Friday 28 June 2013

അയനം

സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു പാട്ടുകാരനാവണമെന്നായിരുന്നു ആഗ്രഹം. കുറെ പേരുടെ ക്ഷമ പരീക്ഷിച്ചത് മാത്രമായിരുന്നു അതിന്റെ ബാക്കിപത്രം. കോളേജില്‍ എത്തിയപ്പോള്‍ എം ടി യും മുകന്ദനും മാധവിക്കുട്ടിയും ഒ. വി. വിജയനും സി. രാധകൃഷ്ണനുമൊക്കെ സന്തതസഹചാരികളായി ഒപ്പം കൃഷ്ണന്‍നായര്‍ സാറും ആര്‍ടിസ്റ്റ്‌ നമ്പൂതിരിയുമുള്ള കലാകൌമുദിയും മദനന്റെ വരകളും വര്‍ണ്ണങ്ങളും നിറഞ്ഞ മാതൃഭൂമിയും.  കൂടല്ലൂരും ചമ്രവട്ടവും മയ്യഴിയും ഖസാക്കുമൊക്കെ വടക്കാന്ചെരിയിലേക്ക് വിരുന്നു വരികയായിരുന്നു. അല്ലെങ്കില്‍ വടക്കാന്ചെരിയും കുമ്പളങ്ങാടുമോക്കെ ഈ ദേശങ്ങളായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. ഞാനും, എന്നിലൂടെ എന്റെ ദേശവും ഇതുപോലെ അറിയപെടണമെന്നു തിരതല്ലുന്ന അഭിലാഷമായി മനസ്സിനെ മദിക്കാന്‍ തുടങ്ങി.  ഒപ്പം എം എ മലയാളത്തില്‍ ചെയ്തു സാതിഹ്യമണ്ഡലത്തിലെ അപാരസീമകളെ താണ്ടണമെന്നും.

പക്ഷെ എഴുതാന്‍ ശ്രമിച്ചിട്ട് ഒന്നും വരുന്നില്ല. വരുന്നതൊക്കെ എവിടെയോ വായിച്ചു മറന്നവയായിരുന്നു. ബീഡി വലിച്ചു നോക്കി, ചാരായം കുടിച്ചു, ഊശാന്‍ താടി വളര്‍ത്തി, ജുബയിട്ടു, ബുജിസഞ്ചി തൂക്കി, കിം ഫലം... വായനയുണ്ട്, സാഹിത്യകാരന്റെ നല്ല ലുക്ക്‌ വരുന്നുണ്ട്.  സംസാരത്തിലും സാഹിത്യം അലയടിക്കുന്നുണ്ട്,  നാവില്‍ ശ്രീയുണ്ട് പക്ഷെ എഴുത്ത് മാത്രം വരുന്നില്ല, പലരും രൂപവും സംസാരവും കണ്ടു ചോദിക്കുമായിരുന്നു എഴുതുമോ? ആദ്യം കവിതയെഴുതാന്‍ ശ്രമിച്ചു. നമ്പ്യാര്‍ മാഷിന്റെ മകളെപോലെ തന്നെ ഈ കവിതയും എന്റെ മുഖത്ത് തന്നെ കാര്‍ക്കിച്ചു തുപ്പി,   ഈറ്റപ്പുലിയെ പോലെ ചീറി നടന്നു പോയി. കഥയില്ലാത്തവന്റെ "കഥ"എഴുതാനുള്ള ശ്രമവും  മണിയറയില്‍ കയറിയ പുതുമണവാളനെപോലെ  "ശല്യപ്പെടുത്തരുത് " എന്ന് പറഞ്ഞു   ശബ്ദത്തോടെ കതകടച്ചു പടിയടച്ചു പിണ്ഡം വെച്ചു.  എഴുതിയ ലേഖനങ്ങള്‍ ആര്‍ക്കും പിടി കിട്ടാതെയും പിടി കൊടുക്കാതെയും സ്വയം എരിഞ്ഞടങ്ങി.. ഞാന്‍ വെറും സുധാകരനായും,  വടക്കാഞ്ചേരി ഒരു നിയോജകമണ്ടലമായും അവശേഷിച്ചു.. വാരികകളിലേക്ള്ള കത്തുകളിലും വായനശാലയിറക്കിയ കയ്യെഴുത്ത് മാസികയിലെ സാഹിത്യ നിരൂപണത്തിലും  മരുമകന്റെ വീട്ടില്‍ അമ്മായിഅമ്മയുടെ അടുക്കളജീവിതം പോലെ എന്റെ രചനകള്‍ ഒതുങ്ങിപോയി.

