Wednesday, 30 July 2014

കാലഭേദങ്ങള്‍ താണ്ടിയ, കാലാതിവര്‍ത്തിയായ ആസ്വാദനത്തിന്‍റെ സുരഭിലകാലം.



അപകര്‍ഷതക്കും ദാരിദ്ര്യത്തിനും മറുമരുന്നായി കണ്ടത് വായനയാണ്. വിലകുറഞ്ഞ ശീട്ടിതുണിയുടെ കട്ടിയുടുപ്പിന് മറയ്ക്കാന്‍ കഴിയാതിരുന്ന ദുര്യോഗങ്ങള്‍ ഇറക്കി വെച്ചത് അക്ഷരങ്ങളുടെ അത്താണിയിലായിരുന്നു. ഇരുള്‍മൂടിയ വായനശാലയുടെ അകത്തളങ്ങളില്‍ വിശപ്പും വായനയും കൌമാരത്രുഷണകളെ പോലെ ആര്‍ത്തിപൂണ്ടു നടന്നു. മാറാലയും ഇരുട്ടും പൊടിയും സമ്മേളിച്ച, മങ്ങിയ നാല്പതു വാട് ബള്‍ബിന്റെ നിറംകെട്ട ജീവിതവെളിച്ചത്തില്‍, പഴക്കംകൊണ്ട് മഞ്ഞച്ച, കറുത്ത ബൈന്ടിട്ട, ഒടിഞ്ഞും മടങ്ങിയുമിരുന്ന, അക്ഷരഖനികളെ, ഇരട്ടവാലനും പാറ്റയും ഞാനും ചേർന്നുകാര്‍ന്നു തിന്നാന്‍ തുടങ്ങി. പിന്നെ വിശപ്പറിഞ്ഞില്ല; വേദനകളും..

ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് "കാലം" ആദ്യമായി വായിക്കുന്നത്. സേതുവിന്‍റെ കൌതുകബാല്യവും തൃഷ്ണകൌമാരവും ആകുലതകളുടെ യൌവ്വനവും വിഹ്വലതകളുടെ മധ്യഹ്നവും എനിക്ക് പരിചിതവും ആസന്നഭാവിയുമായി തോന്നി. ദാരിദ്ര്യം ഒരു ശാപമാണെന്ന് എം ടി പറഞ്ഞപ്പോള്‍ ഞാനതിനു അടിവരയിട്ടു. സേതു കരഞ്ഞപ്പോള്‍ എന്റെ മിഴികളില്‍ നിന്നുതിര്‍ന്ന ഈറന്‍മണികളാല്‍ പുസ്തകതള്കള്‍ നനഞു കുതിര്‍ന്നു. ജീവിതത്തില്‍ നേട്ടങ്ങള്‍ വന്നപ്പോള്‍ അഹങ്കരിച്ച സേതുവിനോടോപ്പം ഞാന്‍ തലയുയര്‍ത്തി നടന്നു. സേതു പശ്ച്ചാതപിച്ചപ്പോള്‍ എന്റെ തൊണ്ടയിലും ഗദ്ഗദങ്ങള്‍ ഇറ്കിയമര്‍ന്നു.

കറുപ്പെന്നു തന്നെ വിളിക്കാവുന്ന ഇരുനിറം, അകന്നു നില്‍ക്കുന്ന പല്ലുകള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ വിഷമം തോന്നും. എത്ര ചീകിയാലും നെറുകയിലെ ചുഴിയില്‍ നിന്ന് കോലന്‍ മുടി മുള്ളന്‍പന്നിയുടെ മുള്ളുകള്‍ പോലെ ഉയര്‍ന്നു നില്‍ക്കുമെന്ന് എം ടി എഴുതുമ്പോള്‍ കഥ സേതുവിന്റെതോ വാസുവിന്റെതോ അതോ സുധയുടേതോ എന്ന് സംശയിച്ചു പോയിരുന്നു. സ്ത്രീ എന്നും സേതുവിൻടെ ദൌര്‍ബല്യമായിരുന്നു. സ്ത്രീയല്ല; സ്ത്രീകള്‍. സുമിത്രയും തങ്കമണിയും ലളിതാശ്രീനിവാസനും ജീവിതയാത്രയിലെ ഉഷ്ണഘട്ടങ്ങളില്‍ ശരീരകാമനകളെ വീശിതണുപ്പിക്കാനുപയോഗിച്ച പാളവിശറികള്‍ മാത്രം. വനതൃഷ്ണകളുടെ കിതപ്പടക്കാനുള്ള ഉര്‍വരഭൂമികള്‍. പാവങ്ങള്‍; അവറ്റ അതൊക്കെ പവിത്രസ്നേഹമെന്നു ധരിച്ചുപോയിരുന്നു.
...........................................
" കൈ പിടിച്ചു നിലത്ത് ഇരുത്തിയപ്പോള്‍ സുമിത്ര വിറക്കുന്നുന്ടെന്നു തോന്നി. തലക്കുള്ളില്‍ ച്ചുഴലിക്കാറ്റായിരുന്നു.

