യുദ്ധഭൂമിയായ കുരുക്ഷേത്രത്തിന്‍റെ മറുവശത്ത് നിബിഡവനമാണ്; അതിനപ്പുറം നീലവിഹായസ്സിനെ തൊട്ടുനില്‍ക്കുന്ന മലനിരകളും. വൃക്ഷശേഖരങ്ങള്‍ക്കിടയിലൂടെ സൂര്യകിരണങ്ങള്‍ ശിബിരത്തിനു മുകളിലും വെളിപ്രദേശത്തും നിഴലും നിലാവും തീര്‍ക്കുന്നു. മുറിവേല്‍ക്കുന്ന ആനകളുടെ ചിഹ്നം വിളികളും കുതിരകളുടെയും പടയാളികളുടെയും ആര്‍ത്തനാദങ്ങളും ആക്രോശങ്ങളും ഗദകളും വാളും കൂട്ടിമുട്ടുന്നതിന്റെയും കോലാഹലങ്ങളും അന്തരീക്ഷത്തില്‍ നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്നു. തന്റെ അഭാവത്തില്‍ കൌരവപട യുദ്ധം ചെയ്യുകയാണ്. ദുര്യോധനന്‍ തന്നെ കണ്ടു മാത്രമാണ് പാണ്ടവരുമായി യുദ്ധത്തിനിറങ്ങിയത്. ഭീഷമരും ദ്രോണരും ചേര്‍ന്ന് അവഹേളിച്ചപ്പോള്‍, അര്‍ദ്ധരഥിയാക്കി ഒതുക്കിയപ്പോള്‍, അടക്കാന്‍ കഴിയാത്ത അനവസരകോപത്തില്‍ ഭീഷ്മര്‍ അടര്‍ക്കളത്തില്‍ വീഴാതെ ആയുധമെടുക്കില്ലെന്നു ശപഥം ചെയ്തത് ശുദ്ധമണ്ടത്തരമായിപോയി. തന്റെ അഹന്തക്കായി താന്‍ സുയോധനനെ ചതിക്കുകയാണ്; പുനര്‍ന്ജന്മം തന്ന പ്രിയതോഴനെ. കൈകള്‍ കൂട്ടി തിരുമ്മി, ചെയ്തുപോയ അബദ്ധത്തില്‍ മനംനൊന്തു. ശിബിരത്തിനുള്ളില്‍ കൂട്ടിലിട്ട വേരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
പോയനാളുകളിലെ അപ്രതീക്ഷിതങ്ങള്‍ കര്‍ണ്ണന്റെ മനോമുകുരത്തില്‍ തെളിഞ്ഞു വന്നു. ദൂത് പരാജയപെട്ടപ്പോള്‍ കൃഷ്ണന്‍ പറഞ്ഞ തന്റെ രാജകുലജന്മത്തെ പറ്റിയുള്ള രഹസ്യം വല്ലാതെ പിടിച്ചുലച്ചു. സൂതപുത്രനില്‍ നിന്ന് സൂര്യപുത്രതെളിമയിലേക്ക്, നീചകുലത്തില്‍ നിന്നും രാജകുലത്തിലേക്ക് ഒരു പറിച്ചു നടല്‍ അസ്വീകാര്യമായിരുന്നു. അഭ്യാസകാഴ്ചയില്‍ നിന്നനില്‍പ്പില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ദാനമായി നല്‍കിയ ഈ രണ്ടാംജന്മത്തിന് ഒരിക്കലും ഒന്നിനുവേണ്ടിയും സുയോധനനെ ഉപേക്ഷിക്കാനാകില്ല. അര്‍ത്ഥത്തിനു അടിമപെടുന്നവനല്ല കര്‍ണ്ണന്‍; മറ്റുള്ളവരുടെ അര്‍ത്ഥനകള്‍ നിവര്‍ത്തിക്കാന്‍വേണ്ടിയാണ് കര്‍ണ്ണജന്മം.
അമ്മയുടെ അപ്രതീക്ഷിത സന്ദര്‍ശനവും ജീവഭിക്ഷ യാചിക്കലും മനസ്സിനെ ഒരിക്കല്‍ക്കൂടി പ്രക്ഷുബ്ദ്ധമാക്കിയിരുന്നു . എല്ലാവരും അവരവര്‍ക്ക് വേണ്ടപോള്‍ തന്നോട് ഭിക്ഷ യാചിക്കുന്നു. വിധിവിളയാട്ടങ്ങള്‍ ഉറഞ്ഞു തുള്ളുന്ന നിലപാടുതറ പോലെയായിരുന്നു എന്നും ജീവിതം. ഒരു ഭാഗത്ത് ദാനധര്‍മിഷ്ടന്‍ എന്ന് പേരു കേള്‍ക്കുമ്പോള്‍ മറുഭാഗത്ത് അമിതവിശ്വാസിയെന്നും അഹങ്കാരിയെന്നും കേട്ടു. വെറും സൂതപുത്രനായ തന്നോട് രാജകുലത്തില്‍ പിറന്ന, ധനുര്‍വിദ്യയില്‍ വീരനായ അര്‍ജുനന്റെ ജീവന് വേണ്ടി അമ്മയുമച്ഛനും ഭിക്ഷ യാചിച്ചു. ഇന്ന്, മറ്റൊരു കൊടുകുത്തിയ യുവരാജാവ് തന്റെ പ്രതീക്ഷയില്‍ യുദ്ധം നടത്തുന്നു. പാണ്ഡവരുടെ നിത്യഭയം താന്‍; ദുര്യോധനന്റെ സര്‍വ്വപ്രതീക്ഷയും താന്‍. എന്നും എല്ലാവരാലും അപഹസിക്കപെട്ട, അപമാനിക്കപെട്ട, അവമതിക്കപെട്ട, അവഗണിക്കപെട്ട, അവഹേളിക്കപെട്ട അനിതരജന്മ്മത്തില്‍ ആദ്യമായി ആല്‍മഹര്‍ഷം തോന്നി.
