Wednesday, 30 July 2014

A TRIBUTE to Madathu Thekkeppaattu Vasudevan Nair

1933 ലെ ഒരു തണ്ത്തിരുണ്ട കര്‍ക്കിടകമാസത്തിലെ ഉത്രട്ടാതി നാളില്‍ ശിരശ്ശില്‍ വാഗ്ദേദേവതയുടെ കയ്യോപ്പുമായി മണ്ണിലെക്കിറങ്ങിയ മഠത്തില്‍ തെക്കെപാട്ട് വാസു ദേവന്‍ നായരുടെ ഇനീഷ്യലുകളായ എം ടി ക്ക് നമ്മള്‍ ചാര്‍ത്തികൊടുത്ത മറ്റൊരു വിപുലീകരണമുണ്ട്, മലയാളത്തിന്റെ തമ്പുരാന്‍!!! മലയാളത്തിന്റെ മധുരം ഇത്രമേല്‍ മലയാളിക്ക് നുണഞ്ഞിറക്കുമാറ് എഴുതാന്‍, ദൃശ്യവല്‍ക്കരിക്കാന്‍ മറ്റൊരു സാഹിത്യകാരന് കഴിഞ്ഞിട്ടുണ്ടോ എന്നുള്ളത് സംശയമാണ്. ഈ നാമം മലയാളികള്‍ ഉച്ചരിക്കുന്നത് പോലും സന്ധ്യാനാമം ചോല്ലുന്നപോലെ ഭയഭക്തി ബഹുമാനത്തോടെയാണ്. ഇദേഹത്തിന്റെ മുന്പിലെത്തുന്നവര്‍ അറിയാതെ ഒരു ഉള്ക്കിടിലം അനുഭവിക്കുന്നു, പതറിപോകുന്നു, അകലെ നില്‍ക്കുന്നു, അറിയാതെ വണങ്ങി പോകുന്നു, നിര്‍നിമേഷം നോക്കിനില്‍ക്കുന്നു, എവെറസ്റ്റ്‌ കൊടുമുടിയുടെ കീഴില്‍ നില്‍ക്കുന്ന നോക്കുന്നതു പോലെ. നമ്മുടെ മനസ്സിലെ അന്തര്‍ധാരകള്‍ ഈ മനുഷ്യന്‍ വായിക്കുകയും നാളെ കടലാസിലേക്ക് പകര്‍ത്തുമെന്നു ഭയപെട്ടുപോകുന്നു .

സാധാരണക്കാരന്റെ വിങ്ങലുകളെ, വിഹ്വലതകളെ, കാലഭേദങ്ങള്‍ക്കനുസരിച്ചു, ഋതുഭേദങ്ങള്‍ക്കനുസരിച്ചു, രുചിഭേദങ്ങള്‍ക്കനുസരിച്ചു മാറിമാറി പോകുന്ന മനുഷ്യമനസ്സിന്റെ പിടിക്കിട്ടാക്കഴങ്ങളെ ലളിതവും സുഭഗവുമായ ഭാഷയില്‍ ഹൃദയത്തിന്റെ താഴവരകളിലേക്ക് ആഴ്ന്നിറങ്ങും വിധം വാക്കുകളിലേക്ക് സന്നിവേശിപ്പിച്ച ഈ മഹാനുഭവാനെ, ഒരു വ്യക്തിയില്‍ നിന്നും വളര്‍ന്നു മലയാള സാഹിത്യത്തിന്‍റെ നെടുംതൂണായിതീര്‍ന്ന ഈ താപസ്സനെ പോലെ ഒരു വരിയെഴുതാനാഗ്രഹിക്കാത്ത മലയാളിയുണ്ടോ ? ഇദേഹത്തിന്റെ ഒരു വരിയെങ്കിലും വായിക്കാത്ത മലയാളിയുണ്ടോ? സംശയമാണ്.