വേണ്ട, വേണ്ട...

കേട്ടില്ല. ( ചെവിയടച്ചു പോയിരുന്നു.)

സേതു..... ( വിളിയില്‍ സുഖമുള്ള ദയനീയത നിഴലിച്ചു നിന്നു)

ഉണ്ണിതണ്ടുപോലെ നനുത്ത അടിവയറിലൂടെ പൊള്ളുന്ന വിരലുകള്‍ ഓടി നടന്നപ്പോള്‍ സുമിത്ര പിടഞ്ഞു.. ആദ്യപാപതിന്റെ ഇരുണ്ട നിഴലുകള്‍ പിണഞ്ഞു കൊണ്ടിരുന്നു. സുമിത്രയുടെ മുടിക്കെട്ടിലെ എണ്ണമിനുപ്പു കാവിനിറമുള്ള നിലത്ത് രൂപമില്ലാത്ത ചിത്രപണികള്‍ വരച്ചു തീര്‍ത്തത് കൌതുകത്തോടെ നോക്കിയിരുന്നു, വിജയത്തിന്റെ മൃദുഹാസവുമായി.
.............................................
സുമിത്രയോടു സേതുവിന് സ്നേഹമുണ്ടയിരുന്നോ?; മുലയും ചന്തിയും തുടിപ്പുമുള്ള വെറും ഒരു പെണ്ണിനോടുള്ള കൌമാരക്കാരന്റെ അഭിനിവേശം മാത്രം, പക്ഷെ സുമിത്രയെ ആരും സ്നേഹിക്കുന്നത് ഇഷ്ടമല്ലായിരുന്നു, സ്വാര്‍ത്ഥതയുടെ മൂര്‍ത്തരൂപമായിരുന്ന സേതുവിന്.
--------------------------------------------------------------
പുഴക്ക് മുകളിലെ തെങ്ങിന്‍റെ തടിയിട്ട ഒറ്റവരി പാലം കടക്കുമ്പോള്‍ തങ്കമണിയുടെ കൈകള്‍ പിടിച്ചു . നനുത്ത വിരലുകള്‍. പൌടറിന്റെയും മുല്ലപ്പൂകളുടെയും ഗന്ധം. മരുവശത്തെത്തിയപ്പോളും പിടി വിട്ടില്ല. മുകളില്‍ തെളിഞ്ഞ ആകാശം. താഴെ നിലാവിന്റെ നീണ്ട പുഴയോഴുകുന്ന വഴിത്താര, സന്ധ്യക്ക് വിടര്‍ന്ന അരിമുല്ലപ്പൂക്കളുടെ സുഗന്ധം ആസ്വദിച്ച് കൊണ്ട് അവളുടെ കൈ പിടിച്ചു നടന്നു. നിലാവും സുഗന്ധവും മേളമൊരുക്കി ലോകം എനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. എനിക്ക് വേണ്ടി...
.......................................
വിജയങ്ങള്‍ രണ്ടു ശരീരങ്ങളിലും മാറിമാറി വിളവുകള്‍ കൊയ്തെടുക്കുകയായിരുന്നു. പിന്നെ മേദസ്സ് നിറഞ്ഞു കവിഞ്ഞ ലളിതാശ്രീനിവാസന്റെ ആടിയുലഞ്ഞ ശരീരത്തിനോടോപ്പം സമ്പത്തും കൂട്ട് വന്നപ്പോള്‍ സേതുവിന്‍റെ പതനം പൂര്‍ത്തിയായിരുന്നു. എവിടെ നിന്നോ തുടങ്ങി എങ്ങുമെത്താതെ പോയ ജന്മം. വിളവെടുപ്പിനു ശേഷമുള്ള കുററബോധങ്ങള്‍ക്കും പശ്ചാപങ്ങള്‍ക്കും ഒരു കരച്ചിലില്‍ മുക്തിയും മോക്ഷവും നല്‍കി സ്വയം തൃപ്തിയടഞ്ഞു. ജീവിതത്തിന്റെ ആകസ്മിതകള്‍ തേര്‍വാഴ്ച നടത്തിയ സ്വന്തം ജീവിതം കൈവിട്ടുപോകുന്നത് അറിഞ്ഞു, സ്വയം വേഷംകെട്ടിയാടുകയായിരുന്നു സേതു. സുമിത്രയും തങ്കമണിയും ലളിതാ ശ്രീനിവാസനും ഇടവേളകളില്‍ വന്നുപോയ കിനാവുകള്‍ പോലെ മങ്ങി മാഞ്ഞു മറഞ്ഞുപോയി.. കൈപിടിയിലോതുങ്ങാതെ പോയ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍, യോഗനിയോഗങ്ങള്‍. കിട്ടുന്നത് വരെയുള്ള ആവേശം ദ്രുതവേഗത്തില്‍ കെട്ടടങ്ങുന്ന നിമിഷമോഹത്രുഷ്ണകളാണ് സേതുവിന് എന്തും.... എപ്പോഴും.

