പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം; പിന്നെയും പിന്നെയും ആരോ നിലാവിന്റെ മണിവേണുവൂതുന്നമൃദുമന്ത്രണം...
ശിശിരത്തിൽ മഞ്ഞുതുള്ളിയായും,
ഗ്രീഷ്മത്തിൽ വേനൽ മഴയായും,
വർഷത്തിൽ മഴത്തുള്ളിയായും,
വസന്തത്തിൽ ശലഭങ്ങളായും അവള്‍ വീണ്ടും വരികയാണോ...
വൈകിയെത്തിയ വസന്തത്തിന്റെ ഇടിമുഴക്കവും
ഉറഞ്ഞുതുള്ളുന്ന ഘനശ്യാമേഘവര്‍ഷങ്ങളുടെ ഇലഞ്ഞിതറമേളവുമായി
എന്നാണവള്‍ എന്നിലേക്ക് വനമോഹങ്ങളുമായി പെയ്തിറങ്ങുക...
എന്നാണവള്‍
ലാസ്യയായ്,
അമ്രുതമായ്,
ആലസ്യമായ്
ആരോഹണാവരോഹണത്തില്‍ സ്വയമലിഞ്ഞുലഞ്ഞു
എന്നില്‍ പെയ്തൊഴിയാതെ ചന്നപിന്നം തുള്ളിതുളുമ്പി നില്‍ക്കുക..
പൂവിടരുന്ന ചിരിയില്‍,
കൌതുകമൂറുന്ന മിഴിയില്‍,
ശോണവര്‍ണ്ണംതൂവിയ കവിളുകളില്‍
ഒതുങ്ങിയിരിക്കാത്ത വികൃതിമുടിയിഴകളില്‍ എന്നാണവളെന്നെ ഒളിപ്പിക്കുക..?
എന്നാണവള്‍ എന്നിലെ കാമനകളെ അവാഹിച്ചിടെത്തു എന്റെ വനത്രുഷ്ണകളില്‍ നിന്ന് മോചനം നല്‍കുക...?
എന്നാണവള്‍ താമരനൂലുപോലെയുള്ള വിരലുകള്‍ കൊണ്ടെന്നെ തഴുകിയുറക്കുക...?
ഹൃദയഭേദകമായ രംഗമുണ്ട് പറുദീസയായ പൂന്തോട്ടത്തില്‍. നമ്മുടെ ആദ്യസ്ത്രീജന്മം കണവന്റെ വാചകമടി കേട്ട് മനംമടുത്തു, ഒറ്റയ്ക്ക് കറങ്ങാന്‍ വിടണമെന്ന് പറഞ്ഞു വേലിക്കല്‍ പല്ല് തേച്ചു നില്‍ക്കുന്ന കണവനെ നിര്‍ബ്ന്ധിക്കുന്ന രംഗം. കണവന് അവളെ ഒരു നിമിഷം പിരിഞ്ഞിരിക്കാന്‍ വയ്യ . ശാരീരികബന്ധം തുടങ്ങിയിട്ടില്ല എന്നോര്‍ക്കണം. ഒടുക്കം അവള്‍ വഴക്ക് കൂടി, പിണങ്ങി, മൂക്ക് പിഴിഞ്ഞ് തലയില്‍ തേച്ചു, "
എനിക്കൊന്നിനും സ്വാതന്ത്ര്യമില്ല. അവകാശമില്ല. നിങ്ങളുടെ നിഴല്‍പോലെ എന്നും പിന്നാലെ നടക്കാനാണ് എന്റെ വിധി, എന്തിനു എനിക്കീ പാഴ്ജജന്മമായ സ്ത്രീജന്മം..?
എന്നൊക്കെ പറഞ്ഞു, നെഞ്ചിലും തലയിലും തല്ലി, തന്നെ മുറുകെ പിടിച്ചിരിക്കുന്ന കൈവിരലുകള്‍ ബലമായി വിടുവിച്ചു ഒറ്റയ്ക്ക് പോകുന്ന രംഗം. ഹൃദയം പറിഞ്ഞുപോകുന്ന വേദനയുമായി, കൈ നീട്ടി പിടിച്ചു കൊണ്ട് പുരുഷജന്മം നില്ക്കുന്നു. അവള്‍ വിഷമിച്ചാലോ എന്ന് കരുതി തടുക്കാനും വയ്യ, എന്നാല്‍ ഒറ്റയ്ക്ക് പോയാലുള്ള ഭവിഷ്യത്തുക്കളെ കുറിച്ച് ഉല്കണ്ടയുമുണ്ട്. ആകെ ധര്‍മ്മസങ്കടം. എന്നാപിന്നെ പോയിട്ട് അനുഭവിക്കട്ടെ എന്ന് കരുതി കാജാബീഡി പുകച്ചു, കുന്തിച്ചിരുന്നു പുല്ലു പറിക്കാന്‍ തുടങ്ങി.
ലവൾ പോയി, സാത്താന്‍ " ച്ചുന്നരി, ചക്കരു, തങ്കക്കുടം" എന്നൊക്കെ പറഞ്ഞു അവളെ പാട്ടിലാക്കി, വിലക്കപെട്ട കനി തീറ്റിചു. ഒറ്റക്ക് തിന്നതും പോര, പണ്ടത്തെ മുത്തശ്ശിമാര്‍ കല്യാണറിസപ്ഷന് പോയി മുണ്ടിന്റെ കൊന്തലയില്‍ മിക്ച്ചരും മിട്ടായിയും പൊതിഞ്ഞു കൊണ്ട് വരുന്നപോലെ, ഒരു കനി കക്ഷത്ത് വെച്ച് പോന്നു. കാരണം പേടിയുണ്ട്. ദൈവം പറഞ്ഞത് നല്ല ഓര്മയുണ്ട്. എന്തെരെന്കിലും വന്നാല്‍ ഒറ്റയ്ക്ക് അനുഭവിച്ചു തീര്‍ക്കെണ്ടിവരും.
പേടിച്ചരണ്ട പുരുഷന്‍ വരുംവരായ്കകള്‍ അറിഞ്ഞുകൊണ്ടുതന്നെ,
സ്വന്തം വാരിയെല്ലായ ധര്‍മ്മപത്നിയെ ഒറ്റയ്ക്ക് ദൈവശിക്ഷ അനുഭവിക്കാന്‍ വിടരുതെന്നുള്ള ബോധം ഉള്‍ക്കൊണ്ടു, വരുന്നതെന്തും രണ്ടുപേരും ചേര്‍ന്നനനുഭവിക്കുകയെന്ന് തീരുമാനിച്ചു, വിഷംചേര്‍ത്ത ഭക്ഷണമാണെന്നറിഞ്ഞിട്ടും അമ്മ ഉരുട്ടി തന്ന ഉരുളകള്‍ വാങ്ങി കഴിച്ച തനിയാവര്‍ത്തനത്തിലെ മമ്മൂട്ടിയെ പോലെ, പഴം തിന്നു. ഒടനെ രണ്ടു പേര്‍ക്കും ചടപിടാന്നു നാണം വരുന്നു. അന്ന് വരെ ഒരു കൌതുകവും തോന്നാത്ത നഗ്നത, സ്ത്രീരത്നത്തിന് നാണം വന്നു മിഴികള്‍ താഴ്ത്തുന്നു. മുഖം ചുവക്കുന്നു, ആദ്യമായി ഭൂമിയില്‍ കാല്‍നഖം കൊണ്ടു ചിത്രം വരക്കുന്നു, ആദ്യസംഗമം, തളര്‍ച്ച...
അപ്പഴാണ് പുരുഷകേസരിക്ക് ബോധോദയം.
വേണ്ടായിരുന്നു, തിന്നരുതായിരുന്നു, ചെയ്യരുതായിരുന്നു പോകരുതായിരുന്നു എന്നൊക്കെ പുലമ്പി . ദേ വരുന്നു സ്ത്രീയുടെ ഇന്നത്തെയും അന്നത്തെയും ക്ലാസ്സിക് ഡയലോഗ് :
ഹേ മനുഷ്യ...
ഇത്രയും വിവരമുണ്ടയിരുന്നേല്‍,
വെറും അബലയായ,
പൊട്ടിപെണ്ണായ,
ലോകം കാണാത്ത എന്നെ
പോകാന്‍ അനുവദിക്കാതെ,
രണ്ടു മുട്ടുകാലും തല്ലിയൊടിച്ചു,
" കേറി പോടീ പിത്തക്കാടി" എന്ന് പറഞ്ഞു വീട്ടിലിരുത്താഞ്ഞതെന്തേ ?
എങ്ങനീണ്ട്.. ? ഇതാണ് സ്ത്രീ ജന്മം എന്ന പുണ്യജന്മം. ഒരു തരിക്കെന്കിലും തന്റെ സഹധര്‍മ്മിണിക്ക് വിഷമമുണ്ടാകരുതെന്നു കരുതി അവളെ തടയാഞ്ഞതാണ് ഈ പഴി കേള്ക്കാനുള്ള കാരണം. ഈ സ്നേഹവായ്പാനു ഒരു രാമരാവണയുദ്ധത്തിനും കാരണം. വല്ല കാര്യവും ഉണ്ടോ സീതക്ക് കാട്ടിലേക്ക് പോകാന്‍? ആ ഊര്മിളയെ പോലെ അവിടെയെവിടെന്കിലും കാറ്റും കൊണ്ട് കമിഴ്ന്നു കിടന്നുറങ്ങിയാല്‍ പോരെ? ഇതിപ്പോ, ലൈഫ് ബോയ് സോപ്പിന്റെ പരസ്യം പോലെ, രാമന്‍ എവിടെയോ അവിടെയാണ് സീതക്ക് അയോധ്യ എന്നൊക്കെ ഗീര്‍വാണം വിട്ടു പോയിട്ട് ഒരു യുദ്ധം തന്നെ വേണ്ടി വന്നു തിരിച്ചു പിടിക്കാന്‍.
അങ്ങിനെ നിഷേധത്തിന്റെ, പെന്ബുവദ്ധിയുടെ, ആവേശത്തിന്റെ, എടുത്തു ചട്ടത്തിന്റെ കഥകളെത്ര? ആ കഥകളൊക്കെ ഇന്നും ഒരു മാറ്റവുമില്ലാതെ അനുസ്യുതം തുടരുന്നു. " ഗന്ഗെ, നീ അല്ലിക്ക് വസ്ത്രം വാങ്ങാന്‍ പോകേണ്ട" എന്ന് പറഞ്ഞാല്‍, അവള്‍ കട്ടിലെടുത്തു തറയിലെറിയും. അഥവാ വിട്ടാല്‍ അല്ലിക്ക് മാത്രമല്ല, അടുത്ത തലമുറയ്ക്ക് പോലും വസ്ത്രം വാങ്ങിയിട്ട് വരും. ചോദിച്ചാല്‍ പണ്ടത്തെ അതേ ക്ലാസ്സിക് ഡയലോഗ് പറയും :
നിങ്ങള്ക്ക് ബലമായി പിടിച്ചു വീട്ടിലിരുത്താമായിരുന്നില്ലേയെന്ന്.
എന്നാലും നമ്മള്‍ കടപ്പെട്ടിരിക്കുന്നു. അവള്‍ പോയി ആ പഴം തിന്നില്ലെന്കില്‍ പിന്നെയെന്തോന്നു ജീവിതം ?
" നീലഗിരിയുടെ സഖികളേ, ജ്വാലമുഖികളെ"
എന്ന് പാട്ടും പാടി,
വയറു നിറയെ കണികളും പഴങ്ങളും തിന്നു,
ഏമ്പക്കം വിട്ടു,
ചൊറിയുംകുത്തി, കറങ്ങി നടന്നു ജീവിതം പണ്ടാരമടങ്ങിയേനെ....

ഇന്ദ്രപ്രസ്ഥത്തില്‍ അഭ്യാസകാഴ്ചകള്‍ നടക്കണ ടൈം. പാണ്ടവമാധ്യനായ പാര്‍ഥന്റെ ബെസ്റ്റ് ടൈം!! തന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു ഞെളിഞ്ഞു നിക്കണ സമയത്ത് ദാണ്ടെ സൂര്യതേജസ്വോടെ കെടന്നു വരണ് ഒരു ഒന്ന് ഒന്നര ഒരുത്തന്‍. അവിഹിത ഗരര്‍ഭത്തിലെയായത് കൊണ്ട് മുന്നോക്കകാരനായിട്ടും ജീവിതത്തിലുടനീളം പിന്നോക്കക്കാരന്റെ അപമാനം പേറേണ്ടി വന്ന, സൂതപുത്രന്‍ കര്‍ണ്ണന്‍....ലവന്‍ പറഞ്ഞ് :ഡേയ്, എന്തരു പോളപ്പു പളക്കണത്...? ലധികം കെടന്നു പെടക്കാതെ കേട്ടാ. നീ കാണിച്ച ലതെല്ലാം, ലതിനെക്കം ഗംഫീരമായി ഞാന്‍ കാണിച്ചു തരമാടെയ്... എന്തരു ? ലപ്പോ തോടങ്ങല്ലേ ?
ലവന്‍ തൊടങ്ങി. തന്തയായ ഇന്ദ്രന്‍ ആകാശത്ത് വന്നു അനുഗ്രഹങ്ങള് അര്‍ജുനന് വേണ്ടി ചൊരിഞ്ഞ്, ലവന്റെ പക്ഷം ചേര്‍ന്ന്. ലത് കണ്ടു സൂര്യന്‍ കാര്‍മേഘങ്ങളെയൊക്കെ ഓട്ടിച്ചു വിട്ട് തന്റെ കൈപിഴയായ കര്‍ണ്ണന്റെ മേല്‍ സുവര്‍ണ്ണപ്രഭ ചൊരിഞ്ഞ്. അങ്ങനെ തന്തമാര്‍ ഓരോ ചേരിയിലായി. അര്‍ജുനന്‍ കട്ടയും പടവും ഏകദേശം മടക്കി നിക്കുമ്പോ കര്‍ണ്ണന്‍ കലിപ്പ് തീരാതെ വീണ്ടും :
ഒരു കയ്യാന്‍കളി കൂടെ നോക്കണോടെയ്....?
അര്‍ജുനന്‍ ഞാനീ നാട്ടുകരനല്ലെന്നും പറഞ്ഞു വടക്കോട്ട് നോക്കി നിന്ന്. സംഗതി അലമ്ബാവൂന്നു കണ്ട ഫീമന്‍ ചാടി വീണ് പറഞ്ഞ്..
നീയെത് പയലേ...?
നെന്റെ വീടെവിടെ?