അവഗണനയുടെ, അപകര്‍ഷതയുടെ, ശാപം പോലെ കൊണ്ട് നടന്ന ദാരിദ്ര്യത്തിന്റെ, ജയിച്ചിട്ടും തോറ്റ, നേടിയിട്ടും നഷ്ടപെട്ടവനായിരുന്നു എം ടി യുടെ ഓരോ നായകന്മാരും. നായകനെന്ന് പറഞ്ഞാല്‍ സകലമാനപേരെയും തോല്പ്പിക്കുന്നവനല്ല, സല്‍ഗുണ സംബന്നനല്ല, മറിച്ചു പച്ചയായ മനുഷ്യമനസ്സിന്റ ആല്‍മാവിഷ്ക്കാരമായിരുന്നു തന്റെ നായക സങ്കല്പ്പങ്ങളിലൂടെ പലവട്ടം തെളിയിചത്. ഓരോ വായനക്കാരനും ഏതോ വരിയില്‍ മനസ്സുടക്കി, വായന നിര്‍ത്തി, പുസ്തകം മടക്കിവെച്ചു, അനന്തവിഹായസ്സിലേക്ക് കണ്ണും നട്ടു " ഇത് ഞാന്‍ തന്നെയല്ലേ" എന്ന് നിശ്വസിച്ചു. മനുഷ്യ മനസ്സിന്റെ ഇരുണ്ട താഴവരകളിലെ നിശബ്ദതേങ്ങലുകള്‍ ഓരോ വരിയിലും അലയടിച്ചു. ഓരോ മലയാളിയും ഇതിലെ നായകന്മാരെ തന്റെ പ്രതിരൂപമായി സ്വയം പ്രതിഷ്ടിച്ചു. നായികമാര്‍ ഇവരെ സ്നേഹിച്ചു, സ്നേഹം കിട്ടിയ നായകന്മാര്‍ക്ക് ഇതൊക്കെ കിട്ടുമ്പോഴേക്കും മടുത്തിരുന്നു, വൈകിയെത്തുന്ന വസന്തം മണം പരത്താതെ പോകുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടിവന്ന ധീരവീരനായകന്മാര്‍. വാശിയോടെ നേടിയതെല്ലാം കൈപിടിയിലോതുക്കാനാവാതെ ഇദേഹത്തിന്റെ രചനകളില്‍ തരിച്ചു നിന്നു. നായകനും; കാലവും..

കൈവെച്ചതൊക്കെ പോന്നാകുന്നത് കണ്ടു മലയാളി കണ്മിഴിച്ചു നിന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ജ്ഞാനപീഠവും മലയാളത്തെ തേടിവരുന്നതു കണ്ടു അന്തസ്സോടെ തലയുയര്‍ത്തി നിന്നു . വെളിച്ചപാടും മുറപ്പെണ്ണും കുട്ട്യേടത്തിയും ഓപ്പോളും ചന്തുവും പെരുംതന്ച്ചനും നമ്മുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടി. ഇരുട്ടിന്‍റെ ആല്‍മാക്കള്‍ ഗതികിട്ടാതെ നമ്മുക്ക് ചുറ്റും വട്ടമിട്ടു പറന്നു. അസുരവിത്തായ ഗോവിന്ദൻകുട്ടിയും സ്വാര്‍ത്ഥതയുടെ പ്രതിരൂപമായ സേതുവും നോമ്പരങ്ങളുടെ കൂട്ടുകാരിയായ വിമലയും വാരിക്കുഴിയില്‍ വീണവരും വളര്‍ത്തുമൃഗങ്ങളായി ജീവിത ആടിയാടി തീര്‍ത്തവരും പരിഹാസത്തിന്റെ കയ്പ്പും കണ്ണുനീരിന്റെ ഉപ്പുരസവും ശക്തി സ്രോതസ്സാക്കി മാറ്റിയ ഭീമനും, മ്ലേച്ചനും ചതിയനുമായി ചരിത്രം നെറ്റിയില്‍ കോറിയിട്ട ചന്തുവുമൊക്കെ നെടുനായകത്വം കൈവരിച്ചത് ഈ പ്രതിഭയുടെ തൂലികസ്പര്‍ശത്തിലൂടെയാണ്. അഭ്യാസകാഴ്ചയില്‍ ജയിച്ചിട്ടും തോല്‍പ്പിക്കപെട്ട ചന്തു, വാടിയ നിര്‍മാല്യമായ ആര്‍ച്ചയെ പ്രാപിക്കാന്‍ തണുത്തുറഞ്ഞ പുഴ നീന്തുമ്പോള്‍ കാലത്തിനതീതമായ പ്രണയത്തിന്റെ ചാരുത നമ്മുക്ക് ബോധ്യമാകുന്നു. വിത്ത് വിതച്ചു മറന്നു പോയ മകന്‍ ഘടോല്‍കചന്‍ വിശ്വരൂപം പൂണ്ടു തന്നെ സഹായിക്കാന്‍ വന്നപ്പോള്‍ അവന്റെ മുന്നില്‍, ജീവിതത്തില്‍ ആദ്യമായി അശക്തനായി വാക്കുകള്‍ക്ക് വേണ്ടി ഭീമന്‍ വിതുംബുബോള്‍ ഒരച്ഛന്റെ സ്നേഹതലോടല്‍ പൂമഴയായി പെയ്യുന്നത് നമ്മുക്ക് അനുഭവേദ്യമാവുന്നു.

