Saturday, 15 June 2013

ശബ്ദവും വെളിച്ചവും......



സ്കൂളില്‍ പഠിപ്പില്‍ മോശമല്ലാതിരുന്നിട്ടും കൂട്ട് സീനിയര്‍ സിറ്റിസന്‍സ്‌ ന്റെ കൂടെ കൂട്ട് കൂടിയതിനാല്‍, മനപൂര്‍വം ഒന്നാം ബെഞ്ച് ഒഴിവാക്കി പിന്‍ ബെഞ്ചില്‍ പഠിപ്പില്‍ പിന്നോക്കക്കാര്‍ക്ക് ഐക്യാദാര്‍ട്യം പ്രഖ്യാപിച്ചതിനാള്‍, ജയിച്ചിട്ടും തോററവരുടെ കൂടെ ഇരുന്നതിനാല്‍,  അധ്യാപകരുടെ മുന്നില്‍ "വഷളന്‍" എന്ന പേര് കിട്ടി.

കൌമാരത്തില്‍ ദാരിദ്ര്യവും അപകര്‍ഷതയും വേണ്ടുവോളമുണ്ടയിരുന്നതിനാല്‍ ആരോടും പ്രണയം പറഞ്ഞില്ല.   പക്ഷെ വായ്‌ നോക്കികള്‍ക്ക് കൂട്ട് പോകും. പക്ഷെ ഒടുക്കം പേര് വരുമ്പോള്‍ കൂട്ടത്തില്‍ ഉള്ളവനായതിനാല്‍ "വായ്‌നോക്കി" എന്ന പേര് കിട്ടി.

തിളച്ചു മറിയുന്ന രോഷയൗവ്വനത്തില്‍ നാട്ടിലെ അധസ്ഥിതരുടെ ദയനീയ സ്ഥിതി കണ്ടു വ്യവസ്ഥാപിത നിയമങ്ങളെ, സര്‍ക്കാരിനെ വെറുത്തു, കാട്ടുകള്ളന്മാരെ തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ പോസ്റ്റര്‍ ഒട്ടിച്ചു ഞാന്‍ മറ്റുള്ളവരുടെ ഒരു "നക്സല്‍" ആയി.

1991 ല്‍ ഡല്‍ഹിയിലെ ഹനുമാന്‍ റോഡിനടുത്തുള്ള ഗുരുദ്വാരയില്‍ ( സിക്ക് കാരുടെ ആരാധനാലയം) വെച്ച് അവിടുത്തെ പുരോഹിതന്‍ എന്റെ കയ്യില്‍ ഒരു സ്റ്റീല്‍വളയിട്ടു തന്നു, അവരുടെ ആചാരമാണിത്. എല്ലാ സര്‍ദാര്‍മാരുടെയും കയ്യില്‍ ഇത് കാണാം. ഇന്നും ഞാനിതു തുടരുന്നു. പക്ഷെ ഇവിടെ സ്റീല്‍ വളയിട്ട എന്നെ കാണുന്നതു ചെറിയൊരു "ഗുണ്ട" ആയിട്ടാണ്. വിവാഹത്തിന്റെ അന്ന് പോലും ഞാന്‍ ഇത് ഊരിയില്ല. സദസ്സിലെ സ്ത്രീകള്‍ പറയുന്നുണ്ടായിരുന്നു. സുന്ദരനായ ഗുണ്ട ആണല്ലോ. ( മൂക്കത്ത് വിരല്‍ വെക്കേണ്ട, അന്ന് ഡല്‍ഹിയിലെ തനുപ്പുകൊണ്ട്, ചുവന്നു തുടുത്തു ചെങ്കദളിപഴം പോലെയായിരുന്നു ഇരുപത്തെട്ടു വയസ്സുള്ള സുധാകരന്‍).

രാഖി കെട്ടുന്ന ശീലം ഡല്‍ഹിക്കാര്‍ക്കുണ്ട്, അത് സന്ഘികള്‍ മാത്രമാല്ല അവിടെയുള്ള എല്ലാ ഹിന്ദുക്കളും കെട്ടും. സ്ത്രീകള്‍ ആണ് കെട്ടി തരുക. എന്റെ സോഭാവഗുണം കൊണ്ട് , സഹോദര സ്ഥാനത്ത് നിര്‍ത്താന്‍ വേണ്ടി,  പല സുന്ദരികളും ഈ പണി ഒപ്പിച്ചു എന്റെ ഹൃദയം തകര്‍ത്തിട്ടുണ്ട്. ഇപ്പോഴും ഞാന്‍ രാഖി കെട്ടാറുണ്ട്. വലിയ ഇഷ്ടമാണ് ചരടും രാഖിയും കയ്യില്‍ കെട്ടുന്നത്.. കള്ളിമുണ്ട് ഉടുക്കുന്നത് ഇഷ്ടമല്ല, കാവിയാണ് ഉടുക്കുന്നത്. പലരും ഞാനൊരു "ബിജെപി" ക്കാരനാണെന്ന് ധരിച്ചു വെച്ചിരിക്കുന്നു.

