Thursday, 28 May 2015

എഴുതാന്‍ മറന്നത്......



ചോദ്യകടലാസ്സു നിവര്‍ത്തി, മിഴിയും മൂക്കും വിടര്‍ത്തി, മഷി കുടഞ്ഞു, മുന കൂര്‍പ്പിച്ചു ഇടതു കൈതാങ്ങില്‍ മുഖം വെച്ച് ഉത്തരമെഴുതാനിരുന്നു.

ഒറ്റവാക്കിലുത്തരമെഴുതേണ്ടിടത്തു അവളുടെ ചിരിയലകള്‍പോലെ, രണ്ടു പുറം കവിഞ്ഞുപോയി; ഉപന്യാസം, അവളെയ്യും മിഴിമുന കണക്കു ഒറ്റവാക്കിലൊതുങ്ങിയും പോയി..

അടുത്തെത്തുമ്പോള്‍ വാക്കും മിടിപ്പും മരവിച്ചുപോവുന്നയെന്നില്‍ വാക്യത്തില്‍ പ്രയോഗിക്കാന്‍ ബാക്കിവെച്ചത് അവളുടെ ഉച്ച്വാസങ്ങളില്‍ വീണുടയുന്ന നിശബ്ദശബ്ദം മാത്രമായിരുന്നു..

വിട്ടുപോയത് പ്രണയമായതിനാല്‍ അര്‍ദ്ധവൃത്തങ്ങള്‍ക്കടിയിലെ തിരഞ്ഞെടുക്കേണ്ട മൂവാക്കും വിരഹമായിരുന്നു.

നാനാര്‍ത്ഥത്തില്‍ അർത്ഥം നഷ്ടപെടാതിരിക്കാന്‍ ഞാന്‍ നീയ്യായും നീ ഞാനായും വരച്ചു വെച്ചു.

എതിര്‍പദമെഴുതാതെ ഞാന്‍ നേട്ടം കൈവിട്ടത് നമ്മള്‍ വിപരീതദിശയില്‍ നടന്നകലാതിരിക്കാനായിരുന്നു.

ഉത്തരകടലാസ് നെടുകെ മടക്കി, പുറംപേരെഴുതി വെച്ചപ്പോള്‍ മരണമണി മുഴങ്ങിയതെന്തിനായിരുന്നു...?

കാത്തു നിന്ന നീ കൈവെള്ളയില്‍ അമര്‍ത്തിവെച്ച കടലാസ് മടക്കിലെ ഒടിഞ്ഞു നുറുങ്ങിയ അക്ഷരകൂട്ടങ്ങില്‍ ചതഞ്ഞരഞ്ഞു ശ്വാസം മുട്ടി മരിച്ചത് ഉത്തരമില്ലാത്ത ഒരു ചോദ്യമായിരുന്നു.

ചേരുംപടിചേരാതെ പോയത് എന്നിലെ ശുദ്ധമോ അതോ നിന്നിലെ ചൊവ്വയോ...?

നാലുമണിപൂവുകള്‍....


