് ഈ ദൈവം ന്നു പറയണേ.. അറുപത്തിയാറു വയസ്സായ നിക്കിനി ഇന്ത് വന്നാലെന്താ ന്റെ കുട്ട്യേ, .. ന്റെ നെറോം ശബ്ദോം സൌന്ദര്യോക്കെ നെന്റെ മോളല്ലേ.. നീയ്യ്‌ വെഷമിക്കണ്ട.. തൊക്കെ അങ്ക്ട് മാറും..

അടുക്കളയിലെ ഇരുട്ട് രക്ഷകനായി എന്റെ മുഖഭാവത്തെയും മൗനമനമൊഴികളേയും വിഴുങ്ങി കൊണ്ടിരുന്നു. ഞാന്‍ ദോശയിലേക്ക് തല പൂഴ്ത്തിയിരുന്നു ചട്ട്നിയിലെ കറി വേപ്പിലക്കൊപ്പം നൊമ്പരങ്ങളെ ചവച്ചു തുപ്പാന്‍ ശ്രമിച്ചു. ഇറ്റ് വീണ മിഴിനീര്‍മണികളിലെ ഉപ്പ്, അമ്മയെ വേദനിപ്പിക്കുന്ന മകനോടുള്ള പ്രതികാരം തീര്‍ക്കാനെന്നവണ്ണം, ചട്നിയില്‍ കലരാതെ കലമ്പി നിന്നു....

സുധാഭാഷിതം...

 വാരഫലം...

പ്രണയം.

കോളേജ് കാലഘട്ടങ്ങില്‍ ഞാന്‍ ഒരുപാട് തമാശ പറഞ്ഞു പെണ്‍കുട്ടികളെ ചിരിപ്പിക്കാന്‍ ശ്രമിച്ചു. ജീവിതം മുഴുവന്‍ ചിരിച്ചു ജീവിക്കാന്‍ ഇഷ്ടപെടുന്ന ഒരാളെങ്കിലും എന്നെ സ്നേഹിക്കുമെന്നു ഞാന്‍ കിനാവ്‌ കണ്ടു.

അവര്‍ തല തല്ലി ചിരിച്ചു.
ചിരിച്ചു ചിരിച്ചു കണ്ണുകളില്‍ നിന്ന് നീര്‍മണികള്‍ ഉതിരും വരെയും ചിരിച്ചു.

ഒന്ന് ഞാന്‍ മറന്നു.

ഒരു രാജകുമാരിയും കൊട്ടാരവിദൂഷകനെ പ്രേമിചിട്ടില്ലെന്നുള്ള ദുഖസത്യം!!!

പ്രണയം പടിയിറങ്ങാതിരിക്കണമെങ്കില്‍   പ്രണയം പറയാതിരിക്കണം.
പറഞ്ഞു കഴിഞാല്‍ പ്രണയം തീര്‍ന്നു; ഉണ്ട് തീര്‍ന്നാല്‍ വിശപ്പ്‌ പോകുന്നപോലെ.

പ്രണയിക്കുമ്പോള്‍ ചുംബനം പോട്ടാറ്റോ ചിപ്സ് പോലെയാണ്; വിവാഹശേഷം,  ചായയില്‍ വീണ ബിസ്കറ്റ് പോലെയും.
-------------------------------------

കാലവും കോലവും.

മുന്‍പ്..

നീ കണക്ക് ചെയ്തത് കാണിച്ചു തന്നാല്‍ ഞാന്‍ നാരങ്ങ മിട്ടായി തരാം..

ഇന്ന്..

നീ എന്റെ പ്രൊഫൈല്‍ പിക്ചര്‍ ലൈക്‌ ചെയ്‌താല്‍ ഞാന്‍ നിന്റെ ലൈക്‌ ചെയ്യാം.
-------------------------------------
ഉപദേശി...

ധൂര്‍ത്തനായ ചെന്താമരാക്ഷനോടു  പിശുക്കി ജീവിക്കാന്‍ ഉപദേശിച്ച കൂട്ടത്തില്‍ ഉദാഹരണമായി ഞാന്‍ പറഞ്ഞു  " സിഗരറ്റ്‌ മുഴുവന്‍ വലിക്കാതെ പാതിയെടുത്തുവെച്ച് പിന്നീട് വലിക്കുക. ജീവിതത്തില്‍ അനാവശ്യ ചിലവുകള്‍ പാതിയാക്കുക".

അവനിപ്പോള്‍, 

പാതി കുത്തി കെടുത്തിയ സിഗരറ്റ്  ചെവിയിലും
പാതി ചവച്ച ബബ്ള്‍ ഗം പോക്കെറ്റിലും
പാതി ചവച്ച മുറുക്കാന്‍ പൊതിയിലും കൊണ്ട് നടക്കുന്നു..

ഉപദേശിക്കേണ്ടിയിരുന്നില്ല...
-------------------------------------
ദൈവത്തിനെ വികൃതികള്‍..

മകള്‍ ജനിച്ചപ്പോള്‍ കരുതി എന്റെ ഉയരവും ജയയുടെ നിറവും ചേര്‍ന്ന് നല്ലൊരു സുന്ദരികുട്ടിയാവുമെന്നു..

എവടെ.? പുള്ളിക്കാരന്‍ ഞങ്ങളുടെ കുറവുകള്‍ എണ്ണിയെടുത്തു പകര്‍ന്നു കൊടുത്തു.

എന്റെ നിറം,
തവളപോലെ വീര്‍ത്തമൂക്ക്; ജയയുടെ ഉയരകുറവും .

കഷ്ടമുണ്ട് ഭഗവാനെ. കഷ്ടമുണ്ട്.
------------------------------------
നാടകാന്തം കവിത്വം..

