മകരമാസകുളിരില്‍ നിലാവ് നിറഞ്ഞൊഴുകുന്ന പാതിരാവിൽ തണുപ്പും ആദ്യസമാഗമത്തിന്റെ അമ്പരപ്പും പതര്‍ച്ചയും കൊണ്ട് വിറയ്ക്കുന്ന വിരലുകളാല്‍ കടിഞ്ഞാണ്‍ കയ്യിലെടുത്തു ചന്തുവിലെ പ്രണയകാമുകന്‍ ജാരന്റെ രൂപം പൂണ്ടു ഇരുളും നിലാവും ഇഴപാകിയ മന്‍പാതയിലൂടെ കുമരംപുഴയെ ലക്ഷ്യമാക്കി പാഞ്ഞു. ഭാരമില്ലാത്ത ശരീരം കുതിര പുറത്തു നിന്നു അപ്പൂപ്പന്‍താടി കണക്ക് പറന്നുപോകുമോയെന്ന് തോന്നി. ഒറ്റവസ്ത്രമുടുത്തു കുളപ്പുരയില്‍വെച്ച് തെളിഞ്ഞു കണ്ട വടിവാര്‍ന്ന ശരീരനിനവുകള്‍ ഓണതുമ്പിയെപോലെ തലക്കുള്ളില്‍ വട്ടമിട്ടുപറക്കാന്‍ തുടങ്ങി. ഇരച്ചുനില്‍ക്കുന്ന വക്ഷോജങ്ങളും ഇരമ്പിയാര്‍ക്കുന്ന നിതംബശേഖരവും അരചാണ്‍ ആലിലവയറും വിളറിയ അധരങ്ങളും മയക്കത്തിലെന്നപോലെ പാതിവിടര്‍ന്ന നയനങ്ങളും അരുണിമ അലതല്ലുന്ന കവിളുകളും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു, അവ ഉണര്‍ത്തിയെടുത്ത ഊഷമളതയില്‍ തണുപ്പിനെ വകഞ്ഞു മാറ്റി ചന്തു അശ്വവേഗത്തെ മറികടന്നു മനസ്സ് കൊണ്ട് ആര്‍ച്ചയുടെ അറപുരയിലെത്തി. പ്രതീക്ഷിച്ച വണ്ണം കാമം കനലുകള്‍ തീർത്ത കണ്ണുകളുമായി ആര്‍ച്ച വാതില്‍ തുറന്നു. നറുനിലാവില്‍ ആര്‍ച്ച വെള്ളിനാഗം പോലെ തിളങ്ങി. കണ്ണുകളില്‍ കാമലഹരിനിറച്ചവള്‍ കൈപിടിച്ചു കട്ടിലിലിരുത്തി നെഞ്ചിലേക്ക് ചാഞ്ഞു. പെണ്ണിന്‍റെ മണം ചന്തുവില്‍ കാമാഗ്നിക്ക് തീ കൊളുത്തി. ധൃതിപിടിച്ച വിരലുകള്‍ അവളുടെ മേൽകച്ച വിടര്‍ത്താനോരുങ്ങുബോഴാണ് അശനിപാതം പോലെ വാതിലില്‍ മുട്ടി ആര്‍ച്ചയെന്നുള്ള കുഞ്ഞിരാമന്റെ വിളി കേട്ടത്. ഞെട്ടിവിറച്ച ആര്‍ച്ച തന്നെ തള്ളി താഴെയിട്ടു അലറി വിളിച്ചു വാതില്‍ തുറന്നു കുഞ്ഞിരാമനെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു..
" ഈ വഴിക്ക് വന്നപ്പോള്‍ കയറിയതാണെന്ന് എന്നോട് പറഞ്ഞു. പാതിരാവില്‍ അമ്മായിയെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി കയറ്റിയതാണ്. ആങ്ങളയല്ലേ എന്നും കരുതി. പക്ഷെ കശ്മലനും വിടനുമായ ഇയാള്‍ .....
