Monday, 8 December 2014

ദേവാസുരം.


നാല്‍പ്പത്തിയാറു വര്‍ഷം മുന്‍പ് മേടത്തിലെ അനിഴം നക്ഷത്രത്തില്‍ വെളുപ്പിനു അന്ച്ചേ കാലിനു എല്ലുകള്‍ മുറിയുന്ന വേദനയുടെ നൊമ്പരത്തിലും ചന്ദ്രികാവസന്തം വിടര്‍ത്തി അമ്മ ചിരിച്ചു. ചന്ദ്രികയെന്ന സ്ത്രീ തന്റെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കി അമ്മയായി. മാതൃനിര്‍വൃതിയുടെ, ജീവിതനിറവിന്റെ, സഫലജന്മത്തിന്റെ അമ്മച്ചിരി. വേദനയുടെയും ധന്യതയുടെയും സംമോഹനത്തില്‍ ആദ്യമായി അമ്മ കണ്ണുനീരിന് മധുരമുന്ടെന്നു തിരിച്ചറിഞ്ഞു. എന്റെ ചുണ്ടുകളില്‍ അമ്മിഞ്ഞപാലിന്റെ മധുരം വീഴുന്നതിനു മുന്‍പ് മിഴിനീരിന്റെ ഉപ്പുവീണു, വരാന്‍ പോകുന്ന കൈപ്പ് നിറഞ്ഞ ജീവിതായനത്തിന്റെ നാന്ദി കുറിച്ചു. മേടം മുപ്പത്തി ഒന്നിലെയും മെയ്‌ പതിമൂന്നിലെയും ഒന്നും മൂന്നും ചേര്‍ന്ന നാലിന്റെ, അനിഴമെന്ന നക്ഷത്തത്തിന്റെ, ടോറസ് എന്ന രാശിയുടെ ഗുണദോഷങ്ങള്‍ സമ്മിശ്രമായി എന്നിലലിഞ്ഞു എന്നെ ഞാനാക്കി. ദാരിദ്ര്യവും കഷ്ടപാടുകളും ഇരുള്‍ വീഴ്ത്തിയ ജീവിതവീഥികള്‍, തൂത്തു കളയുന്തോറും അട്ട പോലെ എന്നില്‍ പറ്റി ചേര്‍ന്ന് നില്‍ക്കുന്ന അപകര്‍ഷതയില്‍, അവഗണനകളില്‍, ഇകഴ്തലുകളില്‍, ആദ്യമായി ചുണ്ടില്‍ വീണ കൈപ്പുനീരിന്റെ ദുസ്വാദ് എന്നും വറ്റാതെയോഴിയാതെ ഒട്ടി നിന്നു.

രാവുകളില്‍ അമ്മയുടെ വ്യസനങ്ങള്‍ക്ക് , പ്രതീക്ഷകള്‍ക്കു, സ്വപ്നങ്ങള്‍ക്ക് അഭയം നല്‍കിയ അമ്പിളിയുടെ പര്യായമായ സുധാകരന്‍ എൻടെ നാമമായി. ചന്ദ്രികയമ്മക്ക് ചിരിയുടെ പൌര്‍ണമി നല്‍കിയ ഞാന്‍ സുധാകരനല്ലെന്കില്‍ പിന്നെന്താണ്.. ? ആ പേരിടുമ്പോള്‍ സ്നേഹമെന്ന അമൃത് കയ്യിലുള്ളവനായി ഞാന്‍ വളരട്ടെയെന്നും അമ്മ നിനച്ചു കാണും. വടക്കാന്ചെരിയിലെ അമ്മ്യാര്‍ മഠങ്ങളില്‍ മുറ്റമടിച്ചും ഓട്ടുപാത്രം കഴുകിയും അമ്മ നിരാലംബ-നിസഹായ-നിശ്ചല ജീവിതത്തിനു വേഗം കൊടുക്കാന്‍ ശ്രമിച്ചു. ആ വീടുകളിലെ കുളിമുറികളിലെ ചുവരുകളില്‍ എനിക്ക് തരാന്‍ കഴിയാത്ത നിറഞ്ഞു കവിയുന്ന അമ്മിഞ്ഞ പാല്‍ അമ്മ പിഴിഞ്ഞ് കളയുമായിരുന്നു. വൈകുന്നേരം അമ്മ വരുന്നവരെ അമ്മമ്മയുടെ വറ്റി വരണ്ട ശുഷ്ക്കിച്ച മുലകളില്‍ നനവിന്റെ കുളിര്‍തേടി മെലിഞ്ഞ നെന്ചിലോട്ടി പതിഞ്ഞു കിടന്നു. അമ്മമ്മയുടെ ഉന്തിയ പല്ലുകള്‍ ഉമ്മകളിലൂടെ നോമ്ബരപ്ടുകള്‍ വീഴ്ത്തിയപ്പോള്‍ നൊമ്പരങ്ങളില്‍ വെളുക്കെയുറക്കെ ചിരിക്കാന്‍ ഞാന്‍ പഠിച്ചു. വൈകുന്നേരം വന്നാല്‍ അമ്മ ഒന്നും കഴിക്കില്ല. അമ്മമ്മ ചോദിക്കും,

എന്താ ചന്ദ്രോ, നിനക്കൊന്നും വേണ്ടേ..

ന്റെ മോന്റെ ചിരി കണ്ടാല്‍ പിന്നെ വെശപ്പൂം ദാഹോം ന്നും അറീല്യാ ന്റെ അമ്മെ....

ശര്യെന്ന എന്നര്‍ത്ഥത്തില്‍ മീനാക്ഷിയമ്മയും ചിരിക്കും. അമ്മാവന്‍ അമ്മെ എന്ന് വിളിക്കുന്ന കേട്ട് വളര്‍ന്ന എനിക്ക് മുത്തശ്ശിയായ അമ്മമ്മ അമ്മയായി; അമ്മാവന്റെ ഓപ്പോള്‍ എന്ന വിളി കേട്ട് എന്റെ സ്വന്തം അമ്മ ഓപ്പോളായി. വയ്ക്കോല്‍പുരയിലെ ചാണകമെഴുകിയ നിലത്ത് ഞാന്‍ കമിഴ്ന്നു, നീന്തി, മുട്ട് കുത്തി, ഇരുന്നു, നിരങ്ങി ചാണകത്തോടൊപ്പം അരിച്ചു നടന്ന പ്രാണികളെയും പിടിച്ചു വായിലിട്ടു. അമ്മമ്മ പറയുന്ന ആനയും തയ്യല്‍ക്കാരന്റെയും കാക്കയെ പറ്റിച്ച കുറുക്കന്റെ കഥയും നൂറു ദിവസം താണ്ടി പിന്നെയുമോടി. നെറുകില്‍ തഴുകി, മുടിയില്‍ വിരലോടിച്ചു അമ്മ ഈണത്തില്‍ പാടിയ ശോകം കലര്‍ന്ന താരാട്ടുകള്‍ പാതി വഴിയില്‍ മുറിഞ്ഞു തേങ്ങി. മുനിഞ്ഞു കത്തുന്ന ചിമ്മിണി വിളിക്കിന്റെ പുകയില്‍ എന്നെ ചേര്‍ത്തു പിടിച്ചു, കരിന്തിരി കത്തിയ നിറനിലാജന്മത്തിന്റെ നിലാശോഭ ജീവിതഭാരക്ഷീണത്താല്‍ മയങ്ങിയുറങ്ങി.

ഞാന്‍ വളര്‍ന്നു. ഒരിടത്തും ഒന്നമനാവാതെ, ഊഴവും ഉന്നവും നഷ്ടപ്പെട്ട്, വേഗവും വൈരവും മറന്നു, കുറുകുന്ന വ്യസനങ്ങള്‍ നെന്ചിലോതുക്കി, തിളങ്ങുന്ന വസ്ത്രത്തിനും പേനക്കും പൊട്ടാതെ സ്ലെറ്റിനും പഴകാത്ത പുസ്തകത്തിനും കൊതി പൂണ്ടു എല്ലാവര്ക്കും പിന്നില്‍ മറഞ്ഞു നിന്ന് ചിരിച്ചു വളര്‍ന്നു. വെള്ളം കോരി കൊടുത്തും വിറകു പെറുക്കി ചുമന്നു കൊണ്ട് വന്നും അമ്മയെ ഞാന്‍ സഹായിച്ചു. തേക്കില പറിച്ചു വിറ്റും കശുവണ്ടി പെറുക്കിയും മിട്ടായിക്കു കാശുണ്ടാക്കി. പൊരിയുന്ന വെയിലില്‍ പച്ച ഇഷ്ടിക രണ്ടു തോളത്തും ചുമന്നു നടന്നു ചൂളയില്‍ കൊണ്ട് വെക്കുന്ന പണിക്ക് പോയി അവധികാലത്ത് പുസ്തകത്തിനും വസ്ത്രത്തിനും വഴി കണ്ടു. കോളേജില്‍ ഖദര്‍ ഉടുത്തു തത്വം പറഞ്ഞു വസ്ത്രദാരിദ്ര്യത്തിനു മറ കൊടുത്തു. വീടുകളില്‍ പോയി ടൂഷന്‍ എടുത്തു ബിരുദാനന്തരവേളയില്‍ ബീഡിക്കും ചായക്കും പഠനത്തിനും വകയൊപ്പിച്ചു.
ഞാന്‍ അന്നന്ന് അരിയും പന്ചാരയും ചായപൊടിയും വാങ്ങുന്ന ജീവിതത്തില്‍ നിന്ന് മാറി, കറങ്ങുന്ന ഫാനിന്‍റെ കീഴെ വിയര്‍പ്പോഴുക്കാതെയിരുന്നു ജോലി ചെയ്തു ശമ്പളം വാങ്ങി മൊത്തം മാസത്തേക്കുള്ള സാധനങ്ങള്‍ വാങ്ങികൊണ്ട് വരുന്ന ഒരു ഗൃഹനാഥനാവാന്‍ കഴിയണമെന്ന് അമ്മ പ്രാര്‍ഥിച്ചു. എനിക്ക് ഒന്നുമാവണമെന്നു തോന്നിയില്ല. പ്രതീക്ഷകളും, സ്വപ്നങ്ങളും ഭാഗ്യം, പ്രണയം എന്നിവപോലെ എന്നില്‍ നിന്ന് എന്നും അകന്നു തന്നെ നിന്നു. ഞാനെഴുതുന്ന ബാല്യകാലസഖിയും പ്രണയനിലാവുമൊക്കെ വെറും കല്പനകള്‍ മാത്രം.

അമ്മ സംത്രുപ്തയാണ്.. കുഞ്ഞുനാളില്‍ അമ്മ എന്റെ മുഖത്തു നോക്കി കിടന്നു കണ്ട നക്ഷത്രസ്വപ്നങ്ങള്‍ വിണ്ണില്‍ നിന്നിറങ്ങിവന്നു അമ്മയുടെ കണ്ണിലെ നക്ഷത്രതിളക്കിനു ശോഭ കൂട്ടുകയാണ്. ഞാന്‍ എന്തായെന്ന് എനിക്കറിയില്ല പക്ഷെ അമ്മക്ക് ഞാന്‍ എന്താവണമോ അതായി. എ അമ്മയോളം വളരാന്‍ എനിക്കാവില്ല; അമ്മയുടെ സ്വപ്നത്തോളമെങ്കിലും വളരാനായതില്‍ എനിക്ക് ചാരിതാര്ത്യമുണ്ട്. ചന്ദ്രനെന്ന ഞാന്‍ അമ്മയുടെ ജീവിതസ്വപ്നങ്ങളിലെന്കിലും ചന്ദ്രിക വിടര്‍ത്താന്‍ കഴിഞ്ഞതില്‍ ധന്യനാണ്. അമ്മയുടെ പ്രതീക്ഷകള്‍ സഫലവും സാര്‍ത്ഥകവുമായതില്‍ സന്തുഷ്ടനും..
പിന്നിട്ട വഴികളെ കുറിച്ച് ഞാനെഴുതുന്നത്‌ വന്ന വഴികള്‍ മറക്കാതിരിക്കാനാണ്. അന്ന് ഞാനനുഭവിച്ച ദുഃഖങ്ങള്‍ ഇന്നെനിക്ക് സ്വര്‍ഗ്ഗസുഖം തരുന്നു.
അന്നത്തെ ദാരിദ്ര്യം ഇന്നെന്നെ ധനികനാക്കുന്നു.
അന്നത്തെ ഇല്ലായ്മ ഇന്നെനിക്ക് സമൃദ്ധിയേകുന്നു.
ഞാന്‍ ചിരിക്കുന്നു, സന്തോഷിക്കുന്നു,
കുട്ടിത്തം വിടാത്ത മനസ്സും ശരീരവുമായി ചിരിച്ചുല്ലസിച്ചു പ്രായഭേദമന്യേ എല്ലാവരുമായി സംവദിക്കുന്നു; സ്നേഹസൌഹൃദം പങ്കുവെക്കുന്നു.

പല ധനികരും ചോദിക്കുന്നു മോശമായ ധനസ്ഥിതി വെച്ചും എങ്ങിനെ ചിരിക്കാന്‍ കഴിയുന്നു വെന്നു. അതിനും മറുപടിയായി ഞാന്‍ ചിരി കൊടുക്കുന്നു.സ ധനികരായ അവരുടെ ചിരിക്കാന്‍ കഴിയാത്ത അവസ്ഥ പോലും എന്നെ ചിരിപ്പിക്കുന്നു. വെറും മനുഷ്യനായി, നല്ലതും ചീത്തയും കുറ്റവും കുറവുമുള്ള ഒരാളായി ജീവിക്കണമെന്നാണു പ്രാര്‍ത്ഥന. ദേവനായ രാമനില്‍ ഞാന്‍ നല്ലത് മാത്രം കാണുന്നില്ല; അസുരരാവണനില്‍ തിന്മയും. എനിക്ക് ദേവനാവേണ്ട, മുനി ശ്രേഷ്ടനാവേണ്ട, പ്രവാചകനാവേണ്ട, വെറും മനുഷ്യനായാല്‍ മതി. വികാരവിചാരങ്ങള്ള്ള, ദേവാസുരഗുണങ്ങളുള്ള പച്ച മനുഷ്യന്‍....
നാല്പ്പത്തിയാറിന്റെ നിറവില്‍ ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ പിന്നിട്ട പാതകളില്‍ ചോരപാടുകളില്ല.
ഞാന്‍ മുറിവേല്‍പ്പിച്ച അബലജന്മങ്ങളില്ല.
പുച്ചിച്ച്ചു തള്ളിയ നിസഹായരില്ല.
അപമാനിച്ച നിരാലംബരില്ല.
ഉപയോഗിച്ചുപേക്ഷിച്ച അശരണരില്ല.

 ഭൌതികമായ ഔന്നത്യമില്ലെങ്കിലും,
നന്മയുടെ വെള്ളിവെട്ടം വീശാനായില്ലെങ്കിലും,
സ്നേഹവസന്തസുഗന്ധം പരത്താൻ കഴിഞ്ഞില്ലെങ്കിലും ആരുടേയും പാതകള്‍ ഇരുളടയാന്‍ ഞാനിടയായിട്ടില്ല എന്നാണു വിശ്വാസം.
ഒപ്പം എന്നെ ശപിക്കാന്‍ പാപം ചെയ്യാത്ത കൈകള്‍ ഉയരുകയില്ലെന്നും!!!

പ്രയാസങ്ങളെന്ന പൊടിയും നിര്‍ഭാഗ്യങ്ങളെന്ന പുകയും പിടിച്ചു ബാക്കി കിടക്കുന്ന ജീവിതമെന്ന ചെമ്മന്പാതയില്‍ ഒരു മനുഷ്യനായി തന്നെ പ്രയാണം തുടരാന്‍ എല്ലാവരും അനുഗ്രഹിക്കണമെന്ന പ്രാര്‍ഥനയോടെ..... 

ആര്‍ദ്രം...


ജീവിതത്തില്‍ വേദനകള്‍ ഒരുപാട് കടിച്ചമര്‍ത്തിയത് കൊണ്ടും ജീവിതഭാരദൂരങ്ങള്‍ താണ്ടാന്‍ തന്നെ തനിച്ചാക്കിയവരോടുമുള്ളള്ള പ്രതിക്ഷേധം ചവച്ചരച്ചു തുപ്പിയതും കൊണ്ടുമാവും അമ്മയുടെ പല്ലുകള്‍ തേഞ്ഞൂ ദ്രവിച്ചു പോയതിനാല്‍ നാലെണ്ണം ഈയടുത്ത കാലത്ത് എടുത്തു കളഞ്ഞു. അതിന്റെ ചുളിവുകളും അടുത്ത കാലത്ത് കിട്ടിയ തൊലിപുറത്തുള്ള ചെറിയ നിറവ്യത്യ്സവും അമ്മയെ വേദനിപ്പിചില്ലെന്കിലും എന്നെ നൊമ്പരപെടുത്തിയിരുന്നു. ഓടി ചാടി നടക്കുന്ന അമ്മ മരുന്നുകള്‍ പുരട്ടി വീട്ടിലിരിക്കുന്നത് അസുഖകരമായ കാഴ്ചയായിരുന്നു. അമ്മയോടുള്ള സ്നേഹം പരിഹാസത്തിലും ദേഷ്യത്തിലും കാണിക്കുന്ന ഞാന്‍ പറഞ്ഞു.. 

ഇള്ള അമ്പലത്തിലും കേറിറങ്ങി, വഴിവക്കിലെ സര്‍വ്വേ കല്ലില്‍ പോലും തൊട്ടു തൊഴുതു ന്റെ കാശ് വഴിപാടായും ദക്ഷിണയായും കായം കലക്കിട്ടു പ്പോ, ന്തായി.. ദൈവങ്ങള്‍ക്ക് ഇങ്ങളോട് എന്തെങ്കിലും നന്ദിണ്ടെങ്കില്‍ ഇങ്ങക്ക് ഇങ്ങിനോരോ അസുഖങ്ങള് വരുത്ത്വോ.. ഇനീന്കിലും ഈ കാശ് വേസ്റ്റ് ചെയ്യണ പരിപാടി ങ്ങളു നിര്‍ത്തിന്‍...

പറഞ്ഞയൂടനെ തിന്നു കൊണ്ടിരുന്ന ദോശ നെറുകയില്‍ കയറി. സീമന്തപുത്രന്‍ തിന്നുന്നതു കണ്ടു മനവും വയറും നിറച്ചു, വിശപ്പകറ്റി, ഏമ്ബക്കത്തിനു തെയ്യാറെടുത്തുകൊണ്ടിരുന്ന അമ്മ, എണീറ്റ്‌ തലയില്‍ നാല് തട്ട് തട്ടി. ഗ്ലാസില്‍ വെള്ളമെടുത്തു തന്നു, മുഖത്ത് നോക്കാതെ പറഞ്ഞു..

അതിനു മോനെ, ഞാന്‍ നിക്ക് രോഗം വരുത്തരുതെന്നു ഒരിക്കലും പ്രാര്‍തിചിട്ടില്യാ; ന്റെ കുട്ട്യോള്‍ക്ക് വരുത്തരുതെന്നെ ചോദിചിട്ടുള്ളൂ. പിന്നെ ഒന്നൂട്യം പറഞ്ഞിരുന്നു. അഥവാ ന്റെ കുട്ട്യോള്‍ക്ക് രോഗം വരാൻ യോഗന്ടെന്കി, അതവര്‍ക്ക് കൊടുക്കാന്റെ നിക്ക് തരണെന്റെ തേവരെ ന്നും..

വാക്കുകള്‍ ഹിമപാതം പോലെ നെന്ചില്‍ പെയ്തു വീണു ചിന്നി ചിതറി. മറുപടിയില്ലാത്ത വാക്കുകള്‍ തൊണ്ട പൊള്ളിച്ചു. കഴിച്ചു കൊണ്ടിരുന്ന ദോശ അമ്മയുടെ കൈ പുണ്യത്തിന്റെ മധുരം മറന്നു കൈച്ചു.

നെനക്കോ, നെന്റെ കുട്ട്യോള്‍ക്കോ തരാതെ അങ്ങേരു നിക്ക് തന്നില്യെ,, ദിനെയാണ് ഈ ദൈവം ന്നു പറയണേ.. അറുപത്തിയാറു വയസ്സായ നിക്കിനി ഇന്ത് വന്നാലെന്താ ന്റെ കുട്ട്യേ, .. ന്റെ നെറോം ശബ്ദോം സൌന്ദര്യോക്കെ നെന്റെ മോളല്ലേ.. നീയ്യ്‌ വെഷമിക്കണ്ട.. തൊക്കെ അങ്ക്ട് മാറും..
അടുക്കളയിലെ ഇരുട്ട് രക്ഷകനായി എന്റെ മുഖഭാവത്തെയും മൗനമനമൊഴികളേയും വിഴുങ്ങി കൊണ്ടിരുന്നു. ഞാന്‍ ദോശയിലേക്ക് തല പൂഴ്ത്തിയിരുന്നു ചട്ട്നിയിലെ കറി വേപ്പിലക്കൊപ്പം നൊമ്പരങ്ങളെ ചവച്ചു തുപ്പാന്‍ ശ്രമിച്ചു. ഇറ്റ് വീണ മിഴിനീര്‍മണികളിലെ ഉപ്പ്, അമ്മയെ വേദനിപ്പിക്കുന്ന മകനോടുള്ള പ്രതികാരം തീര്‍ക്കാനെന്നവണ്ണം, ചട്നിയില്‍ കലരാതെ കലമ്പി നിന്നു....

എന്‍ ശ്വാസകാറ്റേ........


അരികിലിപ്പോള്‍ നീയില്ല....
പുളകം കൊള്ളുന്ന സ്നിദ്ധമേനിയില്ല;
പൌര്‍ണമി വിടര്‍ത്തുന്ന മുഗ്ധഹാസമില്ല.

സ്വപ്നം തളംകെട്ടിയ കരിമ്കൂവള കണ്ണുകളില്ല;
പരിഭവം സന്ധ്യശോഭയേകിയ ചാമ്പക്ക മൂക്കില്ല.
കവിളില്‍ അര്‍ദ്ധനീലിമ പടര്‍ത്തുന്ന അളകങ്ങളില്ല
വെളളാരംകല്ലുകൾ വാരിവിതറുന്ന വാമൊഴികളില്ല
നീലരോമങ്ങള്‍ തോരണംകെട്ടിയ കുരുത്തോല കൈകളില്ല;
പരിഭവ-പരിദേവനങ്ങള്‍ ചായംപൂശിയ നനുത്ത അധരങ്ങളില്ല.
പുസ്തകത്താളുകളില്‍ ചേര്‍ത്തുവെച്ച കൈനാറിപൂവിന്‍ ഗന്ധമില്ല;
നിന്‍ നിശ്വാസമലിഞ്ഞു ചേര്‍ന്ന ചെമ്പകമണമോലും നേര്‍ത്ത കാറ്റില്ല.
നീണ്ടുരുണ്ട മുടിയില്‍ തിരുകിവെക്കാന്‍,
പറിക്കാതെ ബാക്കിവെച്ച അശോകചെമ്പകം
മണം വറ്റി,
നിറം മാഞ്ഞു,
ഇതളടര്‍ന്നു,
പൊഴിഞ്ഞു വീണു സഖീ...
മനംമടുത്ത നിന്‍ മടുപ്പെന്‍, മിടിപ്പെടുത്തരിയൊടുങ്ങുംമുന്‍പ്
വരിക സഖിയരികത്ത്, മേലുടയാടപോല്‍ ചേര്‍ന്ന് നില്‍ക്ക,
നിന്‍ സ്നിഗ്ദ്ധമേനിയില്‍ അലയടിച്ചുയരട്ടെ ചിറകടിക്കുമെന്‍ പ്രണയഭാവനകള്‍....
വരിക സഖി,
വര്‍ണ്ണം വരണ്ട വഴിയിഴകളില്‍ സ്വനമുതിര്‍ക്കാതെ..
മിഴിമുനയാല്‍ നനുനനെ മനം കവര്‍ന്നു,
മൊഴിമഴയാല്‍ തണുതണെ തനു നനച്ചു,
വിരല്‍തൂവല്‍ സ്പര്‍ശത്താല്‍ വിരഹതാപമകറ്റി,
പകരുക സിരകളില്‍ വികാരമേഘവിസ്ഫോടനങ്ങള്‍.
പുണര്‍ന്നു പടരുക തനുവില്‍, തൈമാവിൽ മുല്ലവള്ളി കണക്കെ.
വരിക സഖി,
മൃതമേനിയായോരെന്നരികില്‍ അമൃതമായഴിഞ്ഞുലഞ്ഞു നില്‍ക്ക,
മുല്ലമൊട്ടിന്‍ മണമുതിരും തേന്മലര്‍ ചിരിയുതിര്‍ത്തു,
നാണം മഷിയെഴുതിയ കൌതുകകണ്ണാല്‍ കനല്‍ പെയ്തു,
ചെമ്പകം പൂക്കുന്ന ശ്വാസനിശ്വാസമുതിര്‍ക്ക....
നിന്‍ നിശ്വസ, മെന്‍ശ്വാസമായ്, ഞാന്‍ പുനര്‍ജനിക്കും വരെയും....

സ്നേഹാമൃതം.



പനിപിടിച്ചത് മുതല്‍ തോന്നിയതാണ് അമ്മയെ കാണണം. " ഞാന്‍ അങ്ങോട്ട്‌ വരണോ മോനെ " എന്ന ചോദ്യത്തിന് സമ്മതം മൂളാന്‍ തുടങ്ങിയത് ജയയുടെ കനപ്പിച്ച മുഖത്തില്‍ അലിഞ്ഞില്ലാതായി. അറുപത്താറ് വയസായ അമ്മയെ മധ്യവയസ്സിലെത്തി നില്‍ക്കുന്ന മകന്‍ ഇത്രയും ദൂരം തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി കഷ്ടപെടുത്തുന്നതിന്റെ നീരസം അവള്‍ ഒറ്റനോട്ടത്തിലൂടെ കനപ്പിച്ചറിയിച്ചു. "സരയൂ" വിന്‍റെ വീടിന്റെ ഐശ്വര്യമായ SBI ബാങ്കില്‍ പോകണം; ബഹറിനില്‍ നിന്ന് വന്ന അനിലിനെ കാണണം. അനില്‍ മൂന്നുവര്‍ഷമായി എന്നില്‍ സഹോദരസ്നേഹത്തിന്റെ തേന്മഴ പൊഴിക്കുന്നവനാണ്. വീട്ടിലെത്ത പത്രം വായിച്ചു കൊണ്ടിരിക്കുമ്പോള്‍ അമ്മ വന്നു. ഊര്‍ജസ്വലത അമ്മയെ കൈവിടുന്നുന്ടെന്നു തോന്നി. അമ്മയുടെ ദ്രുതഗമനം ഇപ്പോള്‍ കാണാനില്ല. ചന്ദ്രികയെന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധം പൌര്‍ണമി കണക്കെ അമ്മയുടെ മുടി കൈ വിട്ടു പോയ വിളറിയ ജീവിതചിത്രം പോലെ വെളുത്തിരുന്നു. . എന്തോ അമ്മയുടെ തേജസ്സു നഷ്ടപെടുന്ന മുഖത്തേക്ക് നോക്കാന്‍ വയ്യ. വിളര്‍ത്ത കണ്ണുകളും ചുളിവുകള്‍ വീണ കവിളും നരകജീവിതം കറുപ്പ് തേച്ചു പിടിപ്പിച്ച നെറ്റിയും പൂനിലാവുപോലെയിരുന്ന അമ്മയിൽ മേഘനിഴലുകൾ പാകിയിരിക്കുന്നു. ജീവിതയാദനകള്‍, ‍ കണ്ണന് ചാര്‍ത്തുന്ന കളഭം പോലെയിരുന്ന അമ്മയുടെ നിറവും മണവും കവര്ന്നെടുതിരുന്നു. അമ്മ ഒരിക്കല്‍ വളരെ സുന്ദരിയായിരുന്നു. കറുത്ത് നീണ്ടു മെലിഞ്ഞ, ജീവിതത്തില്‍ മൊത്തം ഗോപി വരച്ച അച്ഛന്‍ അമ്മയുടെ ജീവിതത്തിലെ അമാവാസിയായിരുന്നു. നെന്മാറയിലെ മാടമ്പി മൂത്താര്ക്ക് അമ്മയുടെ നിറത്തെക്കാള്‍ കഴുത്തിലും കയ്യിലും മിന്നിതിളങ്ങിയ സ്വര്‍ണ്ണത്തിലായിരുന്നു താല്പര്യം. ഞാന്‍ അത്ഭുതപെട്ടിട്ടുണ്ട് അമ്മക്കെങ്ങിനെ ഇയാളെ സ്വീകരിക്കാന്‍ കഴിഞ്ഞുവെന്നു. ചോദിക്കുംബോഴൊക്കെ അമ്മ ദീര്‍ഘനിശ്വസമെടുത്തു പറയും..

"ഭര്‍ത്താവു നമ്മള്‍ വളര്‍ത്തുന്ന വീട്ടുമൃഗം പോലെയാണ്; അതെങ്ങിനെയിരുന്നാലും നമ്മള്‍ ഇഷ്ടപെടും.. "

ശരിയാണ്. സ്ഥലത്തെ പ്രധാന ഗുണ്ടകള്‍ക്കും കൊലയാളികള്‍ക്കും ഭാര്യമാരുണ്ട്. ആരും ഉപേക്ഷിച്ചു പോവാറില്ല. ഞാന്‍ പത്രത്തിനു കണ്ണുകളും അമ്മക്ക് കാതുകളും കൊടുത്ത്, അമ്മ പറയുന്ന കുടുംബകാര്യങ്ങളും നാട്ടുകാര്യങ്ങള്‍ക്കും മൂളി കൊണ്ടിരുന്നു. എണ്ണ തൊട്ടുപുരട്ടാത്ത, കല്‍ചട്ടിയിലുണ്ടാക്കിയ ദോശയും ഉള്ളി ചമ്മന്തിയും കൊണ്ടാണ് അമ്മ വന്നത്. ഞാന്‍ കഴിക്കുന്നത്‌ അടുത്തിരുന്നു അമ്മ കണ്ടു വയര്‍ നിറച്ചുകൊണ്ടിരുന്നു. ഞാന്‍ മുഖമുയര്‍ത്താതെ അനിയന്മാരെ പറ്റിയും മറ്റും ചോദിച്ചു കൊണ്ടിരുന്നു. അനിയന്‍ ടെറസ്സില്‍ നിന്ന് വീണു നടുവിന് ബെല്‍റ്റ്‌ ഇട്ടു കെടുക്കുകയാണ്. എത്ര കിട്ടിയിട്ടും ഒന്നും തികയാത്ത ഞാന്‍ വരുമാനമില്ലാത്ത അവന്റെ അവസ്ഥ ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു. പണ്ടത്തെ പോലെയല്ല; ഇന്ന് ഞാനും വലിയൊരു പ്രാരാബ്ധകാരനാണ്. വീട് വെച്ചതിന്റെ കടം എന്റെ നട്ടെല്ല് ഒടിചിരിക്കുന്നു. നിവരണമെങ്കില്‍ പെന്‍ഷന്‍ പറ്റണം. പലതും കാണാതിരിക്കുകയും കേള്‍ക്കാതിരിക്കുകയുമാണ് മനസിനും ശരീരത്തിനും നല്ലത്.