മധ്യാഹ്നതിലെ തിരിച്ചറിവിലെ തിരിചുവരവില്‍, നഷ്ടപെട്ടതോന്നും വീണ്ടെടുക്കാനാവില്ലയെന്നറിഞ്ഞു കൊണ്ട് തന്നെ, പശ്ചതാപത്തിനുള്ള വാക്കിനും അവസരത്തിനും പരതി പരാജയപ്പെട്ടു, മോക്ഷം കിട്ടാതെ അലയുന്ന ഒരു മനസിന്റെ ഉടമയെയാണ് നമ്മള്‍ സേതുവില്‍ കാണുന്നത്. വളരെ കാലത്തിനു ശേഷം ക്ഷേത്രനടയില്‍ നില്‍ക്കുമ്പോള്‍ സേതു പ്രാര്‍ത്ഥിക്കാന്‍ മറക്കുകയാണ്, പ്രാര്‍ഥനകള്‍ പോലും കൈവിട്ട ജന്മം. അല്ലെങ്കില്‍ എന്താണ് പ്രാര്‍ഥിക്കേണ്ടത്. ഒരവസരം കൂടി താരാന്‍; ജീവിതം ചിട്ടപെടുത്താന്‍, തെറ്റുകള്‍ തിരുത്താന്‍, മനുഷ്യനാവാന്‍, ഒരു അവസരം കൂടി...
---------------------------

സുമിത്രേ, നിനക്കിവിടെ സഹായത്തിനു...

ഭഗവാനുണ്ട്.. ( പരിഹാസം..)

ചവിട്ടടികളില്‍ അമര്‍ന്നു പോയ തുംബപ്പൂവിന്‍റെ നിറമുള്ള മുഖത്ത് കണ്ണുകള്‍ ഒരു നിമിഷം പിടഞ്ഞു പലതും പറയാനാഗ്രഹിച്ചു. നാവിന്‍ തുംബിലേക്ക് തിരക്കികയറിയ വാക്കുകള്‍ ജീവന്‍ കൊള്ളാതെ വെറുങ്ങലിച്ചു വീണു.

നിനക്ക് എന്നോട് വെറുപ്പുണ്ട ല്ലേ....?
സുമിത്ര ചിരിച്ചു.

എനിക്ക് നിന്നെ ഇഷ്ടമായിരുന്നു..

സുമിത്ര വീണ്ടും ചിരിച്ചു; വികൃതമായി. പിന്നെ വിദൂരതിയിലേക്ക് നോക്കി പറഞ്ഞു.

ഇഷ്ടം.........

സേതൂനു എന്നും ഒരാളോടെ ഇഷ്ടം ഉണ്ടായിരുന്നുള്ളൂ. സേതൂനോട് മാത്രം..

ഇടിവെട്ടേറ്റു നിന്നുപോയി സേതു; ഒപ്പം കാലവും. സേതുവിന്‍റെ പതനം പൂര്‍ത്തിയാക്കി കൊണ്ട്, ഒരിക്കല്‍ കൂടി അറിവും വെളിച്ചവുമില്ലാത്ത ഒരു പൊട്ടിപെണ്ണിന്റെ മുന്‍പില്‍ സേതുവെന്ന സ്വാര്‍ത്ഥജന്മത്തെ ഇന്ചിചായി ചവുട്ടിയരക്കുകയാണ് എം ടി.

വായിച്ചു മടക്കിയ പുസ്തകം താഴെവെക്കാതെ അകലേക്ക്‌ നോക്കി സേതുവിനെ സ്വയം കണ്ട നാളുകള്‍. പുരുഷന്‍മാര്‍ സ്വാര്‍ത്ഥന്‍മാരാണെന്ന് സുമിത്രയെ കൊണ്ട് പറയിപ്പിപ്പോള്‍ തന്നിലും, ചുറ്റും കണ്ട സ്വാര്‍ത്ഥരായ പുരുഷന്മാരെ കണ്ടു ലജ്ജിച്ചു തലതാഴ്ത്തി. സുമിത്രമാരും തന്കമണിമാരും മനോമുകുരത്തില്‍ മിന്നി മറഞ്ഞു. ഭോഗകാമനകളുടെ ശമനത്തിനുള്ള ഉപഭോഗവസ്തുക്കളായി സ്ത്രീയെ കാണുന്ന പുരുഷചിന്തകള്‍ വാരികുഴികളായി മാറുന്നതറിഞ്ഞു വ്യസനിച്ചു. ചുറ്റുമുള്ളതെന്തും തന്റെ സുഖത്തിനും സന്തോഷത്തിനും മാത്രമാണെന്നുള്ള തോന്നലുകള്‍ക്ക് അടിവരകള്‍ തുന്നിചെര്‍ത്തു.

കാലം പിന്നെയുമോഴുകി.
സേതുവും സുധാകരനുമൊക്കെ കാലത്തിനോടൊപ്പമൊഴുകാതെ,
കാലത്തോടും കാമനകളോടും കലഹിച്ചു നിന്നു.....

No comments:

Post a Comment