വായന ജീവവായുവും, വായനശാല തറവാടും, എം ടി, ബഷീര്‍, മലയാറ്റൂര്‍, മുകുന്ദന്‍, മാധവിക്കുട്ടിമാര്‍ കുടുംബവുമായി കഴിഞ്ഞ കാലം. വസ്ത്രം മാറാനും വല്ലതും ഞണ്ണാനും മാത്രം വീട്ടില്‍ പോയിരുന്നുള്ളൂ അന്നൊക്കെ. വായനശാല ഒരു അഭയകേന്ദ്രമായിരുന്നു. അഞ്ചുകൊല്ലം വ്യാസയില്‍ കയിലുകുത്തി നടന്നു ബിരുദമെന്ന ശീര്‍ഷകം മുൾക്കീരീടം പോലെ ഭാരമായ നാളുകള്‍. എന്ത് ചെയ്യുന്നു, എന്താ ഒന്നുമായില്ലേ? എന്ന ചോദ്യങ്ങള്‍ ശരശയ്യ തീര്‍ത്ത വ്യാകുലകാലം. വനവാസത്തിനു പറ്റിയ ഒരു ഒളിത്താവളമായി മറുകയായിരുന്നു വായനശാല. നിരങ്ങുന്നതും ഉറങ്ങുന്നതും ഉണരുന്നതും അവിടെ തന്നെ കാരണം നാലക്ഷരം പഠിച്ചവന് വല്ലവന്റെം തിണ്ണ നിരങ്ങാന്‍ പറ്റില്ലലോ. പണ്ടത്തെ വീടുകളില്‍ കയറി ചെന്ന് അരമന കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് ഒരു നേരത്തെ ഊണിനും മുറുക്കാനും വേണ്ടി കഥകള്‍ മെനയുന്ന നാണിതള്ളയെ പോലെ മനോരമയെ ഇന്നും സ്നേഹിക്കുന്നത് അന്ന് രാത്രിയിലെ മെത്തയായിരുന്നത് കൊണ്ടാണ്. വായനശാലയിലെ ബെന്ച്ചുകള്‍ അടുപ്പിച്ചിട്ടു മനോരമ വിരിച്ചു ഒരു കാജാ ബീഡിയും വലിച്ചു നീണ്ടു നിവര്‍ന്നു കിടക്കും.
വായനശാല നില്ക്കുന്ന സ്ഥലം ബ്രാഹ്മണന്മാരുടെ ചുടലകളമായിരുന്നുവെന്നു ( ശവപറമ്പ്) അമ്മമ്മ പറയാറുണ്ടായിരുന്നു. കൂടാതെ തൊട്ടടുത്താണ് വിശ്ശുദ്ധ തദേവൂസ്സിന്റെ പള്ളിയോട് ചേര്‍ന്ന് കിടക്കുന്ന സെമിത്തരിയും. രോഷയൌവ്വനത്തിനു എന്ത് യക്ഷി, എന്ത് ചുടല, എന്ത് ബ്രഹ്മരക്ഷസ് ? പല ദിവസങ്ങളിലും എന്നെ ആരോ തള്ളി നീക്കുന്നതായിട്ടും തിരിച്ചു കിടത്തുന്നതായിട്ടും സ്വപ്നം (?) കാണാറുണ്ടായിരുന്നു. ചങ്ങല വലിചിഴക്കുന്നതിന്റെ അകമ്പടിയോടെ ആരോ തടിച്ചു വീര്‍ത്തു മന്ത് വന്ന കാലുകള്‍ വലിച്ചു ഏന്തി നടന്നു പോകുന്ന പോലെ .
" തമ്പ്രാന്റെ പ്രേതം നടക്കണ വഴീലാവും നീ കൗടക്കണേ. തട്ടി മാറ്റി പോണതാകും" .