 പുറത്തു മഴ കനത്തുതുടങ്ങിയിരുന്നു. ഇരുട്ട് വീഴ്ത്തുന്ന മഴ. അമ്മ പറഞ്ഞു :

ഇത്ര ദിവസം മഴേ ഇന്ടാര്‍ന്നില്ല. ഇന്നിപ്പോ തുമ്പിക്കൈ വണ്ണത്തിലാ പെയ്യണെ. ആ, വെള്ളം ഇന്ടാവട്ടെ.. സര്‍ക്കാരിന്‍റെ ഈ പോക്ക് കണ്ടിട്ട് വെള്ളം കുടി പോലും നടക്ക്വോ ന്നു സംശയ.. ഉച്ചക്ക് ഞാന്‍ ചോറ് കൊണ്ട്രില്ല നീയ്യ്‌ അങ്ങോട്ട്‌ വന്നോ...

എന്നും പറഞ്ഞു കമ്മൂണിസ്റ്റായ അമ്മ രണ്ടു സർക്കാരിനും ഓരോ കൊട്ടുകൊട്ടി തിരിച്ചു പോയി..
ബാങ്കില്‍ പോയി ഇറങ്ങുമ്പോഴേക്കും ഫോണ്‍ വിളികളുടെ ബഹളമായിരുന്നു. വൈകാതെ എല്ലാവരും വന്നു പ്രദീപിന്റെ വീട്ടില്‍ ചായയും ചക്കചുളയും കഴിച്ച ശേഷം വീട്ടിലേക്കു പോയി ഭക്ഷണവും സുരപാനവും വെടിവെട്ടവും പാട്ടും കവിതയുമായി ഞങ്ങളങ്ങിനെ കൂടി. ഇടയില്‍ ഒരു നോക്ക് കാണാന്‍ നോമ്പിന്റെ തളര്ച്ചയിലും അബ്ദുള്‍ ചെര്‍പ്പുളശേരിയില്‍ നിന്നെത്തി. ചേര്‍ത്ത് പിടിച്ച കൈകളില്‍ സ്നേഹസൌഹൃദത്തിന്റെ ഊഷ്മളത തെളിഞ്ഞുനിന്നു. വിടര്‍ന്ന ചിരിയില്‍ വാക്കുകളിലൂടെ പരിചയമായ സുധേട്ടനെ കണ്ടതിലുള്ള ചാരിതാര്‍ത്ഥ്യം പതിനാലാംരാവിലെ ചന്ദ്രനെ പോലെ തിളങ്ങിനിന്നു. അഞ്ചു മിനിറ്റു കാണാന്‍, ഇത്രയും ദൂരം, ഒരു ചായ പോലും കുടിക്കാതെ തിരിച്ചു പോവാന്‍ വന്നിരിക്കുന്നു. ഞാന്‍ വല്ലാതെയായി. കണ്ണ് നിറയാതിരിക്കാന്‍ ഞാന്‍ പാട് പെട്ടു.

നാലുമണിക് അമ്മ വീണ്ടും വന്നു ഉച്ചക്ക് ഉണ്ണാന്‍ വരാത്ത മകനെ തേടി. വന്നപ്പോള്‍ മുറ്റത്ത് നാല്മണിപ്പൂക്കള്‍ ഒന്നിച്ചു വിരിഞ്ഞ പോലെ ഒരുപാട് മക്കള്‍. അമ്മയുടെ മുഖം വിടര്‍ന്നു. അമ്മുവിനു ശേഷം ഒരു കുട്ടികൂടി ദാരിദ്ര്യം കാരണം വേണ്ടെന്നുവെച്ച എന്നോട് അമ്മ പറയാറുണ്ടായിരുന്നു
" ഡാ കണ്ടു മുട്ടുന്നൊരു സ്വത്തു എത്രേന്ടെന്ന്ല ചോയിക്ക്യാ മക്കളെത്രയന്ടെന്നാണ് "
പഴയ അമ്മ അവിടെ തന്നെ ജീവിക്കുകയാണ്. അന്ന് മക്കള്‍ സ്വരുക്കൂട്ടിവെക്കുന്ന സമ്പാദ്യമാണ്. ഇന്ന് മക്കളെന്നാല്‍ ഉണ്ടാക്കിയ സമ്പാദ്യം കടലില്‍ കായം കലക്കുന്ന മുടിയന്മാരാന്. അന്ന് തിരിച്ചു കിട്ടുന്ന നിക്ഷേപമാണ് മക്കള്‍; ഇന്ന് കിട്ടാകടമാണ്. ഇത്രയും മക്കളെ ഒന്നിച്ചു കണ്ട അമ്മ ചിരിച്ചു കൊണ്ടേയിരുന്നു . ഓരോരുത്തരെയും പരിചയപെട്ടു. ചിലര്‍ ചേര്‍ത്ത് പിടിച്ചു, ചിലര്‍ കാല്‍ തൊട്ടു വന്ദിച്ചു, ആരോ കൈകളില്‍ ഉമ്മ വെച്ചു. ആര്‍ക്കും അപരിചിത്വമില്ല കാരണം അമ്മയെ എഴുത്തിലൂടെ എല്ലാവരും അറിയാം. അമ്മയുടെ മനസ്സ് നിറയുന്നത് എനിക്ക് കാണാമായിരുന്നു. കുറച്ചു നേരം ഞങ്ങളുടെ ചിരിയും കളിയും കണ്ടു അമ്മ രാത്രി ഭക്ഷണം ഉണ്ടാക്കാന്‍ തിരിച്ചു പോയി. പുളിയോ രസമോ ആവും; ഒണക്കമീനും കാണും. ഞാന്‍ മനസ്സിലോര്‍ത്തു. നാവില്‍ വെള്ളം കിനിഞ്ഞു.

നിര്‍ത്താതെ പെയ്ത മഴ ഒന്നിനും അനുവദിച്ചില്ല. ടിക്കറ്റ്‌ ഷോര്‍ണൂര്‍ നിന്നായിരുന്നതിനാല്‍ തിരിച്ചു അനിലിന്റെ കാറില്‍ പോരുമ്പോള്‍ വീടിനു മുന്‍പില്‍ ഇറങ്ങി അമ്മയുടെ കയ്യില്‍ താക്കോല്‍ കൊടുക്കുക മാത്രമാണ് ചെയ്തത്. കുട്ടികള്‍ക്ക് ഒന്നും ഉണ്ടാക്കി തരാന്‍ കഴിയാത്തതിന്റെ വിഷമം അമ്മക്ക്. പിറ്റേദിവസം ഞായര്‍ ആയതിനാല് ‍ഞാന്‍ അന്ന് തന്നെ പോരുമെന്നു അമ്മ കരുതിയില്ല. എന്നെ സ്റേഷനില്‍ ഇറക്കി മക്കള്‍ക്ക്‌ കൊണ്ട് വന്ന വലിയ മിഠായിയും മറ്റും തിക്കിനിറച്ച പൊതിയുമെല്‍പ്പിച്ചു അനില്‍ യാത്രമൊഴി ചൊല്ലിപിരിഞ്ഞു.
ഒറ്റക്കായപ്പോള്‍ എന്തോ ഒരു നഷ്ടബോധം എന്നിൽ മഴയുടെ തണ്പ്പിനെക്കാള്‍ വേഗത്തില്‍ ചൂഴ്നിറങ്ങാന്‍ തുടങ്ങി. . അമ്മയുടെ കൂടെ കുറച്ചുനേരമിരുന്നില്ല, അമ്മയുണ്ടാക്കിയ ഭക്ഷണം കഴിച്ചില്ല, അമ്മക്കെന്തെന്കിലും പറയാന്‍ കാണുമായിരിക്കും. ഞാന്‍ ഒറ്റയ്ക്ക് വരുമ്പോഴാണ് അമ്മ മനസ്സ് തുറക്കുക. ഞങ്ങള്‍ പഴയ വൈക്കോല്‍പുരയുടെ ദാരിദ്ര്യത്തിലേക്ക് ഒന്നിച്ചുരിയാടാതെയിറങ്ങുന്നതും അപോഴാണ്. താക്കോല്‍ കൊടുക്കുമ്പോള്‍ " നെനക്കിന്നന്നെ പോണോ" എന്ന ചോദ്യത്തില്‍ വിഷമം നിഴലിച്ചു നിറഞ്ഞുനിന്നു. ഞാന്‍ വണ്ടി കയറിയെന്ന് വിളിച്ചു പറഞ്ഞപ്പോള്‍ " അടുത്ത മാസം വര്വോ നീയ്യ്‌ " എന്ന ചോദ്യം ഇടറി നേര്‍ത്തുപോയിരുന്നു.
നോക്കട്ടെ, അമ്മൂന്റെ ക്ലാസാണ് പ്രശ്നം.. ന്നാലും നോക്കാം. ഞാന്‍ പറഞ്ഞു.

ഒന്നറിയാം. അമ്മ ഇന്ന് ഉച്ചക്കും രാത്രിയും ഒന്നും കഴിച്ചു കാണില്ല. ഒരു കാലത്ത് മകന് വയര്‍ നിറയെ ഒന്നും കൊടുക്കാന്‍ കഴിയാതെ, ഒഴിഞ്ഞ മന്‍കലത്തിലേക്ക് പിഴിഞോഴിച്ച മിഴിനീരിന്റെ ഉപ്പുരസം ഇന്ന് സ്മരണകളില്‍ സുഖനോവുകളുടെ അമൃതകണങ്ങളാവുകയാണ്. അന്ന് ഒഴിഞ്ഞ വയറുമായി കമിഴ്ന്നു കിടന്നു താരാട്ട് കേട്ടുറങ്ങിയ ആ മകന്റെ സമ്പാദ്യത്തില്‍ നിന്ന് വാങ്ങിയ അരി ഇന്ന് കുടമുല്ല കണക്ക് വിടര്‍ന്നു നിറഞ്ഞു കിടന്നിട്ടും ഉണ്ണാതെ ഒട്ടിയവയറുമായി ഗതകാലസ്മരണകളിലേക്ക് ഊളിയിട്ടു അമ്മ കിടന്നുകാണും. ഒരിക്കല്‍ സ്റ്റഡി ടൂര്‍ പോകാന്‍ കാശ് താരാത്തതിനു രണ്ടു ദിവസം പട്ടിണിസമരം നടത്തി അമ്മയെ സന്കടനീര് കുടിപ്പിച്ചു പാഠം പഠിപ്പിക്കാന്‍ ശ്രമിച്ചു. പുറത്തു നിന്ന് ഭക്ഷണം കഴിച്ചു നിറവയറുമായി ഞാനുറങ്ങുമ്പോള്‍ ഉണ്ണാതെ ഒഴിഞ്ഞവയറുമായി ദിനരാത്രങ്ങള്‍ കഴിച്ചു കൂട്ടിയ അമ്മയെ ഓർമ്മ വന്നു.. ഉതിര്‍ന്ന നീര്‍മണികള്‍ ഇടതു കയ്യിന്റെ പുറം കൊണ്ട് തുടച്ചു അമ്മയെ ഒന്ന് കൂടി വിളിച്ചു. കാത്തിരുന്ന പോലെ അമ്മ ഫോണെടുത്തു..

എന്തെ മോനെ..

ഒന്നൂല്യാ.. ഇങ്ങള് വല്ലതും കഴിച്ചോ...

നിക്കെന്തിനാ ന്നു ചോറ്.. ന്റെ മോന്റെപ്പം എത്ര മക്കളെയാണ് ന്നു ഞാന്‍ കണ്ടേ.. അവരെ കണ്ടപ്പോ തന്നെ ന്റെ വയറൊക്കെ നിറഞ്ഞു.. ഒള്ള ചോറ് കൊണ്ട് വന്നു അവര്‍ക്ക് കൊടുക്കാര്‍ന്നു ന്നുള്ള ഒരു വെഷമേ നിക്കുപ്പോ ള്ളൂ. .. അവരൊക്കെ വരന്ടെന്കി പരയാര്‍ന്നില്യെ.. ഒന്നൂം കൊടുതില്യാ കുട്ട്യോള്‍ക്ക്. എന്ത് കരുത്വോ ആവൊ.. ഒരൂസം കൂടി വരാന്‍ പറേണം അവരോടു..
ന്റെ മോന്‍ ഇങ്ങളോട് പെണങ്ങ്യാലും ഇങ്ങള് അവനെ കളേര്ത് ന്നു അവരോടു പറേണം നിക്ക്. കാരണം നിക്കര്യാം നെന്റെ മനസ്സ് ചെറുതാ, ഇത്തരി മതി നെനക്ക് ഇണങ്ങാനും പെണങ്ങാനും...
കെടന്നോ കെടന്നോ. ഇന്നലേം വന്ടീലല്ലേ കേടന്നെ, ... ഒറങ്ങിക്കോ.. എത്ത്യാ ഒടനെ വിളിക്കണം.. ഞാന്‍ കെടക്കാണ് ന്നെ ള്ളൂ. നിക്കിന്നു ഒറക്കൊന്നും വരില്യ...

മറുപടി പറയാതെ ഞാന്‍ ഫോണ്‍ ഓഫ്‌ ചെയ്തു. എവിടെയോ ഒരു ഗദ്ഗദം വഴി മുടങ്ങി വീണു വെന്തു മരിച്ചു.

അത്താഴംമുടങ്ങുന്ന ദിവസങ്ങളില്‍ അമ്മ പുറത്തുതട്ടി പാടിയുറക്കിയിരുന്ന ഒരു താരാട്ടിന്റെ ഈണം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു,
കൂര്‍ത്തു പൊങ്ങിനില്‍ക്കുന്ന മുടിയിഴകളില്‍ അമ്മയുടെ വിരലുകളുടെ ചോരയോട്ടം ചികഞ്ഞെടുക്കാന്‍ പാടുപെട്ടു,
തിങ്ങിതികട്ടിവന്ന ഗദ്ഗദങ്ങളെ അമര്‍ത്തിപിടിച്ചു,
ഉയര്‍ന്നുതാഴുന്ന നെഞ്ചിലെ സ്നേഹവാല്‍സല്യശ്വാസനിശ്വാസങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ തീര്‍ക്കാന്‍ കൊതിച്ചു,
വീണ്ടുമൊരു വിടവാങ്ങലിന്റെ നൊമ്ബരങ്ങള്‍ക്ക് അമ്മയുടെ സ്നേഹതലോടലുകളുടെ ഈണം പകര്‍ന്നുകൊണ്ട്,
തീവണ്ടിയുടെ ഉലചിലുകളില്‍ ആടിയുമൈലഞ്ഞും
അമ്മയുടെ ഗര്‍ഭപാത്രമെന്ന ആലിലമഞ്ചലില്‍ ചന്ചാടിയാടിയുറങ്ങിയ കുരുന്നു ജീവനായി,
അമ്മയുടെ വട്ടമുഖത്തു നോക്കി കിടന്നമൃതം നുണഞ്ഞ സുധയായി,
കണ്ണിലെ തിരയിളക്കങ്ങള്‍ക്ക് തടയിണ കെട്ടാന്‍ പാടുപെട്ടു ഞാന്‍ ബെര്‍ത്തില്‍ കമിഴ്ന്നു കിടന്നു...

പേടി.


വായന ജീവവായുവും, വായനശാല തറവാടും, എം ടി, ബഷീര്‍, മലയാറ്റൂര്‍, മുകുന്ദന്‍, മാധവിക്കുട്ടിമാര്‍ കുടുംബവുമായി കഴിഞ്ഞ കാലം. വസ്ത്രം മാറാനും വല്ലതും ഞണ്ണാനും മാത്രം വീട്ടില്‍ പോയിരുന്നുള്ളൂ അന്നൊക്കെ. വായനശാല ഒരു അഭയകേന്ദ്രമായിരുന്നു. അഞ്ചുകൊല്ലം വ്യാസയില്‍ കയിലുകുത്തി നടന്നു ബിരുദമെന്ന ശീര്‍ഷകം മുൾക്കീരീടം പോലെ ഭാരമായ നാളുകള്‍. എന്ത് ചെയ്യുന്നു, എന്താ ഒന്നുമായില്ലേ? എന്ന ചോദ്യങ്ങള്‍ ശരശയ്യ തീര്‍ത്ത വ്യാകുലകാലം. വനവാസത്തിനു പറ്റിയ ഒരു ഒളിത്താവളമായി മറുകയായിരുന്നു വായനശാല. നിരങ്ങുന്നതും ഉറങ്ങുന്നതും ഉണരുന്നതും അവിടെ തന്നെ കാരണം നാലക്ഷരം പഠിച്ചവന് വല്ലവന്റെം തിണ്ണ നിരങ്ങാന്‍ പറ്റില്ലലോ. പണ്ടത്തെ വീടുകളില്‍ കയറി ചെന്ന് അരമന കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് ഒരു നേരത്തെ ഊണിനും മുറുക്കാനും വേണ്ടി കഥകള്‍ മെനയുന്ന നാണിതള്ളയെപോലെ പീഡനകഥകള്‍ വിസ്തരിച്ചു വിളമ്പുന്ന മനോരമയെ ഇന്നും സ്നേഹിക്കുന്നത് അന്ന് രാത്രിയിലെ മെത്തയായിരുന്നത് കൊണ്ടാണ്. വായനശാലയിലെ ബെന്ച്ചുകള്‍ അടുപ്പിച്ചിട്ടു മനോരമ വിരിച്ചു ഒരു കാജാ ബീഡിയും വലിച്ചു നീണ്ടു നിവര്‍ന്നു കിടക്കും.

വായനശാല നില്ക്കുന്ന സ്ഥലം ബ്രാഹ്മണന്മാരുടെ ചുടലകളമായിരുന്നുവെന്നു ( ശവപറമ്പ്) അമ്മമ്മ പറയാറുണ്ടായിരുന്നു. കൂടാതെ തൊട്ടടുത്താണ് വിശ്ശുദ്ധതദേവൂസ്സിന്റെ പള്ളിയോട് ചേര്‍ന്ന് കിടക്കുന്ന സെമിത്തേരിയും. രോഷയൌവ്വനത്തിനു എന്ത് യക്ഷി, എന്ത് ചുടല, എന്ത് ബ്രഹ്മരക്ഷസ് ? പലദിവസങ്ങളിലും എന്നെ ആരോ തള്ളിനീക്കുന്നതായിട്ടും തിരിച്ചു കിടത്തുന്നതായിട്ടും സ്വപ്നം (?) കാണാറുണ്ടായിരുന്നു. ചങ്ങല വലിചിഴക്കുന്നതിന്റെ അകമ്പടിയോടെ ആരോ തടിച്ചുവീര്‍ത്തു മന്ത് വന്ന കാലുകള്‍ ഏന്തിവലിച്ചു നടന്നുപോകുന്ന പോലെ .

" തമ്പ്രാന്റെ പ്രേതം നടക്കണ വഴീലാവും നീ കിടക്കണേ. തട്ടി മാറ്റി പോണതാകും" .

അമ്മമ്മ ഭീതി കൂട്ടി. പ്രേതത്തെ കണ്ടു പേടിച്ചു പനിപിടിച്ച് ചോര ചർദിച്ച് മരിച്ചു പോയവരുടെ കഥകള്‍ അമ്മമ്മ നേരത്തെ കാലത്തെ വീട്ടിലെത്താന്‍ വേണ്ടി പറഞ്ഞു കൊണ്ടിരുന്നു. " പിന്നെ.... പ്രേതമായ, ആവിയായ, അരൂപിയായ തമ്പ്രാന്റെ ആല്മാവിനു നടന്നിട്ട് വേണ്ടേ പോകാന്‍ " എന്ന് പറഞ്ഞെങ്കിലും പേടി തോന്നുന്നുണ്ടായിരുന്നു. പക്ഷെ പ്രേതത്തേക്കാള്‍ ഭയപെടുത്തുന്നതായിരുന്നു വീട്ടിലെ അലോസരങ്ങള്‍, ചോദ്യചിഹ്നങ്ങള്‍. ചോറിനു മാത്രമേ വെളുത്ത മുഖമുണ്ടായിരുന്നുള്ളൂ ചുറ്റും ആവലാതികളുടെ മുഖാവരണങ്ങള്‍ അണിഞ്ഞ കറുത്ത മുഖങ്ങളായിരുന്നു. ഒരു നാള്‍ പ്രേതത്തെ കണ്ട് ചോര ചര്‍ദിച്ചു മരണത്തെ പുല്കുന്നത് ഉണ്മാദമായി എന്നെ പിടികൂടി.

ഒരു ദിവസം രാത്രി അലര്ച്ച കേട്ട് ഞെട്ടിയുണര്ന്നു. കൊടുംകാട്ടില്‍ വെചു കുന്തി രതിമന്ത്രം ചൊല്ലിയപ്പോള്‍ പ്രത്യക്ഷപെട്ട കാട്ടാളനെ പോലെ, മുന്നില്‍ ചങ്ങലയും പിടിച്ചു ചുകന്ന കണ്ണുകളും കാതില്‍ വെട്ടി തിളങ്ങുന്ന നീലകടുക്കനുമിട്ട, നെഞ്ചത്ത്‌ നരച്ച രോമമുള്ള കൃശഗാത്രനായ നമ്പൂതിരി!!! അമ്മമ്മ പറഞ്ഞ കഥയിലെ തമ്പ്രാന്‍! അലറാന്‍ പൊളിച്ച വായയില്‍ നിന്ന് തേവര്‍ മകനില്‍ രേവതി പാടിയ പാട്ടുപോലെ വെറും കാറ്റ് മാത്രമാണ് വന്നത് . കൌമാരക്കാരന്റെ ശരീരത്തെ വലിഞ്ഞു മുറുക്കുന്ന വലിയ മുലകളുള്ള, കറുത്ത് തടിച്ച വേശ്യയെ പോലെ ഭയം ശരീരമാകെ ഇറുകി പൊതിയുകയായിരുന്നു. കോടമഞ്ഞ് പുതപ്പിടുന്ന താഴവരകളെ പോലെ, ഭീതിയുടെ വേഗതയേറിയ, ഘനമുള്ള ശ്വസോച്വാസങ്ങള്‍ എന്നെ പൊതിഞ്ഞു. തൊണ്ട വറ്റി വരണ്ടു, കണ്ണുകളും നാവും പുറത്തേക്കു വരുന്നപോലെ, നെന്ചികൂട് തകര്ക്കുന്ന ഹൃദയസ്പന്ദനങ്ങള്‍. നെഞ്ചിനകത്ത് നിന്ന് ആരോ കൂടം കൊണ്ട് ഇടിക്കുന്നപോലെ. ശ്വാസമെടുക്കാതെ, ഇമ വെട്ടാതെ, ഉമിനീരിറക്കാതെ, സര്‍പ്പദംശനമേല്ക്കാന്‍ കാത്തുകിടന്ന ഖസാക്കിലെ രവിയെ പോലെ, കഴുത്തിന്‌ നേരെ നീണ്ടുവരുന്ന ബലിഷ്ഠകരങ്ങള്ക്കായി ഞാന്‍ നിസ്സഹായതയുടെ തളര്‍ച്ചയില്‍ മരണം കാത്തു കിടന്നു....

പക്ഷെ മെല്ലെ മെല്ലെ ചിത്രം മായുകയാണ്. തമ്പ്രാന്‍ ദൈന്യത നിറഞ്ഞ ഒരു നോട്ടമെറിഞ്ഞു, തിരിഞ്ഞു ഒരു കാല്‍ ഏന്തി വലിച്ചു, ചങ്ങലയുമിഴച്ചു മാഞ്ഞുമറയുന്നു. കൈവിട്ടുപോയ പട്ടം പോലെ മേലോട്ട് പോയി തിരികെ വരാന്‍ മടിച്ച ശ്വാസം തിരികെ കിട്ടുന്നു. വിയര്പ്പിനാല്‍ നനഞ്ഞു കുതിര്ന്ന ശരീരം. വിയര്പ്പ് വീണു മനോരമ വട്ടം വട്ടത്തില്‍ നനഞ്ഞിരിക്കുന്നു. വിറയ്ക്കുന്ന കയ്യും കാലും. കൂരിരുട്ടില്‍ അടച്ചിട്ട ജനപാളികൾക്കിടയിലൂടെ അരിച്ചെത്തുന്ന നിലാവെട്ടത്തില്‍ താഴെ വീണു കിടക്കുന്ന പുസ്തകം കണ്ണില്‍ പെട്ടു. കുനിഞ്ഞു കയ്യിലെടുത്തു നോക്കിയപ്പോള്‍ ബാറ്റന്‍ ബോസിന്റെ "രക്തരക്ഷസ്സ്". വിട്ടൊഴിഞ്ഞ ഭയം ഇരട്ടി വേഗത്തില്‍ തിരിച്ചെത്തി. പിന്നില്‍ നിന്ന് ആരോ പിടിച്ചു വലിക്കുന്നുണ്ടോ? ആരുടെയോ ഉച്വാസവായു എന്റെ പുറത്തു തട്ടുന്നുണ്ടോ? നീളമുള്ള നഖങ്ങlളും മൂര്‍ച്ചയുള്ള ദംഷ്ട്രങ്ങളും കഴുത്തില്‍ അമരുന്നുണ്ടോ ? പാലപൂവിന്റെ ഗന്ധം അരിചെത്തുന്നുണ്ടോ? യക്ഷിയാണോ ആണ്‍പ്രേതമാണോ ? അതോ സെമിത്തേരിയില്‍ നിന്ന് വന്ന പുകയുന്ന കുന്തിരിക്കത്തിന്റെ മണമുള്ള ക്രിസ്ത്യാനി പ്രേതമാണോ? തിരിഞ്ഞു നോക്കാന്‍ മടിച്ചു മരണമുറപ്പിച്ചു, ശ്വാസം മറന്നു മിഴിച്ചു നിന്നു.

നിമിഷങ്ങള്‍ വിയര്‍പ്പ് തുള്ളികൾക്കൊപ്പം കൊഴിഞ്ഞു വീണു. മെല്ലെ, തിരിഞ്ഞുനോക്കാതെ, വിറച്ചുകൊണ്ട് പുസ്തകം ഷെല്ഫിുല്‍ വെച്ച് കസേരയിലിരുന്നു. വായനശാലയില്‍ പുസ്തകം ഇഷ്യൂ ചെയ്യാനുള്ള വലിയ രജിസ്റ്റര്‍ വെച്ചെഴുതാന്‍ ഉപയോഗിക്കുന്ന പലകയെടുത്തു കസേരതണ്ടില്‍ വെച്ചപ്പോള്‍ അതില്‍ എഴുതിയിരിക്കുന്നു. " സുഖമരണം ".

കണ്ണില്‍ ഇരുട്ട് കയറി. ഭയം മലന്ചെരിവിലെ കോച്ചി വലിക്കുന്ന തണുപ്പുപോലെ ശരീരത്തിലേക്ക് ഒരിക്കല്‍ കൂടി ഇരച്ചു തുളച്ചു കയറി. കസേരക്ക് പിന്പില്‍ മരണം നിശ്ചലരേഖാരൂപം പൂണ്ടു നില്‍ക്കുന്നതായി തോന്നി. കഴുത്തില്‍ കൈകള്‍ മുറുകുന്നു, ശ്വാസം മുട്ടുന്നു, കണ്ണിലും ചിന്തയിലും ഇരുട്ട് തിങ്ങിനിറയുന്നു. ഞാന്‍ കഴുത്തൊടിഞ്ഞു, ചോരയൊലിപ്പിച്ച്, നാവു കടിച്ചു മുറിച്ചു, കണ്ണുകള്‍ പുറത്തേക്ക് തള്ളി, മേശപ്പുറം മാന്തി പൊളിച്ച ചോരപൊടിഞ്ഞ നഖവും വിരലുകളുമായി മരിച്ചു കിടക്കുന്ന.

" എന്താ സുധേ, വീട്ടില്‍ പോകുന്നില്ലേ "

ജോസേട്ടന്റെ ഭാര്യ ഓമന ജനലില്‍ തട്ടി വിളിച്ചു പറഞ്ഞപ്പോഴാണ് ഉണര്‍ന്നത്? ഉണരുകയായിരുന്നോ അതോ ബോധം വീഴുകയയിരുന്നോ? അറിയില്ല. സ്വപ്നമായിരുന്നോ? കിടന്നത് മനോരമയിലാണല്ലോ? പിന്നെ? ആ.... ? സുഖമരണം എന്നെഴുതിയ പലക മുന്നില്‍ ഇരട്ടപെറ്റ പെണ്ണിനെ പോലെ വിളര്‍ത്തു കിടക്കുന്നു. അഞ്ചു വര്ഷത്തിനിടയില്‍ ഒരിക്കല്‍ പോലും പലകയുടെ മറുവശം കണ്ടിട്ടുണ്ടായിരുന്നില്ല; അതില്‍ ചോക്ക് കൊണ്ടെഴുതിയ "സുഖമരണം" എന്ന കുറിപ്പും.

പകലിന്റെ വിളര്ച്ചയില്‍ വെളുത്ത കടലാസ്സു പോലെ വിളറിയ മുഖവുമായി ഞാന്‍ വീട്ടില്‍ പോയി. അന്ന് രാത്രി ഇവനെ പഠിപ്പിച്ചതു വെറുതെയായി എന്ന ഭാവം തെളിഞ്ഞു നില്‍ക്കുന്ന മുഖവുമായി,
താടിക്കു കൈ കൊടുത്തു,  മുണ്ടിന്റെ കോന്തല നെഞ്ചില്‍ കൊളുത്തി നില്ക്കുന്ന മുഷിഞ്ഞ മുഖങ്ങളിലേക്ക് മിഴിയുയർത്താതെ,  ഓമക്കായ മൊളോഷ്യം ഒഴിച്ച്  കറുത്ത മുഖങ്ങള്‍ തെളിയുന്ന വെളുത്ത ചോറുണ്ട്,  പൊട്ടിച്ചു കാച്ചിയ പപ്പട തുണ്ടുകള്‍ തൊടാതെ മാറ്റി വെച്ച്  ( വരുമാനമില്ലാത്തവന് പപ്പടമെന്ന സ്പെഷല്‍ അധികപറ്റാനു) എണീറ്റ്‌ കൈ കഴുകി...

