Tuesday, 29 July 2014

അര്‍ജുനായനം....


ഞാന്‍ പഞ്ചപാണ്ടവരിലെ മധ്യമനായ പാര്‍ഥന്‍. ആകൃതസൌഭഗപുരുഷമേനിയുടെ സമൂര്‍ത്തരൂപം. വരുണസമ്മാനിത ഗാണ്ടീവമെന്ന വില്ലിനു പുറമേ അമ്പോഴിയാത്ത ആവനാഴിയും എവിടെയും തിളങ്ങാനുള്ള അവസരമൊരുക്കി. പരാജയപെട്ടിടത്തോക്കെ വിധിവൈപരീതങ്ങളുടെ ശാപകഥകളുണ്ട്. അനുസരണയുള്ള, വിനയമുള്ള, മൂത്തവരെ ബഹുമാനിക്കുന്ന ഒരു കുഞ്ഞുമനസ്സിന്റെ ആര്‍ദ്രതയുണ്ട്. തളര്‍ന്നിട്ടുണ്ട്, സ്വന്തബന്ധങ്ങളെ കൊല്ലെണ്ടിവന്നപ്പോള്‍. ചതിച്ചുകൊല്ലേണ്ടിവന്ന സ്വന്തം ചോര തലയറ്റു കിടക്കുന്ന കണ്ടപ്പോള്‍. ചോര തിളചിട്ടുണ്ട് ദ്രൌപദിയുടെ ഉടയാടകള്‍ പറിചെറിയുന്നത് കണ്ടപ്പോള്‍. തിളച്ച്ചുമറിഞ്ഞ ചോരയെല്ലാം സ്വരുക്കൂട്ടി വെക്കുകയായിരുന്നു, പകരം വീട്ടാന്‍. എന്നിട്ടും പലപ്പോഴും വിഷണ്ണനായി, നിസഹായനായി, നിരുല്സാഹനായി തളര്‍ന്നു നിന്നിട്ടുണ്ട്. ഒരുപാടിടത്തു മൌനത്തിന്റെ വാല്‍മീകം പൂകേണ്ടി വന്നിട്ടുണ്ട്; പലവട്ടം. അഭ്യാസകാഴ്ചയില്‍, ദ്രൌപദിപരിണയത്തില്‍, പൊരുതി നേടിയ സൌന്ദര്യധാമത്തെ യുക്തിയില്ലായുക്തിയുടെ പേരിലും അധമമനസ്സിന്റെ കാമാധര്‍മത്തിന്റെ പേരിലും വിട്ടുകൊടുക്കേണ്ടി വന്നപ്പോള്‍. എന്നിട്ടും ദാനധര്‍മ്മദാതാക്കളുടെ പട്ടികയില്‍ അര്‍ജുനന്റെ പേരില്ല. അതു കിട്ടിയത് ഒരു കവചകുണ്ഡലം കൈവിട്ട കര്‍ണ്ണന്. ഒരാള്‍ എന്തും നല്‍കും; പക്ഷെ പടവെട്ടിനേടിയ പെണ്ണിനെ നാല് പേര്‍ക്ക് പങ്കിട്ടു കൊടുക്കുക. ഇതിനു ദാനധര്‍മപ്രേമം മാത്രം പോര, ആര്‍ജവം വേണം, ഇച്ച്ചാശക്തി വേണം, ഹൃദയം പറിഞ്ഞു പോകുന്ന, കരള്‍ കനലായെരിയുന്ന വേദന താങ്ങാനുള്ള കരുത്ത് വേണം. ചെയ്യുമോ കര്‍ണ്ണന്‍? ചെയ്യുമോ ഭീഷ്മപിതാമഹന്‍ പോലും.

