ദേഹം നന്നായി നീറുന്നുണ്ട്. മണ്ണില്‍ ഉരഞ്ഞുപൊട്ടിയും ഭീമസേനന്‍ മാന്തിപോളിച്ചും അടര്‍ന്നുപോയ തൊലികളില്‍ ചോരപൊടിഞ്ഞു നില്‍ക്കുന്നു. ദാസിപെണ്ണുങ്ങള്‍ ചൊരയൊപ്പിയെടുത്തു മരുന്ന് പുരട്ടിയെങ്കിലും ഇപ്പോഴും ചോര കിനിയുന്നുണ്ട്. വേദനയില്ല മറിച്ചു സുഖം തോന്നുന്നുകയാണ്. ഭീമനെ കീഴ്പെടുത്താനായതില്‍ ആല്‍മഹര്‍ഷം കൊണ്ട് ശരീരം തുടിക്കുകയാണ്. അവനെ തനിക്കു നേരിടാന്‍ കഴിയില്ലെന്നാണ് കരുതിയത്.. അശാന്തിയുടെ തീരഭൂമിയായിരുന്ന മനസിപ്പോള്‍ നിര്‍മ്മലമാണ്. ഒറ്റയ്ക്കാവുമ്പോള്‍ അശുഭശകുനംപോലെ വൃകൊദരനെ കുറിച്ചുള്ള ചിന്തകള്‍ കടന്നു വരും. തന്നെക്കാള്‍ ആകാരവും ബലവും അവനുണ്ട്. കാഴ്ചയില്‍ മന്ദബുദ്ധിയെന്നുതോന്നും. തീറ്റഭ്രാന്തനാണ്. അവന്‍ ദിവസവുമെന്നുവെച്ചു വളരുകയാണ്. അറിയാത്തഭാവത്തില്‍ അവന്‍ സഹോദരരെ ചവിട്ടുന്നതും മുതുകത്ത് ഇടിക്കുന്നതും കൂട്ടത്തോടെ പിടിച്ചു ശ്വാസം മുട്ടിക്കുന്നതും പതിവായപ്പോള്‍ താനും കുറേശ്ശെ തിരിച്ചു കൊടുക്കാന്‍ തുടങ്ങി. തന്നോട് അല്പം അകന്നാണ് അവന്‍ നടക്കുക. അവന്റെ പരാക്രമം മുഴുവന്‍ ഇച്ചിരിപോന്ന സഹോദരന്മാരോടാണ്. വൃകോദരന് ശക്തിയെയുള്ളൂ; ബുദ്ധിയില്ല. അവന്റെ കൈക്കുള്ളില്‍പെട്ടാലെ അവനെന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളൂ. പിടികൊടുക്കാതെ മാറിയും തിരിഞ്ഞും ഒളിഞ്ഞും താന്‍ ആക്രമിക്കുകയായിരുന്നു.
അനിയന്മാരുടെ നിലവിളികേട്ട് ഓടിചെല്ലുമ്പോള്‍ ഭീമസേനന്‍ അവര്‍ കയറിയിരുന്ന മരം പിടിച്ചു കുലുക്കി താഴെയിടാന്‍ നോക്കുകയാണ് അവര്‍ കൊമ്പുകളെ മുറുകെപിടിച്ചു "ജ്യെഷ്ടാ ജ്യെഷ്ടാ" എന്ന് കരയുന്നു. ഉപദ്രവിക്കുന്നതിന്റെ രസത്തിനിടയില്‍ താന്‍ പിറകെവന്നത് മന്ദന്‍ കണ്ടില്ല.. രണ്ടു