Sunday 7 December 2014

രജതരേഖകള്‍....


അകാലത്തില്‍ അമ്മയുടെ നെറുകയില്‍ അണ്ണാറകണ്ണന്‍റെ പുറത്തെ വരകള്‍ പോലെ വെള്ളിരേഖകള്‍ തെളിഞ്ഞു വന്നപ്പോള്‍ ഞാന്‍ പറഞ്ഞു...

ചന്ദ്രികമ്മേ, ദേ ഇങ്ങക്ക് വയാസയീട്ടോ....

അമ്മ പറഞ്ഞു... " ഡാ അകാലത്തില്‍ വരുന്നത് ഭാഗ്യനരയാണ്. അല്ലാണ്ടെ നിക്ക് വയസ്സായിട്ടല്ല. "
അമ്മക്ക് എന്നാണു ഭാഗ്യം എന്ന വാക്ക് ജീവിതത്തില്‍ തുണയായത് എന്ന് ഞാന്‍ ചിന്തിച്ചു വലഞ്ഞു.. ഓര്‍മ്മവെച്ചപ്പോള്‍ മുതല്‍ അമ്മക്ക് നിര്‍ഭാഗ്യങ്ങളുടെ അമാവാസി നാളുകളായിരുന്നു.
രണ്ടു ചെവിക്കരികിലും വെള്ളിയിഴകള്‍, രജനി നിഴല്‍ പാകിയ ചാണകമുറ്റത്ത് അടര്‍ന്നുവീണ സൂചിമുല്ലകള്‍ കണക്ക് പ്രത്യക്ഷപെട്ടപ്പോള്‍ ഞാന്‍ ചോദിച്ചു...

" ദി നു ഇങ്ങടെ കയ്യില് ഉത്തരണ്ടോ...."

ഒരു ആയുസ്സ് തന്നെ ചോദ്യചിഹ്നമായി ജീവിതം വഴിയടച്ചു പലവട്ടം അമ്മയെ മടുപ്പിന്റെ മരണകയത്തിലേക്ക് തട്ടിയിടാന്‍ ശ്രമിച്ചു തോറ്റുതൊപ്പിയിട്ടു സലാം വെച്ച് പോയതിന്റെ ചെറുചിരി ചുണ്ടില്‍ വിടര്‍ത്തി അമ്മ പറഞ്ഞു...

ഉത്തരം മുട്ടേ.. നിക്കോ ? ന്റെ സുധേ... നീ കേട്ടിട്ടില്ലേ.. ചെന്നിയിലെ മുടികള്‍ വെളുക്കുന്നത് ബുദ്ധിയുടെ ലക്ഷണമാണ്.. എട്ടാംക്ലാസ്സില്‍ പടിപ്പു നിര്‍ത്തി ഉപയോഗിക്കാന്‍ മറന്നു മരവിച്ച എന്റെ ബുദ്ധി തെളിഞ്ഞു വന്നതാ..

ബുദ്ധിയെ മറന്നു ബുദ്ധിമുട്ടുകളെ പ്രണയിക്കേണ്ടി വന്ന അമ്മ പറഞ്ഞത് ശരിയാവുമെന്ന് എനിക്ക് തോന്നി.. പത്തു വയസ്സ്കാരനും ആറു വയസ്സ്കാരനും ഒരു വയസ്സ്കാരനും അമ്മയുടെ വിരലുകളിലും ഒക്കത്തും ജീവിതഭാരങ്ങള്‍ തൂക്കിയപ്പോള്‍ ജീവിതതുലാസ്സിന്‍റെ സൂചി നേര്‍വരയില്‍ നിര്‍ത്താന്‍ പാട്പെട്ട അമ്മ, വെളുത്തതൊലിയെ വെല്ലുന്ന വെഞ്ചാമരംപോലെ വെളുത്ത മുടിയെ അതിന്റെ പാട്ടിനു വിട്ടു..തലമുഴുവന്‍ അരയന്നപിട പോലെ വെളുത്ത അമ്മയോട് ഞാന്‍ ചോദിച്ചു..

എന്തെങ്കിലും അടിവരയുണ്ടോ ഈ വെഞ്ചാമര കാഴ്ചക്ക് .....

പിന്നെ... ഞാന്‍ തോല്ക്കെ. ഞാനിപ്പോ മാലാഖയാണ്... നീ കണ്ടിട്ടില്ലേ പടങ്ങളില് ഈ ദൈവങ്ങളുടെ പെറകില് ഒരു വെള്ളിവെട്ടം.. നമ്മളില്‍ തിന്മയകന്നു നന്മയുടെ ശേഖരം വരുമ്പോള്‍ തലയ്ക്കു പിറകില്‍ പാപചിന്തയാല്‍ മങ്ങി കിടക്കുന്ന പ്രകാശവലയം തിളങ്ങും. ഉള്ളിലെ നന്മ വെണ്മയായി വെളിച്ചം വീശുകയാണ്. ഞാന്‍ കുടിച്ച കണ്ണുനീര്‍ വളമായി ചേര്‍ന്ന് വളര്‍ന്നു എനിക്ക് വെള്ളികിരീടം ചാര്‍ത്തി തരുകയാണ് പ്രകൃതിയെന്ന പ്രതിഭാസം..