ആയോധനകലകള്‍ അഭ്യസിപ്പിക്കുമ്പോള്‍ പഠിച്ചശേഷം തനിക്കൊരു സമ്മാനം തരണമെന്നുള്ള ദ്രോണരുടെ ചോദ്യത്തിന് ശേഷമുണ്ടായ നിശബ്ദത വാക്ക്‌ശരം കൊണ്ട് ഭേദിക്കാന്‍ ചങ്കുറപ്പുള്ള അര്‍ജുനന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഭ്യാസകാഴ്ച വെറുമൊരു തമാശയായിട്ടെ തോന്നിയുള്ളൂ. പക്ഷെ തേജസ്വിയായ ഒരു കുതിരക്കാരന്‍ വെല്ലുവിളിച്ചപ്പോള്‍ ഭയത്തോടെ ഏകലവ്യനെ മനസിലോര്‍ത്തു. ആ കാട്ടാളനും കൂടി വന്നിരുന്നെങ്കില്‍ എന്തൊക്കെ കഥകള്‍ പാടിനടക്കുമായിരുന്നു അരുജനന്റെ ഭീതിയെ കുറിച്ച് സ്തുതിപാടകര്‍. ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു " സൂതപുത്രനോട്, അല്ലെങ്കില്‍ ആരോടും എതിരിടാന്‍ ഞാന്‍ തെയ്യാറാണ്. എനിക്ക് വലുപ്പചെറുപ്പമില്ല. അമ്പു, വാള്‍, ദ്വന്ദയുദ്ധം.... എന്തിനും ആരോടും ഞാന്‍ തെയ്യാര്‍. പക്ഷെ അനുസരണയുടെ, വിനയത്തിന്റെ, താഴ്മയുടെ മൂര്‍ത്തരൂപമായിരുന്ന അര്‍ജുനന്‍ ഗുരുവിന്റെയും ജ്യേഷ്ഠന്റെയും മുന്‍പില്‍ അവരുടെ ആജ്ഞകള്ക്കും ആന്ഗ്യങ്ങള്‍ക്കുമായി എന്നും കാത്തുനിന്നു. തലതാഴ്ത്തി നൊമ്പരത്തോടെ നടന്നു നീങ്ങിയ കര്‍ണ്ണനോട് സഹതാപം തോന്നി. പരിഹാസ്യനായി കര്‍ണ്ണന്‍ പിന്തിരിഞ്ഞപ്പോള്‍ അറിയാതെ ഒരു ദീര്‍ഘനിശ്വസമുതിര്‍ന്നത്‌ അദേഹത്തോടുള്ള അനുകംബയുടെതായിരുന്നു. പക്ഷെ നിര്‍വചിക്കപെട്ടത്‌ രക്ഷപെട്ടതിലുള്ള ആശ്വാസനിശ്വാസത്തിന്റെ ബഹിര്‍സ്ഫുരണമായിട്ടായിരുന്നു. വിധി; അല്ലാതെന്തു പറയാന്‍ ....

