ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സമരം കാരണം സ്കൂള്‍ ആകെ മൂന്നുമാസമാണ് പ്രവര്‍ത്തിച്ചതു. അന്നൊക്കെ സ്കൂളുകളില്‍ കാറ്റും വെള്ളവും വെളിച്ചവും ഇഷ്ടം പോലെയായിരുന്നു. വാതിലുകള്‍ ഇല്ലാത്ത ജനലുകള്‍, സമരകാലത്ത് എറിയുന്ന കല്ലുകള്‍ കൊണ്ട് പൊട്ടിയ ഓടുകള്‍ തകര്‍ന്നു മേല്‍ക്കൂര അരിപ്പപോലെയായിരുന്നു. കാറ്റ് വീശുമ്പോള്‍ പുസ്തകെട്ടു തലയിലെടുത്തു വെക്കും. ഓടു വീണു തല പോട്ടാതിരിക്കാന്‍. മഴ പെയ്യുമ്പോള്‍, കുന്നിന്‍ചെരുവിലെ മണ്ണെടുത്ത ഭാഗത്ത് ആടുകള്‍ ഒതുങ്ങുന്ന പോലെ, മഴവെള്ളം വീഴാത്ത ഭാഗത്ത് തിക്കിതിരക്കി ഒട്ടിയിരിക്കും. മിക്സ്ഡ് സ്കൂള്‍ അല്ലാത്തതിനാല്‍ ഈ ഒട്ടലിനു വിയര്‍പ്പിന്റെ ഓക്കാനം മാത്രമാണു ഉണ്ടായിരുന്നത്.
ക്ലാസ്സില്‍ ബെഞ്ച് ഡസ്ക് കസേര മേശ എന്നിവയില്ല. ടീച്ചര്‍ ഇടിഞ്ഞു പോളിഞ്ഞുവീണ മതിലിന്റെ ബാക്കിപത്രമായ ഒരു കരിങ്കല്ലിലാണ് ഇരിക്കുക. ഞങ്ങള്‍ നിലത്തും. കറുത്ത റബ്ബര്‍ ബാന്റിട്ട പുസ്തകകെട്ടിന് മുകളില്‍ വെച്ചാണ് എഴുത്തും വായനയും. ഹാഫ് പാവാടയും ചുവന്ന റിബണും രണ്ടായി പിന്നിയ മുടിയും പനിനീര്‍പൂവുകളും ഇല്ലാത്ത ബോയ്സ് സ്കൂളില്‍, രശ്മിയും, ബിന്ദുവും രേഖയുമുള്ളതു കൊണ്ടാണോ എന്നറിയില്ല എനിക്ക് പ്രിയം കണക്കിനോടാണ്. കണക്കിനോട് പ്രിയമുള്ള എന്റെ കണക്ക് കൂട്ടലുകള്‍ പലപ്പോഴും എട്ടു നിലയില്‍ തെറ്റി ജീവിതം തന്നെ കണക്കായി പോവാറുണ്ട്. കണക്കിന്റെ മാര്‍ക്ക് പറയുമ്പോഴാണ് ഞാന്‍ തല ഉയര്‍ത്തി ഇരിക്കാറുള്ളത്. മാര്‍ക് പറയുമ്പോള്‍ അധ്യാപകരുടെ കണ്ണുകളിലെ തിളക്കം എന്റെ ദാരിദ്യ്രവും അപകര്‍ഷതയും മറക്കാന്‍ കുറച്ചു നിമിഷത്തിലെക്കെന്കിലും സഹായിച്ചിരുന്നു.
അരകൊല്ല പരീക്ഷക്ക് ഓരോ ദിവസവും അമ്മ മാര്‍ക്കു ചോദിക്കും. കണക്കിന്റെ മാര്‍ക്ക് കിട്ടിയ അന്നും ചോദിച്ചു..
എത്രെണ്ടെടാ....
ഒന്ന് പരുങ്ങി, അമ്മയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
ഞാന്‍ ക്ലാസ്സില് ഫസ്റ്റ് ആണമ്മേ..
