Wednesday, 30 July 2014

പല്‍, പല്‍, പല്‍........ ദില്‍ കെ പാസ്‌ രഹതേ ഹോ......

പല്‍, പല്‍, പല്‍........ ദില്‍ കെ പാസ്‌ രഹതേ ഹോ......

കഴിഞ്ഞദിവസം ഞങ്ങള്‍ താമസിക്കുന്ന കോളനിയില്‍ ഒരു ഡെന്റല്‍ ക്യാമ്പ്‌ നടന്നു. അതിനു മുന്‍പ് നടന്ന മെഡിക്കല്‍ ക്യാമ്പില്‍ "മിസ്റ്റര്‍ പെര്‍ഫെക്റ്റ്‌ " എന്ന ആദരവ് വീണുകിട്ടിയ എന്‍റെ ഓണനിലാവുപോലെ പുഞ്ചിരി ചിന്നിചിതറുന്ന ദന്തനിരകള്‍ കണ്ടു

" മിസ്റ്റര്‍ ഫോട്ടോജെനിക്‌ ,
You smile to make people smile,
Man of male smile

എന്നീ ആദരവുകള്‍ അപ്പോതിരിപല്ലന്‍മാര്‍ തരുമെന്നുള്ള ശുഭപ്രതീക്ഷയില്‍ വായുംപൊളിച്ചു രണ്ടു വെള്ളരിപ്രാവുകളുടെ മുന്പിലിരുന്നപ്പോള്‍, കോളേജ് കാലത്ത് വലിച്ചുതള്ളിയ ബ്ലൂ ബേര്‍ഡ് സിഗരറ്റിന്റെ മണമടിച്ചപോലെ വെള്ളരികള്‍ മുഖം പിന്നോട്ട് ചുളിച്ചുവലിച്ചു. മുഖത്ത് പച്ചമാസ്കിട്ടു പച്ചപനംതത്തകള്‍ കംബിപാര കൈകോട്ടു, ചുറ്റിക, അരിവാള്‍, തുടങ്ങിയ മാരകായുധങ്ങള്‍ കൊണ്ടും എന്റെ ബകഗുഹസമാനവായ തട്ടിയും മുട്ടിയും കൊത്തിയും കിളച്ചുമറിച്ചും കളിച്ചശേഷം പറഞ്ഞു.

സര്‍, ഏഴു പല്ലുകളില്‍ വേലിപൊത്തുകള്‍ പ്രത്യ്ക്ഷമായിട്ടുണ്ട്. അതിലൊക്കെ പാമ്പും പഴുതാരയും തേളും വാസം തുടങ്ങി, ഇണചേര്‍ന്നു മുട്ടകള്‍ ഇട്ടു വെച്ചിട്ടുണ്ട്. ഇരുപത്തഞ്ചുവര്‍ഷമായി നിങ്ങള്‍ കൊണ്ട് നടക്കുന്ന പുകവലിയെന്ന പ്രണയിനി പലകപല്ലുകളില്‍ കാലത്തിനു മായ്ക്കാന്‍ കഴിയാത്ത സ്നേഹകറകള്‍ ബാക്കിവെചിട്ടുണ്ട്. പിന്നെ, പല്ലിനു തെയ്മാനമുണ്ട്.

സര്‍ പല്ല് കടിക്കാറുണ്ടോ..? അവിവാഹിതയായ വെള്ളരി പ്രാവ് ചോദിച്ചു.

