കുഞ്ഞുനാള്‍ മുതല്‍ വെടിക്കെട്ട്, പടക്കം ഒക്കെ ഭയങ്കര ഇഷ്ടമാണ്. എല്ലാ പൂരങ്ങള്‍ക്കും പോകും, എന്ന് വെച്ചാല്‍ ചെണ്ട പുറത്തു കോലുവെച്ചിടത്തോക്കെ എത്തും ന്നു സാരം. ഇതില്‍ വടക്കാഞ്ചേരി ഊത്രാളിക്കാവ്, ചേലക്കര അന്തിമഹാക്കാളന്‍ കാവ്, നെന്മാറ-വല്ലങ്ങി വേല ഇവയാണ് വെടികെട്ടില്‍ പേര് കേട്ടിട്ടുള്ളവ. തൃശൂര്‍ പൂരം ചന്തമാണ്, ചുറ്റും കെട്ടിടങ്ങള്‍ ഉള്ളതിനാല്‍ വെടികെട്ടിനു ഒച്ച കൂടും എന്നാല്‍ മരുന്ന് കൂടുതല്‍ കത്തുന്നത് നെന്മാറയില്‍ ആണ്. അതൊരു ഒന്ന് ഒന്നര വെടിക്കെട്ട് ആണ്. മതിയെന്ന് പറയുന്നതുവരെ കത്തും. വെടികെട്ട് പ്രാന്തമാരുടെ സ്വര്‍ഗമാണ് നെന്മാറ.
അഞ്ചിലും ആറിലും നെന്മാറയിലാണ് പഠിച്ചത്. . ഈ പൂരത്തിന് കാലത്തെ വെടിക്കെട്ട് കഴിഞ്ഞാല്‍ ഞങ്ങള്‍ പിള്ളാര്‍ ഉഷാറാകും. അകലെ നിന്ന് വന്നവര്‍ക്ക് വെടികെട്ടിന്റെ ഗാംഭീര്യം അറിയില്ല. അവര്‍ ഉറങ്ങികൊണ്ടിരിക്ക്ബോഴാനു വെടികെട്ട് തുടങ്ങുക, കലാശത്തില്‍ എത്തുമ്പോഴേക്കും അവര്‍ പേടിചോടും. ഈ ഓട്ടത്തിലും മറ്റുമായി നാണയതുട്ടുകള്‍ പറംബിലോക്കെ വീണു കിടക്കുന്നുണ്ടാകും. വണ്ടി സൗകര്യം കുറവായ നെന്മാറയില്‍ വെടികെട്ട് തീര്‍ന്നാല്‍ വണ്ടി പിടിക്കാനുള്ള ഓട്ടമാണ് . നഷ്ടപെട്ട കാശു തേടാനോന്നും അവര്‍ക്ക് സമയം കാണില്ല.
ഞങ്ങള്‍ പിള്ളാര്‍ ഒരു ടോര്‍ച്ച് മായി തവളയെ പിടിക്കാനെന്ന പോലെ ഇറങ്ങും. നാണയങ്ങള്‍ എല്ലാം പെറുക്കികൂട്ടി കഴിഞ്ഞാല്‍ വെടിക്കെട്ട് നടന്ന പാടത്തേക്ക് ഇറങ്ങും. അവിടെ നിന്ന് കളര്‍ ഗുളിക, പൊട്ടാത്ത ഓലപടക്കങ്ങള്‍, ഗുണ്ടുകള്‍ പെറുക്കിയെടുക്കലാണ് പണി. ഇതൊക്കെ കൊണ്ട് വന്നു വീട്ടില്‍ പിറ്റേ ദിവസം സ്ഓരോരുത്തരും വെടിക്കെട്ട് നടത്തുകയാണ് പതിവ്. അതും വളരെ വാശിയേറിയ വെടിക്കെട്ട്.
ഒരു പ്രാവശ്യം ഇതുപോലെ കരിമരുന്നും ഗുളികകളും കൊണ്ട് വന്നു ഒരു മുളയുടെ കുറ്റിവെട്ടി അതില്‍ മരുന്നൊക്കെ നിറച്ചു, കടലാസു പന്ത് പോലെ ചുരുട്ടി മേല്ഭാഗത്ത് തിരുകിവെച്ചു വെച്ച്, അടിയില്‍ ഓട്ടയിലൂഒടെ തിരിയും വെച്ച് ഒരു കിടിലന്‍ ഗുണ്ട് ഉണ്ടാക്കി. ഉച്ചക്ക് അമ്മ ഉറങ്ങാന്‍ പോയപ്പോള്‍ മൂന്നു കല്ല് കൂട്ടിവെച്ചു ഗുണ്ട് അതിന്റെ നടുക്ക് വെച്ചു തീ കൊളുത്തി. തിരി കത്തി ഉള്ളില്‍ പോയതല്ലാതെ വിശേഷിച്ച് ഒന്നും സംഭവിച്ചില്ല. അക്ഷമയുള്ള സോഭാവം തന്നെയാണ് അന്നും. ( മുഖ പുസ്തകത്തില്‍ സ്റ്റാറ്റസ് ഇടുന്ന പോലെ തന്നെയാണ് ക്ഷമയില്ല, ധൃതിയാണ്, അക്ഷര പിശാച്ച്ചുക്കള്‍ നിങ്ങള്‍ കാണുന്നതാണല്ലോ) ഗുണ്ടിന്റെ അടുത്ത് പോയി എന്താ സംഭവിച്ചേ എന്നറിയാന്‍ ഉള്ളിലേക്ക് കുനിഞ്ഞു നോക്കിയതും അത് മുകളിലേക്ക് ഉയര്‍ന്നു എന്റെ മുഖത്ത് പൊട്ടി വിരിഞതും ഒന്നിച്ചായിരുന്നു.