തന്തേടെ പെരെന്തെരു?
നീ യെവടത്തെ രായാവാണ്?
ഞങ്ങ രായാക്കന്മാരോടെ തമ്മി തല്ലൂള്ളൂ കേട്ടാ..
ഫീമന്‍ തന്നേ ചോയിക്കണം. ലവന്മാര്‍ അഞ്ചു പേരുടെ തന്തയുടെ കാര്യത്തില്‍ തന്നെ ഒരു പിടിയുംല്ല. എന്നിട്ടാണ് കര്‍ണ്ണന്റെ മേക്കട്ട് കേറണത്. സുയോധനന്‍ അവസരം മൊതലാക്കാന്‍ " മൊട കണ്ടാ എട പെടും" എന്നും പറഞ്ഞു ചാടി വീണു.
നെന്റെ തന്തയുടെ തീയൂമാനം ആയൂട്ടു യെവന്റെ തീരുമാനിക്കാം കേട്ട.
പെന്നെ, യെവന്‍ രായാവ് ആവണം. അയിനു വഴിയോണ്ട് കേട്ട. യെവനെ ഞാന്‍ അങ്കരായിത്തെ രായാവായി വാഴിചിരിക്ക്നു.
പെണ്ണുങ്ങളെ, വെള്ളങ്ങള് നെറച്ച കോടങ്ങള് കൊണ്ട് വരീ..
ഒഴിക്കി യെവന്റെ മണ്ടേല്.. പൊട്ടട്ടെ വെടികള്, കൊട്ടട്ടെ വാദ്യങ്ങള്.. അണ്ണാ ഫീമ, ഇപ്പ തുല്യങ്ങള് ആയ സ്ഥിതിക്ക് തോടങ്ങട്ടെ അടി. ഞാന്‍ ജീവിച്ചിരിക്കുമ്പോ ഒരുത്തനേം നന്നാവാന്‍ തമ്മസ്സിക്കൂല്ല..
ഇത് കേട്ട് പന്തം കണ്ട പെരുച്ചാഴിയെപോലെ കുന്തം പോലെയിരുന്ന കുന്തി അന്തിച്ചു ചന്തിയും കുത്തി കൊഴഞ്ഞു വീണ്...
---------------------------------------------------------------------------------
മക്കള്‍ പരസ്പരം പോരാടുന്നതും, അവര്‍ക്ക് വേണ്ടി അവരുടെ പിതാക്കള്‍ കക്ഷി ചേരുന്നതും കണ്ടു കരള്‍ വേവുന്ന ഒരു അമ്മയുടെ ആദ്യമോഹാലസ്യം. ഒരേ വയറ്റില്‍ പിറന്ന രണ്ടു മക്കള്‍ സ്വത്തിനും പേരിനും പെരുമയ്ക്കും പരസ്പരം പോരാടാന്‍ ഒരുങ്ങി നില്‍ക്കുന്നു. തന്തമാര്‍ വേറെ വേറെ ആയതിനാല്‍ അവര്‍ ഓരോരുത്തരുടെയും പക്ഷം പിടിക്കുന്നു.. ഇതിനിടയില്‍ വിങ്ങി, ഞെരുങ്ങി, നുറങ്ങുന്നത് സ്ത്രീ ഹൃദയമാണ്;അമ്മഹൃദയമാണ്..
അന്നും ഇന്നും പിതാകളുടെ ഈഗോ ക്ലാഷുകള്‍ക്കിടയിലും
മക്കളുടെ പാരമ്പര്യസ്വത്തിന് വേണ്ടിയുള്ള വടംവലികള്‍ക്കിടയിലും
അച്ഛനും മക്കളും തമ്മിലുള്ള തലമുറവ്യത്യാസങ്ങളുടെ ശീതസമരങ്ങല്‍ക്കിടയിലും വെന്തുനീറുന്ന ഹൃദയം അമ്മയുടേതാണ്.
ആര് തോറ്റാലും ആര് ജയിച്ചാലും കണ്ണീരോഴുക്കാന്‍ വിധിക്കപെട്ട അമ്മജന്മം....
ഞാന്‍ പഞ്ചപാണ്ടവരിലെ മധ്യമനായ പാര്‍ഥന്‍. ആകൃതസൌഭഗപുരുഷമേനിയുടെ സമൂര്‍ത്തരൂപം. വരുണസമ്മാനിത ഗാണ്ടീവമെന്ന വില്ലിനു പുറമേ അമ്പോഴിയാത്ത ആവനാഴിയും എവിടെയും തിളങ്ങാനുള്ള അവസരമൊരുക്കി. പരാജയപെട്ടിടത്തോക്കെ വിധിവൈപരീതങ്ങളുടെ ശാപകഥകളുണ്ട്. അനുസരണയുള്ള, വിനയമുള്ള, മൂത്തവരെ ബഹുമാനിക്കുന്ന ഒരു കുഞ്ഞുമനസ്സിന്റെ ആര്‍ദ്രതയുണ്ട്. തളര്‍ന്നിട്ടുണ്ട്, സ്വന്തബന്ധങ്ങളെ കൊല്ലെണ്ടിവന്നപ്പോള്‍. ചതിച്ചുകൊല്ലേണ്ടിവന്ന സ്വന്തം ചോര തലയറ്റു കിടക്കുന്ന കണ്ടപ്പോള്‍. ചോര തിളചിട്ടുണ്ട് ദ്രൌപദിയുടെ ഉടയാടകള്‍ പറിചെറിയുന്നത് കണ്ടപ്പോള്‍. തിളച്ച്ചുമറിഞ്ഞ ചോരയെല്ലാം സ്വരുക്കൂട്ടി വെക്കുകയായിരുന്നു, പകരം വീട്ടാന്‍. എന്നിട്ടും പലപ്പോഴും വിഷണ്ണനായി, നിസഹായനായി, നിരുല്സാഹനായി തളര്‍ന്നു നിന്നിട്ടുണ്ട്. ഒരുപാടിടത്തു മൌനത്തിന്റെ വാല്‍മീകം പൂകേണ്ടി വന്നിട്ടുണ്ട്; പലവട്ടം. അഭ്യാസകാഴ്ചയില്‍, ദ്രൌപദിപരിണയത്തില്‍, പൊരുതി നേടിയ സൌന്ദര്യധാമത്തെ യുക്തിയില്ലായുക്തിയുടെ പേരിലും അധമമനസ്സിന്റെ കാമാധര്‍മത്തിന്റെ പേരിലും വിട്ടുകൊടുക്കേണ്ടി വന്നപ്പോള്‍. എന്നിട്ടും ദാനധര്‍മ്മദാതാക്കളുടെ പട്ടികയില്‍ അര്‍ജുനന്റെ പേരില്ല. അതു കിട്ടിയത് ഒരു കവചകുണ്ഡലം കൈവിട്ട കര്‍ണ്ണന്. ഒരാള്‍ എന്തും നല്‍കും; പക്ഷെ പടവെട്ടിനേടിയ പെണ്ണിനെ നാല് പേര്‍ക്ക് പങ്കിട്ടു കൊടുക്കുക. ഇതിനു ദാനധര്‍മപ്രേമം മാത്രം പോര, ആര്‍ജവം വേണം, ഇച്ച്ചാശക്തി വേണം, ഹൃദയം പറിഞ്ഞു പോകുന്ന, കരള്‍ കനലായെരിയുന്ന വേദന താങ്ങാനുള്ള കരുത്ത് വേണം. ചെയ്യുമോ കര്‍ണ്ണന്‍? ചെയ്യുമോ ഭീഷ്മപിതാമഹന്‍ പോലും.
ആയോധനകലകള്‍ അഭ്യസിപ്പിക്കുമ്പോള്‍ പഠിച്ചശേഷം തനിക്കൊരു സമ്മാനം തരണമെന്നുള്ള ദ്രോണരുടെ ചോദ്യത്തിന് ശേഷമുണ്ടായ നിശബ്ദത വാക്ക്‌ശരം കൊണ്ട് ഭേദിക്കാന്‍ ചങ്കുറപ്പുള്ള അര്‍ജുനന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഭ്യാസകാഴ്ച വെറുമൊരു തമാശയായിട്ടെ തോന്നിയുള്ളൂ. പക്ഷെ തേജസ്വിയായ ഒരു കുതിരക്കാരന്‍ വെല്ലുവിളിച്ചപ്പോള്‍ ഭയത്തോടെ ഏകലവ്യനെ മനസിലോര്‍ത്തു. ആ കാട്ടാളനും കൂടി വന്നിരുന്നെങ്കില്‍ എന്തൊക്കെ കഥകള്‍ പാടിനടക്കുമായിരുന്നു അരുജനന്റെ ഭീതിയെ കുറിച്ച് സ്തുതിപാടകര്‍. ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു " സൂതപുത്രനോട്, അല്ലെങ്കില്‍ ആരോടും എതിരിടാന്‍ ഞാന്‍ തെയ്യാറാണ്. എനിക്ക് വലുപ്പചെറുപ്പമില്ല. അമ്പു, വാള്‍, ദ്വന്ദയുദ്ധം.... എന്തിനും ആരോടും ഞാന്‍ തെയ്യാര്‍. പക്ഷെ അനുസരണയുടെ, വിനയത്തിന്റെ, താഴ്മയുടെ മൂര്‍ത്തരൂപമായിരുന്ന അര്‍ജുനന്‍ ഗുരുവിന്റെയും ജ്യേഷ്ഠന്റെയും മുന്‍പില്‍ അവരുടെ ആജ്ഞകള്ക്കും ആന്ഗ്യങ്ങള്‍ക്കുമായി എന്നും കാത്തുനിന്നു. തലതാഴ്ത്തി നൊമ്പരത്തോടെ നടന്നു നീങ്ങിയ കര്‍ണ്ണനോട് സഹതാപം തോന്നി. പരിഹാസ്യനായി കര്‍ണ്ണന്‍ പിന്തിരിഞ്ഞപ്പോള്‍ അറിയാതെ ഒരു ദീര്‍ഘനിശ്വസമുതിര്‍ന്നത് അദേഹത്തോടുള്ള അനുകംബയുടെതായിരുന്നു. പക്ഷെ നിര്‍വചിക്കപെട്ടത് രക്ഷപെട്ടതിലുള്ള ആശ്വാസനിശ്വാസത്തിന്റെ ബഹിര്‍സ്ഫുരണമായിട്ടായിരുന്നു. വിധി; അല്ലാതെന്തു പറയാന്‍ ....
ദ്രൌപദീപരിണയത്തില്‍ പിന്നെയും കര്‍ണ്ണന്‍ വിഷണനാവുന്നതും വിവര്‍ണ്ണനാവുന്നതും നോക്കിനില്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്തോ ഇയാള്‍ക്ക് എന്റെ ജീവിതവുമായി ബന്ധമുണ്ടെന്നു തോന്നുമായിരുന്നു. അയാളുടെ പാദങ്ങള്‍ അമ്മയുടേത് പോലെ തന്നെയിരുന്നത് ആശ്ചര്യപെടുത്തി. ജന്മജന്മാന്തര ബന്ധങ്ങളുടെ ഏതോ ഒരു കണ്ണിയുമായി കൂട്ടിയിണക്കുന്ന എന്തോ ഒന്ന് അയാളുടെ കണ്ണുകളില്‍ ഞാന്‍ വായിച്ചെടുത്തു. ജയം കൂടെയുണ്ട് എന്നറിഞ്ഞിട്ടു തോല്‍ക്കാന്‍ വിധിക്കപെട്ടവനാണ് എന്നും കര്‍ണ്ണന്‍. അത് കൊണ്ട് തന്നെ എനിക്കവനോട് തന്നെ യുദ്ധം ചെയ്യണമെന്നു തോന്നി. അജയ്യത ഗുരുവിന്റെ വാക്കുകളില്ല വേണ്ടത്; സ്തുതുപാടകരുണ്ടേ പൊടിപ്പും തൊങ്ങലും വെച്ചാ പാടുകളില്ല വേണ്ടത്, വില്ലാളിവീരന്മാരോട് പൊരുതി തന്നെ നേടെണ്ടാതാണെന്നു എന്റെ ഉള്ളു പറയുന്നുണ്ടായിരുന്നു. അഞ്ചു അമ്പുകലെയ്തു പക്ഷിയെ തകര്‍ക്കുക എനിക്ക് വെറും കുട്ടികളിയാണെന്നും ഞാനും കര്‍ണനും തമ്മില്‍ മല്‍സരത്തിനു തെയ്യാറാനെന്നു ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. കര്‍ണനെ തോല്‍പ്പിച്ചാല്‍ അത് ദുര്യോധനനും കൂട്ടര്‍ക്കും എന്നെ കൂടുതല്‍ ഭയമുണ്ടാവുമെന്ന തോന്നല്‍കൂടി ഒരു മല്‍സരത്തിനു എന്നെ പ്രേരിപ്പിച്ചിരുന്നു. ബ്രാഹ്മണവേഷവും അന്യസഭാതലവും എന്നെ മൌനിയാക്കി.
