Sunday 7 December 2014

ഒരു വടക്കന്‍ പ്രണയഗാഥ - II

ചന്തു; കരിന്തിരി കത്തിയ പ്രണയാര്‍ദ്രജന്മം. ( Part I )
സന്ധ്യാവന്ദനത്തിനു കളരിയില്‍ വിളക്ക് തെളിയിച്ചു കഴിഞ്ഞു കയ്യില്‍ പുരണ്ട മെഴുക്ക് കഴുകികളയാനാണ് കുളപുരയിലേക്ക് ചെന്നത്. രണ്ടു പടികളിറങ്ങിയപ്പോഴാണ് തൂക്കുവിളക്കിന്റെ വെളിച്ചത്തില്‍ ഈറന്‍ പുതച്ചു ആര്‍ച്ച പടവുകള്‍ കയറി വരുന്നത് കണ്ടത്. പടവുകളിലേക്ക് കാലുയര്‍ത്തി വെക്കുന്പോള്‍ സ്ഥാനംതെറ്റുന്ന ഒറ്റമുണ്ടിന്റെ വികൃതിയില്‍ തെളിയുന്ന മേല്‍മുട്ടുകളില്‍ കണ്ണുകള്‍ മടങ്ങാന്‍ വിസമ്മതിച്ചു വിയര്‍ത്തുടക്കിനിന്നു. തെളിയുന്ന വെളുത്ത കാല്‍വണ്ണകളില്‍ പിണഞ്ഞു തെളിയുന്ന നീലഞെരമ്പുകള്‍ സിരകളില്‍ തീ കോരിയിട്ടു. മുടിയില്‍ തേച്ചു പിടിപ്പിച്ച കാച്ചിയ എണ്ണയുടെയും സാംന്ബ്രാണി പുകയുടെയും മദഗന്ധം അവളെക്കാള്‍ ഒരു പണത്തൂക്കം മുന്‍പേ എന്നെ തേടിവരുന്നുണ്ടായിരുന്നു. വെള്ളിചില്ലുകള്‍ പൊട്ടിചിതറുന്ന ചിരിയുതിര്‍ത്തു, നക്ഷത്രമിഴികള്‍ വിടര്‍ത്തിയവളരികില്‍ വന്നു മുട്ടിയുരുമി നനവും ചൂടും പകര്‍ന്നു നിന്നു. ആകാശത്തും ജലത്തിലും ഇരട്ടപെറ്റപോലെ ചിരിയുതിര്‍ത്തു കിടന്ന പൌര്‍ണമികന്യക പിന്‍വാങ്ങാതെ, മുഖം പൊത്താതെ കൌതുകകാഴ്ച്ചകൾ‍ക്കായി കാത്തുനിന്നു . ഉയര്‍ത്തിപിടിച്ച തൂക്കുവിളക്കിലെ തിരി വികൃതികാറ്റ് ഊതി കെടുത്തിയോ അതോ അവളുടെ ചുടുനിശ്വസങ്ങളുടെ നെരിപ്പോടില്‍ തനിയെ കെട്ടതോ... കുളകടവിലെ ചുവരിന്റെ മറവു ഇരുട്ട് തുന്നിചെര്‍ത്തു, ജ്വലിക്കുന്ന വികാരങ്ങള്‍ക്ക് മണിയറയൊരുക്കി. കോര്‍ത്തിണക്കിയ ചങ്ങലകണ്ണികള്‍ പോലെ ചേര്‍ന്നുറച്ചുപോയ ചുണ്ടുകള്‍ ബലമായി വേര്‍പ്പെടുവിച്ചു, കുഞ്ഞുനാളില്‍ അവളുടെ കഴുത്തില്‍ ചാര്‍ത്തിയ താലി പിടിച്ചുയര്‍ത്തി പറഞ്ഞു..
ഇതിനു തിളക്കം കൂട്ടിയിട്ടാവാം നമ്മുക്ക് വിസ്തരിച്ച്. അമ്മാവന്‍ മേല്‍കഴുകാന്‍ വരാറായി. പൊയ്ക്കോളൂ.