"പണീം തോഴിലൊന്നൂല്യ, കണ്ടോടം നെരങ്ങാണ്
ന്നാലും വാശിക്കൊരു കൊറവ്വൂല്യ "

എന്ന ഹരിനാമസന്കീര്‍ത്തനം പതിവുപോലെ കേട്ട്,
തികട്ടി വന്ന രോഷമടക്കി,
നാക്ക് താഴിട്ടു പൂട്ടി,
ശബ്ദം നഷ്ടപെട്ടവനെ പോലെ,
തഴപായയില്‍ വറുത്ത ചെമ്മീനെപോലെ ചുരുണ്ട്,
അര്‍ജുന ഫല്‍ഗുന പാർത്ഥാ..
എന്ന ധൈര്യമന്ത്രത്തിനോടൊപ്പം
ഭയമാണഖിലസാരമൂഴിയില്‍ എന്നുരുവിട്ട്
വീടിന്റെ ചായ്പില്‍ ഉടുത്ത മുണ്ട് തലയിലൂടെ പുതച്ചുറങ്ങാന്‍ കിടന്നു. .....

Sunday, 7 December 2014

മുറിവ്.


ചിന്നിചിതറി കിടക്കുന്ന ഭൌതികാവശിഷ്ടങ്ങളില്‍ പുകയുന്ന ചിതയുണ്ട്..

പട്ടടയില്‍ പിടയുന്ന  പട്ടുനൂല്‍ പോലൊരു കുഞ്ഞുണ്ട്.

നേര്‍ത്ത വീണാനാദംപോലെ ഇടവിട്ടുയരുന്ന ദീനരോദനങ്ങളുണ്ട്;

പതിക്കുന്ന ഷെല്ലുകളില്‍ അമര്‍ന്നരഞ്ഞു പോവുന്ന പച്ചമാംസങ്ങളുണ്ട്.

അച്ഛന്‍ ചേര്‍ത്തണച്ചു പിടിക്കുമ്പോള്‍ ഉമ്മ കൊടുക്കുന്ന കുഞ്ഞിളം ചുണ്ടുകള്ണ്ട്

അമ്മയുടെ കണ്ണീര്‍ വടിചെടുക്കുന്ന നനുനനുത്ത തളിര്‍വിരലുകളുണ്ട്

ആകാശകീറുകളില്‍ ശരവേഗത്തില്‍ പുളഞ്ഞു പോകുന്ന മിസ്സൈലുകളില്‍ കൌതുകനോട്ടമെറിഞ്ഞു ചിരിക്കുന്ന നിഷ്കളങ്കബാല്യമുണ്ട്.

പാതിമയങ്ങിയ മിഴിയില്‍ നിശബ്ദപുലരിയെ സ്വപ്നം കാണുന്ന വൃദ്ധമാനസങ്ങളുണ്ട്

ചുട്ടെടുത്ത റൊട്ടിയില്‍ അവസാനത്തെ അത്താഴം കണ്ടുകണ്ടമിടറുന്ന അമ്മഹൃദയങ്ങളുണ്ട്.

സ്വപ്നവും പ്രതീക്ഷയും വറ്റിയ, ഇരുള്‍ കരിമഷിയെഴുതിയ കണ്‍തടാകങ്ങളില്‍
വറ്റിവരണ്ടു കിടക്കുന്ന മരണഭയത്തിന്റെ വികൃതചിത്രങ്ങളുണ്ട്..

ശ്വാസമെടുക്കുമ്പോൾ, നിശ്വസിക്കാന്‍ കഴിയാതെ അര്‍ദ്ധനിമിഷത്തില്‍ ഉയിരൊഴിഞ്ഞു പോവുന്ന ശാപജന്മങ്ങളുണ്ട്.

മരണത്തിനു കാതോര്‍ത്തു,
ഉടലടര്‍ന്നു,
തലയടര്‍ന്നു,
ഉയിരടര്‍ന്നു പോവും മുന്‍പേ,
ഒരു കട്ടിലില്‍,
ഒറ്റപുതപ്പിന്‍ തണലില്‍
ഒന്നായി പുണര്‍ന്നു കിടക്കുമ്പോള്‍
ദൈവവും പ്രവാചകന്മാരും മത്സരിച്ചു കൈവിട്ട പാപജന്മങ്ങളുടെ
പ്രാര്‍ഥിക്കാന്‍ മറന്നു പോയ ചുണ്ടുകളുച്ചരിച്ചത്
ദൈവമേയെന്നോ ചെകുത്താനേയെന്നോ..

വിണ്ടു കീറിയ ഒരു തളിരിലയെ കൈകളില്‍ കോരിയെടുത്ത്
നിസ്സഹായനായ, നിരാലംബനായ, നിശ്ചലജന്മം നിലവിളിക്കുന്നു....
നിന്റെ
ജന്മവും ജീവനും
നിറവും നീതിയും
മതവും മരണവും
തീറ്റയും തൂറലും
ഭാഷയും ഭൂമിയും
പ്രായവും പ്രാര്‍ഥനയുമെന്തുമാവട്ടെ,
എന്റെയും നിന്റെയും ചോരയുടെ നിറവും മണവുമൊന്നാണ്;
നീ മനുഷ്യനാണ്; ഞാനും..
എന്റെ കുരുന്നിനെ കൊന്നു തള്ളരത്; തിന്നേക്കുക !!!

വിലാപയാത്ര.


തല മുഴുവന്‍ വെളുത്തുനരക്കുകയും നെറുകയില്‍ മരുഭൂമി പ്രത്യക്ഷപെടുകയും ചെയ്തപ്പോള്‍ മനസിലായി ഒരിക്കലെനിക്ക് കര്‍ക്കിടകത്തിലെ കറുത്തവാവുപോലെ ഇടതൂര്‍ന്നിരുണ്ട കനത്ത മുടിയുണ്ടായിരുന്നുവെന്നു....

കണ്ണടയുടെ സഹയാത്രികനായപ്പോള്‍ ഞാനറിഞ്ഞു സൂചികുഴ പോലും തെളിച്ചു കാണിച്ചുതന്ന നേത്രങ്ങള്ണ്ടായിരുന്നുവെന്നു.

കാപ്പിപൊടിയില്‍ പഞ്ചസാരമണികള്‍ തൂവിയപോലെ മീശയില്‍ പക്വതയുടെ വെള്ളി നൂലുകളിഴപാകിയപ്പോളെനിക്ക് മനസിലായി മേല്‍ചുണ്ടിനും മൂക്കിനുമിടക്ക് കരിനാഖം പൌരുഷഫണം വിടര്‍ത്തിയിരുന്നുവെന്നു.

പുകവലിച്ചു കറുത്തിരുണ്ടു വിളര്‍ത്തു കിടക്കുന്ന ചുണ്ടുകള്‍ എനിക്ക് പറഞ്ഞു തന്നു ഒരിക്കലവ നിത്യ മേനോന്റെ ഉടലുപോലെ ചുവന്നു തുടുത്തിരുന്നിരുന്നുവെന്നു.

ഇതില് " ഉപ്പൂല്യ, മോളകൂല്യ, പുളിയൂല്യ" എന്നതു എന്റ സ്ഥിരം പല്ലവിയായപ്പോള്‍ സ്വയം തിരിച്ചറിയുന്നു നാവിലെ സ്വാദേനിക്ക് നഷ്ടമായെന്ന്...

ഒറ്റചിരിയില്‍ പെന്കൊടികളെ മലര്‍ത്തിയടിച്ചിരുന്ന എന്റെ ദന്തനിരകളില്‍ ഗര്‍ത്തങ്ങളും വിടവുകളും പ്രത്യക്ഷപെടുകയും പലതും പിണങ്ങി പിരിയുകയും ചെയ്തപ്പോള്‍ ഞാനറിഞ്ഞു ചിരിവസന്തം എനിക്ക് നഷ്ടമായെന്ന്..

വിജയമുദ്രയായ V പോലെ വിടര്‍ന്നു വിരിഞ്ഞു വിരാജിച്ച നെഞ്ചു തേന്‍പാളികളെ പോലെ ആര്‍ദ്രമായടര്‍ന്നു തൂങ്ങിയപോളെനിക്ക് മനസിലായി എനിക്കിനി നെഞ്ചുവിരിച്ചു നടക്കാനാവില്ലയെന്നു..

പനനൊന്കുകള്‍ അടക്കി വെച്ച പോലെയിരുന്ന അടിവയര്‍ സ്കൂട്ടര്‍ ട്യൂബിട്ടപോലെ വീര്‍ത്തു വന്നു വികൃതരൂപമായപോള്‍ എന്നിലൊരു ആലില വയറണ്ടായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

അഞ്ചുവട്ടം ഓടി കഴിഞ്ഞിട്ടും തളരാതിരുന്ന ഞാന്‍ മൂന്നാംവട്ടം കിതച്ചു തളര്‍ന്നു മതിലില്‍ ചാരി നിന്നപ്പോള്‍ തിരിച്ചറിഞ്ഞു എന്നിലെ യൌവ്വനം എന്നന്നേക്കുമായി പടിയിറങ്ങി പോയെന്നു...

മുഖപുസ്തകത്തിലും പുറത്തും പിള്ളാരുമായി ആടി തിമിര്‍ക്കുന്നതില്‍ അഭിനിവേശം നഷ്ടമായപ്പോള്‍ എനിക്ക് മനസിലായി എന്നിലെ കുട്ടിയെ ഞാന്‍ കൈവിട്ടുവെന്നു...

ചേര്‍ത്തുനിര്‍ത്തിയ സൌഹൃദങ്ങള്‍ പഴി പറഞ്ഞു, കുറവുകളക്കമിട്ടെഴുതി പരിഹസിച്ചു പടിയിറക്കിയപ്പോള്‍ പതിയെ പഠിച്ചറിഞ്ഞു ഞാന്‍ നല്ലൊരു സുഹൃത്തല്ലെന്നു...

കല്യാണഫോട്ടോയെടുത്തു പൊടി തൂത്തു തഴുകി തലോടി ദീര്‍ഘനിശ്വസമുതിര്‍ക്കുന്ന പത്നി പറയാതെ പറഞ്ഞു തന്നു ഞാന്‍ വയസാനെയെന്നു...

"അച്ഛനിത് മനസിലാവില്ല, അച്ഛന്‍ പഴന്ച്ചനെനെന്നു" പ്രിയപകര്‍പ്പുകള്‍ പറഞ്ഞപ്പോള്‍ പിടഞ്ഞ ഹൃദയം പറഞ്ഞു " പഹയാ അന്റെ കാലം കഴിഞ്ഞുവെന്നു...

സ്നേഹം പങ്കുവെച്ചപ്പോള്‍ അമ്മയുടെ കൈകള്‍ വിറച്ചു മടിച്ചപ്പോള്‍ കനലില്‍ വീണു കരിഞ്ഞ അമ്മിഞ്ഞപാലിന്‍റെ കരിമണം മരണതണുപ്പായ് കരളില്‍ കനത്തുകിടന്നു.

ഞാനറിയാതെ ഞാനെന്ന ഞാനെന്നില്‍ നിന്നടര്‍ന്നു പോയപ്പോള്‍ ഞാനെന്തയിരുന്നുവെന്ന ചോദ്യവുമായി ഞാനന്തിച്ചു നില്‍ക്കുകയാണ്.

എവിടെയൊക്കെയാണ് നാക്കും വാക്കും പ്രവര്‍ത്തിയും പിഴച്ചത്?

ആരെയൊക്കെയാണ് മുറിവേല്പ്പിച്ചത്?

ആരുടെ മിഴികളിലാണ് ഞാന്‍ കാരണം ജലകണികകള്‍ ഉരുണ്ടു കൂടിയത്?

ആരുടെയൊക്കെ സന്തോഷവും സുഖവുമാണ് ഞാന്‍ തല്ലികെടുത്തിയത്?

ഉറക്കെ വിളിച്ചു പറഞ്ഞ വാക്കുകള്‍ മുനയുള്ള ശരങ്ങളായി ആരുടെ വിരിമാറുകളിലാണ് തുളച്ചു കയറി രക്തം ചിന്തിയത്...?

അസുരാംശം കൂടുതലുള്ള ഒരു മനുഷ്യപിറവിയുടെ പൊരുള്‍ തേടി മനസ്സ് കൊണ്ട് ഞാനിപ്പോള്‍ പിറകോട്ടു നടക്കുകയാണ്. ശാപമോക്ഷം തേടിയുള്ള യാത്രയില്‍ അശാന്തിപര്‍വ്വങ്ങളാണെങ്ങും പാപമോക്ഷചിന്തകള്‍ കൊണ്ട് മനുവും തനുവും ആല്മാവും ഇരുണ്ടു, ജീവിതതേര്‍തട്ടില്‍ തളര്‍ന്നിരിക്കുന്നയെനിക്ക് ആരാണ് ഗീതോപദേശം നല്‍കുക. സുധാകരനിലെ സുധയെന്ന അമൃതെനിക്ക് നഷ്ടമായിരിക്കുന്നു; കരന്‍ ( കര്‍ണ്ണന്‍) എന്ന യോദ്ധാവ് തളര്‍ന്നിരിക്കുന്നു. താണ്ടിയ അര്‍ദ്ധജീവിതായനത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ പാപത്തിന്റെയും ശാപത്തിന്റെയും വെറുപ്പിന്റെയും വേദനയുടെയും നിഴല്‍പാടുകള്‍ തിണര്‍ത്തു കിടക്കുന്നു.

പടയോട്ടത്തില്‍ മനം മടുത്തുവന്ന എം ടി യുടെ സേതുവിനെ പോലെ
ആര്‍ത്തലച്ചു വരുന്ന കണ്ണുനീരിനെ മിഴിവക്കില്‍ തടഞ്ഞു നിര്‍ത്തി,
തികട്ടിവരുന്ന ഗദ്ഗദത്തെ നെഞ്ചിലുടച്ചു കളഞ്ഞു,
അമര്‍ത്തി ചേര്‍ത്ത് കൂപ്പിയ കൈ നെറ്റിയലമര്‍ത്തി
അടഞ്ഞു കിടക്കുന്ന ശ്രീ കോവിലിനു മുന്‍പില്‍
താണു വണങ്ങി നിന്ന് ഞാന്‍ വരം തേടുകയാണ്.

ഒരിക്കല്‍ കൂടി ഈ ഒറ്റയടിപാത നടന്നു തീര്‍ക്കാന്‍ കഴിഞ്ഞെങ്കില്‍?

ഞാന്‍ കാരണം ഉരുണ്ടുകൂടിയ കണ്ണീര്‍ കണങ്ങള്‍ തുടക്കാന്‍ കഴിഞ്ഞെങ്കില്‍?

പോറലുകള്‍ വീണ ഹൃദയങ്ങളില്‍ തേന്‍ പുരട്ടാന്‍ കഴിഞ്ഞെങ്കില്‍?

നൊന്തുവെന്തു കരിഞ്ഞ കരളിനു പകരം കരള്‍ പകുത്തു നല്‍കാന്‍ കഴിഞ്ഞെങ്കില്‍?

ഒരിക്കല്‍ കൂടി നടന്നു കയറാന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍ താണ്ടിയ വഴിതാരകള്‍......

തരുമോ ഈ യൊരു വരം മൂകരും ബധിരരും അന്ധരുമായ മുപ്പത്തി മുക്കോടിദൈവങ്ങള്‍....?

അരൂപികളായ ദൈവപുത്രന്മാര്‍...?

പ്രവാചകപുണ്യജന്മങ്ങള്‍...

വയ്യ....

വരിക കൃഷ്ണ; വന്നെന്റെയീ യാത്രയില്‍ സാരഥിയാവുക;
ഓതുകയെന്‍ കര്‍ണ്ണങ്ങളില്‍ ജന്മകര്‍മ്മമൃതിഗീതികള്‍.

ജന്മകര്‍മഫലങ്ങളുടെ പൊരുള്‍തേടിയുള്ള ഈ യാത്രയില്‍
അല്‍പനെരമീ തേര്‍ തെളിക്ക കൃഷ്ണ; ഞാനൊന്നു നിശ്വസിക്കട്ടെ!!!

കര്‍ണ്ണമാനസം


യുദ്ധഭൂമിയായ കുരുക്ഷേത്രത്തിന്‍റെ മറുവശത്ത് നിബിഡവനമാണ്; അതിനപ്പുറം നീലവിഹായസ്സിനെ തൊട്ടുനില്‍ക്കുന്ന മലനിരകളും. വൃക്ഷശേഖരങ്ങള്‍ക്കിടയിലൂടെ സൂര്യകിരണങ്ങള്‍ ശിബിരത്തിനു മുകളിലും വെളിപ്രദേശത്തും നിഴലും നിലാവും തീര്‍ക്കുന്നു. മുറിവേല്‍ക്കുന്ന ആനകളുടെ ചിഹ്നം വിളികളും കുതിരകളുടെയും പടയാളികളുടെയും ആര്‍ത്തനാദങ്ങളും ആക്രോശങ്ങളും ഗദകളും വാളും കൂട്ടിമുട്ടുന്നതിന്റെയും കോലാഹലങ്ങളും അന്തരീക്ഷത്തില്‍ നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്നു. തന്റെ അഭാവത്തില്‍ കൌരവപട യുദ്ധം ചെയ്യുകയാണ്. ദുര്യോധനന്‍ തന്നെ കണ്ടു മാത്രമാണ് പാണ്ടവരുമായി യുദ്ധത്തിനിറങ്ങിയത്. ഭീഷമരും ദ്രോണരും ചേര്‍ന്ന് അവഹേളിച്ചപ്പോള്‍, അര്‍ദ്ധരഥിയാക്കി ഒതുക്കിയപ്പോള്‍, അടക്കാന്‍ കഴിയാത്ത അനവസരകോപത്തില്‍ ഭീഷ്മര്‍ അടര്‍ക്കളത്തില്‍ വീഴാതെ ആയുധമെടുക്കില്ലെന്നു ശപഥം ചെയ്തത് ശുദ്ധമണ്ടത്തരമായിപോയി. തന്റെ അഹന്തക്കായി താന്‍ സുയോധനനെ ചതിക്കുകയാണ്; പുനര്‍ന്ജന്മം തന്ന പ്രിയതോഴനെ. കൈകള്‍ കൂട്ടി തിരുമ്മി, ചെയ്തുപോയ അബദ്ധത്തില്‍ മനംനൊന്തു. ശിബിരത്തിനുള്ളില്‍ കൂട്ടിലിട്ട വേരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

പോയനാളുകളിലെ അപ്രതീക്ഷിതങ്ങള്‍ കര്‍ണ്ണന്റെ മനോമുകുരത്തില്‍ തെളിഞ്ഞു വന്നു. ദൂത് പരാജയപെട്ടപ്പോള്‍ കൃഷ്ണന്‍ പറഞ്ഞ തന്റെ രാജകുലജന്മത്തെ പറ്റിയുള്ള രഹസ്യം വല്ലാതെ പിടിച്ചുലച്ചു. സൂതപുത്രനില്‍ നിന്ന് സൂര്യപുത്രതെളിമയിലേക്ക്, നീചകുലത്തില്‍ നിന്നും രാജകുലത്തിലേക്ക് ഒരു പറിച്ചു നടല്‍ അസ്വീകാര്യമായിരുന്നു. അഭ്യാസകാഴ്ചയില്‍ നിന്നനില്‍പ്പില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ദാനമായി നല്‍കിയ ഈ രണ്ടാംജന്മത്തിന് ഒരിക്കലും ഒന്നിനുവേണ്ടിയും സുയോധനനെ ഉപേക്ഷിക്കാനാകില്ല. അര്‍ത്ഥത്തിനു അടിമപെടുന്നവനല്ല കര്‍ണ്ണന്‍; മറ്റുള്ളവരുടെ അര്‍ത്ഥനകള്‍ നിവര്‍ത്തിക്കാന്‍വേണ്ടിയാണ് കര്‍ണ്ണജന്മം.
അമ്മയുടെ അപ്രതീക്ഷിത സന്ദര്‍ശനവും ജീവഭിക്ഷ യാചിക്കലും മനസ്സിനെ ഒരിക്കല്‍ക്കൂടി പ്രക്ഷുബ്ദ്ധമാക്കിയിരുന്നു . എല്ലാവരും അവരവര്‍ക്ക് വേണ്ടപോള്‍ തന്നോട് ഭിക്ഷ യാചിക്കുന്നു. വിധിവിളയാട്ടങ്ങള്‍ ഉറഞ്ഞു തുള്ളുന്ന നിലപാടുതറ പോലെയായിരുന്നു എന്നും ജീവിതം. ഒരു ഭാഗത്ത് ദാനധര്‍മിഷ്ടന്‍ എന്ന് പേരു കേള്‍ക്കുമ്പോള്‍ മറുഭാഗത്ത് അമിതവിശ്വാസിയെന്നും അഹങ്കാരിയെന്നും കേട്ടു. വെറും സൂതപുത്രനായ തന്നോട് രാജകുലത്തില്‍ പിറന്ന, ധനുര്‍വിദ്യയില്‍ വീരനായ അര്‍ജുനന്റെ ജീവന് വേണ്ടി അമ്മയുമച്ഛനും ഭിക്ഷ യാചിച്ചു. ഇന്ന്, മറ്റൊരു കൊടുകുത്തിയ യുവരാജാവ് തന്റെ പ്രതീക്ഷയില്‍ യുദ്ധം നടത്തുന്നു. പാണ്ഡവരുടെ നിത്യഭയം താന്‍; ദുര്യോധനന്റെ സര്‍വ്വപ്രതീക്ഷയും താന്‍. എന്നും എല്ലാവരാലും അപഹസിക്കപെട്ട, അപമാനിക്കപെട്ട, അവമതിക്കപെട്ട, അവഗണിക്കപെട്ട, അവഹേളിക്കപെട്ട അനിതരജന്മ്മത്തില്‍ ആദ്യമായി ആല്‍മഹര്‍ഷം തോന്നി.

ജന്മസിദ്ധമായി കിട്ടിയ കുണ്ഡലങ്ങള്‍ മുറിച്ചു മാറ്റിയപ്പോള്‍ അന്ഗഭംഗം വന്ന ചെവികളില്‍ കര്‍ണ്ണന്‍ നഷ്ടബോധത്തോടെ തലോടി. ശപഥത്തിലുറച്ചുനിന്ന് ജീവിതം കൈവിട്ടുപോയ ഭീഷ്മരെപോലെ ദാനദൌര്‍ബല്യം മൂലം തന്റെ ജീവിതവും കൈവിട്ടുപോവുമോയെന്നു കര്‍ണ്ണന്‍ ശങ്കിച്ചു. വില്ലാളിവീരനായിരുന്നിട്ടും ഒന്നും നേടാതെ, ദാനം കിട്ടിയ രാജ്യത്തെ രാജാവായിട്ടും സൂതപുത്രനെന്ന കറുപ്പ് നഷ്ടപെടാതെ എരിഞ്ഞുതീരുകയാണോ തന്റെ ജന്മം ? ശിബിരത്തിനുള്ളിലേക്ക് പാളിവീഴുന്ന വെയില്‍നാളങ്ങള്‍ തന്നെ ഊഷ്മളമായി തലോടുന്നത് കര്‍ണ്ണനറിഞ്ഞു. മറനീക്കി പുറത്തിറങ്ങി അച്ഛനായ സൂര്യഭഗവാനെ വന്ദിച്ചു ചോദിച്ചു..
" പ്രഭോ, ഈ മകന് യോദ്ധാവെന്നറിയപ്പെടാനൊരവസരം തരില്ലേ പിതാശ്രീ.. "
വൃക്ഷശാഖകളില്‍ നിന്ന് തെന്നിമാറി, കിരണങ്ങളെ സുവര്‍ണ്ണത്തില്‍ മുക്കിയെടുത്ത് ആദിത്യന്‍ അനുഗ്രഹവര്‍ഷങ്ങള്‍ ചൊരിഞ്ഞു പറയുന്നപോലെ തോന്നി :

വരും മകനെ, തീര്‍ച്ചയായും വരും. നായകന്മാര്‍ക്ക് വേണ്ടി മാത്രം എഴുതപെടുന്ന ചരിതങ്ങളിലെ മൌനങ്ങളില്‍ നിന്ന് പ്രബുദ്ധപ്രതിഭകള്‍ നിന്നെ തിരിച്ചറിയും. നിന്നിലെ പ്രതിനായകനെ അവര്‍ നായകനാക്കും. നീ ചെയ്ത ത്യാഗങ്ങളെ അക്കമിട്ടെഴുതും. നിന്നിലെ വില്ലാളിയെ അവര്‍ സ്തുതിക്കും. നിന്റെ ധര്‍മദാനങ്ങള്‍ വാഴ്ത്തപെടും. നിന്നിലെ യോദ്ധാവിനെ അവര്‍ നെന്ചിലെറ്റും. നിന്റെ വിധേയത്വത്തെ അവര്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കും. നിന്റെ പ്രതിജ്ഞാബദ്ധതയെ അവര്‍ ഉള്‍പുളകത്തോടെ തലമുറകള്‍ക് പകര്‍ന്നു കൊടുക്കും. നിന്റെ വീര്യത്തെയും കര്‍മ്മത്തെയും കുറിച്ച് ഇതിഹാസങ്ങള്‍ രചിക്കും. കര്‍ണ്ണാ, നീയ്യായിരിക്കും കുരുവംശചരിത്രത്തിലെ ജനപ്രിയനായകന്‍!!!

നിന്റെ നാളുകള്‍ വരും മകനെ; വരും. എന്റെ കിരണങ്ങള്‍ എന്നുവരെ ഇഹതിലുണ്ടോ അതുവരെ കര്‍ണ്ണദാനവീരകിരണങ്ങള്തിര്‍ത്തു കൊണ്ട് മനസുകളില്‍ നീ പ്രകാശിച്ചു നില്‍ക്കും. ധര്‍മ്മം വെടിയാതെ കര്‍മ്മം ചെയ്യുക മകനെ നീ വിജയവും കീര്‍ത്തിയും നിന്നെ തേടിയെത്തും. ധര്‍മം കര്‍മ്മമാവട്ടെ കര്‍ണ്ണാ.; കര്‍മ്മം ധര്‍മ്മവും!!!

വാക്കുകള്‍ കമ്രനക്ഷത്രങ്ങള്‍പോലെ പൂത്തിറങ്ങി തന്റെ ചുറ്റും പ്രകാശം പരത്തുന്ന പോലെ തോന്നി. ശിബിരത്തില്‍ തിരിച്ചു കയറി കവചകുണ്ഡലങ്ങള്‍ കൊടുത്തതില്‍ സന്തുഷ്ടനായി ഇന്ദ്രന്‍ സമ്മാനമായിതന്ന വൈജയന്തിവേലെടുത്തു പൊടിതട്ടി മിനുക്കി. പരശുരാമനില്‍ നിന്ന് നേടിയ ബ്രഹ്മാസ്ത്രം ആവശ്യമുള്ളപ്പോള്‍ ഉപകാരപെടാതെ പോകട്ടെയെന്നു ശാപഗ്രസ്തമായതിനാല്‍ ഉപകാരപെടുമെന്നു ഉറപ്പില്ല. ശബ്ദം കേട്ട ദിക്കിലേക്ക് അമ്ബെയ്തു പരിശീലിക്കുമ്പോള്‍ അറിയാതെയ്ത അന്ബില്‍ ജീവന്‍ നഷ്ടപെട്ട പശുവിനു പകരം എത്രവേണമെങ്കിലും പശുക്കളെ നല്‍കാമെന്ന് പറഞ്ഞിട്ടും ജന്മാന്തരവൈരമുള്ളത് പോലെ ബ്രാഹ്മണന്‍ തന്നെ യുദ്ധത്തില്‍ തേർ താഴ്ന്നു പോകട്ടെയെന്നു ശപിച്ചു. ശാപങ്ങളുടെ അശാന്തിതീരങ്ങളിലാണ് തന്റെ ജീവിതമെന്നു തോന്നി. ശാപങ്ങളും ശപഥങ്ങളും കുരുവംശത്തെ കാര്‍ന്നു തിന്നുകയാണ്. ശാപ്ഗ്രസ്തനായതിനാലാണ് സേനാപതി പദവിയില്‍ നിന്ന് തന്നെ ഭീഷ്മര്‍ പരിഹസിചോടിച്ചത്. നിയന്ത്രണംവിട്ടു ദ്രൌപദിയെ വേശ്യയെന്ന് വിളിച്ചതു കനലായി നെഞ്ചില്‍ കനത്തു കിടക്കുന്നു. കാലമേ.... മതിയായില്ലേ നിന്റെ പരീക്ഷണങ്ങള്‍..? എന്നെമാത്രം കണ്ടു കുരുക്ഷേത്രത്തില്‍ ദുര്യോധനന്‍ യുദ്ധം ചെയ്യുമ്പോള്‍ തന്റെ കഴിവും ആയുധവും ഇവിടെയിരുന്നു താണ്ടിയ ജീവിതയാത്രയിലെ പിഴവുകളെയോര്‍ത്തു തുരുമ്പിച്ചു പോകുന്നു. കര്‍ണ്ണന്‍ നെടുവീര്‍പ്പിട്ടു കൊണ്ട് പടിഞ്ഞാറന്‍ ചക്രവാളത്തെക്ക് നോക്കി. തന്റെ ഉള്ളെരിഞ്ഞുനീറുന്നതിന്റെ പര്യായമായി സ്വയം ചുവന്നു പഴുത്തു സൂര്യഭഗവാന്‍ മലയിടുക്കുകളിലേക്ക് ഉരുകിയൊലിക്കുന്നപോലെ തോന്നി. തേരാളി സത്യസേനന്റെ വിളികേട്ടാണ് ചിന്തകളില്‍ നിന്നുണര്‍ന്നത്‌..

അംഗരാജാവേ, ഭീഷ്മര്‍ വീണു, അര്‍ജുനന്‍ ശിഖണ്ടിയെ മുന്‍പില്‍ നിര്‍ത്തി ചതിയില്‍ വീഴ്ത്തി. അര്‍ജുനശരങ്ങള്‍ തീര്‍ത്ത ശരശയ്യയില്‍ ദേവവൃതന്‍ ശയിക്കുകയാണ്. സൂര്യന്‍ ഉത്തരായനത്തിലേക്ക് പോകുന്നതും കാത്തു സ്വച്ചന്ദമൃത്യുവിനായി ചോരവാര്‍ന്നു കിടക്കുകയാണ് ".
ചിരിവിടര്‍ത്താന്‍ വെന്ബിയ ചുണ്ടുകളില്‍ വിലക്കിട്ടു കര്‍ണ്ണന്‍ ഭീഷ്മരെ കാണാനിറങ്ങി. കത്തിച്ചു വെച്ച പന്തങ്ങളുടെ ചുവന്ന വെളിച്ചത്തില്‍ വെളുത്തു പടര്‍ന്ന ജടയിലും താടിയിലും സായന്തനത്തിലെ ചുവന്ന സൂര്യതളികയെ പോലെ തോന്നി അദേഹത്തിന്റെ മുഖം. ഭീഷമര്‍ പദനിസ്വനം കേട്ട് കണ്പോളകള്‍ തുറന്നു...

