Friday 28 June 2013

കണ്ടകശനി...

എന്റെ ഒപ്പം വളര്‍ന്ന സുഹൃത്ത്‌ ആണ് ചെന്താമരാക്ഷന്‍.  കൌമാരത്തിന്റെ പടിക്കെട്ടുകളില്‍ കാലെടുത്തു വെച്ചപ്പോള്‍,  അന്നത്തെ നാട്ടുനടപ്പ് പ്രകാരം വായ്‌ നോട്ടം ഇല്ലാത്ത സമയങ്ങളില്‍, ശ്രീമാന്‍ കുറേശ്ശെ പുകവലിയെ പ്രണയിക്കാന്‍ തുടങ്ങി.. അദേഹത്തിന്റെ തുടരെ തുടരെയുള്ള പ്രാണയാഭ്യര്‍ത്ഥന മാനിച്ചു പുകവലി തിരിച്ചും പ്രണയിച്ചു.  നീലചുരുളുകളായി ഊതി വിടുന്ന പുക, രതിലഹരിയായി അവനില്‍ പടര്‍ന്നു കയറുകയും, രമിച്ചു തളരുന്ന, മധുവിധു നാളുകളായി തീരുകയും ചെയ്തു അവന്റെ കൌമാരദിനങ്ങള്‍.

പുകവലി നിര്‍ത്തിയില്ലെങ്കില്‍ പുകച്ചു കളയുമെന്ന വീട്ടിലെ ഭീഷണിയില്‍ നിന്ന് രക്ഷപെടാന്‍,  ഒരു ദുശീലം കൊണ്ട് മാത്രമേ മറ്റൊരു ദുശീലം കളയാന്‍ പറ്റൂ എന്ന എന്റെ ഉപദേശപ്രകാരം,  അവന്‍ കുറേശ്ശെ പൊടിവലി തുടങ്ങി.. രണ്ടു വിരല് കൊണ്ട് കൂട്ടി പിടിച്ചു, മൂക്കിലൂടെ പഴയ ഒറ്റ മുണ്ട് കീറുന്ന പോലെ ശബ്ദമുണ്ടാകി ഈ പൊടി മൂക്കിലോട്ടു വലിച്ചു കയറ്റുകയും അത് നെറുകയിലെത്തിയത്തിന്റെ ലഹരിയാലസ്യത്തില്‍ അവന്‍ തുമ്മുകയും ആനന്ദാശ്രുക്കള്‍ പോഴിക്കുകയും ചെയ്യുമായിരുന്നു. കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോഴാണ് തന്‍റെ പാറപറത്തു ചിരട്ട ഉരക്കുന്നപോലെയുള്ള ഘനഗംഭീര പുരുഷസ്വരം, ചുക്ക് ചുളിഞ്ഞ ചെമ്പ് കുടത്തില്‍ വെള്ളം നിറയുന്ന പോലെ ഹ്രസ്വസ്വരങ്ങളായി പോവുകയും താന്‍ സ്വയം ഒരു രാധകൃഷ്ണശബ്ദമായി മാറുന്നുണ്ടോ എന്നും അവനു തോന്നി തുടുങ്ങിയത്.. ഈ പ്രണയവും തനിക്ക് ശേരിയാവില്ല എന്ന് തോന്നി തുടങ്ങി. ഇതിനിടയില്‍ പഴയ കാമുകി തീരെ വിട്ടു പോയിട്ടുമില്ലായിരുന്നു. അല്ലെങ്കിലും ആദ്യ കാമുകി എന്നും നമ്മുക്ക് പ്രിയപെട്ടതാണല്ലോ..

ഈ രണ്ടു പ്രണയിനികളെയും ദൂരെ കളയാന്‍ ഒരു വഴി കണ്ടു പിടിച്ചു. നല്ല തളിര്‍ വെറ്റിലയും കളിയടക്കയും വാസന ചുണ്ണാമ്പും ചേര്‍ത്തുള്ള മുറുക്ക്. നാലും കൂട്ടി മുറുക്കി തുപ്പി കൊണ്ടിരിക്കാം എന്ന് തീരുമാനിച്ചു.  മുറുക്കും താമരയെ നല്ല മുറുക്കെ കെട്ടിപുണര്‍ന്നു.

ഇപ്പോള്‍, വായനശാലയുടെ മുന്നില്‍, ഇടതു കയ്യിലെ വിരലുകള്‍ക്കിടയില്‍ സിഗരറ്റും, വലതു കയ്യിന്റെ തള്ള വിരലും ചൂണ്ടു വിരലും കൂട്ടി ചേര്‍ത്തു പിടിച്ചതില്‍ ഒരു നുള്ള് പൊടിയുമായി, മുറുക്ക് തുപ്പി എന്റെ കൂട്ടുക്കാരന്‍ താമര , " താമര കുംബിളല്ലോ മമ ഹൃദയം " എന്നും പാടി, മൂന്നു പ്രണയിനികളെയും ചേര്‍ത്തു പിടിച്ചു,  എന്നെ കാണുമ്പോള്‍ മൂക്കും കുത്തി വീണവരുടെ ശബ്ദം പോലെ " ഷുദേ, ഷുകം തന്നല്ലേഡാ  എന്നും പറഞ്ഞുകൊണ്ട്
ചന്തി ബെഞ്ചില്‍ തൊടാതെ കുന്തിചിരിക്കുന്നു. 
 
ദുശീലങ്ങള്‍ പ്രണയം പോലെയാണ്.... തുടങ്ങാന്‍ എളുപ്പമാണ്; വിട്ടു പോവാനാണ് പ്രയാസം. കണ്ടകശനി പോലെയുമാണ്; കൊണ്ടേ പോകൂ....!!!

No comments:

Post a Comment