ജന്മസിദ്ധമായി കിട്ടിയ കുണ്ഡലങ്ങള്‍ മുറിച്ചു മാറ്റിയപ്പോള്‍ അന്ഗഭംഗം വന്ന ചെവികളില്‍ കര്‍ണ്ണന്‍ നഷ്ടബോധത്തോടെ തലോടി. ശപഥത്തിലുറച്ചുനിന്ന് ജീവിതം കൈവിട്ടുപോയ ഭീഷ്മരെപോലെ ദാനദൌര്‍ബല്യം മൂലം തന്റെ ജീവിതവും കൈവിട്ടുപോവുമോയെന്നു കര്‍ണ്ണന്‍ ശങ്കിച്ചു. വില്ലാളിവീരനായിരുന്നിട്ടും ഒന്നും നേടാതെ, ദാനം കിട്ടിയ രാജ്യത്തെ രാജാവായിട്ടും സൂതപുത്രനെന്ന കറുപ്പ് നഷ്ടപെടാതെ എരിഞ്ഞുതീരുകയാണോ തന്റെ ജന്മം ? ശിബിരത്തിനുള്ളിലേക്ക് പാളിവീഴുന്ന വെയില്‍നാളങ്ങള്‍ തന്നെ ഊഷ്മളമായി തലോടുന്നത് കര്‍ണ്ണനറിഞ്ഞു. മറനീക്കി പുറത്തിറങ്ങി അച്ഛനായ സൂര്യഭഗവാനെ വന്ദിച്ചു ചോദിച്ചു..
" പ്രഭോ, ഈ മകന് യോദ്ധാവെന്നറിയപ്പെടാനൊരവസരം തരില്ലേ പിതാശ്രീ.. "
വൃക്ഷശാഖകളില്‍ നിന്ന് തെന്നിമാറി, കിരണങ്ങളെ സുവര്‍ണ്ണത്തില്‍ മുക്കിയെടുത്ത് ആദിത്യന്‍ അനുഗ്രഹവര്‍ഷങ്ങള്‍ ചൊരിഞ്ഞു പറയുന്നപോലെ തോന്നി :
വരും മകനെ, തീര്‍ച്ചയായും വരും. നായകന്മാര്‍ക്ക് വേണ്ടി മാത്രം എഴുതപെടുന്ന ചരിതങ്ങളിലെ മൌനങ്ങളില്‍ നിന്ന് പ്രബുദ്ധപ്രതിഭകള്‍ നിന്നെ തിരിച്ചറിയും. നിന്നിലെ പ്രതിനായകനെ അവര്‍ നായകനാക്കും. നീ ചെയ്ത ത്യാഗങ്ങളെ അക്കമിട്ടെഴുതും. നിന്നിലെ വില്ലാളിയെ അവര്‍ സ്തുതിക്കും. നിന്റെ ധര്‍മദാനങ്ങള്‍ വാഴ്ത്തപെടും. നിന്നിലെ യോദ്ധാവിനെ അവര്‍ നെന്ചിലെറ്റും. നിന്റെ വിധേയത്വത്തെ അവര്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കും. നിന്റെ പ്രതിജ്ഞാബദ്ധതയെ അവര്‍ ഉള്‍പുളകത്തോടെ തലമുറകള്‍ക് പകര്‍ന്നു കൊടുക്കും. നിന്റെ വീര്യത്തെയും കര്‍മ്മത്തെയും കുറിച്ച് ഇതിഹാസങ്ങള്‍ രചിക്കും. കര്‍ണ്ണാ, നീയ്യായിരിക്കും കുരുവംശചരിത്രത്തിലെ ജനപ്രിയനായകന്‍!!!
നിന്റെ നാളുകള്‍ വരും മകനെ; വരും. എന്റെ കിരണങ്ങള്‍ എന്നുവരെ ഇഹതിലുണ്ടോ അതുവരെ കര്‍ണ്ണദാനവീരകിരണങ്ങള്തിര്‍ത്തു കൊണ്ട് മനസുകളില്‍ നീ പ്രകാശിച്ചു നില്‍ക്കും. ധര്‍മ്മം വെടിയാതെ കര്‍മ്മം ചെയ്യുക മകനെ നീ വിജയവും കീര്‍ത്തിയും നിന്നെ തേടിയെത്തും. ധര്‍മം കര്‍മ്മമാവട്ടെ കര്‍ണ്ണാ.; കര്‍മ്മം ധര്‍മ്മവും!!!