ദ്രൌപദീപരിണയത്തില്‍ പിന്നെയും കര്‍ണ്ണന്‍ വിഷണനാവുന്നതും വിവര്‍ണ്ണനാവുന്നതും നോക്കിനില്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്തോ ഇയാള്‍ക്ക് എന്റെ ജീവിതവുമായി ബന്ധമുണ്ടെന്നു തോന്നുമായിരുന്നു. അയാളുടെ പാദങ്ങള്‍ അമ്മയുടേത് പോലെ തന്നെയിരുന്നത് ആശ്ചര്യപെടുത്തി. ജന്മജന്മാന്തര ബന്ധങ്ങളുടെ ഏതോ ഒരു കണ്ണിയുമായി കൂട്ടിയിണക്കുന്ന എന്തോ ഒന്ന് അയാളുടെ കണ്ണുകളില്‍ ഞാന്‍ വായിച്ചെടുത്തു. ജയം കൂടെയുണ്ട് എന്നറിഞ്ഞിട്ടു തോല്‍ക്കാന്‍ വിധിക്കപെട്ടവനാണ് എന്നും കര്‍ണ്ണന്‍. അത് കൊണ്ട് തന്നെ എനിക്കവനോട് തന്നെ യുദ്ധം ചെയ്യണമെന്നു തോന്നി. അജയ്യത ഗുരുവിന്റെ വാക്കുകളില്ല വേണ്ടത്; സ്തുതുപാടകരുണ്ടേ പൊടിപ്പും തൊങ്ങലും വെച്ചാ പാടുകളില്ല വേണ്ടത്, വില്ലാളിവീരന്മാരോട് പൊരുതി തന്നെ നേടെണ്ടാതാണെന്നു എന്റെ ഉള്ളു പറയുന്നുണ്ടായിരുന്നു. അഞ്ചു അമ്പുകലെയ്തു പക്ഷിയെ തകര്‍ക്കുക എനിക്ക് വെറും കുട്ടികളിയാണെന്നും ഞാനും കര്‍ണനും തമ്മില്‍ മല്‍സരത്തിനു തെയ്യാറാനെന്നു ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. കര്‍ണനെ തോല്‍പ്പിച്ചാല്‍ അത് ദുര്യോധനനും കൂട്ടര്‍ക്കും എന്നെ കൂടുതല്‍ ഭയമുണ്ടാവുമെന്ന തോന്നല്‍കൂടി ഒരു മല്‍സരത്തിനു എന്നെ പ്രേരിപ്പിച്ചിരുന്നു. ബ്രാഹ്മണവേഷവും അന്യസഭാതലവും എന്നെ മൌനിയാക്കി.

ഭിക്ഷ പന്കുവെക്കാനുള്ള അമ്മയുടെ അബദ്ധത്തില്‍ കയറിപിടിച്ചു ജ്യേഷ്ടന്റെ ധര്‍മസൂക്തങ്ങള്‍ക്കൊടുവില്‍, പൊരുതി നേടിയ പെണ്ണിനെ പങ്കുവെച്ചു ഭുജിക്കാന്‍ വിട്ടുകൊടുക്കേണ്ടി വരുമെന്ന് സ്വപ്നേപി കരുതിയതല്ല. ഇമവെട്ടുന്ന നേരം കൊണ്ട് എല്ലാം തകിടം മറിഞ്ഞു. ജ്യേഷ്ഠന്റെ ഒന്നിനും കൊള്ളാത്ത പറഞ്ഞുപഴകിയ ധര്‍മ്മസൂക്തങ്ങളോടു ഒടുങ്ങാത്ത പക തോന്നി. ധര്‍മാധര്‍മങ്ങള്‍ ഇഴകീറി അദേഹം ഭിക്ഷ കയ്യിട്ടു വാരാന്‍ വെമ്ബുമ്പോള്‍ ആദ്യമായി അദേഹത്തിന്റെ കണ്ണുകളിലെ കത്തുന്ന സ്വാര്‍ത്ഥകാമം എന്‍റെ നെഞ്ചകം പൊള്ളിച്ചു. സഹായത്തിനായി ഭീമനെ നോക്കി, നകുലസഹദേവന്മാരെ നോക്കി. എല്ലാവരും ദ്രൌപദിയുടെ സൌന്ദര്യദീപ്തിയില്‍ മുങ്ങിമയങ്ങി നില്‍ക്കുകയായിരുന്നു. പാഞ്ചാലിക്ക് അഞ്ചു ഭര്‍ത്താക്കന്മാരെ കിട്ടാന്‍ മുന്‍ജന്മകഥയുടെ പിന്‍ബലമുണ്ടായിരുന്നുവെങ്കില്‍ നേടിയ പെണ്ണിനെ പന്കുവേക്കപെടാന്‍ എനിക്ക് വിധിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ദ്രൌപദിയുടെ മുഖത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുന്നത് കണ്ടില്ലെന്നു നടിച്ചു. മണിയറയിലെ ഞരക്കങ്ങളും സീല്‍ക്കാരങ്ങളും ശ്രദ്ധിച്ചു കിടക്കുന്ന നാല് നിറയൌവ്വനങ്ങള്‍ക്കിടയില്‍ പാന്ചാലിയുമായി രമിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു തോന്നി. അഞ്ചുപേരെ അറിഞ്ഞോ അറിയാതെയോ കൂട്ടിയിണക്കി നിര്‍ത്താന്‍ അമ്മ ചെയ്ത ഈ പാതകത്തിനു തനിക്ക് മാപ്പ് നല്‍കാന്‍ കഴിഞ്ഞുവോ? അറിയില്ല. ദ്രൌപദിയെ തനിക്ക് കിട്ടിയതോ പതിമൂന്നു വര്‍ഷത്തിനു ശേഷം. വിയര്‍പ്പിന് ഗന്ധമില്ലാത്ത, സ്നിഗ്ദ്ധമേനിയില്ലാത്ത, തുടിപ്പും ചുവപ്പുമടര്‍ന്ന, പലവട്ടം പല വിഗ്രഹങ്ങളില്‍ ചാര്‍ത്തിയ വാടിയ നിര്‍മാല്യമായപ്പോള്‍. അവള്‍ മുല്ലവള്ളി കണക്ക് പടര്‍ന്നപ്പോള്‍ താന്‍ ഉണരാതെ പോയോ...? എന്തായാലും ആവേശം തണുത്തിരുന്നു; വല്ലാതെ....

