അന്നൊക്കെ ഇടവപാതി എന്ന് പറഞ്ഞാല്‍, മണിചിത്രതാഴിലെ ഭാസുരചേട്ടത്തിയോടു ഉണ്ണിത്താന്‍ " വാക്ക് പറഞ്ഞാല്‍ വാക്കാ" എന്ന് പറഞ്ഞത് പോലെ, ജൂണ്‍ ഒന്ന് എന്നൊരു ദിവസമുണ്ടോ, അന്ന് സ്കൂള്‍ തുറന്നിട്ടുണ്ടോ മഴ പെയ്തിരിക്കും. പിന്നെയങ്ങോട്ട് ഇടതടവില്ലാത്ത മഴ തന്നെയാണ്. കുളവും പുഴയും പാതയോരത്തെ ചാലുകളും നിറഞ്ഞു കവിയും. മലയിടുക്കിലെ തടാകമായ വാഴാനി ഡാമില്‍ നിന്നും വടക്കാഞ്ചേരി പുഴയിലേക്ക് വെള്ളവും മത്സ്യങ്ങളും മത്സരിച്ചു കുതിച്ചു ചാടും. ഈ മല്‍സ്യങ്ങള്‍ പുഴ നിറഞ്ഞുകവിയുമ്പോള്‍ തൊട്ടടുത്ത പാടത്തേക്ക് ചാടും. പിന്നെ ഞങ്ങള്‍ക്ക് ചാകരയാണ്. രാത്രി മുഴുവന്‍ ചാലുകളിലും കനാലുകളിലും ഒഴുകുന്ന ജലയോഴുക്കിന്റെ ആരവത്തിലും നിര്‍ത്താതെ പെയ്യുന്ന താളബന്ധിതമഴയുടെ ശ്രുതിരാഗത്തിലും ഞങ്ങള്‍ മതി മറന്നുറങ്ങും. മേഘവര്‍ഷത്തിന്റെ കുത്തൊഴുക്കില്‍ ഗ്രാമം നാടന്‍യുവതിയെപോലെ പുളകം കൊള്ളും. രോമഹര്‍ഷത്താല്‍ ഇക്കിളിപെട്ടു ചിരിക്കും. പതുങ്ങി വരുന്ന തുലാവര്‍ഷം ഇരുണ്ടു തടിച്ച വേശ്യയെ പോലെ പ്രകൃതിയെ ഇറുക്കി പുണരും. പ്രണയമഴയില്‍ ശ്വാസംമുട്ടുന്ന നാട് ഇക്കിളിയാല്‍ ചിരിക്കും; പുഷ്പിക്കും. പിറകെ വരുന്ന ഹേമന്തത്തില്‍ ഗ്രാമം ഒന്നുകൂടെ സുന്ദരിയാവും. പുലര്‍കാലേയെഴുന്നേറ്റു തൊടിയിലെ കുളത്തില്‍ കുളിച്ചുവരുന്ന ഈറനുടുത്ത സ്ത്രീകളെ പോലെ വേപഥുവാല്‍ നാട് തുടിച്ചു നില്‍ക്കും. പിന്നെയവളെ തഴുകിതലോടുന്ന ഊഷ്മളവേനലാണ്. കൌമാരത്തിലേക്കു പതിയെ കാലെടുത്തവെച്ച പെന്തളിരിനെപ്പോലെ, പൂത്തുതളിര്‍ത്തു നില്‍ക്കുന്ന ചെണ്ടമല്ലിപോലെ, തൂക്കുവിളക്കില്‍ തിരികത്തിക്കുന്ന പെണ്‍കൊടിയുടെ മുഖകമലംപോലെ വേനലിന്റെ വെള്ളിവെളിച്ചത്തില്‍ ഗ്രാമം തേജസ്സാര്‍ന്നു നില്‍ക്കും. ദൂരെ കാണുന്ന മലകളും പാടവും കാടും ഹരിതവര്‍ണ്ണത്തില്‍ പുതഞ്ഞു കിടക്കും. പ്രകൃതിയുടെ പച്ചനിറച്ചാര്‍ത്ത് മനുഷ്യനെ കവിയും കാല്പനികനുമാക്കും.