അമ്മമ്മ ഭീതി കൂട്ടി. പ്രേതത്തെ കണ്ടു പേടിച്ചു പനി പിടിച്ച് ചോര ചർദിച്ച് മരിച്ചു പോയവരുടെ കഥകള്‍ അമ്മമ്മ നേരത്തെ കാലത്തെ വീട്ടിലെത്താന്‍ വേണ്ടി പറഞ്ഞു കൊണ്ടിരുന്നു. പിന്നെ.... പ്രേതമായ, ആവിയായ, അരൂപിയായ തമ്പ്രാന്റെ ആല്മാവിനു നടന്നിട്ട് വേണ്ടേ പോകാന്‍ എന്ന് പറഞ്ഞെങ്കിലും പേടി തോന്നുന്നുണ്ടായിരുന്നു. പക്ഷെ പ്രേതത്തേക്കാള്‍ ഭയപെടുത്തുന്നതായിരുന്നു വീട്ടിലെ അലോസരങ്ങള്‍, ചോദ്യചിഹ്നങ്ങള്‍. ചോറിനു മാത്രമേ വെളുത്ത മുഖമുണ്ടായിരുന്നുള്ളൂ, ചുറ്റും ആവലാതികളുടെ മുഖാവരണങ്ങള്‍ അണിഞ്ഞ കറുത്ത മുഖങ്ങളായിരുന്നു. ഒരു നാള്‍ പ്രേതത്തെ കണ്ട് ചോര ചര്‍ദിച്ചു മരണത്തെ പുല്കുന്നത് ഉണ്മാദമായി എന്നെ പിടികൂടി.
ഒരു ദിവസം രാത്രി അലര്ച്ച കേട്ട് ഞെട്ടിയുണര്ന്നു. കൊടുംകാട്ടില്‍ വെചു കുന്തി രതിമന്ത്രം ചൊല്ലിയപ്പോള്‍ പ്രത്യക്ഷപെട്ട കാട്ടാളനെ പോലെ, മുന്നില്‍ ചങ്ങലയും പിടിച്ചു ചുകന്ന കണ്ണുകളും കാതില്‍ വെട്ടി തിളങ്ങുന്ന നീലകടുക്കനുമിട്ട, നെഞ്ചത്ത് നരച്ച രോമമുള്ള കൃശഗാത്രനായ നമ്പൂതിരി...... അമ്മമ്മ പറഞ്ഞ കഥയിലെ തമ്പ്രാന്‍! അലറാന്‍ പൊളിച്ച വായയില്‍ നിന്ന് തേവര്‍ മകനില്‍ രേവതി പാടിയ പാട്ടുപോലെ വെറും കാറ്റ് താന്‍ വന്തത് . കൌമാരക്കാരന്റെ ശരീരത്തെ വലിഞ്ഞു മുറുക്കുന്ന വലിയ മുലകളുള്ള, കറുത്ത് തടിച്ച വേശ്യയെ പോലെ. ഭയം ശരീരമാകെ ഇറുകി പൊതിയുകയായിരുന്നു. കോടമഞ്ഞ് പുതപ്പിടുന്ന താഴവരകളെ പോലെ, ഭീതിയുടെ വേഗതയേറിയ, ഘനമുള്ള ശ്വസോച്വാസങ്ങള്‍ എന്നെ പൊതിഞ്ഞു. തൊണ്ട വറ്റി വരണ്ടു, കണ്ണുകളും നാവും പുറത്തേക്കു വരുന്നപോലെ, നെന്ചികൂട് തകര്ക്കുന്ന, നെന്മാറ വല്ലങ്ങി വേലക്ക് പൊട്ടുന്ന വെടിക്കെട്ടിനെക്കാള്‍ ഇരമ്ബമുള്ള ഹൃദയസ്പന്ദനങ്ങള്‍. നെഞ്ചിനകത്ത് നിന്ന് ആരോ കൂടം കൊണ്ട് ഇടിക്കുന്നപോലെ. ശ്വാസമെടുക്കാതെ, ഇമ വെട്ടാതെ, ഉമിനീരിറക്കാതെ, സര്‍പ്പദംശനമേല്ക്കാ ന്‍ കാത്തുകിടന്ന ഖസാക്കിലെ രവിയെ പോലെ, കഴുത്തിന് നേരെ നീണ്ടുവരുന്ന ബലിഷ്ഠകരങ്ങള്ക്കായി ഞാന്‍ നിസ്സഹായതയുടെ തളര്‍ച്ചയില്‍ മരണം കാത്തു കിടന്നു....
