Thursday, 28 May 2015

സുകൃതം


ശന്തനവിനു തന്റെ പുരുഷായുസ്സ് അടിയറ വെച്ചു ലൗകികജീവിതം വെടിഞ്ഞു ബ്രഹ്മചാരിയായ ഭീഷ്മര്‍..
പിതാവ് നൽകിയ വരം അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ രാജസിംഹാസനമുപേക്ഷിച്ചു കാട് പൂകിയ രാമന്‍.
പിതാവിന് തന്റെ യുവത്വം സമര്‍പ്പിച്ചു ജരാനരകള്‍ ഏറ്റുവാങ്ങി അകാലത്തില്‍ വൃദ്ധനായ പുരൂരവസ്സ്.
അമ്മയുടെ വെറും വാക്കിനെ മാനിച്ചു മത്സരിച്ചു ജയിച്ചു സ്വന്തമാക്കിയ പെണ്ണിനെ പകുത്തു നല്‍കിയ അര്‍ജുനന്‍.
പഞ്ചപാണ്ടവരുടെ ജിവൻ അമ്മയ്ക്കു ഭിക്ഷയായ് നൽകി അമ്മയേക്കാൾ വളർന്ന കർണ്ണൻ..
രമിച്ചു രേതസ്സിട്ടു മറന്നു മറഞ്ഞുപോയ പിതാവിനെ യുദ്ധത്തില്‍ സഹായിക്കാനെത്തി ജീവന്‍ ബലിയര്‍പ്പിച്ച ഘടോല്‍കചന്‍.
പദ്മവ്യൂഹം തകര്‍ക്കാന്‍ മടിപിടിച്ച് ഭയന്നുനിന്ന വീരശൂരപിതാശ്രീകളോട് ഞാനുണ്ടെന്ന് പറഞ്ഞു ജീവന്‍ ബലിയര്‍പ്പിച്ച പതിനാറുകാരന്‍, അഭിമന്യു.
മക്കൾ മാഹാത്മ്യത്തിൻറ്റെ പത്തരമാറ്റുളള ചരിതങ്ങൾ...
ഇതിഹാസത്തിലില്ലാത്ത വേറൊരു അച്ഛനും മകനുമുണ്ട്.
ചരിത്രങ്ങളിലും നിന്നും ഇതിഹാസങ്ങളില്‍ നിന്നും ഒന്നും പഠിക്കാതെപോയ ഒരച്ഛന്‍. ലഹരികളില്‍ മുങ്ങിനീരാടി ജീവിച്ചപ്പോള്‍ സ്നേഹവും വാത്സല്യവും നിഘണ്ടുവില്‍ എഴുതിച്ചേര്‍ക്കാന്‍ മറന്നുപോയ പടുജന്മം.
പകര്‍ന്നു കിട്ടാത്ത പിതൃസ്നേഹം കനലായെരിയുന്ന നെഞ്ചും,
വിരല്‍തുമ്പ് പിടിച്ചു നടക്കാന്‍ മോഹിച്ചു മരവിച്ച ഹൃദയവുമായി,
അമ്മയെ പഴിപറഞ്ഞു,
നരകജന്മത്തെ ശപിച്ചു,
വാതിലുകള്‍ തള്ളിയടച്ചു,
ചോറിന്‍കിണ്ണം തട്ടിതെറിപ്പിച്ചു,
രോഷത്തിന്റെ മൂര്‍ത്തരൂപമായി‍ വളര്‍ന്നു.
പിന്നെയൊരിക്കല്‍, ഒറ്റമുടി പോലും നരക്കാത്ത തലയുമായി, തണുത്തുറഞ്ഞു പട്ടടയില്‍ കിടന്ന രൂപത്തിന് മുന്‍പില്‍ നിര്‍വികാരനായി, ഈ കറുകറുത്ത മുടിയെങ്കിലും അച്ഛന്റെ വകയായി പകരാമായിരുന്നില്ലേ എന്നാലോചിച്ചു, നഷ്ടപെടലിന്റെ വേദനയില്ലാതെ കൊള്ളിവെച്ചു, ഇതിഹാസകഥകളിലേക്ക് ഒരു പുരുഷജന്മത്തെ കൂടി എഴുതിചേര്‍ത്തു.
ഞാനനുഭവിക്കാത്ത പ്രണയത്തെ കുറിച്ച് വസന്തം പടിയിറങ്ങിയ മധ്യാഹ്നത്തിലും എഴുതിയെഴുതി പ്രണയത്തെ അനശ്വരമാക്കുന്നതുപോലെ, എനിക്കന്യമായ പിതൃസ്നേഹം അളവില്ലാതെ പകർന്നു കൊടുക്കുന്നു. . ഊണിലും ഉറക്കത്തിലും ബോധത്തിലും അബോധത്തിലും അവർ തിരിച്ചും!!
രേതസ്സിലൂടെ ഭ്രൂണമാക്കിയ പിതാവേ നിനക്ക് നന്ദി,
ഭ്രൂണത്തില്‍ നിന്ന് പുത്രനാക്കിയ മാതേ നിനക്ക് നന്ദി,
പുത്രനില്‍ നിന്നും പതിയാക്കിയ പത്നി, നിനക്ക് നന്ദി,
പതിയില്‍ നിന്ന് പിതാവാക്കിയ പ്രിയപുത്രീ നിനക്കു നന്ദി,
ഉച്ചവെയിലേറ്റ് വരണ്ടുവിണ്ടു വിളർത്തു വെളുത്തു വിരസമായിപ്പോയ മധ്യാഹ്നത്തെ വർണ്ണ വിസ്മയ വിളനിലമാക്കിയ മകനേ നിനക്കും നന്ദി.
അച്ഛന്‍ നിനക്ക് പ്രിയമായിരിക്കട്ടെ; നീയെനിക്ക് പ്രാണനും !!!

No comments:

Post a Comment