ടേബിള്‍ലാമ്പിന് താഴെ നാലാക്കി മടക്കിവെച്ചിരുന്ന കടലാസു ഒന്ന് കൂടെ എടുത്തു വായിച്ചു. ചുളിവുകള്‍ വീണ കടലാസില്‍ പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ കോറിവരഞ്ഞപോലെയുള്ള എഴുത്തില്‍ നിനവുകളുടെ നനവുകള്‍ ഉണങ്ങിപിടിച്ചിരിക്കുന്നത് കാണാം . ഗദ്ഗദം വിഴുങ്ങിയ വാക്കുകള്‍ വരിയും ദിശയും വിട്ടു ഗതികിട്ടാതെ വഴി മറന്നു നില്‍ക്കുകയാണ്.
ഒന്ന് കാണണം ന്നു കൊറായി തോന്നീട്ടു.. നിക്കിനി അധികല്യാ ന്നാണ് തോന്നണെ.. വല്യേ എഴുത്തുകാരനോക്കെയായി ന്നൊക്കെ അറിഞ്ഞപ്പഴും ഞാന്‍ തേടി വന്നിട്ടില്യാ.. ഇപ്പൊ, ശ്യാമിന്റെ ഭാഷേല് പറഞ്ഞാ, ഈ ജീവിതാസ്തമയം അടുത്ത സമയത്ത് ഒന്ന് കാണണം, മിണ്ടണം ന്നു വല്ലാതെ തോന്ന്വ.. തെരക്കുള്ള ആളാന്ന് അറ്യാം.. സിനിമാക്കൊക്കെ തിരകഥ ഒക്കെ ഇണ്ടാവും ല്ലേ. പറ്റൂച്ചാ ഒന്ന് വരൂ.. ചെലപ്പോ ശ്യാം ദ്. വായിക്കുമ്പോഴേക്കും ഞാന്‍....
സ്വന്തം രേണു..
നീണ്ടു പരന്നു കിടക്കുന്ന മുടിയുടെ വലതു ഭാഗത്ത് ചുവന്ന റോസാപൂ ചൂടി, പാദസരകിലുക്കം പേടിച്ചു, കണംകാലില്‍ തലതല്ലിപിടയുന്ന പാവാടതുമ്പ് ഉയര്‍ത്തി പിടിച്ചു മഷിയെഴുതിയ വട്ടകണ്ണുകള്‍ വിടര്‍ത്തി, നാലുമണിപൂക്കള്‍ വിരിയുന്ന സമയത്ത് പോക്കുവെയില്‍ നീണ്ട നിഴലുകള്‍ വീഴ്ത്തുന്ന മുറ്റത്തു വന്നുനിന്ന് " ചന്ദ്രികമ്മേ പാല് " എന്ന് മുകളിലിരുന്ന പഠിക്കുന്ന എന്നെ കേള്‍പ്പിക്കാന്‍ വിധത്തില്‍ പറഞ്ഞിരുന്ന രേണു... ജനല്‍മരയഴിവിടവിലൂടെ എന്റെ മുഖം പരതുന്ന കണ്ണുകളില്‍ നാണം മഷിയെഴുതിയിരുന്നു. തിരിച്ചുപോവുമ്പോള്‍ പൂത്തുനില്‍ക്കുന്ന ചെമ്പകത്തില്‍ നിന്നൊരു പൂ വള്‍ പറിക്കാന്‍ കയ്യുയര്‍ത്തുമ്പോള്‍ നടന്നുവിയര്‍ത്ത കക്ഷം എന്റെ കണ്ണിലുടക്കുമായിരുന്നു. അവളുടെ ചുവന്നുരുണ്ട ഉപ്പൂറ്റിയും നനഞ്ഞ കക്ഷവും ഒബ്സെഷനായി തീര്‍ന്നു പിന്നീട്‌. താന്‍ ഡിഗ്രിക്കും അവള്‍ പ്രീഡിഗ്രിക്കും. രണ്ടു വയസിനിളപ്പം. വായനയും എഴുത്തും ഒപ്പം അത്യാവശ്യം പഠനവുമുളള പതിനെട്ടുകാരൻറ്റെ വിശപ്പുവഴിയിലെ പാഥേയമായിമാറുകയായിരുന്നു അവള്‍.
" എന്തൊക്ക്യാ ഈയെഴുതി കൂട്ടണേ... പകുതി നിക്ക് മന്സിലാവണില്യാ.. ആലോൾക്ക് മനസിലാവാത്തത് എഴുതീട്ടെന്താ കാര്യം..
നിനക്കുവേണ്ടി ഞാനെന്താ എഴുതേണ്ടത്...