ഭിക്ഷ പന്കുവെക്കാനുള്ള അമ്മയുടെ അബദ്ധത്തില്‍ കയറിപിടിച്ചു ജ്യേഷ്ടന്റെ ധര്‍മസൂക്തങ്ങള്‍ക്കൊടുവില്‍, പൊരുതി നേടിയ പെണ്ണിനെ പങ്കുവെച്ചു ഭുജിക്കാന്‍ വിട്ടുകൊടുക്കേണ്ടി വരുമെന്ന് സ്വപ്നേപി കരുതിയതല്ല. ഇമവെട്ടുന്ന നേരം കൊണ്ട് എല്ലാം തകിടം മറിഞ്ഞു. ജ്യേഷ്ഠന്റെ ഒന്നിനും കൊള്ളാത്ത പറഞ്ഞുപഴകിയ ധര്‍മ്മസൂക്തങ്ങളോടു ഒടുങ്ങാത്ത പക തോന്നി. ധര്‍മാധര്‍മങ്ങള്‍ ഇഴകീറി അദേഹം ഭിക്ഷ കയ്യിട്ടു വാരാന്‍ വെമ്ബുമ്പോള്‍ ആദ്യമായി അദേഹത്തിന്റെ കണ്ണുകളിലെ കത്തുന്ന സ്വാര്‍ത്ഥകാമം എന്‍റെ നെഞ്ചകം പൊള്ളിച്ചു. സഹായത്തിനായി ഭീമനെ നോക്കി, നകുലസഹദേവന്മാരെ നോക്കി. എല്ലാവരും ദ്രൌപദിയുടെ സൌന്ദര്യദീപ്തിയില്‍ മുങ്ങിമയങ്ങി നില്‍ക്കുകയായിരുന്നു. പാഞ്ചാലിക്ക് അഞ്ചു ഭര്‍ത്താക്കന്മാരെ കിട്ടാന്‍ മുന്‍ജന്മകഥയുടെ പിന്‍ബലമുണ്ടായിരുന്നുവെങ്കില്‍ നേടിയ പെണ്ണിനെ പന്കുവേക്കപെടാന്‍ എനിക്ക് വിധിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ദ്രൌപദിയുടെ മുഖത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുന്നത് കണ്ടില്ലെന്നു നടിച്ചു. മണിയറയിലെ ഞരക്കങ്ങളും സീല്‍ക്കാരങ്ങളും ശ്രദ്ധിച്ചു കിടക്കുന്ന നാല് നിറയൌവ്വനങ്ങള്‍ക്കിടയില്‍ പാന്ചാലിയുമായി രമിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു തോന്നി. അഞ്ചുപേരെ അറിഞ്ഞോ അറിയാതെയോ കൂട്ടിയിണക്കി നിര്‍ത്താന്‍ അമ്മ ചെയ്ത ഈ പാതകത്തിനു തനിക്ക് മാപ്പ് നല്‍കാന്‍ കഴിഞ്ഞുവോ? അറിയില്ല. ദ്രൌപദിയെ തനിക്ക് കിട്ടിയതോ പതിമൂന്നു വര്‍ഷത്തിനു ശേഷം. വിയര്‍പ്പിന് ഗന്ധമില്ലാത്ത, സ്നിഗ്ദ്ധമേനിയില്ലാത്ത, തുടിപ്പും ചുവപ്പുമടര്‍ന്ന, പലവട്ടം പല വിഗ്രഹങ്ങളില്‍ ചാര്‍ത്തിയ വാടിയ നിര്‍മാല്യമായപ്പോള്‍. അവള്‍ മുല്ലവള്ളി കണക്ക് പടര്‍ന്നപ്പോള്‍ താന്‍ ഉണരാതെ പോയോ...? എന്തായാലും ആവേശം തണുത്തിരുന്നു; വല്ലാതെ....
സഭയില്‍ സര്‍വ്വതും പണയപ്പെടുത്തി ഒറ്റ വസ്ത്രത്തില്‍ രാജസ്വലയായിരിക്കുന്ന പാഞ്ചാലിയെ വലിചിഴച്ചപ്പോള്‍ കൈകള്‍ തരിച്ചു, ശരീരം വിറച്ചു. നിലത്ത് നിന്ന് കണ്ണെടുക്കാതെ ഭൂമി പിളരുന്നതും താഴേക്ക് പതിക്കുന്നതും സ്വപ്നം കണ്ടു കാത്തു നിന്നു. സര്‍വ്വതും നശിപ്പിച്ച ജ്യെഷ്ടനെയടക്കം തച്ച്ചുടക്കണമെന്നു തോന്നി. കലിതുള്ളുന്ന, കനലെരിയുന്ന, കണമുതിരുന്ന നിറകണ്ണുകളോടെ ഒന്നും ചെയ്യാനാവാതെ ധീരവീരയോദ്ധാവായ അര്‍ജുനന്‍ തണുത്തു മരവിച്ചു നിന്ന് പോയി. ദുര്യോധനന്റെ തുടയെക്കാള്‍ കര്‍ണ്ണന്റെ അട്ടഹാസതിരകള്‍ സാഗരഗര്‍ജനമായി അലയടിക്കുകയായിരുന്നു കര്‍ണ്ണങ്ങളില്‍. പരിണയമത്സരത്തില്‍ നിന്ന് അപമാനിച്ചു വിട്ടതിന്റെ പ്രതികാരം കര്‍ണ്ണന്‍ ആഘോഷിച്ചു തീര്‍ക്കുകയനെന്നു തോന്നി. വരട്ടെ, വരട്ടെ, അവസരങ്ങള്‍ തേടി വരുമെന്നും സൂതപുത്രന്റെ അവസാനശ്വാസം ഞാന്‍ കേള്‍ക്കുമെന്നും അപ്പോള്‍ ചിരിക്കുന്നത് ഞാനാവുമെന്നും ഉള്ളില്‍ പറഞ്ഞു.
കുരുഷേത്രത്തില്‍ കൃഷ്ണനാല്‍ തെളിയിക്കപെട്ട തേരില്‍ തളര്‍ന്നിരിക്കേണ്ടി വന്നു. എതിരിടെണ്ടത് മുഴുവന്‍ ഇന്നലെവരെ തൊഴുതു വണങ്ങിയ ഭീഷ്മപിതമാഹരെ, ഗുരുവായ ദ്രോണരെ, കൃപര്‍, ശല്യര്‍ തുടങ്ങിയ ബന്ധു ജനങ്ങളെ. ഇവരുടെ ചോര എന്നാല്‍ ചിന്തുന്നത് ആലോചിക്കാനുള്ള ത്രാണിയുണ്ടായിരുന്നില്ല. ശ്യാമവര്‍ണ്ണന്റെ ഉദീപനങ്ങളില്‍ മനംതെളിഞ്ഞു കര്‍മ്മങ്ങള്‍ ചെയ്യാന്‍ തന്നെ മുന്നിട്ടിറങ്ങി. മനസ്സ് മടുക്കുന്ന യുദ്ധത്തിനൊടുവില്‍ കര്‍ണ്ണനെ ആയുധമില്ലാത്ത സമയത്ത് മനസ്സില്ലാമനസ്സോടെ കൊല്ലേണ്ടി വന്നു. വില്ലാളി വീരനായ അര്‍ജുനന്‍റെ അഭിമാനത്തിനു മുറിവേറ്റ അവസരമായിരുന്നു . ചെവി കൊള്ളേണ്ടിയിരുന്നില്ല കൃഷ്ണഭാഷണങ്ങളെന്നു തോന്നി. കര്‍ണ്ണനെന്ന യോദ്ധാവിന് മുന്‍പില്‍ തോറ്റാല്‍പോലും വേണ്ടില്ല ചതിക്ക് കൂട്ട് നില്‍ക്കാന്‍ ആവില്ലെന്ന് പറയാമായിരുന്നു. അവിടെയും ജ്യേഷ്ഠന്റെ മസ്തിഷ്ക്കപ്രക്ഷാളനം നെഞ്ചിലെ നേരിപ്പോടായെരിഞ്ഞു. നിന്നെ കണ്ടിട്ടാനു യുദ്ധം തുടങ്ങിയതെന്നും എന്നെങ്കിലും നീ കര്‍ണ്ണനെ കൊല്ലുമോ അതോ യുദ്ധകളം വിട്ടു ഓടിപോകുമോ എന്ന ജ്യേഷ്ഠന്റെ പരിഹാസവാക്കുകളും കൃഷ്ണനോടുള്ള അനുസരണയും യുദ്ധം നീണ്ടുപോവുന്ന സ്ഥിതിയും ക്രോധത്രുഷ്ണകളും വേണ്ടാത്തത് ചെയ്യിച്ചു. വേദന ഹൃദയത്തെ കീറിമുറിച്ചത് താന്‍ ചതിച്ചു കൊന്നത് സ്വന്തം ജ്യെഷ്ടനെയാണ് എന്നറിഞ്ഞപ്പോഴാണ്. അറിഞ്ഞിരുന്നില്ല; ചതിവുകള്‍ തന്റെ രീതിയല്ലതാനും. അനുസരണയുള്ള കുട്ടിക്ക് നയിക്കുന്നിടത്തെക്ക് നയിക്കപെടുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ. തളരാനും തകരാനും പിന്നെ ഒന്നും ബാക്കിയുണ്ടയിരുന്നില്ല. തനിക്ക് ചുറ്റും ലോകം മുഴുവന്‍ ശാപവചനങ്ങള്‍ ഉച്ചരിക്കുന്നത് പോലെ തോന്നി. സ്വന്തം ചോരയെ ചതിച്ചു കൊന്നവന്‍...
അര്‍ജുനന്‍ ജയിച്ചിട്ടും തോററവനായി ചരിത്രം പറഞ്ഞു. ആരും ചോദിച്ചില്ല അര്‍ജുനന്‍ ചെയ്തതെല്ലാം സ്വയമാണോയെന്ന്. മറ്റുള്ളവരുടെ തീരുമാനങ്ങള്‍, അഭിലാഷങ്ങള്‍, ശപഥങ്ങള്‍ നിര്‍വഹിക്കാനുള്ള ഒരായുധം മാത്രമായിരുന്നു ഞാന്‍. വിസ്തൃതവക്ഷസ്സും ബലിഷ്ഠകരങ്ങളും നീലതാമാരയിതള്‍മിഴികളും കൃഷ്ണപാദങ്ങളും ഇടുങ്ങിയോതുങ്ങിയ ശാരീരവും ഒരുപകരണം മാത്രമായി തീരുകയായിരുന്നു പലപ്പോഴും. അതിനുള്ളിലെ ഹൃദയവ്യഥകള്‍, പ്രണയങ്ങള്‍, കാമനകള്‍, ചോദനകള്‍ ആരുമറിഞ്ഞില്ല. അറിഞ്ഞവള്‍ക്ക് അത് പകര്‍ന്നെടുക്കാനും കഴിഞ്ഞില്ല. പഴികള്‍ കേള്‍ക്കാനും ത്യാഗങ്ങള്‍ ചെയ്യാനും പോരാടാനും എന്നും അര്‍ജുനന്‍. നേട്ടങ്ങള്‍ എപ്പോഴും മറ്റുള്ളവര്‍ക്ക്.
അന്ബോഴിയാത്ത ആവനാഴിയും സന്തതസഹചാരിയായ ഗാണ്ടീവവും താഴെ വെച്ച്, മുറിവ് വീണ ശരീരത്തില്‍ നിന്ന് രക്തകറകള്‍ സാന്ധ്യശോഭചിന്തിയ മാര്‍ചട്ട അഴിച്ചു വെച്ച്, കൊണ്ടും കൊടുത്തും നടത്തിയ യുദ്ധത്തിന്റെ ആലസ്യത്തില്‍,
ഇടറിയ പാദങ്ങളില്‍ മനസ്സും ശരീരവും ഉറപ്പിക്കാന്‍ പാടുപെട്ടു തേര്‍തട്ടില്‍ നിന്നിറങ്ങി നടന്നു. തിരിഞ്ഞു നോക്കുമ്പോള്‍ യുദ്ധംകഴിഞ്ഞ കുരുക്ഷേത്രഭൂമിയില്‍ നിറയെ കണ്ണ്നീര്‍ വാര്‍ക്കുന്ന വിധവകള്‍, പിഞ്ചുകുഞ്ഞുങ്ങള്‍. ശോണിതമനിഞ്ഞു ചുവന്നു തുടുത്തുകിടക്കുന്ന യുദ്ധഭൂമി. തോരാതേങ്ങലുകള്‍ അലയടിക്കുന്ന അന്തപുരങ്ങള്‍.. സന്കടതിരകള്‍ തലതല്ലികരയുന്ന നൊമ്പരതീരമാണ് ഹസ്തിനപുരിയെന്നു തോന്നി. ഓക്കാനവും വിരക്തിയും തികട്ടി വരുന്ന പോലെ . എന്ത് നേടി, അഥവാ അല്ലെങ്കില്‍ ഇതാണോ നേട്ടമെന്ന് സ്വയം പലയാവര്‍ത്തി ചോദിച്ചു. ഉത്തരങ്ങള്‍ അങ്ങകലെയാണ്. പോകണം; ഉത്തരങ്ങള്‍ തേടി. ശാന്തിയും സമാധാനവും തേടി. കര്‍മങ്ങളുടെ, കര്‍മഫലങ്ങളുടെ, നിയോഗങ്ങളുടെ പൊരുള്‍ തേടി. രാജസിംഹാസനം എനിക്ക് വേണ്ട. ബന്ധുജനങ്ങളെ വെട്ടിയും കൊന്നും പിടിച്ചെടുത്ത സിംഹാസനം എന്നെ പേടിപെടുത്തുന്നു. പകയുടെ, ചതിയുടെ, നുണയുടെ, ചോരമണക്കുന്ന, ഓക്കാനം വരുത്തുന്ന ഈ കൊട്ടാരസുഖങ്ങള്‍ എനിക്ക് വേണ്ട. മനസ്സ് സ്വസ്ഥമാകുന്നില്ല. എവിടെ രഥം? എവിടെ ഉത്തരീയം. മെതിയടികള്‍ വേണ്ട, കങ്കണങ്ങള്‍ വേണ്ട, അരപട്ട വേണ്ട, കിരീടം വേണ്ടേ വേണ്ട. വെറും മനുഷ്യനായി, പ്രജയായി, ദാസനായി, കല്ലും മുള്ളും തറച്ചു ചോരപൊടിയുന്ന നഗ്നപാദങ്ങള്‍ കൊണ്ടാകട്ടെ ഇനിയുള്ള യാത്രകള്‍. സ്വന്തബന്ധങ്ങളുടെ ചോരചിന്തിയ പാപഫലങ്ങള്‍ക്കു പകരമാവില്ല ഇതൊന്നുമെങ്കിലും പോയെ പറ്റൂ. ഏങ്ങലടികള്‍ എത്താത്ത, ചോരയുടെ മണമെത്താത്ത ശാന്തമായ ഒരിടത്തേക്ക്.
മാപ്പ് തരൂ ഗുരുജനങ്ങളെ.
മാപ്പ് തരൂ ഭീഷ്മപിതാമഹരെ.
മാപ്പ് തരൂ ഞാന്‍ വിധവകളായാക്കിയ എന്റെ കൂടപിറപ്പുകളെ.
മാപ്പ് തരൂ ശ്രേഷ്ഠജ്യേഷ്ഠനായ, കൌന്തെയനായ, ഗന്ഗേയനായ, രാധേയനായ കര്‍ണ്ണാ ....
എവിടെ കോസലരും മഗധരും...?