മുഴുവന്‍ പറയാതെ കുടിക്കാന്‍ വെള്ളം വെച്ചിരുന്ന മൊന്തയെടുത്തു തന്റെ നേരെ ഒറ്റയേറു.. തരിച്ചു നിന്നു പോയി. കയ്യോടെ പിടിക്കപെട്ടതിനെക്കാള്‍ കൌശലവും മിടുക്കും കാട്ടി, കൈവിട്ട മാനം തിരിച്ചു പിടിക്കുന്ന ആർച്ചയുടെ അപ്രതീക്ഷിത പ്രകടനകാഴ്ച്ചയില്‍ അന്തം വിട്ടുനിന്നുപോയി. കഴിഞ്ഞശ്വാസത്തില്‍ "പ്രാണപ്രിയനേ" എന്ന് വിളിച്ചവള്‍ തൊട്ടടുത്ത ശ്വാസത്തില്‍ "വിടന്‍" എന്ന് വിളിച്ചതിലെ വിരോധാഭാസമോര്‍ത്തു നിസഹായനായി നിന്നു. പതിയെ കാലുകള്‍ ഓരോന്നും നിലത്ത് നിന്നും പറിച്ചെടുത്ത് പുറത്തുകടന്നു..
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോള്‍ വീരനില്‍ നിന്നു വിടനിലേക്കുള്ള നിമിഷദൂരമളക്കാനറിയാതെ ചന്തു സന്കടപെട്ടു. ഒരു പെണ്ണിന്റെ ശരീരസുഖത്തിനു വേണ്ടിയാണോ താന്‍ ഇത്രയും നാള്‍ ജീവിച്ചതും അവളെ തേടി പോയതും. പല സുന്ദരികളും മോഹിച്ചിട്ടും അവരുടെ മോഹങ്ങളെ ചവുട്ടിമെതിച്ചു ആര്‍ച്ചയെ മാത്രം മനസ്സില്‍ ആരാധിച്ചതിന്റെ ശിഷ്ടഫലമാണ് താനനുഭവിച്ചത്. പ്രേമകാമമോഹവുമായിസമീപിച്ച സ്ത്രീകളുടെ ശാപം തന്നെ വേട്ടയാടുകയാണോ..? അനാഘ്രാതകുസുമങ്ങളെ തള്ളികളഞ്ഞു, ചൂടിവാടിയ മലരിനെതേടി ആയുഷ്കാലം അലഞ്ഞതിന്റെ ബാക്കിപത്രമാണോ താന്‍ വികാരത്തിനും വീണ്ടുവിചാരമില്ലയ്മക്കും അടിമപ്പെട്ടു അപമാനിക്കപ്പെട്ട നിമിഷങ്ങള്‍.. ? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ പുലരുവോളം നീരാളികൈകള്‍ പോലെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു. വിഫലമായ ഒരു പാഴ്ജന്മത്ത്ന്റെ വിഹ്വലതകള്‍ ഇറക്കിവെക്കാനിടമില്ലാതെ ഉള്ളില്‍ കിടന്നു ചുട്ടുപൊള്ളുന്നത് ബാഷ്പകണങ്ങളായ് പുലരുവോളം തലയിണയെ നനച്ചുകൊണ്ടിരുന്നു..