ഇന്നോടുള്ള ഇഷ്ടം.. അതെഴുതോ...?
മ്ഹ്..... നീ തന്നെയല്ലേ എൻറ്റെ എഴുത്തു മുഴുവൻ..
എന്റെ എഴുത്തുമഷി നിന്റെ കണ്ണിലെ കറുപ്പല്ലേ...
എന്റെ തൂലിക നിന്റെ നീണ്ടുമെലിഞ്ഞ വിരലല്ലേ..
നിന്റെ ചന്ദ്രകല നെറ്റിയിലല്ലേ ഞാനെന്റെ അക്ഷരകുറി തൊടുവിക്കുന്നത്..
ഉയര്‍ന്നമ്മരുന്ന നിന്റെ നെഞ്ചിന്റെ താളമല്ലേ എന്റെ കവിതയുടെ ഈണവും ലയവും...
അവള്‍ മയില്പീലിയിമകള്‍ വിടര്‍ത്തി കണ്ണുകളില്‍ നിലാതിളക്കവുമായി വാതിലില്‍ കോറിവരച്ചു നിന്നു.
മുപ്പതുവര്‍ഷം എത്ര വേഗമാണ് ഓടി പോയത്. ഡിഗ്രിക്ക് കഴിഞ്ഞപ്പോള്‍ അവളെ വിവാഹം ചെയ്തയച്ചു. കല്യാണതലേന്ന് ഉറക്കപിച്ചുള്ള കണ്ണുകളില്‍ നിന്ന് ജലധാരയോഴുക്കി തിങ്ങിവരുന്ന വാക്കുകള്‍ക്ക് ശബ്ദം കൊടുക്കാനാവാതെ കുറെ നേരമവള്‍ നിന്നു. അരപട്ടിണിയും കഷ്ടിച്ച് രണ്ടു ഷര്‍ട്ട്കള്മുള്ള, ധനികവീടുകളില്‍ പോയി ടൂഷനെടുത്തു ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നവനും ശബ്ദമില്ലായിരുന്നു.
സന്ദര്‍ശകര്‍ക്ക് വിലക്കുള്ള മുറിയുടെ വാതില്‍ തുറന്ന പെണ്‍കുട്ടി പച്ചസ്ക്രീന്‍ കൊണ്ട് മറച്ച കട്ടിലിനടുത്തെക്ക് കൊണ്ട് പോയി, ഔപചാരികതയുടെ ചിരി സമ്മാനിച്ച്‌ പുറത്തിറങ്ങി. പദസ്വനം കേട്ടിട്ടാവണം ഇടത്തോട്ടു ചരിഞ്ഞു കിടന്നിരുന്ന അവള്‍ മെല്ലെ തിരിഞ്ഞു. അവളുടെ രൂപം കണ്ട ഞെട്ടല്‍ ഉള്ളിലൊതുകാന്‍ പാടുപെട്ടു പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
ഇരിക്കൂ ശ്യാം ...
അടുത്തുള്ള സ്റ്റൂള്‍ ശബ്ദമുണ്ടാക്കാതെ വലിച്ചിട്ടു ഇരുന്നു. കഴുത്തുവരെ മൂടിയിരുന്ന ഷീറ്റ് അരയോളം താഴ്ത്തി തലയിണക്ക് മുകളിലേക്ക് പ്രയാസപെട്ടവള്‍ ചാഞ്ഞിരുന്നു. കാലവും രോഗവും കാര്‍ന്നുതിന്ന അവളുടെ രൂപത്തെ ഉള്കൊള്ളനാവാതെ ഉള്ളു പിടഞ്ഞു. കര്‍ക്കിടകത്തിലെ ആകാശം കണക്കു ഇടതൂര്‍ന്ന മുടിയാല്‍ ഇരുണ്ടു കനത്തുകിടന്ന ശിരസ്സില്‍ വകഞ്ഞു മാറ്റിയ മാറാലപോലെ കുറച്ചു രോമങ്ങള്‍. വരണ്ട നെറ്റിയിലും കഴുത്തിലും കറുപ്പ് പടര്‍ന്നിരിക്കുന്നു. വിളര്‍ത്തൊട്ടിയ കവിളുകളില്‍ നിന്ന് പുറത്തേക്ക് തെന്നിനില്‍ക്കുന്ന കവിളെല്ലുകള്‍. വിണ്ടു നെടുകെ വരകള്‍ വീണ ചുണ്ടുകള്‍, ഗുളികകള്‍ കഴിച്ച് പല്ലുകളടര്‍ന്നു പോയി കിളിവാതിലുകള്‍ തുറന്നിരിക്കുന്നു. മെലിഞ്ഞുണങ്ങി ചുള്ളികമ്പുകള്‍പോലെ കൈകളിലെ വിരലുകള്‍ നിവര്‍ത്താനാവാത്ത വിധം വളഞ്ഞു അവളെ പോലെ തന്നെ കൂനി കൂടിയിരിക്കുന്നു. മീനമാസത്തില്‍ കിണറ്റിലെ ഇത്തിരിവട്ടജലവിതാനംപോലെ ഉള്ളിലേക്ക് പോയിരിക്കുന്ന കണ്ണുകളിപ്പോഴും തിളങ്ങുന്നു. ഒരുപക്ഷെ ഗതകാലസ്മരണകള്‍ തിരയടിക്കുന്നതു കൊണ്ടാവാം . അവള്‍ മുട്ടുകള്‍ മടക്കി നെഞ്ചിനോട് ചേര്‍ത്തു വെച്ച് താടിയമര്‍ത്തി വെച്ച് കൗതുകത്തോടെ ആടികൊണ്ടിരുന്നു.
എങ്ങിനെയിരുന്നതാണ്. നാട്ടിലെ ചിരിവസന്തമായിരുന്നു. മുടിയും ചിരിയും അവളെ കഴിഞ്ഞിട്ടേ നാട്ടിലെ ഏതു പെണ്ണിനുമുള്ളൂ. നേര്‍ത്തുനനുത്ത ചുണ്ടുകള്‍ പിളര്‍ത്തി വെളുത്തപല്ലുകള്‍ മുഴുവന്‍ കാണിച്ചു ചിരിക്കുമായിരുന്നു. നൃത്തം ചെയ്യുന്നപോലെയാണ് കൈകള്‍ അല്പം അകത്തിപിടിച്ചു നടക്കുക. . മുടി, ക്ലോക്കിലെ പെന്‍ഡുലംപോലെ നിതംബത്തെ തൊട്ടുതലോടി ആടികളിച്ചു കൊണ്ടിരിക്കും. കവിളിലെ അരുണിമയെ വെല്ലുവിളിച്ചു എഴുന്നുനില്‍ക്കുന്ന മുഖകുരുക്കൾ അവള്‍ക്കു കൂടുതല്‍ ചന്തം നല്‍കി. വലതുകയ്യിലെ ചെറുവിരല്‍ നഖത്താല്‍ അവളതു പൊട്ടിക്കുമ്പോള്‍ വേദനിക്കുന്നത് നാട്ടിലെ കൌമാരക്കാര്‍ക്കായിരുന്നു. ശ്.... എന്ന വേദനയുടെ സീല്‍ക്കാരത്തിന് ഡബ്ബിംഗ് കൊടുത്തത് പുരുഷകൗമാരശബ്ദങ്ങളായിരുന്നു.. കണ്മഷി തടംകെട്ടിയ കറുത്ത കണ്ണുകളില്‍ കിനാവുകള്‍ തളിരിടുന്നതു കാണാനും ആ നിലാകയങ്ങളില്‍ മുങ്ങി നിവരാനും കൊതിച്ചു സ്വയം മറന്നു നില്‍ക്കുമായിരുന്നു സ്വപ്നകാമുകന്മാര്‍.
ന്താ ആലോചിക്കണേ.. അവള്‍ ചിലമ്പിച്ച സ്വരത്തില്‍ ചോദിച്ചു.
ജീവിതം ഇത്രയും ക്രൂരത അവളോട്‌ കാണിക്കാന്‍ പാടില്ലായിരുന്നു. അസുഖം വന്നതോടെ ഭര്‍ത്താവ് കുട്ടികളെയും കൊണ്ട് ഒഴിഞ്ഞുപോയി. ആകെയുള്ള ചേച്ചിയാണ് കൂട്ടിനും സഹായത്തിനും. വരുന്ന വഴിയില്‍ ഡ്രൈവര്‍ പറഞ്ഞറിഞ്ഞതാണ്. അയാള്‍ക്ക്‌ പഴയ കഥകളറിയാം. പൊതുവേ വാക്കുകള്‍ അനര്‍ഗളം പൊഴിയുന്ന എനിക്ക് സഹതപിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല. ഇനിയൊന്നും ശരിയാവാനില്ല എന്നറിയുന്ന അവളോട്‌ ഞാന്‍ സഹതാപത്തിന്‍റെ സ്വരം പകര്‍ന്നു പൊള്ളവാക്കുകള്‍ പറഞ്ഞു.
ഞാനെന്താ ചെയ്യേണ്ടത്.. എങ്ങിനെ മാനേജ് ചെയ്യുന്നു ചിലവുകള്‍? വിഷമിക്കേണ്ട രേണു, ഒന്നും വരില്ല.. ഒക്കെ ശര്യാവും..