കൈകള്‍ കൊണ്ട് പിന്നില്‍നിന്ന് കാലുകള്‍ വാരിയെടുത്തു നിലത്തടിച്ചു.. മുഖമടച്ചു വീണതിന്റെ വേദനയില്‍ ഭീമന്‍ എരുമ അമറുന്ന പോലെ കരഞ്ഞു.. എടുത്താല്‍ പൊന്താത്ത ശരീരം അവനു ദോഷമാവുകയായിരുന്നു. കൈകള്‍ കുത്തി എണീക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് മുതുകത്ത് മുട്ടുകാല്‍ മടക്കി ഇടിച്ചു.. അവന്‍ ഇടതു കൈപൊക്കി തന്നെ അള്ളിപിടിക്കാന്‍ നോക്കി. കിട്ടിയ ഭാഗങ്ങളില്‍ അമര്‍ത്തിമാന്തി. വലത്തേക്കും ഇടത്തേക്കും മാറിമാറി ചാടി അവന്‍റെ കഴുത്തിലും വാരിയെല്ലിലും താഡനങ്ങള്‍ ഏല്പിച്ചു. പുറംകാല്‍ മടക്കി അവനടിച്ചപ്പോള്‍ താന്‍ തെറിച്ചു വീണു.. തന്റെ കാലുകള്‍ പിടിച്ചു അവന്‍ മണ്ണിലൂടെ വലിച്ചു മരത്തിനു ചുറ്റും നടന്നു. ദേഹമാകെ മുറിയുന്നു. കുനിഞ്ഞു തന്നെ എടുത്തു പോക്കാന്‍ നോക്കിയപ്പോള്‍ ഇതുതന്നെ അവസരമെന്ന് കണ്ടു മുന്‍പോട്ടു വളഞ്ഞു മൂക്കില്‍ ആഞ്ഞിടിച്ചു.. ചോരതെറിച്ച മൂക്കില്‍ പിടിച്ചു വൃകോദരന്‍ ഒരു നിമിഷം തരിച്ചു നിന്നപ്പോള്‍ എണീറ്റ് പിറകിലൂടെ അവന്റെ രണ്ടും കയ്യും പിന്നിലേക്ക് വളച്ചു മരത്തിനു പിറകില്‍ ചേര്‍ത്ത്പിടിച്ചു.. അവന്‍ തന്റെ കൈകളിലും വാരിയിലും നഖക്ഷതങ്ങള്‍ വീഴ്ത്തികൊണ്ടിരുന്നു. സഹിച്ചു നിന്നു. പിടിവിട്ടാല്‍ തന്റെ കഥ കഴിയും. വിയര്‍പ്പില്‍ കുതിര്‍ന്നു രക്തമൊഴുകി കൊണ്ടിരുന്നു. ശക്തി മുഴുവനും കൈകളില്‍ ആവാഹിച്ചു ഇടതുകാല്‍ മരതടിയില്‍ അമര്‍ത്തി ചവിട്ടി അവന്റെ കൈകള്‍ വിടാതെ വലിച്ചു പിടിച്ചു നിന്നു. ഒടുവില്‍ ആനപന്തിയിലെ കാവല്ക്കാരാണ് വിദുരരെ കൊണ്ട് വന്നത്.. സാത്വികമുഖത്തു പതിവിനു വിപരീതമായ കോപം കണ്ടു. തന്നെ തള്ളിമാറ്റി ഒന്നും ചോദിക്കാതെ ഭീമനെ കൊണ്ട്പോയപ്പോള്‍ വേദന തോന്നി.