ഒന്ന് കാലിടറി വീണാല്‍ അലറി വിളിക്കുന്ന ഞാന്‍, അമ്മയറിഞ്ഞാല്‍ ഉണ്ടാവാന്‍ പോകുന്ന ഭവിഷത്തുക്കള്‍ മുന്‍കൂട്ടി കണ്ടു, വേദനകള്‍ അടക്കി പിടിച്ചു ഓടിപോയി, കൈ കഴുകാന്‍ മുററത്ത് വെച്ച തോട്ടിയിലെ വെള്ളത്തില്‍ മുഖം മുക്കി. ദോശമാവു ചൂടായ ചട്ടിയില്‍ ഒഴിക്കുംബോഴുണ്ടാകുന്ന ശ്ശ്....... ന്ന് ഒരു ശബ്ദം എന്റെ മുഖത്ത് നിന്നും കേട്ടു. തല വെള്ളത്തില്‍ നിന്നെടുത്തപ്പോള്‍ മുഖത്ത് നിന്ന് പണ്ടത്തെ കല്‍ക്കരി എന്‍ജിന്‍ വിടുന്ന പുകയും മുടിയും പുരികവും കരിഞ്ഞതിന്റെ നാറ്റവും. മുഖം പുറത്തേക്കെടുത്താല്‍ സഹിക്കാനാവാത്ത നീറ്റല്‍. ശ്വസമേടുക്കാന്‍ മാത്രം തല വെളിയില്‍ എടുത്തു കൊണ്ട് ഞാന്‍ തൊട്ടിയില്‍ തന്നെ തല താഴ്ത്തിയിരുന്നു.
ഉച്ചയുറക്കമുണര്‍ന്നു വന്ന അമ്മ കാബേജ് തോലിപോളിച്ച പോലെ, വിളറി വെളുത്ത, അടുപ്പിലെ ചാരം പൂശിയപോലെയുള്ള എന്റെ മുഖം കണ്ടു അമ്പരന്നു. വേഗം എന്നെയും കൊണ്ട് ആശുപത്രിയില്‍ പോയി. മരുന്ന് വെച്ച ഡോക്ടര്‍ അമ്മയോട് ചോദിച്ചു :
ആരാണ് ഇവന്‍റെ മുഖം വെള്ളത്തില്‍ മുക്കിയത്..?
അമ്മ ചാടിക്കേറി " അയ്യോ, ഞാനല്ല സാറേ, ഈ കുരുത്തം കെട്ടവന്‍ സ്വയം ചെയ്തതാണ്".
അവന്‍ ചെയ്തത് നന്നായി, ഇല്ലെങ്കില്‍ തൊലിയെല്ലാം അടര്‍ന്നു വികൃതമായെനേ.
വിഷമിച്ചു നിന്ന അമ്മയുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടര്‍ന്നു. അമ്മ പെടിച്ചുവെത്രേ മുഖം വികൃതമായി പോവുമെന്ന്, ഒരിക്കലും മുഖത്ത് രോമങ്ങള്‍ വരില്ലെന്ന്.
ബാക്കിപത്രം : മുഖപുസ്തകത്തില്‍ മുഖമില്ലാതെ, പൂവിന്റെ പടമിട്ടു, മധുരഭാക്ഷണങ്ങള്‍ നടത്തി, നിത്യ മേനോനെ സ്പ്വനം കാണാന്‍ പോലും കഴിയാതെ, ഒരിക്കലും ആരുടെ മുന്നിലും പ്രത്യക്ഷപെടാതെ, രാഗസുധാരസം വാക്കുകളിലൂടെ മാത്രം പൊഴിച്ച്, കണ്ണുനീര്‍ തുടച്ചു മറഞ്ഞിരുന്നെനെ എന്നത് ഒരു വശം.
അന്നത് സംഭാവിചില്ലായിരുന്നെങ്കില്‍ ആ പാവം കമലഹാസന്‍ ഒരുപക്ഷെ വെറും പുന്നകൈ മന്നനും ഞാന്‍ ഉലകനായകനും ആവുമായിരുന്നു എന്നത് മറ്റൊരു വശം.
ന്താ ലെ....
No comments:
Post a Comment