ശര്യാവേ.. എങ്ങിനെ....? എന്തിനു.. ?
ശ്യാം എന്നോട് സഹതപിക്കരുത്. മരുന്നുകളെക്കാള്‍ ഞാന്‍ വെറുക്കുന്നത് സഹതാപവും സഹാനുഭൂതിയുമാണ്. നീയെങ്കിലും സഹതാപത്തിന്റെ വാക്കുകള്‍ കൊണ്ടെന്നെ ബോറടിപ്പിക്കരുത്..
പിന്നെ ഞാനെന്തു വേണം എന്നര്‍ത്ഥത്തില്‍ അവളുടെ മുഖത്തേക്ക് നോക്കി..
അവള്‍ ചിരിച്ചു. മെലിഞ്ഞുണങ്ങിയ കൈകള്‍ കൊണ്ട് എന്റെ വിരലുകള്‍ പിടിക്കാനാഞ്ഞു. ഞാന്‍ എഴുന്നേറ്റു അവള്‍ക്കരികില്‍ കിടക്കയിലിരുന്നു. അടുത്തിരിക്കാനും ഉണ്ണിപിണ്ടിയുടെ നിറമുള്ള കൈകളില്‍ തൊടാനുമൊക്കെ എത്ര ആശിച്ചതാണ്. ഇപ്പോള്‍ എനിക്ക് തോന്നുന്ന വികാരമെന്താണ്. കരുണയാണോ... ? ദയയാണോ.. ? സഹാനുഭൂതിയാണോ.. ? ഈശ്വരാ.. നിറവും തുടിപ്പുമാണോ പ്രണയത്തിന്റെ അളവ് കോല്‍.. ? അല്ലെന്നു പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കുന്തോറും ആണെന്ന് ആരോ പറയുന്നപോലെ തോന്നി. അവള്‍ വിരലുകളില്‍ മുറുകെ പിടിക്കാന്‍ ശ്രമിച്ചു. പണ്ട് പുഴയ്ക്കു കുറുകെയുള്ള ഇരട്ടകവുങ്ങിന്റെ പാലത്തില്‍ വിറച്ചു വിറച്ചു നടന്ന അവളുടെ കൈപിടിച്ചു അക്കരെ കടന്നതോര്‍മ്മ വന്നു. കൈനാറിപൂവിന്റെ ഗന്ധമായിരുന്നു അവള്‍ക്കു. റോസാദളം കയ്യില്‍ പിടിച്ചപോലെ അവളുടെ വിരലുകള്‍ എന്റെ കൈക്കുള്ളില്‍ ശ്വസംമുട്ടി. ഇടക്കെപ്പഴോ പാലം ഒന്നുലഞ്ഞപ്പോള്‍ അവള്‍ ചേര്‍ന്ന് ചാരിനിന്നു. അപ്പോള്‍ വിറച്ചത് എന്റെ കാലുകളായിരുന്നു. തലചുറ്റി രണ്ടുപേരും കൂടി വെള്ളത്തിലേക്ക്‌ വീണുപോവുമായിരുന്നു. ഈ പരുപരുത്ത വിരലുകള്‍ അവള്‍ കടന്നുപോയ ജീവിതപ്രയാസങ്ങളുടെ നേര്‍പരിചേദമാണെന്നു തോന്നി.
" പ്പോ ന്താ എന്നോട് തോന്നണേ.. ?
എന്റെ മനോവികാരങ്ങള്‍ അളെന്നെടുത്തവണ്ണം അവള്‍ ചോദ്യം തൊടുത്തു വിട്ടു.. ഞാന്‍ തീര്‍ത്തും അശക്തനായി മറുപടി കൊടുക്കാനാവാതെ വികൃതമായി ചിരിച്ചു. ഉഷ്ണം തീക്ഷണമായ ഒരു ഉച്ചനേരത്ത് വിയര്‍പ്പും ഭയവും കലര്‍ന്നൊഴുകുന്ന ശരീരവുമായി ഇടനാഴിയിലെ വാതില്‍ മറവില്‍ ഒരു വട്ടം ചേര്‍ത്തു പിടിച്ചതും ദിശതെറ്റുന്ന കൈകളില്‍ അവള്‍ നുള്ളിയതും കാലടി ശബ്ദം കേട്ട് ഓടിപോകുമ്പോള്‍ മുള്‍വേലിയില്‍ ദേഹം കൊരുത്തു പോറലുകള്‍ വീണതും യുഗങ്ങള്‍ക്കു മുന്‍പാണെന്ന് തോന്നി. ആ വെള്ളികൊലുസ്സിട്ട ഫുള്‍പാവാടകാരിയാണ് തൻറ്റെ മുമ്പിലിരിക്കുന്ന ചോരയും നീരുമില്ലാത്ത, ചുള്ളികമ്പുകള്‍ അടക്കിവെച്ച രൂപമെന്നു സങ്കല്‍പ്പിക്കുക വയ്യ.
