Wednesday, 30 July 2014

മാറ്റൊലി.....


എന്റെയെഴുത്തുകള്‍, അപ്പൂപ്പന്‍താടി കണക്ക്,എവിടെയുമെങ്ങും തൊടാതെ, ആര്‍ക്കും പിടികൊടുക്കാതെ, കാറ്റിലലഞ്ഞുതിരിയുന്നു.

വിഷണ്ണനായ്‌, 
വികാരരഹിതനായ് വായുവിലയുര്‍ന്നു 
മരചില്ലകളിൽ തട്ടിചിതറി വിളറി വെളുത്തു വെറുത്തു കിടക്കുന്നു.

മലമുകളിലെക്കെറിഞ്ഞ,ലക്ഷ്യത്തിലെത്താതെ തെറിച്ചുവീഴുന്ന കല്ലുകളായിതീരുന്നു കഥയില്ലായ്മയുടെ കഥകള്‍. വെള്ളത്തില്‍ വരച്ച ചിത്രങ്ങള്‍ പോലെയും....

വാഗദേവത, ഫേസ്ബുക്കിലെ എഴുത്തുകാരെ കനിഞ്ഞനുഗ്രഹിക്കുന്നത് കാണുമ്പോള്‍,

അവരെ ഒക്കത്തിരുത്തി കൊഞ്ചിച്ചോമനിച്ചു വായില്‍ നെയ്യും തൈരും കൂട്ടികുഴച്ച ചോറ്, ഉരുളകൻക്കി,അമ്പിളി മാമനെ കാട്ടികൊടുത്തു ഊട്ടുന്നത് കാണുമ്പോള്‍,

സ്വയം പ്രത്യക്ഷയായി
അവരുടെ രചനകളില്‍ മലര്‍മന്ദഹാസം പൊഴിച്ചു നിറനിലാവ് പരത്തുന്നത് കാണുമ്പോള്‍,

പുത്തൂരം വീട്ടില്‍ അങ്കം പഠിക്കാനെന്ന വ്യാജേന, മൂന്നുനേരത്തെ ആഹാരത്തിന്റെ പ്രതീക്ഷയില്‍ വിരുന്നുവന്ന ചന്തുവിനെപോലെ, ഊട്ടുപുരയുടെ പിന്നാമ്പുറത്ത് കണ്ണില്‍ പ്രതീക്ഷയുടെ പൊന്തിളക്കവുമായി ഞാൻ നില്‍ക്കുന്നു.

ആരോമല്‍മാര്‍ കവികളായി, കഥാകാരൻമാരായി മലയാളത്തിന് പൊന്തൂവലുകള്‍ ചാര്‍ത്തുന്നത് കാണുമ്പോള്‍, എന്നിലെ കഥാബീജങ്ങള്‍ ഉള്ളില്‍ കിടന്നു വീര്‍പ്പു മുട്ടുന്നു. ചലിക്കാത്ത തൂലികയില്‍ ബന്ധനസ്തനായ്‌ കൈകാലിട്ടടിക്കുന്നു.

ഇവരുടെയൊക്കെ നാവില്‍ വിളയുന്ന കിളികൊന്ച്ചലുകളും കാലില്‍ കെട്ടിയാടുന്ന കനകചിലങ്കയും എന്നാണ് എന്ടെയെഴുത്തിൽ കാഞ്ചനകാഞ്ചി വിടര്‍ത്തുക...?

എന്നാണ് വാഗദേവത തന്റെ വിരല്‍ നീട്ടി എന്നെ തോടുക...?

എന്റെ കൈകള്‍ പിടിച്ചു ഭാവനയുടെ പൂന്തോപ്പുകള്‍ കാണിച്ചു തരുക....?

എന്നാണു വാഗ്ദേവത തന്റെ കൈകളിലെന്നെ കോരിയെടുത്ത്,
ഒക്കത്തിരുത്തി,
ഉമ്മ വെച്ച്,
നെയ്യും തൈരും ചേര്‍ത്തുകുഴച്ച ചോറരുളയുരുട്ടി തന്നു,

കണ്ണും പൂട്ടിയുറങ്ങുക നീയെന്‍, കണ്ണേ പുന്നാര പൊന്നുമണിയെ" എന്ന് താരാട്ട് പാടിയുറക്കുക...?

എന്നാണു ഞാനെറിഞ്ഞ കല്ലുകള്‍ സാഹിത്യമണ്ഡലത്തിലെ നാഴികകല്ലുകളാവുക.... ?

എന്നാണ് എന്റെ വാക്കുകള്‍ പര്‍വ്വതങ്ങളേറ്റ് ചൊല്ലി പതിമടങ്ങായി പ്രതിധ്വനിക്കുക..?

എന്നാണ് ഞാന്‍ വരച്ച ജലരേഖകള്‍ ഇതിഹാസങ്ങളാകുക.......?

No comments:

Post a Comment