കോളേജിനു ശേഷം പിന്നെ കഷ്ടപാടുകളുടെയും ദുരിതങ്ങളുടെയും ഇരുട്ടും വേവും നിറഞ്ഞ ഇരുണ്ട താഴവരകള്‍ ആയിരുന്നു. പിടിച്ചു നില്ക്കാന്‍ പാടുപെടേണ്ടിവന്ന ദിനങ്ങള്‍,  കാലാവധി കഴിഞ്ഞ വസ്ത്രങ്ങള്‍ ഓണപതിപ്പിലെ സര്‍ഗ്ഗഭാവന വറ്റിയ എഴുത്തുകാരുടെ ശുഷ്ക്കരചനകള്‍ പോലെ എനിക്ക് ചേരാതെ എന്നെ പൊതിഞ്ഞു നിന്നു.  എണ്ണപുരണ്ട, മുഖകുരുക്കള്‍ സംഹാര താണ്ടവം നടത്തിയ മുഖവും, കോലന്‍ മുടിയും കണ്ണാടിയെപോലും പേടിപ്പിച്ചുരുന്നുവെന്നു തോന്നി.  വീടു ഭീതിയുണര്‍ത്തുന്ന ഒരു പ്രേതാലയം പോലെ എന്നെ പേടിപ്പിക്കാന്‍ തുടങ്ങി. " ന്താ ഒന്നും ആയില്ലേ, ടൂടോറിയാല്‍ കൊണ്ട് എത്രകാലം? " എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പൂവിന് ചുറ്റും വട്ടമിട്ടു പറക്കുന്ന വണ്ടുകളെ പോലെ എന്നെ വലയം ചെയ്തു.. ഞാന്‍ എന്നിലേക്ക് ഉള്‍വലിയാന്‍ തുടങ്ങി. വായനശാലയും ടൂടോറിയലും പകല്‍ സമയങ്ങളില്‍ എനിക്കൊളിചിരിക്കാനുള്ള സങ്കേതങ്ങളായി, യാത്രകള്‍ രാത്രിയില്‍ മാത്രമായി. യാമിനി എന്റെ കൂട്ടുകാരിയായി, . ഞാനോഴുക്കിയ കണ്ണീര്‍ കണ്ടതും തുടച്ചതും അവള്‍ മാത്രമായിരുന്നു. ഇരുട്ടിനെ പ്രണയിച്ച ഞാന്‍ രജനിയുടെ രമണനായി.

പിന്നെ ജോലി തേടിയുള്ള അലചിലുകള്‍, കോയമ്പത്തൂര്‍, ബോംബേ ( എന്ത് മുംബൈ, അതിനൊക്കെ ബോംബെ കാണണം മോനെ) ബാംഗ്ലൂര്‍, പഞ്ചാബ്‌, ഡല്‍ഹി.. മേച്ചില്‍ പുറങ്ങള്‍ മാറി മാറി വന്നു. ജീവിതം കണ്ടു,  സഹനങ്ങള്‍ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ കൊടുത്തു, ഭാഷകള്‍ സ്വയത്തമാകി, സൌന്ദര്യം വന്നു, സൌന്ദര്യത്തെ തേടി, സൌന്നര്യധാമങ്ങള്‍ ഒഴുകിയെത്തി, വാഗ്ധോരണികളില്‍ മൂക്ക് കുത്തി വീണു, മുല്ലവല്ലിയെ പോലെ ഉടയാടകളില്ലാതെ അവര്‍ ചേര്‍ന്ന്  ഒട്ടി നിന്നു. ജീവിതം തിരിച്ചുപിടിക്കുകയായിരുന്നു. പടവെട്ടി മുന്നേറുകയായിരുന്നു, ഒരു തുള്ളി ചോര ചിന്താത്ത യുദ്ധം.. ജീവിത യുദ്ധം..

