Tuesday, 29 July 2014

സരയൂവിലെ വിരഹതിരയിളക്കങ്ങള്‍..........

വനവാസത്തിന് ശ്രീരാമന്‍ പോവുന്നുവെന്നുള്ള വാര്‍ത്തക്ക് ശേഷം അയോധ്യയും കോസലവുമൊക്കെ നിശ്ചലമാണ്; നിശബ്ദമാണ്. മുളംകൂട്ടം കാറ്റിലുലയുന്നപോലെ ചില മര്‍മരങ്ങളും തേങ്ങലുകളും ഇടവിട്ട്‌ അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ട്. കര്‍ക്കിടകമാസസായന്തനത്തിലെ മഴക്കാലമേഘങ്ങളാല്‍ മൂടികെട്ടിയ ആകാശംപോലെ ജനപഥങ്ങളും ദര്‍ബാറും ഇടനാഴികളും അന്തപുരവും ഇരുള്‍മൂടി കിടക്കുകയാണ്. കാലം മരവിച്ചപോലെ. ശരി തെറ്റുകളുടെ ഇഴകീറുന്ന പിറുപിറുക്കലുകള്‍ കലോച്ചകളില്‍ അലിഞ്ഞില്ലാതെയാവുകയാണ്. ദീര്‍ഘനിശ്വസങ്ങളാണെങ്ങും. വനരോദനങ്ങളായി തീരുന്ന നിശ്വാസങ്ങള്‍...

" ഞാനും വരുന്നു... "

സീതയെന്ന സതീരത്നത്തിന്റെ ഉറച്ച തീരുമാനശബ്ദം കേട്ടാണ് താന്‍ മണ്ടപത്തിലെക്ക് വന്നത്.

"രാജകൊട്ടാരാത്തിന്റെ പട്ടുമെത്തയില്‍ ശയിക്കുകയും പാല്‍കഞ്ഞി കുടിക്കുകയും
ചന്ദനലേപനങ്ങള്‍ പുരട്ടി താരകള്‍ നിഴല്‍വീശുന്ന അന്തപുരകുളത്തില്‍ തിമിര്‍ത്തു കുളിക്കുകയും ചെയ്യുന്ന സീതാദേവി കല്ലും മുള്ളും വന്യമൃഗങ്ങളും നിറഞ്ഞ നിബിഡവനത്തിലേക്ക് വരികയോ? അസംഭവ്യം." രാമന്‍ തീര്‍ത്തു പറഞ്ഞു.

" സ്വാമി, രാമനെവിടെയാണോ അവിടെയാണ് സീതക്ക് അയോധ്യ. പതിയുടെ പരിചരണമാണ് ഉത്തമഭാര്യയുടെ കടമ ". സീത ഉത്തരീയം തോളത്തു വലിച്ചിട്ട്, ശിരോവസ്ത്രം താഴ്ത്തി രാമനെ ചേര്‍ന്ന് നിന്ന് പ്രഖ്യാപിച്ചു. രാമന്‍ മന്ദഹസിച്ചു;സീതയും.

ആരും, എന്തിനു, ലക്ഷ്മണന്‍ പോലും ചോദിച്ചില്ല, ഊര്‍മിള എന്ത് പറയുന്നുവെന്നു. ഒരു ഉത്തമഭാര്യായാവാന്‍ തനിക്കും കൊതിയുണ്ട്. ഇതുപോലെ നടുതളത്തിലേക്ക് ഇറങ്ങിചെന്ന് പറയാന്‍ ലക്ഷ്മണന്‍ തന്റെ പാതി മഹാരാജാവായി വാഴിക്കാന്‍ പോവുന്നവനല്ല; താന്‍ റാണിയുമല്ല. അവളുടെ ചെന്‍കനലെരിയുന്ന നെഞ്ചിലെ താപബാഷ്പങ്ങള്‍ ഉയര്‍ന്നു പൊങ്ങുന്നത്, കരഞ്ഞു വീര്‍ത്ത കവിളുകളിലെ ഉണങ്ങാത്ത ഉപ്പുരസപാടുകള്‍, തുള്ളി തളുമ്പി നില്‍ക്കുന്ന കണ്ണീര്‍തടാകങ്ങള്‍ ആരും കണ്ടില്ല. അവള്‍ നിഴലില്‍, മറവില്‍, ഇരുട്ടില്‍ ഒളിച്ചു മറഞ്ഞു നില്‍ക്കാനും സന്തോഷവും സന്താപവും ഒളിച്ചു വെക്കാനും ജനിച്ചവള്‍.