വാക്കുകള്‍ കമ്രനക്ഷത്രങ്ങള്‍പോലെ പൂത്തിറങ്ങി തന്റെ ചുറ്റും പ്രകാശം പരത്തുന്ന പോലെ തോന്നി. ശിബിരത്തില്‍ തിരിച്ചു കയറി കവചകുണ്ഡലങ്ങള്‍ കൊടുത്തതില്‍ സന്തുഷ്ടനായി ഇന്ദ്രന്‍ സമ്മാനമായിതന്ന വൈജയന്തിവേലെടുത്തു പൊടിതട്ടി മിനുക്കി. പരശുരാമനില്‍ നിന്ന് നേടിയ ബ്രഹ്മാസ്ത്രം ആവശ്യമുള്ളപ്പോള്‍ ഉപകാരപെടാതെ പോകട്ടെയെന്നു ശാപഗ്രസ്തമായതിനാല്‍ ഉപകാരപെടുമെന്നു ഉറപ്പില്ല. ശബ്ദം കേട്ട ദിക്കിലേക്ക് അമ്ബെയ്തു പരിശീലിക്കുമ്പോള്‍ അറിയാതെയ്ത അന്ബില്‍ ജീവന്‍ നഷ്ടപെട്ട പശുവിനു പകരം എത്രവേണമെങ്കിലും പശുക്കളെ നല്‍കാമെന്ന് പറഞ്ഞിട്ടും ജന്മാന്തരവൈരമുള്ളത് പോലെ ബ്രാഹ്മണന്‍ തന്നെ യുദ്ധത്തില്‍ തേർ താഴ്ന്നു പോകട്ടെയെന്നു ശപിച്ചു. ശാപങ്ങളുടെ അശാന്തിതീരങ്ങളിലാണ് തന്റെ ജീവിതമെന്നു തോന്നി. ശാപങ്ങളും ശപഥങ്ങളും കുരുവംശത്തെ കാര്‍ന്നു തിന്നുകയാണ്. ശാപ്ഗ്രസ്തനായതിനാലാണ് സേനാപതി പദവിയില്‍ നിന്ന് തന്നെ ഭീഷ്മര്‍ പരിഹസിചോടിച്ചത്. നിയന്ത്രണംവിട്ടു ദ്രൌപദിയെ വേശ്യയെന്ന് വിളിച്ചതു കനലായി നെഞ്ചില്‍ കനത്തു കിടക്കുന്നു. കാലമേ.... മതിയായില്ലേ നിന്റെ പരീക്ഷണങ്ങള്‍..? എന്നെമാത്രം കണ്ടു കുരുക്ഷേത്രത്തില്‍ ദുര്യോധനന്‍ യുദ്ധം ചെയ്യുമ്പോള്‍ തന്റെ കഴിവും ആയുധവും ഇവിടെയിരുന്നു താണ്ടിയ ജീവിതയാത്രയിലെ പിഴവുകളെയോര്‍ത്തു തുരുമ്പിച്ചു പോകുന്നു. കര്‍ണ്ണന്‍ നെടുവീര്‍പ്പിട്ടു കൊണ്ട് പടിഞ്ഞാറന്‍ ചക്രവാളത്തെക്ക് നോക്കി. തന്റെ ഉള്ളെരിഞ്ഞുനീറുന്നതിന്റെ പര്യായമായി സ്വയം ചുവന്നു പഴുത്തു സൂര്യഭഗവാന്‍ മലയിടുക്കുകളിലേക്ക് ഉരുകിയൊലിക്കുന്നപോലെ തോന്നി. തേരാളി സത്യസേനന്റെ വിളികേട്ടാണ് ചിന്തകളില്‍ നിന്നുണര്‍ന്നത്..
അംഗരാജാവേ, ഭീഷ്മര്‍ വീണു, അര്‍ജുനന്‍ ശിഖണ്ടിയെ മുന്‍പില്‍ നിര്‍ത്തി ചതിയില്‍ വീഴ്ത്തി. അര്‍ജുനശരങ്ങള്‍ തീര്‍ത്ത ശരശയ്യയില്‍ ദേവവൃതന്‍ ശയിക്കുകയാണ്. സൂര്യന്‍ ഉത്തരായനത്തിലേക്ക് പോകുന്നതും കാത്തു സ്വച്ചന്ദമൃത്യുവിനായി ചോരവാര്‍ന്നു കിടക്കുകയാണ് ".
ചിരിവിടര്‍ത്താന്‍ വെന്ബിയ ചുണ്ടുകളില്‍ വിലക്കിട്ടു കര്‍ണ്ണന്‍ ഭീഷ്മരെ കാണാനിറങ്ങി. കത്തിച്ചു വെച്ച പന്തങ്ങളുടെ ചുവന്ന വെളിച്ചത്തില്‍ വെളുത്തു പടര്‍ന്ന ജടയിലും താടിയിലും സായന്തനത്തിലെ ചുവന്ന സൂര്യതളികയെ പോലെ തോന്നി അദേഹത്തിന്റെ മുഖം. ഭീഷമര്‍ പദനിസ്വനം കേട്ട് കണ്പോളകള്‍ തുറന്നു...
കര്‍ണ്ണാ..... ഞാന്‍ നിന്നെ കാത്തിരിക്കുകയായിരുന്നു. നിനക്കെനോട് കൊപമുന്ടെന്നറിയാം. സേനാപതിയാവുന്നതില്‍ നിന്നും തടഞ്ഞതും ആയുധമെടുക്കുന്നതില്‍ വിലക്കിയതുമെന്തിനാണെന്നറിയാമോ.. ? നിന്റെ സഹോദരന്മാര്‍ക്കെതിരെ നീ യുദ്ധം ചെയ്യാതിരിക്കാനാണ്. നീ രാധേയനല്ല കൌന്തെയനാണ്; പാണ്ടവസഹോദരനാണ്. പ്രഥമപാണ്ഡവന്‍! യുദ്ധത്തില്‍നിന്ന് നീ പിന്‍മാറണം അല്ലെങ്കില്‍ പക്ഷം മാറണം. ദുര്യോധനനെ കൈവിടണം. സഹോദരന്മാരുടെ നഷ്ടസ്നേഹം തിരിച്ചുപിടിച്ചു, അമ്മയുടെ വാല്‍സല്യമനുഭവിച്ചു , ദ്രൌപദിയെ പട്ടമഹിഷിയാക്കി രാജ്യം ഭരിക്കണം. യുദ്ധം സര്‍വ്വനാശമാണ്. ആരും, ഒന്നും അവശേഷിക്കില്ല.
