Tuesday 2 July 2013

പ്രണയനിലാവ്... 1985, a retrospective....


വ്യാസയില്‍  കോളേജില്‍
ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ശ്രീ കൃഷ്ണപുരത്തു  നിന്ന് ജയശ്രീ എന്ന പേരുള്ള ഒരു പെണ്‍കുട്ടി ബി എ ക്ക് ഉണ്ടായിരുന്നു.  വെളുത്തു, മെലിഞ്, കിളരമുള്ള, കഴുത്തില്‍ ഈള്പോലെ ഒരു സ്വര്‍ണമാലയിട്ടു, അതില്‍ പച്ചപതക്കം തൂക്കി, കാതില്‍ കാറ്റിലാടുന്ന ജിമിക്കിയിട്ടു, നക്ഷത്രതിളക്കം മിഴിയിലും മൃദുമന്ദഹാസം ചുണ്ടിലുമായി, ഏഴുതിരിയിട്ടു തെളിയിച്ച നിലവിളക്ക് പോലെ ഒരു എല്ലിച്ച സുന്ദരി. അത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടിയെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. ആദ്യ പ്രണയത്തിലെ പ്രണയിനിയുടെ സൌന്ദര്യം അമ്മയുണ്ടാക്കുന്ന കറി പോലെ വേറെ എവിടെയും കാണാന്‍ കഴിയില്ല. 

ക്ലാസ്സ്‌ വിട്ടാല്‍ അവള്‍ ബസ്‌ കയറാന്‍ പോകുമ്പോള്‍ അവളുടെ ചുവന്നു തുടുത്ത കാലടികള്‍ ഇടവേറ്റാതെ പിന്തുടരുകയാണ് എന്റെ പ്രണയത്തിന്റെ ആദ്യ പടി. പാര്‍ളിക്കാട് ബസ്‌ സ്റോപ്പ് വരെ, പത്തടി പിന്നില്‍ ഞാന്‍ സ്വപ്നാടകനെ പോലെ നടക്കും.  എനിക്ക് പോകേണ്ടത് നേരെ വിപരീത ദിശയിലാണ്.  ഒരിക്കലും അവള്‍ തിരിഞ്ഞു നോക്കിയില്ല. അവള്‍ അടിവെച്ചടിവെച്ചു നടക്കുമ്പോള്‍, അവള്‍ ബാക്കി വെച്ച പാദമുദ്രകളില്‍ ചവിട്ടുംബോഴുള്ള സുഖം, 

അവള്‍ നിശ്വസിച്ച വായു ശ്വസിക്കുംബോഴുള്ള നിര്‍വൃതി, 
അവളുടെ മുടിയിഴകള്‍ തഴുകിയ അതെ കാറ്റ് എന്നെ നെറ്റിമേല്‍ച്ചുംബിക്കുംബോഴുള്ള ധന്യത, പതിഞ്ഞ കാല്‍ വെപ്പുകളില്‍ അവളുണര്‍ത്തുന്ന താളം,
 എന്റെ മനസ്സില്‍ അതുയര്‍ത്തുന്ന ഓളം, 
പാറി പറക്കുന്ന അളകങ്ങളില്‍ നനുത്ത കൈവിരലുകള്‍കൊണ്ട് ചെവിക്കു പിന്നില്‍ ഒതുക്കിയിടുമ്പോള്‍ തെളിയുന്ന വിയര്‍പ്പ് കുളിരണിയിച്ച കക്ഷങ്ങള്‍, 
ഒതുങ്ങിയ നിതംബത്തില്‍ പെണ്ട്ലമാടുന്ന മുടിയറ്റം.  ആദരവോടെ, ആര്‍ദ്രതയോടെ, ആല്മനിര്‍വ്രുതിയോടെ ഞാന്‍ പിന്തുടര്‍ന്ന് കൊണ്ടിരുന്നു.

ബസ്സില്‍ കയറി മുകളില്‍ കമ്പിയില്‍ പിടിച്ചു വണ്ടി  മുന്നോട്ടെടുക്കുമ്പോള്‍ കിട്ടുന്ന ഒരു പാതി ചിരിയുടെ അക്ഷരരൂപമായിരുന്നു അന്ന് പ്രണയം.  ഈ നടന്ന ദൂരം പിന്നെ മുഴുവന്‍ ഒറ്റയ്ക്ക് പിന്നോട്ട് നടക്കണം. ഇതൊക്കെ മതിയായിരുന്നു സ്വപ്നജീവികളായ അന്നത്തെ കൌമാരക്കാരന്. ശനിയും ഞായറും കണ്ടുപിടിച്ചവനെ ശപിച്ചു കൊണ്ട്, തിങ്കളിനു വേണ്ടി കാത്തിരിക്കുമായിരുന്നു.