നീലവിരിയിട്ട ജാലകതിരശീല നീക്കി അവള്‍ ലക്ഷ്മണനെ നോക്കി. അദേഹം ശിരസ്സ്‌ കുനിച്ചു രാജാവിന്റെ കല്‍പ്പനകള്‍ക്ക് തന്‍റെ കണ്ണും കാതും നല്‍കി വണങ്ങി നില്‍ക്കുകയാണ്, എപ്പോഴത്തെയും പോലെ. രാജാവ് നിവര്‍ന്നു നില്‍ക്കുമ്പോള്‍ വലുതാവുകയും കുനിഞ്ഞു നില്‍ക്കുമ്പോള്‍ ചെറുതാവുകയും ചെയ്യുന്ന വെറുമൊരു നിഴല്‍രൂപമാണോ തന്റെ പാതിയായ പതി സൌമിത്രിയെന്നു ഊര്‍മിളക്ക് തോന്നി.

വനവാസത്തിനിറങ്ങുന്ന രാമന്‍റെയൊപ്പം ജ്യേഷ്ഠന്റെ നിഴലായി മാത്രം ജീവിക്കാന്‍ നിയോഗമെറ്റ് വാങ്ങിയ ലക്ഷ്മണന്‍ പുറപ്പെടുമെന്ന് ഊഹിച്ചിരുന്നില്ല. അറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു. സ്ത്രീകള്‍ക്ക് ശബ്ദമില്ലാത്തയിട്ത്തു, പുരുഷന്മാരുടെ വിനോദത്തിനും സേവനത്തിനും ജന്മമെടുക്കുന്ന മാട് ജന്മങ്ങള്‍ക്ക് വിഷമമുണ്ടോ വേദനയുണ്ടോ, വികാരമുണ്ടോ എന്നൊക്കെ ആരന്വേഷിക്കാന്‍. അല്ലെങ്കിലും പോകേണ്ടെന്നു പറയാന്‍ താനാര്? വെറുമൊരു പരിചാരിക. നിഴലിന്റെ നിഴല്‍. എപ്പോഴോ അടുത്ത് കിട്ടിയപ്പോള്‍ പാഴ് വാക്കാവുമെന്നു കരുതിതന്നെ ചോദിച്ചു..

" ആര്യാപുത്രാ, ജ്യേഷ്ടത്തി പറഞ്ഞതൊക്കെ ഞാനുമാവര്‍ത്തിക്കുന്നു. അങ്ങയുടെ കൂടെ എവിടെയാണെങ്കിലും എനിക്ക് സ്വര്‍ഗ്ഗമാണ്. അങ്ങയുടെ പാദാരവിന്ദങ്ങളാണ് എന്റ പട്ടുമെത്ത. അങ്ങ് കഴിച്ചുവെച്ച എച്ചിലാണ് എനിക്കമൃത്. അങ്ങ് വായ്‌കഴുകിയ തീര്‍ത്ഥജലമാണ് എന്റെ ജീവജലം. അങ്ങുതിര്‍ത്ത നിശ്വസമാണ് എന്റെ ജീവവായു. അങ്ങയുടെ വിയര്‍പ്പാണ് എന്റെ നീരാട്ടിനുള്ള ജലധാര".