എന്നോ എവിടെയോ അവനു പിഴച്ചു. ഉയരങ്ങളില്‍ എത്താനും സുഖാനുഭൂതികള്‍ക്കും ആഡംബരത്തിനുമായി അവന്‍ പാടങ്ങളെ നികത്തി, എളുപ്പത്തില്‍ പണക്കാരനാക്കുന്ന വിളകള്‍ വെച്ച്, മണ്ണിന്റെ ഉര്‍വ്വരതയെ ഒറ്റയടിക്ക് ചൂഷണം ചെയ്തു. കുറച്ചു കാലത്തേക്ക് നോക്കി നടത്താന്‍ ഹസ്തിനപുരം പാണ്ടുവിനു കൊടുത്തത് അടുത്ത തലമുറയായ ധാര്‍തപുത്ത്രര്‍ക്ക് കൈമാറേണ്ടതാനെന്നു മറന്നു, തമ്മില്‍ തല്ലിയ പാണ്ഡവരുടെ പിന്‍ഗാമികളായ നമ്മള്‍ പൈതൃകമായ ഈ പ്രകൃതിയില്‍ നാളത്തെ തലമുറയ്ക്ക് നല്ലതൊന്നും ബാക്കിവെക്കാതെ കുന്നുകളെയും പുഴയും താഴവരകളെയും സമതലങ്ങളെയും ദുഷിപ്പിച്ചു സുഖിച്ചു. രമ്യഹര്‍മ്യങ്ങള്‍ കെട്ടിയുയര്‍ത്തി, ഈട്ടിയും തെക്കും തലങ്ങനെയും വിലങ്ങനെയും വെച്ചു അഭിമാനസ്തംഭങ്ങളാക്കി അന്തസ്സുയര്‍ത്തി. പുഴയുടെ രോദനങ്ങള്‍ നമ്മള്‍ കേട്ടില്ല, ഇടിച്ചു പൊടിക്കുമ്പോള്‍ മണ്ണിന്‍റെ ശക്തിദുര്‍ഗ്ഗങ്ങളായ പാറകൂട്ടങ്ങളില്‍ എഴുതി വെച്ചിരുന്ന ബിന്ദു പ്ലസ് ബാബു എന്നതിലെ പ്രണയം പ്രാണവേദനയോടെ പിടക്കുന്നത് നമ്മള്‍ കണ്ടില്ല. ഭൂമിയുടെ ദൃഡപേശികളെ നമ്മള്‍ തച്ചുടച്ചു, അമ്മയുടെ മടിത്തട്ടില്‍ നിന്നു ബകാസുരന്‍ ബലമായി പിടിച്ചെടുത്ത കുരുന്നുകളെപോലെ ഭൂമി തന്നോടെ ചേര്‍ത്തു നിര്‍ത്തിയിരുന്ന വൃക്ഷങ്ങളെ നമ്മള്‍ വെട്ടിയെടുത്ത് ഭൂമിയെ അകാലത്തില്‍ വന്ധ്യവയോധ്യയാക്കി. കാനായിയുടെ യക്ഷിയുടെ വക്ഷോജങ്ങള്‍പോലെ, ഉയര്‍ന്നുന്നു പൊങ്ങിനില്‍ക്കുന്ന അവളുടെ മാറിടങ്ങളെ നമ്മള്‍ മാന്തിയെടുത്തു. കുഴല്‍കിണറുകള്‍ കുത്തി അവളുടെ സിരകളിലെ അവസാന തുള്ളി രക്തവും നമ്മള്‍ ഊറ്റിയെടുത്തു. അമ്മിഞ്ഞപാലെന്ന അമ്രുതൂട്ടിയ ചുണ്ടുകള്‍ക്ക് പിന്നിലെ ദംഷ്ട്രങ്ങളാല്‍ പ്രിയപുത്രര്‍ തന്റെ മുലകണ്ണുകളെ ചുരരന്നെടുക്കുന്നത് കണ്ടു ഗാന്ധാരീധരിത്രി വേദനയാല്‍ പുളഞ്ഞു. നമ്മള്‍ കണ്ണുകള്‍ ഇറുകെയടച്ചു വെച്ചിരിക്കുകയായിരുന്നു; ഉറക്കം നടിക്കുകയായിരുന്നു.
ഇന്നവള്‍ ചോരവറ്റി, ഊഷ്മളത വറ്റിയൂഷരയായി, യൌവ്വനം പൊയ്പോയ, പുഴുക്കുത്തു ബാധിച്ച, നാനാഭോഗത്രുഷ്ണകളുടെ വിസര്‍ജ്യങ്ങള്‍ ഏറ്റുവാങ്ങി മലിനപെട്ടു വാടികരിഞ്ഞ നിര്‍മാല്യംപോലെ, നിറവും മണവും കൈവിട്ടു ഗതകാലസ്മൃതികളുടെ പട്ടടയില്‍ വിളറി വെളുത്തു വിറച്ചു വിറങ്ങലിച്ചു കിടക്കുന്നു.
സ്വന്തം മക്കള്‍ വ്യഭിചരിച്ചു വന്ധ്യയാക്കപെട്ട വസുന്ധര...