ധര്‍മം വിടാത്ത ജ്യെഷ്ടന്റെയും
കുരുഷേക്ത്രയുദ്ധം തന്‍റെ ബാഹുബലത്താല്‍ വിജയിപ്പിച്ച ഭീമന്റേയും, ദാനധര്‍മങ്ങളുടെ സമൂര്‍ത്തരൂപമായ കര്‍ണ്ണന്‍റെയും
പിത്രുസ്നേഹത്തിന്റെ ഭീമരൂപമായ ഘടോല്‍കചന്‍റെയും
വീരത്തിന്റെ മകുടോദാഹരണമായ അഭിമന്യുവിന്റെയും
ഭര്‍തൃസ്നേഹത്തിന്റെ നിറചാര്‍ത്തായ ഗാന്ധാരിയുടെയും
കര്‍മകുശലതയുടെ ആള്‍രൂപമായ കുന്തിയുടെയും
ആക്രുതസൌഷ്ടവത്തിന്റെ നിറലാവന്യമായ ദ്രൌപദിയുടെയും
ധിഷണയുടെയും കൌശലത്തിന്റെയും മുഗ്ദ്ധഹാസമായ കൃഷ്ണന്റെയും എണ്ണിയാലോടുങ്ങാത്ത വിജയഗാഥകള്‍ പാടി തിമിര്‍ക്കുമ്പോള്‍ ചേര്‍ത്ത് പാടെണ്ടതൊന്നുകൂടിയുണ്ട്. തന്റെ പ്രതിഭയാലും കരവിരുതിനാലും നേടിയെടുത്ത പെണ്ണിനെ, തന്നെമാത്രം ജനിച്ചപ്പോള്‍ മുതല്‍ മനസ്സ് കൊണ്ട് വരിച്ച ദ്രൌപദിയെ കണ്‍നിറയെ കാണുന്നതിനു മുന്‍പ് സഹോദരങ്ങള്‍ക്കായി സമര്‍പ്പിച്ച അര്‍ജുനന്റെ ലോലഹൃദയത്തെ കുറിച്ചും കരള്‍കരിയുന്ന നൊമ്പരങ്ങളെ കുറിച്ചും....
തേര്‍ പതുക്കെ തെളിക്കു കൃഷ്ണ; പാര്‍ത്ഥനൊന്നു വിശ്രമിക്കട്ടെ...
വനവാസത്തിന് ശ്രീരാമന്‍ പോവുന്നുവെന്നുള്ള വാര്‍ത്തക്ക് ശേഷം അയോധ്യയും കോസലവുമൊക്കെ നിശ്ചലമാണ്; നിശബ്ദമാണ്. മുളംകൂട്ടം കാറ്റിലുലയുന്നപോലെ ചില മര്‍മരങ്ങളും തേങ്ങലുകളും ഇടവിട്ട് അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ട്. കര്‍ക്കിടകമാസസായന്തനത്തിലെ മഴക്കാലമേഘങ്ങളാല്‍ മൂടികെട്ടിയ ആകാശംപോലെ ജനപഥങ്ങളും ദര്‍ബാറും ഇടനാഴികളും അന്തപുരവും ഇരുള്‍മൂടി കിടക്കുകയാണ്. കാലം മരവിച്ചപോലെ. ശരി തെറ്റുകളുടെ ഇഴകീറുന്ന പിറുപിറുക്കലുകള്‍ കലോച്ചകളില്‍ അലിഞ്ഞില്ലാതെയാവുകയാണ്. ദീര്‍ഘനിശ്വസങ്ങളാണെങ്ങും. വനരോദനങ്ങളായി തീരുന്ന നിശ്വാസങ്ങള്‍...
" ഞാനും വരുന്നു... "
സീതയെന്ന സതീരത്നത്തിന്റെ ഉറച്ച തീരുമാനശബ്ദം കേട്ടാണ് താന്‍ മണ്ടപത്തിലെക്ക് വന്നത്.
"രാജകൊട്ടാരാത്തിന്റെ പട്ടുമെത്തയില്‍ ശയിക്കുകയും പാല്‍കഞ്ഞി കുടിക്കുകയും
ചന്ദനലേപനങ്ങള്‍ പുരട്ടി താരകള്‍ നിഴല്‍വീശുന്ന അന്തപുരകുളത്തില്‍ തിമിര്‍ത്തു കുളിക്കുകയും ചെയ്യുന്ന സീതാദേവി കല്ലും മുള്ളും വന്യമൃഗങ്ങളും നിറഞ്ഞ നിബിഡവനത്തിലേക്ക് വരികയോ? അസംഭവ്യം." രാമന്‍ തീര്‍ത്തു പറഞ്ഞു.
" സ്വാമി, രാമനെവിടെയാണോ അവിടെയാണ് സീതക്ക് അയോധ്യ. പതിയുടെ പരിചരണമാണ് ഉത്തമഭാര്യയുടെ കടമ ". സീത ഉത്തരീയം തോളത്തു വലിച്ചിട്ട്, ശിരോവസ്ത്രം താഴ്ത്തി രാമനെ ചേര്‍ന്ന് നിന്ന് പ്രഖ്യാപിച്ചു. രാമന്‍ മന്ദഹസിച്ചു;സീതയും.
ആരും, എന്തിനു, ലക്ഷ്മണന്‍ പോലും ചോദിച്ചില്ല, ഊര്‍മിള എന്ത് പറയുന്നുവെന്നു. ഒരു ഉത്തമഭാര്യായാവാന്‍ തനിക്കും കൊതിയുണ്ട്. ഇതുപോലെ നടുതളത്തിലേക്ക് ഇറങ്ങിചെന്ന് പറയാന്‍ ലക്ഷ്മണന്‍ തന്റെ പാതി മഹാരാജാവായി വാഴിക്കാന്‍ പോവുന്നവനല്ല; താന്‍ റാണിയുമല്ല. അവളുടെ ചെന്‍കനലെരിയുന്ന നെഞ്ചിലെ താപബാഷ്പങ്ങള്‍ ഉയര്‍ന്നു പൊങ്ങുന്നത്, കരഞ്ഞു വീര്‍ത്ത കവിളുകളിലെ ഉണങ്ങാത്ത ഉപ്പുരസപാടുകള്‍, തുള്ളി തളുമ്പി നില്‍ക്കുന്ന കണ്ണീര്‍തടാകങ്ങള്‍ ആരും കണ്ടില്ല. അവള്‍ നിഴലില്‍, മറവില്‍, ഇരുട്ടില്‍ ഒളിച്ചു മറഞ്ഞു നില്‍ക്കാനും സന്തോഷവും സന്താപവും ഒളിച്ചു വെക്കാനും ജനിച്ചവള്‍.
നീലവിരിയിട്ട ജാലകതിരശീല നീക്കി അവള്‍ ലക്ഷ്മണനെ നോക്കി. അദേഹം ശിരസ്സ് കുനിച്ചു രാജാവിന്റെ കല്‍പ്പനകള്‍ക്ക് തന്‍റെ കണ്ണും കാതും നല്‍കി വണങ്ങി നില്‍ക്കുകയാണ്, എപ്പോഴത്തെയും പോലെ. രാജാവ് നിവര്‍ന്നു നില്‍ക്കുമ്പോള്‍ വലുതാവുകയും കുനിഞ്ഞു നില്‍ക്കുമ്പോള്‍ ചെറുതാവുകയും ചെയ്യുന്ന വെറുമൊരു നിഴല്‍രൂപമാണോ തന്റെ പാതിയായ പതി സൌമിത്രിയെന്നു ഊര്‍മിളക്ക് തോന്നി.
വനവാസത്തിനിറങ്ങുന്ന രാമന്‍റെയൊപ്പം ജ്യേഷ്ഠന്റെ നിഴലായി മാത്രം ജീവിക്കാന്‍ നിയോഗമെറ്റ് വാങ്ങിയ ലക്ഷ്മണന്‍ പുറപ്പെടുമെന്ന് ഊഹിച്ചിരുന്നില്ല. അറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു. സ്ത്രീകള്‍ക്ക് ശബ്ദമില്ലാത്തയിട്ത്തു, പുരുഷന്മാരുടെ വിനോദത്തിനും സേവനത്തിനും ജന്മമെടുക്കുന്ന മാട് ജന്മങ്ങള്‍ക്ക് വിഷമമുണ്ടോ വേദനയുണ്ടോ, വികാരമുണ്ടോ എന്നൊക്കെ ആരന്വേഷിക്കാന്‍. അല്ലെങ്കിലും പോകേണ്ടെന്നു പറയാന്‍ താനാര്? വെറുമൊരു പരിചാരിക. നിഴലിന്റെ നിഴല്‍. എപ്പോഴോ അടുത്ത് കിട്ടിയപ്പോള്‍ പാഴ് വാക്കാവുമെന്നു കരുതിതന്നെ ചോദിച്ചു..
" ആര്യാപുത്രാ, ജ്യേഷ്ടത്തി പറഞ്ഞതൊക്കെ ഞാനുമാവര്‍ത്തിക്കുന്നു. അങ്ങയുടെ കൂടെ എവിടെയാണെങ്കിലും എനിക്ക് സ്വര്‍ഗ്ഗമാണ്. അങ്ങയുടെ പാദാരവിന്ദങ്ങളാണ് എന്റ പട്ടുമെത്ത. അങ്ങ് കഴിച്ചുവെച്ച എച്ചിലാണ് എനിക്കമൃത്. അങ്ങ് വായ്‌കഴുകിയ തീര്‍ത്ഥജലമാണ് എന്റെ ജീവജലം. അങ്ങുതിര്‍ത്ത നിശ്വസമാണ് എന്റെ ജീവവായു. അങ്ങയുടെ വിയര്‍പ്പാണ് എന്റെ നീരാട്ടിനുള്ള ജലധാര".
ജീവിതകാലം മുഴുവന്‍ ഒരു പരിചാരകന്റെ വേഷമണിഞ്ഞ അദേഹം മൊഴിഞ്ഞു;
" ഞാന്‍ ചേട്ടനെയും ചെട്ടത്തിയമ്മയേയും പരിചരിക്കാന്‍ പോവുകയാണ്. ഇവിടെ അച്ഛനെയും അമ്മമാരെയും പരിചരിക്കാന്‍ കഴിവുള്ള ഒരാളെ ഉള്ളൂ, അത് നീയാണ്".
വാക്കുകള്‍ ഇടിത്തീയായി പതിക്കുകയായിരുന്നു. പോള്ളിപോയി നെഞ്ചും ചെവികളും. കൊട്ടാരത്തില്‍ ദാസിമാരെ തട്ടിയും മുട്ടിയും നടക്കാന്‍ കഴിയില്ല. എന്നിട്ടും മിഥിലപുരിയിലെ ജനകമാഹാരാജാവിന്റെ നാല് പുത്രിമാരില്‍ ഇളയവളായ, രാജാവിനു രക്തത്തില്‍ ജനിച്ച ഒരേ ഒരു മകളായ ഊര്‍മ്മിളക്ക് പതിനാല് വര്‍ഷത്തേക്ക് പരിചാരികവേഷം. വേഷം കെട്ടിയാടി തീര്‍ക്കുക തന്നെ.
-----------------------------------------------------------------------------------------
ഇവള്‍ ഊര്‍മിള.
രാമന്റെ നിഴലാവാന്‍ നിയോഗിക്കപെട്ട ലക്ഷമണന്റെ ജീവിതസഖി. അവഗണിക്കപ്പെടുന്ന, സേവനത്തിനുമാത്രം പിറവിയെടുത്ത, ത്യാഗങ്ങള്‍ മാത്രം കൈമുതലായുള്ള സ്ത്രീത്വത്തിന്റെ പ്രതീകം. മരവുരിയണിഞ്ഞ സഹോദരസ്നേഹം കൊട്ടാരകെട്ടിലടച്ചുവെച്ചു വിരഹചൂടില്‍ വെന്തു കരിയിച് ജീവിതം തന്നെ നനിഷേധിക്കപെട്ട സ്ത്രീത്വത്തിന്റെ ഉടമ. ജനകന്റെ ചോരയില്‍ പിറന്നിട്ടും വളര്‍ത്തു പുത്രിയായ സീതയുടെ നിഴലായി വിവാഹത്തിനു മുന്‍പും ശേഷവും ഒതുങ്ങേണ്ടിവന്ന ഊര്‍മിളജന്മം. നഗ്നപാദയായ്, കല്ലും മുള്ളും ഘോരജന്തുക്കളും നിറഞ്ഞ വനത്തിലേക്ക് ശ്രീരാമചന്ദ്രനെ അനുഗമിച്ച മൈഥിലി പതിവ്രതയും ധീരയുമായി. പതിനാലുവര്‍ഷം ഭര്‍ത്താവിനെ കണികാണാതെ, ഹൃദയംകൊണ്ട് പരിചരിച്ച ഈ നല്ലപാതിയെ ആരും കാണാതെപോയി. വിധിവൈപരീതങ്ങളുടെ ചക്രവ്യൂഹത്തില്‍ പെട്ട് ഉടഞടര്‍ന്ന പോയ ജീവിതം പിന്നെയൊരിക്കലും ചേര്‍ത്തുവെക്കാനായില്ല.
----------------------------------------------------------------------------------------
അന്തപുരത്തിലെ ഏകാന്തവിരഹവാസം. പകല്‍ ആബാലവൃദ്ധം ജനത്തെ പരിപാലിച്ചും പരിചരിച്ചും പോവുമായിരുന്നു. കുളിച്ചു ശുദ്ധി വരുത്തി രാത്രി ഭക്ഷണം കഴിഞ്ഞു തനിയെയാവുംബോഴാണ് ചിന്തകളും വികാരങ്ങളും മണം പരത്തുന്നത്. എവിടെയൊക്കെയോ ലക്ഷ്മണന്റെ നിഴലും ശബ്ദവും തെളിയുന്നുന്ടെന്നു തോന്നുമായിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നു കിടക്കവിരികള്‍ ച്ചുളിഞ്ഞുലഞ്ഞു. അലറിവിളിച്ചു ഇരമ്പി പെയ്യുന്ന രാത്രിമഴയില്‍, ഉന്മാദത്തിന്റെ മദഗന്ധമുയരുന്ന നിശാഗന്ധികള്‍ പൂത്തുലയുന്ന, പാലപൂവുകള്‍ രൂക്ഷഗന്ധം പൊഴിക്കുന്ന രാവുകളില്‍, തന്നിലുണര്‍ന്നു വിരിയുന്ന മന്‍മദചിന്തകളില്‍ സര്‍പ്പത്തെ പോലെ പുളയുകയായിരുന്നു യൌവ്വനയുക്തയായ ഊര്‍മിള. കണ്ണാടിയില്‍ പലപ്പോഴും തന്റെ നഗ്നമേനിയെ നോക്കി നിന്നു. കുലച്ച ചെന്തെങ്ങിന്റെ വിരിഞ്ഞു നില്‍ക്കുന്ന ഇളനീരുകള്‍ പോലെയുള്ള വക്ഷോജങ്ങള്‍, വിടര്‍ത്തിപിടിച്ച തെങ്ങോലചൂലുപോലെ വിടര്‍ന്നു പരന്നൊഴുകുന്ന ജഘനശേഖരം,നിതംബത്തെ മറക്കാനെന്നവണ്ണം പരന്നൊഴുകുന്ന മയില്‍പീലികേശഭാരം, നീലഞരമ്പുകള്‍ തെളിയുന്ന കാല്‍വണ്ണകള്‍, നാഭിപ്രദേശത്ത് പിണച്ചുവെച്ച കുരുത്തോലകൈകളില്‍ തിണര്‍ത്തു കിടക്കുന്ന അടക്കിപിടിച്ച വികാരങ്ങളുടെ ശോണവര്‍ണ്ണതുടിപ്പുകള്‍. പുറത്തു തിമിര്‍ത്തുപെയ്യുന്ന കര്‍ക്കിടകമഴയിലേക്ക് അവളിറങ്ങി. തണുക്കട്ടെ, ശരീരകാമനകളുടെ തീജ്വാലകള്‍ കെട്ടടങ്ങട്ടെ. അവള്‍ ഉദ്യാനത്തിലെ അരയോളം പൊക്കമുള്ള കല്മതിലില്‍ മലര്‍ന്നു കിടന്നു നനഞ്ഞു. എകാന്തവാസത്തിന്റെ തടവറയില്‍ മനസ്സ് മരവിച്ച എനിക്കെന്തിന് ചൈതന്യം തുടിക്കുന്ന ശരീരവും കാമനകളും. നനഞു കുതിരട്ടെ; രണ്ടും.
