Sunday, 7 December 2014

ഗുരുവന്ദനം.


നാട്ടില്‍ വായനശാലയും പ്രൈമറിസ്കൂളും,കമിതാക്കളെ പോലെ തൊട്ടുതൊട്ടാണ് ഇരിക്കുന്നത്. പന്ത്രണ്ടു വയസുമുതല്‍ വായനശാലയിലെ നിത്യസന്ദര്‍ശകനായിരുന്നു . പിന്നെയവിടെ ഭാരവാഹിയായി, നാടിന്റെ യുവരക്തമായ യുവരശ്മി ക്ലബിന്റെ സെക്രട്ടറിയായി, അറിവിന്റെ വെളിച്ചം തെളിച്ചു കൊടുക്കുന്ന പ്രതിഭ കോളേജില്‍ കുട്ടികളുടെ പ്രിയമാഷുമായി. ബാല്യം പിടിതരാത്ത തുമ്പിയെ പിടിക്കാന്‍ ശ്രമിച്ചും കൌമാരം വര്‍ണ്ണം വിടര്‍ത്തുന്ന ചിത്രശലഭങ്ങള്‍ക്കായി കാത്തിരുന്നും കൌതുകം വിടർത്താതെ കടന്നുപോയി. ദാരിദ്ര്യം പൈതൃകമായും, അപകര്‍ഷത ജന്മസിദ്ധമായും കിട്ടിയതിനാല്‍, അക്ഷരങ്ങള്‍, വിശപ്പിനും അപകര്‍ഷതക്കും മറുമരുന്നായി. വായിക്കുമ്പോള്‍ വിശപ്പറിയില്ലെന്നു ബാല്യത്തിലും, പ്രണയിക്കുമ്പോള്‍ വിശപ്പ്‌ തൃഷ്ണകള്‍ക്ക് വഴിമാറുമെന്നു കൌമാരത്തിലും തിരിച്ചറിഞ്ഞു. തിരിച്ചറിവുകള്‍ പലപ്പോഴും നൊമ്പരങ്ങളാണ് നൽകുക. മനുഷ്യന്റെ സ്ഥായിയായ ഭാവം ശോകമാണെന്ന് പറഞ്ഞപോലെ നൊമ്പരങ്ങളാണ് ഒരാളെ ജനഹൃദയങ്ങള്‍ നെഞ്ചിലേറ്റുന്ന എഴുത്തുകാരനാക്കുന്നത്. പക്ഷെ ഈ നൊമ്പരങ്ങള്‍ എനിക്ക് ആശ്വാസമാവുകയായിരുന്നു. കൂട്ടുകാര്‍ ആരും വൈക്കോല്‍പുരയിലെ സമൃദ്ധിയിലേക്ക് വിരുന്നു വരരുതേ എന്ന് പ്രാര്‍ത്ഥിച്ചാണ് രാത്രി കിടക്കുക. കൂട്ടുകാരുടെ വീട്ടില്‍ പോവുമ്പോള്‍ അവിടെ കിട്ടുന്ന സ്വീകരണം അപകര്‍ഷതയുടെ ആഴം കൂട്ടി. ഇരിക്കാന്‍ കസേരയില്ലാത്ത, ചോര്‍ന്നൊലിക്കുന്ന വൈക്കോല്‍പുരയുള്ള , ശർക്കരകാപ്പി കുടിക്കുന്ന, ചോറിനു കറിയായി ഒരു ചുവന്നുള്ളി കടിക്കുന്ന എന്റെ ജീവിതധാരാളിത്തം ചിരിക്കുമ്പോള്‍ തെളിയുന്ന പല്ലിനിടയില ഉമിക്കരിപോലെ കറുത്ത് വിളങ്ങി തിളങ്ങി കിടന്നു.