ധനുമാസമായതിനാലാവണം ഇരുട്ടും തണുപ്പും ഇണചേര്‍ന്ന് സന്ധ്യക്ക് മുന്‍പ് തന്നെ ഇരച്ചു കയറി വരും. സന്ധ്യാവന്ദനത്തിനു ഇനിയും സമയമുള്ളതിനാല്‍ കുറച്ചു നീന്തി തുടിക്കാമെന്നു കരുതിയാണ് അഭ്യാസശിബിരത്തില്‍ നിന്ന് നേരെ പുഴക്കരയിലേക്ക് പോന്നത്.. കൂടെ ചിത്രസേനനും ദുശാസനനും സാമനും ദ്രിതവര്‍മ്മാനും മാത്രമേ പോന്നുള്ളൂ.. ശിശിരമാസസന്ധ്യയിലെ ജലതണുപ്പ് മെയ് വഴക്കത്തെ ബാധിക്കുമെന്നുള്ള ആചാര്യന്റെ ഉപദേശം രക്ഷയാക്കി മറ്റുള്ളവര്‍ ചൂടുവെള്ളത്തില്‍ കുളിക്കാനായി കുളിമുറികളില്‍ കയറുകയായിരുന്നു. സീമന്തപുത്രനായ തനിക്കു ദാസിപെണ്ണുങ്ങളുടെ മുന്‍പില്‍ തുണിയഴിക്കാന്‍ മടി തോന്നിതുടങ്ങിയിരിക്കുന്നു. ഒഴുക്കിനെതിരെ നീന്താന്‍ എന്നും വെന്പല്‍കൊള്ളുന്ന തനിക്ക് വെട്ടിയാല്‍ മുറിയാത്ത ജലപരപ്പിലേക്ക് എടുത്തുചാടുക രസകരമായാണ് തോന്നാറു. എന്നും തന്റെ ശരീരത്തെയും ആല്‍മാവിനെയും വെല്ലുവിളിക്കുന്ന എന്തിനെയും എതിരിടാനുള്ള ത്വര ബാല്യംമുതലേ മുന്നിട്ടു നിന്നിരുന്നു. പതിനായിരം മദയാനകളുടെ ശൌര്യവും ശക്തിയുമുള്ള ഒരച്ഛന്റെ മകനായി പിറന്നതിന്റെ അഹന്തയാവും ഒരുപക്ഷെ തന്നെ വിഘ്നങ്ങള്‍ കവച്ചു വെക്കാതെ, തച്ചുടച്ചു മുന്നോട്ടു പോകാനുള്ള ഊര്‍ജം തരുന്നത്. മഹാമേരു കണക്ക് ആജാനാബാഹുവായ പിതാവിന് കാഴ്ച കൂടിയുണ്ടായിരുന്നെങ്കില്‍ ചക്രവര്‍ത്തിയായെനെയെന്നു തോന്നാറുണ്ട്. ശക്തിദുര്‍ഗമായിട്ടും പുറംകാഴ്ചകള്‍ അന്യമായ രാജാവ് ഭരണം അനുജന് വിട്ടുകൊടുത്തത്തില്‍ ഇന്ന് ദുഖിക്കുന്നുണ്ടാവും. തുമ്പികൈ പോലുള്ള കൈകള്‍ കൊണ്ട് പുറം തലോടുമ്പോള്‍ ആ വെള്ളികണ്ണുകളില്‍ നനവ് വരുന്നുണ്ടോയെന്ന് നോക്കും. ഇല്ല; അവ നിശ്ചേതന നിശ്ചല നെരിപ്പോടായി എരിഞ്ഞുതീര്‍ന്നു കെട്ടുകിടക്കുകയാണ്. വരണ്ട കണ്‍തടങ്ങളില്‍ തെളിച്ചവും തെളിനീരും പിറവികൊള്ളാത്തത് അദേഹത്തിന് തുണയായി കാണണം. അമ്മയാണെങ്കില്‍ എപ്പോഴും അച്ഛന്റെ കൂടെയാണ്. രാത്രികളില്‍ മാത്രമാണ് അമ്മയെ കാണാന്‍ തന്നെ കിട്ടാറു. പതിസ്നേഹത്താല്‍ നയനങ്ങള്‍ എന്നെന്നേക്കുമായി കെട്ടിയടച്ച അമ്മക്ക് എല്ലാവരെയും ഒരിക്കല്‍ പോലും കണ്ടിട്ടില്ല. തന്റെ മക്കള്‍, ദാസിയിലുണ്ടായ മക്കള്‍ എന്ന വേര്‍തിരിവില്ലവര്‍ക്ക്. എല്ലാവരോടും ഒരേപോലെ സ്നേഹം. എല്ലാവരും അച്ഛന്റെ, കുരുവംശത്തിന്റെ ചോരയല്ലേ..