കര്‍ണ്ണാ..... ഞാന്‍ നിന്നെ കാത്തിരിക്കുകയായിരുന്നു. നിനക്കെനോട് കൊപമുന്ടെന്നറിയാം. സേനാപതിയാവുന്നതില്‍ നിന്നും തടഞ്ഞതും ആയുധമെടുക്കുന്നതില്‍ വിലക്കിയതുമെന്തിനാണെന്നറിയാമോ.. ? നിന്റെ സഹോദരന്മാര്‍ക്കെതിരെ നീ യുദ്ധം ചെയ്യാതിരിക്കാനാണ്. നീ രാധേയനല്ല കൌന്തെയനാണ്; പാണ്ടവസഹോദരനാണ്. പ്രഥമപാണ്ഡവന്‍! യുദ്ധത്തില്‍നിന്ന് നീ പിന്‍മാറണം അല്ലെങ്കില്‍ പക്ഷം മാറണം. ദുര്യോധനനെ കൈവിടണം. സഹോദരന്മാരുടെ നഷ്ടസ്നേഹം തിരിച്ചുപിടിച്ചു, അമ്മയുടെ വാല്‍സല്യമനുഭവിച്ചു , ദ്രൌപദിയെ പട്ടമഹിഷിയാക്കി രാജ്യം ഭരിക്കണം. യുദ്ധം സര്‍വ്വനാശമാണ്. ആരും, ഒന്നും അവശേഷിക്കില്ല.

കര്‍ണ്ണന്‍ പുഞ്ചിരിച്ചു. നിര്‍വികാരതയോടെ പറഞ്ഞു.

എനിക്കറിയാം പിതാമഹാ. കൃഷ്ണനും കുന്തിമാതയും പറഞ്ഞെനിക്കറിയാം പാണ്ഡവപ്രഥമനായ കര്‍ണ്ണന്‍ ഒരിക്കലും ജീവിച്ചിരുന്നില്ല, ജീവിചിരുപ്പില്ല, ഇനി ജീവിക്കുകയുമില്ല. ഈ ആല്‍മാവും ശരീരവും ദുര്യോധനന്റെ ഭിക്ഷയാണ്. ജീവിതത്തില്‍ ഭിക്ഷ നല്‍കുന്നതില്‍ പേരുകേട്ട എനിക്ക് കിട്ടിയ ഒരേ ഒരു ഭിക്ഷ. അദേഹത്തിന്റെ ഇച്ചക്കു വിരുദ്ധമായി ഞാനൊന്നും ചെയ്യില്ല. എന്നോട് ക്ഷമിക്കൂ പിതാമഹാ... അഭ്യാസകാഴ്ചയിലും പാഞ്ചാലിപരിണയത്തിലും തണലേകാത്ത രാജകുലവും രാജമാതയും യുവരാജാക്കന്മാരും രാജ്യവും എനിക്ക് വേണ്ട. ഒന്നുകില്‍ സുയോധനന്റെ സുഹൃത്തായി ഞാനുണ്ടാവും അല്ലെങ്കില്‍ അര്‍ജുനകരങ്ങള്‍കൊണ്ട് ഞാന്‍ കുരുക്ഷേത്രഭൂമിയില്‍ വീണു മരിക്കും. അനുഗ്രഹിക്കുക പിതാമഹാ.. "

ജയതു... ജയതു...

ഭീഷമര്‍ ചുണ്ടുകള്‍ പിളര്‍ത്തി ചിരിക്കാന്‍ ശ്രമിച്ചു. ശിരസ്സില്‍ തലോടി അനുഗ്രഹിച്ചു മിഴികളടച്ചു കിടന്നു. തൊഴുതുകൊണ്ടു തന്നെ പിന്‍തിരിയാതെ ഇരുട്ടിലേക്ക് നടന്നകന്നു.

ദ്രോണരുടെ നേതൃത്വത്തില്‍, കര്‍ണ്ണന്റെ നെടുനായകത്വത്തില്‍ പാതിമൂന്നാംനാള്‍ കുരുക്ഷേത്ര ഭൂമിയില്‍ കൌരവപട പാണ്ഡവസേനക്ക് കനത്ത നാശം വിതച്ചു. പ്രായം മറന്നു ദ്രോണരും ഊര്‍ജിതവീര്യത്തോടെ കര്‍ണ്ണനും ആഞ്ഞടിച്ചപ്പോള്‍ അഭിമന്യവും ഘടോല്‍കചനുമടക്കം പല പ്രമുഖരും കുരുക്ഷേത്രത്തില്‍ രക്തം ചിന്തി മരിച്ചുവീണു. അര്‍ജുനന് വേണ്ടി നീക്കിവെച്ചിരുന്ന വേല്‍ ഘടോല്‍കചനു വേണ്ടിയെടുത്തപ്പോള്‍ തന്നെയാരോ വിലക്കുന്നപോലെ തോന്നി. ഇനി തന്റെ കയ്യില്‍ വിശേഷപ്പെട്ട ആയുധമോന്നും അവശേഷിക്കുന്നില്ല. തന്റെ ആജന്മശത്രു ജീവിച്ചിരിക്കുന്നു എന്ന സത്യം കര്‍ണ്ണനെ തളര്‍ത്തി . ഒളിഞ്ഞും പാത്തും തന്റെ കണ്‍വെട്ടത്തു വരാതെ നടക്കുന്ന അര്‍ജുനനെ കയ്യില്‍ കിട്ടുന്നുമില്ല. വരട്ടെ, തനിക്ക് അത്ഭുതായുധങ്ങള്‍ വേണ്ട അര്‍ജുനനെ വധിക്കാന്‍. ഈ കൈകരുത്ത് മാത്രം മതി. അഭ്യാസകാഴ്ച്ചയില്‍ അവഹേളിക്കപെട്,ടു തലതാഴ്ത്തി, വിയര്‍ത്തൊലിച്ചു വിറങ്ങലിച്ചു നിന്ന ആ നിമിഷങ്ങളുടെ ഓര്‍മ്മകള്‍ മതി, പാഞ്ചാലസഭയില്‍ സൂതനെ വരിക്കില്ല എന്ന് പറഞ്ഞു വില്ല് കുലച്ച കൈകളുടെ കരുത്ത് ചോര്‍ത്തിയെടുത്ത ദ്രൌപദിയുടെ കണ്ണുകള്‍ മതി, അമ്മയുടെയും അര്‍ജുനപിതാവിന്റെയും കൃഷ്ണന്റെയും സ്വാര്‍ഥത മതി തനിക്ക് അര്‍ജുനനെ കാലപുരിക്കയക്കാന്‍. എന്നെ നിരായുധനാക്കി എന്ന സമാധാനത്തില്‍ അവര്‍ ഉറങ്ങട്ടെ; എന്റെ ഉറക്കമിനി അര്‍ജുനന്റെ ശ്വാസം നിലച്ചിട്ട് മാത്രം...

പതിനേഴാംനാൾ യുധിഷ്ടിരനേയും ഭീമനെയും നകുലസഹദേവന്‍മാരെയും ഇക്കിളിപെടുത്തി യുദ്ധം ചെയ്തുവെന്നു കാണിച്ചു പരിഹസിച്ചു വിട്ടപ്പോഴാനു അര്‍ജുനരഥം കൃഷ്ണന്‍ തന്നില്‍ നിന്ന് മറച്ചോടിക്കുന്നത് ശല്യന്‍ കാണിച്ചു തന്നത്. എന്തോ അതുവരെ തന്നെ തേജോവധം ചെയ്തിരുന്ന ശല്യരോട് ആദ്യമായി മതിപ്പ് തോന്നി. തേര്‍ പാഞ്ഞടുത്തപ്പോഴാണ് അര്‍ജുനന്‍ തന്നെ കണ്ടത്. ആ കണ്ണുകളില്‍ മരണഭയം നിഴലിക്കുന്നത് പോലെ തോന്നി. കൃഷ്ണനെ വണങ്ങി താന്‍ പറഞ്ഞു..

" ഈ ഒളിച്ചുകളി വില്ലാളിവീരനായ അര്‍ജുനാ നിനക്കൊട്ടും ചേരുന്നില്ല. നീ ഊതി വീര്‍പ്പിക്കപെട്ട യോദ്ധാവാണ്. സുഖലോലുപരും മേദസ്സ് നിറഞ്ഞവരുമായെ നീ പോരിനു നിന്നിട്ടുള്ളൂ. ഇന്ന് നീ വിയര്‍ക്കും, മോഹാല്സ്യപെടും, അജയ്യനനെന്ന അഹന്തയിന്ന് തീരും. അര്‍ജുനാ, ആയുധമെടുക്ക്. നിന്റെ ശത്രു സുയോധനനല്ല കര്‍ണ്ണനാണ്. കര്‍ണ്ണന്റെ കനല്‍കിരണങ്ങളില്‍ നീയിന്ന് ചാമ്പലാവും. ആയുധമെടുക്കൂ ഫല്ഗുനാ ; നിനക്ക് ആയുര്‍വിദ്യയെന്തെന്ന് പഠിപ്പിച്ചു തരാം. മധ്യമപാണ്ടവാ, നിനക്കിന്നു വിശ്രമമില്ല;അന്ത്യവിശ്രമം മാത്രം. എന്റെ സുദാമാന്റെയും ശോണന്റെയും തലയറുത്ത, ദ്രോണരെയും ഭീഷ്മരെയും ചതിച്ചുകൊന്ന ഹാസചരിതം നാട് നാളെ പാടും. ഇന്ന് ക്രുരുക്ഷേത്രത്തില്‍ നിന്റെ ചിതയൊരുക്കും. നാവടക്കി ശരമെടുക്ക് പാര്‍ത്ഥ , നിന്റെ ശവമെടുക്കുംമുന്പു.

അമര്‍ത്തി വെച്ചിരുന്ന ആല്‍മരോഷവും അമര്‍ഷവും പൊട്ടി ചാടുകയായിരുന്നു. കോപം കൊണ്ട് ജ്വലിച്ച അര്‍ജുനന്‍ അലറി.

" സൂതപുത്രാ നിര്‍ത്തു നിന്റെ ജല്‍പ്പനങ്ങള്‍. ഒരു യുദ്ധംപോലും ജയിക്കാത്ത, ഒരു യോദ്ധാവിനെ കൊല്ലാത്ത, പലപ്പോഴും പിന്തിരിഞ്ഞോടിയിട്ടുള്ള , പതിനാറുകാരനായ അഭിമന്യുവിനെ പിന്നില്‍ നിന്ന് വെട്ടിയ വീരനാണ് നീ. നിനക്ക് വീര്യത്തെ കുറിച്ചും ആയുധവിദ്യയെ കുറിച്ചും സംസാരിക്കാനെന്തവകാശം ? നിനക്ക് ചേരുന്ന ആയുധം ചമ്മട്ടിയാണെന് ഞാനിന്നു തെളിയിക്കും. സൂതപുത്രാ, പോരാളി നാവു കൊണ്ടല്ല; കൈകള്‍ കൊണ്ടാണ് വിജയിക്കുന്നത്. വാക്ക്‌ശരങ്ങള്‍ മതിയാക്കി നിന്റെ ഈര്‍ക്കിലിശരങ്ങള്‍ എന്നിലേക്ക് എയ്തു വിടൂ, അവയെന്നെ ഇക്കിളി കൂട്ടി ചിരിപ്പിക്കട്ടെ.. കുരുക്ഷേത്ര ഭൂമിയില്‍ വേദനകളുടെ നടുവില്‍ നിന്ന് ചിരിക്കാന്‍ നിന്റെ ആയുധാഭ്യസങ്ങള്‍ എനിക്ക് വക തരട്ടെ..

അര്‍ജുനനും കര്‍ണ്ണനും തുടര്‍ന്ന് നടത്തിയ ഘോരയുദ്ധത്തില്‍ ശരങ്ങളാല്‍ അഗ്നിപടര്‍ന്നു ആകാശം വെട്ടി തിളങ്ങുകയും ശേഷം സൂര്യനെയും ആകാശത്തെയും മറച്ചു ഇരുള്‍ വീഴ്ത്തുകയും ചെയ്തു. കൌരപാണ്ഡവപടകള്‍ യുദ്ധം നിര്‍ത്തി രണ്ടു ചെരിയായ്‌ യുദ്ധകാഴ്ചകള്‍ കണ്ടു വാ പൊളിച്ചു കണ്‍ മിഴിച്ചു നിന്നു. കര്‍ണ്ണന്‍ എയ്തുവിട്ട സര്‍പ്പശരം കൃഷ്ണന്‍ തേര്‍ താഴ്ത്തിയതിനാല്‍ അര്‍ജുനന്റെ കിരീടം പറിച്ചു കൊണ്ട് പോയി. കൃഷ്ണനെ ഒരമ്പ് കൊണ്ട് അബദ്ധത്തില്‍ പോലും മുറിവേല്‍പ്പിക്കാതിരിക്കാന്‍ കര്‍ണ്ണന്‍ ശ്രദ്ധ ചെലുത്തി. ശരവര്‍ഷത്താല്‍ ദേഹമാകെ മുറിവേറ്റു കര്‍ണ്ണന്‍ അവശനായി. കര്‍ണ്ണന്റെ അഗ്നിബാണം തീര്‍ത്ത തീജ്വാലകള്‍ തടയാന്‍ അര്‍ജുനന്‍ വരുണാസ്ത്രം പ്രയോഗിച്ചു. കര്‍ണ്ണന്‍ വ്യായവസ്ത്രം കൊണ്ട് കൊടുന്ക്കാറ്റുവീശി പൊടിപടലങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ അര്‍ജുനന്‍ മഴപെയ്യിച്ചു പൊടിയെ ഹനിച്ചു. അര്‍ജുനന്റെ നന്ദീഘോഷരഥവും കര്‍ണ്ണന്റെ വായുജിത്‌രഥവും മുന്നോട്ടും പിറകോട്ടും മാറിയും ഉയര്‍ന്നു പൊങ്ങിയും ഭൂമിയെ ഉഴുതു മറിച്ചു. ചക്രങ്ങളില്‍ ചളിപുരണ്ടു ഘനമാര്‍ന്നു. കൃഷ്ണന്‍ കീല് പുരട്ടി ചക്രത്തെ ചളി പറ്റുന്നതില്‍ നിന്ന് രക്ഷപെടുത്തി. കര്‍ണ്ണതേരാളിയായ ശല്യര്‍ അര്‍ജുനശരങ്ങളാല്‍ ബന്ധിതനായി പോയിരുന്നു. കര്‍ണന്റെ തേര് ചതുപ്പില്‍ താഴ്ന്നു പോയി. സൂര്യഭഗവാനെ മനസ്സില്‍ ധ്യാനിച്ച്‌ എയ്തു വിട്ട ശരം നെഞ്ചില്‍ കൊണ്ട് അര്‍ജുനന്‍ തളര്‍ന്നു, കയ്യില്‍ നിന്ന് ഗാണ്ടീവം താഴെ വീണു. തേര്‍തട്ടില്‍ അര്‍ജുനന്‍ പാതിമയക്കത്തില്‍ തളര്‍ന്നിരുന്നു. നിരായുധനായി മോഹല്സ്യപെട്ടിരിക്കുന്ന അര്‍ജുനനെ കൊല്ലാന്‍ ധര്‍മ്മം അനുവദിക്കാത്തതിനാല്‍ വില്ല് താഴെ വെച്ച് താഴ്ന്നു പോയ തേര്‍ചക്രം ഉയര്‍ത്താന്‍ താഴെയിറങ്ങി. അവസരത്തിന് കാത്തിരുന്ന കൃഷ്ണന്‍ അര്‍ജുനനെ അബോധാവസ്ഥയില്‍ നിന്നുണര്‍ത്തി പറഞ്ഞു :

 " വേഗമാകട്ടെ, കര്‍ണനെ വധിക്കാന്‍ ഇനിയൊരു സമയം കിട്ടില്ല. ശരങ്ങള്‍ അവനു മേല്‍ വര്‍ഷിക്കൂ. ".

അര്‍ജുനന്‍ പറഞ്ഞു : " അദേഹം നിരായുധനാണ്; കൂടാതെ തേര്‍ തട്ടിലുമല്ല. ഇത് ഉചിതമല്ല. കണ്ടില്ലേ അദേഹത്തിന്റെ വൈഭവം. ഞാന്‍ ആദരിക്കുന്നു ഈ സൂതപുത്രനെ. ഇവന്‍ വില്ലാളി വീരന്‍ തന്നെ. നീതിക്കും ധര്‍മ്മത്തിനും വേണ്ടി ജീവിക്കുന്നവന്‍. നിരായുധനെ വധിക്കാന്‍ എന്നെ കിട്ടില്ല.

" പാര്‍ത്ഥ, ഞാന്‍ പറയുന്നു അമ്ബെയ്തു അവനെ കൊല്ലൂ ഇല്ലെങ്കില്‍ അവന്‍ നിന്നെ കൊല്ലും. അവന്‍ നിന്നെക്കാള്‍ വീരനാണ്. നേര്‍ക്ക്‌ നേരെ നിന്നു അവനെ കൊല്ലാന്‍ നിനക്ക് കഴിയില്ല ഫല്ഗുനാ.. ഓര്‍ക്കുക; ഈയവസരം നീ പാഴാക്കിയാല്‍ പാണ്ഡവരുടെ അന്ത്യമാണിന്ന് ".
തന്നെ ഇതുവരെ അജയ്യനെന്നു വിളിച്ചു, തന്റെ സന്തതസഹചാരിയായി കൂടെ നിന്നു, സഹോദരിയെ വിവാഹം കഴിച്ചുതന്നു, ഇന്നലെവരെ കര്‍ണ്ണനെ സൂതപുത്രാ എന്ന് വിളിചാക്ഷേപിച്ച ആ കൃഷ്ണന്‍ തന്നെയാണോ ഇത് പറയുന്നത്.. ഇതുവരെ കാണാത്ത കൃഷ്ണഭാവം കണ്ടു വില്ലെടുത്തു കുലക്കാന്‍ തുടങ്ങി. ഇത് കണ്ട കര്‍ണ്ണന്‍ ഉറക്കെ വിളിച്ചു പറഞ്ഞു..

" കൃഷ്ണ, ധര്‍മം വെടിയരുത്. നിരായുധനായി ചക്രമുരുട്ടി കയറ്റുന്ന എന്നെ അംബെയ്തു യുദ്ധത്തിലെ നീതിശാസ്ത്രങ്ങളെ അപമാനിക്കരുത്. കളളകൃഷ്ണനെന്ന ഖ്യാതി നീ നേടരുത്. സ്വന്തക്കാര്‍ക്കുവേണ്ടി ധര്‍മ്മം കാറ്റില്‍ പരത്തിയെന്ന ഇരുള്‍ നിന്റെ ശ്യാമവര്‍ണ്ണത്തെ കറുപ്പിക്കരുത്. വില്ലാളിവീരനായ അര്‍ജുനനന്‍ ചതിച്ചു കൊന്നെന്നും നാട്ടുകാര്‍ നാളെ പറയരുത്.

" അഭിമന്യുവിനെ കൂട്ടം ചേര്‍ന്ന് അരിഞ്ഞു വീഴ്ത്തിയത് ഏതു നീതിശാസ്ത്രത്തിന്റെ പേരിലായിരുന്നു കര്‍ണ്ണാ...? പതിവ്രതയായ ദ്രൌപദിയുടെ ഒറ്റചേല ഉരിയാന്‍ പറഞ്ഞത്, അവളെ " കുലടെ" എന്ന് വിളിചാക്ഷേപിച്ചത് ഏതു ശാസ്ത്രവിധി പ്രകാരമാണ് ? അമിത ആല്‍മവിശ്വാസവും അഹങ്കാരവും അവസരത്തിലും അനവസരത്തിലുമുള്ള ദാനശീലത നേടിതന്ന അഹന്തയും നിന്നിലെ നന്മകള്‍ കവര്‍ന്നെടുത്തൂ കര്‍ണ്ണാ.. നീ യുദ്ധഭൂമിയില്‍ നീതി അര്‍ഹിക്കുന്നില്ല. അര്‍ജുനാ, വില്ല് തൊടുക്കൂ., കര്‍ണ്ണന്റെ അഹന്തയ്ക്ക് അന്ത്യം കുറിക്കൂ..

കര്‍ണ്ണന്‍ തളര്‍ന്നു പോയി. തന്റെ തെറ്റുകള്‍ അക്കമിട്ടു ഓര്‍മ്മവെച്ചിരിക്കുന്നു, എന്നെ അപമാനിച്ചതും അവഹേളിച്ചതും സൌകര്യപൂര്‍വ്വം മറന്നു കൊണ്ട് തന്നെ. വില്ല് കുലച്ചു ശരമെയ്യാന്‍ ഒരുങ്ങി നീല്ക്കുന്ന അര്‍ജുനന്റെ മുഖത്തേക്ക് കര്‍ണ്ണന്‍ നോക്കി. അവിടെ വില്ലാളിവീരനെ കാണാനില്ലായിരുന്നു. ജീവിതം കൈവിട്ടുപോയ അടുത്തനിമിഷം തന്റെയവസാനമാനെന്നു തിരിച്ചറിഞ്ഞ ഒരു ഭീരുവിന്റെ ഭാവഹാദികള്‍ അര്‍ജുനന്റെ മുഖത്തുണ്ടായിരുന്നു. അരുതാത്തത് ചെയ്യുന്ന, കളവു പറയുന്ന കുഞ്ഞിന്‍റെ നിഷ്കളങ്കതയും. കര്‍ണ്ണഹൃദയം ഒന്ന് തേങ്ങി. ശോണനെപോലെ ഇവനും തനിക്ക് പ്രിയപ്പെട്ട സഹോദരനായി തീരുമായിരുന്നു. രണ്ടു വില്ലാളിവീരന്മാര്‍ വാഴുന്ന ഇന്ദ്രപ്രസ്ഥത്തിന്റെ യശസും കീര്‍ത്തിയും ലോകമറിയുമായിരുന്നു. ദാനം കിട്ടിയ അംഗരാജ്യത്തെ രാജാവിന് പകരം താന്‍ ചക്രവര്‍ത്തിയാവുമായിരുന്നു. ദ്രൌപദി രണ്ടു മാസങ്ങള്‍ ഇടവിട്ട്‌ തങ്ങളുടെ ശയ്യകളില്‍ ച്ചുളിവുകളും അന്തരീക്ഷത്തില്‍ കിതപ്പുകളും വിയര്‍പ്പിലൂടെ താമരപൂഗന്ധവും പൊഴിക്കുമായിരുന്നു. വിധിവൈപരീത്യം കൊണ്ട് സ്വന്തം ചോരയെ തിരിച്ചറിയാതെ തന്റെ കഴുത്തിനു നേരെ ശരം തൊടുക്കുന്ന അര്‍ജുനനോടു സഹതാപവും സ്നേഹവും തോന്നി. അര്‍ജുനന്‍ എന്നും തന്നില്‍ നിന്നു അകലെയായിരുന്നു. ആയുധാഭ്യാസത്തില്‍ മുന്നിട്ടു നിന്നതിനാല്‍ മാത്രം ശത്രുക്കളായവര്‍. അര്‍ജുനന്‍ അര്‍ദ്ധചന്ദ്രബാണം കര്‍ണ്ണന്റെ കഴുത്തിനെ ലക്ഷ്യമാക്കി എയ്തു. ആഞ്നേയശരം കഴുത്ത് പകുതിയോളം ഭേദിച്ച് തെറിച്ചു വീണു. ഒടിഞ്ഞ ശിരസ്സില്‍ നിന്നവസാനശബ്ദമുയര്‍ന്നു :

"അരുതനിയാ, അരുത്..........

കര്‍ണ്ണന്‍ വീണെന്ന അട്ടഹാസത്തില്‍, ആര്‍ത്തിരംബിയ പാണ്ഡവഭടന്മാരുടെ ആര്‍പ്പ് വിളിയില്‍, "രാധേയാ" എന്ന കൃഷ്ണവിളിയില്‍ വാക്കുകള്‍ കര്‍ണ്ണശരീരത്തിനോടൊപ്പം നിലംപൊത്തി.

ജീവിതചക്രം കര്‍ണ്ണന്റെ അബോധമനസ്സില്‍ ഒന്ന്കൂടി കറങ്ങിതിരിഞ്ഞു. കവചകുണ്ടലങ്ങള്മായി അശ്വിനിനദിയില്‍ ഒഴുകിനടന്നതും അധിരഥനും രാധയും തന്നെ വളര്‍ത്തുന്നതും സൂതപുത്രനല്ല സൂര്യപുത്രനാണെന്നും അമ്മ കുന്തിയാണെന്നും പാണ്ഡവര്‍ തന്റെ സഹോദരന്മാരാണെന്നും തിരിച്ചറിയുകയും വിധിവിക്രുതിയാല്‍ സ്വന്തം സഹോദരനാൽ വധിക്കപെടുകയുമാണെന്നും തിരിച്ചറിഞ്ഞു. തനിക്ക് മൂന്നമ്മമാരും മൂന്നു പിതാക്കള്മുന്ടെന്നു കൂടി കര്‍ണ്ണന്‍ തിരിച്ചറിഞ്ഞു. പ്രസവിച്ച കുന്തിദേവി, തോട്ടിലിട്ടാട്ടി സുരക്ഷിതമായി അതിരഥന്റെ കൈകളിലേല്‍പ്പിച്ച ഗംഗ, വളര്‍ത്തി വലുതാക്കിയ രാധ. കന്യകക്ക് ബീജം നല്‍കിയ സൃഷ്ടാവായ സൂര്യഭഗവാന്‍, വളര്‍ത്തിയ അതിരഥന്‍, അമ്മയെ വിവാഹംചെയ്ത പാണ്ടു. സൂതപുത്രനായ, സൂര്യപുത്രനായ, പ്രഥമപാണ്ടവനായ, കൌന്തേയനായ, ഗംഗേയനായ, രാധേയനായ കര്‍ണ്ണന്‍, കണ്ഠം മുറിഞ്ഞു കാലത്തിന്റെ കനിവെന്ന കാലകാലടിക്കായ്‌ കണ്ണടച്ച് കിടന്നു..

ഒരിക്കലുമനുഭവിക്കാന്‍ കഴിയാഞ്ഞ കുന്തിയുടെ വാല്സല്യവും ഹസ്തിനപുരിയുടെ ചക്രവര്‍ത്തി പദവും കറുത്തസൗന്ദര്യത്തിൻടെ ദീപ്തരൂപമായ ദ്രൌപദിയും വീരസഹോദരന്മാരുമായി കൊട്ടാരത്തില്‍ സസുഖം വാഴുന്നത് വേണ്ടെന്നു വെച്ച് കൊടുത്ത വാക്കിനു ഉഴിഞ്ഞുവെച്ച കര്‍ണ്ണജീവിതം ആരെങ്കിലുമൊക്കെ തിരിച്ചറിയുമെന്നും താനുമൊരുനാള്‍ ഉലകനായകനാവുമെന്നും സൌഹൃദത്തിനും ദാനധര്‍മ്മത്തിനും പ്രതിജ്ഞാബദ്ധതക്കും വേണ്ടിയുളള തന്റെ ആല്‍മബലിക്കുമുന്പില്‍ ലോകമൊരിക്കല്‍ നമിക്കുമെന്നും സ്വപനംകണ്ടു, കര്‍ണ്ണപടങ്ങള്‍ക്ക് താഴിട്ടു, മിഴികള്‍ പൂട്ടി, അയഞ്ഞുവരുന്ന ഹൃദയസ്പന്ദനങ്ങളില്‍ കുന്തിയെ വണങ്ങി, സൂര്യഭഗവാനെ വന്ദിച്ചു, പിന്നില്‍ നിന്ന് അമ്ബെയ്തു വില്ല് തകര്‍ത്ത അഭിമന്യുവിനോടും
വേശ്യയെന്ന് വിളിച്ച ദ്രൌപദിയോടും മാപ്പ് പറഞ്ഞു, അധിരഥനെയും രാധയേയും പ്രണമിച്ചു, വൃഷാലിയോടു കിന്നാരം പറഞ്ഞു, ജീവഭിക്ഷയേകിയ സുയോധനന് പ്രണാമമർപ്പിച്ചു മരണം മണത്തു മലര്‍ന്നു കിടന്നു....

ഗാന്ധാരീവിലാപം.



ഞാനിതുവരെ കാണാത്ത എന്റെ മക്കളെയെനിക്ക് കാണണമെന്നു പറഞ്ഞു, വിവാഹനാളില്‍ കെട്ടിയടച്ച മിഴിപാടയഴിച്ചു വെച്ച്, ഗാന്ധാരി കുരുക്ഷേത്രഭൂമിയിലേക്കിറങ്ങി. നിണമൊഴുകി ശോണവര്‍ണ്ണം പൂണ്ട് കിടക്കുന്ന രണഭൂവില്‍ ഗാന്ധാരി ഭ്രാന്തിയെപോലെ പുലംബിയും നിലവിളിച്ചും നടന്നു. മക്കളും പേരകുട്ടികളും സ്വജനങ്ങളും തലയും ഉടലും വേര്‍പ്പെട്ടും ചതഞ്ഞരഞ്ഞും കൈ കാലുകളില്ലാതെയും കിടക്കുന്ന കാഴ്ച്ചയില്‍ തകര്‍ന്നു പോയ മനുവും തനുവുമായി ഗാന്ധാരി നിലത്തുവീണുരുണ്ടു. ചുറ്റുമിരുന്നു കരയുന്ന വെള്ള വസ്ത്രമുടുത്ത വിധവകളുടെ രോദനങ്ങള്‍ ശ്രവണപടങ്ങളില്‍ അലച്ചുകൊണ്ടിരുന്നു. വിധവകളായി മാറിയ കുലവധുക്കളെ കണ്ടു അടക്കാനാവാത്ത വേദനയില്‍ ഗാന്ധാരി അലറി കരഞ്ഞു. തുട പിളര്‍ന്നു കിടക്കുന്ന ദുര്യോധനനെയും മാറ് പിളര്‍ന്നു കിടക്കുന്ന ദുശാസനനേയും കണ്ടു തനിക്കിതൊന്നും കാണാന്‍ ശക്തിയില്ലെന്ന് പറഞ്ഞ് കര്‍ണ്ണന്റെ യരുകില്‍ മണ്ണില്‍ പുതഞ്ഞ തേര്‍ചക്രത്തില്‍ ചാരിയിരുന്നു. തന്നെ തന്നെ നോക്കി നില്‍ക്കുന്ന കൃഷ്ണന്റെ ചുണ്ടിലെ മായാത്ത മന്ദസ്മിതം ഗാന്ധാരിയെ പ്രകോപിതയാക്കി. ഒന്നും നേടാത്ത ഒരുയുദ്ധം ചെയ്യിച്ചിട്ട്, മൃതശരീരങ്ങള്‍ക്ക് ഇടയിലും മന്ദഹസിക്കുന്നു യാദവന്‍. അടക്കാനാവാത്ത കോപം ക്രോധവാക്കുകളായി പുറത്തുവന്നു.