മരകഷണം വെട്ടി പൊളിച്ചു വിറകുകഷണങ്ങള്‍ ചേര്‍ത്തടക്കിവെക്കുന്നതുപോലെ ഗദ്യത്തെ വെട്ടിമുറിച്ചു താഴെ താഴെ അടുക്കി വെച്ചിട്ട്  ഞാനൊരു പേരിട്ടു...

ഗവിത !!!
-------------------------------------
BAR/BRA ........

BRA  നെന്ചിന്ലെ ഭാരം താങ്ങി നിര്‍ത്താന്‍ സഹായിക്കുമ്പോള്‍
BAR  നെഞ്ചിലെ ഭാരം ഇറക്കിവെക്കാന്‍ സഹായിക്കുന്നു.
-------------------------------------
കല കലക്ക് വേണ്ടി...

കലാകാരന് കലയോട് മാത്രമ്മല്ല  പ്രതിബദ്ധത, സമൂഹത്തിനോടുമുണ്ട്;  പ്രത്യകിച്ചു എഴുത്തുകാരന്.   സമൂഹത്തില്‍ നിന്ന് കിട്ടുന്ന ആദരവിനു എഴുത്തുകാരന്‍ പകരം കൊടുക്കുന്നതാണു സാമൂഹ്യപ്രതിബദ്ധത.

ഒരു സാധാരണമനുഷ്യന്‍  കാണാത്തത് കാണുന്നവനും  കേള്‍ക്കാത്തത് കേള്‍ക്കുന്നവനും പറയാത്തത് പറയുന്നവനുമാണ് എഴുത്തുകാരന്‍.  

എഴുത്തുകാരന്‍ സമൂഹത്തിന്റെ കണ്ണാണ്, ചെവിയാണ്‌, നാവാണ്.

നാട്ടിലെ ധര്‍മ്മച്യുതി കാണാതെ, നിലവിളികള്‍ കേള്‍ക്കാതെ,  പ്രതിഷേധചുണ്ടനക്കാതെ,
നാവില്‍ താഴിട്ടു,
ചെവികള്‍ കൊട്ടിയടച്ചു,
കണ്ണുകള്‍ ഇറുക്കിപൊത്തി ഇരിക്കുന്നവന്‍ എഴുത്തുകാരനല്ല.

കല കലക്കുവേണ്ടി എന്നത് കാലംതെറ്റിയ മുദ്രാവാക്യമാണ്. കാലം നിങ്ങളെന്ന കലാകാരനെയും നിങ്ങളിലെ കലയേയും പുച്ചിക്കാതിരിക്കണമെങ്കില്‍ കലയോടൊപ്പം താന്‍ ജീവിക്കുന്ന കാലത്തെയും ചേര്‍ത്ത് പിടിക്കുക.
-------------------------------------
ജീവിതം..

ഉറക്കമുണര്‍ന്നു നോക്കുമ്പോള്‍ കാണുന്ന കിടക്കവിരിയിലെ ചുളിവുകള്‍  സുഖസുഷുപ്തിയുണ്ടായില്ലെന്ന് കാണിക്കുന്നു.

ജീവിതസായാഹ്നത്തിലെ മുഖശരീരച്ചുളിവുകള്‍  ജീവിതയാത്രയില്‍ നേരിട്ട ദുരിതങ്ങൾ വ്യക്തമാക്കുന്നു.

ദിവസപുലരിയില്‍ ചുളിവുകള്‍ വിഴാത്ത കിടക്കവിരികളും ജീവിതാസ്തമയത്തില്‍ ചുളിവുകളും വരകളും വീഴാത്ത മുഖവും നിങ്ങള്‍ക്കുണ്ടാവട്ടെ.


ജീവിതത്തിൽ പ്രതീക്ഷകൾ സഫലമാവാതെ പോകുന്നത്,
സ്വപ്നങ്ങൾ പൂവണിയാതെ മൊട്ടിലെ കരിഞ്ഞു പോകുന്നത്,
അഭിലാഷങ്ങൾ ലക്ഷ്യം കാണാതെ തകർന്നു പോകുന്നത് വിഷമകരമാണ്. ഇതൊക്കെ ഇല്ലാതിരിക്കുന്നത്, ദുര്യോഗവും.

നഷ്ടപ്രണയത്തിൻടെ സുഖനോവുകൾപോലെ,
പറയാൻ മറന്ന പ്രണയമൊഴികൾപോലെ,
തൊട്ടുതലോടാൻ മിടിച്ചുമടിച്ച ഉഷ്ണതൃഷ്ണകൾപോലെ, 

അകാലത്തിൽ പൊലിഞ്ഞ സ്വപ്നങ്ങളേയൂം,
നിരാശയിൽ നരച്ച ആശകളേയും,
ലക്ഷ്യം കാണാഞ്ഞ പ്രതീക്ഷകളേയും ചേർത്തുപിടിക്കുക...

മിടിപ്പുകളുടെ
തുടിപ്പുകളുടെ
മടുപ്പുകളുടെ
ആകെതുകയെയല്ലെ ജീവിതമെന്നു വിളിക്കുക.

സുധാഭാഷിതം

ക്ലാ ക്ലാ ക്ലൂ ക്ലൂ.... സുരേഷ് തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈന....

സുരേഷ് ഭാഗ്യവാനാണ്, അവനു സ്വന്തം വീട്ടു മുറ്റത്ത് ഒരു മൈനയെ കാണാന്‍ കഴിഞ്ഞു. എന്റെ മകന്‍ സിദ്ധാര്‍ത് മൈനയെ കാണുന്നത് മൂസിയത്തില്‍ പോയിട്ടാണ്. ഞാന്‍ തന്നെ മൈനയെ കണ്ട കാലംമറന്നു. മൈന മാത്രമല്ല, ചെമ്പോത്, കുയില്‍, കൊററി, തിത്തിരി, കാലന്കൊഴി ഒന്നിനെയം കാണാറില്ല. 