" എഴുത്തുകാരനല്ലേ.. പറയുമ്പോള്‍ കളിയാക്കരുത്. ജീവിതമെന്നത് ദിവസം പോലെയാണ്. ബാല്യത്തിന്റെ നിഷ്കളങ്കമായ പുലരിയും കൌമാരത്തിന്റെ ഇളംവെയിലുകളും ഉച്ചയുടെ ഉഷ്ണയൌവ്വനവും പക്വതയാര്‍ന്ന മധ്യാഹ്നവും കടന്നു ശാന്തിയുടെ മൃദുരശ്മികളുതിര്‍ത്തു മരണത്തിന്റെ കറുത്തകമ്പിളി പുതപ്പിക്കുന്ന കാലയളവ്‌.
അവള്‍ ഒന്ന് നിര്‍ത്തി. ജനലിലൂടെ ചുവന്നവെളിച്ചം പൊഴിച്ചു പടിഞ്ഞാറു കത്തിയുരുകി നില്‍ക്കുന്ന സൂര്യനെ നോക്കി പറഞ്ഞു..
" ഞാനസ്തമിക്കുകയാണ് ശ്യാം. അസ്തമയചക്രവാളത്തോട് അനുദിനം അടുക്കുകയാണ്. കത്തിതീരാന്‍ പോവുന്ന എല്ലാം ഒന്ന് ആളികത്തുമല്ലോ, ഒരു നിമിഷത്തേക്കെങ്കിലും. ശ്യാം എന്നോട് ചോദിച്ചല്ലോ ഞാനെന്താ ചെയ്യേണ്ടതെന്ന്... ഞാനും നീയും ഒരുമിച്ചു താണ്ടിയ കാലസ്മരണകള്‍ അയവിറക്കി, പഴയകഥയിലെ നായികയായി ഒരു നിമിഷമെങ്കിലും എനിക്ക് ജീവിക്കണമെന്നുണ്ട്. എപ്പോഴെന്കിലും ജീവിച്ചുവെന്നു തോന്നാനെങ്കിലും.... എന്റെ വിരലുകള്‍ അന്ന് പുഴ കടക്കുമ്പോള്‍ അമര്‍ത്തിപിടിച്ചപോലെ പിടിച്ചു എന്റെയൊപ്പം നടക്കാമോ ശ്യാം. ഒരു പത്തുചുവട് എന്‍റെ...
അവള്‍ വികാരതള്ളലാല്‍ കിതച്ചു പോയി. ആവേശം കയറിയപോലെയവള്‍ തുടര്‍ന്നു.
ചക്രവാളം അധികം ദൂരത്തല്ല.. ഈ പത്തു ചുവടിനുള്ളിൽ ഞാന്‍ വീണു മരിച്ചാല്‍ ജനനത്തിനും മരണത്തിനുമിടയില്‍ ഞാന്‍ ജീവിച്ചു മരിച്ചു എന്ന ധന്യതയോടെ എനിക്കുപോകാം ശ്യാം..
അവള്‍ കരുണക്കായ്‌ കൈവിടാതെ എന്നെ നോക്കിയിരുന്നു. ഞാനെണീറ്റ്‌ വലതുകൈ കൊണ്ട് വട്ടം ചുറ്റിപിടിച്ചു സ്ഫടികപാത്രം എടുക്കുന്നപോലെ അവളെ കട്ടിലില്‍ നിന്ന് താഴെയിറക്കി. കൊക്കി കൊക്കി കിതച്ചു നടക്കുന്ന അവളുടെ വിരലുകള്‍ മുറുകെപിടിച്ചു നടന്നു. അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു.
ചിലമ്പിച്ച സ്വരങ്ങളില്‍ അവള്‍ പോക്കുവെയിലില്‍ ചിരിക്കുന്ന നാലുമണിപൂവുകളെ കുറിച്ചും, ചുവന്ന ഓണതുമ്പികളെ പറ്റിയും, നിലാവുകള്‍ ചിത്രം വരയ്ക്കുന്ന പത്തായപുരയെ പറ്റിയും, എന്നോ വായിച്ചു മറന്ന എന്റെ കവിതയെ കുറിച്ചും പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ വെറുതെ മൂളിയും..