---------------------------------------------------------------------------------------------
ഊര്‍മിള മനസ് കൊണ്ട് മാത്രമായിരുന്നു അബലയും ഭീരുവുമായിരുന്നത്. ശാരീരികമായി ശക്തിസ്വരൂപിണിയായിരുന്നു ഊര്‍മിള. കൌമാരത്തിലോരിക്കല്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പന്ത് കൊട്ടാരത്തിലെ പത്തായത്തിനു പിന്നിലേക്ക് ഉരുണ്ടുപോയി. ആയിരക്കണക്കിന് പറ നെല്ല് സൂക്ഷിക്കുന്ന പത്തായമാണ്. ഊര്‍മ്മിള ഒറ്റയ്‌ക്ക് പത്തായം നീക്കി പന്ത് പുറത്തെടുത്തു. അത്രയ്‌ക്ക് കരുത്തുറ്റ കഥാപാത്രമാണ് ഊര്‍മ്മിള! ഈ കരുത്ത് അവര്‍ നിദ്രദേവിയുടെ മുന്‍പിലും കാണിക്കുന്നുണ്ട്. ഉറങ്ങാതിരിക്കുന്ന തന്റെ ഭര്‍ത്താവിനു തന്നെ ഓര്‍മ വരാതിരിക്കാനുള്ള വരം ചോദിച്ച സുജാതജന്മം. കഴിയുമോ ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവിന് തന്റെ നിയോഗത്തില്‍ ഭംഗം വരാതിരിക്കാന്‍ ഇത്തരമൊരു വരം ചോദിച്ചു വാങ്ങാന്‍...!!!!
സീതയെ കാട്ടിലുപെക്ഷിച്ചു ബ്രഹ്മചര്യജീവിതം നയിക്കുന്ന രാമന് കൂട്ടായി ഭൌതികസുഖങ്ങള്‍ ത്യജിച്ചു ലക്ഷ്മണന്‍ കൂട്ടിരുന്നപ്പോള്‍ ഒരിക്കല്‍കൂടി നഷ്ടമാവുന്നത് ഊര്‍മിളയുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും മോഹങ്ങളുമാണ്. അറിയപെടാതെ പോയത് അവരുടെ വിഹ്വലതകളും വിഷമങ്ങളും വിങ്ങലുകള്മാണ്. പരിഭവമില്ലാതെ, പരിദേവനമില്ലാതെ, പിണക്കമില്ലാതെ സഹനവും ത്യാഗവും ചെയ്തപ്പോഴും ഇതിഹാസരചനയില്‍ തഴയപെടുകയായിരുന്നു ഊര്‍മിള.
ഇതിഹാസത്തിന്റെ താളുകളില്‍ വിസ്മ്രുതയായി, വിരഹിണിയായ്, വിവശയായ് ജീവിതം താണ്ടിയ ഊര്‍മിളയെന്ന വിരഹിണി. അന്തപുരത്തിന്റെ ഇരുട്ടില്‍ ഇരുളടഞ്ഞു പോയ വികാരരഹിതവിരഹജീവിതത്തിന്റെ ആകെതുക! കുറുകുന്ന വേദനകള്‍ ചെന്കനലുകളായി നെഞ്ചിന്റെ നെരിപ്പോടില്‍ നീറിനീറി എരിയുംബോഴും പതിയുടെ വാക്കിനെ ജീവിതക്രമമാക്കിയ പവിത്രപതിവ്രതജന്മം.
ഉതിരാന്‍ വെന്ബി നില്‍ക്കുന്ന നീര്‍മണികളെ കണ്‍തടാകത്തിന്റെ കാണാകയങ്ങളിലോളിപ്പിച്ചു,
എങ്ങലടികളെ തൊണ്ടയില്‍ തന്നെ ഞെരിച്ചു കൊന്നു,
പട്ടുവസ്ത്രങ്ങള്പെക്ഷിച്ചു,
കിലുങ്ങുന്ന പാദസരങ്ങള്‍ അഴിച്ചുവെച്ച്
വിരഹജീവിതത്തിന്റെ പട്ടടയില്‍ സ്വയം വെന്തുരുകിയ ഊര്‍മിള.
പറയാതെ പറഞ്ഞും കേള്‍ക്കാതെ കേട്ടും തൊടാതെ തൊട്ടും പതിനാലു വര്‍ഷം പരിചരിച്ചും പൂജിച്ചും പതിയുടെ പാദാരവിന്ദങ്ങളില്‍ ആല്‍മബലി നടത്തിയവള്‍ ഊര്‍മിള.
ദശരഥമഹാരാജാവിന്‍റെ മൂന്നാം ഭാര്യയിലുണ്ടായ മൂന്നാമന്റെ പത്നിയായി വന്നു,
ശ്രീ രാമന്‍റെനിഴലിന്റെ നിഴലായ് പോലും മാറാന്‍ കഴിയാതെ,
ആല്‍മനൊമ്പരങ്ങളുടെ ചൂടും വേവും ജീവിതകാലം മുഴുവന്‍ ഉടയാടകളായണിഞ്ഞു, ചരിത്രത്തിലെ ആദ്യവിരഹിണിയാവാന്‍ നിയോഗമേറ്റ് വാങ്ങിയ ഊര്‍മിള.
ത്യാഗത്തിന്റെ, സഹനത്തിന്റെ, പരിചരണത്തിന്റെ, ഭര്‍തൃസ്നേഹത്തിന്റെ, അനുസരണയുടെ, ആഭിജാത്യത്തിന്റെ, കുലമഹിമയുടെ മൂര്‍ത്തരൂപമായ ഊര്‍മിള.
ജനകന്റെ മകളായി പിറന്നിട്ടും ജാനകിയെന്ന പേര് കിട്ടാതെ,
കാത്തു കാത്തു കണ്ണ് കഴച്ചിട്ടും വൈദേഹി എന്നറിയപ്പെടാതെ,
മിഥിലയിലെ രാജകുമാരിയായിരുന്നിട്ടും മൈഥിലി എന്നറിയപ്പെടാതെ,
പാതിവ്രത്യം തപസ്സായിനുഷ്ടിച്ചിട്ടും പതിവ്രതയുടെ പരിവേഷമില്ലാതെ
ഈ അതിവിശേഷണമെല്ലാം ചാര്‍ത്തികിട്ടിയ ഭൂമിപുത്രിയുടെ നിഴലാട്ടത്തില്‍ നിറംമങ്ങിപോയ പാഴ്ജന്മമായിരുന്നു ഊര്‍മിള.
--------------------------------------------------------------------------------------
അവള്‍ പതിയെ നടന്നു. ഉടയാടകളടര്‍ന്നു വീണു. അടയാഭാരണങ്ങളഴിഞ്ഞുവീണു. സ്വശരീരം പരിത്യജിക്കാന്‍ പോകുന്നവള്‍ക്ക് എന്തിനു ഉടയാടകള്‍, എന്തിനു ആഭരണങ്ങള്‍? ലക്ഷ്മണന് എന്നും പ്രിയപ്പെട്ടതായ സരയുവിന്റെ തീരത്തേക്കവള്‍ നടന്നടുത്തു. കല്പടവുകളിലിരുന്നു സരയൂനദിയുടെ തിരയിളക്കങ്ങളിലേക്ക് കാല്‍നീട്ടി വെച്ചവള്‍ നിശ്വസിച്ചു. തെളിനീരില്‍ തെളിയുന്ന ചന്ദ്രബിംബത്തിനു ഇന്നെന്തേയിത്ര മ്ലാനത? അവള്‍ നിശ്ചയിച്ചു കഴിഞ്ഞു. തന്റെ പാതി ആല്‍മത്യഗം ചെയ്ത സരയൂവില്‍ വിലയംപ്രാപിച്ചു,സ്വയമൊരോളമായി തീരാനവള്‍ കൊതിച്ചു. തന്‍റെ ഒരു അഭിലാഷമെങ്കിലും സഫലമാവുമെന്നുള്ള ശുഭപ്രതീക്ഷയില്‍.
ആശ്ലേഷിക്കുക അമ്മേ, സരയൂ.
മനുഷ്യപുത്രിയായ എന്നെ ചേര്‍ത്ത്പിടിച്ചു,
നിന്നിലലിഞ്ഞുചേര്‍ന്ന എന്റെ മറുപാതിയുടെ അരികിലെത്തിക്കുക.
ഇനിയെങ്കിലും, ഇവിടെയെങ്കിലും ഞങ്ങളൊന്നു ചെര്‍ന്നിരിക്കട്ടെ....
രജസ്വലയായി തെക്കിനിയിലെ ചായ്പിലിരിക്കുമ്പോഴും മനസ്സും ശരീരവും കളരിയിലായിരുന്നു. വാളും പരിചയും കൂട്ടിമുട്ടുന്നതിന്റെ കലംബലുകള്‍ കര്‍ണ്ണപടങ്ങളില്‍ അലയടിച്ചു കൊണ്ടിരുന്നു. വായുവില്‍ ഉയര്‍ന്നുപുളയുന്ന ഉറുമിയുടെ സീല്‍ക്കാരങ്ങള്‍ മണ്ണിനെ ഋതുമതിയാക്കുകയാണ്. കണ്ണപ്പചേകവരെന്ന അച്ഛന്റെ പ്രായമെറിയിട്ടും ഇടറാത്ത ശബ്ദം ഈ കോലാഹലങ്ങള്‍ക്കിടയിലും ഉയര്‍ന്നു കേള്‍ക്കാം. പാണ്ടവരിലെ അര്‍ജുനനെപോലെ ഏവരുടെയും ഓമനയായ ആരോമാലാങ്ങള ഗൌരവ്വം വിടാതെ, ധീരവീരയോദ്ധാവിന്റെ ഭാവാഹാദികളോടെ, മീശയുടെ തുമ്പ് പിരിച്ചും, രോമംപടര്‍ന്ന വിരിഞ്ഞനെഞ്ചിലും ഉയര്‍ന്നു വിജ്രംബിച്ചു നില്‍ക്കുന്ന കൈവണ്ണകളിലും മാറിമാറി നോക്കി സ്വയം നിര്‍വൃതിയണയുന്നുണ്ടാവും. ഇതൊക്കെയുണ്ടായിട്ടും ചന്തുവിന്റെ മെയ്‌വഴക്കം തനിക്ക് കിട്ടാതെ പോയതെന്തു കൊണ്ടാണെന്ന് ചിന്തിച്ചുവശായും.........
ചന്തുവിനെ കുറിച്ചോര്‍ത്തപ്പോൾ പുതുനാമ്പുകള്‍ മണ്ണിനെ പിളര്‍ത്തു പുറത്തുവരുന്നപോലെ തോന്നി ഓരോ രോമകൂപങ്ങളും വികാരതീവ്രതയാൽ കണ്‍തുറക്കുന്നു. നിറത്തില്‍ ആരോമാലിനെക്കാള്‍ പിന്നിലാണെങ്കിലും ഉയരത്തില്‍ ചന്തുവാങ്ങള തിടമ്പേറ്റിയ ഗജകേസരിയെപോലെ തലയെടുപ്പോടെ നില്‍ക്കും. ഉറച്ചമാറിടം, പേരക്കാമരത്തിന്റെ കൊമ്പുകള്‍പോലെ മിനുസമാര്‍ന്ന കൈകള്‍, പനനൊന്ക് അടര്‍ത്തിയടുക്കിവെച്ചപോലെയുള്ള വയര്‍. വാക്കിലും നോക്കിലും ഇരുപ്പിലും കൌതുകം വിടര്‍ത്തുന്ന സൌകുമാര്യം. ആരോമലിനു ഓരോ ചുവടിലും എല്ലാമറിയാമെന്ന ഭാവമാണെന്കില്‍ ചന്തുവിന് എല്ലാം കൌതുകമാണ്.