ഓണകാലത്ത് ഉച്ച കഴിഞ്ഞാല്‍ ഒരു നാല് മണിയായാല്‍ ചുവന്ന തുമ്പികള്‍ വട്ടമിട്ടു പറക്കുമായിരുന്നു.

പലവര്‍ണ്ണങ്ങളിലുള്ള ചിത്രശലഭങ്ങള്‍ മുറ്റത്തെ മന്ദാരത്തിലും തെചിയിലും ചെന്ടമല്ലിയിലുമൊക്കെ പിടിതരാത്ത കൌമാരക്കാരിയെപോലെ തൊട്ടും തൊടാതെയും വട്ടമിട്ടു പറക്കുമായിരുന്നു.

ഇന്ന്,

വിക്രുതികാമുകനായ കാറ്റിനോടൊപ്പം ലാസ്യത്തോടെ ആടിയുലയുന്ന കാമിനികളായ ചെടികളെവിടെ....?

വര്‍ണ്ണവൈവിധ്യത്തിന്റെ നിറലാവണ്യം ചോരുന്ന ചിത്രശലഭങ്ങളെവിടെ...?

മോട്ടിടാന്‍ വിതുമ്പുന്ന കന്യാവനങ്ങളില്‍ കണ്ണുകള്‍ വിടര്‍ത്തി, ചെവി വട്ടം പിടിച്ചു തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പാത്തും പതുങ്ങിയിരിക്കുന്ന തുംബികളെവിടെ?

ചുവന്നുതുടുത്ത നിത്യാമെനോന്റെ കവിളുകള്‍പോലെ ചെഞ്ചായം പൂശിയ മണ്ണുള്ള മുറ്റമെവിടെ?

മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്ന മണ്ണിരകളെവിടെ?

കര്‍ക്കിടകമഴയില്‍ തുള്ളിതുളുംമ്പി കരകവിഞ്ഞൊഴുകുന്ന പുഴയില്‍ നിന്ന് വയലിലേക്ക് ചാടുന്ന വരാലുകളെവിടെ?

പുഴ മണലില്‍ ഓടിയകന്നു പതഞ്ഞുപുതഞ്ഞോളിക്കുന്ന കക്കയെവിടെ?

രാവുതോറും മത്സരിച്ചു വായ്പാട്ട് പാടുന്ന കുളകോഴിയും തവളയുമെവിടെ?

പാടവരമ്പിലൂടെ ദേവിദര്‍ശനത്ത്നു പോവുന്ന മേലെവാരിയത്തെ വാരസ്യാര്‍ കുട്ടികളുടെ പാദസരങ്ങളില്‍ നഖമുനയാല്‍ കൊളുത്തി തൂങ്ങുന്ന ഞെണ്ടുകളെവിടെ?

എളുപ്പത്തില്‍ ധനികനാവാനും നഗരനരകമാക്കാനും ജീവിതസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമുള്ള നെട്ടോട്ടത്തിനിടയില്‍ നമ്മുക്കെന്തെല്ലാമാണ് നഷ്ടമായത്?

വികസനത്തിന്റെ നിര്‍വചനത്തില്‍ നമ്മുക്ക് നഷ്ടമായത് എല്ലാമൊരുക്കിതരുന്ന പ്രകൃതിയെയായിരുന്നു. ക്ഷേത്രനടയില്‍ തള്ളിയ അമ്മയെ പോലെ നമ്മള്‍ പ്രകൃതിയെ മറന്നു വെല്ലുവിളിച്ചു വിനാശവികസനത്തെ കെട്ടിപുണര്‍ന്നു. കാടുകളും പുല്‍മേടുകളും കുന്നും പാറകളും പുഴയും പുഴുവും പൂക്കളും എന്തിനു മണ്ണിര വരെ നമ്മുക്ക് നഷ്ടമായി. നഷ്ടകച്ചവടമായിമാറിയ നെല്‍കൃഷി മറന്നു

സുന്ദരിയായ പ്രകൃതിയുടെ നീര്‍മാതളമാറിടങ്ങളെ തച്ചു തകര്‍ത്ത്,
ജലസ്രോതസ്സായ വയലുകള്‍ നികത്തി വിറ്റുതിന്നു. പെട്ടെന്ന് ധനികനാകാന്‍ മരങ്ങളെല്ലാം മുറിച്ചു കളഞ്ഞു ഭൂമിയെ വന്ധ്യയാക്കുന്ന വിളകള്‍ നട്ടു പിടിപ്പിച്ചു നാടിന്റെ നറുമണം തൂത്തെറിഞ്ഞു മടിയില്‍ പണം കെട്ട്കെട്ടായി തിരുകി സുഖം തേടിയലഞ്ഞു.

ഭൂമിയുടെ വെള്ളിയരഞ്ഞാണമായ പുഴകള്‍ വറ്റി വരളുന്നത്, ഉള്ള വെള്ളം മലീമാസമാകുന്നത് നമ്മള്‍ കണ്ണടച്ച് കണ്ടു നിന്നു .

ഗജകേസരികളെപോലെ കറുത്ത് തിളങ്ങി ഭൂമിക്ക് ഉറപ്പും ഭംഗിയും നല്‍കിയ പാറകള്‍ക്ക് പകരം മരണകിണറുകള്‍പോലെ പാറമാടകള്‍ പ്രത്യക്ഷമായി.
കുന്നുകള്‍ക്ക് പകരം അതിനേക്കാള്‍ ഉയരമുള്ള സൌധങ്ങള്‍ പണിതുയര്‍ത്തി.

പുഴയില്‍ തോര്‍ത്തു വിരിച്ചു മീന്‍ പിടിച്ചു കുപ്പിയില്‍ ഇട്ടു കാണുന്ന സുഖം പെട്ടിയിലടച്ചുവെച്ച സ്വര്‍ണ്ണമീനുകളില്‍ കിട്ടുമെന്ന് കിനാവ്‌ കണ്ടു..

