Wednesday, 30 July 2014

മനുഷ്യന്‍....

എന്‍റെ മാതപിതാക്കാള്‍ ഹിന്ദുക്കളാണ്. അതുകൊണ്ട് മാത്രം, അതുകൊണ്ട് മാത്രം ഞാനും ഒരു ഹിന്ദുവായി ജീവിക്കുന്നു. അതുപോലെ തന്നെ മറ്റു മതങ്ങളില്‍ ജീവിക്കുന്നവരും. എന്തെങ്കിലും അപകടം സംഭവിക്കുമ്പോള്‍ ഈശ്വര, ദൈവമേ, ന്റെ ഗുരുവായൂരപ്പാ എന്നോക്കെ വിളിച്ചു പഠിച്ചു. അതൊരു ശീലമാണ്. ഹിന്ദുവായോ, ക്രിസ്ത്യന്‍ ആയോ മോഹമദീയന്‍ ആയോ ജനിക്കുന്നതില്‍ നമ്മുക്ക് ഒരു പങ്കും ഇല്ല. ഏതു മതത്തില്‍ ജനിച്ചു എന്ന് അനുസരിച്ച് നമ്മള്‍ വിശ്വാസങ്ങള്‍ തുടര്ന്ന് പോരുന്നു. എന്‍റെ നാട്ടില്‍ ക്രിസ്ത്യാനികള്‍ കൂടുതല്‍ ഉള്ളതിനാല്‍ അവരുടെ ജീവിതരീതികള്‍ എന്നില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്, അതിലൊന്നാണ് മാല്സ്യമാംസ ഭക്ഷണം.

നമ്മുടെ മാതാപിതാക്കളുടെ ജാതിയും മതവും നമ്മുക്ക് പകര്‍ന്നു കിട്ടുന്നപോലെ തന്നെ, ഒന്നാണ് ദൈവ വിശ്വാസവും. എനിക്ക് ഭക്തി കുറവാണ്. പക്ഷെ അമ്പലത്തില്‍ പോകാറുണ്ട്, എന്തിനാ എന്ന് ചോദിച്ചാല്‍ ഇഷ്ടമാണ് പോകുന്നത്, കുട്ടിക്കാലം മുതലുള്ള ശീലം പിന്തുടരുന്നു. അമ്മയുടെ, ഭാര്യയുടെ നിര്‍ബന്ധത്താല്‍ വഴിപാടുകള്‍ കഴിക്കുന്നു. അവരുടെ സന്തോഷം എന്റെയും സന്തോഷം. അമ്പലത്തില്‍ പൈസ ഇടാറുണ്ട്, അമ്പലങ്ങള്‍ നിലനില്‍ക്കണം എന്ന് ആഗ്രഹമുണ്ട്. ആഘോഷങ്ങള്‍ ഒത്തിരി ഇഷ്ടവുമാണ്. " ഒരു നേരമെന്കിലും കാണാതെ വയ്യന്റെ ഗുരുവായൂരപ്പാ നിന്‍ പുണ്ണ്യരൂപം" എന്ന് യേശുദാസ്‌ പാടുമ്പോള്‍ എനിക്ക് ഭക്തിയി വരില്ല. പക്ഷെ മധുരതരമായ ആ ഗാനം വീണ്ടും വീണ്ടും ഞാന്‍ കേള്ക്കും . വീട്ടില്‍ പൂജമുറിയുണ്ട്, അവിടെ പല വര്‍ണങ്ങളിലുള്ള ചിത്രങ്ങള്‍ ഉണ്ട്, വിഗ്രഹങ്ങള്‍ ഉണ്ട്. കാണാന്‍ സുഖവും ഭംഗിയുമുണ്ട്. ശബരിമലയില്‍ കെട്ട് എടുക്കാതെ, മാലയിടാതെ, പോയിട്ടുണ്ട്. പഴനി/മധുര പോയി ഇനി ഒരിക്കലും കാലു കുത്തില്ല എന്ന് ശപഥം ചെയ്തു തിരിച്ചു പോന്നിട്ടുമുണ്ട്.