അവള്‍ ബി എ ഇക്നോമിക്സ്, ഞാന്‍ കെമിസ്ട്രിയും. മൂന്നു വര്‍ഷം പ്രണയിച്ചു, തെറ്റി, പിന്നാലെ നടന്നു.  ഒന്നുമുരിയാടാതെ, പരസ്പരം ചിരിക്കാതെ, തൊടാതെ, നേരെ നേരെ നോക്കാതെ, കാലടികള്‍ പിന്തുടര്‍ന്ന് കൊണ്ട്, സുരക്ഷിതയായി അവളെ യാത്രയാക്കി കൊണ്ട്.... ഒരു ദിവസം പോലും അവള്‍ തിരിഞ്ഞു നോക്കിയില്ല, ഒന്നും ചോദിച്ചില്ല പറഞ്ഞുമില്ല. വരാന്തയില്‍ അവള്‍ നേരില്‍ വരുമ്പോള്‍ നെഞ്ചില്‍ പെരുമ്പറ കൊട്ടും,  ഹൃദയം പോട്ടിതെറിക്കുമോ എന്ന് തോതോന്നും,  അപ്പൂപ്പന്‍ താടി പോലെ സ്വയം വായുവില്‍ ഉയരുന്നപോലെ തോന്നും,  എവിടെ നിന്നോ ഒരു ഓടകുഴല്‍ നാദം കേള്‍ക്കുമായിരുന്നു, അവളുടെ കൊലുസിന്റെ താളത്തിനൊത്തു എന്റെ ശ്വാസവും താളം പിടിക്കുമായിരുന്നു., ചെന്ബിന്‍നതണ്ട് പോലുള്ള കൈ വീശി അവള്‍ നടന്നു മറയും വരെ ഞാനും കാലവും മരവിച്ചു നിന്ന് പോകുമായിരുന്നു.

അവളുടെ സോഷ്യല്‍ ദിനത്തിന്റെ അന്ന്
ലാബില്‍ വെച്ച് ടെസ്റ്റ്‌ ടുബില്‍ അളന്നെടുത്ത ലായനി ഞാന്‍  ബീക്കറിലേക്ക് ഒഴിച്ച് കൊണ്ടിരിക്കുമ്പോള്‍ ജനലില്‍ ഇളം റോസ് നിറത്തിലുള്ള സാരിയും കറുത്ത ജാകെട്ടുമിട്ടു അവള്‍ നിഴല്‍ വീശി.. ടെസ്റ്റ്‌ ടുബില്‍ നിന്ന് ലായനി തുളുമ്പി സിങ്കില്‍ വീണു, കാറ്റില്‍ പറന്ന അപ്പൂപ്പന്‍ താടി കണക്കെ  ഞാനറിയാതെ   ജനലിനരുകിലേക്ക് നടന്നു... മൌനത്തിന്റെ വാല്‍മീകം ഉടക്കാന്‍ അവള്‍ തന്നെ വേണ്ടി വന്നു, ഞാന്‍ ഭൂമിയിലല്ലായിരുന്നു, അക്ഷരങ്ങളും ശബ്ദവും എനിക്കന്യമാവുന്നത് പോലെ തോന്നി. കാലുകള്‍ നിലത്ത് തൊടുന്നില്ല, വായുവിലോഴുകുന്ന പോലെ..

ഇന്ന് ലാസ്ടാ, എന്നോടൊന്നും  പറയാന്‍ ല്യേ....... ?

ഈശ്വര....!!!  ഇത്രയും മധുരമായിരുന്നോ ഇവളുടെ ശബ്ദം... ഒരുപക്ഷെ ഭീരുവായ ഞാന്‍ ഒരിക്കലും കേള്‍ക്കാതെ പോവുമായിരുന്ന ശബ്ദം,  എന്റെ മറുപടി കേള്‍ക്കാന്‍ വട്ടം പിടിക്കുന്ന ആന ചെവികള്‍, മിടിക്കുന്ന മഷിയെഴുതിയ നീണ്ടു വിടര്‍ന്ന കണ്ണുകള്‍, ശ്വസ്സോച്ഛസ്സങ്ങള്‍ക്കൊപ്പം ഉയര്‍ന്നമരുന്ന നീര്‍മാതളമാറിടം...

ഞാന്‍.... ഞാന്‍..... വാക്കുകള്‍ തട്ടി തടഞ്ഞു തൊണ്ടയില്‍ തന്നെ തളര്‍ന്നു വീണു.

എന്നെങ്കിലും ഇന്റെയടുത്തു വരുമെന്നും ഇഷ്ടമാണോന്ന് ചോദിക്കുമെന്നും കരുതി... നെഞ്ചോട്‌ ചെര്‍ത്തമാര്‍ത്തി പിടിച്ച ബുക്കില്‍ നിന്നും രണ്ടു മൂന്നു കടലാസു ചുരുളുകള്‍ നിവര്‍ത്തി അവള്‍ പറഞ്ഞു : മറ്റുള്ളവര്‍ക്ക് പ്രനയിനികള്‍ക്ക് കൊടുക്കാന്‍ എഴുതി കൊടുത്ത ഈ പ്രണയവര്‍ണ്ണങ്ങള്‍ ഒരു ദിവസം എന്റെ കൈ വെള്ളയില്‍ കാണിക്ക പോലെ വെച്ച് തരുമെന്നു ഞാന്‍ കിനാവ്‌ കണ്ടു... വെറുതെ... വെറ്തെ... നനയുന്ന കണ്ണുകള്‍; വിറയ്ക്കുന്ന ചുണ്ടുകള്‍...