പക്ഷെ മെല്ലെ മെല്ലെ ചിത്രം മായുന്നു. തമ്പ്രാന്‍ ദൈന്യത നിറഞ്ഞ ഒരു നോട്ടമെറിഞ്ഞു, തിരിഞ്ഞു ഒരു കാല്‍ ഏന്തി വലിച്ചു, ചങ്ങലയുമിഴച്ചു മാഞ്ഞുമറയുന്നു. കൈവിട്ടുപോയ പട്ടം പോലെ മേലോട്ട് പോയി തിരികെ വരാന്‍ മടിച്ച ശ്വാസം തിരികെ കിട്ടുന്നു. വിയര്പ്പിനാല്‍ നനഞ്ഞു കുതിര്ന്ന ശരീരം. വിയര്പ്പ് വീണു മനോരമ വട്ടം വട്ടത്തില്‍ നനഞ്ഞിരിക്കുന്നു. വിറയ്ക്കുന്ന കയ്യും കാലും. കൂരിരുട്ടില്‍ അടച്ചിട്ട ജനപാളികൾക്കിടയിലൂടെ അരിച്ചെത്തുന്ന നിലാവെട്ടത്തില്‍ താഴെ വീണു കിടക്കുന്ന പുസ്തകം കണ്ണില്‍ പെട്ടു. കുനിഞ്ഞു കയ്യിലെടുത്തു നോക്കിയപ്പോള്‍ ബാറ്റന്‍ ബോസിന്റെ "രക്ഷതരക്ഷസ്സ്".... വിട്ടൊഴിഞ്ഞ ഭയം ഇരട്ടി വേഗത്തില്‍ തിരിച്ചെത്തി. പിന്നില്‍ നിന്ന് ആരോ പിടിച്ചു വലിക്കുന്നുണ്ടോ? ആരുടെയോ ഉച്വാസവായു എന്റെ പുറത്തു തട്ടുന്നുണ്ടോ? നീളമുള്ള നഖങ്ങlളും മൂര്‍ച്ചയുള്ള ദംഷ്ട്രങ്ങളും കഴുത്തില്‍ അമരുന്നുണ്ടോ ? പാലപൂവിന്റെ ഗന്ധം അരിചെത്തുന്നുണ്ടോ? യക്ഷിയാണോ ആണ് പ്രേതമാണോ, അതോ സെമിത്തേരിയില്‍ നിന്ന് വന്ന പുകയുന്ന കുന്തിരിക്കത്തിന്റെ മണമുള്ള ക്രിസ്ത്യാനി പ്രേതമാണോ? തിരിഞ്ഞു നോക്കാന്‍ മടിച്ചു മരണമുറപ്പിച്ചു, ശ്വാസം മറന്നു മിഴിച്ചു നിന്നു.
നിമിഷങ്ങള്‍ വിയര്‍പ്പ് തുള്ളികൾക്കൊപ്പം കൊഴിഞ്ഞു വീണു. മെല്ലെ, തിരിഞ്ഞുനോക്കാതെ, വിറച്ചുകൊണ്ട് പുസ്തകം ഷെല്ഫിുല്‍ വെച്ച് കസേരയിലിരുന്നു. വായനശാലയില്‍ പുസ്തകം ഇഷ്യൂ ചെയ്യാനുള്ള വലിയ രജിസ്റ്റര്‍ വെച്ചെഴുതാന്‍ ഉപയോഗിക്കുന്ന പലകയെടുത്തു കസേരതണ്ടില്‍ വെച്ചപ്പോള്‍ അതില്‍ എഴുതിയിരിക്കുന്നു. "
സുഖമരണം...... "
കണ്ണില്‍ ഇരുട്ട് കയറി. ഭയം മലന്ചെരിവിലെ കോച്ചി വലിക്കുന്ന തണുപ്പുപോലെ ശരീരത്തിലേക്ക് ഒരിക്കല്‍ കൂടി ഇരച്ചു തുളച്ചു കയറി. കസേരക്ക് പിന്പില്‍ മരണം നിശ്ചലരേഖാരൂപം പൂണ്ടു നില്‍ക്കുന്നതായി തോന്നി. കഴുത്തില്‍ കൈകള്‍ മുറുകുന്നു, ശ്വാസം മുട്ടുന്നു, കണ്ണിലും ചിന്തയിലും ഇരുട്ട് തിങ്ങി നിറയുന്നു. ഞാന്‍ കഴുത്തൊടിഞ്ഞു, ചോരയൊലിപ്പിച്ച്, നാവു കടിച്ചു മുറിച്ചു, കണ്ണുകള്‍ പുറത്തേക്ക് തള്ളി, മേശപ്പുറം മാന്തി പൊളിച്ച ചോര പൊടിഞ്ഞ നഖവും വിരലുകളുമായി മരിച്ചു കിടക്കുന്നു