കര്‍ണ്ണന്‍ പുഞ്ചിരിച്ചു. നിര്‍വികാരതയോടെ പറഞ്ഞു.
എനിക്കറിയാം പിതാമഹാ. കൃഷ്ണനും കുന്തിമാതയും പറഞ്ഞെനിക്കറിയാം പാണ്ഡവപ്രഥമനായ കര്‍ണ്ണന്‍ ഒരിക്കലും ജീവിച്ചിരുന്നില്ല, ജീവിചിരുപ്പില്ല, ഇനി ജീവിക്കുകയുമില്ല. ഈ ആല്‍മാവും ശരീരവും ദുര്യോധനന്റെ ഭിക്ഷയാണ്. ജീവിതത്തില്‍ ഭിക്ഷ നല്‍കുന്നതില്‍ പേരുകേട്ട എനിക്ക് കിട്ടിയ ഒരേ ഒരു ഭിക്ഷ. അദേഹത്തിന്റെ ഇച്ചക്കു വിരുദ്ധമായി ഞാനൊന്നും ചെയ്യില്ല. എന്നോട് ക്ഷമിക്കൂ പിതാമഹാ... അഭ്യാസകാഴ്ചയിലും പാഞ്ചാലിപരിണയത്തിലും തണലേകാത്ത രാജകുലവും രാജമാതയും യുവരാജാക്കന്മാരും രാജ്യവും എനിക്ക് വേണ്ട. ഒന്നുകില്‍ സുയോധനന്റെ സുഹൃത്തായി ഞാനുണ്ടാവും അല്ലെങ്കില്‍ അര്‍ജുനകരങ്ങള്‍കൊണ്ട് ഞാന്‍ കുരുക്ഷേത്രഭൂമിയില്‍ വീണു മരിക്കും. അനുഗ്രഹിക്കുക പിതാമഹാ.. "
ജയതു... ജയതു...
ഭീഷമര്‍ ചുണ്ടുകള്‍ പിളര്‍ത്തി ചിരിക്കാന്‍ ശ്രമിച്ചു. ശിരസ്സില്‍ തലോടി അനുഗ്രഹിച്ചു മിഴികളടച്ചു കിടന്നു. തൊഴുതുകൊണ്ടു തന്നെ പിന്‍തിരിയാതെ ഇരുട്ടിലേക്ക് നടന്നകന്നു.
ദ്രോണരുടെ നേതൃത്വത്തില്‍, കര്‍ണ്ണന്റെ നെടുനായകത്വത്തില്‍ പാതിമൂന്നാംനാള്‍ കുരുക്ഷേത്ര ഭൂമിയില്‍ കൌരവപട പാണ്ഡവസേനക്ക് കനത്ത നാശം വിതച്ചു. പ്രായം മറന്നു ദ്രോണരും ഊര്‍ജിതവീര്യത്തോടെ കര്‍ണ്ണനും ആഞ്ഞടിച്ചപ്പോള്‍ അഭിമന്യവും ഘടോല്‍കചനുമടക്കം പല പ്രമുഖരും കുരുക്ഷേത്രത്തില്‍ രക്തം ചിന്തി മരിച്ചുവീണു. അര്‍ജുനന് വേണ്ടി നീക്കിവെച്ചിരുന്ന വേല്‍ ഘടോല്‍കചനു വേണ്ടിയെടുത്തപ്പോള്‍ തന്നെയാരോ വിലക്കുന്നപോലെ തോന്നി. ഇനി തന്റെ കയ്യില്‍ വിശേഷപ്പെട്ട ആയുധമോന്നും അവശേഷിക്കുന്നില്ല. തന്റെ ആജന്മശത്രു ജീവിച്ചിരിക്കുന്നു എന്ന സത്യം കര്‍ണ്ണനെ തളര്‍ത്തി . ഒളിഞ്ഞും പാത്തും തന്റെ കണ്‍വെട്ടത്തു വരാതെ നടക്കുന്ന അര്‍ജുനനെ കയ്യില്‍ കിട്ടുന്നുമില്ല. വരട്ടെ, തനിക്ക് അത്ഭുതായുധങ്ങള്‍ വേണ്ട അര്‍ജുനനെ വധിക്കാന്‍. ഈ കൈകരുത്ത് മാത്രം മതി. അഭ്യാസകാഴ്ച്ചയില്‍ അവഹേളിക്കപെട്,ടു തലതാഴ്ത്തി, വിയര്‍ത്തൊലിച്ചു വിറങ്ങലിച്ചു നിന്ന ആ നിമിഷങ്ങളുടെ ഓര്‍മ്മകള്‍ മതി, പാഞ്ചാലസഭയില്‍ സൂതനെ വരിക്കില്ല എന്ന് പറഞ്ഞു വില്ല് കുലച്ച കൈകളുടെ കരുത്ത് ചോര്‍ത്തിയെടുത്ത ദ്രൌപദിയുടെ കണ്ണുകള്‍ മതി, അമ്മയുടെയും അര്‍ജുനപിതാവിന്റെയും കൃഷ്ണന്റെയും സ്വാര്‍ഥത മതി തനിക്ക് അര്‍ജുനനെ കാലപുരിക്കയക്കാന്‍. എന്നെ നിരായുധനാക്കി എന്ന സമാധാനത്തില്‍ അവര്‍ ഉറങ്ങട്ടെ; എന്റെ ഉറക്കമിനി അര്‍ജുനന്റെ ശ്വാസം നിലച്ചിട്ട് മാത്രം...