പണ്ട് അമ്മ തോടുവിച്ചിരുന്ന ചന്ദനകുറി  ഇപ്പോലള്‍ ജയ തൊട്ടു തരാറുണ്ട്. ഞാന്‍ സ്വയം മെനക്കിടാറില്ല. വീട്ടില്‍ പൂജാമുറിയുണ്ട്, അമ്പലത്തിലും പോകും.  ചിലപ്പോള്‍ വെറുതെ കൈകൂപ്പി നില്‍ക്കും. ഇതുവരെ എന്താ ഈ ദൈവങ്ങളോട് പറയേണ്ടതെന്ന് എനിക്ക് ഓര്‍മ വരാറില്ല. വല്ലതും പറയണോ എന്നാ കാര്യത്തിലും സംശയമുണ്ട്. എന്നാലും അമ്പലത്തില്‍ പോകുന്ന, വീട്ടില്‍ പൂജമുറിയുള്ള ഞാന്‍ "ഭക്തശിരോമാണി"യായി

ക്ഷേത്രങ്ങളിലെ അനാചാരങ്ങള്‍ക്കെതിരെ, അനാവശ്യ ആചാരങ്ങള്‍ക്കെതിരെ , ധൂര്‍ത്തിനെതിരെ, ചൂഷണത്തിനെതിരെ പറയുമ്പോള്‍, ഞാന്‍ കമ്മ്യൂണിസ്റ്റ്‌ ആയി, ജോല്‍സ്യം ശുദ്ധ അസംബന്ധം ആണെന്നു വാദിക്കുമ്പോള്‍ "യുക്തിവാദി"യായി.

സര്‍ക്കാര്‍ ആവശ്യപെട്ടതിനനുസരിച്ചു ശനിയാഴ്ചകളില്‍ ഖദര്‍ ഇടുമ്പോള്‍ ചിലരുടെ കണ്ണില്‍ ഒരു "കോണ്‍ഗ്രസ്‌ " ആയിപോവുകയും ചെയ്യുന്നു.

എന്നില്‍ ആരും ഒരു മനുഷ്യനെ കണ്ടില്ല. ആരും ആരിലും ഒരു മനുഷ്യനെ കാണുന്നില്ല, പറയുന്ന വക്കില്‍, ധരിച്ച വസ്ത്രത്തില്‍, നടത്തത്തില്‍, ഇരിപ്പില്‍, പെരുമാറ്റത്തില്‍ ഓരോ പദവി, ഓരോ രൂപം, stature ചാര്‍ത്തി നല്കുകയാണ്, അവരോധിക്ക പെടുകായാണ് നമ്മളറിയാതെ. എനിക്കും സംശയമായി തുടങ്ങി. ഞാനും ഒരു മനുഷ്യനെ തിരയുകയാണ്, എന്നിലും പുറത്തും. ആള്‍കൂട്ടത്തിലും, തിക്കിലും തിരക്കിലും ഒരു മനുഷ്യനെ എനിക്ക് കാണാന്‍ കഴിയുന്നില്ല, എല്ലാവര്‍ക്കും ഒരേ മുഖം, എന്റെ മുഖം തന്നെ അവരില്‍ പ്രതിഫലിക്കുന്നു. കണ്ണാടിയില്‍ നോക്കുന്നപോലെ, എവിടെയും മനുഷ്യനില്ല. എവിടെയും ഞാന്‍ മാത്രം. ഞാന്‍ മനുഷ്യനാണെന്ന് വല്ലപ്പോഴും ഓര്‍മ്മപ്പെടുത്തുന്നത് വാമഭാഗമാണ്. ഞാന്‍ വല്ല അബദ്ധവും കാണിക്കുമ്പോള്‍, വലിയ വായില്‍ അവള്‍ വിളിച്ചു പറയും,

" മനുഷ്യാ...... നിങ്ങളെ കൊണ്ട് ഞാന്‍ തോറ്റു ".

ഞാന്‍ മനുഷ്യനാവുന്ന ഒരേ ഒരു നിമിഷം.......

No comments:

Post a Comment