പാഴ്ചിന്തകളില്‍ നിന്നുണരാന്‍ സുയോധനന്‍ ഉടയാടകള്‍ പറിചെറിഞ്ഞു ഞൊറിവിടര്‍ത്തിയ ചേലപോലെ വിടര്‍ന്നു പരന്നൊഴുകുന്ന പുഴയുടെ മാറിലേക്ക് എടുത്തുചാടി. അക്കരെപോയിവരാമെന്ന് പറഞ്ഞു കൈകള്‍ നീട്ടിയെറിഞ്ഞു പുഴയ്ക്കു വിലങ്ങനെ കമിഴ്ന്നും മലര്‍ന്നും നീന്തി. പക്ഷെ പിന്നെയും ചിന്തകള്‍ തണുപ്പിനെ പോലെ തന്നെ വരിഞ്ഞു മുറുക്കികൊണ്ടിരുന്നു. കൊട്ടാരത്തില്‍ രാജകീയസുഖഭോഗങ്ങളോടൊപ്പം താമസിക്കാന്‍ മാത്രമല്ല രാജ്യവും കൂടി പങ്കിടാനാണ് പാണ്ഡവര്‍ വരുന്നതെന്ന് പറഞ്ഞതു ശകുനിയമ്മാവനാണ്. നിനക്കവകാശപെട്ട ഭൂമിയാണ് ഹസ്തിനപുരം. കുരുവംശത്തിന്റെ രക്തമോടുന്നത് കൌരവരിലാണ്. കൊട്ടാരത്തില്‍ വെച്ച് കുന്തിയോ മാദ്രിയോ ഒരു കുഞ്ഞിനും ജന്മം നല്‍കിയിട്ടില്ല. ചെറിയച്ച്ചനു കുഞ്ഞുങ്ങള്‍ ഉണ്ടാവില്ലെന്ന് ശകുനിമാമന്‍ പറഞ്ഞപ്പോള്‍ " പിന്നെയെങ്ങിനെ പാണ്ഡവര്‍ " എന്ന ചോദ്യത്തിന് അമ്മാവന്‍ ദിവ്യഗര്‍ഭം എന്ന് പറഞ്ഞൊഴിഞ്ഞു. വലുതാവുമ്പോള്‍ തനിയെ മനസിലാവുമെന്നും. നിസ്സംഗതയോടെയും അകല്‍ച്ചയോടെയും പെരുമാറുന്ന വിദുരര്‍ ചെറിയച്ഛനെ വെറുപ്പായിരുന്നു. പക്ഷെ പാണ്ഡവര്‍ വന്നതുമുതല്‍ ചെറിയച്ഛന്‍ വലിയ ഉത്സാഹത്തിലാണ്. കുന്തി ചെറിയമ്മയുമായി എപ്പോഴും കുശലവും കുശുകുശുക്കലുമാണ്. യുധിഷ്ടിരനെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്നത് കാണാം. ധര്‍മ്മോപദേശങ്ങള്‍ നല്‍കുന്നതും. അച്ഛനും പാണ്ടുചെറിയച്ഛനും കഴിവില്ലാതെ പോയതിനാല്‍ വാസ്തവത്തില്‍ രാജ്യം ഭരിച്ചത് വിദുരര്‍ ചെറിയച്ചനാണ
മറുകരയിലെത്തിയപ്പോള്‍ കിതപ്പകറ്റാന്‍ വെള്ളത്തില്‍ തന്നെ കാലുകള്‍ ഇറക്കി വെച്ച് മലര്‍ന്നു കിടന്നു. പെട്ടെന്നാണ് മറുകരയില്‍നിന്ന് നിലവിളി കേട്ടത്.. എന്തോ അരുതാത്തത് സംഭവിച്ചിരിക്കുന്നു.. ഭീമന്‍.... ? വെള്ളത്തിലേക്ക് എടുത്തുചാടി കൈകള്‍ വട്ടംവീശി ജലപരപ്പിനെ വെട്ടിയകറ്റി വേഗത്തില്‍ നീന്തി. അകലെ നിന്നെ കണ്ടു ഭീമസേനന്‍ അട്ടഹസിക്കുന്നു. എട്ടുകാലുകള്‍ ഇടയ്ക്കിടയ്ക്ക് വെളിയില്‍ പൊങ്ങുകയും താഴേക്ക് പോവുകയും ചെയ്യുന്നുണ്ട്. അവരുടെ ശ്വാസം കുമിളകളായി മുകളില്‍ വന്നു പൊട്ടിതകരുന്നു. ഇടയ്ക്കു ചത്തോ എന്ന് നോക്കാനെന്നപോലെ അവരെ വെളിയില്‍ പൊക്കിയെടുക്കുന്നുണ്ട് വൃകോദരന്‍. തന്നില്‍ നിന്നേറ്റ അപമാനം തന്റെ കുഞ്ഞനിയന്മാരെ ദ്രോഹിച്ചു ആല്‍മസായൂജ്യമടയുകയാണ് വൃകോദരന്‍. അര്‍ജനനും നകുലസഹദേവന്മാരും കരയില്‍ ആരെങ്കിലും വരുന്നുണ്ടോയെന്ന് പിന്നിലേക്ക് നോക്കിയും കൈകൊട്ടിയാര്‍ത്തും ആനന്ദിക്കുകയാണ്. തന്നെ കണ്ടതും അവരെ പുഴയിലേക്ക് തള്ളിയിട്ടു വൃകോദരന്‍ കരയിലേക്ക് ഓടികയറി.. മൂന്നുപേരും വല്ലാതെ അവശരായിപോയിരുന്നു. പിടിച്ചു വലിച്ചു കരക്ക് കയറ്റി കാല്‍മുട്ടുകളില്‍ കമിഴ്ത്തി കിടത്തി വെള്ളമെല്ലാം ചര്‍ദിപ്പിച്ചു. ജീവിതത്തിലാദ്യമായി തന്റെ കണ്ണ് നിറഞ്ഞു.. തനിക്കു കിട്ടേണ്ട ദണ്ടനങ്ങള്‍ തന്റെ അനിയന്മാര്‍ ഏറ്റുവാങ്ങിയിരിക്കുന്നു. നിശ്ചിതയകലത്തില്‍ ഓടിരക്ഷപെടാന്‍ നില്‍ക്കുന്ന ഭീമനെ നോക്കി, ഒരു കൈകുടന്ന ജലം കയ്യിലെടുത്തു ഉയര്‍ത്തിയ കൈകളില്‍ നിന്നും മണ്ണിലേക്ക് ഒഴുകിയിറങ്ങുന്ന ജീവജലത്തെ സാക്ഷിയാക്കി പറഞ്ഞു.
ഭീമാ... ഇതിനു ധാര്‍ത്ത്രരാഷ്ട്രനായ ഞാന്‍ പ്രതികാരം ചെയ്തില്ലെങ്കില്‍ ഞാന്‍ ധൃതരാഷ്ട്രരുടെ പുത്രനല്ല.. നീ കരുതിയിരുന്നോ വൃകോദരാ.. കുരുവംശചോര ഈ സിരകളില്‍ ഓടുന്നുണ്ടെങ്കില്‍, കുരുവംശരേതസ്സില്‍ ഞാന്‍ പിറവി കൊണ്ടിട്ടുന്ടെങ്കില്‍, ഈ ജീവജലം തൊട്ടു ഞാന്‍ ശപഥം ചെയ്യുന്നു.. നിന്നെ ഞാനിതിനിരട്ടി വെള്ളം കുടിപ്പിക്കും. നീ വെള്ളം കുടിച്ചു, ശ്വാസം മുട്ടി, കണ്ണ് തള്ളും. എന്നെ ദ്രോഹിച്ചാല്‍ ഞാന്‍ ക്ഷമിക്കുമായിരുന്നു. എന്റെ സ്വന്തം ചോരയെ നീ കൊല്ലാന്‍ നോക്കി. നിന്‍റെ മരണശേഷമേ എന്റെ മുഖത്തിനി പുഞ്ചിരി വിടരുകയുള്ളൂ. ഉതിര്‍ന്നുവീഴുന്ന ഈ ജലകണികകളാണ് സത്യം.
പേടിച്ചരണ്ട കുരുന്നുകളെ ചേര്‍ത്തുപിടിച്ചു പറഞ്ഞു..
ഇനി ഞാന്‍ നിങ്ങളെ തനിച്ചാക്കില്ല. ഇനിയെനിനിക്ക് മാത്രമായി ഒരു ജീവിതമില്ല.