പലപ്പോഴും ചന്തുവാങ്ങളയോടുള്ള ആരോമലിന്റെ പെരുമാറ്റത്തില്‍ വിഷമം തോന്നിയിട്ടുണ്ട്. അടിച്ചുതളിക്കാരിയുടെ മക്കളോടുള്ള സമീപനമാണ് മച്ചുനന്‍ ചന്തുവിനോട്. അച്ഛന്‍പെങ്ങളുടെ മകന്‍ ആയുധാഭ്യാസത്തില്‍ തന്നെ വെല്ലുന്നുന്ടെന്നു ആരോമലിനറിയാം. അഭ്യാസകാഴ്ചയില്‍ കര്‍ണ്ണന്റെ മുന്‍പില്‍ അര്‍ജുനന്‍ വിളറിവെളുത്തപോഉലെ പരിശീലനകളരിയില്‍ ചന്തുവിന്റെ മുന്‍പില്‍ പലപ്പോഴും വിയര്‍ത്തുകുളിക്കുന്ന ആരോമലിന്റെ മുഖം കണ്ടിട്ടുണ്ട്. പാണ്ഡവരെ അവസരം കിട്ടിയപ്പോഴൊക്കെ ഉപദ്രവിച്ച ദുര്യോധനനെപോലെ ആരോമലും ചന്തുവിനെ അവസരത്തിലും അനവസരത്തിലും ദ്രോഹിച്ചു. വിഷമവും നൊമ്പരങ്ങളും ചന്തു പുറത്തെടുത്തത് തന്‍റെയോപ്പം ഒറ്റക്കാവുംബോഴാണ്. അച്ഛന്‍ ചന്തുവുമായുള്ള വിവാഹത്തിനുവേണ്ടി ആലോചന തുടങ്ങിയപ്പോള്‍ ആരോമല്‍ ഈറ്റപുലിയെ പോലെ ചാടിചീറി വീണു. താന്‍ ജീവിച്ചിരിക്കുമ്പോള്‍ പണ്ടെങ്ങോ എട്ടുംപൊട്ടും തിരിയാതെ കാലത്ത് കെട്ടിയ ഒരു ചരട് താലിമാലയാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോള്‍ തളര്‍ന്നുപോയി. നാടുവഴിയോട് അഭ്യാസകാഴ്ചയില്‍ ഗര്‍വ്വോടെ ചോദിച്ചു വാങ്ങിയ ചേകവത്തി സ്ഥാനം പോലും തന്നെ നോക്കി പുച്ചിക്കുന്നുവെന്നു തോന്നി. അന്നാണ് തനിക്ക് മനസ്സിലായത് താന്‍ വെറും പെണ്ണാണ്; പുരുഷാധിപത്യമുള്ള ഒരു സമൂഹത്തില്‍ അവരുടെ ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും ബലി നല്‍കാനുള്ളതാണ് പെണ്ണിന്റെ ഇഷ്ടങ്ങളും ജീവിതവുമെന്നു മനസിലായത്. ആരോമലിന്റെ ധാര്‍ഷ്ട്യത്തിനു മുന്‍പില്‍ അച്ഛനും തലകുനിച്ചപ്പോള്‍ ജീവിതം വഴുതിയൊഴുകിപോവുന്നത് നിസഹായയായി നോക്കി നിന്നു.
കുട്ടികാലത്ത് മൂന്നുനേരത്തെ ആഹാരം കിട്ടാന്‍ വന്നതാണെന്ന് ആരോമല്‍ പരിഹസിക്കുമ്പോള്‍ ചന്തു പറയുമായിരുന്നു " ആഹാരമല്ല; നിന്റെ ആകാരമാണ് എന്നെയിവിടെ പിടിച്ചു നിര്‍ത്തുന്നതെന്ന് ". ആരോമലിനോട് അങ്കംവെട്ടി തന്നെ കൊണ്ടുപോകാന്‍ തെയ്യാറാനെന്നു പറഞ്ഞപ്പോള്‍ താന്‍ തളര്‍ന്നു പറഞ്ഞു;
"വേണ്ട, പുരുഷന്മാരുടെ അഹന്തയ്ക്കും വാശിക്കും ദാര്‍ഷ്ട്യത്തിനുമായി അരിയൊടുങ്ങട്ടെ ഞാനെന്ന പെണ്ജന്മം. എന്നെ മറക്കൂ ചന്തുവാങ്ങളെ, " യെന്നു പറഞ്ഞു മലവെള്ളംപോലെ തച്ചുടച്ചുവരുന്ന സങ്കടമഴ ഒതുക്കിപിടിച്ചു. പാടില്ല; ചരിത്രത്തിലെ ആദ്യചേകവത്തി കരയാന്‍ പാടില്ല.
പുത്തൂരംവീട്ടില്‍ നിന്ന് കുഞ്ഞിരാമന്റെ വീടായ ആറ്റുമണമെലിലെക്കുള്ള പറിച്ചുനടല്‍ ഒരുതരത്തില്‍ അനുഗ്രഹമായി. പുത്തൂരംവീട്ടില്‍ എപ്പോഴും ചന്തുവുന്ടെന്നു തോന്നും. " ആര്‍ച്ചേ " എന്ന് വിളിക്കുമ്പോള്‍ വായുവില്‍ കലര്‍ന്ന് മുഖത്തടിക്കുന്ന ഉച്ച്വാസവായുവില്‍ കളിയടക്കയുടെയും വാസനചുണ്ണാബിന്റെയും സുഗന്ധം കലരും. വായുവിലലിഞ്ഞു ചേര്‍ന്ന ആ സുഗന്ധം തന്നെ വേട്ടയാടുന്നപോലെ തോന്നും. യാഥാസ്ഥിതിക കുടുംബമായ ആറ്റുംമണമേലില്‍ കാര്യങ്ങള്‍ മോശമായിരുന്നു. സ്ത്രീകള്‍ വെച്ചുവിളമ്പാനും പായവിരിക്കാനും പുരുഷന് ശയിക്കാനും മാത്രമാണെന്ന് വിശ്വസിക്കുന്ന ഒരു കുടുംബത്തില്‍ വിളക്കെന്തി മരുമകളായി വന്ന പെണ്ണ് വാള്‍ കയ്യിലെടുക്കുന്നത് അവര്‍ക്ക് ചിന്തിക്കാനായില്ല. ഒന്നും കേട്ടില്ലെന്നു നടിച്ചു. താന്‍ ചേകവത്തിയാണ്, പഠിച്ച പാഠങ്ങള്‍ മറക്കാന്‍ പാടില്ല. ചെന്ന് കയറിയ ഉടനെ തന്നെ " അഹങ്കാരി, ഒരുംബട്ടോള്‍, നിഷേധി" എന്ന പേരുകള്‍ വീണു കിട്ടി. സമൃദ്ധി നിറഞ്ഞു കവിഞ്ഞുനിന്ന പേരുകേട്ട പുത്തൂരം തറവാട്ടില്‍ നിന്ന് കളരിയിലെ വരുമാനം കൊണ്ട് അഷ്ടിച്ചു ജീവിക്കുന്ന തറവാടിലേക്ക് ഒതുങ്ങേണ്ടിവന്ന ഗതികേടിനെ അവള്‍ ശപിച്ചു. ബന്ധങ്ങളുടെ നൂലിഴകള്‍ക്ക് ഉറപ്പേകാന്‍ താന്‍ തന്റെ ജീവിതംതന്നെ ഹോമിക്കേണ്ടിവന്നതിലവള്‍ അതിയായ് ദുഖിച്ചു.
മാതാപിതാക്കളുടെ ഉത്തരവുകളില്‍ കുനിഞ്ഞുനിന്ന് റാന്‍ മൂളുന്ന കുഞ്ഞിരാമനെന്ന ചേകവന്റെ രൂപം നാള്‍ ചെല്ലുന്തോറും. അവളുടെ മുന്നില്‍ ചെറുതായി വന്നു. വെറുക്കാന്‍ തുടങ്ങിയത് അല്ലിമലര്‍ക്കാവില്‍ കൂത്ത് കാണാന്‍ കൊണ്ട് പോവാഞ്ഞപ്പോഴാണ്. ജോനകര്‍ അടക്കി വാഴുന്ന നാടാപുരത്തുവെച്ച് "ആകയുള്ള ആണ്‍തരിയെ കൊല്ലാന്‍ കൊണ്ടുവാണോ" എന്ന ചോദ്യത്തില്‍ കോപം ഇരച്ചു കയറി. മകംപിറന്ന മങ്കയുടെ സൗന്ദര്യവും പൂരംപിറന്ന പുരുഷന്റെ വീറും വാശിയുമുള്ള താന്‍ ഇനിമുതല്‍ തന്റെ ഇഷ്ടത്തിനു ജീവിക്കുമെന്നും ആരെതിര്‍ത്താലും കൂത്തിന് പോകുമെന്നും നാദാപുരത്തെ മൂപ്പന്റെ ഹുങ്ക് തീര്‍ത്തു പെണ്ണുങ്ങള്‍ക്ക് വഴി നടക്കാന്‍ കഴിയുമോ എന്ന് തെളിയിക്കാനും തീരുമാനിച്ചു.
കവലയില്‍ മൊട്ടതലകള്‍ തടവിയിരിക്കുന്ന ജോനോന്മാര്‍ ശ്രീകോവിലില്‍ നിന്നിറങ്ങി വരുന്ന വിഗ്രഹം പോലെ ആടിയുലഞ്ഞു നടന്നടുക്കുന്ന സൌന്ദര്യധാമത്തെ കണ്ടു ഇളകിവശായി. അവര്‍ കാമചേഷ്ടകള്മായി ആര്‍ച്ചയെ പിടിച്ചു മൂപ്പന് കാഴ്ചവെക്കാന്‍ പാഞ്ഞടുത്തു. ആര്‍ച്ച ഉറുമിക്കായി അരയില്‍ കൈവെച്ചപ്പോഴാണോര്‍ത്തത്, വഴക്കിട്ടു പോരുന്നതിനിടയില്‍ ഉറുമിയെടുത്തില്ല. പിന്നോന്നും ആലോചിച്ചില്ല. മാറ്മറച്ച മേല്‍മുണ്ട് ഉരിഞ്ഞെടുത്തു ഉരുക്കള്‍ക്ക് വെള്ളം കൊടുക്കാന്‍വെച്ച തൊട്ടിയില്‍ മുക്കി, രണ്ടു കയ്യിലും വലിച്ചുപിടിച്ചു മടക്കി പിരിച്ചെടുത്തു. ഇടതുകാല്‍ മുന്നോട്ടു വെച്ച് ഉപ്പൂട്ടിയിലൂന്നി, പിന്നില്‍ പരത്തിവെച്ച വലതുകാലിലെ വിരലുകളിലൂന്നി മൂന്നുതവണ ഇടത്തോട്ട് വട്ടം കറങ്ങി. മല്ലന്മാരെപോലെ ബാഹുവും വക്ഷസ്സും കാലുകളും ഉരുട്ടിമുഴപ്പിച്ചു നില്‍ക്കുന്ന മൊട്ടതലയന്മാരുടെ കണ്ണുകള്‍ തന്റെ മേനിയിലും മേല്‍മുണ്ട് മാറ്റിയ നിമ്നോന്നതങ്ങളിലും പരതി നടക്കുന്നത് അവളറിഞ്ഞു. അവരില്‍ കാമം കത്തുന്നതും ശക്തി ക്ഷയിക്കുന്നതും അവള്‍ മനസ്സിലാക്കി. ഇതാണവസരം. നീണ്ടു നിവര്‍ന്നു വായുവിലുയര്‍ന്നു നിന്ന്, ഇടതു കാല്‍ മുന്നോട്ടു വെച്ച്, വലതുകാലിന്റെ ഉപ്പൂറ്റിയില്‍ നിലയുറപ്പിച്ചു ആകാശത്തേക്ക് നീട്ടിനിവര്‍ത്തിയ വലതുകരത്തില്‍ പുളഞ്ഞു പിണഞ്ഞു ഹുങ്കാരത്തോടെ വട്ടത്തില്‍ വീശിയടിക്കുന്ന വെളുവെളുത്ത മല്‍മല്‍ മുണ്ടുമായവള്‍ ചീറിചാടി വീണു. വീശിയടിക്കുന്ന കടല്‍തിരകളില്‍ ഉയര്‍ന്നു തെറിക്കുന്ന മണല്‍തരികളെപോലെ, നനച്ചുപിരിച്ച ഒറ്റമുണ്ടിനാല്‍ വീശിയടിക്കുന്ന ഓരോ അടിയിലും തെറിച്ചുവീഴുന്ന ബലിഷ്ടയൌവ്വനങ്ങള്‍. ഭൂമിയില്‍ പതിക്കുന്ന ഇടിമിന്നലുകളായി നനഞ്ഞമുണ്ട് വായുവില്‍ കൊടുങ്കാറ്റു വിതച്ചു. ദുര്‍ഗയായും കാളിയായും മഹിഷാസുരമര്‍ദിനിയായും വിശ്വരൂപം പ്രാപിക്കുന്ന ആര്‍ച്ചയെ കണ്ടു മോഹല്‍സ്യപെട്ടു വീഴുന്നവരായി മാറി നാടിനെ വിറപ്പിക്കുന്ന ചട്ടംബികള്‍.
മുതുകിലും തുടയിലും ചന്തിയിലും വീഴുന്ന പിടിയിലും മാന്തലിലും തോലിപുറത്തു വരകള്‍ വീണു ചോരപൊടിഞ്ഞു നീറി. ലോകനാര്‍കാവിലമ്മ കൈകള്‍ക്ക് കരുത്ത് പകരുകയായിരുന്നു. നെഞ്ചിലേക്ക് നീണ്ടുവന്ന കൈകള്‍ മുണ്ടില്‍ ചുരുട്ടിയെടുത്തു അലകല്ലില്‍ മുണ്ട് അടിച്ചലക്കുന്നപോലെ വീശിയടിച്ചു. തുടക്കടിയെറ്റ് തകര്‍ന്നു കിടക്കുന്ന സുയോധനനെ പോലെ നെന്ചികൂട് തകര്‍ന്നു മാപ്പിളചെക്കന്‍മാര്‍ നിണമുതിര്‍ത്തു ചുരുണ്ട്കിടന്നു. വീണുടയുന്ന കുപ്പിയിലെ ചില്ലുകള്‍പോലെ താടിയെല്ലും തലയും പൊട്ടി ചോരതുള്ളികള്‍ ഉതിര്‍ന്നുവീണ മഞ്ചാടികുരുക്കുള്‍പോലെ ചിന്നി ചിതറി കിടന്നു. അവസാനത്തെ മല്ലനും വീണശേഷവും പോരിനു വിളിച്ചലറി.