ജീവിതകാലം മുഴുവന്‍ ഒരു പരിചാരകന്റെ വേഷമണിഞ്ഞ അദേഹം മൊഴിഞ്ഞു;

" ഞാന്‍ ചേട്ടനെയും ചെട്ടത്തിയമ്മയേയും പരിചരിക്കാന്‍ പോവുകയാണ്. ഇവിടെ അച്ഛനെയും അമ്മമാരെയും പരിചരിക്കാന്‍ കഴിവുള്ള ഒരാളെ ഉള്ളൂ, അത് നീയാണ്".

വാക്കുകള്‍ ഇടിത്തീയായി പതിക്കുകയായിരുന്നു. പോള്ളിപോയി നെഞ്ചും ചെവികളും. കൊട്ടാരത്തില്‍ ദാസിമാരെ തട്ടിയും മുട്ടിയും നടക്കാന്‍ കഴിയില്ല. എന്നിട്ടും മിഥിലപുരിയിലെ ജനകമാഹാരാജാവിന്റെ നാല്‌ പുത്രിമാരില്‍ ഇളയവളായ, രാജാവിനു രക്തത്തില്‍ ജനിച്ച ഒരേ ഒരു മകളായ ഊര്‍മ്മിളക്ക് പതിനാല് വര്‍ഷത്തേക്ക് പരിചാരികവേഷം. വേഷം കെട്ടിയാടി തീര്‍ക്കുക തന്നെ.
-----------------------------------------------------------------------------------------
ഇവള്‍ ഊര്‍മിള.