വിജയകരമായ ഒരു ദാന്ബത്യ ജീവിതത്തിനു പലതും കടിച്ചമര്‍ത്തിയോതുക്കി വെക്കേണ്ടി വരും എന്ന് അവിവാഹിതകളായ അവരെ ഞാനെങ്ങിനെ പറഞ്ഞു മനസ്സിലാക്കാന്‍. കടിച്ചാല്‍ മുറിയാത്തതെന്തോ വായിലിട്ടപോലെ വാക്കുകള്‍ കടിച്ചമര്‍ത്തി ഞാന്‍ ചിരിച്ചു. പരീക്ഷണനിരീക്ഷണങ്ങള്‍ക്കു ശേഷം ഡന്റല്‍ കോളേജില്‍ വന്നു പല്ല് ക്ലീന്‍ ചെയ്യാനും പൊത്തുകള്‍ കോണ്‍ക്രീറ്റ് ചെയ്തു അടക്കാനും എല്‍ കെ ജി ഭാഷയില്‍ കരകുര എഴുതിയ ഒരു ഓല കയ്യില്‍ തന്നു.ഡെന്റല്‍ കോളേജില്‍ കഴുകാനും അടക്കാനും ഫീ ചീപ്പ്‌ ആയത് കൊണ്ടും വീട് വെച്ച എന്റെ ഇപ്പോഴത്തെ ജീവിതം ഇച്ചിരി കോസ്റ്ലി ആയതത് കൊണ്ടും അവിടേക്ക് തന്നെ വെച്ച് പിടിച്ചു.. ഒരു അരയന്നപിട എന്നെ പിടിച്ചു സെമി സ്ലീപ്പര്‍ ബെര്‍ത്തില്‍ കിടത്തി, ഉച്ചക്ക് കഴിച്ച ഓംലെറ്റ്‌ന്റെ സുഗന്ധം വമിക്കുന്ന എന്റെ വായയെ ഹാര്‍പിക്ക്‌ ഒഴിച്ച് തേച്ചുകഴുകി. ഒരു ഷവല്‍ ഇടതു കയ്യിലും മൂന്നിന്ചിന്റെ പൈപ്പ് വലതു കയ്യിലും പിടിച്ചു, നാല്പത്തിയഞ്ച് വര്‍ഷമായി കിട്ടിയതൊക്കെ ചവച്ചരച്ചു അമ്മിക്കല്ല് പോലെ തേഞ്ഞുമിനുങ്ങിയ കോന്ത്രന്‍ പല്ലുകളെയും പൈലിംഗ് കൊണ്ട് തേഞ്ഞു ഉരലുപോലെയായ അണപല്ലുകളെയും വാട്ടര്‍ പ്രൂഫിംഗ് ചെയ്തു വൃത്തിയാക്കിയിട്ട് മൊഴിഞ്ഞു.

ശ്രീമാന്‍ സുധാകരന്‍ സര്‍,
വൃത്തിയുള്ള വെളുത്തപല്ല് ഒരു ആഭരണമാണ്.
ആവശ്യങ്ങള്‍ വരുമ്പോള്‍ ഭാര്യയോടു പറയുന്ന പ്രണയമോഴികള്‍ പോലെ പല്ലുതേപ്പ് ഒരു ചടങ്ങാവരുത്.
ഭാര്യ നിങ്ങളുടെ ജീവിതത്തിലെ തിളങ്ങുന്ന ആഭരണമാണെകില്‍ വെളുത്ത ദന്തനിരകള്‍ നിങ്ങളുടെ വ്യക്തിത്വത്തിന്റെ തിളക്കമാണ്.