മനുഷ്യന്റെയകത്തെ നന്മയോടൊപ്പം പ്രകൃതിയിലെ നല്ലതെല്ലാം അപ്രത്യക്ഷമാവുകയാണ്. മടി, അലസത, സ്വന്തം കാര്യം, ഇന്നത്തെ ജീവിതം, സമ്പത്ത്, സമൃദ്ധി, സൗകര്യം, സുഖം, ആഡംബരം, ധാരാളിത്തം. ഇതിനോക്കെയായി നമ്മള്‍ കൊടുത്ത വില ഭീകരമാണ്.

ഇന്നെല്ലാം പാതി വെന്തതാണ്. വൃക്ഷച്ചായകള്‍ നിഴല്‍ വീശുന്ന കിണറുകളിലെ തണുത്ത തെളിനീരിനു പകരം വെന്തുമരിച്ച വെള്ളമാണ് നമ്മള്‍ കുടിക്കുന്നത്.

കിണറ്റിലെ വെള്ളമെങ്ങിനെ മലീമസമായിയെന്നു ചിന്തിച്ചോ?

കിണറുകളില്‍ വെള്ളം വറ്റിയതെങ്ങിനെയെന്ന് ചിന്തിച്ചോ?

മഴ കുറഞ്ഞിട്ടില്ല പക്ഷെ ഈ മഴവെള്ളമോക്കെ തന്റെ മാറിടത്തില്‍ ചോർന്ന് ചേര്‍ത്ത് വെച്ചിരുന്ന വയലുകള്‍ പോയപ്പോള്‍, മുറ്റങ്ങള്‍ നഷ്ടമായപ്പോള്‍, ഉള്ളമുറ്റങ്ങള്‍ക്ക് മിന്നുന്ന കവചം പണിതപ്പോള്‍,
പുഴകളില്‍ നിന്നു കൊലുസ്സിന്‍മണിപോലെ യുള്ള മണല്‍ ആവശ്യത്തിനും അനാവശ്യത്തിനും ഊറ്റിയെടുത്തപ്പോള്‍ തെളിനീരെന്ന അമൃത് നമ്മുക്ക് നഷ്ടമായി.

കിണറ്റില്‍ വെള്ളമില്ലാതായപ്പോള്‍ അടുത്ത വഴി നോക്കിയ മനുഷ്യന്‍ ഭൂമിയുടെ നെഞ്ചു തുരന്നുതുറന്നു, ഓരോ ഞെരമ്പിലും സൂചി കുത്തികയറ്റി അവശേഷിക്കുന്ന ഓരോ തുള്ളി വെള്ളവും കുഴല്‍കിണര്‍ വഴി കുഴിചെടുക്കുന്നു. ലവണങ്ങള്‍ കലര്‍ന്ന ഈ വെള്ളത്തില്‍ കുളിച്ചു നമ്മള്‍ യൗവ്വനത്തിലെ നരക്കുന്നു. തൊലികള്‍ ചുളിയുന്നു, വരളുന്നു.

വിഷമയമായ അന്തരീക്ഷത്തില്‍ ശ്വസിച്ചു നമ്മള്‍ അനുദിനം രോഗികളാവുന്നു.
വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചു ഉള്ളിലുള്ള ഓരോ അവയവവും അകാലമൃത്യുയടയുന്നു. മുപ്പതാം വയസ്സില്‍ തന്നെ നമ്മള്‍ രോഗികളാവുന്നു; നാല്പതില്‍ വയോധികരും.
അര്‍ബുദങ്ങള്‍ നാവിലും തൊണ്ടയിലും ആമാശയത്തിലും കുടലിലും ശ്വാസകോശത്തിലും തൊലിയിലും വരുന്നു. ജനിക്കുന്ന തലമുറകള്‍ പോലും രോഗികളായി ജനിക്കുന്നു. കൂട്ടിവെച്ചിരിക്കുന്ന ധനം ഒന്നും ചെയ്യാനാവാതെ നമ്മെ നോക്കി പുച്ചിച്ച്ചു ചിരിക്കുന്നു. ചിരിക്കാത്തത് ചിരിക്കും; ഉടനെതന്നെ..

ശോഷിച്ചു ഊർധം വലിച്ചു കിടക്കുന്ന പുഴകളും,
മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞു മലീമസമായ തടാകങ്ങളും
ഉടഞ്ഞവിഗ്രഹം പോലെ പാതിമരിച്ചു കിടക്കുന്ന കുന്നുകളും, ശവസംസ്ക്കാരം കഴിഞ്ഞ പട്ടടപോലുള്ള പാറമടകളും
വെന്തുപഴുത്തു വരണ്ടു വെറുങ്ങലിച്ചു കിടക്കുന്ന ഊഷരഭൂമിയും,
തൊലിയെ പൊള്ളിക്കുന്ന രൌദ്രവേനലും, പുഴുക്കവും, എരിപൊരി സന്ചാരവും
ദൈവത്തിന്റെ സ്വന്തം നാടിനെ, അതിന്റെ കണ്ണീരും കയ്യും കാണാതെ, സൌകര്യപൂര്‍വ്വം മാറി മാറി പീഡിപ്പിച്ചതിന്‍റെ ബാക്കിപത്രമാണ്.

എവിടെയാണ് പിഴച്ചത്....? തിരിഞ്ഞു നോക്കാന്‍ നമ്മള്‍ക്ക് വൈകിയോ..

മറക്കാതിരിക്കുക.

പൈതൃകമായി കിട്ടിയ ഈ പ്രകൃതിസമ്പത്ത് നമ്മുടെ അനാവശ്യചൂഷണത്തിനുള്ളതല്ല; ആസ്വാദനത്തിനുള്ള താണ്. കേടുവരുത്താതെ അടുത്ത തലമുറയ്ക്ക് കൈമാറാനുള്ളതുമാണ്.

