Wednesday, 30 July 2014

മുഖമൊഴിയും ജീവിതവും..

എം ടി യുടെ കാലത്തില്‍ സേതു എല്ലാം നേടിയെടുത്തിട്ടും തന്റെ ഗ്രാമത്തില്‍ നഷ്ടപെട്ടതെന്താനെന്നറിയാതെ തന്നെ എന്തൊക്കെയോ വീണ്ടെടുക്കാന്‍ തിരിച്ചു വരുന്നുണ്ട്. ഒരിക്കല്‍ കൂടി അമ്മയുടെ ഓമനപുത്രനായി, നിഷ്കളങ്ക ബാല്യത്തില്‍ നിന്ന് തന്നെ തന്റെ ജീവിതത്തെ ഒന്ന് മാറ്റിയെഴുതാന്‍ ശ്രമിക്കുക്കയാണ്. കാലം നമ്മള്‍ വായിക്കുകയല്ല; അനുഭവിക്കുകയാണ്. വെളുത്ത കടലാസിലെ കറുത്ത അക്ഷരങ്ങള്‍ നമ്മുടെ ജീവിതമായി മാറുകയാണ്. ഇതുപോലെ ഒരിക്കല്‍ നമ്മുക്കും തോന്നിപോകും. എല്ലാമൊന്നും മാറ്റിയെഴുതണമെന്നു; ഒരിക്കല്‍ കൂടി ഒന്നില്‍ നിന്ന് തുടങ്ങണമെന്നു, വീണ്ടുമൊരിക്കല്‍ കൂടി നടന്ന വഴികളില്‍ കൂടി നടക്കണമെന്ന്. ഞാനും ആശിച്ചു പോവുകയാണ്. മുഖപുസ്തകത്തില്‍ ഇടുന്ന പടവും മൊഴികളും അഭിപ്രായങ്ങളും പോലെ നമ്മുടെ കഴിഞ്ഞു പോയ ജീവിതവും ഒന്ന് എഡിറ്റ്‌ ചെയ്തിടാന്‍ കഴിഞ്ഞുവെങ്കിലെന്നു....

വാശിയും അസൂയയും മുന്‍കോപവും അറിവില്ലായ്മയും കാരണം ഞാന്‍ ചെയ്തു പോയ അബദ്ധങ്ങളും ദ്രോഹങ്ങളുമൊക്കെ ഒന്ന് തിരുത്താന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്നു...

ഞാന്‍ കാരണം ഉതിര്‍ന്നു വീണ മിഴിനീര്‍ കണങ്ങള്‍ തുടക്കുവാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നു ...

വെച്ച് നീട്ടിയ സ്നേഹം കൈപിടിയിലോതുക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്നു...

ദാരിദ്ര്യവും അപകര്‍ഷതയും എരിവ് പകര്‍ന്ന എന്റെ രോഷകൌമാരങ്ങളില്‍ ഞാന്‍ മനസിലാക്കാതെ പോയ അമ്മമനസിന്റെ നൊമ്പരങ്ങളില്‍ തേന്‍ പുരട്ടാനായെന്കിലെന്നു...

മീനമാസത്തിലെ ഉച്ചചൂടില്‍ പിറന്നാള്‍ പായസവുമായി അവളന്നടുത്തു വന്നത് മധുരം തരാനായിരുന്നില്ല മറിച്ചു ഒന്നിറുകെ പുല്‍കി മധുരം നുകരാനായിരുന്നു വെന്നറിയാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്നു .....

പക്ഷെ ഈ വരം കിട്ടാവരമായി പോകുമ്പോള്‍ ഞാന്‍ വീണ്ടും ആശിക്കുകയാണ്, കുറഞ്ഞത് ആരെങ്കിലും എന്റെ മരണ ദിവസമെന്കിലും ഒന്ന് കുറിച്ച് തന്നാല്‍ മതിയായിരുന്നുവെന്ന്. ആ ദിവസം നാളെയോ, അടുത്ത ആഴ്ചയോ, മാസമോ, വര്‍ഷമോ അതോ അമ്പതു വര്‍ഷശേഷമോ ആകട്ടെ, ഞാന്‍ മാറും, നിശ്ചയമായും ഞാന്‍ മാറും. എന്റെ സ്വാര്‍ത്ഥത, വാശി, അഹംഭാവം, അസൂയ, കോപം, അസഹിഷ്ണുത, അപകര്‍ഷത, ദാരിദ്ര്യം എല്ലാം ഒക്കെ ഒന്നുമല്ലാതെയായി തീരും. ചുറ്റും കാണുന്നതെല്ലാം എനിക്ക് മനോഹരങ്ങളായി തോന്നും, നീലാകാശവും പൌര്‍ണമിതിങ്കളും താരകളും മണ്ണും പൂവും കാടും മേടും എല്ലാം എനിക്ക് വശ്യമാവും. ഞാന്‍ ചുറ്റും കാണുന്ന ഓരോ മുഖങ്ങളും നന്മ നിറഞ്ഞതും ദൈവതുല്യവുമാകും. ഞാന്‍ നീയാകും; നീ ഞാനും.

തെറ്റുകള്‍ തിരുത്തി ഒരു നല്ല മനുഷ്യനാവാന്‍ എനിക്ക് ഞാന്‍ താണ്ടിയ ജീവിത വഴിതാരകളിലേക്ക് മടങ്ങി പോവാനാവില്ല. അതുകൊണ്ട്, അത് കൊണ്ട്, ഒന്ന് പറഞ്ഞു തരാമോ എന്റെ മരണമെന്നാണെന്നു..... ?

ആരെങ്കിലും.....!!!!

No comments:

Post a Comment