Wednesday, 30 July 2014

ഇരട്ടത്താപ്പ്....


കാര്‍ വാങ്ങാന്‍ കാശില്ലാത്ത ഞാന്‍ പരിഹസിച്ചു അമര്‍ഷത്തോടെ പറയുന്നു..

കാലത്ത് തന്നെ ഓരോരുത്തരും വലിയ കാറുമായി ഇറങ്ങിക്കോളും റോഡില്‍ ട്രാഫിക്‌ ബ്ലോക്ക് ഉണ്ടാക്കാന്‍. പെട്രോള്‍ ആവശ്യത്തിന് കിട്ടാത്ത ഈ രാജ്യത്തു കാറില്‍ ഒറ്റയ്ക്ക് പോവുന്ന ഇവര്‍ക്ക് രാജ്യത്തോടോ സഹജീവികളോടോ ഒരു കൂറുമില്ല. ഇവര്‍ക്ക് സ്കൂടിയിലോ ബസ്സിലോ മറ്റോ പോയാല്‍ പോരെ..?

വീട്ടില്‍ എ സി വെക്കാന്‍ കഴിവില്ലാത്ത ഞാന്‍ പറയുന്നു...

വൈദ്യതി അമൂല്യമാണ്. എന്നിട്ടും ഒരു കണ്ട്രോളും ഇല്ലാതെ വീട് മുഴുവന്‍ ദീപങ്ങള്‍ കത്തിച്ചു പ്രകാശമാനമാക്കി, ഓരോ മുറിയും തണുപ്പിച്ചു അടിച്ചു പൊളിച്ചു ജീവിക്കുകയാണ് നാടിനോട്, അടുത്ത തലമുറയോട് സ്നേഹമില്ലാത്ത സമൂഹം...

ബഹുനിലകെട്ടിടം കെട്ടിപ്പൊക്കാന്‍ വരുമാനമോ പൈതൃകസമ്പത്തോ ഇല്ലാത്ത ഞാന്‍ പറയും..

കുന്നുകള്‍ ഇടിച്ചു നിരത്തി, ജലാംശത്തെ പിടിച്ചു നിര്‍ത്തു്ന്ന വയലുകള്‍ നികത്തി, ഭൂമിയുടെ ഉറപ്പായ പാറകളെ പൊട്ടിച്ചു, പുഴയുടെ നയനങ്ങളായ വെള്ളാരംകല്ലുകളെ ഊറ്റിയെടുത്ത് സിമെന്റ് കൊട്ടാരങ്ങള്‍ പണിയുന്നവരെ, നിങ്ങള്‍ പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്, ഭൂമിയെ ഊഷരയാക്കുകയാണ്, ഭൂമിയെ ചുട്ടു പൊള്ളിക്കുകയാണ്.

അരുന്ധതിയെ മെഡിസിന് വിടാന്‍ കാശില്ലാത്ത ഞാന്‍ പറയുന്നു..

എന്തായാല്‍ എന്ത്? ഒരു ജീവിതമല്ലേ ഉളളത്, അത് എല്ലാവര്‍ക്കും ഒരുപോലെയാണ്. അതുകൊണ്ട് ഒരു ക്ലാര്‍ക്ക് ആയിക്കോ. ഭൌതികനെട്ടമല്ല ജീവിതവിജയം. ചിരിച്ചു കൊണ്ടുള്ള പകലുകളുടെയും സുഖസുഷുപ്തി കിട്ടുന്ന രാവുകളുടെയും ആകെതുകയാണ് നല്ല ജീവിതത്തിന്റെ ബാകിപത്രം.

പൈതൃകമായി ഭൂമിയോ ധനമോ കിട്ടാത്ത ഞാന്‍ പറയുന്നു :

റബ്ബര്‍ മരങ്ങള്‍ വെച്ച് എളുപ്പത്തില്‍ പണക്കാരനാവുന്നതു പരിസ്ഥിതിയെ തകിടം മറിച്ചിട്ടും പ്രകൃതിയിലെ വെല്ലുവിളിചിട്ടുമാണ്. ഇവരൊക്കെയാണ് കേരളത്തിന്റെ ആവാസവ്യവസ്ഥയെ തകര്‍ത്തു പ്രകൃതിയെ പിച്ചിച്ചീന്തി മരുഭൂമിയാക്കുന്നത്.

ഫേസ് ബുക്കില്‍ എത്ര കടിച്ചു പിടിച്ചു എഴുതിയിട്ടും രക്ഷയില്ലാത്ത ഞാന്‍ പറയുന്നു :

ഫേസ് ബുക്ക്‌ ഒരു പരസ്പര സഹായ സഹകരണ സന്ഘാമാണ്. ലൈക്‌/ കമന്റ്‌ ഒക്കെ ഒരു കൊടുക്കും വാങ്ങലും ആണ്. ഉച്ചക്ക് വീടുകളില്‍ പേന്‍ നോക്കി കൊടുക്കുന്ന പെണ്ണുങ്ങളെപോലെ അങ്ങോട്ടും ഇങ്ങോട്ടും സുഖിപ്പിക്കുന്ന ഒരു ല്യ്ക്കുറപ്പ് പദ്ധതി. കാലത്ത് മുതല്‍ ഇതിലിരുന്നു ലൈക്‌ കൊടുത്താല്‍ എന്തെഴുതിയാലും തിരിച്ചും കിട്ടും അഞ്ഞൂറും ആയിരവും. അല്ലാതെ എഴുത്ത് നന്നായത് കൊണ്ടൊന്നും അല്ല ഷ്ടാ...

ഉത്തരത്തിലിരുന്നു പല്ലി ചിരിച്ചു ചിലക്കുന്നു; എന്താടോ വാര്യരെ നന്നാവാത്തെ...?

No comments:

Post a Comment