നാല്‍പ്പത്തിയാറു വര്‍ഷം മുന്‍പ് മേടത്തിലെ അനിഴം നക്ഷത്രത്തില്‍ വെളുപ്പിനു അന്ച്ചേ കാലിനു എല്ലുകള്‍ മുറിയുന്ന വേദനയുടെ നൊമ്പരത്തിലും ചന്ദ്രികാവസന്തം വിടര്‍ത്തി അമ്മ ചിരിച്ചു. ചന്ദ്രികയെന്ന സ്ത്രീ തന്റെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കി അമ്മയായി. മാതൃനിര്‍വൃതിയുടെ, ജീവിതനിറവിന്റെ, സഫലജന്മത്തിന്റെ അമ്മച്ചിരി. വേദനയുടെയും ധന്യതയുടെയും സംമോഹനത്തില്‍ ആദ്യമായി അമ്മ കണ്ണുനീരിന് മധുരമുന്ടെന്നു തിരിച്ചറിഞ്ഞു. എന്റെ ചുണ്ടുകളില്‍ അമ്മിഞ്ഞപാലിന്റെ മധുരം വീഴുന്നതിനു മുന്‍പ് മിഴിനീരിന്റെ ഉപ്പുവീണു, വരാന്‍ പോകുന്ന കൈപ്പ് നിറഞ്ഞ ജീവിതായനത്തിന്റെ നാന്ദി കുറിച്ചു. മേടം മുപ്പത്തി ഒന്നിലെയും മെയ് പതിമൂന്നിലെയും ഒന്നും മൂന്നും ചേര്‍ന്ന നാലിന്റെ, അനിഴമെന്ന നക്ഷത്തത്തിന്റെ, ടോറസ് എന്ന രാശിയുടെ ഗുണദോഷങ്ങള്‍ സമ്മിശ്രമായി എന്നിലലിഞ്ഞു എന്നെ ഞാനാക്കി. ദാരിദ്ര്യവും കഷ്ടപാടുകളും ഇരുള്‍ വീഴ്ത്തിയ ജീവിതവീഥികള്‍, തൂത്തു കളയുന്തോറും അട്ട പോലെ എന്നില്‍ പറ്റി ചേര്‍ന്ന് നില്‍ക്കുന്ന അപകര്‍ഷതയില്‍, അവഗണനകളില്‍, ഇകഴ്തലുകളില്‍, ആദ്യമായി ചുണ്ടില്‍ വീണ കൈപ്പുനീരിന്റെ ദുസ്വാദ് എന്നും വറ്റാതെയോഴിയാതെ ഒട്ടി നിന്നു.
രാവുകളില്‍ അമ്മയുടെ വ്യസനങ്ങള്‍ക്ക് , പ്രതീക്ഷകള്‍ക്കു, സ്വപ്നങ്ങള്‍ക്ക് അഭയം നല്‍കിയ അമ്പിളിയുടെ പര്യായമായ സുധാകരന്‍ എൻടെ നാമമായി. ചന്ദ്രികയമ്മക്ക് ചിരിയുടെ പൌര്‍ണമി നല്‍കിയ ഞാന്‍ സുധാകരനല്ലെന്കില്‍ പിന്നെന്താണ്.. ? ആ പേരിടുമ്പോള്‍ സ്നേഹമെന്ന അമൃത് കയ്യിലുള്ളവനായി ഞാന്‍ വളരട്ടെയെന്നും അമ്മ നിനച്ചു കാണും. വടക്കാന്ചെരിയിലെ അമ്മ്യാര്‍ മഠങ്ങളില്‍ മുറ്റമടിച്ചും ഓട്ടുപാത്രം കഴുകിയും അമ്മ നിരാലംബ-നിസഹായ-നിശ്ചല ജീവിതത്തിനു വേഗം കൊടുക്കാന്‍ ശ്രമിച്ചു. ആ വീടുകളിലെ കുളിമുറികളിലെ ചുവരുകളില്‍ എനിക്ക് തരാന്‍ കഴിയാത്ത നിറഞ്ഞു കവിയുന്ന അമ്മിഞ്ഞ പാല്‍ അമ്മ പിഴിഞ്ഞ് കളയുമായിരുന്നു. വൈകുന്നേരം അമ്മ വരുന്നവരെ അമ്മമ്മയുടെ വറ്റി വരണ്ട ശുഷ്ക്കിച്ച മുലകളില്‍ നനവിന്റെ കുളിര്‍തേടി മെലിഞ്ഞ നെന്ചിലോട്ടി പതിഞ്ഞു കിടന്നു. അമ്മമ്മയുടെ ഉന്തിയ പല്ലുകള്‍ ഉമ്മകളിലൂടെ നോമ്ബരപ്ടുകള്‍ വീഴ്ത്തിയപ്പോള്‍ നൊമ്പരങ്ങളില്‍ വെളുക്കെയുറക്കെ ചിരിക്കാന്‍ ഞാന്‍ പഠിച്ചു. വൈകുന്നേരം വന്നാല്‍ അമ്മ ഒന്നും കഴിക്കില്ല. അമ്മമ്മ ചോദിക്കും,
എന്താ ചന്ദ്രോ, നിനക്കൊന്നും വേണ്ടേ..