ആര്‍ത്തലച്ചു വന്ന വികാരതള്ളലുകള്‍ അമർത്തിയോതുക്കാനാവാതെ വേര്‍പെടാന്‍ മടിച്ചു ആര്‍ച്ച വീണ്ടും ചേര്‍ന്നുനിന്നു. കല്ലും മുള്ളും ചളിയും പുരണ്ടു കിടക്കുന്ന പടവുകളില്‍ മലര്‍മെത്തയൊരുക്കാൻ അവളൊരുക്കമാണെന്നു വിറയാര്‍ന്ന വിരലുകളും ഗതിവേഗം പൂണ്ട ശ്വാസോച്ച്വാസങ്ങളും ചുമലില്‍ സീല്‍ക്കാരങ്ങളുതിര്‍ക്കുന്ന വിളര്‍ത്ത ചുണ്ടുകളും പറയുന്നുണ്ടായിരുന്നു. തനിക്ക് ധൃതിയില്ലായിരുന്നു. മേനിയില്‍ ഒരു പോറല്‍ വീഴാതെ നിന്നെയെനിക്ക് വേണമെന്ന് പറഞ്ഞു പുറംചുവരിലെ വിളക്കില്‍നിന്ന് തിരിയെടുത്തു വിളക്കിലിട്ടു കൊടുത്തു യാത്രയാക്കി. വിളക്കിന്റെ ദീപപ്രഭയില്‍ തെളിയുന്ന നിതംബഭംഗി ഉള്ളിലെ വികാരതിരയിളക്കങ്ങള്‍ക്ക് നൂപുരധ്വനികള്‍ നല്‍കി. പതിഞ്ഞ കാല്‍വെയ്പ്പുകളോടെ അവള്‍ നടന്നപ്പോള്‍ കണങ്കാലില്‍ മുട്ടിയുരുമികിടന്ന പാദസരങ്ങള്‍ ഇക്കിളിചിരിയുതിര്‍ത്തു. ഈ ചൂടില്‍ ഇനിയുറങ്ങാനാവില്ലെന്നറിഞ്ഞ ചന്തു തണുത്ത ജലപരപ്പിലേക്ക് നടന്നിറങ്ങി.
എളംതർ മടത്തിലെ വൈക്കോല്‍പുരയില്‍ നിന്ന് ആഡംബരത്തിന്റെ ഈറ്റില്ലമായ, പേരും പെരുമയുമുള്ള പുത്തൂരം തറവാട്ടിലെക്കുള്ള പറിച്ചുനടല്‍ ആശാന്തിയുടെ ദിനങ്ങളാണ് നല്‍കിയതെന്ന് കഴുത്തോളം വെള്ളത്തില്‍ കിടന്നു ചന്തു ഓര്‍ത്തെടുത്തു. ആരോമലിന്റെയും കുഞ്ഞിരാമന്റെയും മുഖത്ത് സദാസമയം തെളിഞ്ഞു നിന്ന പുച്ചരസം കണ്ടില്ലെന്നു നടിച്ചു. മലയരനോട് തോറ്റു നാണം കേട്ട ഒരു ദരിദ്രചെകവന്റെ മകനായി പിറന്നതില്‍ വ്യസനിച്ചു. അമര്‍ഷവും രോഷവും കരുത്തായി ഊര്‍ജം പകരുകയായിരുന്നു. അഭ്യാസത്തിൽ ഒരടി മുന്‍പില്‍ നിന്നത് ആരോമലിന്റെ മുഖത്ത് കറുപ്പ് പടര്‍ത്തുന്നത് തനിക്ക് ആശ്വാസവും അനല്പമായ സന്തോഷവും നല്‍കി. അറിയാതെയെന്നപോലെ ആയുധങ്ങള്‍ കൊണ്ട് അവന്‍ തന്നെ മുറിവേല്‍പ്പിക്കുന്നത് ആനപകപോലെ അണപല്ലില്‍ ചേര്‍ത്ത് വെച്ചു. മുതലും പലിശയും ചേർത്തു തിരിച്ചു കൊടുത്തേ‍ എളംതർ തറവാട്ടിലേക്ക് തിരിച്ചു പോകൂവെന്ന് മനസ്സില്‍ വരച്ചിട്ടു ഓര്‍മ്മകളുടെ നിലയില്ലാകയത്തിലേക്ക് മുങ്ങാംകുഴിയിട്ടു.