മുട്ടത്ത് വര്‍ക്കിയും കാനവും കോട്ടയം പുഷ്പനാഥും എഴുതിയത് മഹാസാഹിത്യമാണെന്ന് കരുതി വാ പോളിച്ചിരിക്കുമ്പോഴാണ് ഉറൂബും എസ് കെ പൊറ്റെക്കാടും എം ടി യും പുനത്തിലും രാധാകൃഷ്ണനും മുകുന്ദനും സേതുവും അതിനേക്കാള്‍ മികച്ചവരാണെന്ന് മനസിലാക്കുന്നത്. വായന എത്ര മുന്നോട്ടു പോയിട്ടും എം ടി എന്ന സാഹിത്യകുലപതിയുടെ മായയില്‍നിന്ന് രക്ഷനേടാനായില്ല എന്നത് എന്നിലെ കുറവായി ഞാന്‍ കാണുന്നുമില്ല. ഒബ്സെഷനാവുകയായിരുന്നു എം ടി യുടെ ഓരോ രചനകളും. ഒരുപക്ഷെ എന്നെപോലെ തന്നെ ദാരിദ്ര്യം അനുഭവിച്ച ബാല്യവും അപകര്‍ഷതയുടെ കൌമാരവും രോഷയൌവ്വനവും നഷ്ടപ്രണയങ്ങളും സ്വാര്‍ത്ഥതയും അദേഹത്തിന്റെ നായകര്‍ക്ക് ഉണ്ടായതുകൊണ്ടാവും. കാലവും നാലുകെട്ടും അസുരവിത്തും രണ്ടാമൂഴവും എന്നിലുണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്‌. കാലത്തിലെ സേതു എന്നില്‍ ഏറെകുറെ വിന്ന്യസിച്ചു നില്ക്കു്ന്നുണ്ട്. കോലന്‍മുടിയും ഇടവുള്ള പലകപല്ലും എണ്ണമയമുള്ള, മുഖകുരു കൌമാരചിത്രങ്ങള്‍ വരച്ച മുഖവും, കറുപ്പോ വെളുപ്പോയെന്ന് പറയാനാവാത്ത നിറവുമുള്ള സുധാകരന്‍ സേതുവില്‍ ഒളിഞ്ഞും തെളിഞ്ഞും നില്‍ക്കുന്നു.