പൈതൃകമായി അമ്മയെനിക്ക് പകര്‍ന്നു തന്നത് ധവളപ്രഭ തൂവുന്ന അകാലനരയാണ്. എന്നില്‍ നന്മയില്ലെന്നു നന്നായറിയുന്ന ഞാന്‍ കറുപ്പിന്റെ കരിമ്പടം പുതപ്പിച്ചു ആ വെന്മയെ മൂടിവെച്ചു. പ്രകൃതി എന്നേക്കാള്‍ മിടുക്കനാണ്. അമ്മക്ക് നര മാത്രം കൊടുത്തപ്പോള്‍, വെന്മയെ കറുപ്പിച്ച എനിക്ക് തലയ്ക്കു പിറകില്‍ ഒരു നന്മവട്ടം തീര്‍ത്തുതന്നു. എനിക്ക് ചേരാത്ത ഈ നന്മവട്ടത്തെ മറയ്ക്കാനുള്ള കിരീടം തേടുന്ന എന്നെ നോക്കി അമ്മ പറഞ്ഞു...

കഷണ്ടി പുരുഷലക്ഷണമാണു. നീയൊരു പുരുഷനനാണെന്നാണ് എന്റെ വിശ്വാസം...

അവിശ്വാസിയായ ഞാന്‍ അമ്മയുടെ സന്തോഷത്തിനു ഗുരുവായൂരില്‍ ശയനപ്രദക്ഷിണം നടത്തിയപ്പോള്‍, പഴനിമല കയറിയപ്പോള്‍, ശബരിമലക്ക് മാലയിടാതെ പോയപ്പോള്‍, വിവാഹം അമ്പലനടയില്‍ നടത്തിയപ്പോള്‍ അമ്മയുടെ ചുണ്ടില്‍ വിരിഞ്ഞ ചിരിമധുരവും അശ്രുകണങ്ങള്‍ തിരതല്ലിയ നീലതടാകമിഴികളും ഓർമ്മവന്ന എനിക്ക് എന്തോ അമ്മയുടെ ഈ വിശ്വാസവും കൈവിട്ടു കളയാന്‍ തോന്നിയില്ല.

അമ്മമാരിങ്ങനെയാണ്. ഓരോ നന്മക്കും തിന്മക്കും അവര്‍ക്ക് ജീവിതനിയതിയുടെ നീതിശാസ്ത്രമുണ്ട്. അവര്‍ നിയോഗത്തിലും വിധിയിലും ശാന്തിയും സമാധാനവും തേടും. പരീക്ഷണങ്ങളില്‍ അടിപതറാതെ അവര്‍ വര്‍ദ്ധിതയൂര്‍ജത്തോടെ മുന്‍പോട്ടു പോകും. നമ്മള്‍ ചെറിയ ദുഃഖങ്ങള്‍ പര്‍വ്വതീകരിച്ച് ജീവിതത്തില്‍ തോറ്റു കൊടുക്കുമ്പോള്‍ അവര്‍ വിധിതണലിലും നിയോഗയത്താണികളിലും ദുര്യോഗങ്ങളുടെ ഭാരം ഇറക്കിവെച്ച്, തണ്ണീര്‍പന്തലുകളില്‍ നിന്ന് ദാഹജലം കുടിച്ചു, ഒരു കൈകുടന്ന തെളിനീര്‍കൊണ്ട് മുഖം കഴുകി ദുര്യോഗങ്ങളെ ഒഴുക്കികളഞ്ഞു, ജീവിതത്തെ നോക്കി പുഞ്ചിരിക്കുന്നു. തച്ചുടക്കാന്‍ വന്ന തനിക്ക് പുഞ്ചിരി സമ്മാനിക്കുന്നവരെ നോക്കി ജീവിതവും പുഞ്ചിരിക്കുന്നു.

ജീവിതപരീക്ഷണങ്ങളില്‍ പതറാതെ മുന്നേറണമെന്കില്‍ അവയെ നോക്കി അലസമായി പുഞ്ചിരിക്കുക.

ജീവിതം, തോല്‍ക്കാന്‍ മനസ്സില്ലാത്ത നിങ്ങളുടെ മുന്‍പില്‍, ചെങ്കോലും കിരീടവും ഉടവാളും അടിയറവെച്ച് താണുവണങ്ങി നില്‍ക്കും.

ജീവിതം നിങ്ങളെ തിരഞ്ഞെടുക്കാന്‍ വരുമ്പോള്‍, നിവര്‍ന്നുനിന്ന് സ്വന്തം ജീവിതം തിരഞ്ഞെടുക്കുക.

ജീവിതം നിങ്ങളെ നിര്‍വചിക്കാന്‍ അനുവദിക്കരുത്; ജീവിതത്തെ സ്വയം നിര്‍വചിക്കുക...

No comments:

Post a Comment