" ആണായി പിറന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ വരിന്‍, പെണ്ണായ എന്റെ മുന്നില്‍ എഴുനേറ്റു നില്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ വരിന്‍.. ഇന്ന് പെണ്ണിന്റെ ശക്തി കാണിച്ചു തരുന്നുണ്ട് കണ്ണപ്പചേകവരുടെ മകളായ, ആരോമാലിന്റെ നേര്‍പെങ്ങളായ ആര്‍ച്ച.. അമ്മയുടെ മുലകുടിച്ചവര്‍ ഉണ്ടെങ്കില്‍ മുന്നോട്ടു വരിന്‍.. പുത്തൂരം വീട്ടിലെ ആര്‍ച്ച വെല്ലുവിളിക്കുന്നു.. വരിന്‍.. വരിന്‍... "
ആരും അടുത്തില്ല, കാഴ്ചക്കാര്‍ വട്ടംകൂടി നിന്ന്, അല്‍ഭുദത്തോടെ ആര്‍ച്ചയെ നോക്കി. ഇവള്‍ പെണ്ണോ അതോ ആണോ എന്ന് പറഞ്ഞു മൂക്കത്ത് വിരല്‍ വെച്ചു. കിതച്ചുകൊണ്ട് തറയില്‍ മുണ്ട് വിരിച്ചു ഇടതുകാല്‍ മടക്കി ഉയര്‍ത്തി തലവെച്ച് കുനിഞ്ഞിരുന്നു. ദേഹമാകെ നീറി പുകയുന്നു. വെള്ളം വെള്ളം മെന്നവള്‍ പതുക്കെ പറഞ്ഞു.. ക്ഷമ ചോദിച്ചു കൊണ്ട് ആരോമാലിനോടൊപ്പം വന്ന മൂപ്പനാണ് വെള്ളം നല്‍കിയത്. ഇനിമുതല്‍ ഒരു പെണ്ണിനെയും ഉപദ്രവിക്കില്ല എന്ന മൂപ്പന്റെ പ്രതിജ്ഞ കേട്ടശേഷമേ വെള്ളമിറക്കിയുള്ളൂ. തലപ്പോക്കി നോക്കിയപ്പോള്‍ എല്ലാവരുടെയും കണ്ണുകളില്‍ ആരാധന, ആദരവ്. വെറും മുണ്ട് കൊണ്ട് പത്തു മല്ലന്‍ന്മാരെ ഒറ്റയ്ക്ക് അടിച്ചു വീഴ്ത്തിയ വനിതാരത്നം. ഒന്ന് ഉറക്കെ ചിരിക്കണമെന്നു തോന്നി ആര്‍ച്ചക്ക്. വേണ്ടസമയത്ത് ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്ന് മനസ്സിലെ പ്രണയത്തെ ആട്ടിയോടിച്ചു ജീവിതം കൈവിട്ടു കളഞ്ഞ ആര്‍ച്ചയുടെ കഥ ഇവര്‍ അറിയണ്ട.
ആരോമാലിന്റെ കല്യാണദിവസം പുത്തൂരം വീട്ടില്‍ വെച്ച് ചന്തുവാങ്ങളയെ കണ്ടപ്പോള്‍ മനസ്സ് പതറി. പാതിവൃത്യമെന്ന മുഖാവരണം അഴിഞ്ഞുവീഴുമോ എന്നവള്‍ ഭയന്നു. മറന്നതായിരുന്നു, കുഴിച്ചു മൂടിയതായിരുനു, കത്തിച്ചുകളഞ്ഞു ചാരമാക്കിതായിരുന്നു പക്ഷെ വീണ്ടും കണ്ടപ്പോള്‍ അത് വീണ്ടും തളിര്‍ക്കുന്നു. ചന്തുവിനോടുള്ള അകാലചരമമടഞ്ഞ പ്രണയം ഉള്ളില്‍ ഒരിക്കല്‍ കൂടി ചിറകടിക്കുന്നു. ആദ്യപ്രണയത്തിന്റെ തിരയിളക്കങ്ങള്‍ തന്നെ കൌമാരത്തിലേക്കു തിരിച്ചു കൊണ്ട് പോവുന്നത് അവളറിഞ്ഞു. തട്ടികളയാന്‍ നോക്കുന്തോറും പിടിച്ചുകയറുന്ന ചോണനുരുമ്പ്പോലെ തന്നില്‍ പടര്‍ന്നുകയറുന്ന പ്രണയം അവളെ ലാസ്യവതിയാക്കി. അപ്പോഴും അവിവാഹിതനായിരിക്കുന്ന ചന്തുവിനോട് അവള്‍ പറഞ്ഞു :
കുമരംപുഴ നീന്തി കടന്നാല്‍ ആറ്റുംമണമേലിലെക്ക് നടക്കാവുന്ന ദൂരല്ലേ ള്ളൂ.. കുഞ്ഞിരാമേട്ടന്‍ കളരിയില്‍ പോയാല്‍ നാലുദിനം കഴിഞ്ഞേ വരാറുള്ളൂ.
ചന്തുവാങ്ങള അങ്ങോട്ടൊക്കെ വരണം; ഒരൂസം...
അടുത്തുചെന്ന് തോളതമര്‍ത്തിപിടിച്ചു വരണമെന്ന് പറഞ്ഞപ്പോള്‍ മിന്നിതിളങ്ങിയ ചന്തുവാങ്ങളയുടെ കണ്ണുകള്‍ അവളെ വികാരതരളിതയാക്കി. പാതിരാത്രിയിലെ അറപുരവാതിലിലെ നേര്‍ത്ത മുട്ടും " ആര്ച്ചേ ആര്ച്ചേ" എന്ന പതിയെയുള്ള സ്വരവും താന്‍ തിരിച്ചറിഞ്ഞു. താനൊരു ഭാര്യയാണെന്നവള്‍ മറന്നു. ഇത് നിന്റെ ദിവസമെന്നു ആരോ ഉള്ളിലിരുന്നു പറയുന്നപോലെ തോന്നി. പുഴ നീന്തികടന്നു, നനഞുകുതിര്‍ന്നു കണ്ണുകളില്‍ കത്തുന്ന കാമതിരകള്‍ അടക്കിയോതുക്കി ചന്തുവാങ്ങള അകത്തു കയറുന്നതും കതകടക്കുന്നതും തന്നെ പുണരുന്നതും താന്‍ വാടിയ ചെന്ബിന്‍തണ്ട് കണക്ക് തളര്‍ന്നു വീണുലയുന്നതും അവളറിഞ്ഞു. ശ്വസോച്ച്വസങ്ങള്‍ തമ്മില്‍ കലരുന്നതിന്റെയും മേനിയും മേനിയും പുണരുന്നതിന്റെയും ദലമര്‍മരങ്ങള്‍ ഇളംകാറ്റില്‍ ഇളകിയാടുന്ന ജനലവിരികളില്‍ ചെര്‍ന്നുലഞ്ഞലിഞ്ഞകന്നു.. ചന്തുവിന്റെ അച്ച്ചടക്കമില്ലാത്ത വിരലുകള്‍ ശരീരമാകെ പരതുകയായിരുന്നു. മേനിയിലമരുന്ന ഭാരത്തില്‍ ലയിച്ചലിഞ്ഞില്ലാതാവുകയ്യിരുന്നു താന്‍.
വാതിലില്‍ മുട്ടുന്ന കേട്ടു ഞെട്ടിതരിച്ചുപോയി. രണ്ടു ദിവസം കഴിഞ്ഞു വരേണ്ട കുഞ്ഞിരാമന്റെ ആര്ച്ചേ ആര്ച്ചേ എന്ന വിളി മരണമണിയായി തോന്നി. എല്ലാം തകരും; തകര്‍ന്നു തരിപ്പണമാവും. തറവാടിന്റെ മാനം, ഒരു പെണ്ണിന്റെ മാനം.... എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ കൈകളില്‍ തടഞ്ഞത് വെള്ളം നിറച്ചു വെച്ച മൊന്തയായിരുന്നു. ചന്തുവാങ്ങളെ എന്നോട് പൊറുക്കൂ എന്ന് പറഞ്ഞും നെറ്റിയിലേക്ക് എറിഞ്ഞു. ഇടതുനെറ്റിയില്‍ ചോര പൊടിച്ചു മോന്ത കലപിലം തെന്നിതെറിച്ചു വീണു. ചന്തു മരവിച്ചു നില്‍ക്കുകയായിരുന്നു. വാതില്‍ തുറന്നു ചന്തുവിന്റെ മുഖത്ത് നോക്കാതെ പറഞ്ഞു :
ആങ്ങളയെന്നു കരുതി കയറ്റിയതാണ്, പക്ഷെ.... പക്ഷെ....
ചന്തു വിഷണ്ണനായി ഇറങ്ങി പോവുന്നത് മുള്ളുകള്‍ കൊത്തിവലിക്കുന്ന ഹൃദയവേദനയോടെ നോക്കി നിന്നു. ചന്തുവിന്റെ കൂടെ ഒരു ദിവസംപോലും തനിക്ക് തരാന്‍ കഴിയാത്ത വിധിയെ പഴിച്ചു അവള്‍ താഴെ തഴപായയില്‍ തളര്‍ന്നു കിടന്നു..
ഇളമൂപ്പതര്‍ക്കത്തില്‍ അരിങ്ങോടരും ആരോമാലുമായി അങ്കംവെട്ടി തീര്‍പ്പുകല്‍പ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അടവുകള്‍ തിരിച്ചറിഞ്ഞു ആരോമലിനെ രക്ഷിക്കാന്‍ അതറിയുന്ന ചന്തുവാങ്ങളതന്നെ വേണമെന്ന് അച്ഛന്‍. പക്ഷെ പലവട്ടം ആരോമാലിനാല്‍ അപമാനിതനായ ചന്തു താല്പര്യം പ്രകടിപ്പിച്ചില്ല. അരിങ്ങോടരാണെങ്കില്‍ ഇപ്പോള്‍ ഗുരുവും. തേടിച്ചെന്നു. പിന്തിരിഞ്ഞു നിന്ന അദേഹത്തിന്റെ കാല്‍ക്കല്‍ വീണു മാപ്പ് പറഞ്ഞു. :
അന്ന് പ്രതീക്ഷിക്കാതെ കുഞ്ഞിരാമന്‍ കയറിവന്നപ്പോള്‍ ഉണ്ടാവാന്‍ പോവുന്ന പേരുദോഷം മാത്രമേ ഞാനോര്‍ത്തുള്ളൂ. പക്ഷെ ഇന്നെനിക്കിതൊരവസരമാണ്, ചന്തുവാങ്ങളയുടെ കൂടെ പൊറുക്കാനുള്ള അവസരം. ഇത് ഞാന്‍ പാഴാക്കില്ല. ചന്തുവാങ്ങള ആരോമലിനു തുണ പോകണം. ജയിച്ചുവന്നാല്‍ അന്ന് മുതല്‍ ഞാന്‍ ചന്തുവാങ്ങളയുടെ പെണ്ണാണ്. ലോകനാര്‍കാവിലെ അമ്മയാണെ, കളരിപരമ്പര ദൈവങ്ങളാണെ, മരിച്ചുപോയ പിത്രുക്കളാനെ ഇത് സത്യം...
ചന്തുവിന്റെ ഇരുണ്ടുമങ്ങിയ മുഖം വല്ലാതെ തെളിഞ്ഞു, മിഴികള്‍ തിളങ്ങി. വേലിയിറക്കത്തില്‍ പിന്നോട്ടിറങ്ങിപോയ പ്രണയത്തിന്റെ സാഗരതിരകള്‍ വീണ്ടും ഹൃദയതീരങ്ങളില്‍ വികാരയലകളായി, ആവേശതിരകളായി ഒരിക്കല്‍കൂടി ഉണര്ന്നുയര്‍ന്നു വരുന്നതുപോലെ തോന്നി. ഇനി ആരോമലിനോട് പറയാന്‍ എനിക്കൊരു കാരണമുണ്ട്, ഞാന്‍ ചന്തുവിന് വാക്ക് കൊടുത്ത് പോയി എന്ന്. കുഞ്ഞിരാമന് നൂലാചാരം മടക്കി കൊടുത്ത് ചന്തുവിന്റെ പെണ്ണായി തന്നെ ജീവിച്ചു, ചന്തുവിന്റെ മക്കളെ പ്രസവിക്കാന്‍ ഇതൊരു കാരണമാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു. ജീവിക്കണം ചന്തുവിനോടൊപ്പം ഇനിയുള്ള കാലം. എല്ലാംതികഞ്ഞ ഒരു ആണിനോടൊപ്പം, വെറും പെണ്ണായി... വെറും പെണ്ണ്..
പക്ഷെ, ചുരിക മുളയാണിവെച്ച് വിളക്കിയെന്നും മാറ്റചുരിക കൊടുത്തില്ലെന്നും അങ്കതളര്‍ച്ചയില്‍ കിടന്ന ആരോമലിനെ കുത്തുവിളക്ക് കൊണ്ട് കുത്തി കൊന്നുവെന്നും നാട് വിട്ടു ഓടിപോയെന്നും കേട്ടപ്പോള്‍ ലോകം തകിടംമറിയുന്ന പോലെ തോന്നി.
താന്‍ പെണ്ണായി വരാമെന്നു പറഞ്ഞിട്ടും ആരോമാലിനോടുള്ള വാശി തീര്‍ത്തുവോ ചന്തു...? കുട്ടിമാണിയും ഉണ്ണിനീലിയുമെന്ന രണ്ടു മാദകതിടംബുകളെ കിട്ടിയപ്പോള്‍ എന്റെ പ്രണയത്തിന് മാറ്റ് കുറച്ചു കണ്ടുവോ ചന്തു... ? കിടപ്പറയില്‍ താന്‍ അപമാനിച്ചതിന് പകരം ചോദിച്ചതാവുമോ ചന്തു..?
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ തലക്കുള്ളില്‍ വട്ടമിട്ടു പറന്നു. തന്നിലെ വിപ്ലവകാരിയായ ആര്‍ച്ച ഉണര്‍ന്നു. തന്റെ ചോരയെ ചതിച്ചതിനു പ്രതികാരം ചോദിക്കാതെ അഴിച്ചിട്ട മുടി കെട്ടില്ലെന്നു ശപഥം ചെയ്തു. ചൂടും ചൂരുമുള്ള ആര്‍ദ്രപ്രണയതൃഷ്ണകളില്‍ നിന്ന് പ്രതികാരത്തിന്റെ കനലുകള്‍ എരിയുന്ന വേവിലേക്ക് പ്രതികാരദുര്‍ഗയായുള്ള ചുവടുമാറ്റം. പകയുടെ പ്രതിരൂപമായി മാറുകയായിരുന്നു ആര്‍ച്ച. ഒരിക്കല്‍കൂടി ആശിച്ച ജീവിതം കൈവിട്ടു പോകുന്നതു സഹിക്കാനായില്ല ആര്‍ച്ചക്ക്. ജീവിതത്തിലുടനീളം താന്‍ സ്വപ്നം കണ്ടു, എന്തും ത്യജിച്ചു നേടാന്‍ ശ്രമിച്ച ജീവിതസ്വപ്നം, ചന്തുവാങ്ങളയുടെ പെണ്ണായുള്ള ജീവിതം. പിന്നെയവിടെ വാക്കുകള്‍ക്കു, വിശദീകരണങ്ങള്‍ക്ക് പ്രസക്തിയില്ല. നിലവിളക്കില്‍ ദീപപ്രഭ പൊഴിച്ച് കത്തിനിന്ന നെയ്ത്തിരി ആടിയുലഞ്ഞനണഞ്ഞു പോവുകയായിരുന്നു; എന്നെന്നേക്കുമായി....