മറന്നാല്‍ നമ്മെ ശപിക്കുന്നതു മണ്മറഞ്ഞുപോയ തലമുറ മാത്രമാവില്ല; ജനിക്കാനുള്ളത് കൂടിയാവും.....

പുനര്‍ജനി....


സഭയില്‍ വെച്ച് പിതാമഹനില്‍ നിന്ന് കേട്ട വാക്കുകള്‍ ഇടിതീയായി വീണു തന്നെ കരിച്ചു കളയുകയായിരുന്നു. താന്‍ യുദ്ധം ചെയ്യാതെ അര്‍ദ്ധരഥിയായി യുദ്ധസഹായങ്ങൾ ചെയ്തു പിന്നാലെ നടക്കണം. കവചകുണ്ടല്ങ്ങള്‍ നഷ്ടമായ, മുനിയില്‍ നിന്ന് ശാപം ഇരന്നുവാങ്ങിയ താന്‍ സേനാപതിയാവാന്‍ പോയിട്ട് ഒരു യോദ്ധാവ് പോലുമാകാന്‍ യോഗ്യതയില്ലത്രേ. 

ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും അധകൃതനായ തന്റെ കീഴില്‍ യുദ്ധം ചെയ്യാന്‍ മടിയാണെന്നുള്ളത് വാക്കുകൾക്കിടയിൽ വായിക്കാമായിരുന്നു.
വില്ലാളിവീരനായ ഒരു യോദ്ധാവിനെ അവഹേളിക്കുകയായിരുന്നു. അടുക്കിവെച്ചിരിക്കുന്ന ആയുധങ്ങള്‍ തന്നെ നോക്കി പുച്ചിച്ച് ചിരിക്കുന്ന പോലെ കര്‍ണ്ണന് തോന്നി. വീരയോദ്ധാവിനു കുരുക്ഷേത്രഭൂമിയിലെ അടര്‍കളത്തില്‍ സ്ഥാനമില്ല. ജനിച്ച മ്ലേച്ചകുലത്തിന്റെ കറകള്‍ തന്റെ വിജയത്തിനു എന്നും തടസ്സമായിരുന്നു. വിളിച്ചു പറയണമെന്നുതോന്നി :

തനിക്കും വലിയ കുലത്തിന്റെ പിന്‍ബലമുണ്ട്.
താന്‍ കൌന്തെയനാണ്, സൂര്യപുത്രനാണ്.

പക്ഷെ പറഞ്ഞില്ല. താന്‍ അധകൃതനായിതന്നെയിരിക്കട്ടെ.. പിതാമഹന്‍ കുരുഷേക്ത്രഭൂമിയില്‍ വീണിട്ടെ താന്‍ യുദ്ധത്തിനിറങ്ങുകയുള്ളൂ.

അമര്‍ഷം ഉള്ളിലൊതുക്കി കൊണ്ട് എന്നും തനിക്ക് പ്രിയപ്പെട്ട, തന്നെ രാധമമയുടെ കൈകളില്‍ സുരക്ഷിതമായി എത്തിച്ച ഗംഗയുടെ മടിത്തട്ടിലേക്കിറങ്ങി ഒരു കുമ്പിള്‍ വെള്ളമെടുത്ത് മുഖം കഴുകി. നല്ല തണുപ്പ്. അമ്മ കവിളില്‍ തോലോടിയ പോലെ തോന്നി. തിരിഞ്ഞു കയറുമ്പോള്‍ അച്ഛന്‍, അധിരഥന്‍ മുന്‍പില്‍.

അമ്മ കാണാന്‍ വന്നിരിക്കുന്നു, രാജമാതയായ കുന്തിദേവി...

അമ്മ....

സ്നേഹമെന്ന അമ്രുതിന്റെ പര്യായം. പിറന്നുവീണു പൊക്കിള്‍കൊടി കോഴിയുംമുന്‍പ് അശ്വനദിയിലെ ഓളങ്ങളില്‍ ഉപേക്ഷിച്ച പവിത്രതയുടെ പേര്. ജീവാമൃതെന്ന അമ്മിഞ്ഞപാല്‍ ഇളംചുണ്ടുകളില്‍ വീഴ്ത്താതെ, നെറുകയില്‍ ച്ചുംബിക്കാതെ, താരാട്ട്പാടി ഉറക്കാതെ, നാവില്‍ തേനും വയമ്പും ചേര്‍ത്തു വെക്കാതെ ഒരു സ്ത്രീ എങ്ങിനെ അമ്മയാവും. തന്റെ അമ്മ ഇവരല്ല, എന്നെ ഞാനാക്കിയ രാധമമയാണ്. കൃഷ്ണന്‍ തന്റെ ശാപജന്മത്തിന്റെ കഥ പറഞ്ഞപ്പോള്‍ ഇവരെ കാണണമെന്നും പലതും ചോദിക്കണമെന്നുണ്ടായിരുന്നു. പ്രതിച്ഛായപോലെ ഉണ്ടായ ആദ്യസന്തതിയായ എന്നെ എന്തിനു കളഞ്ഞു? അഭ്യാസകാഴ്ചയില്‍ താന്‍ അപമാനിതനാവുമ്പോള്‍ സദസ്സിലുണ്ടയിരുന്ന ഇവര്‍ അധകൃതനെന്ന് അവഹേളിക്കുമ്പോള്‍ , നിന്നനിലയില്‍ താന്‍ അലിഞ്ഞില്ലാതാവുമ്പോള്‍ എന്റെ മകനെന്നു വിളിച്ചു പറയാഞ്ഞതെന്തേ? ഇന്ന് താന്‍ അംഗരാജ്യത്തെ രാജാവാണ്, നാളെ കൌരവരുടെ സേനാപതിയാണ്. ഇനി തനിക്ക് ആരുടെയും ഔദാര്യം ആവശ്യമില്ല. ഈ ജന്മം കടപ്പെട്ടിരിക്കുന്നത് ജീവിതം ദാനം ചെയ്ത ദുര്യോധനനോട് മാത്രമാണ്.