രാമന്റെ നിഴലാവാന്‍ നിയോഗിക്കപെട്ട ലക്ഷമണന്റെ ജീവിതസഖി. അവഗണിക്കപ്പെടുന്ന, സേവനത്തിനുമാത്രം പിറവിയെടുത്ത, ത്യാഗങ്ങള്‍ മാത്രം കൈമുതലായുള്ള സ്ത്രീത്വത്തിന്റെ പ്രതീകം. മരവുരിയണിഞ്ഞ സഹോദരസ്നേഹം കൊട്ടാരകെട്ടിലടച്ചുവെച്ചു വിരഹചൂടില്‍ വെന്തു കരിയിച് ജീവിതം തന്നെ നനിഷേധിക്കപെട്ട സ്ത്രീത്വത്തിന്റെ ഉടമ. ജനകന്റെ ചോരയില്‍ പിറന്നിട്ടും വളര്‍ത്തു പുത്രിയായ സീതയുടെ നിഴലായി വിവാഹത്തിനു മുന്‍പും ശേഷവും ഒതുങ്ങേണ്ടിവന്ന ഊര്‍മിളജന്മം. നഗ്നപാദയായ്‌, കല്ലും മുള്ളും ഘോരജന്തുക്കളും നിറഞ്ഞ വനത്തിലേക്ക് ശ്രീരാമചന്ദ്രനെ അനുഗമിച്ച മൈഥിലി പതിവ്രതയും ധീരയുമായി. പതിനാലുവര്‍ഷം ഭര്‍ത്താവിനെ കണികാണാതെ, ഹൃദയംകൊണ്ട് പരിചരിച്ച ഈ നല്ലപാതിയെ ആരും കാണാതെപോയി. വിധിവൈപരീതങ്ങളുടെ ചക്രവ്യൂഹത്തില്‍ പെട്ട് ഉടഞടര്‍ന്ന പോയ ജീവിതം പിന്നെയൊരിക്കലും ചേര്‍ത്തുവെക്കാനായില്ല.
----------------------------------------------------------------------------------------
അന്തപുരത്തിലെ ഏകാന്തവിരഹവാസം. പകല്‍ ആബാലവൃദ്ധം ജനത്തെ പരിപാലിച്ചും പരിചരിച്ചും പോവുമായിരുന്നു. കുളിച്ചു ശുദ്ധി വരുത്തി രാത്രി ഭക്ഷണം കഴിഞ്ഞു തനിയെയാവുംബോഴാണ് ചിന്തകളും വികാരങ്ങളും മണം പരത്തുന്നത്. എവിടെയൊക്കെയോ ലക്ഷ്മണന്റെ നിഴലും ശബ്ദവും തെളിയുന്നുന്ടെന്നു തോന്നുമായിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നു കിടക്കവിരികള്‍ ച്ചുളിഞ്ഞുലഞ്ഞു. അലറിവിളിച്ചു ഇരമ്പി പെയ്യുന്ന രാത്രിമഴയില്‍, ഉന്മാദത്തിന്റെ മദഗന്ധമുയരുന്ന നിശാഗന്ധികള്‍ പൂത്തുലയുന്ന, പാലപൂവുകള്‍ രൂക്ഷഗന്ധം പൊഴിക്കുന്ന രാവുകളില്‍, തന്നിലുണര്‍ന്നു വിരിയുന്ന മന്‍മദചിന്തകളില്‍ സര്‍പ്പത്തെ പോലെ പുളയുകയായിരുന്നു യൌവ്വനയുക്തയായ ഊര്‍മിള. കണ്ണാടിയില്‍ പലപ്പോഴും തന്റെ നഗ്നമേനിയെ നോക്കി നിന്നു. കുലച്ച ചെന്തെങ്ങിന്റെ വിരിഞ്ഞു നില്‍ക്കുന്ന ഇളനീരുകള്‍ പോലെയുള്ള വക്ഷോജങ്ങള്‍, വിടര്‍ത്തിപിടിച്ച തെങ്ങോലചൂലുപോലെ വിടര്‍ന്നു പരന്നൊഴുകുന്ന ജഘനശേഖരം,നിതംബത്തെ മറക്കാനെന്നവണ്ണം പരന്നൊഴുകുന്ന മയില്‍പീലികേശഭാരം, നീലഞരമ്പുകള്‍ തെളിയുന്ന കാല്‍വണ്ണകള്‍, നാഭിപ്രദേശത്ത് പിണച്ചുവെച്ച കുരുത്തോലകൈകളില്‍ തിണര്‍ത്തു കിടക്കുന്ന അടക്കിപിടിച്ച വികാരങ്ങളുടെ ശോണവര്‍ണ്ണതുടിപ്പുകള്‍. പുറത്തു തിമിര്‍ത്തുപെയ്യുന്ന കര്‍ക്കിടകമഴയിലേക്ക് അവളിറങ്ങി. തണുക്കട്ടെ, ശരീരകാമനകളുടെ തീജ്വാലകള്‍ കെട്ടടങ്ങട്ടെ. അവള്‍ ഉദ്യാനത്തിലെ അരയോളം പൊക്കമുള്ള കല്മതിലില്‍ മലര്‍ന്നു കിടന്നു നനഞ്ഞു. എകാന്തവാസത്തിന്റെ തടവറയില്‍ മനസ്സ് മരവിച്ച എനിക്കെന്തിന് ചൈതന്യം തുടിക്കുന്ന ശരീരവും കാമനകളും. നനഞു കുതിരട്ടെ; രണ്ടും.
---------------------------------------------------------------------------------------------
ഊര്‍മിള മനസ് കൊണ്ട് മാത്രമായിരുന്നു അബലയും ഭീരുവുമായിരുന്നത്. ശാരീരികമായി ശക്തിസ്വരൂപിണിയായിരുന്നു ഊര്‍മിള. കൌമാരത്തിലോരിക്കല്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പന്ത് കൊട്ടാരത്തിലെ പത്തായത്തിനു പിന്നിലേക്ക് ഉരുണ്ടുപോയി. ആയിരക്കണക്കിന്‌ പറ നെല്ല്‌ സൂക്ഷിക്കുന്ന പത്തായമാണ്‌. ഊര്‍മ്മിള ഒറ്റയ്‌ക്ക്‌ പത്തായം നീക്കി പന്ത്‌ പുറത്തെടുത്തു. അത്രയ്‌ക്ക്‌ കരുത്തുറ്റ കഥാപാത്രമാണ്‌ ഊര്‍മ്മിള! ഈ കരുത്ത് അവര്‍ നിദ്രദേവിയുടെ മുന്‍പിലും കാണിക്കുന്നുണ്ട്. ഉറങ്ങാതിരിക്കുന്ന തന്റെ ഭര്‍ത്താവിനു തന്നെ ഓര്‍മ വരാതിരിക്കാനുള്ള വരം ചോദിച്ച സുജാതജന്മം. കഴിയുമോ ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവിന് തന്റെ നിയോഗത്തില്‍ ഭംഗം വരാതിരിക്കാന്‍ ഇത്തരമൊരു വരം ചോദിച്ചു വാങ്ങാന്‍...!!!!