ആരോമലിനു അങ്കത്തിനു തുണപോകണമെന്നുള്ള അമ്മാവന്റെ ആവശ്യം ചിരിയാണ് സമ്മാനിച്ചത്. കാലം മുഴുവന്‍ ശത്രുതയില്‍ കഴിഞ്ഞവന് തുണപോവുക. സ്വന്തം മാനം രക്ഷിക്കാന്‍ തന്റെ അഭിമാനത്തെ കുരുതികൊടുത്ത പെണ്ണിന്റെ നേരാങ്ങളയെ ആപത്ത് കൂടാതെ അങ്കം ജയിപ്പിക്കുക. അതും തനിക്ക് ഗുരുവായ അരിങ്ങോടരെ തലയറക്കുന്നതിനു കൂട്ട്നിന്നുകൊണ്ട് ഒരു ചതിയനാവുക. ചെന്തെങ്ങ് കുലച്ചപോലെ യൗവ്വനത്തില്‍ എത്തി വിടര്‍ന്നുലഞ്ഞു നില്‍ക്കുന്ന രണ്ടു പെന്കൊടികളെ അനാഥമാക്കുക. അവര്‍ വെച്ച് നീട്ടിയ പ്രണയം മുളയിലെ നുള്ളികളഞ്ഞു നൊമ്പരപെടുത്തിയിട്ടു ഇനിയും ദ്രോഹത്തിനു കൂട്ട് നില്‍ക്കുക. വഷളന്‍ എന്ന സവിശേഷണത്തോടൊപ്പം വഞ്ചകന്‍ എന്നു കൂടി പേരിനോടൊപ്പം എഴുതി ചേര്‍ക്കുക. തന്റെ ജീവിതം അപമാനിച്ചിട്ടും ബലികൊടുപ്പിച്ചിട്ടും പുത്തൂരം തറവാട്ടുകാര്‍ക്ക് മടുതില്ലെയെന്നു ചന്തുവിന് തോന്നി. മനുഷ്യരെ അളക്കാന്‍ കഴിയുന്നില്ല; ലോകത്തെ മനസിലാക്കാനും. സാധ്യമല്ലയെന്ന് മയപെടുത്തിയ വാക്കുകളാല്‍ അമ്മാവനെ ധരിപ്പിക്കാനാണ് ചെന്നത്. പക്ഷെ അവള്‍, ആര്‍ച്ച, കൊല്ലുന്ന ചിരിയും ലാസ്യം വിരിയുന്ന ഉടലുമായി അരികിലെത്തി. മുന്നറിയിപ്പില്ലാതെ അടര്‍ന്നുവീഴുന്ന വേനല്‍മഴയിലെ ആലിപ്പഴങ്ങള്‍പോലെ അവളുടെ കണ്ണുകളില്‍ നിന്ന് നീര്‍മണികള്‍ ഉതിര്‍ന്നു വീണു. അവള്‍ അരികിലെത്തി ചേര്‍ന്ന് നിന്ന് കരതലങ്ങള്‍ കയ്യിലെടുത്തു. തന്റെ വികാരത്തിന് തീ കൊളുത്തുന്ന, ശരീരത്തെ തളര്‍ത്തുന്ന, ഹൃദയസ്പന്ദനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന അവളുടെ അകം കുളിര്‍പ്പിക്കുന്ന ശബ്ദം ഇടനാഴിയില്‍ കംബനത്തോടെ ഉതിര്‍ന്നു വീണു....
ചന്തുവാങ്ങളെ......
ഇന്ന് ഹൃദയം പെരുമ്പറ കൊട്ടുന്നില്ല, തൊണ്ടയില്‍ വെള്ളം വറ്റുന്നില്ല, ശരീരം തീ പിടിക്കുന്നില്ല. തലക്കുള്ളില്‍ വണ്ടുകള്‍ മൂളുന്നില്ല. ശരീരം ഭാരം വിട്ടു വായുവില്‍ ഉയര്‍ന്നു പൊങ്ങുന്നില്ല. ഇവള്‍ പെണ്ണെന്ന പ്രതിഭാസമാണ്. അടുക്കുന്തോറും അകലുകയും അകലും തോറും അടുക്കുകയും ആണെന്ന് പറഞ്ഞു അല്ലെന്നും അല്ലെന്നു പറഞ്ഞു ആണെന്നും ഇഷ്ടമെന്ന് പറഞ്ഞു അനിഷ്ടവും അനിഷ്ടം കാണിച്ചു ഇഷ്ടവും വെച്ച് പുലര്‍ത്തുന്ന അര്‍ത്ഥവ്യത്യാസം വരുത്തുന്ന അനിതര അസാധാരണ സ്ത്രീജന്മം. ധാരധാരയായോഴുകുന്ന ബാഷ്പകണങ്ങള്‍ തുടച്ചെടുക്കാന്‍ മിനക്കെടാതെ ആര്‍ച്ച തുടര്‍ന്നു..