"മുകുന്ദാ, നീ കണ്ടില്ലേ ഇതൊന്നും ? സന്തോഷമായില്ലേ നിനക്ക് ? പരസ്പരം വെട്ടികൊല്ലിച്ചപ്പോള്‍ നിനക്ക് തൃപ്തിയായോ ? ബന്ധുക്കളെ കൊല്ലാന്‍ കഴിയില്ലെന്ന് പറഞ്ഞു യുദ്ധം ചെയ്യാതെ തളര്‍ന്നിരുന്ന അര്‍ജുനനെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ച നീ എന്ത് കൊണ്ട് അന്ന് പിന്തിരിഞ്ഞു പോയില്ല? യുദ്ധകെടുതികള്‍ അറിയാവുന്ന നീ, ഒന്നും അവശേഷിക്കില്ലെന്നറിഞ്ഞ നീ എന്തിനീ കടുംകൈ ചെയ്തു.. ? പറയൂ യെശോദനന്ദനാ, എനിക്കിത് താങ്ങാനാവുന്നില്ല. സ്വന്തം മരുമകനായ അഭിമന്യു ചത്തുകിടക്കുന്നത് കണ്ടിട്ടും നിനക്ക് രസം തോന്നുന്നുണ്ടോ വാസുദേവാ.

നാളിതുവരെ കാണാത്ത പൊന്നു മക്കളുടെ വികൃതമായ മുഖങ്ങളും ശരീരങ്ങളും കണ്ടു വിലപിക്കുന്ന ഗാന്ധാരിയോടു കൃഷ്ണന്‍ പറഞ്ഞു :

" കാലത്തിന്റെ നിയമങ്ങളുടെ മുന്‍പില്‍ ഞാനശക്തനാണ്. കാലം കരുതിവെച്ചിരിക്കുന്നത് സംഭവിച്ചേ മതിയാവൂ.. ശാപങ്ങളും വിധികളും നിയോഗങ്ങളും ഏറ്റുവാങ്ങിയ ജന്മങ്ങള്‍ അതനുഭവിച്ചേ തീരൂ.."

ഇത് കേട്ട ഗാന്ധാരി രക്തത്തിൽ കുതിര്‍ന്ന ഒരു പിടി മണ്ണെടുത്ത് മുറുകെ പിടിച്ചു കയ്യുയര്‍ത്തി പറഞ്ഞു..

" എങ്കിലിതാ മാധവാ, ഞാനും ശപിക്കുന്നു. വയസായ ഞങ്ങളെ ശുശ്രൂഷിക്കാനും ദേഹവിയോഗം ചെയ്യുമ്പോള്‍ ശേഷക്രിയ ചെയ്യാനും നിരുപദ്രവകാരിയായ ഒരു മകനെ പോലും ബാക്കിവെക്കാതെ കൊന്നൊടുക്കുന്നത് കണ്ടുനിന്ന, ഒരു വംശം മുഴുവന്‍ നാമാവശേഷമാവുന്നത് കണ്ടു നിന്ന നിന്റെ വംശവും കുലവും ഇതുപോലെ എരിഞ്ഞു തീരും, പ്രളയം വിഴുങ്ങും, ഒന്നും ബാക്കിയില്ലാതെ പ്രകൃതി തിരിച്ചെടുക്കും. അന്നും നീ ഇതുപോലെ നിസഹായനായി നില്‍ക്കേണ്ടി വരും. നൂറു മക്കളെ പെറ്റ് അവരുടെ ജീവനില്ലാത്ത മുഖം കാണേണ്ടി വന്ന ഒരു അമ്മയുടെ ശാപമാണിത്...

കത്തുന്ന കണ്ണുകളില്‍ നിന്നൊഴുകിയ തീജ്വലകളില്‍ ഉതിര്‍ന്നു വീഴുന്ന മണ്ണിനോടൊപ്പം ഒരു ശാപം കൂടി കുരുക്ഷേത്രഭൂമിയില്‍ നാശത്തിന്റെ വിത്ത്‌ വിതച്ചു.


ശാപഗ്രസ്തമായ കുരുക്ഷേത്രമണ്ണില്‍ ഇന്നും ഗാന്ധാരിമാര്‍ വിലപിക്കുന്നു, നെന്ച്ചടിച്ചു പുലംബുന്നു മണ്ണില്‍ വീണുരുണ്ടു കരയുന്നു. ആരുടെയൊക്കെയോ ഭാഷണങ്ങള്‍ കേട്ട്, ചിന്തകളും ബുദ്ധിയും പണയം വെച്ച്, " കൊല്ലടയവനെ, നിന്റെ വര്‍ഗ്ഗമെന്നു മറന്നുകൊണ്ട് തന്നെ " എന്ന ആപ്തവാക്യം കേട്ട് കൊന്നും കൊലവിളിച്ചും വാളിനും തോക്കിനും ബോംബിനുമിരയായി ചാവേറുകളായി ചത്തൊടുങ്ങുന്നു. അവയൊക്കെ വീരചരമങ്ങളെന്നും രക്തസാക്ഷികളെന്നും ഉയര്‍ത്തി പിടിച്ച ആശയങ്ങളുടെ സ്മാരകശിലകളെന്നും പേരിട്ടു ആഘോഷിക്കപെടുന്നു. വാര്‍ഷികദിനങ്ങളില്‍ രക്തപുഷപാര്‍ച്ചന നടത്തുന്നു. തങ്ങള്‍ മുലപാലൂട്ടി വളര്‍ത്തിയ മക്കള്‍ നാളെ തങ്ങള്‍ക്കു താങ്ങാവുമെന്നു കരുതിയ ദൈന്യജന്മങ്ങള്‍ അവര്‍ക്ക് വേണ്ടി ശേഷക്രിയ ചെയ്യുന്നു..
കുരുക്ഷേത്രം ആവര്‍ത്തിക്കപെടുകയാണിന്നും. കൊല്ലുന്നവനും കൊല്ലപെടുന്നവനും ഒരേ വംശമാണ്; ഒരേ ഗര്‍ഭപാത്രത്തില്‍ നിന്ന് വന്നവരാണ്. അമ്മയെന്ന ഗര്‍ഭപാത്രവും; അച്ഛനെന്ന വംശവും. ഓരോ കൊലയും ഓരോ പുതിയ കുറ്റവാളിയെ കൂടി സൃഷ്ടിക്കുന്നു. വീണ്ടും കൊലകള്‍. അറുതിയില്ലാത്ത, അനന്തരഫലമില്ലാത്ത, അരിഞ്ഞു വീഴ്ത്താനുള്ള അടര്‍കളങ്ങള്‍ ചാവേര്‍ജന്മങ്ങളെ കാത്തിരിക്കുകയാണ്.

കൊന്നും കൊലവിളിച്ചും ആരും മഹാന്മാര്‍ ആയിട്ടില്ല; ആരും വിജയിചിട്ടുമില്ല. ഒരു സ്മാരകത്തിനും ഹര്‍ത്താലിനും മുദ്രാവാക്യത്തിനും ഒരമ്മയുടെ കണ്ണുനീര്‍ തുടക്കാനാവില്ല.
ഗാന്ധാരിമാര്‍ മണ്ണ് വാരി ശപിക്കാനായി കയ്യുയര്‍ത്തും മുന്‍പ്,
ശാപഗ്രസ്തമായ നിന്‍റെയീ പ്രിയഭൂമിയെ,
നിനക്ക് വേണ്ടി പൊരുതുന്ന ചാവേറുകളെ ,
നിന്നെ തന്നെ നീ ശാപവിമുക്തമാക്കി നേര്‍വഴിക്ക് നയിക്ക കൃഷ്ണ .....
കൃഷ്ണ, നിന്നോടല്ലാതെയിനി ഞാനാരോടു പറയാന്‍....!!!

തെരുവുവേശ്യ.


സുരതസുഖം പകുത്തെടുത്ത്
വിത്തും വിസ്ർജ്യങ്ങളും വിതച്ച ഉർവ്വരതയെ മറന്ന്
ആൺപാതി പറയാതെ പിൻവാങ്ങിയകന്നുപോയ്...

സുഖനോവുകളുടെ ബാക്കിപത്രമായ രതിയുടെ പാപഭാരം പേറി
ഉദരഭ്രൂണങ്ങൾക്ക് ഇരതേടി,
സഹനത്തിൻടെ സന്കടരൂപമായി നടന്നലയുന്നിവൾ.

വിളർത്തുവരണ്ടുണങ്ങിയ വിത്തും വിടർന്ന വായും വിടലചിരിയുമായ്
വികാരവിവശനായി വഴിതെറ്റി വീണ്ടുമവൻ വരുമായിരിക്കും.

മുഖമുരസിയും മുറുമുറുത്തും മുരണ്ടും മൂളിയും മൂപ്പിച്ചും
മുഖപടമണിഞ്ഞ അമ്മയേയും മകളേയും മണത്തറിയാതെ,
മാറിമാറി രമിച്ചുമറക്കാൻ അവൻ വിണ്ടും വരുമായിരിക്കും....

ഗുരുവന്ദനം.


നാട്ടില്‍ വായനശാലയും പ്രൈമറിസ്കൂളും,കമിതാക്കളെ പോലെ തൊട്ടുതൊട്ടാണ് ഇരിക്കുന്നത്. പന്ത്രണ്ടു വയസുമുതല്‍ വായനശാലയിലെ നിത്യസന്ദര്‍ശകനായിരുന്നു . പിന്നെയവിടെ ഭാരവാഹിയായി, നാടിന്റെ യുവരക്തമായ യുവരശ്മി ക്ലബിന്റെ സെക്രട്ടറിയായി, അറിവിന്റെ വെളിച്ചം തെളിച്ചു കൊടുക്കുന്ന പ്രതിഭ കോളേജില്‍ കുട്ടികളുടെ പ്രിയമാഷുമായി. ബാല്യം പിടിതരാത്ത തുമ്പിയെ പിടിക്കാന്‍ ശ്രമിച്ചും കൌമാരം വര്‍ണ്ണം വിടര്‍ത്തുന്ന ചിത്രശലഭങ്ങള്‍ക്കായി കാത്തിരുന്നും കൌതുകം വിടർത്താതെ കടന്നുപോയി. ദാരിദ്ര്യം പൈതൃകമായും, അപകര്‍ഷത ജന്മസിദ്ധമായും കിട്ടിയതിനാല്‍, അക്ഷരങ്ങള്‍, വിശപ്പിനും അപകര്‍ഷതക്കും മറുമരുന്നായി. വായിക്കുമ്പോള്‍ വിശപ്പറിയില്ലെന്നു ബാല്യത്തിലും, പ്രണയിക്കുമ്പോള്‍ വിശപ്പ്‌ തൃഷ്ണകള്‍ക്ക് വഴിമാറുമെന്നു കൌമാരത്തിലും തിരിച്ചറിഞ്ഞു. തിരിച്ചറിവുകള്‍ പലപ്പോഴും നൊമ്പരങ്ങളാണ് നൽകുക. മനുഷ്യന്റെ സ്ഥായിയായ ഭാവം ശോകമാണെന്ന് പറഞ്ഞപോലെ നൊമ്പരങ്ങളാണ് ഒരാളെ ജനഹൃദയങ്ങള്‍ നെഞ്ചിലേറ്റുന്ന എഴുത്തുകാരനാക്കുന്നത്. പക്ഷെ ഈ നൊമ്പരങ്ങള്‍ എനിക്ക് ആശ്വാസമാവുകയായിരുന്നു. കൂട്ടുകാര്‍ ആരും വൈക്കോല്‍പുരയിലെ സമൃദ്ധിയിലേക്ക് വിരുന്നു വരരുതേ എന്ന് പ്രാര്‍ത്ഥിച്ചാണ് രാത്രി കിടക്കുക. കൂട്ടുകാരുടെ വീട്ടില്‍ പോവുമ്പോള്‍ അവിടെ കിട്ടുന്ന സ്വീകരണം അപകര്‍ഷതയുടെ ആഴം കൂട്ടി. ഇരിക്കാന്‍ കസേരയില്ലാത്ത, ചോര്‍ന്നൊലിക്കുന്ന വൈക്കോല്‍പുരയുള്ള , ശർക്കരകാപ്പി കുടിക്കുന്ന, ചോറിനു കറിയായി ഒരു ചുവന്നുള്ളി കടിക്കുന്ന എന്റെ ജീവിതധാരാളിത്തം ചിരിക്കുമ്പോള്‍ തെളിയുന്ന പല്ലിനിടയില ഉമിക്കരിപോലെ കറുത്ത് വിളങ്ങി തിളങ്ങി കിടന്നു.

മുട്ടത്ത് വര്‍ക്കിയും കാനവും കോട്ടയം പുഷ്പനാഥും എഴുതിയത് മഹാസാഹിത്യമാണെന്ന് കരുതി വാ പോളിച്ചിരിക്കുമ്പോഴാണ് ഉറൂബും എസ് കെ പൊറ്റെക്കാടും എം ടി യും പുനത്തിലും രാധാകൃഷ്ണനും മുകുന്ദനും സേതുവും അതിനേക്കാള്‍ മികച്ചവരാണെന്ന് മനസിലാക്കുന്നത്. വായന എത്ര മുന്നോട്ടു പോയിട്ടും എം ടി എന്ന സാഹിത്യകുലപതിയുടെ മായയില്‍നിന്ന് രക്ഷനേടാനായില്ല എന്നത് എന്നിലെ കുറവായി ഞാന്‍ കാണുന്നുമില്ല. ഒബ്സെഷനാവുകയായിരുന്നു എം ടി യുടെ ഓരോ രചനകളും. ഒരുപക്ഷെ എന്നെപോലെ തന്നെ ദാരിദ്ര്യം അനുഭവിച്ച ബാല്യവും അപകര്‍ഷതയുടെ കൌമാരവും രോഷയൌവ്വനവും നഷ്ടപ്രണയങ്ങളും സ്വാര്‍ത്ഥതയും അദേഹത്തിന്റെ നായകര്‍ക്ക് ഉണ്ടായതുകൊണ്ടാവും. കാലവും നാലുകെട്ടും അസുരവിത്തും രണ്ടാമൂഴവും എന്നിലുണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്‌. കാലത്തിലെ സേതു എന്നില്‍ ഏറെകുറെ വിന്ന്യസിച്ചു നില്ക്കു്ന്നുണ്ട്. കോലന്‍മുടിയും ഇടവുള്ള പലകപല്ലും എണ്ണമയമുള്ള, മുഖകുരു കൌമാരചിത്രങ്ങള്‍ വരച്ച മുഖവും, കറുപ്പോ വെളുപ്പോയെന്ന് പറയാനാവാത്ത നിറവുമുള്ള സുധാകരന്‍ സേതുവില്‍ ഒളിഞ്ഞും തെളിഞ്ഞും നില്‍ക്കുന്നു.

കാലത്തില്‍ സുമിത്രയാണ് പെണ്ണിന്റെ സൌന്ദര്യമെന്ന് കരുതിയ സേതു പുഷ്പോത്തെ തങ്കമണിയെ കണ്ടപ്പോള്‍ വരുന്ന കൌതുകമാറ്റം തന്നെയാണിതും. സേതുവിന്‍റെ കാമനകള്‍, ഇരുനിറത്തില്‍ ബലിഷ്ടമേനിയുള്ള, ഗ്രാമത്തിന്റെ വിശുദ്ധസൌന്ദര്യമായ സുമിത്രയില്‍ നിന്ന് തേജസ്സും ഐശ്വര്യവുമുള്ള കാല്പനികതയുടെ തങ്കതിളക്കമായ തന്കമണിയിലെക്കും ആഡംബരത്തിന്റെ ആകര്‍ഷണീയതയുടെ, ആലസ്യത്തിന്റെ ലാസ്യരസമായ ലളിതാശ്രീനിവാസനിലെ വിവസ്ത്രവിസ്തൃതസുഖലോലുപതയിലേക്കും വളര്‍ന്നതുപോലെ എന്റെ വായനയും ഇവരുടെയൊക്കെ രചനകളിലൂടെ വളര്‍ന്നു വിടര്‍ന്നു പടര്‍ന്നു പന്തലിച്ചു. വായന അപകര്‍ഷതക്കും വിശപ്പിനും പ്രണയത്തിനും കാമത്തിനുമുള്ള അഭയമായി.
എം ടി യുടെ നായകന്മാര്‍ക്ക് സ്ത്രീകളോട് അടങ്ങാത്ത ആവേശവും പതഞ്ഞു പൊങ്ങുന്ന അഭിനിവേശവുമാണ്; സ്വന്തമായി കിട്ടുന്നതുവരേ മാത്രം. കളിപ്പാട്ടതിന്റെ കൌതുകം തീരുമ്പോള്‍ വലിച്ചെറിയുന്ന ബാല്യലാഘവത്തോടെ ഉപേക്ഷിക്കപെടുന്ന ആസ്വാദനോപധികള്‍ മാത്രമാവുന്നു നായികമാര്‍. പിന്നീട് ഇതിനെ കുറിച്ചോര്‍ത്തു ദുഖിക്കുന്നുമുണ്ട് നായകരൂപഭാവമില്ലാത്ത മനുഷ്യരൂപങ്ങള്‍. സേതുവിന് പറന്നു നടന്നു മധു നുകരാനുള്ള മലരുകളാണ് സ്ത്രീകള്‍. ഭീമനും ചന്തുവിനും കയ്യെത്താദൂരത്തു പൂത്തുലഞ്ഞു നില്‍ക്കുന്ന സൂര്യകാന്തികളും. മുറുകെപിടിച്ച ജീവിതം ഊര്‍ന്നുപോവുന്നത് കണ്ടുനില്‍ക്കുന്ന നിസഹായജന്മങ്ങളാണ് നായികാനായകന്മാര്‍. ഒപ്പം നഷ്ടപെട്ടതിനുശേഷം വാവിട്ടു വിലപിക്കുന്നവരും. മഹാഭാരതയുദ്ധജേതാക്കളായ പാണ്ഡവരുടെ വിരക്തി. ഇനിയൊന്നും ചെയ്യാന്‍ കഴിയാത്ത, ചെയ്തുപോയ തെറ്റുകള്‍ക്ക് മാപ്പ് ചോദിക്കാനും തിരുത്താനും കഴിയാത്തയവസ്ഥയില്‍ വിഷണ്ണനായി നിൽക്കുന്നു പടവെട്ടിപിടിച്ച ജീവിതം കൈക്കുള്ളില്‍ മലര്‍ക്കെവെച്ച് നെടുനായകന്മാര്‍!!!

ദാരിദ്ര്യം കിരീടം ചൂടിയ രാജകുമാരനില്‍ നിന്നു നാട്ടിലെ സുമിത്രമാര്‍, ഇന്നലെവരെ ഒപ്പം മണ്ണപ്പം ചുട്ടു ചിരിച്ചുകളിച്ച അര്‍ദ്ധപാവടകാരികള്‍ ഋതുമതിയാവുമ്പോള്‍ അകന്നുനിൽക്കുന്നപോലെ മാറി മറഞ്ഞൊഴിഞ്ഞു നിന്നു. പുഷ്പോത്തെ തന്കമണിമാര്‍ ഓണതുമ്പികളെപോലെ വട്ടമിട്ടു പറന്നെകിലും പിടിതരാതെയകന്നു നിന്നു. നാലുകെട്ടിലെ അപ്പുണ്ണിയുടെ രോഷയൌവ്വനം തലയില്‍ തല്ലി സ്വയം ശപിച്ചു കരയാതെ കരഞ്ഞു. പേരുകേട്ട കൌരവരെ മുഴുവന്‍ തന്റെ സ്വന്തം കൈകൊണ്ട് തച്ചുടച്ചിട്ടും പേരും പെരുമയും കിട്ടാതെപോയ, കൌരവരുടെ ക്രൂരതകള്‍ക്കും പരിഹാസങ്ങള്‍ക്കും എന്നും പാത്രമായ, അമ്മപോലും മന്ദബുദ്ധിയെന്നു വിളിച്ച, പെണ്ണിനോടുള്ള അഭിനിവേശത്തില്‍ പുഴ നീന്തികടന്നു സൌഗന്ധികം കൊണ്ടുവന്നു ഇളിഭ്യനായി നനഞ്ഞു നിന്ന ഊശാന്‍താടിക്കാരന്‍ ഭീമന്‍ എന്നിലുന്ടെന്നു പതിയെ മനസിലായി. നഷ്ടപ്രണയത്തെ താലോലിക്കുന്ന, പ്രണയിനിയെ കാണുമ്പോള്‍ തളരുന്ന ബലിഷ്ടശരീരവും ദൃഡമനസുമുള്ള, വാടിയനിര്‍മാല്യമായിട്ടും തണുപ്പും കുളിരും വകവെക്കാതെ, പാതിരാത്രിയില്‍ പുഴ നീന്തികടന്നു ചെന്നപമാനിതനായ ഒരു ചന്തുവും എന്നില്‍ മറഞ്ഞിരിക്കുന്നുണ്ടെന്നു തോന്നി.

എം ടി യുടെ നായകന്മാര്‍ സിനിമകളില്‍ കാണുന്നവരെ പോലെ എല്ലാംതികഞ്ഞ നന്മയുടെ സമൂര്‍ത്തരൂപങ്ങളല്ല; അതിമാനുഷരുമല്ല. മനുഷ്യസഹജമായ എല്ലാ ഗുണങ്ങളും ദോഷങ്ങലുമുള്ള ജീവികളാണ്. സ്നേഹം, ദയ കരുണ വാല്സ്ല്യം എന്നിവയോടൊപ്പം തന്നെ ദേഷ്യവും വെറുപ്പും വിദ്വേഷവും അസൂയയും ശത്രുതയും സമ്മോഹനമായി മേളിച്ച പച്ചമനുഷ്യരാണ്. ആ നായകന്മാരെ നമ്മള്‍ നെഞ്ചിലേറ്റി ലാളിച്ചതും അവരില്‍ നമ്മളെ തന്നെ കണ്ടത്കൊണ്ടാണ്. എം ടി നമ്മുടെ വിചാരങ്ങളെ, വികാരങ്ങളെ, കാമനകളെ, എന്തിനു ശ്വാസനിശ്വാസങ്ങളെപോലും ഒപ്പിയെടുത്തു വാക്കും വചനവുമാക്കി. മലയാളഭാഷയെ ഇത്രയും മനോഹരമാക്കുകയും ആ മനോഹാരിത നമ്മുടെ മനോമുകുരത്തില്‍ മായാമുദ്രകള്‍ ചാര്‍ത്തുകയും ചെയ്ത ഈ മഹാപുരുഷനെ തേടി ജെ സി ഡാനിയല്‍ അവാര്‍ഡ്‌ വന്നു ചേര്‍ന്നിരിക്കുന്നു. അദേഹത്തെ ആദരിക്കുന്നതിലൂടെ ഈ അവാര്‍ഡ്‌ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുകയാണ്. അര്‍ത്ഥപൂര്‍ണതയും അനശ്വരതയും നേടുകയാണ് ഇദേഹത്തിന്റെ പേര് ഇതിനോട് ചേര്‍ത്തു പറയുമ്പോള്‍.
അക്ഷരത്തെ അമൃതായി കാണുന്ന,
അക്ഷരമെഴുതുന്നവനെ ആദരിക്കുന്ന,
അക്ഷരം വായിക്കുന്നവരെ പ്രിയതോഴരായി ചേര്‍ത്തു നിര്‍ത്തുന്ന
അക്ഷരങ്ങള്‍ കുത്തികുറിച്ച് എഴുത്തിന്റെ പടിപുരയിലേക്ക് എത്തിനോക്കുന്ന മുഖപുസ്തകത്തിലെ അക്ഷരസ്നേഹികള്‍ മലയാളസാഹിത്യത്തിലെ ഈ മഹാരഥനെ വന്ദിക്കുന്നു.

വന്ദനം പ്രഭോ, വന്ദനം.

മരുഭൂമികളുണ്ടാവുന്നത്....


അന്നൊക്കെ ഇടവപാതി എന്ന് പറഞ്ഞാല്‍, മണിചിത്രതാഴിലെ ഭാസുരചേട്ടത്തിയോടു ഉണ്ണിത്താന്‍ " വാക്ക് പറഞ്ഞാല്‍ വാക്കാ" എന്ന് പറഞ്ഞത് പോലെ, ജൂണ്‍ ഒന്ന് എന്നൊരു ദിവസമുണ്ടോ, അന്ന് സ്കൂള്‍ തുറന്നിട്ടുണ്ടോ മഴ പെയ്തിരിക്കും. പിന്നെയങ്ങോട്ട് ഇടതടവില്ലാത്ത മഴ തന്നെയാണ്. കുളവും പുഴയും പാതയോരത്തെ ചാലുകളും നിറഞ്ഞു കവിയും. മലയിടുക്കിലെ തടാകമായ വാഴാനി ഡാമില്‍ നിന്നും വടക്കാഞ്ചേരി പുഴയിലേക്ക് വെള്ളവും മത്സ്യങ്ങളും മത്സരിച്ചു കുതിച്ചു ചാടും. ഈ മല്‍സ്യങ്ങള്‍ പുഴ നിറഞ്ഞുകവിയുമ്പോള്‍ തൊട്ടടുത്ത പാടത്തേക്ക് ചാടും. പിന്നെ ഞങ്ങള്‍ക്ക് ചാകരയാണ്. രാത്രി മുഴുവന്‍ ചാലുകളിലും കനാലുകളിലും ഒഴുകുന്ന ജലയോഴുക്കിന്റെ ആരവത്തിലും നിര്‍ത്താതെ പെയ്യുന്ന താളബന്ധിതമഴയുടെ ശ്രുതിരാഗത്തിലും ഞങ്ങള്‍ മതി മറന്നുറങ്ങും.  മേഘവര്‍ഷത്തിന്റെ കുത്തൊഴുക്കില്‍ ഗ്രാമം നാടന്‍യുവതിയെപോലെ പുളകം കൊള്ളും. രോമഹര്‍ഷത്താല്‍ ഇക്കിളിപെട്ടു ചിരിക്കും. പതുങ്ങി വരുന്ന തുലാവര്‍ഷം ഇരുണ്ടു തടിച്ച വേശ്യയെ പോലെ പ്രകൃതിയെ ഇറുക്കി പുണരും. പ്രണയമഴയില്‍ ശ്വാസംമുട്ടുന്ന നാട് ഇക്കിളിയാല്‍ ചിരിക്കും; പുഷ്പിക്കും. പിറകെ വരുന്ന ഹേമന്തത്തില്‍ ഗ്രാമം ഒന്നുകൂടെ സുന്ദരിയാവും. പുലര്‍കാലേയെഴുന്നേറ്റു തൊടിയിലെ കുളത്തില്‍ കുളിച്ചുവരുന്ന ഈറനുടുത്ത സ്ത്രീകളെ പോലെ വേപഥുവാല്‍ നാട് തുടിച്ചു നില്‍ക്കും. പിന്നെയവളെ തഴുകിതലോടുന്ന ഊഷ്മളവേനലാണ്. കൌമാരത്തിലേക്കു പതിയെ കാലെടുത്തവെച്ച പെന്തളിരിനെപ്പോലെ, പൂത്തുതളിര്‍ത്തു നില്‍ക്കുന്ന ചെണ്ടമല്ലിപോലെ, തൂക്കുവിളക്കില്‍ തിരികത്തിക്കുന്ന പെണ്‍കൊടിയുടെ മുഖകമലംപോലെ വേനലിന്റെ വെള്ളിവെളിച്ചത്തില്‍ ഗ്രാമം തേജസ്സാര്‍ന്നു നില്‍ക്കും. ദൂരെ കാണുന്ന മലകളും പാടവും കാടും ഹരിതവര്‍ണ്ണത്തില്‍ പുതഞ്ഞു കിടക്കും. പ്രകൃതിയുടെ പച്ചനിറച്ചാര്‍ത്ത് മനുഷ്യനെ കവിയും കാല്പനികനുമാക്കും.

എന്നോ എവിടെയോ അവനു പിഴച്ചു. ഉയരങ്ങളില്‍ എത്താനും സുഖാനുഭൂതികള്‍ക്കും ആഡംബരത്തിനുമായി അവന്‍ പാടങ്ങളെ നികത്തി, എളുപ്പത്തില്‍ പണക്കാരനാക്കുന്ന വിളകള്‍ വെച്ച്, മണ്ണിന്റെ ഉര്‍വ്വരതയെ ഒറ്റയടിക്ക് ചൂഷണം ചെയ്തു. കുറച്ചു കാലത്തേക്ക് നോക്കി നടത്താന്‍ ഹസ്തിനപുരം പാണ്ടുവിനു കൊടുത്തത് അടുത്ത തലമുറയായ ധാര്‍തപുത്ത്രര്‍ക്ക് കൈമാറേണ്ടതാനെന്നു മറന്നു, തമ്മില്‍ തല്ലിയ പാണ്ഡവരുടെ പിന്‍ഗാമികളായ നമ്മള്‍ പൈതൃകമായ ഈ പ്രകൃതിയില്‍ നാളത്തെ തലമുറയ്ക്ക് നല്ലതൊന്നും ബാക്കിവെക്കാതെ കുന്നുകളെയും പുഴയും താഴവരകളെയും സമതലങ്ങളെയും ദുഷിപ്പിച്ചു സുഖിച്ചു. രമ്യഹര്‍മ്യങ്ങള്‍ കെട്ടിയുയര്‍ത്തി, ഈട്ടിയും തെക്കും തലങ്ങനെയും വിലങ്ങനെയും വെച്ചു അഭിമാനസ്തംഭങ്ങളാക്കി അന്തസ്സുയര്‍ത്തി. പുഴയുടെ രോദനങ്ങള്‍ നമ്മള്‍ കേട്ടില്ല, ഇടിച്ചു പൊടിക്കുമ്പോള്‍ മണ്ണിന്‍റെ ശക്തിദുര്‍ഗ്ഗങ്ങളായ പാറകൂട്ടങ്ങളില്‍ എഴുതി വെച്ചിരുന്ന ബിന്ദു പ്ലസ്‌ ബാബു എന്നതിലെ പ്രണയം പ്രാണവേദനയോടെ പിടക്കുന്നത് നമ്മള്‍ കണ്ടില്ല. ഭൂമിയുടെ ദൃഡപേശികളെ നമ്മള്‍ തച്ചുടച്ചു, അമ്മയുടെ മടിത്തട്ടില്‍ നിന്നു ബകാസുരന്‍ ബലമായി പിടിച്ചെടുത്ത കുരുന്നുകളെപോലെ ഭൂമി തന്നോടെ ചേര്‍ത്തു നിര്‍ത്തിയിരുന്ന വൃക്ഷങ്ങളെ നമ്മള്‍ വെട്ടിയെടുത്ത് ഭൂമിയെ അകാലത്തില്‍ വന്ധ്യവയോധ്യയാക്കി. കാനായിയുടെ യക്ഷിയുടെ വക്ഷോജങ്ങള്‍പോലെ, ഉയര്‍ന്നുന്നു പൊങ്ങിനില്‍ക്കുന്ന അവളുടെ മാറിടങ്ങളെ നമ്മള്‍ മാന്തിയെടുത്തു. കുഴല്‍കിണറുകള്‍ കുത്തി അവളുടെ സിരകളിലെ അവസാന തുള്ളി രക്തവും നമ്മള്‍ ഊറ്റിയെടുത്തു. അമ്മിഞ്ഞപാലെന്ന അമ്രുതൂട്ടിയ ചുണ്ടുകള്‍ക്ക് പിന്നിലെ ദംഷ്ട്രങ്ങളാല്‍ പ്രിയപുത്രര്‍ തന്റെ മുലകണ്ണുകളെ ചുരരന്നെടുക്കുന്നത് കണ്ടു ഗാന്ധാരീധരിത്രി വേദനയാല്‍ പുളഞ്ഞു. നമ്മള്‍ കണ്ണുകള്‍ ഇറുകെയടച്ചു വെച്ചിരിക്കുകയായിരുന്നു; ഉറക്കം നടിക്കുകയായിരുന്നു.