" എന്താ സുധേ, വീട്ടില്‍ പോകുന്നില്ലേ "
ജോസേട്ടന്റെ ഭാര്യ ഓമന ജനലില്‍ തട്ടി വിളിച്ചു പറഞ്ഞപ്പോഴാണ് ഉണര്‍ന്നത്? ഉണരുകയായിരുന്നോ അതോ ബോധം വീഴുകയയിരുന്നോ? അറിയില്ല. സ്വപ്നമായിരുന്നോ? കിടന്നത് മനോരമയിലാണല്ലോ? പിന്നെ? ആ.... ? സുഖമരണം എന്നെഴുതിയ പലക മുന്നില്‍ ഇരട്ടപെറ്റ പെണ്ണിനെ പോലെ വിളര്‍ത്തു കിടക്കുന്നു. അഞ്ചു വര്ഷത്തിനിടയില്‍ ഒരിക്കല്‍ പോലും പലകയുടെ മറുവശം കണ്ടിട്ടുണ്ടായിരുന്നില്ല; അതില്‍ ചോക്ക് കൊണ്ടെഴുതിയ "സുഖമരണം" എന്ന കുറിപ്പും.
പകലിന്റെ വിളര്ച്ചയില്‍ വെളുത്ത കടലാസ്സു പോലെ വിളറിയ മുഖവുമായി ഞാന്‍ വീട്ടില്‍ പോയി. അന്ന് രാത്രി ഇവനെ പഠിപ്പിച്ചതു വെറുതെയായി എന്ന ഭാവം തെളിഞ്ഞു നില്‍ക്കുന്ന മുഖവുമായി,
താടിക്കു കൈ കൊടുത്തു,
മുണ്ടിന്റെ കോന്തല നെഞ്ചില്‍ കൊളുത്തി നില്ക്കുന്ന മുഷിഞ്ഞ മുഖങ്ങളിലേക്ക് മിഴിയുയർത്താതെ,
ഓമക്കായ മൊളോഷ്യം ഒഴിച്ച്
കറുത്ത മുഖങ്ങള്‍ തെളിയുന്ന വെളുത്ത ചോറുണ്ട്,
പൊട്ടിച്ചു കാച്ചിയ പപ്പട തുണ്ടുകള്‍ തൊടാതെ മാറ്റി വെച്ച്
( വരുമാനമില്ലാത്തവന് പപ്പടമെന്ന സ്പെഷല്‍ അധികപറ്റാനു)
എണീറ്റ് കൈ കഴുകി...
"പണീം തോഴിലൊന്നൂല്യ, കണ്ടോടം നെരങ്ങാണ്
ന്നാലും വാശിക്കൊരു കൊറവ്വൂല്യ "
എന്ന ഹരിനാമസന്കീര്‍ത്തനം പതിവുപോലെ കേട്ട്,
തികട്ടി വന്ന രോഷമടക്കി,
നാക്ക് താഴിട്ടു പൂട്ടി,
ശബ്ദം നഷ്ടപെട്ടവനെ പോലെ,
തഴപായയില്‍ വറുത്ത ചെമ്മീനെപോലെ ചുരുണ്ട്,
അര്‍ജുന ഫല്‍ഗുന പാർത്ഥാ..
എന്ന ധൈര്യമന്ത്രത്തിനോടൊപ്പം
ഭയമാണഖിലസാരമൂഴിയില്‍ എന്നുരുവിട്ട്
വീടിന്റെ ചായ്പില്‍ ഉടുത്ത മുണ്ട് തലയിലൂടെ പുതച്ചുറങ്ങാന്‍ കിടന്നു. .....
No comments:
Post a Comment