ന്റെ മോന്റെ ചിരി കണ്ടാല്‍ പിന്നെ വെശപ്പൂം ദാഹോം ന്നും അറീല്യാ ന്റെ അമ്മെ....
ശര്യെന്ന എന്നര്‍ത്ഥത്തില്‍ മീനാക്ഷിയമ്മയും ചിരിക്കും. അമ്മാവന്‍ അമ്മെ എന്ന് വിളിക്കുന്ന കേട്ട് വളര്‍ന്ന എനിക്ക് മുത്തശ്ശിയായ അമ്മമ്മ അമ്മയായി; അമ്മാവന്റെ ഓപ്പോള്‍ എന്ന വിളി കേട്ട് എന്റെ സ്വന്തം അമ്മ ഓപ്പോളായി. വയ്ക്കോല്‍പുരയിലെ ചാണകമെഴുകിയ നിലത്ത് ഞാന്‍ കമിഴ്ന്നു, നീന്തി, മുട്ട് കുത്തി, ഇരുന്നു, നിരങ്ങി ചാണകത്തോടൊപ്പം അരിച്ചു നടന്ന പ്രാണികളെയും പിടിച്ചു വായിലിട്ടു. അമ്മമ്മ പറയുന്ന ആനയും തയ്യല്‍ക്കാരന്റെയും കാക്കയെ പറ്റിച്ച കുറുക്കന്റെ കഥയും നൂറു ദിവസം താണ്ടി പിന്നെയുമോടി. നെറുകില്‍ തഴുകി, മുടിയില്‍ വിരലോടിച്ചു അമ്മ ഈണത്തില്‍ പാടിയ ശോകം കലര്‍ന്ന താരാട്ടുകള്‍ പാതി വഴിയില്‍ മുറിഞ്ഞു തേങ്ങി. മുനിഞ്ഞു കത്തുന്ന ചിമ്മിണി വിളിക്കിന്റെ പുകയില്‍ എന്നെ ചേര്‍ത്തു പിടിച്ചു, കരിന്തിരി കത്തിയ നിറനിലാജന്മത്തിന്റെ നിലാശോഭ ജീവിതഭാരക്ഷീണത്താല്‍ മയങ്ങിയുറങ്ങി.