ഇന്നവള്‍ ചോരവറ്റി, ഊഷ്മളത വറ്റിയൂഷരയായി, യൌവ്വനം പൊയ്പോയ, പുഴുക്കുത്തു ബാധിച്ച, നാനാഭോഗത്രുഷ്ണകളുടെ വിസര്‍ജ്യങ്ങള്‍ ഏറ്റുവാങ്ങി മലിനപെട്ടു വാടികരിഞ്ഞ നിര്‍മാല്യംപോലെ, നിറവും മണവും കൈവിട്ടു ഗതകാലസ്മൃതികളുടെ പട്ടടയില്‍ വിളറി വെളുത്തു വിറച്ചു വിറങ്ങലിച്ചു കിടക്കുന്നു.

സ്വന്തം മക്കള്‍ വ്യഭിചരിച്ചു വന്ധ്യയാക്കപെട്ട വസുന്ധര...

ഒരുകാലത്ത് വട്ടമുഖത്തിനു ശോഭയേകി, ഉയര്‍ന്നു നില്‍ക്കുന്ന താജ്മഹല്‍ പോലെ, മുലകച്ഛക്കും മുകളിലേക്ക് തുള്ളിതുളുമ്പുന്ന വടക്കന്‍പാട്ടിലെ തരുണീമണികളുടെ മാറിടംപോലെ, എന്‍റെ നെറ്റി മറയ്ക്കും വിധം തള്ളിതികട്ടി തിക്കിതിരക്കി നില്‍ക്കുന്ന ഇടതൂര്‍ന്ന കറുത്തമുടിയുണ്ടായിരുന്നു. ചന്ദനം തൊട്ടിരുന്നത് മുടി മുകളിലേക്ക് ഉയര്‍ത്തി വെച്ചിട്ടായിരുന്നു. ഞാനതില്‍ വല്ലാതെ അഹങ്കരിക്കുകയും ചെയ്തു. . മണ്ണ് കൊത്തി കിളച്ചിട്ട പറമ്പ് പോലെ, കന്നുപൂട്ടിയ വേനല്‍വയല്‍ പോലെ, മരച്ചീനിക്ക് തടംവെച്ച പോലെ മുഖകുരുക്കള്‍ ഉയര്‍ന്നുപൊങ്ങി നിന്നിരുന്ന, എണ്ണമയമുള്ള,  പലകപല്ലുകള്ളില്‍ വിടവുള്ള , തവളമൂക്കുള്ള എനിക്ക് മുടിയായിരുന്നു ആകെയുള്ള സൌന്ദര്യസമ്പാദ്യം. ഷാംപൂവും ക്രീമം തേച്ചും, ചൂട് പിടിപ്പിച്ചു ഞാനതിനെ കാലത്തിനനുസരിച്ച് കോലവും രൂപവും മാറ്റി കൊണ്ടിരുന്നു. മാനസികസംഘർഷങ്ങളിൽ പിടിച്ചും വലിച്ചും വളച്ചും ഒടിച്ചും പിഴുതും പീഡിപ്പിച്ചു. അവയെന്നോട് ചിണുങ്ങുന്നതും പിടയുന്നതും പുളയുന്നതും തേങ്ങുന്നതും ഞാന്‍ കണ്ടില്ലെന്നു നടിച്ചു. ചിലര്‍ പിണങ്ങി പടിയിറങ്ങി പോവുന്നത് പിന്‍ഗാമിയെ പ്രതിഷ്ടിച്ചു കൊണ്ടാണെന്ന് ഞാന്‍ ധരിച്ചു. ഞാന്‍ പിന്നെയും പിന്നെയും ആകെയുള്ള ആ പൈതൃകസമ്പത്തിനെ ദ്രോഹിച്ചു കൊണ്ടേയിരുന്നു.

എപ്പോഴാണോ എന്നറിയില്ല ഒരു ദിവസം അരക്കില്ലത്തിനു തീ കൊടുത്ത് മക്കളെയും കൊണ്ട് സ്ഥലംവിട്ട കുന്തിയെപോലെ, എന്റെ തലയില്‍ ഇടവഴികളും ഗര്‍ത്തങ്ങളും വെളിപ്രദേശങ്ങളും മരുഭൂമികളും തീര്‍ത്ത്‌കൊണ്ട് ഭൂരിഭാഗവും കൂട്ടത്തോടെ പാലായനം ചെയ്തു.. വിരലുകള്‍ക്കിടയില്‍ നിന്നൂര്‍ന്നുപോയ പ്രണയമണല്‍തരികള്‍ പോലെ അവയടര്‍ന്നകന്നു പോകുന്നത് ഇടത്തെ ചുമലില്‍ വന്നിരുന്ന പ്രണയശലഭത്തെ പിടിക്കാന്‍ മറന്ന കാമുകനെപോലെ, കണ്മുന്നിലൂടെ പടിയിറങ്ങിപോയ നിറവസന്തം ഇനിയെന്നിലേക്ക് തിരിച്ചു വരില്ലെന്ന ദുഃഖസത്യത്തെ ഉള്‍കൊള്ളാനവാതെ ഞാന്‍ വിഷണ്ണനായി നോക്കിനിന്നു. ഉള്ളത് കെട്ടിപെറുക്കി ഭാണ്ടത്തിലാക്കി, ഇന്നോ നാളെയോ ഇറങ്ങി പോകമെന്നു ഭീഷണി കണ്ണില്‍ കരിന്തിരി കത്തിച്ചു, നാളെണ്ണി നില്‍ക്കുന്ന ശേഷിച്ച നാലെണ്ണത്തെ എണ്ണിയെണ്ണി, കണക്കില്‍ കണക്കായ ഞാന്‍, കണക്ക്കൂട്ടലുകള്‍ക്കപ്പുറമുള്ള കാണാകണക്കിലേക്ക് കണ്ണുംനട്ടു കണ്‍മിഴിചിരിക്കുന്നു..

ഇങ്ങിനെയാണ്,
ഇങ്ങിനെ മാത്രമാണ്
ഇങ്ങിനെ തന്നെയാണ്,
എന്നില്ലും നിന്നിലും, നമ്മുക്ക് ചുറ്റും മരുഭൂമികളുണ്ടാവുന്നത്!!!

പ്രണയം......

( അവളിൽ)

അവളുടെ നെറുകയില്‍ നിന്നോഴുകിയിറങ്ങി കവിളിനെ തഴുകുന്ന മുടിയിഴകളാണ്.

നനുത്തുനനഞ്ഞ ചുണ്ടുകള്‍ക്കിടയില്‍ പെട്ടുഴലുന്ന,
വിരൽതൂവൽസ്പർശത്താല്‍ അടര്‍ത്തി മാറ്റുമ്പോള്‍,
അകലാന്‍ മടിക്കുന്ന താമരനൂലുകളാണ്.


ചന്ദ്രകല തിരിച്ചിട്ടപോലെ, വെള്ളിപ്രഭയുതിർത്തു വണങ്ങി വളഞ്ഞുകിടക്കുന്ന നെറ്റിതടമാണ്.

വിടര്‍ന്നനെറ്റിയില്‍  കുളികഴിഞ്ഞീറനായിവള്‍ തൊടുന്ന കളഭകുറിയുടെ ചാരുഗന്ധമാണ്.

ശ്വേതകണങ്ങള്‍ മൂക്കുത്തിയണിഞ്ഞ ചാമ്പക്കമൂക്കില്‍ ഉതിര്‍ന്നു വീഴുന്ന കുങ്കുമധൂളികളാണ്.

ലജ്ജയാല്‍ വിടരാന്‍ മടിച്ചുമിടിക്കുന്ന മയില്‍പീലിയിമകളിലൊളിചിരിക്കുന്ന ഞാവല്‍പഴനയനങ്ങളിലെ നക്ഷത്രതിളക്കമാണ്.

ചുവടുകളളെന്നടുത്തെത്തുമ്പോള്‍, താഴുന്ന മിഴികള്‍ക്കൊപ്പം പൂത്തു വിടര്‍ന്നു വിരിഞ്ഞു നില്‍ക്കുന്ന കവിളിലെ അരുണിമയാണ്.

ഊഷ്മളവേനലുകളില്‍ പിന്‍കഴുത്തിൽ മൊട്ടിടുന്ന വിയര്‍പ്പ് തുള്ളികളാണ്; അവ താഴേക്കൊഴുകി വരച്ചു തീര്‍ക്കുന്ന ജലപരപ്പുകളാണ്.

അവനിൽ...

എന്നിലെ എന്നെ, എന്നില്‍ നിന്ന് എന്നെന്നേക്കുമായി ഉണർത്തിയടർത്തിയെടുക്കുന്ന അവന്റെ സ്വപനം തളംകെട്ടിയ മിഴികളും,

മേല്‍ചുണ്ടിനുമേലെ കറുത്തുപുളഞ്ഞു കിടക്കുന്ന പൗരുഷരോമയിഴകളും,
പൗര്‍ണമി പതഞ്ഞു പരക്കുന്ന ചിരിപ്രഭയും ചേര്‍ത്തഴുതിയ രൂപഭാവത്തിന്റെ അക്ഷരരൂപമാണ് പ്രണയം.

തമ്മിൽ തമ്മിൽ...

ഉയർന്നമരുന്ന നെഞ്ചിനും
അണച്ചുതിര്‍ക്കുന്ന ചുടുനിശ്വാസങ്ങള്‍ക്കും
പിളർന്നകലുന്ന ശോണവർണ്ണചുണ്ടുകൾക്കും
വിടര്‍ന്നു നില്‍ക്കുന്ന കര്‍ണ്ണപടങ്ങള്‍ക്കും പറയാനും കേള്‍ക്കാനുമുള്ളത് ഒന്നാണ്....
എനിക്ക് നിന്നോട് പ്രണയമാണ് ......

മുദ്ര...


കൂട്ടലും കുറയ്ക്കലും കൈവിരലുകളിലും എന്ച്ചുവടിയിലും പെട്ട് കറങ്ങുന്ന ബാല്യത്തിനപ്പുറത്തേക്ക് വളര്‍ന്നു വലുതായപ്പോള്‍, ഈ വിഷയത്തില്‍ എനിക്കുള്ള ദാരിദ്ര്യം തീര്‍ക്കാന്‍, മൌനത്തിന്റെ വത്മീകം പൂകി കൊടുംതപസ്സനുഷ്ടിക്കുന്ന ബ്രഹ്മചാരികളായ മുനിവര്യന്‍മാരെ പോലും ഉണര്‍ത്തിയെടുത്തു വിഷയാസക്തി ജനിപ്പിച്ചു വികാരവിവശരാക്കുന്ന ഊര്‍വശി, മേനക, രംഭമാരെപോലെ, ക്ലാസ്സ്‌മുറിയെന്ന റാമ്പിലേക്ക് പൂച്ചനടത്തവുമായ്‌ വന്നു ചേര്‍ന്നവരാണ് അഭൗമസൗന്ദര്യത്തിൻടെ മൂന്നു മൂര്‍ത്തരൂപങ്ങൾ.

" Miles to go before I sleep" എന്ന കവിവാക്യം ഉറക്കെ ചൊല്ലി, ഇനിയുമെനിക്ക് ദൂരങ്ങള്‍ താണ്ടാനുന്ടെന്നും പറഞ്ഞു ശരവേഗത്തില്‍ രശ്മി.

"പ്രണയമണിതൂവല്‍പൊഴിയും പ്രണയമഴ" എന്ന് പാടി, ഉദ്യാനത്തിലെ സിമെന്റ് ബെഞ്ചില്‍ വലതുകാല്‍ മടക്കി, ഇടതുകൈ നനഞ്ഞൊട്ടിയ വയറിലും വലതുകൈ,  മഴത്തുള്ളികള്‍ വീണു പൊട്ടിചിതറുന്ന വിടര്‍ന്ന നെറ്റിയിലും  മലര്‍ത്തിവെച്ചും കിടക്കുന്ന ഭാനുപ്രിയയെപോലെ മഴയില്‍ നനച്ചു കുളിച്ചു രേഖ.

കുടമുല്ലപൂപോലെ വെളുത്തുരുണ്ട് തടിച്ചു ലാസ്യാലസ്യവതിയായി ബിന്ദു.

ഇവരെ തൊട്ടും തലോടിയും തേച്ചും മാച്ചുമുള്ള സഹവാസം എന്നിലെ തൃഷ്ണകള്‍ക്ക് തീപിടിപ്പിച്ചതിനാല്‍ പിന്നെയങ്ങോട്ട് കണക്കായി പോവേണ്ട ഈ വിഷയത്തില്‍ ഞാനൊരു കണക്ക്പിള്ളയായി മാറി. " സുധാകരന്‍, അന്‍പതില്‍ നാല്പത്തിയോന്പതു" എന്ന് മാഷ് ഉറക്കെ വിളിച്ചു പറയുമ്പോള്‍ ആല്‍മഹര്‍ഷത്താല്‍ ഞാനെഴുന്നേൽക്കുന്നതിനോടൊപ്പം എന്നിലെ രോമങ്ങള്‍ അതിയായ ആനന്ദാതിരേകത്തോടെ എഴുനേറ്റു നിന്നത് ഇവര്‍ കൂടി ഓണതുമ്പികളെപോലെ എന്നെ വട്ടമിട്ടു പറക്കുന്നത് കൊണ്ടായിരുന്നു.

ജീവിതപുസ്തകത്തില്‍, മോഹങ്ങള്‍ കണക്കിലെ കൂട്ടലുകളായും, മോഹഭംഗങ്ങള്‍ കിഴിക്കലുകളായും, പ്രതീക്ഷകള്‍ ഗുണനവും തിരിച്ചടികള്‍ ഹരണവുമായി വരവ് ചെലവ് കണക്കുകളില്‍ തുല്യതയില്ലാത്തതിനാല്‍ ജീവിതബാക്കിയിൽ ശിഷ്ടം വരാതെ കഷ്ടം വെച്ച് ഇഷ്ടകേട്‌ കാണിച്ചു കൊണ്ടിരുന്നു. ജീവിതത്തിന്റെ ഗതിവേഗം കുറഞ്ഞപ്പോള്‍ ശരവേഗത്തില്‍ കുതിക്കുന്ന തുടിപ്പും മിടിപ്പുമായ കൌമാരവും യൌവ്വനവും അതിവേഗത്തില്‍ കടന്നു പോയതിന്റെ കൂട്ടത്തിൽ രശ്മി എന്നെ പിടിവിട്ടകന്നു പോയി. പിടിച്ചു നിന്നത് രേഖയും ബിന്ദുവും മാത്രം...
ശിരോ-കൈരേഖകള്‍ മങ്ങിയും തെളിഞ്ഞും വളഞ്ഞും ഒടിഞ്ഞും എന്റെ ജീവിതയാത്രയില്‍ നേട്ടങ്ങളും കോട്ടങ്ങളും ഏറ്റങ്ങളും ഇറക്കങ്ങളും തന്നപ്പോഴൊക്കെ, ആശ്വാസമായും സാന്ത്വനമായും താങ്ങായും എന്നും ഇവരുണ്ട്. ജയങ്ങളില്‍ ശ്രീ ചേര്‍ത്ത് കൊണ്ട് എന്റെ ജീവിത യാത്രയിലെ ലാഭനഷ്ടപത്രത്തില്‍ എന്നോടൊപ്പം ചിരിച്ചും കരഞ്ഞും അവര്‍ എന്നെ താങ്ങിതലോടി നില്‍ക്കുന്നു!

പാദമുദ്രകളെപോലെ ഞാന്‍ ബാക്കിവെച്ച് പോവുന്ന എന്റെ ലിഖിതങ്ങളുടെ താഴെ, മുകളില്‍ എഴുതിയതെല്ലാം സത്യം; സത്യമല്ലാതെ മറ്റൊന്നുമില്ല; ഞങ്ങള്‍ ഗ്യാരന്ടി എന്നുറക്കെ പ്രഖ്യാപിച്ചു, എന്റെ വാക്കിനും വചനത്തിനും അടിവരയിട്ടു മേലൊപ്പു ചാര്‍ത്തിക്കൊണ്ട്, നെഞ്ചുവിരിച്ചു നീണ്ടുനിവര്‍ന്നു കിടക്കുന്നു സുഭഗസൌന്ദര്യം വിടര്‍ത്തികൊണ്ട് രേഖയും; മൃദുമന്ദഹാസത്തിന്റെ പൌര്‍ണമി പൊഴിച്ച്കൊണ്ട് രണ്ടു ഹൃദയസ്പന്ദനബിന്ദുക്കളും !!!

ശാപഗ്രസ്തം...


പുറംതള്ളപെടുന്ന പാല്സ്തീനീ,
നിന്റെ കുറ്റം, നീ ഇസ്രയേലിനു തലചായ്ക്കാന്‍ ഇടംകൊടുത്തുവെന്നതാണ്..

വെട്ടിയരിയപെടുന്ന യെസീദി....
നീൻടെ കുറ്റം നീ ഭൂരിപക്ഷമതത്തില്‍ ജനിച്ചില്ലയെന്നതാണ്....

ഭോഗിക്കപെടുന്ന കത്രീന....
നീൻടെ കുറ്റം നീ ക്രിസ്ത്യാനിയായി ജീവിക്കുന്നുവെന്നതാണ്.

പീഡിപ്പിക്കപെടുന്ന കാശ്മീര്‍,
നിന്റെ കുറ്റം, നീ സുന്ദരിയായി ജനിച്ചുവെന്നതാണ്..

എൻടെ കുറ്റം, ലോകവേദന എൻടെ വേദനയാവുന്നുവെന്നതാണ്.

ഗാസയിൽ വീണ ചോരക്കും
ഇറാക്കിൽ വീണ ചോരക്കും
കാശ്മീരില്‍ വീണ ചോരക്കും
നിറവും മണവുമൊന്നല്ലെന്നു പറഞ്ഞുതന്ന ഇറച്ചിവെട്ടുകാരാ, നിനക്ക് നന്ദി...

കാരണം,

നാളെ നിൻടെ നിണമൊഴുകുമ്പോഴും മിഴികൾക്ക് മറയിട്ടു,
മൗനമേലാട വാരിപുതച്ചു,
നിർവികാരതലയിണയിൽ തലചായ്ച്ചെനിക്കുറങ്ങാമല്ലോ....

അധരവ്യായാമം.


കൂടെ പിറന്നവർക്ക്,
മക്കൾക്ക്,
മരുമക്കൾക്ക്, പേരകുട്ടികൾക്ക്,  മൂർദ്ധാവിൽ വാത്സല്യചുംബനം.

ഇരുളിൽ,
മറവിൽ,
അടർന്നുവീഴുന്ന അസുലഭനിമിഷങ്ങളിൽ, കുളിർകോരുന്ന പ്രണയചുംബനം.

മനവും തനുവുമൊന്നായ് ജീവിതസഹയാത്രികക്ക്, ഊഷ്മളസ്നേഹചുംബനം.

പൊതുപ്രദർശനസുഖത്തിനായ്,
പാതയോരമലമുത്രവിസർജനം പോലൊരു ശ്വാനസുരതചുംബനം!!!

രജതരേഖകള്‍....


അകാലത്തില്‍ അമ്മയുടെ നെറുകയില്‍ അണ്ണാറകണ്ണന്‍റെ പുറത്തെ വരകള്‍ പോലെ വെള്ളിരേഖകള്‍ തെളിഞ്ഞു വന്നപ്പോള്‍ ഞാന്‍ പറഞ്ഞു...

ചന്ദ്രികമ്മേ, ദേ ഇങ്ങക്ക് വയാസയീട്ടോ....

അമ്മ പറഞ്ഞു... " ഡാ അകാലത്തില്‍ വരുന്നത് ഭാഗ്യനരയാണ്. അല്ലാണ്ടെ നിക്ക് വയസ്സായിട്ടല്ല. "
അമ്മക്ക് എന്നാണു ഭാഗ്യം എന്ന വാക്ക് ജീവിതത്തില്‍ തുണയായത് എന്ന് ഞാന്‍ ചിന്തിച്ചു വലഞ്ഞു.. ഓര്‍മ്മവെച്ചപ്പോള്‍ മുതല്‍ അമ്മക്ക് നിര്‍ഭാഗ്യങ്ങളുടെ അമാവാസി നാളുകളായിരുന്നു.
രണ്ടു ചെവിക്കരികിലും വെള്ളിയിഴകള്‍, രജനി നിഴല്‍ പാകിയ ചാണകമുറ്റത്ത് അടര്‍ന്നുവീണ സൂചിമുല്ലകള്‍ കണക്ക് പ്രത്യക്ഷപെട്ടപ്പോള്‍ ഞാന്‍ ചോദിച്ചു...

" ദി നു ഇങ്ങടെ കയ്യില് ഉത്തരണ്ടോ...."

ഒരു ആയുസ്സ് തന്നെ ചോദ്യചിഹ്നമായി ജീവിതം വഴിയടച്ചു പലവട്ടം അമ്മയെ മടുപ്പിന്റെ മരണകയത്തിലേക്ക് തട്ടിയിടാന്‍ ശ്രമിച്ചു തോറ്റുതൊപ്പിയിട്ടു സലാം വെച്ച് പോയതിന്റെ ചെറുചിരി ചുണ്ടില്‍ വിടര്‍ത്തി അമ്മ പറഞ്ഞു...

ഉത്തരം മുട്ടേ.. നിക്കോ ? ന്റെ സുധേ... നീ കേട്ടിട്ടില്ലേ.. ചെന്നിയിലെ മുടികള്‍ വെളുക്കുന്നത് ബുദ്ധിയുടെ ലക്ഷണമാണ്.. എട്ടാംക്ലാസ്സില്‍ പടിപ്പു നിര്‍ത്തി ഉപയോഗിക്കാന്‍ മറന്നു മരവിച്ച എന്റെ ബുദ്ധി തെളിഞ്ഞു വന്നതാ..

ബുദ്ധിയെ മറന്നു ബുദ്ധിമുട്ടുകളെ പ്രണയിക്കേണ്ടി വന്ന അമ്മ പറഞ്ഞത് ശരിയാവുമെന്ന് എനിക്ക് തോന്നി.. പത്തു വയസ്സ്കാരനും ആറു വയസ്സ്കാരനും ഒരു വയസ്സ്കാരനും അമ്മയുടെ വിരലുകളിലും ഒക്കത്തും ജീവിതഭാരങ്ങള്‍ തൂക്കിയപ്പോള്‍ ജീവിതതുലാസ്സിന്‍റെ സൂചി നേര്‍വരയില്‍ നിര്‍ത്താന്‍ പാട്പെട്ട അമ്മ, വെളുത്തതൊലിയെ വെല്ലുന്ന വെഞ്ചാമരംപോലെ വെളുത്ത മുടിയെ അതിന്റെ പാട്ടിനു വിട്ടു..തലമുഴുവന്‍ അരയന്നപിട പോലെ വെളുത്ത അമ്മയോട് ഞാന്‍ ചോദിച്ചു..

എന്തെങ്കിലും അടിവരയുണ്ടോ ഈ വെഞ്ചാമര കാഴ്ചക്ക് .....

പിന്നെ... ഞാന്‍ തോല്ക്കെ. ഞാനിപ്പോ മാലാഖയാണ്... നീ കണ്ടിട്ടില്ലേ പടങ്ങളില് ഈ ദൈവങ്ങളുടെ പെറകില് ഒരു വെള്ളിവെട്ടം.. നമ്മളില്‍ തിന്മയകന്നു നന്മയുടെ ശേഖരം വരുമ്പോള്‍ തലയ്ക്കു പിറകില്‍ പാപചിന്തയാല്‍ മങ്ങി കിടക്കുന്ന പ്രകാശവലയം തിളങ്ങും. ഉള്ളിലെ നന്മ വെണ്മയായി വെളിച്ചം വീശുകയാണ്. ഞാന്‍ കുടിച്ച കണ്ണുനീര്‍ വളമായി ചേര്‍ന്ന് വളര്‍ന്നു എനിക്ക് വെള്ളികിരീടം ചാര്‍ത്തി തരുകയാണ് പ്രകൃതിയെന്ന പ്രതിഭാസം..

പൈതൃകമായി അമ്മയെനിക്ക് പകര്‍ന്നു തന്നത് ധവളപ്രഭ തൂവുന്ന അകാലനരയാണ്. എന്നില്‍ നന്മയില്ലെന്നു നന്നായറിയുന്ന ഞാന്‍ കറുപ്പിന്റെ കരിമ്പടം പുതപ്പിച്ചു ആ വെന്മയെ മൂടിവെച്ചു. പ്രകൃതി എന്നേക്കാള്‍ മിടുക്കനാണ്. അമ്മക്ക് നര മാത്രം കൊടുത്തപ്പോള്‍, വെന്മയെ കറുപ്പിച്ച എനിക്ക് തലയ്ക്കു പിറകില്‍ ഒരു നന്മവട്ടം തീര്‍ത്തുതന്നു. എനിക്ക് ചേരാത്ത ഈ നന്മവട്ടത്തെ മറയ്ക്കാനുള്ള കിരീടം തേടുന്ന എന്നെ നോക്കി അമ്മ പറഞ്ഞു...

കഷണ്ടി പുരുഷലക്ഷണമാണു. നീയൊരു പുരുഷനനാണെന്നാണ് എന്റെ വിശ്വാസം...

അവിശ്വാസിയായ ഞാന്‍ അമ്മയുടെ സന്തോഷത്തിനു ഗുരുവായൂരില്‍ ശയനപ്രദക്ഷിണം നടത്തിയപ്പോള്‍, പഴനിമല കയറിയപ്പോള്‍, ശബരിമലക്ക് മാലയിടാതെ പോയപ്പോള്‍, വിവാഹം അമ്പലനടയില്‍ നടത്തിയപ്പോള്‍ അമ്മയുടെ ചുണ്ടില്‍ വിരിഞ്ഞ ചിരിമധുരവും അശ്രുകണങ്ങള്‍ തിരതല്ലിയ നീലതടാകമിഴികളും ഓർമ്മവന്ന എനിക്ക് എന്തോ അമ്മയുടെ ഈ വിശ്വാസവും കൈവിട്ടു കളയാന്‍ തോന്നിയില്ല.

അമ്മമാരിങ്ങനെയാണ്. ഓരോ നന്മക്കും തിന്മക്കും അവര്‍ക്ക് ജീവിതനിയതിയുടെ നീതിശാസ്ത്രമുണ്ട്. അവര്‍ നിയോഗത്തിലും വിധിയിലും ശാന്തിയും സമാധാനവും തേടും. പരീക്ഷണങ്ങളില്‍ അടിപതറാതെ അവര്‍ വര്‍ദ്ധിതയൂര്‍ജത്തോടെ മുന്‍പോട്ടു പോകും. നമ്മള്‍ ചെറിയ ദുഃഖങ്ങള്‍ പര്‍വ്വതീകരിച്ച് ജീവിതത്തില്‍ തോറ്റു കൊടുക്കുമ്പോള്‍ അവര്‍ വിധിതണലിലും നിയോഗയത്താണികളിലും ദുര്യോഗങ്ങളുടെ ഭാരം ഇറക്കിവെച്ച്, തണ്ണീര്‍പന്തലുകളില്‍ നിന്ന് ദാഹജലം കുടിച്ചു, ഒരു കൈകുടന്ന തെളിനീര്‍കൊണ്ട് മുഖം കഴുകി ദുര്യോഗങ്ങളെ ഒഴുക്കികളഞ്ഞു, ജീവിതത്തെ നോക്കി പുഞ്ചിരിക്കുന്നു. തച്ചുടക്കാന്‍ വന്ന തനിക്ക് പുഞ്ചിരി സമ്മാനിക്കുന്നവരെ നോക്കി ജീവിതവും പുഞ്ചിരിക്കുന്നു.

ജീവിതപരീക്ഷണങ്ങളില്‍ പതറാതെ മുന്നേറണമെന്കില്‍ അവയെ നോക്കി അലസമായി പുഞ്ചിരിക്കുക.

ജീവിതം, തോല്‍ക്കാന്‍ മനസ്സില്ലാത്ത നിങ്ങളുടെ മുന്‍പില്‍, ചെങ്കോലും കിരീടവും ഉടവാളും അടിയറവെച്ച് താണുവണങ്ങി നില്‍ക്കും.

ജീവിതം നിങ്ങളെ തിരഞ്ഞെടുക്കാന്‍ വരുമ്പോള്‍, നിവര്‍ന്നുനിന്ന് സ്വന്തം ജീവിതം തിരഞ്ഞെടുക്കുക.

ജീവിതം നിങ്ങളെ നിര്‍വചിക്കാന്‍ അനുവദിക്കരുത്; ജീവിതത്തെ സ്വയം നിര്‍വചിക്കുക...

പീഡിതപ്രിഥ്വി...