എന്റെ മാനം, വീടിന്റെ ശോഭയും തേജസ്സും ആഭിജാത്യവുമായ ഒരു പെണ്ണിന്റെ മാനം, രക്ഷിക്കാന്‍ എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല. ഒറ്റതടിയായി കഴിയുന്ന ചന്തുവാങ്ങളക്ക് നഷ്ടപെടുവാന്‍ ഏറെയുണ്ടെന്നു തോന്നിയില്ല. അല്ലെങ്കില്‍ അതാലോചിക്കാനുള്ള മനസ്സും നേരവും കിട്ടിയില്ല. വേറെ ഞാനെന്തു ചെയ്യാന്‍ ചന്തുവാങ്ങളെ..? . തെറ്റ് ചെയ്തുവെന്നു ബോധ്യപെടുത്തി ആ വീടിനെയും നമ്മുടെ തറവാടിനെയും അപമാനിക്കാനോ...? ഒരു ജാരനെപോലെ പഴയ കാമിനിയെ വീരനായ ചന്തു തേടിവന്നുവെന്നു നാട്ടുകാരെ അറിയിക്കാനോ..?
ഒന്ന് നിര്‍ത്തി, എന്റെ മുഖത്തേക്ക് ഇടത്തെ ചുണ്ടിന്നരുകില്‍ പുഞ്ചിരിയുടെ രസം പുരട്ടി നോക്കിയവള്‍ പറഞ്ഞു...
" ഈ അങ്കം ജയിച്ചു വന്നാല്‍ അന്ന് മുതല്‍ ഞാന്‍ ചന്തുവാങ്ങളയുടെ പെണ്ണാണ്... കാവിലമ്മയാണ് സത്യം.. "
" നിര്‍ത്തെടി നിന്റെ ജല്‍പ്പനങ്ങള്‍..... "
എട്ടുകെട്ട് തകരുമാറ് അട്ടഹസിച്ചു പോയി. കൈ തട്ടിമാറ്റി അകന്നുനിന്നു ആക്രോശിച്ചു പറഞ്ഞു..
അങ്കം കഴിഞ്ഞു എന്റെ കൂടെ വന്നാല്‍ തറവാടിന്റെ മാനമെന്താകും? അന്ന് ഗര്ഭിണിയല്ലാത്ത നീ എന്നെ തള്ളി പറഞ്ഞു. ഇന്ന് കുഞ്ഞിരാമന്റെ ഭൂണത്തെ ഉള്ളില്‍ കൊണ്ട് നടക്കുന്ന നീ എൻടെ പെണ്ണാവുമെന്നോ..? ഇനി ഞാന്‍ നിന്റെ ശാരീരത്തിലും ശരീരത്തിലും വീഴുന്ന ലോലഹൃദയനാവില്ല. എന്റെ ശരീരം നിന്റെ മദാലസമേനിയില്‍ ഉണരില്ല; നിന്റെ ശബ്ദമാധുരിയില്‍ എന്റെ മനം വിവശമാവില്ല. നിനക്ക് വേണ്ടി, നിനക്ക് വേണ്ടി മാത്രം സ്പന്ദിചിരുന്ന ഈ പുരുഷഹൃദയം ഇനി തരളിതമാവില്ല.
നീ എടുത്തെറിഞ്ഞ കുന്തത്തേക്കള്‍ മൂര്‍ച്ചയുള്ള ആ ഓട്ടുപാത്രം തന്ന വേദന മതി. ഇന്നും നാവില്‍ രുചിക്കുന്ന വിടന്‍ എന്ന വാക്കിന്റെ വാള്‍മുനയേല്‍പ്പിച്ച മുറിവിന്റെ എരിവ് മതി. കാറിതുപ്പി കുഞ്ഞിരാമന്റെ വക്ഷസ്സിലേക്ക് നീ തലചായ്ച്ച ആ നിമിഷം മതി നിന്നെയെനിക്ക് എന്നെന്നേക്കുമായി വെറുക്കാന്‍.
നിന്നെ മാത്രമല്ല സ്ത്രീയെന്ന ജന്മങ്ങളെയെല്ലാം അറപ്പോടെ നോക്കാന്‍...
ആര്‍ച്ചേ....
വീതം വെക്കപെട്ട നിന്റെ സ്നേഹത്തില്‍ എന്റെയൂഴത്തിനു വേണ്ടി കണ്‍കഴച്ചു കാത്തുനിന്ന് ഞാന്‍ കൈവിട്ടത് ഒരു പുരുഷായുസ്സായിരുന്നു.