കളരിയില്‍ വെച്ചാണ് അഭ്യാസകാഴ്ചയുന്ടെന്നറിയുന്നത്. ശരീരവടിവും ഉയരവുമുള്ള ആര്‍ച്ച പുരുഷാഭ്യാസികളെ നിഷ്കരുണം നാണം കെടുത്തുന്നത് കണ്ടപ്പോള്‍ ഉള്ളില്‍ ഹര്‍ഷത്തിന്റെ അരിമുല്ലപൂക്കള്‍ വിരിഞ്ഞു. ഈ ബലം ദുര്‍ബലമാവുന്നതും അഭ്യാസി അബലയാവുന്നതും തന്റെ കൈകളില്‍ മാത്രം. ചന്തു കിനാവുകളില്‍ നിന്നുണര്‍ന്നത് അമ്മാവന്‍ അഭ്യാസത്തിനായി പേര് ചൊല്ലി വിളിക്കുന്നത്‌ കേട്ടുകൊണ്ടാണ്. വരിഞ്ഞു മുറുക്കിയുടുത്ത മല്മല്‍ മുണ്ട് കൊണ്ടുള്ള അരപ്പട്ട ഒന്നുകൂടി ഉറപ്പിച്ചു, ഭൂമിദേവിയെ തൊട്ടു വന്ദിച്ചു തറയിലേക്ക് കയറി. നാടുവാഴിയുടേതടക്കം സന്നിഹിതരായിട്ടുള്ളവരുടെയെല്ലാം ആശീര്‍വാദങ്ങളും അനുഗ്രഹങ്ങളും സ്വീകരിക്കുന്നുവെന്ന വ്യാജേന തന്റെ സുഭഗസൌന്ദര്യം നാടിനെ മുഴുവന്‍ കാണിച്ചു ശരീരം വിജ്രുംബിപ്പിച്ചു പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ് ആരോമല്‍. സ്ത്രീകളുടെ ഭാഗത്ത് നിന്ന് വിടര്‍ന്ന കണ്ണുകളും അടക്കി പിടിച്ചിട്ടും പുറത്തു വരുന്ന ശ്.... ശബ്ദങ്ങളും സീല്‍ക്കാരങ്ങളും മേനിവര്‍ണ്ണനകളും കൊട്ടും കുരവക്കും മുകളിലും കേള്‍ക്കാമായിരുന്നു. മോരോഴിച്ചു, കടലാസു മുളക് തിരുമ്മി വടക്കൊറത്തിരുന്നു താന്‍ കുടിച്ച പഴന്കഞ്ഞിയുടെ സൌന്ദര്യം വെണ്ണയും നെയ്യും കൂട്ടികുഴച്ചു കഴിച്ച മേനിയെക്കാള്‍ തിളങ്ങില്ലെന്നു കരുതി ആശ്വസിക്കാന്‍ ശ്രമിച്ചു. ഇവിടെ മേനിയഴകല്ല; മെയ്‌വഴക്കവും കൈകരുത്തും ശരീരവേഗവുമാണ് അളന്നെടുക്കാന്‍ പോകുന്നത്. മച്ചുനാ, നീ കുടിച്ച വെണ്ണയും നെയ്യും ഇന്നിവിടെ ഉരുകിയോലിക്കും. നീ വിഷണ്ണനാവും, ചുവന്നു തുടുത്ത നിന്റെ മുഖം വിളര്‍ക്കും; വിയര്‍ക്കും. തെളിഞ്ഞു നില്‍ക്കുന്ന മുഖശ്രീ ഇന്ന് നിന്നോട് വിട പറയും. സ്തുതിപാഠകർ‍ പാടിയുയര്‍ത്തി വെച്ചിരിക്കുന്ന വിഗ്രഹം ഇന്ന് വീണുടയും.