പ്രകൃതിയിലെ സര്‍വ്വതും പരസ്പരം ആശ്രയിചിരിക്കുന്നുവെന്നും പരസ്പരപൂരകങ്ങളാണെന്നും ശാസ്ത്രവും വിദ്യാഭ്യാസവും അത്രയ്ക്ക് വളർന്നു വികസിക്കാത്ത കാലത്തു മനുഷ്യന് മനസ്സിലായിരുന്നു. നിരാശകള്‍ ബാധിക്കുമ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്ന പാറകെട്ടുകളില്‍ പോയി മലര്‍ന്നുകിടന്നു, നീലവിഹായസ്സിലേക്ക് നോക്കി ആശ്വാസം കണ്ടെത്തുമായിരുന്നു. മാനംമുട്ടെ നില്‍ക്കുന്ന കുന്നുകളില്‍ കയറി കാല്‍ച്ചുവട്ടിലെ പച്ചപ്പും വൃക്ഷലതാദികളും പുഴയും നോക്കി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജനിച്ചതില്‍ നിര്‍വൃതി കൊളളുമായിരുന്നു. ഞാറ്റുവേലകളും ഋതുഭേദങ്ങളും വെയിലും മഴയും തണുപ്പും അവനു കാലാകാലങ്ങളില്‍ നല്കി അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞിനെപോലെ അവനെ പരിചരിച്ചു.
ആ കാലം കാലികാലമായി എപ്പഴോ മാറി. ഇന്ന് നന്മയുടെയും കനിവിന്റെയും ഉറവിടങ്ങളാവേണ്ട മനുഷ്യമനസ്സുകള്‍ തിന്മയുടെയും ക്രൂരതയുടെയും ഊഷരഭൂമികളാകുകയാണ്. ചൂഷണത്തിനുള്ള ഉപാധി മാത്രമായിരിക്കുന്നു പ്രകൃതി. എവിടെയാണ് പിഴച്ചത്? കാലത്തിന്റെ കുത്തൊഴുക്കില്‍ മനുഷ്യന്‍ മാറിയത് എപ്പോഴാണ്?

ഉള്ളില്‍ തിളച്ചുമറിയുന്ന കനല്‍ഭൂമിയുടെ പച്ചപുതപ്പായ ചേലയാണ് മരങ്ങള്‍.
മണ്ണിനെ കെട്ടിപിടിച്ചു നിര്‍ത്തുുന്നതാണ് നാടിന്റെ നാരായ മരവേരുകള്‍.
മണ്ണിനു ഉറപ്പു നല്കുന്നതാണ് പാറകെട്ടുകള്‍.
മണ്ണിനെ കുളിരണിയിക്കുന്ന, ഭാവഗായകനാക്കുന്ന പ്രകൃതിയുടെ വെള്ളിയരഞ്ഞാണമാണ് പുഴകള്‍.

പ്രകൃതിമാതാവിന്റെ മാറ് പിളര്‍ന്നെടുക്കുന്നപോലെ, പ്രകൃതിസൌന്ദര്യത്തിന്റെ ഔന്നത്യം കാണിച്ചുതന്ന കുന്നുകളെ മാന്തിയെടുത്ത്, മലര്ന്നു കിടന്നു ആകാശനീലിമ ആസ്വദിച്ച പാറകളെ കരിമരുന്നു വെച്ചൂപൊട്ടിച്ചു, പ്രകൃതിയുടെ ആവാസവ്യവസ്ഥയെ തകിടം മറിച്ചു, ആ കുന്നുകളേക്കളുയരത്തില്‍ കൊട്ടാരങ്ങള്‍ പണിതുയര്‍ത്തി അന്തസ്സും അഭിമാനവും ഉയര്‍ത്തി പിടിക്കാന്‍ നമ്മള്‍ പഠിച്ചതെന്നാണ്?

നമ്മുക്ക് നീന്തി തുടിക്കാന്‍, അഴുക്ക് കഴുകി കളയാന്‍, നമ്മളെ കവികളാക്കാന്‍, കളകളം പുളിനങ്ങള്തിര്‍ത്തു അലസമൊഴുകിയിരുന്ന പുഴകളെ മാലിന്യചാലുകളാക്കാന്‍, മണല്‍വാരി നമ്മുടെ സൌധങ്ങളെ സിനിമാനടികളുടെ കവിള്‍തടങ്ങള്‍പോലെ മിനുസ്സമാക്കാന്‍ പ്രേരിപ്പിച്ച വികാരമെന്താണ്?

മരം ഒരു വരമാണെന്നറിഞ്ഞിട്ടും, ജീവന്‍ നിലനില്ക്കുന്നത് ഇതിന്റെ തണലിലാണെന്നറിഞ്ഞിട്ടും, കാതലുള്ള മരംവെട്ടി വീടിന്റെ ചിത്രപണികളുളള വാതായനങ്ങളുണ്ടാക്കി, ചുവരുകള്‍ക്ക് ചാരുത നല്കി ഞെളിഞ്ഞിരിക്കുന്നു.

തെളിനീര് അമൃതാതാണെന്നറിഞ്ഞിട്ടും മുറ്റത്ത് ഒരുതുള്ളി മഴവെള്ളം കെട്ടിനില്‍ക്കാനനുവദിക്കാതെ ഒഴുക്കികളഞ്ഞിട്ടു, കിണറ്റില്‍ വെള്ളമില്ലെന്ന് പറഞ്ഞു നെന്ച്ചത്തടിക്കുന്നു.

ഇന്ധനം അധികാലം ഉണ്ടാവില്ലെന്നറിഞ്ഞിട്ടും ചുമ്മാ വാഹനങ്ങളില്‍ ഊരുചുറ്റാന്‍ പോകുന്നു.

വൈദ്യൂതി പാഴാക്കരുതെന്നു പരസ്യം കണ്ടു ശരിയെന്നര്‍ത്തത്തില്‍ തലയാട്ടി, എല്ലാറൂമിലും എ സി വെച്ച്, വീടിനുചുറ്റും അലങ്കാരദീപങ്ങള്‍ തെളിയിച്ചു സുഖസുഷുപ്തിയണയുന്നു.

പുഴയില്‍ നിന്ന് ഐശ്വര്യറായിയുടെ കണ്ണുകള്‍ പോലെയുള്ള വെള്ളാരംകല്ലുകള്‍ ഊറ്റിയെടുത്ത് സൌധങ്ങള്‍ പണിഞ്ഞു, മെലിഞ്ഞുശോഷിച്ച പാതിവെന്ത പുഴക്ക് ചരമഗീതമെഴുതുന്നു.

നമ്മുക്ക് വനമെന്നാല്‍ മരം മുറിച്ചെടുക്കാനുള്ളതാണ്. പുഴ, മണല്‍ വാരാനും മാലിന്യങ്ങള്‍ വലിച്ചെറിയാനും.
  അടുത്ത തലമുറക്കായി നല്ലതൊന്നും നമ്മള്‍ ബാക്കിവെച്ചിട്ടില്ല. മലീമാസമാവാത്ത വായുവോ വെള്ളമോ കായ്‌ഫലമോ ഒന്നുമില്ല. ഉള്ളത് കുറെനോട്ടുകളാണ്. ഇന്ന് പഴയ ന്യൂസ്‌പേപ്പര്‍ വില്‍ക്കുന്നപോലെ തൂക്കിവില്‍ക്കാന്‍ പറ്റുന്ന കടലാസുകള്‍. മറ്റൊന്നിനുകൂടി ഉപകരിക്കും. ഇളംപ്രായത്തില്‍ അവര്‍ വിഷമയമായ വായു ശ്വസിച്ചു, വെള്ളം കുടിച്ചു, ഭക്ഷണം കഴിച്ചു കാന്‍സര്‍ വന്നു അകാലത്തില്‍ പൊലിയുമ്പോള്‍, കത്തിച്ചു കളയാന്‍ ഈ നോട്ടുകെട്ടുകള്‍ ഉപകരിക്കുമായിരിക്കും. പ്രകൃതിസമ്പത്ത് ചൂഷണത്തിനു വേണ്ടിത്തന്നെയാണ്. ന്യായമായ, അവശ്യമായ, അര്‍ഹമായ ചൂഷണമാവാം. അതിരുകവിഞ്ഞ സുഖലോലുപതക്കു വേണ്ടിയാവുംബോഴാണ് പ്രകൃതിയുടെ ഹൃദയതാളം തെറ്റുന്നത്. ഈ നിമിഷത്തിന്റെ, ഇന്നിന്റെ സന്തോഷത്തിലും നിര്‍വൃതിയിലും കഴിയുന്ന നമ്മള്‍ നാളെ കുറിച്ച് ചിന്തിക്കുന്നില്ല. നാളെ എന്നത് അടുത്ത തലമുറയുടെതാണ്. നമ്മുടെ മക്കള്‍ക്ക് സമ്പത്തും സൌധങ്ങളും കൂട്ടിവെക്കുമ്പോള്‍ അവര്‍ക്ക് നഷ്ടപെടുന്നത് ഇതൊക്കെ വെറും പാഴ് വസ്തുക്കളായിമാറുന്ന നാളെയാണ്.

വെട്ടേറ്റു നിലത്ത് വീഴുന്ന ഓരോ മരവും പ്രകൃതിയുടെ, അല്ലെങ്കില്‍ മനുഷ്യന്റെ തന്നെ ചിതക്കു തീകൊളുത്താനുള്ള തീകൊള്ളിയാണ്.

മാന്തിയെടുക്കുന്ന ഓരോപിടി മണ്ണും അവന്റെ കുഴിമാടത്തില്‍ വിതറാനുള്ളതാണ്.

വറ്റിചെടുക്കുന്ന ഓരോ തുള്ളി ജലവും ഊര്‍ധ്വം വലിക്കുന്ന മനുഷ്യന്റെ നാവില്‍ ഇറ്റിക്കുന്ന ഗംഗജലമാണ്.

മലീമസമായ വായുവും വെള്ളവും.

വറ്റി വരണ്ടു കിടക്കുന്ന പുഴക്ക് മേലെ പട്ടടവെച്ചപോലെയുള്ള പാലങ്ങള്‍.

ഹരിതാഭ വറ്റിവരണ്ടു വിറങ്ങലിച്ചു കിടക്കുന്ന ഊഷരയായ പ്രിഥ്വി.

പെരുകുന്ന ചൂടില്‍ പുഴുങ്ങിയെടുത്ത പാതിവെന്ത മനുഷ്യരും കരയെടുക്കുന്ന കടലും.

മഴവില്ല് നഷ്ടപെട്ട നിറമില്ലാത്ത ആകാശത്തിന് താഴെ വിളറി വെളുത്തു വെള്ളകടലാസ്സുപോലെ വെറുങ്ങലിച്ചു നില്‍ക്കുലന്ന, കാലംമറന്നു കോലംകെട്ട മനുഷ്യസമൂഹവും.

ആവാസവ്യവസ്ഥയെ തകിടം മറിക്കാന്‍ കൂട്ട് നിന്നു, രമ്യഹര്‍മ്മ്യങ്ങളുടെ ചാരുപടിയിലിരുന്നു, പിളർക്കുന്ന പാറകളെയും ഇടിചിടുന്ന കുന്നുകളെയും നോക്കി പരിസ്ഥിതിപ്രേമം പ്രകടിപ്പിക്കുന്ന ഇരട്ടതാപ്പുള്ള മനുഷ്യ, നീ മനുഷ്യനെന്ന ദൈവത്തിന്റെ മഹത്തായ സൃഷ്ടിക്ക് അപമാനമാണ്.
പ്രകൃതി പിടയുകയാണ്.

അവിവേകിയായ, ചിന്തശൂന്യനായ മനുഷ്യന്‍ കാണിക്കുന്ന പേക്കൂത്തുകളില്‍ അവള്‍ ചിതയില്‍ എറിയപെട്ട സതിയെപോലെ എരിഞ്ഞുതീരുകയാണ്.

അഹങ്കാരിയായ മനുഷ്യാ,

പ്രകൃതിയോടുള്ള നിന്റെ വെല്ലുവിളി സ്വന്തം കുഴിമാടത്തിന്റെ മാത്രമല്ല, വരുന്ന തലമുറയുടെ കൂടെ കുഴികള്‍ തോന്ടുന്നതിനു തുല്യമാണ്.

അംബരചുംബികളായ കെട്ടിടസമുച്ചയങ്ങളും മാളുകളും പുരോഗമനമല്ല; ചൂഷണത്തിന്റെ സ്മാരകശിലകളാണ്.

പാതിവെന്ത മണല്‍പുറം, ഭൂമിദേവിയുടെ പട്ടടയാണ്.

അനാവശ്യമായി കെട്ടിയുയര്‍ത്തപെടുന്ന ഓരോ സിമന്റ്കോട്ടയും ശവപുരകളാണ്.

പ്രകൃതി,
കറുത്തിരുണ്ട വനാന്തരംപോലെ, ഇടതൂര്‍ന്നു നില്ക്കുന്ന പാറകെട്ടുകള്‍ പോലെ ഇരുണ്ടതും, പുളിനങ്ങള്‍ പൊഴിച്ച് കളകളമൊഴുകുന്ന പുഴയെപോലെയുമുള്ള ദ്രൌപദിയാണ് . അവളുടെ ഉടയാടകളാണ് വൃക്ഷലതാധികള്‍. ഒരിക്കല്‍ പ്രകൃതിയുടെ ഉടയാടകളഴിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷിച്ച അവതാരം തന്നെയാണ് പറഞ്ഞത് അവസാനം പ്രളയമാണെന്നു. പറയാതെ പറഞ്ഞ മറ്റൊന്നുണ്ട്. ക്ഷണിച്ചു വരുത്തുന്ന പ്രളയത്തില്‍ എനിക്കൊന്നും ചെയ്യനാകില്ലെന്നു.

ദുശ്ശാസനാ...

നിന്നെ ശപിക്കാന്‍ പൊങ്ങുന്നതു നിനക്കീ പ്രകൃതിരമണീയത കൈമാറിയ പിതാമഹന്മാരുടെ ചുളിവുവീണ കൈകള്‍ മാത്രമാവില്ല, പിറന്നു വീഴാന്‍ പോകുന്ന തലമുറകളുടെ നനുത്തനേര്‍ത്ത കൈകള്‍ കൂടിയാകും.

മറക്കാതിരിക്കുക.....

ഈ പ്രകൃതിസമ്പത്ത് മുത്തശ്ശന്മാര്‍ നമ്മുക്ക് ജീവിതാസ്വാദനത്തിന് കടംതന്നതാണ്; ഒരു കേടുപാടും കൂടാതെ അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാമെന്ന വ്യവസ്ഥയില്‍.
അടുത്ത തലമുറ നിങ്ങളുടെ സ്മാരകത്തില്‍ നെയ്ത്തിരി കൊളുത്തണമോ അതോ കാര്‍ക്കി്ച്ചു തുപ്പണമോയെന്ന് ദുശ്ശാസനന്മാരെ നിങ്ങള്‍ തീരുമാനിക്കുക!!!

ജയ, ജയ, ജയ, ജയ ഹെ ....



മറ്റു പുരുഷന്മാരെപോലെതന്നെ എനിക്കും കടയില്‍ കയറി എല്ലാം വാരി വലിച്ചിട്ട് ചികഞ്ഞു നോക്കി " അയ്യോ, ഒന്നും ഇഷ്ടായില്ലാട്ടോ" എന്ന് പറഞ്ഞു ഇറങ്ങിപോരാന്‍ കഴിയില്ല. ഇഷ്ടപെട്ടാലും ഇല്ലെങ്കിലും പണ്ടാരമടങ്ങി എന്തെങ്കിലും ഒന്നും വാങ്ങി കാശ് കളയും. എന്നാല്‍ നോമിൻടെ ശ്രീമതി, ജയശ്രീ, അങ്ങിനെ കാശ് കളയാന്‍ തെയ്യാറല്ല. ഇഷ്ടപെട്ടില്ലെന്കില്‍ നല്ലൊരു മന്ദഹാസം കൊടുത്ത് കൂളായി ഇറങ്ങിപോരും. "എന്തോന്നടെ" എന്നയെന്റെ മുഖഭാവം കണ്ടു അവള്‍ പറയും.

നിങ്ങൾക്ക് ജോലീം ശമ്പളോംണ്ട്. എന്ത് തോന്ന്യാസവും സ്റ്റൈലും കാണിക്കാം. ന്റെ സ്ഥിതിയതല്ല. ഹുണ്ടികയിൽ ഇടുന്നപോലെ തന്നെ മാസബജെറ്റിലേക്ക് നീക്കിവെക്കണ കാശളവിൽ വല്യെ വ്യത്യസം ഇന്ടാവാറില്ല്യാലോ.. എത്ര കടേ കേറ്യാലും വലിച്ചിട്ടാലും വേണ്ടാന്ന് പറ്യാന്‍ നിക്കൊരു വെഷമോം നാണോം ല്യ..

വാങ്ങിയാല്‍ തന്നെ രണ്ടുദിവസം കഴിഞ്ഞു ഇഷ്ടപെട്ടില്ലെങ്കിൽ മാറ്റിവാങ്ങും. ഞാന്‍ ലോട്ടറി എടുക്കുന്നതും ഇങ്ങിനെ തന്നെ. നൂറുരൂപ കൊടുത്ത് ടിക്കറ്റുകള്‍ തരാന്‍ പറയും. വിൽപ്പനക്കാരൻ അയാള്‍ക്ക്‌ ഇഷ്ടമുള്ളത് തരും. വാങ്ങി കീശയിലിട്ടു പോരും. ഒരു മാസശമ്പളകാരന് വെറുതെ പ്രതീക്ഷകള്‍ തളിരിടാനും കാശുകാരനാവുന്നത് സ്വപനം കാണാനും ഒരു കാരണം വേണം. അത്രതന്നെ. സ്ഥിരമായി എനിക്ക് ലോട്ടറി തരുന്ന ആള്‍ ഞങ്ങള്‍ രണ്ടു പേരും കൂടിയുള്ളപ്പോള്‍ കണ്ടു.

" ന്താ സര്‍, ഒന്നും വാങ്ങാറില്ലല്ലോ..

ഓ... നമ്മുക്കൊക്കെ ഈ ഭാഗ്യം ന്നു പറേണതു സ്വപ്നംകാണുന്ന പോലെയാണ്. അത് കാണാന്‍ മാത്രേ അവകാശള്ളൂ, കണ്ണ് തുറന്നു നോക്കുമ്പോള്‍ ടിം. യോഗമില്ലാത്തവർ എന്തിനാണു കാശ് കളയുന്നത്.

ഞാന്‍ ശ്രീമതിയുടെ മുന്പിില്‍ തത്വജ്ഞാനിയായി. ലവന്‍ വിടുമോ...?

" ന്നാ പിന്നെ ചേച്ചിയെടുക്കട്ടെ. ചേച്ചിയെ കണ്ടാലറിയാം നല്ല ഐശ്വര്യമാണെന്നു ലവന്റെ നമ്പര്‍.

പെണ്ണല്ലേ, ജയ അതില്‍ വീണു. നൂറു രൂപയ്ക്കു നമ്പര്‍ നോക്കിയും മാറ്റിയും തിരിച്ചുവെച്ചും കണക്ക് കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും ആയിരംരൂപയുടെ നോട്ടു കള്ളനോട്ടല്ല എന്ന് ഉറപ്പു വരുത്തുന്നത് പോലെ പൊക്കി പിടിച്ച് നോക്കിയും മൂന്നുടിക്കറ്റുകള്‍ തിരഞ്ഞെടുത്തു. വീട്ടിലെത്തിയ അവള്‍ വാങ്ങിയ പുതിയ സാരി ദേഹത്ത് പിടിച്ച് കണ്ണാടിയില്‍ നോക്കുന്നപോലെ. ടിക്കെറ്റുകള്‍ എടുത്തു ഒന്ന് കൂടി തിരിച്ചും മറിച്ചും നോക്കി, അക്കങ്ങള്‍ കൊണ്ട് വിരലില്‍ കായികാഭ്യാസങ്ങള്‍ നടത്തി, കണക്ക് കൂട്ടലുകള്‍ തെറ്റിയ, ഒക്കെ കണക്കായ ജീവിതത്തില്‍ ഒന്ന് കൂടി കണക്ക്കൂട്ടലുകള്‍ നടത്തികൊണ്ട്, ഒരു ടിക്കറ്റ്‌ കയ്യില്‍ നീട്ടി പിടിച്ചു എന്തോ പറയാന്‍ മുന്നോട്ടാഞ്ഞു.പതിനാറു വര്‍ഷത്തിന്റെ അനുഭവമുളള ഉള്ള ഞാന്‍ അപകടം മണത്തു, ഒരു മുഴം നീട്ടിയെറിഞ്ഞു,

" ജയേ, ഇത് സാരിയല്ലാട്ടോ മാറ്റി വാങ്ങാന്‍.. "

അവള്‍ മടങ്ങിയടങ്ങി. പിറ്റേദിവസം ഐശ്വര്യവതിയായ ഭാര്യ, വീടിന്റെ മൂലയിലിരിക്കുന്ന പരസ്പരം ബന്ധുക്കാരായ, ആണും പെണ്ണു കുട്ടികളുമടങ്ങുന്ന ദൈവങ്ങളെ നോക്കി മനസ്സില്‍ എന്തോ പറഞ്ഞിട്ട് മലയാളത്തിന്റെ സുപ്രഭാതമെടുത്തു നമ്പര്‍ മാറിമാറി നോക്കി. മുഖത്തെ ഐശ്വര്യവും തേജസ്സും, പഴയകാല സിനിമയിലെ യുഗ്മഗാനംപോലെ അടര്‍ന്നകന്നുപോയി. തലപൊക്കി ജഗദീശ്വരന്മാരെ ഒന്ന് നോക്കി, "ടി പി ബാലഗോപാലന്‍ എം എ" സിനിമയിൽ മോഹന്‍ലാലിനെപോലെ, മുഖം ചെരിച്ചു, ചുണ്ട് വക്രിച്ചു, കൈമലര്‍ത്തി നല്ല ഐശ്വര്യ ത്തോടെ പറഞ്ഞു..

അയ്യെടാ.................

സ്വത്വം.....


നരച്ചു വെളുത്ത നഭസ്സില്‍ വിടര്‍ന്നുല്ലസിച്ചിരുന്ന വാര്‍മഴവില്ലിനു നിറങ്ങള്‍ കൈമോശം വന്നതെങ്ങിനെയാണ്.....

നേരിന്റെയും നേര്‍മയുടെയും നിറങ്ങള്‍ക്കെന്നാണ് തെളിമയും നൈര്‍മല്യവും നഷ്ടമായത്...

എന്ന് മുതലാണ്‌ വായുവിനും വെള്ളത്തിനും അരാജകത്വത്തിന്റെ ഇരുള്‍നിറം കൈവന്നത്...

ഐശ്വര്യത്തിന്റെ, സമൃദ്ധിയുടെ, വര്‍ഷാരംഭത്തിന്റെ സുവര്‍ണ്ണവര്‍ണ്ണമായ കര്‍ണ്ണികാരത്തിനു തങ്കതിളക്കം നഷ്ടമായതെന്നാണ്.....

ഉര്‍വ്വരതയുടെ ഹരിതവര്‍ണ്ണത്തില്‍ നിന്ന് ചേതന പിണങ്ങി പടിയിറങ്ങി പോയതെന്നാണ്...

ഉദയാസ്തമനസൂര്യന്‍റെ യൌവ്വനം ജ്വലിക്കുന്ന കനല്‍മുഖം മങ്ങിവിളര്‍ത്തതെന്നു മുതലാണ്...

സത്യത്തിന്റെ, വിശുദ്ധിയുടെ, നന്മയുടെ നിര്‍മ്മലഭാവം വര്‍ണ്ണവിവേചനമറിയാത്ത വെളുപ്പിന് അന്യമായതെന്നാണ്...

ബ്രഹ്മചര്യത്തിന്റെ , വൃതശുദ്ധിയുടെ, സന്ന്യാസത്തിന്റെ പര്യായമായ കാവിയുടെ തേജസ്സടര്‍ന്നു പോയതെന്നാണ്...

നീലവിഹായസ്സില്‍ പാറികളിക്കുന്ന ത്രിവര്‍ണ്ണത്തെ അലക്കല്ലില്‍ അടിച്ചുവെളുപ്പിച്ചു നിറങ്ങള്‍ ചോര്‍ത്തിയെടുത്തതാരാണ്...

ഗഗനസാഗരനീലിമക്കും നിന്റെ കണ്ണിലെ പ്രണയനിലാവിനും അശ്ലീലം ബാധിച്ചതെന്നു മുതലാണ്‌......

പത്രദൃശ്യമാധ്യമങ്ങള്‍ നുണകൾക്ക് മേലാടയണിയിച്ച് അക്ഷരവെളിച്ചം ഊതികെടുത്തിയതെന്നുമുതലാണ്...

എന്നുപെയ്ത മഴയിലാണ്ണ് കൂണൂകൾപോലെ ഇരുളിൻടെ സന്തതികളായ നൂറുകണക്കിന് ദുരാഗ്രഹരാഷ്ട്രീയങ്ങൾ ജന്മമെടുത്തത്....

എന്നാണ് എൻടെ ദേശീയതയിലും രാഷ്ട്രബോധത്തിലും ജാതിമതമേലാളവേതാളികൾ വിഭാഗീയതയുടെ വിഷവിത്തുകൾ വിതച്ചത് .......

എന്നാണു നിരന്തരം, നിര്‍ഭയം, നിഷ്പക്ഷം, അര്‍ഥം നഷ്ടപെട്ട അക്ഷരകൂട്ടങ്ങളായി നെറികേടിന്റെ നേര്‍പരിചേദങ്ങളായത്.....

എന്ന് മുതലാണ്‌ കേവലമനുഷ്യന്‍റെ ജന്മവും മരണവും കലണ്ടറിലെ കറുത്തയക്ഷരങ്ങളെ ചുവപ്പിച്ചത്....

എന്റെ സ്വാതന്ത്ര്യം ഹനിക്കലാണ് നിന്റെ സ്വതന്ത്ര്യമെന്നത് നീ വിശ്വസിച്ചു തുടങ്ങിയതെന്നാണ്....

എന്നുമുതലാണ് ദൈവങ്ങള്‍ പാതയോരങ്ങളില്‍ ഭിക്ഷക്കായ്‌ ഹുണ്ടിക വെച്ചിരിക്കാന്‍ തുടങ്ങിയത്...

എന്നു മുതലാണ്‌ അമ്മിയും ആട്ടുകല്ലും ഉരലും ഉലക്കയും കൂട്ടിയിട്ടിടത്തു വാര്‍ദ്ധക്ക്യങ്ങള്‍ക്കായ്‌ നമ്മള്‍ പായ വിരിച്ചത്...

എന്ന് മുതലാണ് നമ്മള്‍ വാതായനങ്ങള്‍ കൊട്ടിയടച്ചു ജനലിലൂടെ ഒളിഞ്ഞു നോക്കാന്‍ പഠിച്ചത്...

എന്ന് മുതലാണ്‌ അടുത്ത വീട്ടിലെ മുറ്റവും കിണറും പയറും മുളകും മുരിങ്ങയിലയും
നമ്മുടെയല്ലാതായത്...

എന്നാണു അതിരുകളിലെ വേലിപൊത്തുകളും ഇടകളും വേര്‍തിരിവുകളുടെ ചങ്ങലകണ്ണികള്‍പോലെ ചേര്‍ന്നുറച്ചു പോയത്...

എന്നാണു ഓണം എന്റേയാഘോഷവും റംസാനും ക്രിസ്മസ്സും നിന്റെതുമാത്രമായത്.

എന്നുമുതലാണ്‌ എന്റെ ശരിയും നിന്റെ ശരിയും, പിന്നെ അശോകചക്രത്തിലെ മറഞ്ഞു കിടക്കുന്ന നാലാമത്തെ സിംഹംപോലെ മറ്റൊരു ശരിയുമുണ്ടായത് ....

എന്നാണു എന്നില്‍ നിന്നും ഒരു വ്യത്യസവുമില്ലാത്ത നീയെനിക്ക് അന്ന്യനായത്...
എന്നാണു ഞാന്‍ ഞാന്‍ മാത്രമായത്; എന്റേ എന്റേതു മാത്രമായത്...

കാലമേ....

എനിക്ക് നഷ്ടമായതെല്ലാമെനിക്ക് തിരിച്ചു തരിക.

എനിക്ക് എന്നെയും നിനക്ക് നിന്നെയുമല്ല; നമുക്ക് നമ്മെ തിരിച്ചു തരിക....

മനുഷ്യനെന്ന പദം വെറുംവക്കാവാതെ, ഒരു വികാരമാക്കാന്‍,
എന്നില്‍ നിന്നടര്‍ത്തിയെടുത്തതെല്ലാമെനിക്ക് തിരികെ തരിക

കാലമേ..... തിരികെ തരിക...

സദാചാരി...


നിൻടെ ശിരോലിഖിതങ്ങൾ പകുത്തെടുക്കാൻ കഴിയാത്ത എൻടെയോഗനിയോഗങ്ങൾക്കുളള ശേഷക്രിയയാണ് സദാചാരം.

കരളുറപ്പില്ലാത്തയെനിക്കന്ന്യമായ സുരലഹരിയുടെ അക്ഷരരൂപമാണ് സദാചാരം.

അടക്കിയൊതുക്കിവെച്ച എൻടെ ഭോഗതൃഷ്ണകളുടെ രതിമൂർച്ചയാണ് സദാചാരം.

എന്നിലെ ജാരനെ നിന്നിൽ കാണുമ്പോൾ വാടിതളർന്നണഞ്ഞുപോകുന്ന പുരുഷഭാവമാണ് സദാചാരം.

അവൻടെ കുതിപ്പിലും കിതപ്പിലും വിയർത്തൊലിക്കുന്ന നിൻടെ നിമ്നോന്നതങ്ങളിൽ എരിഞ്ഞുതീരുന്നയെന്നിലെ ഷണ്ഡനാണ്, സദാചാരി!!!

പ്രതിനായകന്‍ ..... വിത്തുകള്‍....


