അമ്മയായും സഹോദരിയായും ഭാര്യയായും മകളായും നമ്മില്‍ സ്നേഹത്തിന്റെ, വാല്‍സല്യത്തിന്റെ ക്ഷീരധാര ചൊരിയുന്ന ദേവജന്മങ്ങള്‍...
ചരിത്രത്തിലുടനീളം പുരുഷന്റെ നിഴലുകലായി മാത്രം ജീവിക്കാന്‍ വിധിക്കപെട്ടവര്‍..
ഗാന്ധാരി; ഭര്‍ത്താവു കണ്ടു രസിക്കാത്ത ഒന്നും തനിക്കു വേണ്ടെന്നു പറഞ്ഞു കാഴ്ചകളെ കൊട്ടിയടച്ചു പടിക്കു പുറത്താക്കി ഇരിക്കപിണ്ഡം വെച്ചവള്‍..
കുന്തി; ഒരു ഷണ്ഡനെ കെട്ടി, രാജകുലം അന്ന്യം നിന്ന് പോകാതിരിക്കാന്‍ എവിടെ നിന്നോക്കെയോ വിത്തുകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപെട്ട ഉര്‍വ്വരജന്മം.
ദ്രൌപദി; അഞ്ചുപേര്‍ക്ക് മാറി മാറി പായ വിരിക്കേണ്ടി വന്നവള്‍. പണയപെട്ടവനാല്‍ പണയപെടുത്തി, കുടുംബസദസ്സിനു, വന്ദ്യവയോധികര്‍ക്ക്, ഗുരുജനങ്ങള്‍ക്ക് മുന്നില്‍ ചേലയുരിയപെട്ടവള്‍..
സീത; ഭര്‍ത്താവിനോടൊപ്പം ഏതു കാട്ടിലും മേട്ടിലും അയോധ്യ തീര്‍ത്തവള്‍, സംശയത്തിന്റെ സര്‍പ്പദംശനത്തിലുണ്ടായ പുരുഷന്റെ അഭിമാനക്ഷതത്തിനു ജീവിതം ത്യജിക്കേണ്ടി വന്നവള്‍..
ഊര്‍മിള; പുരാണങ്ങളിലെ ആദ്യത്തെ വിരഹിണി, രാമന്റെ നിഴലിനെ പരിണയിച്ചതിന്റെ പരിണിതഫലം..
അങ്ങ് നിന്നിങ്ങോളം സ്ത്രീ വെറും നിഴലാണ്, നിശബ്ദയാണ്, സഹനമാണ്..
മനം മടുക്കുന്ന ഓരോ സ്ത്രീയുടെയും അഭിലാഷം അടുത്ത ജന്മം ഒരു ആണായി പിറക്കണേ എന്നാണു. എന്നാല്‍ എത്ര പുരുഷന്മാര്‍ ആഗ്രഹിക്കുന്നുണ്ട് ഒരു പെണ്ണായി പിറക്കണേയെന്ന്...?
ഏതു പുരുഷന് സാധിക്കും ഒന്‍പതു മാസം ഒരു കുഞ്ഞിനെ ചുമക്കാന്‍,
കമിഴ്ന്നോ, ചരിഞ്ഞോ കിടക്കനാവാതെ,
ഓടാനാവാതെ, ചാടാനാവാതെ,
നാല് ചുവരുകള്‍ക്കുള്ളില്‍ തന്റെ ജീവിതം തളച്ചിടാന്‍,
എല്ലുകള്‍ പൊടിയുന്ന വേദന തിന്നു പ്രസവിക്കാന്‍, പറയാതെ പറയുന്ന കുഞ്ഞിന്‍റെ ഭാഷ മനസ്സിലാക്കാന്‍ ...?
രതിസുഖത്തിലാറാടി വിത്ത് വിതച്ചു കൈ വീശി നടക്കുന്ന ഭാഗ്യജന്മങ്ങള്‍ നമ്മള്‍......
സര്‍വംസഹകളായ,
സഹനശക്തിയുടെ മൂര്‍ത്തിഭാവങ്ങളായയ,
ശക്തിസ്രോതസ്സുകളായ സ്നേഹസ്വരൂപങ്ങള്‍ക്ക് മുന്നില്‍ സംഷ്ടംഗ പ്രണാമം.....
No comments:
Post a Comment