ചുറ്റുപാടും ഉയരുന്ന ആരവങ്ങളും വെടിഘോഷങ്ങളും കൊട്ടും കുരവയും നിശബ്ദമാവുന്നപോലെ തോന്നി. തുറന്ന മൈതാനത്തിപ്പോള്‍ ഞാനുമവനും മാത്രം. ഒറ്റചാട്ടത്തിനു കടിച്ചു കുടഞ്ഞെറിയാന്‍ വെന്ബി നില്‍ക്കുന്ന സിംഹത്തെ പോലെ അവന്‍ മുരണ്ടും മൂളിയും നില്‍ക്കുന്നു. അമര്‍ത്തിയോതുക്കി അണപ്പല്ലില്‍ ഒതുക്കിവെച്ചിരുന്ന പകയും വിദ്വേഷവും വെറുപ്പും കൈകളിലും ശരീരത്തിലും ശക്തി നിറക്കുകയായിരുന്നു. കുഞ്ഞുനാള്‍ മുതല്‍ തരം കിട്ടുമ്പോഴൊക്കെ തന്നെ ദ്രോഹിച്ച ആ കൈകള്‍ ഇന്ന് വേദനയെന്തെന്നറിയും. ആഹാരവും അത്താണിയും തേടിവന്ന ദരിദ്രനെ കാണുമ്പോള്‍ അവന്റെ ചുണ്ടുകളില്‍ വിരിയുന്ന പുച്ചരസം ഇന്ന് കവര്‍ന്നെടുത്തു എന്റെ ചുണ്ടില്‍ തേച്ചു ചിരിക്കും. തുടക്കത്തില്‍ നല്ലവണ്ണം ഒതുങ്ങി കൊടുത്തു. കത്തി കയറട്ടെ. ഇരച്ചു കയറുന്ന അവനെ പത്തി വിടര്‍ത്തി നില്‍ക്കുമ്പോള്‍ അടിക്കണം. കൊണ്ടും തടുത്തും തിരിച്ചൊന്നും കൊടുക്കാതെയും ഉറുമിയിലും വടിയിലും കത്തിയിലും അവന്‍ തിളങ്ങിയുയര്‍ന്നു നിന്നു. കയ്യടികളും ആര്‍പ്പുവിളികളും അവനുവേണ്ടി എങ്ങുമുയര്‍ന്നു. എവിടെയൊക്കെയോ നീറുന്നുണ്ട്. പോറലുകള്‍ വീണ പുറവും കൈതന്ടയും ഉരഞ്ഞടര്‍ന്ന മുട്ടുകളും. ശക്തി ക്ഷയിപ്പിക്കുകയല്ല ആവേശം നിറക്കുകയായിരുന്നു. താന്‍ തളർന്നുവെന്നു തോന്നിയ അവന്‍ പരിഹാസത്തിന് മുതിര്‍ന്നു..
മതിയോ മച്ചുനാ ചന്തു.. സന്ധി ചെയ്തു ഇളനീര്‍ വെള്ളം കുടിച്ചു വിശ്രമിക്കാം..
അമ്മാവനോടു വാള്‍ ചു മേടിച്ചു ആരോമലിനു എറിഞ്ഞു കൊടുത്ത് പറഞ്ഞു..
ചുരികയും പരിചയുമെടുക്ക് മച്ചുനാ...
പിന്നെ തറയില്‍ നിന്നില്ല; അവനെ നിര്‍ത്തിയതുമില്ല. ഒതുങ്ങികൊടുത്ത തന്നെ നിഷ്പ്രയാസം തുടച്ചു നീക്കമെന്ന് കരുതിയ അവന്റെ കണ്ണുകള്‍ പതറി. ചുരികയേക്കാള്‍ കൂടുതല്‍ പരിചകൊണ്ട് പ്രതിരോധിക്കേണ്ടിവന്നു. ജരാസന്ധനെ നേരിട്ട ഭീമനെപോലെ താന്‍ കലിതുള്ളി, ആക്രോശിച്ചാക്രമിച്ചു കയറുകയായിരുന്നു. തന്റെ ഗതിവേഗം അനുമാനിക്കാന്‍ മറന്ന ആരോമല്‍ മുട്ട് കുത്തിയും ഇരുന്നും കിടന്നും മിന്നല്‍പിണര്‍ പോലെ പതിക്കുന്ന വാള്‍മുനകളില്‍ നിന്ന് രക്ഷപെടാന്‍ വിയര്‍ത്തു കുളിച്ചു. ഉടയാടകള്‍ മണ്ണിലും വിയര്‍പ്പിലും പുരണ്ടു ചുവന്നു. കവിളില്‍വീണ മുറിപാടിലെ ചോര ചുണ്ടുകളില്‍ രുചിച്ച ആരോമല്‍ പൂര്‍വ്വാധികം ശക്തിയോടെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. കൈതണ്ടയില്‍ ചവുട്ടി അവന്റെ വാള്‍ തെറിപ്പിച്ചു, പരിചയില്‍ പരിച അമര്‍ത്തി പിടിച്ചു തറയില്‍ കിടത്തി വാള്‍തല കഴുത്തില്‍ വെച്ച് ചോദിച്ചു...
തളര്‍ന്നോ സുന്ദരാ, മച്ചുനാ. ഇളനീര്‍ ചെത്തട്ടെ വാള്‍മുനകൊണ്ട്....?