കോപമോതുക്കി നിര്‍വികാരതയും നിസ്സങ്ങതയും മുഖത്ത് വരുത്തി ഇറങ്ങി ചെന്നു. കൂടാരത്തിന് പിറകില്‍ തലവര മറക്കാനെന്ന വണ്ണം ശിരോവസ്തം കൊണ്ടു തലയും പാതി മുഖവും മറച്ചു രാജമാത കുന്തിദേവി പടിഞ്ഞാറ് തിരിഞ്ഞു നില്‍ക്കുന്നു. കണ്ണുകള്‍ ചുവന്നുതിളങ്ങുന്ന സൂര്യ ഭാഗവാനിലാണ്. ഭഗവാനോട് എന്തോ മന്ത്രിക്കുന്നുന്ടെന്നു തോന്നി. സൂര്യഭഗവാന്റെ കിരണങ്ങള്‍ ഇളംകാറ്റില്‍ ഉലയുന്ന വൃക്ഷശിഖരങ്ങള്‍ക്കിടയിലൂടെ അവരുടെ ജീവിതയാത്രയുടെ പ്രതിഫലനം പോലെ മുഖത്ത് നിഴലും നിലാവും മാറിമാറി വീഴ്ത്തുന്നുണ്ടായിരുന്നു. ശുഭ്രവസ്ത്രത്തില്‍ അമ്മയുടെ തേജസ്സു കൂടിയെന്ന് തോന്നി. നെറുകയില്‍ വീണുകിടക്കുന്ന മുടിയിഴകളില്‍ വെളുത്തവയാണ് എണ്ണത്തില്‍ കൂടുതല്‍. അമ്മയ്ക്ക് വയസ്സ് എറിയിരിക്കുന്നു. ജീവിതം അമ്മക്ക് അകാ നര നല്‍കിയോ...? വിഷാദം തളംകെട്ടി നില്‍ക്കുന്ന കണ്ണുകളില്‍ യുദ്ധഭീതി നിഴല്‍ വീശുന്നുന്ടെന്നു തോന്നി. കാല്പെരുമാറ്റം കേട്ട് അവര്‍ തലയുയര്‍ത്തി.

മകനെ...... എന്റെ മകനെ...

വാക്കുകള്‍ തീര്‍ത്ഥജലം തളിക്കുന്നപോലെ അമൃതവര്‍ഷമായി ശിരസ്സില്‍ വീണു. ഹൃദയം വല്ലാതെ തുടിച്ചു. കനപ്പിച്ചുവെച്ച കോപമെല്ലാം വെണ്ണപോലെ ഉരുകിയോലിച്ചു. അരുത്, അശക്തനാവരുത്. ഇവര്‍ പാണ്ഡവരുടെ അമ്മയായ രാജമാതയാണ്. തന്നെയും ഇവരെയും തമ്മില്‍ ബന്ധപെടുത്തുന്ന ഒന്നുമില്ല. താന്‍ അധിരഥനെന്ന തേരാളിയുടെ പുത്രനാണ്; സൂതപുത്രന്‍. തനിക്കിവരെ വെറുക്കാന്‍ പെട്ടിയില്‍ ചോരപോടിയുന്ന പൊക്കിള്‍കൊടിയുമായി ഗംഗയുടെ മാറിലും മടിയിലും ആടിയുലഞ്ഞു കിടന്ന ആ ശിശുവിനെ ഓര്‍ത്താല്‍ മതി.

മകനോ, ഞാനോ.. ഹ ഹ ഹ. രാജമാതക്ക് വഴിതെറ്റിയോ ? ആളു മാറിയോ ? ഞാന്‍ സൂതപുത്രനായ കര്‍ണ്ണനാണ്.

പരിഹസിക്കരുത് മകനെ. നിന്നെയോര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ മുലയില്‍ പാല്‍ ചുരത്തുന്നുണ്ട്. ഉന്നതകുലജാതയായ ഒരു സ്ത്രീക്കുള്ള പരിമിതികള്‍ നീ മനസ്സിലാക്കണം. ഒന്നും ഉറക്കെ വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്കില്ല. കുലമഹിമയുടെ മുള്‍കിരീടം ചുമന്നു പട്ടടയില്‍ അവസാനിക്കുന്ന ജീവിതം ജീവിച്ചു തീര്‍ക്കാന്‍ ജന്മമെടുക്കുകയാണ് സ്ത്രീകള്‍. പക്ഷെ ഇനിയെനിക്ക് വയ്യ. സഹോദരങ്ങള്‍ തമ്മില്‍ വെട്ടിമരിക്കുന്നത് കാണാന്‍ വയ്യ. നീ എന്റെ മകനാണ്, ഇത് ഞാന്‍ എവിടെയും പറയാന്‍ തെയ്യാറാണ്.

പാണ്ഡവമാതാവായ കുന്തിയുടെ പ്രഥമപുത്രനാണ് താനെന്നു ശ്രീകൃഷ്ണന്‍ അന്നു പറഞ്ഞപ്പോള്‍ തനിക്ക് വിശ്വസിക്കാനായില്ല. അധമകുലത്തിലല്ല താന്‍ ജനിച്ചത്. താന്‍ സൂതപുത്രനല്ല; സൂര്യപുത്രനാണെന്നുള്ള സത്യം ഉള്‍കൊള്ളാന്‍ പെട്ടെന്ന് കഴിഞ്ഞില്ല. ഇന്നിപ്പോള്‍ നൊന്തുപെറ്റ അമ്മയുടെ നാവില്‍ നിന്ന് കേട്ടപ്പോള്‍ കോരിതരിച്ചില്ല. അപമാനവും അവഗണനയും അവഹേളനവും അവജ്ഞയും കണ്ടും കേട്ടും അനുഭവിച്ചും തണുത്തു മരവിച്ചുപോയ വികാരങ്ങളെ താനെന്നെ കുഴിച്ചുമൂടിയിരുന്നു. കര്‍ക്കശസ്വരത്തില്‍ തന്നെ പറഞ്ഞു :

അവിടുത്തെ കാരുണ്യത്തിന് നന്ദി. പക്ഷെ രാധേയനായ എനിക്ക് മറ്റൊരു അമ്മയെ ആവശ്യമില്ല. രാജമാതക്ക് എന്നെ കൊണ്ട് എന്തെങ്കിലും ആവശ്യമുണ്ടോ...