നിനക്ക് ഒന്നും നഷ്ടപെട്ടില്ല.വീടിന്റെ മാനം, ജീവിതം, വിവാഹം, വിവാഹത്തിനു മുന്‍പുള്ള പ്രണയം, എല്ലാം നിനക്ക് സ്വന്തം.
അനശ്വരമായി നിന്നെ പ്രണയിക്കുന്ന, ആ പ്രണയത്തില്‍ നിന്നെ വിഗ്രഹമാക്കി ശ്രീകോവിലില്‍ പ്രതിഷ്ടിച്ചു ജീവിതം പാഴാക്കുന്ന ഒരു പുരുഷന്‍.
നിന്റെ സൌന്ദര്യത്തില്‍ മയങ്ങി, നിന്റെ തെറ്റുകളും അഹന്തയും പൊറുക്കുന്ന മറ്റൊരു പുരുഷന്‍..
ധീരവീരഗാഥകള്‍ പാടിനടക്കുന്നവര്‍ക്ക് നിന്നെ കുറിച്ച് പറയാന്‍ ഇതിഹാസകഥകള്‍ മാത്രം.. പക്ഷെ ഞാന്‍... ഞാന്‍, ഒരു വീരന്‍ പോലുമാകാതെ, ജീവിതം കൈവിട്ടു പോകുന്നത് നിസഹായതയോടെ കണ്ടുനിന്ന, കളരിയിലെ കല്‍വിളക്കില്‍ കരിന്തിരി കത്തിയെരിഞ്ഞ പടുജന്മം...
ആയുഷ്കാലം മുഴുവന്‍ നിന്നെ മാത്രം സ്നേഹിച്ചു, നിന്നെ തൊടാന്‍ യുഗപഥങ്ങള്‍ താണ്ടി, നിന്നില്‍ നിന്ന് അപമാനത്തിന്റെ അഗ്നിശരങ്ങള്‍ ഏറ്റുവാങ്ങി മനുവും തനുവും എരിയിച്ചുതീര്‍ത്ത ചന്തു നിന്നെ ശപിച്ചു പറയുന്നു..
നീ, പുരുഷരാലും സ്ത്രീയാലും അപമാനിക്കപെടും.
വരും തലമുറകള്‍ നിന്റെ വീര്യത്തെയോര്‍ത്തു പുളകം കൊള്ളുകയും അടുത്ത നിമിഷത്തില്‍ നിന്നെ വന്ച്ചകിയെന്നു വിളിക്കുകയും ചെയ്യും. പുരുഷരെ മതിക്കാത്ത അഹങ്കാരികളായ സ്ത്രീകള്‍ക്ക് ഇരട്ടപെരായി നിന്റെ നാമം വീഴും. രണ്ടു പുരുഷന്മാരെയും ഒരുപോലെ വന്ചിച്ചവളെന്ന അപഖ്യാതി നിന്റെ ഇതിഹാസ രചനയില്‍ കളങ്കമായി കിടക്കും. നിന്റെ ധൈര്യവും വീരവും നിനക്ക് തേജസ്സു നല്‍കുമ്പോള്‍ നിന്റെ വീര്യത്തിലും അഭൌമസൗന്ദര്യത്തിലുമുള്ള അഹന്ത തീരാകളങ്കം തീര്‍ക്കും..
നിന്നെ മാത്രം പ്രണയിച്ച,
നിനക്ക് വേണ്ടി ജീവനും ജീവിതവും ഹോമിച്ച,
ലൗകികജീവിതം അടിയറവെച്ച, ആണൊരുത്തന്റെ ശാപമാണിത്. എന്നില്‍ ശരിയില്ലെന്കില്‍ ഈ ശാപം വിടനെന്നു പേരു ചാര്‍ത്തികിട്ടിയ എനിക്ക് കിട്ടട്ടെ. എന്നില്‍ ശരിയുന്ടെന്കില്‍ എന്റെ ശാപം നിന്റെ ശ്വാസമകന്നിട്ടും നിന്നെ പിന്‍തുടരട്ടെ.
