പുരുഷന്മാര്‍ ക്രൂരന്മാരനാണ്, സ്ത്രീകള്‍ കരുണയുള്ളവരാണെന്നാണല്ലോ വെയ്പ്പ്. ന്നാ കേട്ടോളൂ...
തിരുവനന്തപുരത്തു വീട്ടില്‍ എലിശല്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ ഒരു എലികെണി വാങ്ങിവെച്ചു. പഴയ മോഡല്‍ ആണ്, എലി ഉള്ളില്‍ കയറിയാല്‍ ടപേ എന്നടയുന്ന പെട്ടി. രണ്ടു ദിവസത്തിനുള്ളില്‍ എലി പെടുകയും പൂച്ചയില്ലാത്ത എന്റെ വീട്ടില്‍ പുലിയെപോലെ വാണിരുന്ന ലവന്‍ സ്വയം ശശിയായി, അറയില്‍പെട്ട മണിചിത്രതാഴിലെ അല്ലിയെ പോലെ വിറക്കാനും വിയര്‍ക്കാനും തുടങ്ങി. ജയ പറഞ്ഞു : വെള്ളത്തില്‍ മുക്കി കൊന്നു പറമ്പില്‍ കൊണ്ട് പൊയ്ക ശവദാഹംനടത്തണം. ഹിന്ദുവോ മുസല്‍മാണോ ക്രിസ്ത്യാനിയോ എന്ന് ഉറപ്പില്ലാത്തതിനാല്‍ പൊതുവേ സ്വീകാര്യമായ മണ്ണിനടിയില്‍ കുഴിചിടാമെന്നു മതേതരത്വം ഉയര്‍ത്തിപിടിച്ചു അവളോതി. മുക്കി കൊല്ലുക. മൂക്കിലൂടെയും വായിലൂടെയും വെള്ളം കയറി, ശ്വാസകോശത്തില്‍ നിറഞ്ഞു കണ്ണുകള്‍ തള്ളി, മലമൂത്ര വിസര്‍ജ്ജനം ചെയ്തു ഞെരമ്പുകള്‍ പൊട്ടി മരിക്കുക. വളരെ ക്രൂരമായി എനിക്ക് തോന്നി. കുറച്ചു കൂടി വേദന കുറഞ്ഞ പെട്ടെന്ന് മരിക്കാവുന്ന ഒരു രീതി അവലംബിക്കണമെന്നു ഞാന്‍ ഒരു സങ്കട ഹര്‍ജി വീട്ടില്‍ രാഷ്ട്രപതിയായ സഹ ധര്മിനിക്ക് ഫോര്‍വേഡ് ചെയ്തു. എന്നാ പിന്നെ ഒരു ചൂല്‍ എടുത്തു ഒറ്റയടിക്ക് കൊല്ല് എന്ന് വിധിന്യായം എഴുതി പേന ടെസ്കില്‍ കുത്തിയോടിച്ചു കൊഞ്ഞനം കുത്തി അവള്‍ അടുക്കളയില്‍ കയറി.
ഞാന്‍ കെണിയെടുത്തു എലിയെ തല്ലികൊല്ലാന്‍ ഏറ്റവും യോജിച്ച പട്ടചൂല്‍ എടുത്തു ബാല്കണിയില്‍ പോയി. ഞാന്‍ ബാല്‍ക്കണിയില്‍ പോയാല്‍ ശ്രീമതിയുടെ ഒരു കണ്ണും രണ്ടു കാതും എന്റെമേല്‍ ഉണ്ടായിരിക്കും. മുന്‍പിലുള്ള ബാല്‍കണിയില്‍ സീരിയല്‍ നടി മന്ദാകിനി പറഞ്ഞൊപ്പിച്ച പോലെ എന്റെ നല്ലകാലത്തിനു വരുമ്പോള്‍ കഷ്ടകാലത്തിനു ഞാന്‍ മൂളുന്നത് " കണ്ണും കണ്ണും തമ്മില്‍ തമ്മില്‍..... അല്ലെങ്കില്‍ "അക്കര ഇക്കരെ നിന്നാലെങ്ങനെ ആശ തീരും......" എന്നീ പാട്ടുകളായിരിക്കും. ആ സമയത്താണ് പഴയസിനിമകളില്‍ ബലാല്‍സംഘസമയത്ത് അനാവശ്യമായി നായകന്‍ ചാടിവീഴുന്നപോലെ ശ്രീമതി ബാല്കണിയില്‍ സീരിയലില്‍ ദൈവം വരുന്നപോലെ പ്രത്യക്ഷപെടുക. അപ്പോള്‍ ഞാനും എലിയും ഒരു പോലെ കെണിയിലാകും. രണ്ടുപേരും കരുണയ്ക്ക് വേണ്ടി യാചിക്കും; ദയാവധത്തിനും.