ഞാന്‍ വളര്‍ന്നു. ഒരിടത്തും ഒന്നമനാവാതെ, ഊഴവും ഉന്നവും നഷ്ടപ്പെട്ട്, വേഗവും വൈരവും മറന്നു, കുറുകുന്ന വ്യസനങ്ങള്‍ നെന്ചിലോതുക്കി, തിളങ്ങുന്ന വസ്ത്രത്തിനും പേനക്കും പൊട്ടാതെ സ്ലെറ്റിനും പഴകാത്ത പുസ്തകത്തിനും കൊതി പൂണ്ടു എല്ലാവര്ക്കും പിന്നില്‍ മറഞ്ഞു നിന്ന് ചിരിച്ചു വളര്‍ന്നു. വെള്ളം കോരി കൊടുത്തും വിറകു പെറുക്കി ചുമന്നു കൊണ്ട് വന്നും അമ്മയെ ഞാന്‍ സഹായിച്ചു. തേക്കില പറിച്ചു വിറ്റും കശുവണ്ടി പെറുക്കിയും മിട്ടായിക്കു കാശുണ്ടാക്കി. പൊരിയുന്ന വെയിലില്‍ പച്ച ഇഷ്ടിക രണ്ടു തോളത്തും ചുമന്നു നടന്നു ചൂളയില്‍ കൊണ്ട് വെക്കുന്ന പണിക്ക് പോയി അവധികാലത്ത് പുസ്തകത്തിനും വസ്ത്രത്തിനും വഴി കണ്ടു. കോളേജില്‍ ഖദര്‍ ഉടുത്തു തത്വം പറഞ്ഞു വസ്ത്രദാരിദ്ര്യത്തിനു മറ കൊടുത്തു. വീടുകളില്‍ പോയി ടൂഷന്‍ എടുത്തു ബിരുദാനന്തരവേളയില്‍ ബീഡിക്കും ചായക്കും പഠനത്തിനും വകയൊപ്പിച്ചു.
ഞാന്‍ അന്നന്ന് അരിയും പന്ചാരയും ചായപൊടിയും വാങ്ങുന്ന ജീവിതത്തില്‍ നിന്ന് മാറി, കറങ്ങുന്ന ഫാനിന്‍റെ കീഴെ വിയര്‍പ്പോഴുക്കാതെയിരുന്നു ജോലി ചെയ്തു ശമ്പളം വാങ്ങി മൊത്തം മാസത്തേക്കുള്ള സാധനങ്ങള്‍ വാങ്ങികൊണ്ട് വരുന്ന ഒരു ഗൃഹനാഥനാവാന്‍ കഴിയണമെന്ന് അമ്മ പ്രാര്‍ഥിച്ചു. എനിക്ക് ഒന്നുമാവണമെന്നു തോന്നിയില്ല. പ്രതീക്ഷകളും, സ്വപ്നങ്ങളും ഭാഗ്യം, പ്രണയം എന്നിവപോലെ എന്നില്‍ നിന്ന് എന്നും അകന്നു തന്നെ നിന്നു. ഞാനെഴുതുന്ന ബാല്യകാലസഖിയും പ്രണയനിലാവുമൊക്കെ വെറും കല്പനകള്‍ മാത്രം.
അമ്മ സംത്രുപ്തയാണ്.. കുഞ്ഞുനാളില്‍ അമ്മ എന്റെ മുഖത്തു നോക്കി കിടന്നു കണ്ട നക്ഷത്രസ്വപ്നങ്ങള്‍ വിണ്ണില്‍ നിന്നിറങ്ങിവന്നു അമ്മയുടെ കണ്ണിലെ നക്ഷത്രതിളക്കിനു ശോഭ കൂട്ടുകയാണ്. ഞാന്‍ എന്തായെന്ന് എനിക്കറിയില്ല പക്ഷെ അമ്മക്ക് ഞാന്‍ എന്താവണമോ അതായി. എ അമ്മയോളം വളരാന്‍ എനിക്കാവില്ല; അമ്മയുടെ സ്വപ്നത്തോളമെങ്കിലും വളരാനായതില്‍ എനിക്ക് ചാരിതാര്ത്യമുണ്ട്. ചന്ദ്രനെന്ന ഞാന്‍ അമ്മയുടെ ജീവിതസ്വപ്നങ്ങളിലെന്കിലും ചന്ദ്രിക വിടര്‍ത്താന്‍ കഴിഞ്ഞതില്‍ ധന്യനാണ്. അമ്മയുടെ പ്രതീക്ഷകള്‍ സഫലവും സാര്‍ത്ഥകവുമായതില്‍ സന്തുഷ്ടനും..