ഇന്ന് നാല്പ്പത്തിയന്ചിലെത്തി തിരിഞ്ഞു നോക്കുമ്പോള്‍ പാദമുദ്രകളില്‍ കണ്ണനീരുണ്ട്, ചിന്തയുണ്ട്, ചിരിയുണ്ട്, മോഹമുണ്ട്, അതിനേക്കാളേറെ മോഹഭംഗങ്ങളുണ്ട്, ഭാഗ്യമുണ്ട്, ഭാഗ്യകേടുകളും. ഇല്ലാത്തത് ചതിയും വഞ്ചനയും കാപട്യവുമാണ്.. ഇതുവരെ എന്നെയറിയാത്ത പത്തുപേര്‍ മുഖപുസ്തകത്തിലൂടെ എന്നെ അറിയുന്നു, എന്റെ എഴുത്തിനെ ആദരിക്കുന്നു, . സുധാകരനോടൊപ്പം പത്തുപേര്‍ വാടക്കന്ചെരിയെ കൂടി അറിയുന്നു. ദേശത്തിന് ഞാന്‍ തിരികെ നല്‍കുന്ന ദേശപൂജയാണ് എന്റെ പേരിനോടൊപ്പം ദേശവും ഖ്യതിയാര്‍ജിക്കുകയെന്നത്. വാടക്കന്ചെരിയെ നാലുപേര്‍ അറിയുന്നതില്‍ എനിക്ക് ചാരിതാര്‍തത്യമുണ്ട്, എന്നെ എന്റെ  പേര് പറയാതെ വടക്കാഞ്ചേരി എന്ന് വിളിക്കുന്നതില്‍ അന്തസ്സും അഭിമാനവുമുണ്ട്.

ഒരു ബ്ലോഗ്‌ തുടങ്ങുകയാണ്.  ആക്ക്രികള്‍ ചെര്‍ത്തിടുക എന്നെ ഇതിനു അര്‍ത്ഥമുള്ളൂ.. എന്റെ എഴുത്തിനേക്കാള്‍ എന്നെ ഇഷ്ടപെടുന്ന നിങ്ങള്‍ എന്നെ ചേര്‍ത്ത് പിടിച്ചപോലെ എന്റെ എഴുത്തിനെയും ഹൃദയത്തോട് ചെര്തുപിടിക്കുമെന്ന വിശ്വാസത്തില്‍, എന്റെ കുത്തികുറിക്കലുകള്‍ പുതിയ രൂപത്തില്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്. ഇതിലെ ഏതെന്കിലും വരികള്‍ ചുണ്ടുകളില്‍ പുഞ്ചിരി വിരിയെചെന്കില്‍, കണ്കൊണ്കളില്‍ ഒരു മിഴിനീര്‍ ഉരുണ്ടുകൂടാന്‍ കാരണമായെന്കില്‍, എന്നെപോലെതന്നെ മറ്റൊരാള്‍കൂടിയുണ്ട് എന്ന തോന്നാല്‍ ഉണ്ടാക്കിയെങ്കില്‍, ഞാന്‍ ചിന്തിച്ചത് ഈ വരികളിലുണ്ട് എന്ന് തോന്നിപ്പിച്ചുവേന്കില്‍,
ഈ വരികളില്‍ ഒരു മനുഷ്യനെ എനിക്ക് കാണാന്‍ കഴിഞ്ഞു എന്ന ബോധം ഉളവക്കിയെന്കില്‍ ഞാന്‍ കൃതാര്‍ത്ത്നായി..

സമര്‍പ്പിക്കുകയാണ്; മുഖപുസ്തകത്തിലെ എന്റെ പ്രിയപെട്ടവരുടെ കൈകളിലേക്ക്...

നിറഞ്ഞ സ്നേഹത്തോടെ, സുധാകരന്‍ വടക്കാഞ്ചേരി...

No comments:

Post a Comment