പതിനേഴാംനാൾ യുധിഷ്ടിരനേയും ഭീമനെയും നകുലസഹദേവന്‍മാരെയും ഇക്കിളിപെടുത്തി യുദ്ധം ചെയ്തുവെന്നു കാണിച്ചു പരിഹസിച്ചു വിട്ടപ്പോഴാനു അര്‍ജുനരഥം കൃഷ്ണന്‍ തന്നില്‍ നിന്ന് മറച്ചോടിക്കുന്നത് ശല്യന്‍ കാണിച്ചു തന്നത്. എന്തോ അതുവരെ തന്നെ തേജോവധം ചെയ്തിരുന്ന ശല്യരോട് ആദ്യമായി മതിപ്പ് തോന്നി. തേര്‍ പാഞ്ഞടുത്തപ്പോഴാണ് അര്‍ജുനന്‍ തന്നെ കണ്ടത്. ആ കണ്ണുകളില്‍ മരണഭയം നിഴലിക്കുന്നത് പോലെ തോന്നി. കൃഷ്ണനെ വണങ്ങി താന്‍ പറഞ്ഞു..
" ഈ ഒളിച്ചുകളി വില്ലാളിവീരനായ അര്‍ജുനാ നിനക്കൊട്ടും ചേരുന്നില്ല. നീ ഊതി വീര്‍പ്പിക്കപെട്ട യോദ്ധാവാണ്. സുഖലോലുപരും മേദസ്സ് നിറഞ്ഞവരുമായെ നീ പോരിനു നിന്നിട്ടുള്ളൂ. ഇന്ന് നീ വിയര്‍ക്കും, മോഹാല്സ്യപെടും, അജയ്യനനെന്ന അഹന്തയിന്ന് തീരും. അര്‍ജുനാ, ആയുധമെടുക്ക്. നിന്റെ ശത്രു സുയോധനനല്ല കര്‍ണ്ണനാണ്. കര്‍ണ്ണന്റെ കനല്‍കിരണങ്ങളില്‍ നീയിന്ന് ചാമ്പലാവും. ആയുധമെടുക്കൂ ഫല്ഗുനാ ; നിനക്ക് ആയുര്‍വിദ്യയെന്തെന്ന് പഠിപ്പിച്ചു തരാം. മധ്യമപാണ്ടവാ, നിനക്കിന്നു വിശ്രമമില്ല;അന്ത്യവിശ്രമം മാത്രം. എന്റെ സുദാമാന്റെയും ശോണന്റെയും തലയറുത്ത, ദ്രോണരെയും ഭീഷ്മരെയും ചതിച്ചുകൊന്ന ഹാസചരിതം നാട് നാളെ പാടും. ഇന്ന് ക്രുരുക്ഷേത്രത്തില്‍ നിന്റെ ചിതയൊരുക്കും. നാവടക്കി ശരമെടുക്ക് പാര്‍ത്ഥ , നിന്റെ ശവമെടുക്കുംമുന്പു.
അമര്‍ത്തി വെച്ചിരുന്ന ആല്‍മരോഷവും അമര്‍ഷവും പൊട്ടി ചാടുകയായിരുന്നു. കോപം കൊണ്ട് ജ്വലിച്ച അര്‍ജുനന്‍ അലറി.
" സൂതപുത്രാ നിര്‍ത്തു നിന്റെ ജല്‍പ്പനങ്ങള്‍. ഒരു യുദ്ധംപോലും ജയിക്കാത്ത, ഒരു യോദ്ധാവിനെ കൊല്ലാത്ത, പലപ്പോഴും പിന്തിരിഞ്ഞോടിയിട്ടുള്ള , പതിനാറുകാരനായ അഭിമന്യുവിനെ പിന്നില്‍ നിന്ന് വെട്ടിയ വീരനാണ് നീ. നിനക്ക് വീര്യത്തെ കുറിച്ചും ആയുധവിദ്യയെ കുറിച്ചും സംസാരിക്കാനെന്തവകാശം ? നിനക്ക് ചേരുന്ന ആയുധം ചമ്മട്ടിയാണെന് ഞാനിന്നു തെളിയിക്കും. സൂതപുത്രാ, പോരാളി നാവു കൊണ്ടല്ല; കൈകള്‍ കൊണ്ടാണ് വിജയിക്കുന്നത്. വാക്ക്‌ശരങ്ങള്‍ മതിയാക്കി നിന്റെ ഈര്‍ക്കിലിശരങ്ങള്‍ എന്നിലേക്ക് എയ്തു വിടൂ, അവയെന്നെ ഇക്കിളി കൂട്ടി ചിരിപ്പിക്കട്ടെ.. കുരുക്ഷേത്ര ഭൂമിയില്‍ വേദനകളുടെ നടുവില്‍ നിന്ന് ചിരിക്കാന്‍ നിന്റെ ആയുധാഭ്യസങ്ങള്‍ എനിക്ക് വക തരട്ടെ..