സീതയെ കാട്ടിലുപെക്ഷിച്ചു ബ്രഹ്മചര്യജീവിതം നയിക്കുന്ന രാമന് കൂട്ടായി ഭൌതികസുഖങ്ങള്‍ ത്യജിച്ചു ലക്ഷ്മണന്‍ കൂട്ടിരുന്നപ്പോള്‍ ഒരിക്കല്‍കൂടി നഷ്ടമാവുന്നത് ഊര്‍മിളയുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും മോഹങ്ങളുമാണ്. അറിയപെടാതെ പോയത് അവരുടെ വിഹ്വലതകളും വിഷമങ്ങളും വിങ്ങലുകള്മാണ്. പരിഭവമില്ലാതെ, പരിദേവനമില്ലാതെ, പിണക്കമില്ലാതെ സഹനവും ത്യാഗവും ചെയ്തപ്പോഴും ഇതിഹാസരചനയില്‍ തഴയപെടുകയായിരുന്നു ഊര്‍മിള.

ഇതിഹാസത്തിന്റെ താളുകളില്‍ വിസ്മ്രുതയായി, വിരഹിണിയായ്, വിവശയായ് ജീവിതം താണ്ടിയ ഊര്‍മിളയെന്ന വിരഹിണി. അന്തപുരത്തിന്റെ ഇരുട്ടില്‍ ഇരുളടഞ്ഞു പോയ വികാരരഹിതവിരഹജീവിതത്തിന്റെ ആകെതുക! കുറുകുന്ന വേദനകള്‍ ചെന്കനലുകളായി നെഞ്ചിന്റെ നെരിപ്പോടില്‍ നീറിനീറി എരിയുംബോഴും പതിയുടെ വാക്കിനെ ജീവിതക്രമമാക്കിയ പവിത്രപതിവ്രതജന്മം.

ഉതിരാന്‍ വെന്ബി നില്‍ക്കുന്ന നീര്‍മണികളെ കണ്‍തടാകത്തിന്റെ കാണാകയങ്ങളിലോളിപ്പിച്ചു,
എങ്ങലടികളെ തൊണ്ടയില്‍ തന്നെ ഞെരിച്ചു കൊന്നു,
പട്ടുവസ്ത്രങ്ങള്പെക്ഷിച്ചു,
കിലുങ്ങുന്ന പാദസരങ്ങള്‍ അഴിച്ചുവെച്ച്
വിരഹജീവിതത്തിന്റെ പട്ടടയില്‍ സ്വയം വെന്തുരുകിയ ഊര്‍മിള.

പറയാതെ പറഞ്ഞും കേള്‍ക്കാതെ കേട്ടും തൊടാതെ തൊട്ടും പതിനാലു വര്‍ഷം പരിചരിച്ചും പൂജിച്ചും പതിയുടെ പാദാരവിന്ദങ്ങളില്‍ ആല്‍മബലി നടത്തിയവള്‍ ഊര്‍മിള.