സഭയില്‍ സര്‍വ്വതും പണയപ്പെടുത്തി ഒറ്റ വസ്ത്രത്തില്‍ രാജസ്വലയായിരിക്കുന്ന പാഞ്ചാലിയെ വലിചിഴച്ചപ്പോള്‍ കൈകള്‍ തരിച്ചു, ശരീരം വിറച്ചു. നിലത്ത് നിന്ന് കണ്ണെടുക്കാതെ ഭൂമി പിളരുന്നതും താഴേക്ക്‌ പതിക്കുന്നതും സ്വപ്നം കണ്ടു കാത്തു നിന്നു. സര്‍വ്വതും നശിപ്പിച്ച ജ്യെഷ്ടനെയടക്കം തച്ച്ചുടക്കണമെന്നു തോന്നി. കലിതുള്ളുന്ന, കനലെരിയുന്ന, കണമുതിരുന്ന നിറകണ്ണുകളോടെ ഒന്നും ചെയ്യാനാവാതെ ധീരവീരയോദ്ധാവായ അര്‍ജുനന്‍ തണുത്തു മരവിച്ചു നിന്ന് പോയി. ദുര്യോധനന്റെ തുടയെക്കാള്‍ കര്‍ണ്ണന്റെ അട്ടഹാസതിരകള്‍ സാഗരഗര്‍ജനമായി അലയടിക്കുകയായിരുന്നു കര്‍ണ്ണങ്ങളില്‍. പരിണയമത്സരത്തില്‍ നിന്ന് അപമാനിച്ചു വിട്ടതിന്റെ പ്രതികാരം കര്‍ണ്ണന്‍ ആഘോഷിച്ചു തീര്‍ക്കുകയനെന്നു തോന്നി. വരട്ടെ, വരട്ടെ, അവസരങ്ങള്‍ തേടി വരുമെന്നും സൂതപുത്രന്റെ അവസാനശ്വാസം ഞാന്‍ കേള്‍ക്കുമെന്നും അപ്പോള്‍ ചിരിക്കുന്നത് ഞാനാവുമെന്നും ഉള്ളില്‍ പറഞ്ഞു.