അര്‍ജുനനും കര്‍ണ്ണനും തുടര്‍ന്ന് നടത്തിയ ഘോരയുദ്ധത്തില്‍ ശരങ്ങളാല്‍ അഗ്നിപടര്‍ന്നു ആകാശം വെട്ടി തിളങ്ങുകയും ശേഷം സൂര്യനെയും ആകാശത്തെയും മറച്ചു ഇരുള്‍ വീഴ്ത്തുകയും ചെയ്തു. കൌരപാണ്ഡവപടകള്‍ യുദ്ധം നിര്‍ത്തി രണ്ടു ചെരിയായ് യുദ്ധകാഴ്ചകള്‍ കണ്ടു വാ പൊളിച്ചു കണ്‍ മിഴിച്ചു നിന്നു. കര്‍ണ്ണന്‍ എയ്തുവിട്ട സര്‍പ്പശരം കൃഷ്ണന്‍ തേര്‍ താഴ്ത്തിയതിനാല്‍ അര്‍ജുനന്റെ കിരീടം പറിച്ചു കൊണ്ട് പോയി. കൃഷ്ണനെ ഒരമ്പ് കൊണ്ട് അബദ്ധത്തില്‍ പോലും മുറിവേല്‍പ്പിക്കാതിരിക്കാന്‍ കര്‍ണ്ണന്‍ ശ്രദ്ധ ചെലുത്തി. ശരവര്‍ഷത്താല്‍ ദേഹമാകെ മുറിവേറ്റു കര്‍ണ്ണന്‍ അവശനായി. കര്‍ണ്ണന്റെ അഗ്നിബാണം തീര്‍ത്ത തീജ്വാലകള്‍ തടയാന്‍ അര്‍ജുനന്‍ വരുണാസ്ത്രം പ്രയോഗിച്ചു. കര്‍ണ്ണന്‍ വ്യായവസ്ത്രം കൊണ്ട് കൊടുന്ക്കാറ്റുവീശി പൊടിപടലങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ അര്‍ജുനന്‍ മഴപെയ്യിച്ചു പൊടിയെ ഹനിച്ചു. അര്‍ജുനന്റെ നന്ദീഘോഷരഥവും കര്‍ണ്ണന്റെ വായുജിത്‌രഥവും മുന്നോട്ടും പിറകോട്ടും മാറിയും ഉയര്‍ന്നു പൊങ്ങിയും ഭൂമിയെ ഉഴുതു മറിച്ചു. ചക്രങ്ങളില്‍ ചളിപുരണ്ടു ഘനമാര്‍ന്നു. കൃഷ്ണന്‍ കീല് പുരട്ടി ചക്രത്തെ ചളി പറ്റുന്നതില്‍ നിന്ന് രക്ഷപെടുത്തി. കര്‍ണ്ണതേരാളിയായ ശല്യര്‍ അര്‍ജുനശരങ്ങളാല്‍ ബന്ധിതനായി പോയിരുന്നു. കര്‍ണന്റെ തേര് ചതുപ്പില്‍ താഴ്ന്നു പോയി. സൂര്യഭഗവാനെ മനസ്സില്‍ ധ്യാനിച്ച് എയ്തു വിട്ട ശരം നെഞ്ചില്‍ കൊണ്ട് അര്‍ജുനന്‍ തളര്‍ന്നു, കയ്യില്‍ നിന്ന് ഗാണ്ടീവം താഴെ വീണു. തേര്‍തട്ടില്‍ അര്‍ജുനന്‍ പാതിമയക്കത്തില്‍ തളര്‍ന്നിരുന്നു. നിരായുധനായി മോഹല്സ്യപെട്ടിരിക്കുന്ന അര്‍ജുനനെ കൊല്ലാന്‍ ധര്‍മ്മം അനുവദിക്കാത്തതിനാല്‍ വില്ല് താഴെ വെച്ച് താഴ്ന്നു പോയ തേര്‍ചക്രം ഉയര്‍ത്താന്‍ താഴെയിറങ്ങി. അവസരത്തിന് കാത്തിരുന്ന കൃഷ്ണന്‍ അര്‍ജുനനെ അബോധാവസ്ഥയില്‍ നിന്നുണര്‍ത്തി പറഞ്ഞു :
" വേഗമാകട്ടെ, കര്‍ണനെ വധിക്കാന്‍ ഇനിയൊരു സമയം കിട്ടില്ല. ശരങ്ങള്‍ അവനു മേല്‍ വര്‍ഷിക്കൂ. ".
അര്‍ജുനന്‍ പറഞ്ഞു : " അദേഹം നിരായുധനാണ്; കൂടാതെ തേര്‍ തട്ടിലുമല്ല. ഇത് ഉചിതമല്ല. കണ്ടില്ലേ അദേഹത്തിന്റെ വൈഭവം. ഞാന്‍ ആദരിക്കുന്നു ഈ സൂതപുത്രനെ. ഇവന്‍ വില്ലാളി വീരന്‍ തന്നെ. നീതിക്കും ധര്‍മ്മത്തിനും വേണ്ടി ജീവിക്കുന്നവന്‍. നിരായുധനെ വധിക്കാന്‍ എന്നെ കിട്ടില്ല.
" പാര്‍ത്ഥ, ഞാന്‍ പറയുന്നു അമ്ബെയ്തു അവനെ കൊല്ലൂ ഇല്ലെങ്കില്‍ അവന്‍ നിന്നെ കൊല്ലും. അവന്‍ നിന്നെക്കാള്‍ വീരനാണ്. നേര്‍ക്ക് നേരെ നിന്നു അവനെ കൊല്ലാന്‍ നിനക്ക് കഴിയില്ല ഫല്ഗുനാ.. ഓര്‍ക്കുക; ഈയവസരം നീ പാഴാക്കിയാല്‍ പാണ്ഡവരുടെ അന്ത്യമാണിന്ന് ".