ദശരഥമഹാരാജാവിന്‍റെ മൂന്നാം ഭാര്യയിലുണ്ടായ മൂന്നാമന്റെ പത്നിയായി വന്നു,
ശ്രീ രാമന്‍റെനിഴലിന്റെ നിഴലായ്‌ പോലും മാറാന്‍ കഴിയാതെ,
ആല്‍മനൊമ്പരങ്ങളുടെ ചൂടും വേവും ജീവിതകാലം മുഴുവന്‍ ഉടയാടകളായണിഞ്ഞു, ചരിത്രത്തിലെ ആദ്യവിരഹിണിയാവാന്‍ നിയോഗമേറ്റ് വാങ്ങിയ ഊര്‍മിള.

ത്യാഗത്തിന്റെ, സഹനത്തിന്റെ, പരിചരണത്തിന്റെ, ഭര്‍തൃസ്നേഹത്തിന്റെ, അനുസരണയുടെ, ആഭിജാത്യത്തിന്റെ, കുലമഹിമയുടെ മൂര്‍ത്തരൂപമായ ഊര്‍മിള.

ജനകന്റെ മകളായി പിറന്നിട്ടും ജാനകിയെന്ന പേര് കിട്ടാതെ,
കാത്തു കാത്തു കണ്ണ് കഴച്ചിട്ടും വൈദേഹി എന്നറിയപ്പെടാതെ,
മിഥിലയിലെ രാജകുമാരിയായിരുന്നിട്ടും മൈഥിലി എന്നറിയപ്പെടാതെ,
പാതിവ്രത്യം തപസ്സായിനുഷ്ടിച്ചിട്ടും പതിവ്രതയുടെ പരിവേഷമില്ലാതെ
ഈ അതിവിശേഷണമെല്ലാം ചാര്‍ത്തികിട്ടിയ ഭൂമിപുത്രിയുടെ നിഴലാട്ടത്തില്‍ നിറംമങ്ങിപോയ പാഴ്ജന്മമായിരുന്നു ഊര്‍മിള.
--------------------------------------------------------------------------------------
അവള്‍ പതിയെ നടന്നു. ഉടയാടകളടര്‍ന്നു വീണു. അടയാഭാരണങ്ങളഴിഞ്ഞുവീണു. സ്വശരീരം പരിത്യജിക്കാന്‍ പോകുന്നവള്‍ക്ക് എന്തിനു ഉടയാടകള്‍, എന്തിനു ആഭരണങ്ങള്‍? ലക്ഷ്മണന് എന്നും പ്രിയപ്പെട്ടതായ സരയുവിന്റെ തീരത്തേക്കവള്‍ നടന്നടുത്തു. കല്പടവുകളിലിരുന്നു സരയൂനദിയുടെ തിരയിളക്കങ്ങളിലേക്ക് കാല്‍നീട്ടി വെച്ചവള്‍ നിശ്വസിച്ചു. തെളിനീരില്‍ തെളിയുന്ന ചന്ദ്രബിംബത്തിനു ഇന്നെന്തേയിത്ര മ്ലാനത? അവള്‍ നിശ്ചയിച്ചു കഴിഞ്ഞു. തന്റെ പാതി ആല്‍മത്യഗം ചെയ്ത സരയൂവില്‍ വിലയംപ്രാപിച്ചു,സ്വയമൊരോളമായി തീരാനവള്‍ കൊതിച്ചു. തന്‍റെ ഒരു അഭിലാഷമെങ്കിലും സഫലമാവുമെന്നുള്ള ശുഭപ്രതീക്ഷയില്‍.

ആശ്ലേഷിക്കുക അമ്മേ, സരയൂ.
മനുഷ്യപുത്രിയായ എന്നെ ചേര്‍ത്ത്പിടിച്ചു,
നിന്നിലലിഞ്ഞുചേര്‍ന്ന എന്റെ മറുപാതിയുടെ അരികിലെത്തിക്കുക. 

ഇനിയെങ്കിലും, ഇവിടെയെങ്കിലും ഞങ്ങളൊന്നു ചെര്‍ന്നിരിക്കട്ടെ....

No comments:

Post a Comment