കുരുഷേത്രത്തില്‍ കൃഷ്ണനാല്‍ തെളിയിക്കപെട്ട തേരില്‍ തളര്‍ന്നിരിക്കേണ്ടി വന്നു. എതിരിടെണ്ടത് മുഴുവന്‍ ഇന്നലെവരെ തൊഴുതു വണങ്ങിയ ഭീഷ്മപിതമാഹരെ, ഗുരുവായ ദ്രോണരെ, കൃപര്‍, ശല്യര്‍ തുടങ്ങിയ ബന്ധു ജനങ്ങളെ. ഇവരുടെ ചോര എന്നാല്‍ ചിന്തുന്നത് ആലോചിക്കാനുള്ള ത്രാണിയുണ്ടായിരുന്നില്ല. ശ്യാമവര്‍ണ്ണന്റെ ഉദീപനങ്ങളില്‍ മനംതെളിഞ്ഞു കര്‍മ്മങ്ങള്‍ ചെയ്യാന്‍ തന്നെ മുന്നിട്ടിറങ്ങി. മനസ്സ് മടുക്കുന്ന യുദ്ധത്തിനൊടുവില്‍ കര്‍ണ്ണനെ ആയുധമില്ലാത്ത സമയത്ത് മനസ്സില്ലാമനസ്സോടെ കൊല്ലേണ്ടി വന്നു. വില്ലാളി വീരനായ അര്‍ജുനന്‍റെ അഭിമാനത്തിനു മുറിവേറ്റ അവസരമായിരുന്നു . ചെവി കൊള്ളേണ്ടിയിരുന്നില്ല കൃഷ്ണഭാഷണങ്ങളെന്നു തോന്നി. കര്‍ണ്ണനെന്ന യോദ്ധാവിന് മുന്‍പില്‍ തോറ്റാല്‍പോലും വേണ്ടില്ല ചതിക്ക് കൂട്ട് നില്‍ക്കാന്‍ ആവില്ലെന്ന് പറയാമായിരുന്നു. അവിടെയും ജ്യേഷ്ഠന്റെ മസ്തിഷ്ക്കപ്രക്ഷാളനം നെഞ്ചിലെ നേരിപ്പോടായെരിഞ്ഞു. നിന്നെ കണ്ടിട്ടാനു യുദ്ധം തുടങ്ങിയതെന്നും എന്നെങ്കിലും നീ കര്‍ണ്ണനെ കൊല്ലുമോ അതോ യുദ്ധകളം വിട്ടു ഓടിപോകുമോ എന്ന ജ്യേഷ്ഠന്റെ പരിഹാസവാക്കുകളും കൃഷ്ണനോടുള്ള അനുസരണയും യുദ്ധം നീണ്ടുപോവുന്ന സ്ഥിതിയും ക്രോധത്രുഷ്ണകളും വേണ്ടാത്തത് ചെയ്യിച്ചു. വേദന ഹൃദയത്തെ കീറിമുറിച്ചത് താന്‍ ചതിച്ചു കൊന്നത് സ്വന്തം ജ്യെഷ്ടനെയാണ് എന്നറിഞ്ഞപ്പോഴാണ്. അറിഞ്ഞിരുന്നില്ല; ചതിവുകള്‍ തന്റെ രീതിയല്ലതാനും. അനുസരണയുള്ള കുട്ടിക്ക് നയിക്കുന്നിടത്തെക്ക് നയിക്കപെടുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ. തളരാനും തകരാനും പിന്നെ ഒന്നും ബാക്കിയുണ്ടയിരുന്നില്ല. തനിക്ക് ചുറ്റും ലോകം മുഴുവന്‍ ശാപവചനങ്ങള്‍ ഉച്ചരിക്കുന്നത് പോലെ തോന്നി. സ്വന്തം ചോരയെ ചതിച്ചു കൊന്നവന്‍...