സുധാഭാഷിതം....


നാടെവിടെ മക്കളെ..... കാടെവിടെ മക്കളെ...

അന്ന്,
പുഴയില്‍ മുങ്ങാംകുഴിയിട്ട് നീന്തി തുടിക്കുമായിരുന്നു.
നീര്‍ച്ചാലുകളില്‍ കടലാസ് തോണിയിറക്കി കളിക്കുമായിരുന്നു.
കുന്നിന്മേല്‍ ഓടികയറി ചുറ്റുമുള്ള പച്ചപ്പ്‌ ആസ്വദിക്കുമായിരുന്നു.
വൃക്ഷതണുപ്പിലിരുന്നു ചൂടിനെ പുകച്ചു പുറത്തു ചാടിക്കുമായിരുന്നു.
കറുത്തിരുണ്ട പാറമേല്‍ മലര്‍ന്നു കിടന്നു മിഴികളടച്ചു സ്വപ്നം കാണുമായിരുന്നു.

ഇന്ന്,

ഒരു പുഴയുണ്ടായിരുന്നെങ്കില്‍ മണല്‍ വാരി പൂമുഖം മിനുക്കാമായിരുന്നു.
ഒരു നീര്‍ച്ചാല്‍ കണ്ടിരുന്നെങ്കില്‍ എന്നിലെ മാലിന്യം വലിച്ചെറിയാമായിരുന്നു.
ഒരു കുന്നു കണ്ടെങ്കില്‍ ഇടിച്ചു നിരത്തി മാന്തിയെടുത്ത് മണിമന്ദിരം തീര്‍ക്കാമായിരുന്നു.
ഒരു മരം കിട്ടിയിരുന്നെങ്കില്‍ വെട്ടി ചിത്ര പണികളുള്ള വാതായനങ്ങള്‍ തീര്‍ക്കാമായിരുന്നു.
ഒരു പാറ കണ്ടിരുന്നെങ്കില്‍ ഇടിച്ചുപൊടിച്ചു മഹാസൌധം കെട്ടി അന്തസ്സ് കൂട്ടാമായിരുന്നു.