ഒരുകാലത്ത് വട്ടമുഖത്തിനു ശോഭയേകി, ഉയര്‍ന്നു നില്‍ക്കുന്ന താജ്മഹല്‍ പോലെ, മുലകച്ഛക്കും മുകളിലേക്ക് തുള്ളിതുളുമ്പുന്ന വടക്കന്‍പാട്ടിലെ തരുണീമണികളുടെ മാറിടംപോലെ, എന്‍റെ നെറ്റി മറയ്ക്കും വിധം തള്ളിതികട്ടി തിക്കിതിരക്കി നില്‍ക്കുന്ന ഇടതൂര്‍ന്ന കറുത്തമുടിയുണ്ടായിരുന്നു. ചന്ദനം തൊട്ടിരുന്നത് മുടി മുകളിലേക്ക് ഉയര്‍ത്തി വെച്ചിട്ടായിരുന്നു. ഞാനതില്‍ വല്ലാതെ അഹങ്കരിക്കുകയും ചെയ്തു. . മണ്ണ് കൊത്തി കിളച്ചിട്ട പറമ്പ് പോലെ, കന്നുപൂട്ടിയ വേനല്‍വയല്‍ പോലെ, മരച്ചീനിക്ക് തടംവെച്ച പോലെ മുഖകുരുക്കള്‍ ഉയര്‍ന്നുപൊങ്ങി നിന്നിരുന്ന, എണ്ണമയമുള്ള, പലകപല്ലുകള്ളില്‍ വിടവുള്ള , തവളമൂക്കുള്ള എനിക്ക് മുടിയായിരുന്നു ആകെയുള്ള സൌന്ദര്യസമ്പാദ്യം. ഷാംപൂവും ക്രീമം തേച്ചും, ചൂട് പിടിപ്പിച്ചു ഞാനതിനെ കാലത്തിനനുസരിച്ച് കോലവും രൂപവും മാറ്റി കൊണ്ടിരുന്നു. മാനസികസംഘർഷങ്ങളിൽ പിടിച്ചും വലിച്ചും വളച്ചും ഒടിച്ചും പിഴുതും പീഡിപ്പിച്ചു. അവയെന്നോട് ചിണുങ്ങുന്നതും പിടയുന്നതും പുളയുന്നതും തേങ്ങുന്നതും ഞാന്‍ കണ്ടില്ലെന്നു നടിച്ചു. ചിലര്‍ പിണങ്ങി പടിയിറങ്ങി പോവുന്നത് പിന്‍ഗാമിയെ പ്രതിഷ്ടിച്ചു കൊണ്ടാണെന്ന് ഞാന്‍ ധരിച്ചു. ഞാന്‍ പിന്നെയും പിന്നെയും ആകെയുള്ള ആ പൈതൃകസമ്പത്തിനെ ദ്രോഹിച്ചു കൊണ്ടേയിരുന്നു.
എപ്പോഴാണോ എന്നറിയില്ല ഒരു ദിവസം അരക്കില്ലത്തിനു തീ കൊടുത്ത് മക്കളെയും കൊണ്ട് സ്ഥലംവിട്ട കുന്തിയെപോലെ, എന്റെ തലയില്‍ ഇടവഴികളും ഗര്‍ത്തങ്ങളും വെളിപ്രദേശങ്ങളും മരുഭൂമികളും തീര്‍ത്ത്‌കൊണ്ട് ഭൂരിഭാഗവും കൂട്ടത്തോടെ പാലായനം ചെയ്തു.. വിരലുകള്‍ക്കിടയില്‍ നിന്നൂര്‍ന്നുപോയ പ്രണയമണല്‍തരികള്‍ പോലെ അവയടര്‍ന്നകന്നു പോകുന്നത് ഇടത്തെ ചുമലില്‍ വന്നിരുന്ന പ്രണയശലഭത്തെ പിടിക്കാന്‍ മറന്ന കാമുകനെപോലെ, കണ്മുന്നിലൂടെ പടിയിറങ്ങിപോയ നിറവസന്തം ഇനിയെന്നിലേക്ക് തിരിച്ചു വരില്ലെന്ന ദുഃഖസത്യത്തെ ഉള്‍കൊള്ളാനവാതെ ഞാന്‍ വിഷണ്ണനായി നോക്കിനിന്നു. ഉള്ളത് കെട്ടിപെറുക്കി ഭാണ്ടത്തിലാക്കി, ഇന്നോ നാളെയോ ഇറങ്ങി പോകമെന്നു ഭീഷണി കണ്ണില്‍ കരിന്തിരി കത്തിച്ചു, നാളെണ്ണി നില്‍ക്കുന്ന ശേഷിച്ച നാലെണ്ണത്തെ എണ്ണിയെണ്ണി, കണക്കില്‍ കണക്കായ ഞാന്‍, കണക്ക്കൂട്ടലുകള്‍ക്കപ്പുറമുള്ള കാണാകണക്കിലേക്ക് കണ്ണുംനട്ടു കണ്‍മിഴിചിരിക്കുന്നു..
ഇങ്ങിനെയാണ്,
ഇങ്ങിനെ മാത്രമാണ്
ഇങ്ങിനെ തന്നെയാണ്,
എന്നില്ലും നിന്നിലും, നമ്മുക്ക് ചുറ്റും മരുഭൂമികളുണ്ടാവുന്നത്!!!
No comments:
Post a Comment