അര്‍ജുനന്‍ ജയിച്ചിട്ടും തോററവനായി ചരിത്രം പറഞ്ഞു. ആരും ചോദിച്ചില്ല അര്‍ജുനന്‍ ചെയ്തതെല്ലാം സ്വയമാണോയെന്ന്. മറ്റുള്ളവരുടെ തീരുമാനങ്ങള്‍, അഭിലാഷങ്ങള്‍, ശപഥങ്ങള്‍ നിര്‍വഹിക്കാനുള്ള ഒരായുധം മാത്രമായിരുന്നു ഞാന്‍. വിസ്തൃതവക്ഷസ്സും ബലിഷ്ഠകരങ്ങളും നീലതാമാരയിതള്‍മിഴികളും കൃഷ്ണപാദങ്ങളും ഇടുങ്ങിയോതുങ്ങിയ ശാരീരവും ഒരുപകരണം മാത്രമായി തീരുകയായിരുന്നു പലപ്പോഴും. അതിനുള്ളിലെ ഹൃദയവ്യഥകള്‍, പ്രണയങ്ങള്‍, കാമനകള്‍, ചോദനകള്‍ ആരുമറിഞ്ഞില്ല. അറിഞ്ഞവള്‍ക്ക് അത് പകര്‍ന്നെടുക്കാനും കഴിഞ്ഞില്ല. പഴികള്‍ കേള്‍ക്കാനും ത്യാഗങ്ങള്‍ ചെയ്യാനും പോരാടാനും എന്നും അര്‍ജുനന്‍. നേട്ടങ്ങള്‍ എപ്പോഴും മറ്റുള്ളവര്‍ക്ക്.

അന്ബോഴിയാത്ത ആവനാഴിയും സന്തതസഹചാരിയായ ഗാണ്ടീവവും താഴെ വെച്ച്, മുറിവ് വീണ ശരീരത്തില്‍ നിന്ന് രക്തകറകള്‍ സാന്ധ്യശോഭചിന്തിയ മാര്‍ചട്ട അഴിച്ചു വെച്ച്, കൊണ്ടും കൊടുത്തും നടത്തിയ യുദ്ധത്തിന്റെ ആലസ്യത്തില്‍,
ഇടറിയ പാദങ്ങളില്‍ മനസ്സും ശരീരവും ഉറപ്പിക്കാന്‍ പാടുപെട്ടു തേര്‍തട്ടില്‍ നിന്നിറങ്ങി നടന്നു. തിരിഞ്ഞു നോക്കുമ്പോള്‍ യുദ്ധംകഴിഞ്ഞ കുരുക്ഷേത്രഭൂമിയില്‍ നിറയെ കണ്ണ്നീര്‍ വാര്‍ക്കുന്ന വിധവകള്‍, പിഞ്ചുകുഞ്ഞുങ്ങള്‍. ശോണിതമനിഞ്ഞു ചുവന്നു തുടുത്തുകിടക്കുന്ന യുദ്ധഭൂമി. തോരാതേങ്ങലുകള്‍ അലയടിക്കുന്ന അന്തപുരങ്ങള്‍.. സന്കടതിരകള്‍ തലതല്ലികരയുന്ന നൊമ്പരതീരമാണ് ഹസ്തിനപുരിയെന്നു തോന്നി. ഓക്കാനവും വിരക്തിയും തികട്ടി വരുന്ന പോലെ . എന്ത് നേടി, അഥവാ അല്ലെങ്കില്‍ ഇതാണോ നേട്ടമെന്ന് സ്വയം പലയാവര്‍ത്തി ചോദിച്ചു. ഉത്തരങ്ങള്‍ അങ്ങകലെയാണ്. പോകണം; ഉത്തരങ്ങള്‍ തേടി. ശാന്തിയും സമാധാനവും തേടി. കര്‍മങ്ങളുടെ, കര്‍മഫലങ്ങളുടെ, നിയോഗങ്ങളുടെ പൊരുള്‍ തേടി. രാജസിംഹാസനം എനിക്ക് വേണ്ട. ബന്ധുജനങ്ങളെ വെട്ടിയും കൊന്നും പിടിച്ചെടുത്ത സിംഹാസനം എന്നെ പേടിപെടുത്തുന്നു. പകയുടെ, ചതിയുടെ, നുണയുടെ, ചോരമണക്കുന്ന, ഓക്കാനം വരുത്തുന്ന ഈ കൊട്ടാരസുഖങ്ങള്‍ എനിക്ക് വേണ്ട. മനസ്സ് സ്വസ്ഥമാകുന്നില്ല. എവിടെ രഥം? എവിടെ ഉത്തരീയം. മെതിയടികള്‍ വേണ്ട, കങ്കണങ്ങള്‍ വേണ്ട, അരപട്ട വേണ്ട, കിരീടം വേണ്ടേ വേണ്ട. വെറും മനുഷ്യനായി, പ്രജയായി, ദാസനായി, കല്ലും മുള്ളും തറച്ചു ചോരപൊടിയുന്ന നഗ്നപാദങ്ങള്‍ കൊണ്ടാകട്ടെ ഇനിയുള്ള യാത്രകള്‍. സ്വന്തബന്ധങ്ങളുടെ ചോരചിന്തിയ പാപഫലങ്ങള്‍ക്കു പകരമാവില്ല ഇതൊന്നുമെങ്കിലും പോയെ പറ്റൂ. ഏങ്ങലടികള്‍ എത്താത്ത, ചോരയുടെ മണമെത്താത്ത ശാന്തമായ ഒരിടത്തേക്ക്.