തീര്‍ത്ഥജലം പോലെ എന്നില്‍ പെയ്തിറങ്ങിയ പ്രണയമോഴികള്‍.. വീഴാതിരിക്കാന്‍ ജനലിലമര്‍ത്തി പിടിച്ചു ഞാന്‍ തരിച്ചു നിന്നു.

എനിക്ക്.. ഞാന്‍.. ശബ്ദമില്ലാത്ത ഞാന്‍ പറയാതെ പറഞ്ഞു :  ഞാന്‍ നിന്നെയല്ല ഒരുപക്ഷെ പ്രണയിച്ചത്. മൂന്നു വര്‍ഷം ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ടത് നിന്റെ ചുവന്നു തുടുത്ത ഉപ്പൂറ്റിയായിരുന്നു. അതില്‍ നിന്നും തെറിച്ചു വീഴുന്ന മണ്‍തരികളായിരുന്നു.  ഞാന്‍ പെരുക്കാതെ പെറുക്കിയെടുത്തു നെഞ്ചോട്‌ ചേര്‍ത്ത മണ്‍തരികള്‍.. കയ്യില്‍ നിന്നൂര്‍ന്നു പോകുന്ന മണല്‍ത്തരികള്‍ പോലെ നെന്ചിലോട്ടിപിടിക്കാതെ ഉതിര്‍ന്നു വീണ മണ്‍തരികള്‍..

ഞാന്‍ പോപോനൂട്ടോ, , ഒരു ജോലി കിട്ടിയാ വരണം. രണ്ടു വര്‍ഷമോക്കെ ഞാന്‍ കാത്തിരിക്കാം... പിന്നെ ഞാനറിയാതെ എന്റെ ഐകാര്‍ഡില്‍ നിന്നെടുത്ത ആ ഫോട്ടോ കളയരുത്...

നെഞ്ചോട്‌ കൈ ചേര്‍ത്തു വെച്ച് അവള്‍ പറഞ്ഞു :  എനിക്ക് ഫോട്ടോ വേണ്ട, ഇയാള്‍ , ദേ ഇവിടെയുണ്ട്.. അവള്‍ ഒന്ന് കൂടെ ചിരിച്ചു, അല്പം കാമതോടെയുള്ള ചിരി. നോട്ടം പിന്‍ വലിക്കാതെ നാലടി പിന്നോട്ട് നടന്നു, അപ്പോള്‍ അവളുടെ കണ്ണില്‍ നക്ഷത്ര തിളക്കമായിരുന്നില്ല, ഉതിര്‍ന്നു വീഴുന്ന നീര്‍മണികളുടെ സ്ഫടികപ്രകാശമായിരിന്നു.  വെയിലത്ത്‌ പെയ്യുന്ന മഴപോലെ, നിലാവുതിരുന്ന അവളുടെ പുന്ചിരിയില്‍ അലിഞ്ഞു ചേര്‍ന്ന രണ്ടു കണ്ണുനീര്‍ചാലുകള്‍....

അതോരറിവായിരുന്നു.. എന്നില്‍ നിറങ്ങളുടെ തെന്മഴപെയ്യിക്കാന്‍, നരുമണത്തിന്റെ ചാരുഗന്ധം പടര്‍ത്താന്‍ അവള്‍ തെയ്യാറായിരുന്നു. ഈ മൂന്നു വര്‍ഷവും അവള്‍ ഭീരുവായ എന്നില്‍ നിന്ന് പലതും കേള്‍ക്കാനാഗ്രഹിച്ചിരുന്നു. സൌഭാഗ്യങ്ങള്‍ തൊട്ടടുത്ത്‌ ചേര്‍ന്ന് നില്‍ക്കുമ്പോഴും, അനുഭവപെടാന്‍ യോഗമില്ലാതെ, നിലാവുതിരുന്ന പൌര്‍ണമി രാത്രികളില്‍ കണ്ണിരുക്കിയടച്ചു കരിമ്പടം മൂടിപുതച്ചുറങ്ങിയ, വിലാപങ്ങളുടെ നാറിയ ഭാണ്ടകെട്ടുകള്‍ പേറി , അത്താണികളില്ലാത്ത, വഴിയന്ബലങ്ങള്‍ കൊട്ടിയടക്കപെട്ട ഇരുളടഞ്ഞ പാതയിലൂടെ ഒറ്റയ്ക്ക് നടന്നു തീര്‍ക്കാന്‍ വിധിക്കപെട്ട സുധാകരജന്മം!!!

1 comment:

  1. സുധാകരജന്മങ്ങള്‍ ഒരു സംഭവമാണ് ,ഒരു പ്രസ്ഥാനം.ചില നഷ്ടങ്ങള്‍ അതും ഇമ്മാതിരി,ചില നേരത്ത് സങ്കടാ...

    ReplyDelete