കാലത്തില്‍ സുമിത്രയാണ് പെണ്ണിന്റെ സൌന്ദര്യമെന്ന് കരുതിയ സേതു പുഷ്പോത്തെ തങ്കമണിയെ കണ്ടപ്പോള്‍ വരുന്ന കൌതുകമാറ്റം തന്നെയാണിതും. സേതുവിന്‍റെ കാമനകള്‍, ഇരുനിറത്തില്‍ ബലിഷ്ടമേനിയുള്ള, ഗ്രാമത്തിന്റെ വിശുദ്ധസൌന്ദര്യമായ സുമിത്രയില്‍ നിന്ന് തേജസ്സും ഐശ്വര്യവുമുള്ള കാല്പനികതയുടെ തങ്കതിളക്കമായ തന്കമണിയിലെക്കും ആഡംബരത്തിന്റെ ആകര്‍ഷണീയതയുടെ, ആലസ്യത്തിന്റെ ലാസ്യരസമായ ലളിതാശ്രീനിവാസനിലെ വിവസ്ത്രവിസ്തൃതസുഖലോലുപതയിലേക്കും വളര്‍ന്നതുപോലെ എന്റെ വായനയും ഇവരുടെയൊക്കെ രചനകളിലൂടെ വളര്‍ന്നു വിടര്‍ന്നു പടര്‍ന്നു പന്തലിച്ചു. വായന അപകര്‍ഷതക്കും വിശപ്പിനും പ്രണയത്തിനും കാമത്തിനുമുള്ള അഭയമായി.
എം ടി യുടെ നായകന്മാര്‍ക്ക് സ്ത്രീകളോട് അടങ്ങാത്ത ആവേശവും പതഞ്ഞു പൊങ്ങുന്ന അഭിനിവേശവുമാണ്; സ്വന്തമായി കിട്ടുന്നതുവരേ മാത്രം. കളിപ്പാട്ടതിന്റെ കൌതുകം തീരുമ്പോള്‍ വലിച്ചെറിയുന്ന ബാല്യലാഘവത്തോടെ ഉപേക്ഷിക്കപെടുന്ന ആസ്വാദനോപധികള്‍ മാത്രമാവുന്നു നായികമാര്‍. പിന്നീട് ഇതിനെ കുറിച്ചോര്‍ത്തു ദുഖിക്കുന്നുമുണ്ട് നായകരൂപഭാവമില്ലാത്ത മനുഷ്യരൂപങ്ങള്‍. സേതുവിന് പറന്നു നടന്നു മധു നുകരാനുള്ള മലരുകളാണ് സ്ത്രീകള്‍. ഭീമനും ചന്തുവിനും കയ്യെത്താദൂരത്തു പൂത്തുലഞ്ഞു നില്‍ക്കുന്ന സൂര്യകാന്തികളും. മുറുകെപിടിച്ച ജീവിതം ഊര്‍ന്നുപോവുന്നത് കണ്ടുനില്‍ക്കുന്ന നിസഹായജന്മങ്ങളാണ് നായികാനായകന്മാര്‍. ഒപ്പം നഷ്ടപെട്ടതിനുശേഷം വാവിട്ടു വിലപിക്കുന്നവരും. മഹാഭാരതയുദ്ധജേതാക്കളായ പാണ്ഡവരുടെ വിരക്തി. ഇനിയൊന്നും ചെയ്യാന്‍ കഴിയാത്ത, ചെയ്തുപോയ തെറ്റുകള്‍ക്ക് മാപ്പ് ചോദിക്കാനും തിരുത്താനും കഴിയാത്തയവസ്ഥയില്‍ വിഷണ്ണനായി നിൽക്കുന്നു പടവെട്ടിപിടിച്ച ജീവിതം കൈക്കുള്ളില്‍ മലര്‍ക്കെവെച്ച് നെടുനായകന്മാര്‍!!!

ദാരിദ്ര്യം കിരീടം ചൂടിയ രാജകുമാരനില്‍ നിന്നു നാട്ടിലെ സുമിത്രമാര്‍, ഇന്നലെവരെ ഒപ്പം മണ്ണപ്പം ചുട്ടു ചിരിച്ചുകളിച്ച അര്‍ദ്ധപാവടകാരികള്‍ ഋതുമതിയാവുമ്പോള്‍ അകന്നുനിൽക്കുന്നപോലെ മാറി മറഞ്ഞൊഴിഞ്ഞു നിന്നു. പുഷ്പോത്തെ തന്കമണിമാര്‍ ഓണതുമ്പികളെപോലെ വട്ടമിട്ടു പറന്നെകിലും പിടിതരാതെയകന്നു നിന്നു. നാലുകെട്ടിലെ അപ്പുണ്ണിയുടെ രോഷയൌവ്വനം തലയില്‍ തല്ലി സ്വയം ശപിച്ചു കരയാതെ കരഞ്ഞു. പേരുകേട്ട കൌരവരെ മുഴുവന്‍ തന്റെ സ്വന്തം കൈകൊണ്ട് തച്ചുടച്ചിട്ടും പേരും പെരുമയും കിട്ടാതെപോയ, കൌരവരുടെ ക്രൂരതകള്‍ക്കും പരിഹാസങ്ങള്‍ക്കും എന്നും പാത്രമായ, അമ്മപോലും മന്ദബുദ്ധിയെന്നു വിളിച്ച, പെണ്ണിനോടുള്ള അഭിനിവേശത്തില്‍ പുഴ നീന്തികടന്നു സൌഗന്ധികം കൊണ്ടുവന്നു ഇളിഭ്യനായി നനഞ്ഞു നിന്ന ഊശാന്‍താടിക്കാരന്‍ ഭീമന്‍ എന്നിലുന്ടെന്നു പതിയെ മനസിലായി. നഷ്ടപ്രണയത്തെ താലോലിക്കുന്ന, പ്രണയിനിയെ കാണുമ്പോള്‍ തളരുന്ന ബലിഷ്ടശരീരവും ദൃഡമനസുമുള്ള, വാടിയനിര്‍മാല്യമായിട്ടും തണുപ്പും കുളിരും വകവെക്കാതെ, പാതിരാത്രിയില്‍ പുഴ നീന്തികടന്നു ചെന്നപമാനിതനായ ഒരു ചന്തുവും എന്നില്‍ മറഞ്ഞിരിക്കുന്നുണ്ടെന്നു തോന്നി.