തന്നെ ഇതുവരെ അജയ്യനെന്നു വിളിച്ചു, തന്റെ സന്തതസഹചാരിയായി കൂടെ നിന്നു, സഹോദരിയെ വിവാഹം കഴിച്ചുതന്നു, ഇന്നലെവരെ കര്‍ണ്ണനെ സൂതപുത്രാ എന്ന് വിളിചാക്ഷേപിച്ച ആ കൃഷ്ണന്‍ തന്നെയാണോ ഇത് പറയുന്നത്.. ഇതുവരെ കാണാത്ത കൃഷ്ണഭാവം കണ്ടു വില്ലെടുത്തു കുലക്കാന്‍ തുടങ്ങി. ഇത് കണ്ട കര്‍ണ്ണന്‍ ഉറക്കെ വിളിച്ചു പറഞ്ഞു..
" കൃഷ്ണ, ധര്‍മം വെടിയരുത്. നിരായുധനായി ചക്രമുരുട്ടി കയറ്റുന്ന എന്നെ അംബെയ്തു യുദ്ധത്തിലെ നീതിശാസ്ത്രങ്ങളെ അപമാനിക്കരുത്. കളളകൃഷ്ണനെന്ന ഖ്യാതി നീ നേടരുത്. സ്വന്തക്കാര്‍ക്കുവേണ്ടി ധര്‍മ്മം കാറ്റില്‍ പരത്തിയെന്ന ഇരുള്‍ നിന്റെ ശ്യാമവര്‍ണ്ണത്തെ കറുപ്പിക്കരുത്. വില്ലാളിവീരനായ അര്‍ജുനനന്‍ ചതിച്ചു കൊന്നെന്നും നാട്ടുകാര്‍ നാളെ പറയരുത്.
" അഭിമന്യുവിനെ കൂട്ടം ചേര്‍ന്ന് അരിഞ്ഞു വീഴ്ത്തിയത് ഏതു നീതിശാസ്ത്രത്തിന്റെ പേരിലായിരുന്നു കര്‍ണ്ണാ...? പതിവ്രതയായ ദ്രൌപദിയുടെ ഒറ്റചേല ഉരിയാന്‍ പറഞ്ഞത്, അവളെ " കുലടെ" എന്ന് വിളിചാക്ഷേപിച്ചത് ഏതു ശാസ്ത്രവിധി പ്രകാരമാണ് ? അമിത ആല്‍മവിശ്വാസവും അഹങ്കാരവും അവസരത്തിലും അനവസരത്തിലുമുള്ള ദാനശീലത നേടിതന്ന അഹന്തയും നിന്നിലെ നന്മകള്‍ കവര്‍ന്നെടുത്തൂ കര്‍ണ്ണാ.. നീ യുദ്ധഭൂമിയില്‍ നീതി അര്‍ഹിക്കുന്നില്ല. അര്‍ജുനാ, വില്ല് തൊടുക്കൂ., കര്‍ണ്ണന്റെ അഹന്തയ്ക്ക് അന്ത്യം കുറിക്കൂ..
കര്‍ണ്ണന്‍ തളര്‍ന്നു പോയി. തന്റെ തെറ്റുകള്‍ അക്കമിട്ടു ഓര്‍മ്മവെച്ചിരിക്കുന്നു, എന്നെ അപമാനിച്ചതും അവഹേളിച്ചതും സൌകര്യപൂര്‍വ്വം മറന്നു കൊണ്ട് തന്നെ. വില്ല് കുലച്ചു ശരമെയ്യാന്‍ ഒരുങ്ങി നീല്ക്കുന്ന അര്‍ജുനന്റെ മുഖത്തേക്ക് കര്‍ണ്ണന്‍ നോക്കി. അവിടെ വില്ലാളിവീരനെ കാണാനില്ലായിരുന്നു. ജീവിതം കൈവിട്ടുപോയ അടുത്തനിമിഷം തന്റെയവസാനമാനെന്നു തിരിച്ചറിഞ്ഞ ഒരു ഭീരുവിന്റെ ഭാവഹാദികള്‍ അര്‍ജുനന്റെ മുഖത്തുണ്ടായിരുന്നു. അരുതാത്തത് ചെയ്യുന്ന, കളവു പറയുന്ന കുഞ്ഞിന്‍റെ നിഷ്കളങ്കതയും. കര്‍ണ്ണഹൃദയം ഒന്ന് തേങ്ങി. ശോണനെപോലെ ഇവനും തനിക്ക് പ്രിയപ്പെട്ട സഹോദരനായി തീരുമായിരുന്നു. രണ്ടു വില്ലാളിവീരന്മാര്‍ വാഴുന്ന ഇന്ദ്രപ്രസ്ഥത്തിന്റെ യശസും കീര്‍ത്തിയും ലോകമറിയുമായിരുന്നു. ദാനം കിട്ടിയ അംഗരാജ്യത്തെ രാജാവിന് പകരം താന്‍ ചക്രവര്‍ത്തിയാവുമായിരുന്നു. ദ്രൌപദി രണ്ടു മാസങ്ങള്‍ ഇടവിട്ട് തങ്ങളുടെ ശയ്യകളില്‍ ച്ചുളിവുകളും അന്തരീക്ഷത്തില്‍ കിതപ്പുകളും വിയര്‍പ്പിലൂടെ താമരപൂഗന്ധവും പൊഴിക്കുമായിരുന്നു. വിധിവൈപരീത്യം കൊണ്ട് സ്വന്തം ചോരയെ തിരിച്ചറിയാതെ തന്റെ കഴുത്തിനു നേരെ ശരം തൊടുക്കുന്ന അര്‍ജുനനോടു സഹതാപവും സ്നേഹവും തോന്നി. അര്‍ജുനന്‍ എന്നും തന്നില്‍ നിന്നു അകലെയായിരുന്നു. ആയുധാഭ്യാസത്തില്‍ മുന്നിട്ടു നിന്നതിനാല്‍ മാത്രം ശത്രുക്കളായവര്‍. അര്‍ജുനന്‍ അര്‍ദ്ധചന്ദ്രബാണം കര്‍ണ്ണന്റെ കഴുത്തിനെ ലക്ഷ്യമാക്കി എയ്തു. ആഞ്നേയശരം കഴുത്ത് പകുതിയോളം ഭേദിച്ച് തെറിച്ചു വീണു. ഒടിഞ്ഞ ശിരസ്സില്‍ നിന്നവസാനശബ്ദമുയര്‍ന്നു :
"അരുതനിയാ, അരുത്..........
