Tuesday, 29 July 2014

അഭ്യാസകാഴ്ച...



ഇന്ദ്രപ്രസ്ഥത്തില്‍ അഭ്യാസകാഴ്ചകള്‍ നടക്കണ ടൈം. പാണ്ടവമാധ്യനായ പാര്‍ഥന്റെ ബെസ്റ്റ്‌ ടൈം!! തന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു ഞെളിഞ്ഞു നിക്കണ സമയത്ത് ദാണ്ടെ സൂര്യതേജസ്വോടെ കെടന്നു വരണ് ഒരു ഒന്ന് ഒന്നര ഒരുത്തന്‍. അവിഹിത ഗരര്‍ഭത്തിലെയായത് കൊണ്ട് മുന്നോക്കകാരനായിട്ടും ജീവിതത്തിലുടനീളം പിന്നോക്കക്കാരന്റെ അപമാനം പേറേണ്ടി വന്ന, സൂതപുത്രന്‍ കര്‍ണ്ണന്‍....

ലവന്‍ പറഞ്ഞ് :

ഡേയ്, എന്തരു പോളപ്പു പളക്കണത്...? ലധികം കെടന്നു പെടക്കാതെ കേട്ടാ. നീ കാണിച്ച ലതെല്ലാം, ലതിനെക്കം ഗംഫീരമായി ഞാന്‍ കാണിച്ചു തരമാടെയ്... എന്തരു ? ലപ്പോ തോടങ്ങല്ലേ ?

ലവന്‍ തൊടങ്ങി. തന്തയായ ഇന്ദ്രന്‍ ആകാശത്ത് വന്നു അനുഗ്രഹങ്ങള് അര്‍ജുനന് വേണ്ടി ചൊരിഞ്ഞ്, ലവന്റെ പക്ഷം ചേര്‍ന്ന്. ലത് കണ്ടു സൂര്യന്‍ കാര്‍മേഘങ്ങളെയൊക്കെ ഓട്ടിച്ചു വിട്ട് തന്റെ കൈപിഴയായ കര്‍ണ്ണന്റെ മേല്‍ സുവര്‍ണ്ണപ്രഭ ചൊരിഞ്ഞ്. അങ്ങനെ തന്തമാര്‍ ഓരോ ചേരിയിലായി. അര്‍ജുനന്‍ കട്ടയും പടവും ഏകദേശം മടക്കി നിക്കുമ്പോ കര്‍ണ്ണന്‍ കലിപ്പ് തീരാതെ വീണ്ടും :

ഒരു കയ്യാന്‍കളി കൂടെ നോക്കണോടെയ്....?

അര്‍ജുനന്‍ ഞാനീ നാട്ടുകരനല്ലെന്നും പറഞ്ഞു വടക്കോട്ട് നോക്കി നിന്ന്. സംഗതി അലമ്ബാവൂന്നു കണ്ട ഫീമന്‍ ചാടി വീണ്‌ പറഞ്ഞ്..

നീയെത് പയലേ...?
നെന്റെ വീടെവിടെ?
തന്തേടെ പെരെന്തെരു?
നീ യെവടത്തെ രായാവാണ്?
ഞങ്ങ രായാക്കന്മാരോടെ തമ്മി തല്ലൂള്ളൂ കേട്ടാ..

ഫീമന്‍ തന്നേ ചോയിക്കണം. ലവന്മാര്‍ അഞ്ചു പേരുടെ തന്തയുടെ കാര്യത്തില്‍ തന്നെ ഒരു പിടിയുംല്ല. എന്നിട്ടാണ് കര്‍ണ്ണന്റെ മേക്കട്ട് കേറണത്. സുയോധനന്‍ അവസരം മൊതലാക്കാന്‍ " മൊട കണ്ടാ എട പെടും" എന്നും പറഞ്ഞു ചാടി വീണു.

നെന്റെ തന്തയുടെ തീയൂമാനം ആയൂട്ടു യെവന്റെ തീരുമാനിക്കാം കേട്ട.
പെന്നെ, യെവന്‍ രായാവ് ആവണം. അയിനു വഴിയോണ്ട് കേട്ട. യെവനെ ഞാന്‍ അങ്കരായിത്തെ രായാവായി വാഴിചിരിക്ക്നു.
പെണ്ണുങ്ങളെ, വെള്ളങ്ങള് നെറച്ച കോടങ്ങള് കൊണ്ട് വരീ..
ഒഴിക്കി യെവന്റെ മണ്ടേല്.. പൊട്ടട്ടെ വെടികള്, കൊട്ടട്ടെ വാദ്യങ്ങള്.. അണ്ണാ ഫീമ, ഇപ്പ തുല്യങ്ങള് ആയ സ്ഥിതിക്ക് തോടങ്ങട്ടെ അടി. ഞാന്‍ ജീവിച്ചിരിക്കുമ്പോ ഒരുത്തനേം നന്നാവാന്‍ തമ്മസ്സിക്കൂല്ല..

ഇത് കേട്ട് പന്തം കണ്ട പെരുച്ചാഴിയെപോലെ കുന്തം പോലെയിരുന്ന കുന്തി അന്തിച്ചു ചന്തിയും കുത്തി കൊഴഞ്ഞു വീണ്‌...
---------------------------------------------------------------------------------
മക്കള്‍ പരസ്പരം പോരാടുന്നതും, അവര്‍ക്ക് വേണ്ടി അവരുടെ പിതാക്കള്‍ കക്ഷി ചേരുന്നതും കണ്ടു കരള്‍ വേവുന്ന ഒരു അമ്മയുടെ ആദ്യമോഹാലസ്യം. ഒരേ വയറ്റില്‍ പിറന്ന രണ്ടു മക്കള്‍ സ്വത്തിനും പേരിനും പെരുമയ്ക്കും പരസ്പരം പോരാടാന്‍ ഒരുങ്ങി നില്‍ക്കുന്നു. തന്തമാര്‍ വേറെ വേറെ ആയതിനാല്‍ അവര്‍ ഓരോരുത്തരുടെയും പക്ഷം പിടിക്കുന്നു.. ഇതിനിടയില്‍ വിങ്ങി, ഞെരുങ്ങി, നുറങ്ങുന്നത് സ്ത്രീ ഹൃദയമാണ്;അമ്മഹൃദയമാണ്..

അന്നും ഇന്നും പിതാകളുടെ ഈഗോ ക്ലാഷുകള്‍ക്കിടയിലും
മക്കളുടെ പാരമ്പര്യസ്വത്തിന് വേണ്ടിയുള്ള വടംവലികള്‍ക്കിടയിലും
അച്ഛനും മക്കളും തമ്മിലുള്ള തലമുറവ്യത്യാസങ്ങളുടെ ശീതസമരങ്ങല്‍ക്കിടയിലും വെന്തുനീറുന്ന ഹൃദയം അമ്മയുടേതാണ്.

ആര് തോറ്റാലും ആര് ജയിച്ചാലും കണ്ണീരോഴുക്കാന്‍ വിധിക്കപെട്ട അമ്മജന്മം....

No comments:

Post a Comment