ശരി സ്വാമിനി, അമ്മെ, മായെ, ത്രയംബികെ

എന്ന് പറഞ്ഞു ഞാന്‍ അടുത്ത സ്വീകരണ സ്ഥലത്തേക്ക് ജീപ്പില്‍ പദയാത്ര നടത്തി . അടുത്തത്‌ ഇരുട്ടുവീണ ഗഹ്വരഗുഹകളിലെ കോന്ക്രീടിംഗ് ആണ്. പച്ച പരവതാനി വിരിച്ച വായുമായി ഒരു കിളുന്തു പയ്യന്‍ കയ്യുറയും ഇട്ടു എല്ല് കാത്തിരിക്കുന്ന പട്ടിയെ പോലെ കാത്തിരിക്കുന്ന ലവന്‍ ഡെന്റല്‍ വിദ്യാര്‍ത്ഥിയാണ്. കാര്യങ്ങള്‍ പഠിച്ചു വരുന്നേയുള്ളൂ. ഇതുവരെ പ്ലാസ്ടിക് കൊണ്ട് ഉണ്ടാക്കിയ ഡ്യൂപ്ലിക്കേറ്റ്‌ പല്ലിന്മേലാണ് പരീക്ഷണനിരീക്ഷണങള്‍ നടത്തിയിട്ടുള്ളത് . അവന്‍റെ ശരീരഭാഷ കണ്ടപ്പോള്‍ എല്‍ കെ ജി ക്ക് ആദ്യദിവസം കൊണ്ടുപോയ എന്‍റെ മകന്‍ സിദ്ധാര്തിനെ ഓര്മ വന്നു. ആദ്യത്തെ കോണ്‍ക്രീറ്റ് ഫില്ലിങ്ങിനു എന്റെ ദന്തനിരകള്‍ അവനു ഗിനിപിഗ് ആയി സംഭാവന ചെയ്യുന്ന അങ്കലാപ്പ് എനിക്ക്. ഡോകടര്‍ ആക്കിയിട്ടെ അടങ്ങൂ എന്ന് തന്തക്കും തള്ളക്കും വാശിയുള്ളത് കൊണ്ട് ഇവിടെയെത്തി, അതുകൊണ്ട് " അണ്ണാ, അനുഗ്രഹിച്ചു പിഴകള്‍ സഹിക്കണം" എന്ന ഭാവം അവന്‍റെ മുഖത്ത് .

എന്റെ വാ തുറന്നു നോക്കിയപ്പോഴേ അടപ് പ്തുറന്ന സോഡാകുപ്പി പോലെ അവന്റെ ഗ്യാസ് "ശൂ" ആയിപോയി. പതിനാറുകാരിയെ കെട്ടിയ കിളവന്‍ നമ്പൂതിരിയെ പോലെ എവിടെ തുടങ്ങണം എങ്ങിനെ തുടങ്ങണം എന്നറിയാതെ അവന്‍ വിജുംബിച്ചും സങ്കോചിച്ചും കുറച്ചുനേരം നിന്നു. പിന്നെ കൈകോട്ടും പിക്കാസ്സും നെഞ്ചില്‍ ചേര്‍ത്ത്പിടിച്ചു, ഹരിഹര്‍ നഗറിലെ ഡന്റല്‍ ഡോക്ടര്‍ ആയ ജഗദീഷിനെ മനസ്സില്‍ ധ്യാനിച്ച്, എന്റെ വായില്‍ വാട്ടര്‍ അതോറിറ്റിയുടെ തുരുമ്പ്പിടിച്ച ഹോസ് വളച്ചിട്ടു, ആദ്യമായി കോമ്പസ് കയ്യില്‍ കിട്ടിയ അഞ്ചാംക്ലാസ്സുകാരനെ പോലെ തലങ്ങും വിലങ്ങും വരക്കാനും കോറാനും തുടങ്ങി. അവന്റെ കൈവിറക്കുന്നത് കണ്ടു എന്റെ കണ്ണ് തള്ളി. എന്റെ പല്ല്, തൊണ്ണ, വാചകകസര്‍ത്ത് നടത്താനുള്ള നാവു, തൊട്ടടുത്ത്‌ വളര്‍ന്നു വികസിച്ചു പുരനിറഞ്ഞു നില്‍ക്കുന്ന മൂക്ക്, വര്‍ണ്ണങ്ങള്‍ ഒപ്പിയെടുക്കുന്ന എന്റെ കണ്ണുകള്‍. യെവനെങ്ങാനും കൈ തെറ്റിയാല്‍... ? എനിക്ക് ആധിയായി, ആധി വ്യാധിയായി, പിന്നെ വിധിയെന്ന് സമാധാനിച്ചു വധത്തിനു കാത്തു കിടന്നു.