കര്‍ണ്ണന്‍ വീണെന്ന അട്ടഹാസത്തില്‍, ആര്‍ത്തിരംബിയ പാണ്ഡവഭടന്മാരുടെ ആര്‍പ്പ് വിളിയില്‍, "രാധേയാ" എന്ന കൃഷ്ണവിളിയില്‍ വാക്കുകള്‍ കര്‍ണ്ണശരീരത്തിനോടൊപ്പം നിലംപൊത്തി.
ജീവിതചക്രം കര്‍ണ്ണന്റെ അബോധമനസ്സില്‍ ഒന്ന്കൂടി കറങ്ങിതിരിഞ്ഞു. കവചകുണ്ടലങ്ങള്മായി അശ്വിനിനദിയില്‍ ഒഴുകിനടന്നതും അധിരഥനും രാധയും തന്നെ വളര്‍ത്തുന്നതും സൂതപുത്രനല്ല സൂര്യപുത്രനാണെന്നും അമ്മ കുന്തിയാണെന്നും പാണ്ഡവര്‍ തന്റെ സഹോദരന്മാരാണെന്നും തിരിച്ചറിയുകയും വിധിവിക്രുതിയാല്‍ സ്വന്തം സഹോദരനാൽ വധിക്കപെടുകയുമാണെന്നും തിരിച്ചറിഞ്ഞു. തനിക്ക് മൂന്നമ്മമാരും മൂന്നു പിതാക്കള്മുന്ടെന്നു കൂടി കര്‍ണ്ണന്‍ തിരിച്ചറിഞ്ഞു. പ്രസവിച്ച കുന്തിദേവി, തോട്ടിലിട്ടാട്ടി സുരക്ഷിതമായി അതിരഥന്റെ കൈകളിലേല്‍പ്പിച്ച ഗംഗ, വളര്‍ത്തി വലുതാക്കിയ രാധ. കന്യകക്ക് ബീജം നല്‍കിയ സൃഷ്ടാവായ സൂര്യഭഗവാന്‍, വളര്‍ത്തിയ അതിരഥന്‍, അമ്മയെ വിവാഹംചെയ്ത പാണ്ടു. സൂതപുത്രനായ, സൂര്യപുത്രനായ, പ്രഥമപാണ്ടവനായ, കൌന്തേയനായ, ഗംഗേയനായ, രാധേയനായ കര്‍ണ്ണന്‍, കണ്ഠം മുറിഞ്ഞു കാലത്തിന്റെ കനിവെന്ന കാലകാലടിക്കായ് കണ്ണടച്ച് കിടന്നു..
ഒരിക്കലുമനുഭവിക്കാന്‍ കഴിയാഞ്ഞ കുന്തിയുടെ വാല്സല്യവും ഹസ്തിനപുരിയുടെ ചക്രവര്‍ത്തി പദവും കറുത്തസൗന്ദര്യത്തിൻടെ ദീപ്തരൂപമായ ദ്രൌപദിയും വീരസഹോദരന്മാരുമായി കൊട്ടാരത്തില്‍ സസുഖം വാഴുന്നത് വേണ്ടെന്നു വെച്ച് കൊടുത്ത വാക്കിനു ഉഴിഞ്ഞുവെച്ച കര്‍ണ്ണജീവിതം ആരെങ്കിലുമൊക്കെ തിരിച്ചറിയുമെന്നും താനുമൊരുനാള്‍ ഉലകനായകനാവുമെന്നും സൌഹൃദത്തിനും ദാനധര്‍മ്മത്തിനും പ്രതിജ്ഞാബദ്ധതക്കും വേണ്ടിയുളള തന്റെ ആല്‍മബലിക്കുമുന്പില്‍ ലോകമൊരിക്കല്‍ നമിക്കുമെന്നും സ്വപനംകണ്ടു, കര്‍ണ്ണപടങ്ങള്‍ക്ക് താഴിട്ടു, മിഴികള്‍ പൂട്ടി, അയഞ്ഞുവരുന്ന ഹൃദയസ്പന്ദനങ്ങളില്‍ കുന്തിയെ വണങ്ങി, സൂര്യഭഗവാനെ വന്ദിച്ചു, പിന്നില്‍ നിന്ന് അമ്ബെയ്തു വില്ല് തകര്‍ത്ത അഭിമന്യുവിനോടും
വേശ്യയെന്ന് വിളിച്ച ദ്രൌപദിയോടും മാപ്പ് പറഞ്ഞു, അധിരഥനെയും രാധയേയും പ്രണമിച്ചു, വൃഷാലിയോടു കിന്നാരം പറഞ്ഞു, ജീവഭിക്ഷയേകിയ സുയോധനന് പ്രണാമമർപ്പിച്ചു മരണം മണത്തു മലര്‍ന്നു കിടന്നു....
No comments:
Post a Comment