ഈ വലിയേട്ടന്‍ ഇനി ജീവിക്കുന്നത് നിങ്ങള്‍ക്ക് വേണ്ടിയും പിന്നെയീ പാണ്ഡവരുടെ പതനം കാണാനും മാത്രം.
ശകുനിയമ്മാനോടും അച്ഛനോടും മാത്രം നടന്ന കാര്യങ്ങള്‍ വിവരിച്ചു പറഞ്ഞു കരഞ്ഞു. അമ്മയറിയേണ്ട എന്നുപറഞ്ഞ അച്ഛന്‍ നെറുകില്‍ തലോടി കൊണ്ടിരുന്നു. ഒരിക്കല്‍ പോലും കരയാത്ത ബലവാനായ അച്ഛന്‍റെയുള്ളില്‍ സന്കടതിരകള്‍ ഉയര്‍ന്നു പൊങ്ങുന്നത് നെഞ്ചിന്‍ കൂടിന്റെ ഉയര്‍ച്ചതാഴ്ചയില്‍ നിന്നും വേഗത്തിലെടുക്കുന്ന ശ്വാസനിശ്വാസങ്ങളില്‍ നിന്നും മനസിലാവുന്നുണ്ടായിരുന്നു. ശകുനിമാമന്റെ ഇച്ചപ്രകാരം ഉള്ളിലെ കോപവും പ്രതികാരദാഹവും അടക്കിവെച്ചു തോറ്റുകൊടുത്തവന്റെ ശരീരഭാഷയും ഭാവങ്ങളുമായി കുറച്ചുദിനങ്ങള്‍ തള്ളിനീക്കി. ഗദകൊണ്ട് തന്റെ സഹോദരങ്ങളുടെ തല തച്ചുടക്കുന്ന ഭീമരൂപം സ്വപ്നം കണ്ടു ഞെട്ടിയുണരുക പതിവായി. കാത്തിരുന്നു; വര്‍ദ്ധിതപകയോടെ, തന്റെ അവസരത്തിനായി..
വല്ലപ്പോഴും ഗംഗയുടെ വനതീരങ്ങളില്‍ ഒരിടത്ത് എല്ലാവരും കൂടി തമ്പടിച്ചു ജലക്രീഡകളും കാട്ടിറച്ചിയുമോക്കെയായി കൂടുന്ന പതിവുണ്ടായിരുന്നു. ഇരുട്ട് പരക്കുന്നതുവരെ ആവോളം ഗംഗയില്‍ നീന്തിതുടിച്ച വൃകൊദരന്‍ ഭക്ഷണം തെയ്യാറാവുന്നതിനു മുന്‍പേതന്നെ പാചകശാലയില്‍ കയറി. പരിചാരകര്‍ ഭക്ഷണത്തിനു സമയമാകുമെന്നു പറഞ്ഞപ്പോള്‍ അവന്‍ പുറത്തിറങ്ങി. ഈറനോടെ കയറിവന്ന യുധിഷ്ഠിരന്‍ ചോദിക്കുന്നത് കേട്ടു..
കളിച്ചു മതിയായില്ലേ നിനക്ക് ...
ജ്യേഷ്ടന്‍ ഭക്ഷണം കഴിച്ചു കിടന്നോളൂ.. ഞാന്‍ ഒന്നുകൂടി ഉല്ലസിച്ചിട്ടു വരാം..
സൂക്ഷിക്കണം എന്ന് യുധിഷ്ഠിരന്‍ പിറുപിറുത്തെനു തോന്നുന്നു. അവൻ ജലത്തിലേക്ക് നടന്നിറങ്ങുന്നതു കണ്ടു. വെള്ളവും കരയും ചേരുന്നിടത്ത് ചളിയുണ്ട്. അവന്‍ വീണുകിട്ടിയാല്‍ എളുപ്പമായി കാര്യങ്ങള്‍. കരയിലെ പൊന്തകാടുകളില്‍ നിന്ന് വള്ളികള്‍ പറിച്ചെടുത്തു കൊണ്ട് വരാന്‍ ദുശാസനനോടും മറ്റും പറഞ്ഞു പാചകപുരയില്‍ നിന്നെടുത്ത വലിയ പങ്കായം പോലുള്ള ചട്ടുകമെടുത്തു പിന്നില്‍ ചെന്ന് വിളിച്ചു...