അവര്‍ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു. പതിയെ പറഞ്ഞു..

മകനെ, നീ എതിര്‍പക്ഷത്തു നില്‍ക്കരുത്. നിന്റെ കൂടപിറപ്പുകളാണ് പഞ്ചപാണ്ഡവര്‍. നീ എന്റെ കൂടെ വരണം. അവര്‍ നിന്നെ മൂത്തജ്യെഷ്ടനായി സ്വീകരിക്കും. ദ്രൌപദി നിന്റെ പത്നിയായി പരിചരിക്കും. യുദ്ധം ജയിച്ചു രാജ്യം നേടുമ്പോള്‍ നീയായിരിക്കും രാജാവ്.

ഓഹോ, അതാണ്‌ കാര്യം. കര്‍ണ്ണന്റെ വീര്യത്തിലും കഴിവിലും പാണ്ഡവര്‍ പേടിച്ചിരിക്കുന്നു. ജീവന്റെ ഭിക്ഷക്കായി അമ്മയെ ദൂത് വിട്ടിരിക്കുകയാണ്. കവചകുണ്ഡലങ്ങള്‍ അപഹരിച്ച അര്‍ജുനന്‍, സൂതപുത്രനെന്നു പരിഹസിച്ച ദ്രൌപദി, വണ്ടികാരന്‍ എന്ന് കളിയാക്കിയ ഭീമന്‍. തന്നെ പേടിക്കുന്ന വില്ലാളിവീരന്മാരായ പാണ്ഡവര്‍. തന്നെ പരിഹസിച്ച, അപമാനിച്ച, അവഹേളിച്ചവര്‍ ഇതാ തന്റെ മുന്‍പില്‍ ജീവനുവേണ്ടി, പൊക്കിള്‍കൊടിയുടെ മഹാല്‍മ്യത്തെ ചൂഷണം ചെയ്യുന്നു. വില്ലാളിവീരനായ അര്‍ജുനന്‍ അച്ഛനെ വിട്ടു കവചകുണ്ഡലങ്ങള്‍ കൈക്കലാക്കിയ ശേഷം ജീവന് വേണ്ടി അമ്മയെ പേറ്റുനോവിന്റെ കണക്ക് പറയാന്‍ വിട്ടിരിക്കുന്നു. കര്‍ണ്ണന് അഭിമാനം തോന്നി; വിജയങ്ങൾക്ക് മുകളിൽ കയറിനിന്ന് ദിഗന്ധം മുഴങ്ങുമാറ് അട്ടഹസിക്കണമെന്നും.

പിന്നെ സ്വയം തിരിച്ചറിഞ്ഞു. തനിക്ക് അഹങ്കരിക്കാനോ പ്രതികാരദാഹിയാവാനോ കഴിയില്ലെന്ന്. ഒരുപക്ഷെ രാജകുലത്തില്‍ പിറന്നു കൊട്ടാരത്തിനു പുറത്തുള്ള ഒരു ജീവിതം കണ്ടിട്ടില്ലായിരുന്നുവെന്കില്‍ താന്‍ സ്വാര്‍ത്ഥനായ, ധര്‍മാധര്‍മങ്ങള്‍ ഇഴകീറി തന്റെ ശരികളെ മാത്രം മുറുകെ പിടിക്കുന്ന, അഹങ്കാരിയായ ഒരു രാജാവായി തീരുമായിരുന്നു. തനിക്ക് പ്രതികാരമില്ല, രക്തദാഹമില്ല, യുദ്ധകളത്തില്‍ വീഴുന്ന രുധിരം തന്നെ മത്തു പിടിപ്പിക്കുന്നില്ല. ശബ്ദം മയപ്പെടുത്തി ചോദിച്ചു..

ഞാനെന്തു വേണം, പറഞ്ഞു കൊള്ളൂ. ദുര്യോധനന്‍ ആണ് ഇന്നെനിക്കല്ലാം. ഈ പ്രാണനും ദേഹവും അദേഹത്തിന്റെതാണ്. എന്റെ ജയവും തോല്‍വിയും കൌരവപക്ഷത്തിന്റെതാണ് മറുപക്ഷം ചാടുക അസംഭവ്യമാണ്. എന്റെ സിരകളിലൂടെ ഒഴുകുന്ന ചോര ദുര്യോധനനുവേണ്ടി വേണ്ടി ചിന്താനുള്ളതാണ്. അതൊഴിച്ചു വേറെ എന്തും ചോദിക്കൂ..

നീ നിന്റെ സഹോദരരെ കൊല്ലരുത്. സ്വന്തം ചോരയെ കൊന്ന പാപം കര്‍ണ്ണന്‍ ഏറ്റുവാങ്ങിയെന്നു ചരിത്രം പറയരുത്..

ഹ ഹ ഹ.. അമ്മക്കിതു പാണ്ടവരോട് പറയാമായിരുന്നില്ലേ, ജ്യേഷ്ടനെ കൊല്ലരുതെന്നു... അവഗണന, അപമാനം, അവഹേളനം ഏറ്റുവാങ്ങാന്‍ കര്‍ണ്ണന്‍; ക്ഷമിക്കാനും പൊറുക്കാനും ദാനം ചെയ്യാനും അതേ കര്‍ണ്ണന്‍. ഇതെവിടുത്തെ നീതിയണമ്മേ...