ശാപവചനങ്ങള്‍ കൈവിട്ടു, ഒരു നോക്ക് കൊണ്ട് പോലും നൊമ്പരപെടുത്താത്ത,
ശിലപോലെ വികാരരഹിതയായി നില്‍ക്കുന്ന തന്റെ ഹൃദയസ്പന്ദനത്തെ ഒന്ന് കൂടി നോക്കി ചന്തു പുത്തൂരം വീടിന്റെ പടിയിറങ്ങി.....
---------------------------------------------
താന്‍ കൊതിച്ച മലര്‍മാല വാടിയ നിര്‍മാല്യമായാലും ചന്തുമാര്‍ക്ക് എന്നും പ്രിയപെട്ടത് തന്നെയാണ് കാരണം അടുത്ത പ്രണയത്തില്‍ അവന്‍ കാണാന്‍ ശ്രമിക്കുന്നത് തന്റെ ആദ്യത്തെ പ്രണയിനിയെയാണ്.
തുളസികതിര്‍പോലെ സുന്ദരികളായ,
അനാഘ്രാതകുസുമങ്ങളായ
ആകാരവടിവിന്റെ അഗ്നിപുഷ്പങ്ങളായ
കുഞ്ചുണ്ണൂലിയെയും കുട്ടിമാണിയെയും തള്ളിപറഞ്ഞു,
അറിയാപ്രായത്തില്‍ ചാര്‍ത്തിയ ഒരു താലി ചരടിന്റെ അബലബലത്തില്‍ പിറവിയെടുത്ത പ്രണയയുറവയുടെ തെളിമ ആയുഷ്ക്കാലദാഹത്തിനുള്ള ജീവജലമായി കരുതി,
കൌതുകകൌമാരത്തിലും തീക്ഷ്ണയൗവ്വനത്തിലും അവള്‍ തീ പിടിപ്പിച്ച തൃഷ്ണയുടെ ഊഷ്മളജ്വാലകള്‍ നെഞ്ചിലണയാതെ കാത്തു സൂക്ഷിച്ച,
ഇരുട്ട് നിറഞ്ഞ പാമ്പിന്‍കാവിലും പത്തായപുരയിലും ചായ്പിലും ഞെരിഞ്ഞമര്‍ന്ന കൈതണ്ടകളില്‍ തറച്ചുകയറിയ ചുവന്ന വളപ്പൊട്ടുകളുടെയും ചതഞ്ഞരഞ്ഞ കുടമുല്ലകളുടെയും ,
നാവും ചുണ്ടും വാക്കും വചനവും നിശബ്ദശബ്ദങ്ങളായി മാറിയ നിമിഷങ്ങളില്‍,
രക്തചന്ദനാധരങ്ങളില്‍ നിന്നുതിര്‍ന്ന നിശ്വാസങ്ങളുടെയും,
നാണം നിണം പടര്‍ത്തിയ കവിളിലെ ചുവപ്പ് രാശിയിലും,
മഷിപടര്‍ന്ന കണ്ണുകളില്‍ നിന്നുതിര്‍ന്ന ബാഷ്പകണങ്ങളുടെയും നിറനിനവില്‍,
മകരമാസകുളിരും തണുപ്പും വകവെക്കാതെ,
രാത്രിയുടെ അന്ത്യയാമങ്ങളില്‍,
തണുത്തുറഞ്ഞു കിടക്കുന്ന പുഴയെ വകഞ്ഞുമാറ്റി,
വാടിയ നിര്‍മാല്യങ്ങളായ ഉണ്ണിയാര്‍ച്ചമാരേ തേടി പോവുന്ന പ്രണയാര്‍ദ്രചന്തുജന്മങ്ങളെ,
ആദ്യപ്രണയത്തിന്‍റെ മധുരം ഓരോ ശ്വാസത്തിലും കൊണ്ട് നടന്നു,
ആയുസ്സ് അടിയറ വെച്ചും പ്രാണന്‍ പണയം വെച്ചും പ്രണയത്തെ അനശ്വരമാക്കുന്ന പുരുഷജന്മങ്ങളെ, നിങ്ങൾക്ക് ശതകോടി പ്രണാമം....
No comments:
Post a Comment