Thursday, 31 July 2014

ഒളിച്ചിന്നും ഓര്‍മ്മകള്‍...


സന്ധ്യക്ക് കാണാമെന്ന് പറഞ്ഞിട്ട് വരാതിരുന്ന അവളോട്‌ പിണക്കം രണ്ടുദിവസം ഭാവിച്ചു അകന്നു നിന്നു. പിന്നൊരുദിവസം വരാന്തയില്‍ തൂണില്‍ ചാരി വായിച്ചു മടക്കിയ പുസ്തകം മടിയില്‍ വെച്ച് ദിവാസ്വപ്നം കണ്ടു കൊണ്ടിരിക്കുമ്പോള്‍, പെട്ടെന്ന് പൊട്ടിവീഴുന്ന വേനല്‍ മഴപോലെ അവള്‍ തൊട്ടുമുന്നില്‍. ഞാന്‍ കൃത്രിമമായി മുഖം കനപ്പിച്ചു തിരിഞ്ഞിരുന്നു. അവള്‍ അടുത്തു വന്നു തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നിന്നു. പെണ്ണിന്റെ മനംകവരുന്ന മലര്‍മണം. സിരകളിലോടുന്ന ചോര തരിച്ചു മരവിച്ചു പോവുമെന്ന് തോന്നി. സംഹാരത്തിന്റെ വിശ്വരൂപം പൂണ്ടു അവള്‍ എന്റെ കണ്ണുകളില്‍ നിറഞ്ഞു നിന്നു. 

ഒരടി കൂടി വെച്ച് അവള്‍ ചേര്‍ന്നു നിന്നു. പാവാടഞൊറികള്‍ കാലുകളില്‍ സര്‍പ്പം പോലെ ഉരഞ്ഞു പിണയുന്നു. ഉച്ഛ്വസ വായുവിനു കന്മദഗന്ധം. നീര്‍മാതള കുരുക്കള്‍പോലെ കൂമ്പിനിന്ന മുഖകുരുക്കുകളിലോന്നു അമര്‍ത്തിപൊട്ടിച്ചു അവള്‍ വ്രീളാവിവശയായി തഴുകിയോഴുകി നിന്നു. 

കറുത്തപുള്ളിയുള്ള ഇറുകിയ ജാകെറ്റിലെ സര്‍പ്പംപോലെ തിളങ്ങുകയായിരുന്നു അവള്‍. മീനമാസചൂടിന്‍റെ പുകച്ചിലില്‍ വിയര്‍പ്പില്‍ പിണയുന്ന കരിമണിമാലയിലെ ഗുരുവായൂരപ്പന്റെ ലോകെറ്റ്‌ കടിച്ചു പിടിച്ചു, മിഴികളില്‍ ശംഖു പുഷ്പത്തിന്റെ നാണമെഴുതി, തൂണില്‍ ചാരി നിന്ന് കൈത്തണ്ടയില്‍ തഴുകികൊണ്ട് ചോദിച്ചു : 

ശരിക്കും പിണങ്ങ്യോ.....? 

വയലുകളില്‍ നട്ട ഞാറുകളെ പോലെ എഴുനേറ്റു നില്ക്കുന്ന രോമാരാജികള്‍. ആദ്യമായി തൊട്ടത്തിന്റെ വേവും പുളകവും. ശ്വാസം തൊണ്ടയില്‍ കുരുങ്ങി മരിക്കുമെന്ന് തോന്നി. ഏതൊരു കൗമാരക്കാരനും തരളിതഹൃദയനായി വെട്ടിയിട്ട "വാഴത്തടി" പോലെ വീണുപോകുന്ന വാക്കുകളുടെ മലര്ശരങ്ങള്‍. ഹൃദയതന്ത്രികളില്‍ ആരോ വിരല്‍മീട്ടി പ്രണയഗാനം തുടങ്ങി. വികാരം തളിരിടുന്നതിനു മുന്നേ ചാടികേറി ബലാല്‍സംഘരംഗങ്ങളില്‍ അനാവശ്യസമയത്ത് ചാടിവീഴുന്ന പഴയ സിനിമകളിലെ നായകനെ പോലെ എന്നിലെ സാഹിത്യക്കാരന്‍ പറഞ്ഞു : 

എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ശില്പി തന്റെ ശില്പത്തോട്, 
ചിത്രകാരന്‍ തന്റെ ചിത്രത്തോട്, 
സൃഷ്ടാവ് തന്റെ സൃഷ്ടിയോടു പിണങ്ങുന്നത്.......? 

ഇതില്‍ അവള്‍ വീണുപോകുമെന്നും, ആരുമില്ലാത്ത ഉച്ചനേരത്ത് എന്നിലേക്ക് ചാഞ്ഞുലയുമെന്നു പ്രതീക്ഷിച്ചു. അന്ന് മനസ്സില്‍ ലഡ്ഡു പൊട്ടുന്ന ഫാഷന്‍ ഇല്ലാത്തതിനാല്‍ നാരങ്ങമിട്ടായി നോട്ടിനുണഞ്ഞു നിന്ന എന്നോട് അവള്‍ പറഞ്ഞു. 

എന്നാ ഈ കണ്ണിമാങ്ങ തിന്നോ. നെനക്ക് വേണ്ടി കൊണ്ടാന്നതാ. ചുണ്ടത്തു കറ വീഴണ്ട ട്ടോ സുധെട്ട , പൊള്ളും.!! 

ഇതും പറഞ്ഞു മടിയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന നാല് കണ്ണിമാങ്ങകള്‍ കയ്യില്‍വെച്ച്, ഒരു നുള്ളും തന്നു, അന്ന് സ്വയം കണ്ണിമാങ്ങ പോലിരുന്ന അവള്‍ വേലിയുടെ വിടവിലൂടെ ഊളിയിട്ടുപോയി....

No comments:

Post a Comment