എന്റെ വിഭക്തി ഞാന്‍ മറ്റുള്ളവരുടെ മേല്‍ അടിചെല്പ്പിക്കാറില്ല. എന്റെ കുടുമ്പത്തില്‍ പോലും. എല്ലാവരും സ്വയം കണ്ടെത്തുക, എവിടെ അഭയം/ആശ്വാസം/സമാധാനം കണ്ടെത്താന്‍ സാധിക്കുന്നുവോ, കണ്ടെത്തുക, ആള്‍ ദൈവമോ, കരിങ്കല്ലോ, വിഗ്രഹമോ, സചേതനമോ അചെതനമോ, എന്തെങ്കിലും ആകട്ടെ, ആശ്വാസവും അഭയവും തരുന്നതെന്തും ദൈവമാണ്. ഔര്‍ ഗുണവും ഇല്ലെങ്കില്‍ പിന്നെ നിരീശ്വര വാദി ആയിരുന്നിട്ടു കാര്യമെന്താണ്. കുറഞ്ഞപക്ഷം ദൈവം നമ്മെ ഉപദ്രവിക്കില്ല, ഉഅപക്രിചില്ലെങ്കിലും. ദൈവം മനുഷ്യരിലും പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളിലും ഉണ്ട്. വെളിച്ചം തരുന്ന സൂര്യന്‍, ദാഹജലം തരുന്ന മഴ, തണല്‍ തരുന്ന മരം എല്ലാം ദൈവ ചൈതന്ന്യം ഉള്ളതാണ്. അതാണെന്റെ വിശ്വാസം. എന്നിലും ദൈവമുണ്ട് പിശാച്ചുമുണ്ട്. അതുപോലെ എല്ലാവരിലും. സമയവും സന്ദര്‍ഭവവും അനുസ്സരിച്ച് ഈ രണ്ടു അവസ്ഥകളും പുറത്തു വരും. ഇതില്‍ ഏതു അംശം കൂടി നില്‍ക്കുന്നു എന്നതനിനനുസരിച്ചു നമ്മുക്ക് ദൈവചൈതന്ന്യം ഏറിയും കുറഞ്ഞുമിരിക്കും.
ഏതു വിശ്വാസവും, അത് അന്ധ വിശ്വസമാനെന്കില്‍ കൂടി, സമൂഹത്തിനു നല്ലതാണെങ്കില്‍, മനുഷ്യനെ നല്ലവഴിക്ക് നയിക്കുമെന്കില്‍ നല്ലത് തന്നെയാണ്. ദൈവ/മതവിശ്വാസം തൂതെറിഞ്ഞിട്ടു കള്ളനോ കൊലപാതകിയോ രാജ്യദ്രോഹിയോ ആയിട്ട് കാര്യമില്ലല്ലോ. വിശ്വാസങ്ങള്‍ പലപ്പോഴും നമ്മുക്ക് ആശ്വാസം തരാറുണ്ട്. വിധി, നിയോഗം ഒക്കെ ഉള്ളത് കൊണ്ട് നമ്മള്‍ കുറെയൊക്കെ ഇതിലൊക്കെ പഴിചാരി ആശ്വാസം കൊല്ലാരുമുണ്ട്. മനുഷ്യനും സമൂഹത്തിനും ഗുണകരമാനെന്കില്‍ വിശ്വാസങ്ങള്‍ മുറുകെ പിടിക്കുന്നതില്‍ തെറ്റില്ല എന്നാണു എന്റെ പക്ഷം.

ഈ സമീപനം തന്നെയാണ് എന്നെ ഒരു രാഷ്ട്രീയകക്ഷിയിലും അന്ധമായി, ആവര്‍ത്തിക്കുന്നു, അന്ധമായി വിശ്വസിക്കാന്‍ പ്രേരിപ്പിക്കാത്തത്. എന്നല ഞാന്‍ നിഷ്പക്ഷന്‍ അല്ല താനും. ഇടതു പക്ഷത്തിന്റെ കൂടെ നില്‍ക്കുമ്പോഴും ഞാന്‍മറ്റു രാഷ്ടീയകക്ഷികളെ താറടിച്ചു എഴുതാറില്ല. ആക്ഷേപഹാസ്യത്തില്‍ ചിലപ്പോള്‍ ഭരിക്കുന്നവരെ കളിയാക്കാറുണ്ട്. ഒരു കൊടിയുടെ കീഴില്‍ നടക്കുമ്പോള്‍, ആ പാര്‍ടിയുടെ നന്മമാത്രം കാണുകയും അതിലെ തിന്മ ഞാന്‍ കാണാതെ പോവുകയും ചെയ്യും, അത് ഞാന്‍ എന്നോട് ചെയ്യുന്ന അപരാധമാകും. നന്മ എല്ലാവരിലും എല്ലാറ്റിലും ഉണ്ട്. ഒന്നിനെയും, ആരെയും അന്ധമായി സ്തുതിക്കാണോ തള്ളിപറയാനോ എനിക്ക് സാധ്യമല്ല. നന്മ ആരു ചെയ്താലും സ്വാഗതം, തിന്മ ആര് ചെയ്താലും അത് വിമര്‍ശിക്കപെടുക തന്നെ വേണം. ഒരു നിഷ്പക്ഷന്‍ എന്ന പേര് എനിക്ക് യോജിക്കില്ല, എനിക്ക് പക്ഷമുണ്ട്, ഞാന്‍ ഒരു ഹിന്ദുവായതിനാല്‍ ഹിന്ദുപക്ഷവും, പിന്നെ ഒരു പ്രതീക്ഷയായി കൊണ്ട് നടക്കുന്ന, ജാതിമതരഹിത സമൂഹം സ്വപ്നം കാണുന്ന ഇടതു പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കാനുള്ള ത്വരയും. ഈ അനുഭാവികളെ ഇടതുപക്ഷം പലപ്പോഴും പുച്ഛത്തോടെ കാണുന്നത് വേദനയോടെ കാണുന്നവാനാണ് ഞാന്‍. എന്നാല്‍ ഈ വിശ്വാസങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടു, ഇതിനേക്കാളോക്കെ ഉപരിയായി, ഞാന്‍ ആവാന്‍ ശ്രമിക്കുന്നത് ഒരു മനുഷ്യനാവാനാണ്......

വിശ്വാസങ്ങള്‍ എന്നെ പിന്നോട്ട് വലിക്കുമ്പോഴും, എന്നില്‍ ഇരുട്ട് നിറക്കുമ്പോഴും
അന്ധനായി പോകാതെ,
ബധിരനായി പോകാതെ,
മൂകനായി പോകാതെ
ഞാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു; ഒരു മനുഷ്യനാകാന്‍......!!!

No comments:

Post a Comment