പിന്നിട്ട വഴികളെ കുറിച്ച് ഞാനെഴുതുന്നത് വന്ന വഴികള്‍ മറക്കാതിരിക്കാനാണ്. അന്ന് ഞാനനുഭവിച്ച ദുഃഖങ്ങള്‍ ഇന്നെനിക്ക് സ്വര്‍ഗ്ഗസുഖം തരുന്നു.
അന്നത്തെ ദാരിദ്ര്യം ഇന്നെന്നെ ധനികനാക്കുന്നു.
അന്നത്തെ ഇല്ലായ്മ ഇന്നെനിക്ക് സമൃദ്ധിയേകുന്നു.
ഞാന്‍ ചിരിക്കുന്നു, സന്തോഷിക്കുന്നു,
കുട്ടിത്തം വിടാത്ത മനസ്സും ശരീരവുമായി ചിരിച്ചുല്ലസിച്ചു പ്രായഭേദമന്യേ എല്ലാവരുമായി സംവദിക്കുന്നു; സ്നേഹസൌഹൃദം പങ്കുവെക്കുന്നു.
പല ധനികരും ചോദിക്കുന്നു മോശമായ ധനസ്ഥിതി വെച്ചും എങ്ങിനെ ചിരിക്കാന്‍ കഴിയുന്നു വെന്നു. അതിനും മറുപടിയായി ഞാന്‍ ചിരി കൊടുക്കുന്നു.സ ധനികരായ അവരുടെ ചിരിക്കാന്‍ കഴിയാത്ത അവസ്ഥ പോലും എന്നെ ചിരിപ്പിക്കുന്നു. വെറും മനുഷ്യനായി, നല്ലതും ചീത്തയും കുറ്റവും കുറവുമുള്ള ഒരാളായി ജീവിക്കണമെന്നാണു പ്രാര്‍ത്ഥന. ദേവനായ രാമനില്‍ ഞാന്‍ നല്ലത് മാത്രം കാണുന്നില്ല; അസുരരാവണനില്‍ തിന്മയും. എനിക്ക് ദേവനാവേണ്ട, മുനി ശ്രേഷ്ടനാവേണ്ട, പ്രവാചകനാവേണ്ട, വെറും മനുഷ്യനായാല്‍ മതി. വികാരവിചാരങ്ങള്ള്ള, ദേവാസുരഗുണങ്ങളുള്ള പച്ച മനുഷ്യന്‍....
നാല്പ്പത്തിയാറിന്റെ നിറവില്‍ ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ പിന്നിട്ട പാതകളില്‍ ചോരപാടുകളില്ല.
ഞാന്‍ മുറിവേല്‍പ്പിച്ച അബലജന്മങ്ങളില്ല.
പുച്ചിച്ച്ചു തള്ളിയ നിസഹായരില്ല.
അപമാനിച്ച നിരാലംബരില്ല.
ഉപയോഗിച്ചുപേക്ഷിച്ച അശരണരില്ല.
ഭൌതികമായ ഔന്നത്യമില്ലെങ്കിലും,
നന്മയുടെ വെള്ളിവെട്ടം വീശാനായില്ലെങ്കിലും,
സ്നേഹവസന്തസുഗന്ധം പരത്താൻ കഴിഞ്ഞില്ലെങ്കിലും ആരുടേയും പാതകള്‍ ഇരുളടയാന്‍ ഞാനിടയായിട്ടില്ല എന്നാണു വിശ്വാസം.
ഒപ്പം എന്നെ ശപിക്കാന്‍ പാപം ചെയ്യാത്ത കൈകള്‍ ഉയരുകയില്ലെന്നും!!!
പ്രയാസങ്ങളെന്ന പൊടിയും നിര്‍ഭാഗ്യങ്ങളെന്ന പുകയും പിടിച്ചു ബാക്കി കിടക്കുന്ന ജീവിതമെന്ന ചെമ്മന്പാതയില്‍ ഒരു മനുഷ്യനായി തന്നെ പ്രയാണം തുടരാന്‍ എല്ലാവരും അനുഗ്രഹിക്കണമെന്ന പ്രാര്‍ഥനയോടെ.....
No comments:
Post a Comment