----------------------------------------------------------------------------------------------
ആദ്യമായാണു ഒരു സ്ത്രീ കളരിയില്‍ അഭ്യാസമുറകള്‍ പഠിക്കുന്നതും നാടുവാഴിയോടു ചേകോത്തി സ്ഥാനം ചോദിച്ചു വാങ്ങുന്നതും. വെറ്റില മുറുക്കി, ചന്ദനം അരച്ച് തേച്ചു കുളിച്ചു, മുടികളില്‍ അകിലിന്റെ പുകകൊള്ളിച്ചു ലാസ്യവതിയായി അറപുരയില്‍ സംഭോഗസമാഗമത്തിനു കാത്തിരിക്കുന്ന വടക്കന്‍പാട്ട് കഥകളിലെ മറ്റു സ്ത്രീകളെപോലെ വെറുമൊരു പെണ്ണല്ല ആര്‍ച്ച. പെണ്ണിന്റെ ആകൃതസൗഭഗവും പുരുഷശക്തിയും ചേര്‍ന്ന ഒരു വീരാംഗനജന്മമായിരുന്നു. ഓര്‍മവെച്ച കാലംമുതല്‍ വിഗ്രഹമായി മനസ്സില്‍ പ്രതിഷ്ടിച്ച ചന്തുവിന്റെ ഒപ്പം ജീവിക്കാനായില്ലെന്കിലും അദേഹത്തിന്റെ പ്രതിച്ഛായക്ക് ജന്മം നല്‍കുകയെങ്കിലും യാഥാര്‍ത്യമാക്കാനാണ് അറപുരയുടെ വാതില്‍ തുറന്നുവെച്ച് ആര്‍ച്ച കാത്തിരുന്നത്. ഇവിടെ ശരികളില്ല; തീവ്രപ്രണയം മാത്രമേയുള്ളൂ. ഒരു പുരുഷനെ തന്റെ മണിയറയില്‍ കയറ്റുന്നത് ആ മനുഷ്യനോട് കരകവിഞ്ഞൊഴുകുന്ന സ്നേഹം വേണം. വിധിവൈപരീത്യം കൊണ്ട് എല്ലാം ഞൊടിയിടയില്‍ നഷ്ടമായി. ആങ്ങളയെ ചതിച്ചുകൊന്ന ചന്തുവിന്റെ തലയറുക്കാന്‍ മകനെയും മരുമകനെയും കച്ചകെട്ടിച്ചയയ്‌ക്കുന്ന ഉണ്ണിയാര്‍ച്ച പകയുടെ പ്രതിരൂപമായാണ് നമ്മുടെ മുന്നില്‍ തെളിയുന്നത്. തന്‍പോരിമയുടെയും തന്റേടത്തിന്റെയും പ്രതിരൂപമാണ് ഉണ്ണിയാര്‍ച്ച. ആങ്ങളയുടേയും ചന്തുവിന്റെയും ആര് വലിയവന്‍ എന്ന ശീതസമരത്തില്‍ പിടഞ്ഞമരുന്ന പ്രണയമനസ്സായിരുന്നു ആര്‍ച്ച. കരള്‍പറിയുന്ന വേദനയോടെ ആങ്ങളയുടെ സ്നേഹത്തിനും ഭീഷണിക്കും കണ്ണ്നീരിലും മുന്‍പില്‍ പ്രണയത്തെ പട്ടടയില്‍ എരിച്ചു മരിച്ചുമരവിച്ച പെണ്ജന്മം.

യുധിഷ്ഠിരന്റെ കൂടെ കഴിയുമ്പോഴും ദ്രൌപദി മനസ്സ്കൊണ്ട് രമിച്ചത് അര്‍ജുനനോടോപ്പമായിരുന്നു. കുഞ്ഞിരാമനോടോത്തു ശയിക്കുമ്പോള്‍ ചന്തുവായിരുന്നിരിക്കണം ഒരുപക്ഷെ ഉണ്ണിയാര്‍ചയുടെ മനസ്സിലും..
എന്റെ ബാല്യകാലത്ത് ഇടവപാതി ന്നൊക്കെ പറഞ്ഞാല്‍ ദിവസത്തില്‍ പാതിവെയിലും പാതി കൈ വെച്ചാല്‍ മുറിയുന്ന മഴയുമാണ്. നാല് മണി ന്ന് പറഞ്ഞാല്‍, സ്കൂള്‍ ബെല്‍ അടിക്കുമ്പോള്‍ കൃത്യമായി മഴ പോട്ടിവീഴും. കറുത്ത റബ്ബര്‍ ബാണ്ടിട്ട പുസ്തകങ്ങള്‍ തലയില്‍ വെച്ച് ഓരോട്ടമാണ്. മൂന്നു കിലോമീറ്റര്‍ കഴിഞ്ഞാണ് വീട്. കൊല്ലവസാന പരീക്ഷക്ക് പാഠപുസ്തകങ്ങളുടെ അവസ്ഥ ഊഹിക്കാമല്ലോ. മാര്‍ക്ക് കുറഞ്ഞത് ബുദ്ധിയില്ലാഞ്ഞിട്ടല്ല മറിച്ചു പഠിക്കാന്‍ പുസ്തകം കാണില്ല. സന്ധ്യക്ക് തുടങ്ങുന്ന മഴ രാത്രി മുഴുവന്‍ താരാട്ട് പാടി പെയ്തുകൊണ്ടിരിക്കും.
വീടിനു മുന്‍പില്‍ മനയാണ്. ഇന്ന് മന ആളൊഴിഞ്ഞ പൂരപരമ്പ് പോലെയാണ്. ഭൂമിയും മരങ്ങളൊക്കെ വിറ്റു. തുറസ്സായി കിടക്കുന്ന പറമ്പ് കാണുമ്പോള്‍ മനയാണെന്നു തോന്നില്ല, ഒരു നൊമ്പരം എവിടെയൊക്കെയോ മൊട്ടിടുന്ന പോലെ തോന്നും. മുന്‍പ് മൊത്തം മരങ്ങള്‍ ആയിരുന്നു. ഞങ്ങളുടെ വിശപ്പകട്റ്റിയിരുന്ന, മാവ്, പ്ലാവ്, കശുമാവ്, തെങ്ങ്, അങ്ങിനെ നാനാതരം മരങ്ങളും, വിവിധ പഴവര്‍ഗങ്ങള്‍ ഉണ്ടാകുന്ന ചെടികളും നിറഞ്ഞു നിന്നിരുന്നു. ആറുമണിയകുംബോഴേക്കും രാത്രിയാക്കുന്ന ഇരുട്ട് പടര്തിയിരുന്ന ഈ വനശേഖരം. മയില്‍, ചെമ്പോത്, കാലന്കൊഴി തുടങ്ങി അനവധി പക്ഷികളും കുറക്കന്‍, ഉടുമ്പ്, കീരി തുടങ്ങിയ മൃഗങ്ങളും ഒരു തടസ്സവും കൂടാതെ വിഹരിച്ചിരുന്നു.. കൂടാതെ ഇഷ്ടം പോലെ ആനകളും. ഞാനെന്നും സ്വപ്നം കാനുന്നതു ഈ ആനകള്‍ ചങ്ങല പൊട്ടിച്ചു വന്നു തുമ്പികൈ കൊണ്ട് പോക്കി ( തോണ്ടി) " ഡാ സുധേ, നീക്കെടാ, പോഴേ പോവാം " എന്ന് പറയുന്നതായിട്ടാണ്.
മനയില്‍ ആത്തേമാര്‍ക്ക്, (അന്തര്‍ജനങ്ങള്‍ക്ക്) കുളിക്കാന്‍ കടവുകളുള്ള കുളമുണ്ട്. ഇവര്‍ പുറത്തു പോയി കുളിക്കാറില്ല, ഇന്നത്തെ പോലെ കുളിമുറികളും ഇല്ല. ഇതില്‍ നിറയെ മീനുകളണ്. നമ്ബൂരിമാരായ, പുല്ലും വയ്ക്കോലും മാത്രം കഴിക്കുന്ന ഇവര്‍ തിന്നുകയുമില്ല, ഞങ്ങളെ തീറ്റിക്കുകയുമില്ല. മീന്‍ പിടിക്കാന്‍ അനുവദിക്കില്ല. ഈ ജലാശയത്തില്‍ തിക്കിതിരക്കി, ഇവരുടെ നനുനനെയുള്ള മേനിയില്‍ ചുണ്ടും വാലുമുരസ്സിയുണ്ടാക്കുന്ന ഇക്കിളിയില്‍ പുളകം കൊണ്ട്, കളിച്ചു ചിരിച്ചു, കൈകാലിട്ടടിച്ചു, പരസ്പരം വെള്ളം തെറിപ്പിച്ചു, നീന്തി തുടിച്ചു തിമിര്‍ക്കുകയാണ് അധികം പുറത്തിറങ്ങാത്ത ആത്തേമാരുടെ ആകെയുള്ള വിനോദം.
ഈ കുളം കര്‍ക്കിടക മാസത്തില്‍ കവിഞ്ഞൊഴുകും. മുലകച്ച കെട്ടി കുളിക്കാനിറങ്ങുന്ന നിത്യാമേനോനെ പോലെയുള്ള ജലദേവതകളുടെ കച്ചകവിഞ്ഞു പുറത്തേക്ക് തുളുമ്പുന്ന മാറിടം പോലെ, കുളത്തിലെ വെള്ളം കനത്ത മഴയില്‍ കുറേശ്ശെ കുറേശ്ശെയായി പുറത്തേക്കു തികട്ടി തികട്ടി വരും. താനേ രൂപപെട്ടുണ്ടായ ചാലിലൂടെ ഇതോഴുകി, പാടങ്ങള്‍ താണ്ടി വടക്കാഞ്ചേരി പുഴയില്‍ ജലമര്‍മരം പൊഴിച്ച് ഇണചേര്‍ന്നോഴുകും. ഈ കാലവര്‍ഷത്തിലാണ് ഞങ്ങള്‍ക്ക് ചാകര. രാത്രിയില്‍ ഞങ്ങള്‍ കുരുത്തിയും കൊണ്ട് മീന്‍ പിടിക്കാന്‍ പോകും. ( ചൂരല്‍ കൊണ്ട് മെടഞ്ഞു , പിന്‍ഭാഗം കൂട്ടി യോജിപ്പിച്ചും മുന്‍ഭാഗം വട്ടത്തില്‍ വിടര്‍ത്തി, ഉള്ളിലേക്ക് മാത്രം തുറക്കുന്ന ഒരു അടപ്പോക്കെ വെച്ചും ഉണ്ടാക്കിയ നീളവും വണ്ണവും ഉള്ള ഒരു സാധനമാണ് ഈ കുരുത്തി. മുന്‍ഭാഗം വിടര്‍ന്നും പിന്‍ഭാഗം ചെര്‍ന്നുമിരിക്കും) ഇതിലൂടെ വെള്ളം ഒഴുകി പോകും, പക്ഷെ മീനുകള്‍ ഇതിനുള്ളില്‍ പെട്ടു പോകും. ഇതിന്റെ അടപ്പ് പിന്ഭാഗത്തേക് മാത്രമേ തുറക്കൂ. മുന്നോട്ട് അടയും. അങ്ങിനെയാണ് മീനുകള്‍ ഇതില്‍ പെട്ടു പോകുന്നത്.
മോരും സാമ്പാറും പച്ചടിയും മാമ്പഴപുളിശേരിയും കടുമാങ്ങ അച്ചാറും കഴിച്ചു വെളുത് തുടുത്തു, തേജസ്വികലായ, നിര്‍മലമാനസങ്ങലായ ആത്തെമാരെ ഇക്കിളിയിട്ട, അവരുടെ നഖത്തിലെയും മറ്റും അഴുക്കുകള്‍ തിന്നു കൊഴുത്ത ( പണ്ടത്തെ pedicure) , വെണ്ണിലാവുറഞ്ഞ, വെണ്ണ തോല്‍ക്കുന്ന മേനികളുടെ ചാരുത ഏറ്റുവാങ്ങിയ ഈ പരല്‍ മീനുകളെ കറി വെച്ച് കഴിക്കുമ്പോള്‍ എന്തോ ഒരു പ്രത്യേക സുഖമുണ്ടായിരുന്നു. എവിടെയൊക്കെയോ ഇക്കിളികള്‍ കിളിര്‍ക്കുന്ന, അനുഭൂതികള്ണര്‍ത്തുന്ന, കാമനകളെ വന്ന്യമാക്കുന്ന, ത്രുഷ്ണകള്‍ക്ക് തീ കൊളുത്തുന്ന ഒരിത്...
ഇന്ന് ഇരുട്ടു പരത്തുന്ന കര്‍ക്കിടകമഴയില്ല, നിറഞ്ഞു കവിയുന്ന കുളങ്ങളില്ല...
നിഴലും വെളിച്ചവും ഇണ ചേര്‍ന്ന് പിണയുന്ന കുളത്തില്‍ വെട്ടി തിളങ്ങി പാഞ്ഞു നടക്കുന്ന പരല്‍ മീനുകളില്ല...
ഒറ്റ ചേലയുടുത്തു കല്പടവുകളിരുന്നു കഥകളി പദങ്ങളും കൈകൊട്ടി കളിയുടെ ഈണങ്ങളും മൂളി, ഇടതൂര്‍ന്ന കേശഭാരത്തില്‍ ചെമ്പരത്തിതാളി തേച്ചു മെയ്യിളക്കുന്ന ആത്തെമാരുമില്ല.
നീര്‍ചാലിലൂടെ ഒഴുകി വരുന്ന വെള്ളമെടുത്തു മുഖം കഴുകി നമ്പൂരി കുളിച്ച വെള്ളം പുന്ന്യഹമെന്നു പറയുന്ന നിഷ്കളങ്കഗ്രാമവുമില്ല..
നഗരത്തിന്റെ അവശിഷ്ടങ്ങള്‍ പേറാന്‍ വിധിക്കപെട്ട വരണ്ടു, വിണ്ടുകീറി, വെറങ്ങലിച്ചു ഊഷരഭൂമിയായി മാറുന്ന ഗ്രാമവും, നിര്‍വികാരതയുടെ, വിമുഖതയുടെ, നിസ്സഹായതയുടെ വസൂരികലകള്‍ നിറഞ്ഞ ഗ്രാമീണമുഖങ്ങളും, നിഷ്കളങ്കത നഷ്ടമാവുന്ന കൌമാരക്കാരിയുടെ കപടഗ്രാമീണതയുമാണ് കാലത്തിനു മുന്‍പേ പറക്കാന്‍ കോലം മാറിയ നാടിന്റെ ചിതലരിക്കുന്ന ബാക്കിപത്രം...!!!