എം ടി യുടെ നായകന്മാര്‍ സിനിമകളില്‍ കാണുന്നവരെ പോലെ എല്ലാംതികഞ്ഞ നന്മയുടെ സമൂര്‍ത്തരൂപങ്ങളല്ല; അതിമാനുഷരുമല്ല. മനുഷ്യസഹജമായ എല്ലാ ഗുണങ്ങളും ദോഷങ്ങലുമുള്ള ജീവികളാണ്. സ്നേഹം, ദയ കരുണ വാല്സ്ല്യം എന്നിവയോടൊപ്പം തന്നെ ദേഷ്യവും വെറുപ്പും വിദ്വേഷവും അസൂയയും ശത്രുതയും സമ്മോഹനമായി മേളിച്ച പച്ചമനുഷ്യരാണ്. ആ നായകന്മാരെ നമ്മള്‍ നെഞ്ചിലേറ്റി ലാളിച്ചതും അവരില്‍ നമ്മളെ തന്നെ കണ്ടത്കൊണ്ടാണ്. എം ടി നമ്മുടെ വിചാരങ്ങളെ, വികാരങ്ങളെ, കാമനകളെ, എന്തിനു ശ്വാസനിശ്വാസങ്ങളെപോലും ഒപ്പിയെടുത്തു വാക്കും വചനവുമാക്കി. മലയാളഭാഷയെ ഇത്രയും മനോഹരമാക്കുകയും ആ മനോഹാരിത നമ്മുടെ മനോമുകുരത്തില്‍ മായാമുദ്രകള്‍ ചാര്‍ത്തുകയും ചെയ്ത ഈ മഹാപുരുഷനെ തേടി ജെ സി ഡാനിയല്‍ അവാര്‍ഡ്‌ വന്നു ചേര്‍ന്നിരിക്കുന്നു. അദേഹത്തെ ആദരിക്കുന്നതിലൂടെ ഈ അവാര്‍ഡ്‌ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുകയാണ്. അര്‍ത്ഥപൂര്‍ണതയും അനശ്വരതയും നേടുകയാണ് ഇദേഹത്തിന്റെ പേര് ഇതിനോട് ചേര്‍ത്തു പറയുമ്പോള്‍.
അക്ഷരത്തെ അമൃതായി കാണുന്ന,
അക്ഷരമെഴുതുന്നവനെ ആദരിക്കുന്ന,
അക്ഷരം വായിക്കുന്നവരെ പ്രിയതോഴരായി ചേര്‍ത്തു നിര്‍ത്തുന്ന
അക്ഷരങ്ങള്‍ കുത്തികുറിച്ച് എഴുത്തിന്റെ പടിപുരയിലേക്ക് എത്തിനോക്കുന്ന മുഖപുസ്തകത്തിലെ അക്ഷരസ്നേഹികള്‍ മലയാളസാഹിത്യത്തിലെ ഈ മഹാരഥനെ വന്ദിക്കുന്നു.

വന്ദനം പ്രഭോ, വന്ദനം.

No comments:

Post a Comment