അവന്‍റെ കണ്ണുകളില്‍ പരാജയഭീതിയോടൊപ്പം അപമാനവും പകയും നിഴലിച്ചു കിടന്നു . അവന്‍ വീണ്ടും ചുരികക്കായി ചോദിച്ചപ്പോള്‍ കളി കാര്യമാവുമെന്നു മനസ്സില്‍കണ്ട അമ്മാവന്‍ അഭ്യാസകാഴ്ച കഴിഞ്ഞതായി പ്രഖ്യാപിച്ചു .
ബാല്യം മുതല്‍ അഭ്യാസത്തില്‍ ഒരു മുഴം മുന്പിട്ടു നിന്നതിനു മനസ്സില്‍ സൂക്ഷിച്ച പകയുടെ ബാക്കിപത്രമായും അഭ്യാസകാഴ്ച്ചയില്‍ തിളങ്ങിയതിന്റെയും മധുരപ്രതികാരം ആരോമല്‍ വീട്ടിയത് ആര്‍ച്ചക്ക് കുഞ്ഞിരാമനെ തിരഞ്ഞെടുത്തു കൊണ്ടായിരുന്നു. ഇരുപത്തൊന്നു പൊന്‍പണം തന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു ബന്ധംമുറിച്ചു തന്നെ എന്നെന്നേക്കുമായി പുത്തൂരം വീട്ടില്‍ നിന്ന് പടിയിറക്കി. രണ്ടുതുള്ളി കണ്ണീരിലും " നേരാങ്ങള തീരുമാനിച്ചാല്‍ പിന്നെ എനിക്കെന്തു ചെയ്യാന്‍ കഴിയുമെന്ന " ആര്‍ച്ചയുടെ അലസവചനത്തില്‍ ഹൃദയം പിടഞ്ഞു. ശരിയാണ്, ചാണകമെഴുകിയ നിലവും തേക്കാത്ത ചുവരുകളും വൈക്കോല്‍ മേല്‍ക്കൂരയുമുള്ള കുടിലിലേക്ക് കടന്നുവരേണ്ട ഒരു ചേകോത്തീയല്ലവള്‍. ചില്ലുകൊട്ടാരത്തില്‍ വര്‍ണ്ണവസ്ത്രചമയങ്ങളില്‍ മുങ്ങി വീടും നാടും ഭരിക്കേണ്ട രാജകുമാരിയാണവള്‍. പ്രണയവും പരിണയവും രണ്ടും രണ്ടാണ്. പ്രണയത്തില്‍ പ്രിയം മതി; പരിണയത്തില്‍ പണവും. മടുപ്പിക്കുന്ന, ശ്വാസം മുട്ടുന്ന പുത്തൂരം തറവാട്ടില്‍ നിന്ന് ഇറങ്ങിയത് ലക്ഷ്യമില്ലാതെയാണ്. പക്ഷെ എത്തി ചെര്‍ന്നത് തുളുനാട്ടിലാണ്. അരിങ്ങോടര്‍ അരിയിട്ടുവാഴുന്ന നാട്ടിലെ കളരിയില്‍ നിന്ന് പലതും പഠിചെടുക്കാനുന്ടെന്നു തോന്നി. ജീവിതത്തില്‍ തോറ്റവന് പടവെട്ടി പിടിക്കാനോന്നുമില്ലെന്കിലും ഒരു യോദ്ധാവിന് യുദ്ധഭൂമിയില്‍ ഇനിയും പലതും ചെയ്തു തീര്‍ക്കാനുണ്ടെന്ന് തോന്നി.
കുന്ച്ചുണ്ണൂലിയുമായുള്ള ആരോമലിന്റെ വിവാഹത്തിനു മുഖം കാണിച്ചു മടങ്ങാന്‍ ധൃതി കൂട്ടി അധികമാര്‍ക്കും മുഖം കൊടുക്കാതെ കോണിയിറങ്ങി തിരിഞ്ഞപ്പോള്‍ മുന്നില്‍ ആര്‍ച്ച. തടിച്ചിരിക്കുന്നു അവള്‍. മദാലസപോലെയവള്‍ മുന്‍പില്‍ നിറഞ്ഞു ചിരിച്ചു വഴി തടുത്തു നിന്നു. മുന്നോട്ടു ഒരടി പോലും വെക്കാനാവാതെ തളര്‍ന്നു നിന്നു. എന്തേ വീരനായ താന്‍ ഇവളുടെ മുന്‍പില്‍ തളരുന്നു... ? ജീവിതത്തില്‍ മണം പരത്താതെപോയ ഈ അശോകചെമ്പകം തന്നിലെന്നും പൂത്തുലഞ്ഞു നില്‍ക്കുന്നതെന്തുകൊണ്ടാണ്? തനിക്കിവളെ വെറുക്കാനാവാത്തതെന്ത് കൊണ്ട്? ഒരുപാട് ചോദ്യങ്ങള്‍ തലക്കുള്ളില്‍ ചിത്രശലഭങ്ങളെപോലെ വട്ടമിട്ടു പറന്നു. കൈതണ്ടയില്‍ പിടിച്ചു ആര്‍ച്ച വശ്യമായി ചിരിച്ചു പറഞ്ഞു...