മാപ്പ് തരൂ ഗുരുജനങ്ങളെ.
മാപ്പ് തരൂ ഭീഷ്മപിതാമഹരെ.
മാപ്പ് തരൂ ഞാന്‍ വിധവകളായാക്കിയ എന്റെ കൂടപിറപ്പുകളെ.
മാപ്പ് തരൂ ശ്രേഷ്ഠജ്യേഷ്ഠനായ, കൌന്തെയനായ, ഗന്ഗേയനായ, രാധേയനായ കര്‍ണ്ണാ ....

എവിടെ കോസലരും മഗധരും...?
ധര്‍മം വിടാത്ത ജ്യെഷ്ടന്റെയും
കുരുഷേക്ത്രയുദ്ധം തന്‍റെ ബാഹുബലത്താല്‍ വിജയിപ്പിച്ച ഭീമന്റേയും, ദാനധര്‍മങ്ങളുടെ സമൂര്‍ത്തരൂപമായ കര്‍ണ്ണന്‍റെയും
പിത്രുസ്നേഹത്തിന്റെ ഭീമരൂപമായ ഘടോല്‍കചന്‍റെയും
വീരത്തിന്റെ മകുടോദാഹരണമായ അഭിമന്യുവിന്റെയും
ഭര്‍തൃസ്നേഹത്തിന്റെ നിറചാര്‍ത്തായ ഗാന്ധാരിയുടെയും
കര്‍മകുശലതയുടെ ആള്‍രൂപമായ കുന്തിയുടെയും
ആക്രുതസൌഷ്ടവത്തിന്റെ നിറലാവന്യമായ ദ്രൌപദിയുടെയും
ധിഷണയുടെയും കൌശലത്തിന്റെയും മുഗ്ദ്ധഹാസമായ കൃഷ്ണന്റെയും എണ്ണിയാലോടുങ്ങാത്ത വിജയഗാഥകള്‍ പാടി തിമിര്‍ക്കുമ്പോള്‍ ചേര്‍ത്ത് പാടെണ്ടതൊന്നുകൂടിയുണ്ട്. തന്റെ പ്രതിഭയാലും കരവിരുതിനാലും നേടിയെടുത്ത പെണ്ണിനെ, തന്നെമാത്രം ജനിച്ചപ്പോള്‍ മുതല്‍ മനസ്സ് കൊണ്ട് വരിച്ച ദ്രൌപദിയെ കണ്‍നിറയെ കാണുന്നതിനു മുന്‍പ് സഹോദരങ്ങള്‍ക്കായി സമര്‍പ്പിച്ച അര്‍ജുനന്റെ ലോലഹൃദയത്തെ കുറിച്ചും കരള്‍കരിയുന്ന നൊമ്പരങ്ങളെ കുറിച്ചും....

തേര്‍ പതുക്കെ തെളിക്കു കൃഷ്ണ; പാര്‍ത്ഥനൊന്നു വിശ്രമിക്കട്ടെ...

No comments:

Post a Comment