പലപ്പോഴും തോന്നിയിട്ടുണ്ട് വാഗ്ദേവത ഇദേഹത്തിന്റെ തലയില്‍ തലോടുക മാത്രമല്ല, പലപ്പോഴും കൂടല്ലൂര്‍ വന്നു, നെയ്യും വെണ്ണയും കൂട്ടികുഴച്ച ചോരുരുളകള്‍ ഉരുട്ടിയുരുട്ടി ഇദേഹത്തിന് കൊടുക്കുകയും, ഒക്കത്ത് വെച്ച് കൊഞ്ചിക്കുകയും, തോളത്തിട്ടു താരാട്ട് പാടി ഉറക്കുകയും ചെയ്ത പുണ്യ മാണ് വാസുദേവജന്മമെന്ന്. ചിരിയിലും സംസാരത്തിലും പിശുക്ക്‌ കാണിക്കുന്ന ഈ വടവൃക്ഷം നമ്മുക്കെന്നും നെഞ്ചോട്‌ ചേര്‍ത്തു പിടിക്കാന്‍ തന്നിരിക്കുന്ന വാക്കുകളും വചനങ്ങളും കഥാസന്ദര്‍ഭങ്ങളും നിരവധിയാണ്. ഇതില്‍ എന്നെ സ്വാധീനിച്ച ഒരു സന്ദര്‍ഭമാണ് കാലത്തില്‍ ഒരിക്കല്‍ സേതുവിനെ ത്രസിപ്പിച്ച, സുമിത്ര ഈറനുടുത്തു നെറ്റിയില്‍ ഭസ്മം തേച്ചു വരുമ്പോള്‍ എല്ലാം നേടിയിട്ടും ഒന്നും നേടാത്ത സേതു ചോദിക്കുന്നു..

സുമിത്രക്ക് സഹായത്തിനു ആരാ...

ആരുമില്ലാത്തവര്‍ക്ക് ഭാഗവാനുണ്ട്..

എനിക്ക്.. എനിക്ക് സുമിത്രയെ ഇഷ്ടമായിരുന്നു.

സുമിത്ര അകലേക്ക്‌ നോക്കി, ഇടിവെട്ടുംപോലെ പറഞ്ഞു..

സേതുവിന് ഒരാളോടെ ഇഷ്ടമുണ്ടയിരുന്നുള്ളൂ, സേതുവിനോട് മാത്രം..

പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് എത്ര സത്യമാണിതെന്നു. ശരിക്കും മനുഷ്യന് അവനവനോട് തന്നെയാണ് സ്നേഹമുള്ളൂ..

കുംബളങ്ങാട്ടിലെ വായനശാലയില്‍ നിന്നെടുത്ത കാലവും മഞ്ഞും നാലുകെട്ടും വായിച്ചു വാ പൊളിച്ചു നിന്ന പതിനോന്ന് വയസ്സുകാരന്‍ പയ്യന്‍ ഇന്ന് ഒരുപാട് വായിച്ചിട്ടും എം ടി യുടെ രചനകള്‍ കൈകളിലെടുക്കുമ്പോള്‍ തോന്നുന്ന ആര്‍ദ്രത, പുതുമഴയില്‍ നനഞ്ഞുര്‍വ്വരയായ ണ്ണില്‍ കിളിര്‍ക്കുന്ന പുതുനാംബിനെപോലെ പുളകം കൊള്ളൂകയാണ്. പാടിപതിഞ്ഞ വരികള്‍ വീണ്ടുമോരാവര്‍ത്തി വായിക്കുമ്പോഴും ഇന്നും അന്തിച്ചു തന്നെ നില്‍ക്കുന്നു. ചുട്ടുപഴുത്ത മേടമാസത്തിലെ അനിഴം നാളിനു പകരം കര്‍ക്കിടകത്തിലെ ഉത്രട്ടാതിയില്‍ ജനിച്ചാല്‍ മതിയായിരുന്നുവെന്നത് പലവട്ടം തികട്ടി വന്ന ഒരു കൌമാര ചിന്തയായിരുന്നു. പക്ഷെ യുഗപിറവികള്‍ ആവര്‍ത്തിക്കാറില്ല എന്ന സത്യം ഞാനപ്പൊള്‍ തന്നെ തിരിച്ചറിയുകയും ചെയ്യുന്നു.

മലയാള സാഹിത്യ ചക്രവാളത്തിലെ കാരണവരായ,
മഹാമേരുവായ,
കുലപതിയായ,
മിത്തായ,
ലെജെണ്ടായ,
കമ്രനക്ഷ്ത്രമായ
ഇദേഹത്തിന്റെ തൂലികയില്‍ കാഞ്ചനകാഞ്ചി വിടര്‍ത്തിയ,
കിളികൊന്ച്ചലുകളായി പീലിവീശിയ മലയാളം പറയാനും,
മലയാളിയായി പിറക്കാനുമായതില്‍ അഭിമാനം കൊണ്ട്,
അതിഹര്‍ഷത്തോടെ, നമ്രശീര്‍ഷനായി, വെറുമൊരു പുല്‍കൊടിയായ ഞാന്‍,
അനര്‍ഹമായതെന്തോ ചെയ്യുന്നതിന്റെ സന്ദിഗ്ധതയില്‍
അദേഹത്തിന്റെ പാദങ്ങളില്‍ നമസ്കരിച്ചുകൊണ്ട്
ആശംസകള്‍ കാണിക്കയായിയര്‍പ്പിക്കുന്നു.

പ്രണാമം; മഹാല്‍മാവേ, സാംഷ്ടംഗപ്രണാമം......

No comments:

Post a Comment