ദേഹം നന്നായി നീറുന്നുണ്ട്. മണ്ണില്‍ ഉരഞ്ഞുപൊട്ടിയും ഭീമസേനന്‍ മാന്തിപോളിച്ചും അടര്‍ന്നുപോയ തൊലികളില്‍ ചോരപൊടിഞ്ഞു നില്‍ക്കുന്നു. ദാസിപെണ്ണുങ്ങള്‍ ചൊരയൊപ്പിയെടുത്തു മരുന്ന് പുരട്ടിയെങ്കിലും ഇപ്പോഴും ചോര കിനിയുന്നുണ്ട്. വേദനയില്ല മറിച്ചു സുഖം തോന്നുന്നുകയാണ്. ഭീമനെ കീഴ്പെടുത്താനായതില്‍ ആല്‍മഹര്‍ഷം കൊണ്ട് ശരീരം തുടിക്കുകയാണ്. അവനെ തനിക്കു നേരിടാന്‍ കഴിയില്ലെന്നാണ് കരുതിയത്‌.. അശാന്തിയുടെ തീരഭൂമിയായിരുന്ന മനസിപ്പോള്‍ നിര്‍മ്മലമാണ്. ഒറ്റയ്ക്കാവുമ്പോള്‍ അശുഭശകുനംപോലെ വൃകൊദരനെ കുറിച്ചുള്ള ചിന്തകള്‍ കടന്നു വരും. തന്നെക്കാള്‍ ആകാരവും ബലവും അവനുണ്ട്. കാഴ്ചയില്‍ മന്ദബുദ്ധിയെന്നുതോന്നും. തീറ്റഭ്രാന്തനാണ്. അവന്‍ ദിവസവുമെന്നുവെച്ചു വളരുകയാണ്. അറിയാത്തഭാവത്തില്‍ അവന്‍ സഹോദരരെ ചവിട്ടുന്നതും മുതുകത്ത് ഇടിക്കുന്നതും കൂട്ടത്തോടെ പിടിച്ചു ശ്വാസം മുട്ടിക്കുന്നതും പതിവായപ്പോള്‍ താനും കുറേശ്ശെ തിരിച്ചു കൊടുക്കാന്‍ തുടങ്ങി. തന്നോട് അല്പം അകന്നാണ് അവന്‍ നടക്കുക. അവന്റെ പരാക്രമം മുഴുവന്‍ ഇച്ചിരിപോന്ന സഹോദരന്മാരോടാണ്. വൃകോദരന് ശക്തിയെയുള്ളൂ; ബുദ്ധിയില്ല. അവന്റെ കൈക്കുള്ളില്‍പെട്ടാലെ അവനെന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളൂ. പിടികൊടുക്കാതെ മാറിയും തിരിഞ്ഞും ഒളിഞ്ഞും താന്‍ ആക്രമിക്കുകയായിരുന്നു.

അനിയന്മാരുടെ നിലവിളികേട്ട് ഓടിചെല്ലുമ്പോള്‍ ഭീമസേനന്‍ അവര്‍ കയറിയിരുന്ന മരം പിടിച്ചു കുലുക്കി താഴെയിടാന്‍ നോക്കുകയാണ് അവര്‍ കൊമ്പുകളെ മുറുകെപിടിച്ചു "ജ്യെഷ്ടാ ജ്യെഷ്ടാ" എന്ന് കരയുന്നു. ഉപദ്രവിക്കുന്നതിന്റെ രസത്തിനിടയില്‍ താന്‍ പിറകെവന്നത് മന്ദന്‍ കണ്ടില്ല.. രണ്ടു കൈകള്‍ കൊണ്ട് പിന്നില്‍നിന്ന് കാലുകള്‍ വാരിയെടുത്തു നിലത്തടിച്ചു.. മുഖമടച്ചു വീണതിന്റെ വേദനയില്‍ ഭീമന്‍ എരുമ അമറുന്ന പോലെ കരഞ്ഞു.. എടുത്താല്‍ പൊന്താത്ത ശരീരം അവനു ദോഷമാവുകയായിരുന്നു. കൈകള്‍ കുത്തി എണീക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് മുതുകത്ത് മുട്ടുകാല്‍ മടക്കി ഇടിച്ചു.. അവന്‍ ഇടതു കൈപൊക്കി തന്നെ അള്ളിപിടിക്കാന്‍ നോക്കി. കിട്ടിയ ഭാഗങ്ങളില്‍ അമര്‍ത്തിമാന്തി. വലത്തേക്കും ഇടത്തേക്കും മാറിമാറി ചാടി അവന്‍റെ കഴുത്തിലും വാരിയെല്ലിലും താഡനങ്ങള്‍ ഏല്പിച്ചു. പുറംകാല്‍ മടക്കി അവനടിച്ചപ്പോള്‍ താന്‍ തെറിച്ചു വീണു.. തന്റെ കാലുകള്‍ പിടിച്ചു അവന്‍ മണ്ണിലൂടെ വലിച്ചു മരത്തിനു ചുറ്റും നടന്നു. ദേഹമാകെ മുറിയുന്നു. കുനിഞ്ഞു തന്നെ എടുത്തു പോക്കാന്‍ നോക്കിയപ്പോള്‍ ഇതുതന്നെ അവസരമെന്ന് കണ്ടു മുന്‍പോട്ടു വളഞ്ഞു മൂക്കില്‍ ആഞ്ഞിടിച്ചു.. ചോരതെറിച്ച മൂക്കില്‍ പിടിച്ചു വൃകോദരന്‍ ഒരു നിമിഷം തരിച്ചു നിന്നപ്പോള്‍ എണീറ്റ്‌ പിറകിലൂടെ അവന്റെ രണ്ടും കയ്യും പിന്നിലേക്ക്‌ വളച്ചു മരത്തിനു പിറകില്‍ ചേര്‍ത്ത്പിടിച്ചു.. അവന്‍ തന്റെ കൈകളിലും വാരിയിലും നഖക്ഷതങ്ങള്‍ വീഴ്ത്തികൊണ്ടിരുന്നു. സഹിച്ചു നിന്നു. പിടിവിട്ടാല്‍ തന്റെ കഥ കഴിയും. വിയര്‍പ്പില്‍ കുതിര്‍ന്നു രക്തമൊഴുകി കൊണ്ടിരുന്നു. ശക്തി മുഴുവനും കൈകളില്‍ ആവാഹിച്ചു ഇടതുകാല്‍ മരതടിയില്‍ അമര്‍ത്തി ചവിട്ടി അവന്റെ കൈകള്‍ വിടാതെ വലിച്ചു പിടിച്ചു നിന്നു. ഒടുവില്‍ ആനപന്തിയിലെ കാവല്ക്കാരാണ് വിദുരരെ കൊണ്ട് വന്നത്.. സാത്വികമുഖത്തു പതിവിനു വിപരീതമായ കോപം കണ്ടു. തന്നെ തള്ളിമാറ്റി ഒന്നും ചോദിക്കാതെ ഭീമനെ കൊണ്ട്പോയപ്പോള്‍ വേദന തോന്നി.

ധനുമാസമായതിനാലാവണം ഇരുട്ടും തണുപ്പും ഇണചേര്‍ന്ന് സന്ധ്യക്ക് മുന്‍പ് തന്നെ ഇരച്ചു കയറി വരും. സന്ധ്യാവന്ദനത്തിനു ഇനിയും സമയമുള്ളതിനാല്‍ കുറച്ചു നീന്തി തുടിക്കാമെന്നു കരുതിയാണ് അഭ്യാസശിബിരത്തില്‍ നിന്ന് നേരെ പുഴക്കരയിലേക്ക് പോന്നത്.. കൂടെ ചിത്രസേനനും ദുശാസനനും സാമനും ദ്രിതവര്‍മ്മാനും മാത്രമേ പോന്നുള്ളൂ.. ശിശിരമാസസന്ധ്യയിലെ ജലതണുപ്പ് മെയ്‌ വഴക്കത്തെ ബാധിക്കുമെന്നുള്ള ആചാര്യന്റെ ഉപദേശം രക്ഷയാക്കി മറ്റുള്ളവര്‍ ചൂടുവെള്ളത്തില്‍ കുളിക്കാനായി കുളിമുറികളില്‍ കയറുകയായിരുന്നു. സീമന്തപുത്രനായ തനിക്കു ദാസിപെണ്ണുങ്ങളുടെ മുന്‍പില്‍ തുണിയഴിക്കാന്‍ മടി തോന്നിതുടങ്ങിയിരിക്കുന്നു. ഒഴുക്കിനെതിരെ നീന്താന്‍ എന്നും വെന്പല്‍കൊള്ളുന്ന തനിക്ക് വെട്ടിയാല്‍ മുറിയാത്ത ജലപരപ്പിലേക്ക് എടുത്തുചാടുക രസകരമായാണ് തോന്നാറു. എന്നും തന്റെ ശരീരത്തെയും ആല്‍മാവിനെയും വെല്ലുവിളിക്കുന്ന എന്തിനെയും എതിരിടാനുള്ള ത്വര ബാല്യംമുതലേ മുന്നിട്ടു നിന്നിരുന്നു. പതിനായിരം മദയാനകളുടെ ശൌര്യവും ശക്തിയുമുള്ള ഒരച്ഛന്റെ മകനായി പിറന്നതിന്റെ അഹന്തയാവും ഒരുപക്ഷെ തന്നെ വിഘ്നങ്ങള്‍ കവച്ചു വെക്കാതെ, തച്ചുടച്ചു മുന്നോട്ടു പോകാനുള്ള ഊര്‍ജം തരുന്നത്. മഹാമേരു കണക്ക് ആജാനാബാഹുവായ പിതാവിന് കാഴ്ച കൂടിയുണ്ടായിരുന്നെങ്കില്‍ ചക്രവര്‍ത്തിയായെനെയെന്നു തോന്നാറുണ്ട്. ശക്തിദുര്‍ഗമായിട്ടും പുറംകാഴ്ചകള്‍ അന്യമായ രാജാവ് ഭരണം അനുജന് വിട്ടുകൊടുത്തത്തില്‍ ഇന്ന് ദുഖിക്കുന്നുണ്ടാവും. തുമ്പികൈ പോലുള്ള കൈകള്‍ കൊണ്ട് പുറം തലോടുമ്പോള്‍ ആ വെള്ളികണ്ണുകളില്‍ നനവ്‌ വരുന്നുണ്ടോയെന്ന് നോക്കും. ഇല്ല; അവ നിശ്ചേതന നിശ്ചല നെരിപ്പോടായി എരിഞ്ഞുതീര്‍ന്നു കെട്ടുകിടക്കുകയാണ്. വരണ്ട കണ്‍തടങ്ങളില്‍ തെളിച്ചവും തെളിനീരും പിറവികൊള്ളാത്തത് അദേഹത്തിന് തുണയായി കാണണം. അമ്മയാണെങ്കില്‍ എപ്പോഴും അച്ഛന്റെ കൂടെയാണ്. രാത്രികളില്‍ മാത്രമാണ് അമ്മയെ കാണാന്‍ തന്നെ കിട്ടാറു. പതിസ്നേഹത്താല്‍ നയനങ്ങള്‍ എന്നെന്നേക്കുമായി കെട്ടിയടച്ച അമ്മക്ക് എല്ലാവരെയും ഒരിക്കല്‍ പോലും കണ്ടിട്ടില്ല. തന്റെ മക്കള്‍, ദാസിയിലുണ്ടായ മക്കള്‍ എന്ന വേര്‍തിരിവില്ലവര്‍ക്ക്. എല്ലാവരോടും ഒരേപോലെ സ്നേഹം. എല്ലാവരും അച്ഛന്റെ, കുരുവംശത്തിന്റെ ചോരയല്ലേ..
പാഴ്ചിന്തകളില്‍ നിന്നുണരാന്‍ സുയോധനന്‍ ഉടയാടകള്‍ പറിചെറിഞ്ഞു ഞൊറിവിടര്‍ത്തിയ ചേലപോലെ വിടര്‍ന്നു പരന്നൊഴുകുന്ന പുഴയുടെ മാറിലേക്ക് എടുത്തുചാടി. അക്കരെപോയിവരാമെന്ന് പറഞ്ഞു കൈകള്‍ നീട്ടിയെറിഞ്ഞു പുഴയ്ക്കു വിലങ്ങനെ കമിഴ്ന്നും മലര്‍ന്നും നീന്തി. പക്ഷെ പിന്നെയും ചിന്തകള്‍ തണുപ്പിനെ പോലെ തന്നെ വരിഞ്ഞു മുറുക്കികൊണ്ടിരുന്നു. കൊട്ടാരത്തില്‍ രാജകീയസുഖഭോഗങ്ങളോടൊപ്പം താമസിക്കാന്‍ മാത്രമല്ല രാജ്യവും കൂടി പങ്കിടാനാണ് പാണ്ഡവര്‍ വരുന്നതെന്ന് പറഞ്ഞതു ശകുനിയമ്മാവനാണ്. നിനക്കവകാശപെട്ട ഭൂമിയാണ്‌ ഹസ്തിനപുരം. കുരുവംശത്തിന്റെ രക്തമോടുന്നത് കൌരവരിലാണ്. കൊട്ടാരത്തില്‍ വെച്ച് കുന്തിയോ മാദ്രിയോ ഒരു കുഞ്ഞിനും ജന്മം നല്‍കിയിട്ടില്ല. ചെറിയച്ച്ചനു കുഞ്ഞുങ്ങള്‍ ഉണ്ടാവില്ലെന്ന് ശകുനിമാമന്‍ പറഞ്ഞപ്പോള്‍ " പിന്നെയെങ്ങിനെ പാണ്ഡവര്‍ " എന്ന ചോദ്യത്തിന് അമ്മാവന്‍ ദിവ്യഗര്‍ഭം എന്ന് പറഞ്ഞൊഴിഞ്ഞു. വലുതാവുമ്പോള്‍ തനിയെ മനസിലാവുമെന്നും. നിസ്സംഗതയോടെയും അകല്‍ച്ചയോടെയും പെരുമാറുന്ന വിദുരര്‍ ചെറിയച്ഛനെ വെറുപ്പായിരുന്നു. പക്ഷെ പാണ്ഡവര്‍ വന്നതുമുതല്‍ ചെറിയച്ഛന്‍ വലിയ ഉത്സാഹത്തിലാണ്. കുന്തി ചെറിയമ്മയുമായി എപ്പോഴും കുശലവും കുശുകുശുക്കലുമാണ്. യുധിഷ്ടിരനെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്നത് കാണാം. ധര്‍മ്മോപദേശങ്ങള്‍ നല്‍കുന്നതും. അച്ഛനും പാണ്ടുചെറിയച്ഛനും കഴിവില്ലാതെ പോയതിനാല്‍ വാസ്തവത്തില്‍ രാജ്യം ഭരിച്ചത് വിദുരര്‍ ചെറിയച്ചനാണ

മറുകരയിലെത്തിയപ്പോള്‍ കിതപ്പകറ്റാന്‍ വെള്ളത്തില്‍ തന്നെ കാലുകള്‍ ഇറക്കി വെച്ച് മലര്‍ന്നു കിടന്നു. പെട്ടെന്നാണ് മറുകരയില്‍നിന്ന് നിലവിളി കേട്ടത്.. എന്തോ അരുതാത്തത് സംഭവിച്ചിരിക്കുന്നു.. ഭീമന്‍.... ? വെള്ളത്തിലേക്ക് എടുത്തുചാടി കൈകള്‍ വട്ടംവീശി ജലപരപ്പിനെ വെട്ടിയകറ്റി വേഗത്തില്‍ നീന്തി. അകലെ നിന്നെ കണ്ടു ഭീമസേനന്‍ അട്ടഹസിക്കുന്നു. എട്ടുകാലുകള്‍ ഇടയ്ക്കിടയ്ക്ക് വെളിയില്‍ പൊങ്ങുകയും താഴേക്ക്‌ പോവുകയും ചെയ്യുന്നുണ്ട്. അവരുടെ ശ്വാസം കുമിളകളായി മുകളില്‍ വന്നു പൊട്ടിതകരുന്നു. ഇടയ്ക്കു ചത്തോ എന്ന് നോക്കാനെന്നപോലെ അവരെ വെളിയില്‍ പൊക്കിയെടുക്കുന്നുണ്ട് വൃകോദരന്‍. തന്നില്‍ നിന്നേറ്റ അപമാനം തന്റെ കുഞ്ഞനിയന്മാരെ ദ്രോഹിച്ചു ആല്‍മസായൂജ്യമടയുകയാണ് വൃകോദരന്‍. അര്‍ജനനും നകുലസഹദേവന്മാരും കരയില്‍ ആരെങ്കിലും വരുന്നുണ്ടോയെന്ന് പിന്നിലേക്ക്‌ നോക്കിയും കൈകൊട്ടിയാര്‍ത്തും ആനന്ദിക്കുകയാണ്. തന്നെ കണ്ടതും അവരെ പുഴയിലേക്ക് തള്ളിയിട്ടു വൃകോദരന്‍ കരയിലേക്ക് ഓടികയറി.. മൂന്നുപേരും വല്ലാതെ അവശരായിപോയിരുന്നു. പിടിച്ചു വലിച്ചു കരക്ക്‌ കയറ്റി കാല്‍മുട്ടുകളില്‍ കമിഴ്ത്തി കിടത്തി വെള്ളമെല്ലാം ചര്‍ദിപ്പിച്ചു. ജീവിതത്തിലാദ്യമായി തന്റെ കണ്ണ് നിറഞ്ഞു.. തനിക്കു കിട്ടേണ്ട ദണ്ടനങ്ങള്‍ തന്റെ അനിയന്മാര്‍ ഏറ്റുവാങ്ങിയിരിക്കുന്നു. നിശ്ചിതയകലത്തില്‍ ഓടിരക്ഷപെടാന്‍ നില്‍ക്കുന്ന ഭീമനെ നോക്കി, ഒരു കൈകുടന്ന ജലം കയ്യിലെടുത്തു ഉയര്‍ത്തിയ കൈകളില്‍ നിന്നും മണ്ണിലേക്ക് ഒഴുകിയിറങ്ങുന്ന ജീവജലത്തെ സാക്ഷിയാക്കി പറഞ്ഞു.
ഭീമാ... ഇതിനു ധാര്‍ത്ത്രരാഷ്ട്രനായ ഞാന്‍ പ്രതികാരം ചെയ്തില്ലെങ്കില്‍ ഞാന്‍ ധൃതരാഷ്ട്രരുടെ പുത്രനല്ല.. നീ കരുതിയിരുന്നോ വൃകോദരാ.. കുരുവംശചോര ഈ സിരകളില്‍ ഓടുന്നുണ്ടെങ്കില്‍, കുരുവംശരേതസ്സില്‍ ഞാന്‍ പിറവി കൊണ്ടിട്ടുന്ടെങ്കില്‍, ഈ ജീവജലം തൊട്ടു ഞാന്‍ ശപഥം ചെയ്യുന്നു.. നിന്നെ ഞാനിതിനിരട്ടി വെള്ളം കുടിപ്പിക്കും. നീ വെള്ളം കുടിച്ചു, ശ്വാസം മുട്ടി, കണ്ണ് തള്ളും. എന്നെ ദ്രോഹിച്ചാല്‍ ഞാന്‍ ക്ഷമിക്കുമായിരുന്നു. എന്റെ സ്വന്തം ചോരയെ നീ കൊല്ലാന്‍ നോക്കി. നിന്‍റെ മരണശേഷമേ എന്റെ മുഖത്തിനി പുഞ്ചിരി വിടരുകയുള്ളൂ. ഉതിര്‍ന്നുവീഴുന്ന ഈ ജലകണികകളാണ് സത്യം.

പേടിച്ചരണ്ട കുരുന്നുകളെ ചേര്‍ത്തുപിടിച്ചു പറഞ്ഞു..

ഇനി ഞാന്‍ നിങ്ങളെ തനിച്ചാക്കില്ല. ഇനിയെനിനിക്ക് മാത്രമായി ഒരു ജീവിതമില്ല.
ഈ വലിയേട്ടന്‍ ഇനി ജീവിക്കുന്നത് നിങ്ങള്‍ക്ക് വേണ്ടിയും പിന്നെയീ പാണ്ഡവരുടെ പതനം കാണാനും മാത്രം.

ശകുനിയമ്മാനോടും അച്ഛനോടും മാത്രം നടന്ന കാര്യങ്ങള്‍ വിവരിച്ചു പറഞ്ഞു കരഞ്ഞു. അമ്മയറിയേണ്ട എന്നുപറഞ്ഞ അച്ഛന്‍ നെറുകില്‍ തലോടി കൊണ്ടിരുന്നു. ഒരിക്കല്‍ പോലും കരയാത്ത ബലവാനായ അച്ഛന്‍റെയുള്ളില്‍ സന്കടതിരകള്‍ ഉയര്‍ന്നു പൊങ്ങുന്നത് നെഞ്ചിന്‍ കൂടിന്റെ ഉയര്‍ച്ചതാഴ്ചയില്‍ നിന്നും വേഗത്തിലെടുക്കുന്ന ശ്വാസനിശ്വാസങ്ങളില്‍ നിന്നും മനസിലാവുന്നുണ്ടായിരുന്നു. ശകുനിമാമന്റെ ഇച്ചപ്രകാരം ഉള്ളിലെ കോപവും പ്രതികാരദാഹവും അടക്കിവെച്ചു തോറ്റുകൊടുത്തവന്റെ ശരീരഭാഷയും ഭാവങ്ങളുമായി കുറച്ചുദിനങ്ങള്‍ തള്ളിനീക്കി. ഗദകൊണ്ട് തന്റെ സഹോദരങ്ങളുടെ തല തച്ചുടക്കുന്ന ഭീമരൂപം സ്വപ്നം കണ്ടു ഞെട്ടിയുണരുക പതിവായി. കാത്തിരുന്നു; വര്‍ദ്ധിതപകയോടെ, തന്റെ അവസരത്തിനായി..
വല്ലപ്പോഴും ഗംഗയുടെ വനതീരങ്ങളില്‍ ഒരിടത്ത് എല്ലാവരും കൂടി തമ്പടിച്ചു ജലക്രീഡകളും കാട്ടിറച്ചിയുമോക്കെയായി കൂടുന്ന പതിവുണ്ടായിരുന്നു. ഇരുട്ട് പരക്കുന്നതുവരെ ആവോളം ഗംഗയില്‍ നീന്തിതുടിച്ച വൃകൊദരന്‍ ഭക്ഷണം തെയ്യാറാവുന്നതിനു മുന്‍പേതന്നെ പാചകശാലയില്‍ കയറി. പരിചാരകര്‍ ഭക്ഷണത്തിനു സമയമാകുമെന്നു പറഞ്ഞപ്പോള്‍ അവന്‍ പുറത്തിറങ്ങി. ഈറനോടെ കയറിവന്ന യുധിഷ്ഠിരന്‍ ചോദിക്കുന്നത് കേട്ടു..

കളിച്ചു മതിയായില്ലേ നിനക്ക് ...

ജ്യേഷ്ടന്‍ ഭക്ഷണം കഴിച്ചു കിടന്നോളൂ.. ഞാന്‍ ഒന്നുകൂടി ഉല്ലസിച്ചിട്ടു വരാം..

സൂക്ഷിക്കണം എന്ന് യുധിഷ്ഠിരന്‍ പിറുപിറുത്തെനു തോന്നുന്നു. അവൻ ജലത്തിലേക്ക് നടന്നിറങ്ങുന്നതു കണ്ടു. വെള്ളവും കരയും ചേരുന്നിടത്ത് ചളിയുണ്ട്. അവന്‍ വീണുകിട്ടിയാല്‍ എളുപ്പമായി കാര്യങ്ങള്‍. കരയിലെ പൊന്തകാടുകളില്‍ നിന്ന് വള്ളികള്‍ പറിച്ചെടുത്തു കൊണ്ട് വരാന്‍ ദുശാസനനോടും മറ്റും പറഞ്ഞു പാചകപുരയില്‍ നിന്നെടുത്ത വലിയ പങ്കായം പോലുള്ള ചട്ടുകമെടുത്തു പിന്നില്‍ ചെന്ന് വിളിച്ചു...

വൃകോദരാ.....

അവന്‍ തിരിയുന്നതിനു മുന്‍പ് ചട്ടുകം കൊണ്ട് തലയിലടിച്ചു.. തരിച്ചു മരവിച്ചുനിന്ന അവനെ വട്ടംതിരിഞ്ഞു മുന്‍കാല്‍ കൊണ്ട് കാല്‍വണ്ണകളില്‍ വീശിയടിച്ചു. കുതിര്‍ന്നമണ്ണില്‍ കാല്‍തെറ്റി അവന്‍ പാതിവെള്ളത്തിലെക്കും മലര്‍ന്നടിച്ചു വീണു.. ചളിയില്‍ കൈകുത്തി അവന്‍ എണീക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് കവിളെല്ലുകള്‍ പൊടിയും വിധം വീശി ഒരടി കൂടി കൊടുത്തു. അപ്പോഴേക്കും വള്ളികളും കയറുകളും കൊണ്ട് അനുജന്മാരെത്തി. പത്തു നാല്പതുപെരുടെ ബാഹുബലം തകര്‍ക്കാന്‍ അവന്‍ മദമിളകിയ ആനയെ പോലെ കുതറികൊണ്ടിരുന്നു. അവന്റെ കാലുകളും കൈകളും ബന്ധിച്ചു വലിച്ചുകൊണ്ട് പോയി വെള്ളത്തിലിട്ടു.. കൈകാല്‍ ബന്ധിതനായ അവന്‍ തുഴയാന്‍ കഴിയാതെ മുങ്ങിതാണുകൊണ്ടിരുന്നു. അവന്‍ തളർന്നു താഴുന്നത് കണ്ട വികര്‍ണ്ണന്‍ പറഞ്ഞു..

" അവന്‍ ചത്തു പോവും. എല്ലാവരും നമ്മെ പഴിക്കും. സഹോദരനെ കൊന്നെന്ന അപഖ്യാതി പരക്കും. അമ്മ നമ്മളെ വെറുക്കും. അവനെ രക്ഷിക്കൂ..

അമ്മയെ കുറിച്ച് പറഞ്ഞപ്പോള്‍ ആധി കയറി. വേഗം ഇറങ്ങിചെന്ന് പിടിച്ചുവലിച്ചു കരയിലിട്ടു. വെള്ളം കുടിച്ചു അവന്റെ വയര്‍ വീര്‍ത്തിരുന്നു. കണ്ണുകള്‍ വിടര്‍ന്നു ചുവന്നു തുടുത്തും. നിസഹായതയില്‍ അവന്‍ മുരണ്ടു കൊണ്ടിരുന്നു. അവനെ വൃക്ഷതടയില്‍ ചാരിയിരുത്തി പറഞ്ഞു..

" ഇനി നിന്റെ കൈ എന്റെ സഹോദരങ്ങളുടെ മേല്‍ പതിഞ്ഞാല്‍ നിന്നെ ഞാന്‍ കൊല്ലും. എനിക്ക് രാജാവാവേണ്ട, വില്ലാളി വീരനാവേണ്ട. അതിനു പറ്റിയവര്‍ നൂറില്‍ ഒരുപാടുണ്ട്. എനിക്ക് സ്വര്‍ഗ്ഗവും വേണ്ട. പ്രതികാരത്തിനും പകക്കുമിടയില്‍ ധര്‍മ്മവും സത്യവുമില്ല. ധാര്‍ത്തരാഷ്ട്രരില്‍ ഇനിയൊരുത്തനെ നീ തൊട്ടാല്‍ പിന്നെ പാണ്ഡവരിലോ കൌരവരിലോ എണ്ണം കുറയും.. കൌരവരില്‍ പിന്നെയും തൊണ്ണൂറ്റിയൊന്പതു ബാക്കിയുണ്ട്. മന്ദാ, നീ പോയാല്‍ പിന്നെ പഞ്ചപാണ്ഡവര്‍ വട്ടപൂജ്യമാണ്; വട്ടപൂജ്യം..

തുറിച്ചു നോക്കി കൊണ്ടിരുന്ന അവന്റെ കണ്ണുകളില്‍ തറപ്പിച്ചു നോക്കിപറഞ്ഞു..

കൊട്ടാരത്തില്‍ പറഞ്ഞുപരത്തിയാല്‍ അന്ന് സഹോദരങ്ങളെ ശ്വാസംമുട്ടിച്ച കഥ ഞങ്ങളും പറയും. ഇപ്പോള്‍ കടങ്ങള്‍ തീര്‍ന്നിരിക്കുന്നു.. എന്റെ സഹോദരങ്ങളെ ഉപദ്രവിക്കാതെ എന്നെ കടപ്പാടുള്ളവനാക്കി മാറ്റുക. കണക്കുകൾതീർക്കാൻ ഇനിയുമെന്നെ കടക്കാരനാക്കരുത് ഭീമസേനാ..
വിജയത്തിനു എന്ത് കൊണ്ടോ മാധുര്യം കുറഞ്ഞിരുന്നു.. അവന്റെ കണ്ണില്‍ ഭയം കണ്ടപ്പോള്‍, ദയക്ക് വേണ്ടി യാചിക്കുന്ന കണ്ണുകളില്‍ നോക്കിയപ്പോള്‍ തളരുന്നുവെന്നു തോന്നി. അരുത്.. അവന്‍ ശത്രുവാണ്.. ശത്രു ദയ അര്‍ഹിക്കുന്നില്ല.. ഇവരെ വളരാന്‍ വിട്ടാല്‍ അവഗണനയില്‍ ജീവിച്ച ബാല്യം യൌവ്വനത്തിലെക്കും വളരും. അതനുവദിക്കരുത്. തനിക്ക് ജീവനുണ്ടെങ്കില്‍ ധാര്‍ത്തരാഷ്ട്രം പങ്കുവെക്കില്ല. ക്ഷത്രിയജന്മം രാജ്യത്തിന് വേണ്ടിയാണ്. രാജ്യം രക്ഷിക്കാത്തവന്‍ ക്ഷത്രിയനല്ല. ശത്രുവിന് മുഖമില്ല, ബന്ധമില്ല, ദയയര്‍ഹിക്കുന്നുമില്ല. ശത്രുവിന്റെ കണ്ണില്‍ നോക്കരുത്; അത് നിങ്ങളെ ദയാലുവാക്കും. വെറുതെവിട്ട ശത്രു നാളെ നിങ്ങളെ തുടച്ചുനീക്കും. ശത്രു, ശത്രു മാത്രമാണ്.. ശത്രുനിഗ്രഹം; ക്ഷത്രിയധര്‍മവും.

രാജ്യം ഒരടി കുറയാതെ അച്ഛന്റെ കാല്‍ക്കല്‍ വെച്ച് താനൊരിക്കല്‍ പറയും..

അച്ചാ, ഇരുളിന്‍റെ മറവില്‍ അങ്ങേക്ക് നഷ്ടമായ സിംഹാസനം തിരിച്ചുപിടിച്ചിരിക്കുന്നു..
ഒരു രാജാവിന് വേണ്ടത് പുറംകാഴ്ചകളല്ല. ഉൾകാഴ്ചയുള്ള, ഇച്ഛാശക്തിയുള്ള, അകകണ്ണുകളുള്ള ബലവാനാണ് രാജാവ്.. അങ്ങ് ബലവാനാണ്; അങ്ങയുടെ സീമന്തപുത്രനായ ഈ സുയോധനനും.

നിശ്ച്ചയദാര്‍ഡ്യം തളംകെട്ടിയ മുഖവും പുത്തനുണര്‍വ്വിന്റെ സോപാനസംഗീതം പൊഴിക്കുന്ന മനവുമായി സുയോധനന്‍ ഉറക്കറയിലേക്ക് നടന്നു.. ( തുടരും )