Thursday 21 April 2016

അല്‍ വിദാ 2015.....


പടിയിറങ്ങുകയാണ് ഞാന്‍.
പ്രതീക്ഷകളും സ്വപ്നങ്ങളുമായി പടികയറിവന്നെങ്കിലും
ഞാനവയെല്ലാം ട്രങ്ക് പെട്ടിയുടെ മൂലയില്‍ തിരുകിവെച്ചു
നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍ ശ്രമിച്ചു.

വർണ്ണ വര്‍ഷമായും
വിളർത്ത വേനലായും
വിറകൊള്ളുന്ന മഞ്ഞായും
നിങ്ങളെ തഴുകി തലോടി നിന്നു.
നിമിഷമായും
ദിനമായും
ആഴ്ചയായും
മാസമായും
എന്നെ ഞാന്‍ പകുത്തിട്ടു.
നിങ്ങള്‍ക്കായി ഞാൻ വേഗത്തിലോടി.
വേദനയിൽ മരവിച്ചു നിന്നു, ചിലപ്പോള്‍ മടിച്ചും.
തങ്കതിളക്കമുള്ള ഓരോ പുലരിക്കും ശേഷവും കനലെരിയുന്ന അസ്തമയമുണ്ടെന്നു ഞാന്‍ നിങ്ങളെ പഠിപ്പിച്ചു.
നിലാവുപോലുള്ള പകലിന് ശേഷം കാക്കയെപോലെ കറുത്തയിരുട്ടു കാത്തിരിക്കുന്നെന്നു കാണിച്ചു തന്നു.
കാലാനുസൃതമായി തളിരിട്ടു, പൂവിട്ടു, കായായ് വിരിഞ്ഞു കനകം വിളയിച്ചു.
നിയോഗം നിസ്വര്‍ത്ഥം നിര്‍വഹിച്ച ഞാന്‍,
യൗവ്വനം കൊഴിഞ്ഞു വീഴാതിരുന്നിട്ടും,
പതി പനപോലിരുന്നിട്ടും,
സതി വരിക്കുകയാണ്.
ചാവേര്‍ജന്മമായ ഒരു മധുര പതിനാറുകാരി ഹൂറി,
അടയാഭരണങ്ങളണിഞ്ഞു
അരങ്ങിനു പിറകില്‍,
അക്ഷമയോടെ
ആവേശഭരിതയായി,
കാത്തുനില്‍ക്കുകയാണ്.
ഒരു പിന്‍വിളി എനിക്കുണ്ടാകില്ല; നന്ദിയുടെ ചെറുപുഞ്ചിരിയും.
നിറയുന്ന മിഴികള്‍ ഇറുക്കി പിടിച്ചു,
കനക്കുന്ന നൊമ്പരം നിശ്വാസത്തിലൊതുക്കി,
പതറുന്ന പാദങ്ങളെ പഴി പറഞ്ഞു,
പതിയെ ഞാന്‍ പടിയിറങ്ങുകയാണ്.

No comments:

Post a Comment