വൃകോദരാ.....
അവന്‍ തിരിയുന്നതിനു മുന്‍പ് ചട്ടുകം കൊണ്ട് തലയിലടിച്ചു.. തരിച്ചു മരവിച്ചുനിന്ന അവനെ വട്ടംതിരിഞ്ഞു മുന്‍കാല്‍ കൊണ്ട് കാല്‍വണ്ണകളില്‍ വീശിയടിച്ചു. കുതിര്‍ന്നമണ്ണില്‍ കാല്‍തെറ്റി അവന്‍ പാതിവെള്ളത്തിലെക്കും മലര്‍ന്നടിച്ചു വീണു.. ചളിയില്‍ കൈകുത്തി അവന്‍ എണീക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് കവിളെല്ലുകള്‍ പൊടിയും വിധം വീശി ഒരടി കൂടി കൊടുത്തു. അപ്പോഴേക്കും വള്ളികളും കയറുകളും കൊണ്ട് അനുജന്മാരെത്തി. പത്തു നാല്പതുപെരുടെ ബാഹുബലം തകര്‍ക്കാന്‍ അവന്‍ മദമിളകിയ ആനയെ പോലെ കുതറികൊണ്ടിരുന്നു. അവന്റെ കാലുകളും കൈകളും ബന്ധിച്ചു വലിച്ചുകൊണ്ട് പോയി വെള്ളത്തിലിട്ടു.. കൈകാല്‍ ബന്ധിതനായ അവന്‍ തുഴയാന്‍ കഴിയാതെ മുങ്ങിതാണുകൊണ്ടിരുന്നു. അവന്‍ തളർന്നു താഴുന്നത് കണ്ട വികര്‍ണ്ണന്‍ പറഞ്ഞു..
" അവന്‍ ചത്തു പോവും. എല്ലാവരും നമ്മെ പഴിക്കും. സഹോദരനെ കൊന്നെന്ന അപഖ്യാതി പരക്കും. അമ്മ നമ്മളെ വെറുക്കും. അവനെ രക്ഷിക്കൂ..
അമ്മയെ കുറിച്ച് പറഞ്ഞപ്പോള്‍ ആധി കയറി. വേഗം ഇറങ്ങിചെന്ന് പിടിച്ചുവലിച്ചു കരയിലിട്ടു. വെള്ളം കുടിച്ചു അവന്റെ വയര്‍ വീര്‍ത്തിരുന്നു. കണ്ണുകള്‍ വിടര്‍ന്നു ചുവന്നു തുടുത്തും. നിസഹായതയില്‍ അവന്‍ മുരണ്ടു കൊണ്ടിരുന്നു. അവനെ വൃക്ഷതടയില്‍ ചാരിയിരുത്തി പറഞ്ഞു..
" ഇനി നിന്റെ കൈ എന്റെ സഹോദരങ്ങളുടെ മേല്‍ പതിഞ്ഞാല്‍ നിന്നെ ഞാന്‍ കൊല്ലും. എനിക്ക് രാജാവാവേണ്ട, വില്ലാളി വീരനാവേണ്ട. അതിനു പറ്റിയവര്‍ നൂറില്‍ ഒരുപാടുണ്ട്. എനിക്ക് സ്വര്‍ഗ്ഗവും വേണ്ട. പ്രതികാരത്തിനും പകക്കുമിടയില്‍ ധര്‍മ്മവും സത്യവുമില്ല. ധാര്‍ത്തരാഷ്ട്രരില്‍ ഇനിയൊരുത്തനെ നീ തൊട്ടാല്‍ പിന്നെ പാണ്ഡവരിലോ കൌരവരിലോ എണ്ണം കുറയും.. കൌരവരില്‍ പിന്നെയും തൊണ്ണൂറ്റിയൊന്പതു ബാക്കിയുണ്ട്. മന്ദാ, നീ പോയാല്‍ പിന്നെ പഞ്ചപാണ്ഡവര്‍ വട്ടപൂജ്യമാണ്; വട്ടപൂജ്യം..