എന്നെ വെറുപ്പാണല്ലേ...?
അവള്‍ക്കറിയാം തനിക്കവളെ വെറുക്കാനാവില്ലെന്ന്. ഇവള്‍ പിരിഞ്ഞിട്ടും ഒരു പെണ്ണിനോടും ഇഷ്ടം തോന്നിയിട്ടില്ല. തന്റെ മോഹവും പ്രേമവും കാമവുമൊക്കെ ഇവളില്‍ തുടങ്ങുകയും ഇവളില്‍ തന്നെ അവസാനിക്കുകയും ചെയ്യുന്നു. കുഞ്ഞിരാമന്റെ വിസര്‍ജ്യങ്ങള്‍ ഏറ്റ് വാങ്ങിയിട്ടും സപ്തനാഡികളിലൂടെ വിസര്‍ജ്യം വമിക്കുന്ന വെറുമൊരു പെണ്ണായിരുന്നിട്ടും തനിക്കിവളോട് വെറുപ്പോ അറപ്പോ ഇല്ല. ഇവളുടെ മുന്‍പില്‍ താന്‍ വെറുമൊരു പുരുഷനാണ്. പ്രണയമെന്ന ഒരേയൊരു വികാരം മാത്രം തനുവിലും മനുവിലും നിറഞ്ഞുനില്‍ക്കുന്ന തരളിതഹൃദയന്‍. നിര്‍വികാരത വരുത്താന്‍ ശ്രമിച്ചു പറഞ്ഞു..
എനിക്കാരോടും വെറുപ്പില്ല..
വെറുപ്പില്ലെന്കില്‍ എന്നെ കാണാന്‍ വരണം. എങ്കിലേ എനിക്ക് സമാധാനമാവൂ. എന്നിലെ പെണ്ണ് ഒരിക്കലും കുഞ്ഞിരാമനെ പുരുഷനായി കണ്ടിട്ടില്ല. കിടക്കയില്‍ ഞാനൊരിക്കലും ഉണര്‍ന്നിട്ടില്ല. ഞാന്‍ ചന്തുവാങ്ങളയുടെ പെണ്ണാണ്. ആര്‍ക്കോവേണ്ടി ഉഴിഞ്ഞിടുന്ന പെന്‍ജന്‍ന്മത്തിനു അനുസരണയാണാഭരണം. തല നീട്ടുകയെ നിവൃത്തിയുള്ളൂ. ഒരു ദിവസമെന്കില്‍ ഒരു ദിവസം പെണ്ണായി ജീവിക്കണം. എന്നിലെ എന്നെ എനിക്ക് തിരിച്ചറിയാന്‍ ചന്തുവാങ്ങള വരണം.
യാചനയുടെയും പ്രണയത്തിന്റെ തിരകള്‍ തലതല്ലുന്ന അവളുടെ പ്രതീക്ഷാനിര്‍ഭരമായ മിഴികളിലേക്ക് നോക്കിയപ്പോള്‍ തണുത്തു മരവിച്ചിരുന്ന സിരകള്‍ക്ക് വീണ്ടും ചൂട് പിടിച്ചു. വരാമെന്നര്‍ത്ഥത്തില്‍ തലകുലുക്കി ഇറങ്ങിനടന്നു. എന്ത് കൊണ്ടോ മനസ്സ് വല്ലാതെ തുടിച്ചിരുന്നു. ആര്‍ച്ച പുരുഷസുഖം അറിഞ്ഞതിനു ശേഷവും തന്നെ സ്നേഹിക്കുന്നു. ഇവള്‍ തന്റെ പെണ്ണാണ്; തന്റേതു മാത്രം.

No comments:

Post a Comment