ലവന്‍ വെള്ളാനകളുടെ നാട്ടിലെ പപ്പുവിനെ പോലെ " ഇപ്പൊ ശര്യാക്കി തരാം, ഇപ്പൊ ശര്യാക്കി തരാം" എന്ന മുഖഭാവത്തോടെ സ്പാനറുകള്‍ മാറി മാറി എടുക്കുകയും ഒന്നും ചെയ്യാതെ തിരിച്ചും മറിച്ചും നോക്കി തിരികെവെക്കുകയും ചെയ്തു. എപ്പഴാണ് റോഡ്‌ റോളര്‍ ഇടിച്ചിട്ട മതില് പോലെ എന്റെ പല്ലുകള്‍ അടര്‍ന്നു വീഴുകയെന്നു ഞാന്‍ ഭയന്നുകിടന്നു. ബാലാല്‍സന്ഘത്തിനു ഇരയാവുന്ന സമയത്ത് രക്ഷപെടില്ല എന്നുറപ്പാവുമ്പോള്‍ കൂടുതല്‍ കേടുപാടുകള്‍ ഉണ്ടാവാതിരിക്കാന്‍ വെറുതെ കിടന്നു കൊടുക്കുകയാണ് നല്ലതെന്നു ഏതോ മോശകോടന്‍ പറഞ്ഞത് ഈ സന്ദര്ഭത്തിനാണ് യോജിക്കുക എന്ന് തോന്നി. ടോം ആന്‍ഡ്‌ ജെറിയിലെ ടോമിനെ പോലെ പല്ലുകള്‍ അടര്‍ന്നുവീണു പുഞ്ചിരിക്കുന്ന എന്റെ മുഖം ഞാന്‍ കാണാതെ കണ്ടു. ഭ ഗവാനെ, വെളുക്കെ ചിരിച്ചു കൊണ്ടുള്ള മുഖചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്യാനുള്ളതാണ്. വിശ്വാസം കുറവായ ഞാന്‍ വിളിച്ചുപോയി,

ശ്രീ പദ്മനാഭാ.....

ഒന്നര മണിക്കൂറിന്റെ ഇപ്പൊ ശര്യാക്കി തരാം എന്ന മുറനാമജപത്തിന് ശേഷം, നെറ്റിയിലെ വിയര്‍പ്പ് തൂത്തു കളഞ്ഞു, ലവന്‍ എണീറ്റു. പുകവലിക്കുന്ന രംഗത്ത് ടി വിയില്‍ വരുന്ന മുന്നറിയിപ്പ് പോലെ "രക്ഷപെട്ടു" എന്ന വാക്ക് അവന്റെയും എന്റെയും മുഖത്ത്, നിലവിളക്കിന് മുന്‍പില്‍ മഷിയെഴുതിയ മിഴികളുമായി നാമജപിക്കാനിരിക്കുന്ന കൌമാരക്കാരിയുടെ മുഖകമലം പോലെ തെളിഞ്ഞുതിളങ്ങി നിന്നു.

ലീവിന് വരുന്ന മിലിടറിക്കാരന്റെ ആവേശംപോലെ,
അണപോട്ടിയോഴുകുന്ന അവന്റെ വികാരവിക്ഷോഭങ്ങള്‍ മലമ്പുഴ അണക്കെട്ട് പോലെയുള്ള എന്റെ ദന്തനിര തകര്‍ക്കാത്തതിന്റെ ആശ്വാസം എന്റെ മുഖത്ത്; ഒരു പരീക്ഷണ വസ്തുവില്‍ കൂടി തന്റെ അമേച്വര്‍ കല തകര്‍ത്താടിയ നിശ്വാസം അവന്റെ മുഖത്തും.

അവനു ഇന്റെനല്‍ മാര്‍ക്ക്‌ കിട്ടിയ സന്തോഷം; 
എനിക്ക് ഇന്റെനല്‍ മാര്‍ക്കുകള്‍ വീഴാത്തതിന്റെയും..

No comments:

Post a Comment