Friday 28 June 2013

സഫലമീ യാത്ര...


ഏതൊരു വിഷയത്തിലും എന്നെ അല്ലെങ്കില്‍ എന്റെ ചുറ്റുമുള്ളവരെ കൂടി കക്ഷി ചേര്‍ത്തെ എഴതാനോക്കൂ.. അതുകൊണ്ട് തന്നെ ബന്ധുജനങ്ങള്‍, നാട്ടുക്കാര്‍ ഒക്കെ എന്നെ ശപിച്ചു, പ്രാകി കൈ വിട്ടു. .    പോട്ടെ.  അനിഴം നാളുകാരനായ എനിക്ക് ബന്ധുക്കളെ കൊണ്ട് അല്ലെങ്കിലും ഒരു ഗുണവും ഉണ്ടാകാന്‍ ഇടയില്ല..

അന്നും ഇന്നും മതവും രാഷ്ട്രീയവും എനിക്ക് രണ്ടാംകെട്ടിലെ മക്കളെ പോലെയാണ്. സാഹിത്യമാണ്, അല്ലെങ്കില്‍ ആയിരുന്നു ജീവവായു. നാന സിനിമവാരികയുടെ സെന്റര്‍ പേജ് തുറക്കുന്ന പോലെ, കിട്ടിയാലുടനെ, കലാകൌമുദിയുടെയും മാതൃഭൂമിയുടെയും പേജുകള്‍ ദീര്‍ഘമായി മണക്കും. വായന പിന്നെയാണ്. അതുകൊണ്ടാണ് അക്ഷരാര്‍ഥത്തില്‍ വായന ജീവവായു എന്നൊക്കെ പറഞ്ഞത്. കൂടാതെ അന്ന് മൂന്നുനേരം ഭക്ഷണം ഉറപ്പില്ലായിരുന്നു. " വിശക്കുന്ന മനുഷ്യ, പുസ്തകം കയ്യിലെടുക്കൂ, അത് ഒരു "ആയുധ"മാണ് എന്നുള്ളത്  "ഭക്ഷണ"മാണ് എന്ന് ഞാന്‍  ബെര്തോലെക്റ്റ്‌ ബ്രക്ടിനെ തിരുത്തി. നര്‍മവും രതിയുമാണ് ഇഷ്ട വിഷയങ്ങള്‍. പിന്നെ പിന്നെ വായനയോക്കെ ശുഷ്ക്കിച്ചു, ജീവിതം ഒരു ചോദ്യ ചിഹ്നം പോലെ വക്രിച്ചു, കൊഞ്ഞനം കുത്തി തുടങ്ങിയപ്പോള്‍ എല്ലാം കൈ വിട്ടു,  മറ്റുള്ളവരെ പോലെ വെട്ടിപിടിക്കാന്‍ ശ്രമിചില്ലെന്കിലും പിടിച്ചു നില്കാനുള്ള തത്രപാട് ആയിരുന്നു. ഓട്ടമത്സരത്തില്‍ ഒന്നാമനായതുമില്ല,   പലതും കൈ വിട്ടു പോയി താനും. സാഹിത്യവും, ഒപ്പം പ്രേമിച്ച പെണ്ണും. ഊര്‍ന്നു പോകുന്ന മണല്‍ തരികളെ പിടിച്ചു നിര്‍ത്താനാവാതെ, താന്‍ നേടിയ ദ്രൌപദിയെ ചേട്ടന്റെ മണിയറയിലേക്ക്‌ ആദ്യരാത്രിയില്‍  പോകുന്നത് കണ്ടു  നിര്‍വികാരനായി, നോക്കി നിന്നു. ദാരിദ്ര്യം ഒരു ശാപമാണെന്ന് മനസിലൂട്ടിയുറപ്പിച്ച നാളുകള്‍, ദരിദ്രനായി ജനിച്ചു, ദരിദ്രനായി ജീവിച്ചു, ദരിദ്രനായി തന്നെ മരിക്കുമെന്ന് തോന്നിയ കാലഘട്ടം.

തിരിഞ്ഞു നോക്കുംബോള്‍ വെടിക്കെട്ട്‌ കഴിഞ്ഞ പൂരപറമ്പ് പോലെ ചിന്നി ചിതറി കിടക്കുന്ന കൌമാര യൌവനങ്ങളുടെ ഊര്‍ജം നഷ്ടപെട്ട കിതപ്പുകളും ഗദ്ഗദങ്ങളുടെ തളര്‍ച്ചയും. ഇന്ന് ജീവിതം സ്വര്‍ഗമാണ്.  പിന്നിട്ട വഴികളെ കുറിച്ച് ആലോചിക്കുമ്പോള്‍, തികട്ടി വരുന്ന ഗതകാല സ്മരണകളില്‍ വര്‍ണപോലിമ വാരി വിതറുന്ന പൂക്കളുടെ ത്രസിപ്പിക്കുന്ന ഗന്ധമില്ല, 

പാറി പറന്നു നടക്കുന്ന ചിത്ര ശലഭങ്ങലില്ല,
കൈ തണ്ടയില്‍ അവള്‍ ഏല്പിച്ച നഖക്ഷതങ്ങളില്ല,
ഞെരിഞ്ഞമര്‍ന്നുതിര്‍ന്നു വീണ ചുവന്ന വളപ്പോട്ടുകളില്ല,
ചെഞ്ചായം തൂവിയ ചുണ്ടുകളുടെ സ്നിഗ്ദ്ധതയില്ല.
ഉള്ളത് പച്ചയായ ജീവിതത്തിന്റെ തീക്ഷണങ്ങളായ അനുഭവങ്ങളും ഒറ്റപ്പെട്ട, അടക്കിപിടിച്ച ആഗ്രഹങ്ങളുടെ, അഭിലാഷങ്ങളുടെ തേങ്ങലുകളും മാത്രം ....

എന്നാലും ധന്യനാണ്, സന്തോഷവനാനു, കൃതാര്‍തനുമാണ്.. ജീവിതത്തിനു വര്‍ണവസന്തം നല്കിയ ഒരു കൂട്ടുകാരി, കണ്ണിനു കണ്ണായ രണ്ടു കന്മണികള്‍,  കടമുന്ടെന്കിലും  കേറി കിടക്കാന്‍ ഒരു വീട്,

ഈ സ്വപ്ങ്ങളോക്കെയല്ലേ അറുപതു/എഴുപതുകളില്‍ ജനിച്ച നമ്മള്ക്ക് ഉണ്ടായിരുന്നത്? അപ്പോള്‍ സഫലമായില്ലേ എന്റെ ജീവിതം. സഫലമീയാത്ര, പ്രിയ മിത്രങ്ങളെ, തീര്‍ത്തും സഫലം.....

No comments:

Post a Comment