തുറിച്ചു നോക്കി കൊണ്ടിരുന്ന അവന്റെ കണ്ണുകളില്‍ തറപ്പിച്ചു നോക്കിപറഞ്ഞു..
കൊട്ടാരത്തില്‍ പറഞ്ഞുപരത്തിയാല്‍ അന്ന് സഹോദരങ്ങളെ ശ്വാസംമുട്ടിച്ച കഥ ഞങ്ങളും പറയും. ഇപ്പോള്‍ കടങ്ങള്‍ തീര്‍ന്നിരിക്കുന്നു.. എന്റെ സഹോദരങ്ങളെ ഉപദ്രവിക്കാതെ എന്നെ കടപ്പാടുള്ളവനാക്കി മാറ്റുക. കണക്കുകൾതീർക്കാൻ ഇനിയുമെന്നെ കടക്കാരനാക്കരുത് ഭീമസേനാ..
വിജയത്തിനു എന്ത് കൊണ്ടോ മാധുര്യം കുറഞ്ഞിരുന്നു.. അവന്റെ കണ്ണില്‍ ഭയം കണ്ടപ്പോള്‍, ദയക്ക് വേണ്ടി യാചിക്കുന്ന കണ്ണുകളില്‍ നോക്കിയപ്പോള്‍ തളരുന്നുവെന്നു തോന്നി. അരുത്.. അവന്‍ ശത്രുവാണ്.. ശത്രു ദയ അര്‍ഹിക്കുന്നില്ല.. ഇവരെ വളരാന്‍ വിട്ടാല്‍ അവഗണനയില്‍ ജീവിച്ച ബാല്യം യൌവ്വനത്തിലെക്കും വളരും. അതനുവദിക്കരുത്. തനിക്ക് ജീവനുണ്ടെങ്കില്‍ ധാര്‍ത്തരാഷ്ട്രം പങ്കുവെക്കില്ല. ക്ഷത്രിയജന്മം രാജ്യത്തിന് വേണ്ടിയാണ്. രാജ്യം രക്ഷിക്കാത്തവന്‍ ക്ഷത്രിയനല്ല. ശത്രുവിന് മുഖമില്ല, ബന്ധമില്ല, ദയയര്‍ഹിക്കുന്നുമില്ല. ശത്രുവിന്റെ കണ്ണില്‍ നോക്കരുത്; അത് നിങ്ങളെ ദയാലുവാക്കും. വെറുതെവിട്ട ശത്രു നാളെ നിങ്ങളെ തുടച്ചുനീക്കും. ശത്രു, ശത്രു മാത്രമാണ്.. ശത്രുനിഗ്രഹം; ക്ഷത്രിയധര്‍മവും.
രാജ്യം ഒരടി കുറയാതെ അച്ഛന്റെ കാല്‍ക്കല്‍ വെച്ച് താനൊരിക്കല്‍ പറയും..
അച്ചാ, ഇരുളിന്‍റെ മറവില്‍ അങ്ങേക്ക് നഷ്ടമായ സിംഹാസനം തിരിച്ചുപിടിച്ചിരിക്കുന്നു..
ഒരു രാജാവിന് വേണ്ടത് പുറംകാഴ്ചകളല്ല. ഉൾകാഴ്ചയുള്ള, ഇച്ഛാശക്തിയുള്ള, അകകണ്ണുകളുള്ള ബലവാനാണ് രാജാവ്.. അങ്ങ് ബലവാനാണ്; അങ്ങയുടെ സീമന്തപുത്രനായ ഈ സുയോധനനും.
നിശ്ച്ചയദാര്‍ഡ്യം തളംകെട്ടിയ മുഖവും പുത്തനുണര്‍വ്വിന്റെ സോപാനസംഗീതം പൊഴിക്കുന്ന മനവുമായി സുയോധനന്‍ ഉറക്കറയിലേക്ക് നടന്നു.. ( തുടരും )
No comments:
Post a Comment