അമ്മയുടെ മുഖത്ത് നിര്‍വൃതിയുടെ നിറവല്ലരി നിറഞ്ഞു കവിയുന്നതും ആനന്ദാശ്രുക്കള്‍ മോട്ടിടുന്നതും വേദനയോടെ ഞാന്‍ നോക്കി നിന്നു. ക്ലാസ്സ് ഉണ്ടാവാത്തതിനാല്‍ ഒന്നും പഠിപ്പിച്ചിട്ടില്ല; ആരും ക്ലാസ്സില്‍ ജയിച്ചിട്ടുമില്ല. അമ്മയോട് തോറ്റു എന്ന് പറഞ്ഞു ദിനംപ്രതി ജീവിതത്തില്‍ തോറ്റുതോപ്പിയിടുന്ന അമ്മക്ക് എന്റെ തോല്‍വിയുടെ വേദനചുമട് കൂടി കൊടുക്കേണ്ടെന്ന് കരുതി നുണയുടെ കൈപ്പ് നുണഞ്ഞു. ആകെ ഏഴു മാര്‍ക്കാണ് എനിക്ക് കിട്ടിയത് എന്നാലും ഞാന്‍ ക്ലാസ്സില്‍ ഒന്നാമന്‍ തന്നെയായിരുന്നു. ബാക്കിയുള്ളവര്‍ അതിനേക്കാള്‍ കുറവാണ് സ്കോര്‍ ചെയ്തത്.
------------------------------
2013 - സര്‍വോദയ വിദ്യാലയ, തിരുവനന്തപുരം.
------------------------------
കഴിഞ്ഞ ദിവസം മോള്‍ക്ക് മോഡല്‍ പരീക്ഷയുടെ മാതസ് പേപ്പര്‍ കിട്ടി. അമ്മയെ പോലെ ഞാനും ചോദ്യങ്ങളുടെ അമ്പു തൊടുത്തു വിട്ടു..
How much did you score dear...
Gouri got 41, Sherin got 38 and I scored 48...
അമ്മ മുഖത്ത് അന്ന് കണ്ട പഴയൊരു നിര്‍വൃതിയുടെ നിലാവെളിച്ചം എന്റെ മുഖത്തും മിന്നി മറഞ്ഞു. അവള്‍ക്കു ആകെ രണ്ട് മാര്‍ക്കിന്റെ കുറവ് ഉള്ളൂ.
അപ്പൊ നീ ഫസ്റ്റ് ആണ് ലെ...
ഹ, അച്ചാ.
ധര്‍മ്മപുത്രര്‍ പണ്ട് അശ്വത്തമാ ഹത; ന കുഞ്ജര ഹ എന്ന് പറഞ്ഞ പോലെ ശബ്ദം മങ്ങിവിളറിയിരുന്നു.
വൈകീട്ട് വീട്ടില്‍ വാമഭാഗവും മകളും മാര്‍ക്കിന്റെ കാര്യത്തില്‍ വഴക്കിടുന്ന കേട്ടാണ് ഞാന്‍ ചെന്നത്. പത്നിയോടു വെറുതെ തന്നോടൊപ്പം വളര്‍ന്ന മകളോട് അനാവശ്യമായി ശബ്ദമുയര്‍ത്തുന്നതിന്റെ കാരണം ചോദിച്ചപ്പോഴാണ് സത്യമറിഞ്ഞത്. എന്പതില്‍ ആണ് പരീക്ഷ. അതിലാണ് നാല്പ്പതിയെട്ടു സ്കോര്‍ ചെയ്തിരിക്കുന്നത്. ക്ലാസ്സിലെ ഫസ്റ്റ് അറുപത്തിയെട്ട് ആണ്.
അപ്പോള്‍ നീ ഒന്നാമത് എന്ന് പറഞ്ഞതോ അമ്മ്വോ......
അത്... അത്... ഞാന്‍ ഇരിക്കുന്ന ബെഞ്ചിലെ കുട്ടികളില്‍ ഒന്നാമത് ഞാനാണ്.....
Her Father's Daughter!!!
No comments:
Post a Comment