അവള്‍ ...
-----------
പതം പറച്ചിൽ തുടരുക നല്ലപാതി പത്നി നീ,
പഴിപറയാന്‍,
പിഴയൊടുക്കാൻ
പ്രതിയാവാന്‍
പിഴച്ചുപോയ നിൻ പ്രിയപാതിയുണ്ടല്ലോ...
നീ ....
--------------
നിന്റെ മിഴിയഴകിന്‍ ഇരുട്ടു നിറച്ചു
ഉരച്ചു മിനുക്കിയെടുത്ത പൊന്‍പേനയാല്‍
നിന്നെ കുറിച്ച് ഞാനെഴുതാനിരുന്നു.
വരണ്ടു വെളുത്തു നരച്ച കടലാസ്സില്‍,
വര്‍ണ്ണം പെയ്തു നിറച്ച വര്‍ണ്ണനകളില്‍,
നിന്നെ വരച്ചു നിറയ്ക്കാന്‍ കഴിയാതെ
ഞാന്‍ വിളര്‍ത്തു വിയര്‍ത്തു നിന്നു.
നീ, എന്നില്‍നിന്ന് ഒതുങ്ങിയകന്നും.
കവിതയില്‍ നിന്നും തെറിച്ച വാക്കുപോലെ നീയും;
കവിത തെറ്റിച്ച വികടകവിയെ പോലെ ഞാനും !!!
(അ)പ്രിയം.
---------------------------
നുണകള്‍ മാത്രം പറയുന്ന,
നുണകള്‍ കേള്‍ക്കാന്‍ കാതുകൂര്‍പ്പിക്കുന്ന,
നുണകള്‍ക്ക് നിറംകൊടുക്കാന്‍ കരവിരുതുള്ള,
സത്യം പറയാന്‍ മടിക്കുന്ന,
സത്യം കേള്‍ക്കാന്‍ മനസ്സില്ലാത്ത
സത്യം പറഞ്ഞാലും പതിയെ പറയുന്ന,
അവസരവാദസമൂഹത്തില്‍
അപ്രിയസത്യങ്ങള്‍ വിളിച്ചു പറഞ്ഞതാണെന്‍ പരാജയം.
No comments:
Post a Comment