മകനെ, ഒരു അമ്മ തന്റെ സ്വന്തം മകനോട്‌ യാചിക്കുകയാണ്. തന്റെ മറ്റു മക്കളെ കൊല്ലരുതെന്നു. ദാനധര്‍മിഷ്ടനെന്നു പേര്കേട്ട കര്‍ണ്ണനോട് മക്കളുടെ ജീവനുവേണ്ടി അമ്മ കണ്ണീരും തൊഴുകയ്യുമായി നിന്ന് കേഴുകയാണ്. എന്റെ അഞ്ചു മക്കളുടെ ജീവന്‍ ഭിക്ഷയായി തരൂ.

അവര്‍ തന്ടെ ശിരോവസ്ത്രം അഴിച്ചു രണ്ടു കയ്യിലും നിവര്‍ത്തി പിടിച്ചു യാചനയുടെ മുഖവുമായി ദയക്കായി കാത്തു നിന്നു...

അമ്മെ.... അമ്മ എന്റെ മുന്നില്‍ കരയരുത്, യാചിക്കരുത്, തൊഴരുത്.. അമ്മയ്ക്ക് അഞ്ചു മക്കളാണ് എന്നുമുണ്ടായിരുന്നത്.. ഞാന്‍ വാക്ക് തരുന്നു. അമ്മക്കെന്നും അഞ്ചുമക്കളുണ്ടാവും.

പഞ്ചപാണ്ഡവര്‍ അമരന്മാരായിരിക്കും..

പഞ്ചപാണ്ഡവര്‍ അമരന്മാരായിരിക്കുമെന്ന കർണ്ണൻടെ വാക്കുകൾ എട്ടുദിക്കിലും ഇരട്ടി ശബ്ദത്തോടെ പ്രതിധ്വനിച്ചു.
പറഞ്ഞതില്‍ പാതി മനസിലാവാതെ അവര്‍ ചോദ്യങ്ങള്‍ കലര്‍ന്ന മിഴികളുയര്‍ത്തി നോക്കി...

ഞാന്‍ അര്‍ജുനനെ മാത്രമേ കൊല്ലുകയുളൂ. അമ്മയുടെ മക്കളായ ആര്‍ക്കും എന്നെ തോല്‍പ്പിച്ച് കൊല്ലാം. പക്ഷെ ഞാന്‍ കൊല്ലുന്നത് അര്‍ജുനനെ മാത്രമായിരിക്കും. ഞാനെന്ന ബീജം ചുമന്നു നടന്നു നൊന്തു പ്രസവിച്ച അമ്മക്ക് ഞാന്‍ കടം വീട്ടുകയാണ്. ഒരു മകനും സാധിക്കാത്ത ഒന്ന് ഞാന്‍ ചെയ്യകുയാണ്.

അവര്‍ പതിയെ നടന്നുവന്നു ചേര്‍ത്ത് പിടിച്ചു. കുനിഞ്ഞുവണങ്ങിനിന്ന തൻടെ നെറുകയിൽ വരണ്ട ചുണ്ടുകൾ കൊണ്ടുമ്മ വെച്ചു. ചൂടുള്ള കണ്ണീര്‍കണങ്ങള്‍ തന്റെ നെഞ്ചില്‍ അടര്‍ന്നു വീണു കൊണ്ടിരുന്നു. അവരുടെ വക്ഷസുകള്‍ പാല്‍ ചുരത്തുന്നുന്ടെന്നു തോന്നി. പാല്‍ വീണു നനയുന്ന തന്റെ ഹൃദയത്തിന്റെ മിടിപ്പുകളുടെ താളം താരാട്ടായി മാറുന്നതും താന്‍ ചെറുതായി ശൈശവത്തിലേക്ക് മടങ്ങുന്നതും ആ പാട്ടിലലിഞ്ഞു മയങ്ങുന്നതായും കർണ്ണനു തോന്നി. അമ്മയുടെ വിരലുകള്‍ പുറത്തും കഴുത്തിലും ശിരസ്സിലും തലോടുന്നതും താന്‍ ഗര്‍ഭപാത്രത്തിന്റെ സുഖശീതളിമയിലേക്ക് ഊളിയിട്ടിറങ്ങുന്നത് പോലെയും തോന്നി..

ഒരു നിമിഷം കര്‍ണ്ണന്‍ പശ്ചിമചക്രവാളത്തിലേക്ക് നോക്കി. അമ്മയും പുത്രനും സ്നേഹസാഗരതിരകളിൽ അലിഞ്ഞുചേർന്നൊന്നാകുന്ന
ചരിത്രമുഹൂര്‍ത്തത്തില്‍,
നിറഞ്ഞു കവിയുന്ന ആല്‍മഹര്‍ഷത്തിന്റെയും നിര്‍വൃതിയുടെയും പൊന്‍കിരണങ്ങള്തിര്‍ത്തു,
നനവൂര്‍ന്ന മിഴികളുമായി മലയിടുക്കിലേക്ക് ഊര്‍ന്നിറങ്ങുന്ന തന്റെ പിതാവിനെയും,

പണ്ട് പാടിയുറക്കിയ താരാട്ടുപാട്ടിന്റെ ഈരടികള്‍ പുളിനങ്ങളായ്തിര്‍ക്കുന്ന ഗംഗമാതയേയും സാക്ഷിയാക്കി,

കൌന്തെയനായ,
ഗന്ഗേയനായ,
രാധേയനായ സൂര്യസൂതപുത്രനായ കര്‍ണ്ണന്‍ കുന്തിയുടെ ഗര്‍ഭത്തില്‍ ഒരിക്കല്‍ കൂടി ബീജമായ്‌ വിരിഞ്ഞു....