മക്കള്‍ ഇപ്പോള്‍ ഒരു കൊലപാതകം കാണാം എന്ന് കരുതി എന്റെയൊപ്പം വരും. ഞാന്‍ ഒളിമ്പിക്സില്‍ ഭാരദ്വാഹനത്തിനു വരുന്ന മത്സരാര്‍ത്തികളെ പോലെ രണ്ടുമൂന്നു ദീര്‍ഘശ്വസമെടുത്തു ധൈര്യം സംഭരിച്ചു പട്ടചൂല്‍ ഭീമന്‍ ഗദ പിടിച്ച പോലെ മുകളിലേക്കുയര്‍ത്തി ദുര്യോധനവധത്തിനു തെയ്യാറാവും. എലി എന്നെ ദയനീയമായി നോക്കും. ഞാന്‍ എലിയുടെ കണ്ണുകളിലേക്ക് നോക്കും. എലിയുടെ മിഴികളില്‍ ദയക്ക്, കരുണയ്ക്ക്, ജീവന് വേണ്ടിയുള്ള യാചന. ചിത്രം സിനിമയില്‍ മോഹന്‍ലാല്‍ സോമനോട് " എന്നെ വെറുതെ വിട്ടുകൂടെ സര്‍, ജീവിക്കാന്‍ കൊതിയായിട്ടു വയ്യ, " എന്ന് ചോദിക്കുന്ന രംഗം ഓര്‍മ വരും. ഞാന്‍ ചൂല്‍ ഉയര്‍ത്തി പിടിച്ചു വിനാഴികകളോളം തൊഴിലുറപ്പ് പദ്ധതിക്കാര്‍ പാതയോരത്ത് പണിയെടുക്കുന്ന പോലെ സ്ലോ മോഷനില്‍ നില്‍ക്കും. എലിയുടെയും എന്റെയും മിഴികള്‍ കരുണയുടെ പുതു പുതു അര്‍ഥങ്ങള്‍ കൈമാറും.... വിഷുവിനു കത്തിച്ചു മുറ്റത്തേക്ക് വലിച്ചെറിഞ്ഞ പടക്കം പൊട്ടാന്‍ കാത്തുനില്‍ക്കുന്ന പോലെ മക്കള്‍ അക്ഷമരായി എന്നെയും എപ്പോള്‍ വേണമെങ്കിലും പതിക്കാവുന്ന ചൂലിനെയും ഇഹലോകവാസം വെടിയാന്‍ പോവുന്ന ജീവന്റെ തുടിപ്പിനെയും മാറി മാറി നോക്കി നില്‍ക്കും.
അരമണികൂറായിട്ടും എന്നെ കാണാഞ്ഞിട്ട്, എന്തോ സംശയാസ്പദമായ ഒരു സാഹചര്യം ബാല്കണിയില്‍ ഉടലെടുത്തിരിക്കുന്നു എന്ന സ്ത്രീചിന്തയുമായി ജയത്തിന്റെ ശ്രീ മുഖതണിഞ്ഞു നടക്കുന്ന ശ്രീമതി വരും. മറ്റേ ബാല്‍കണിയിലെക്കു പാളി നോക്കി ഒന്ന് ഇരുത്തിമൂളും. എന്റെ കരുണനിറഞ്ഞ പച്ചവേഷം കണ്ടു, " എന്തിനു കൊള്ളാം" എന്ന മുഖഭാഷയുമായി, ചൂല് വാങ്ങി കട തിരിച്ചു പിടിച്ചു ഒറ്റയടി.....
ക്ടിം!!
സി എഫ്ഫു എല്‍ ബള്‍ബ് താഴേ വീണു പൊട്ടിയ പോലെ ഒരു ശബ്ദം കേള്‍ക്കാം. കുത്തികെടുത്തിയ സിഗരറ്റ്കുറ്റിപോലെ എലി ഇഹലോകവാസം വെടിഞ്ഞു, ദേവകള്‍ വര്‍ഷിച്ച പുഷ്പവൃഷടി ഏറ്റുവാങ്ങി, ശ്രീ ഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച റോക്കെറ്റ് പോലെ സ്വര്‍ഗത്തിലേക്ക് യാത്ര പുറപ്പെടും. ഞാനും മക്കളും നെടുവീര്‍പ്പിടും.
എന്നെപോലെ തന്നെയുള്ള ഒരു ദൈവസൃഷ്ടിയെ, ഭൂമിയുടെ ഒരു അവകാശിയെ തുടച്ചുനീക്കിയ ക്രൂരഹൃദയത്തെ കുറിച്ച് മുഖത്ത്നോക്കി പറയാനുള്ള ഗട്ട്സ് ഇല്ലാത്തതിനാല്‍ ഞാന്‍ മൌനത്തിന്റെ വാല്‍മീകം പൂകും. കാരണം അവള്‍ അപ്പോഴും ചൂലിന്റെ കട തിരിച്ചു പിടിച്ചിട്ടു തന്നെയാണ് നില്‍ക്കുക. അനാവശ്യമായി വായ തുറന്നു ഒരു ഇരുന്നൂറു വാട്ടിന്റെ സി എഫ എല്‍ ബള്‍ബ് കൂടി പോട്ടന്ടെന്നു ഞാന്‍ കരുതി, ജയം കൈവിട്ടു പോവുന്പോള്‍ വെള്ളതൂവാല എടുത്തു വീശുന്നപോലെ, "ജയ ജയ ജയ ജയ ഹെ" എന്ന് ദേശീയയഗാനം മൂളി മൗനസമാധിയടയും.. !!!
No comments:
Post a Comment