കാട് കയ്യേറി നാടാക്കി. നാട് നഗരമാക്കി, നഗരത്തെ നരകമാക്കി, നരന്‍ നായക്കും നരിക്കും സമാനനായി.
നാടുമില്ല; ഇപ്പോള്‍ കാടും.

ശുദ്ധവായുവില്ല,
ശുദ്ധവെള്ളമില്ല,
ശുദ്ധഭക്ഷണമില്ല.

അടുത്ത തലമുറക്കായി ഒരുക്കി വെച്ചിരിക്കുന്നത് പുകയുന്ന വേനലിന്റെ ശ്മശാനഭൂമിയാണ്. പുതു തലമുറ പിറന്നു വീഴുന്നത് എരിയുന്ന പട്ടടയിലേക്കാണ്.

നമ്മളിന്ന് കഴിക്കുന്ന പേരക്കയും നീര്‍മാതളവും മാമ്പഴവും നമ്മള്‍ നട്ടുവളര്‍ത്തിയതല്ല. ഈ കാണുന്ന നല്ലതെല്ലാം പൂര്‍വികര്‍ അവര്‍ക്കനുഭവയോഗ്യമാവില്ല എന്നറിഞ്ഞുകൊണ്ടുതന്നെ, നമ്മളെ വളര്‍ത്തിയപോലെതന്നെ വെള്ളമൊഴിച്ച് വളമിട്ടു പരിപാലിച്ചു പരിപോഷിപ്പിച്ചതാണ്. അവയൊക്കെ അവരുടെ പ്രതീക്ഷകൾക്കൊപ്പം വളര്‍ന്നു വലുതായി തലമുറകള്‍ക്ക് സ്വാദ് തരുന്നു. നമ്മള്‍ അടുത്ത തലമുറയ്ക്ക് കൈമാറേണ്ട പ്രകൃതിയെന്ന സൌഭാഗ്യം പൊന്മുട്ടയിടുന്ന താറാവിനെ കൊന്ന അത്യാഗ്രഹിയെപോലെ ചൂഷണം ചെയ്യുന്നു. നല്ലതെന്താണ് അടുത്ത തലമുറക്കായി ബാക്കിവെച്ചിരിക്കുവെന്നു ചിന്തിക്കുക.

ഓര്‍ക്കുക, നോട്ടുകെട്ടുകള്‍ വെറും ചവറാവുന്ന കാലം വിദൂരമല്ല.

ചിന്ത ചിതയില്‍ വെച്ച് സൗകര്യപൂർവ്വം നമ്മളെടുത്തണിഞ്ഞ നിസ്സംഗതയുടെ മൂടുപടം കുടഞ്ഞു കളഞ്ഞുണരുക.

കണ്ണ് തുറക്കുക ; വൈകിയിരിക്കുന്നു, വല്ലാതെ..

ശിഥിലം.....


എന്ന് മുതലാണ്‌ വെളുത്ത ചതുരത്തിലെ കറുത്ത അക്കങ്ങളെ ജാതിയും മതവും ചുവപ്പിച്ചത്... ?
എന്തിനാണ് ആഴ്ചയിലെ ദിവസങ്ങളെ ദൈവത്തിന്റെ പേരില്‍ പങ്കിട്ടെടുത്തത്..?
ചൊവ്വ ദേവിക്കും, വെള്ളി അള്ളാഹുവിനും, ഞായര്‍ ക്രിസ്തുവിനും വേണമെന്ന് ഏതു ദുസ്വപ്നത്തിലാണ് അവര്‍ വന്നു പറഞ്ഞത്‌....?

ഓണത്തിനും ക്രിസ്മസ്സിനുമുളള അവധികൾ പരീക്ഷാചൂടിൻറ്റെ കൂളിംഗ് ഓഫ് പിരിയഡാണെന്നാണെനിക്കു തോന്നിയിരുന്നത്....
ശിവരാത്രിയിൽ ഉറക്കമിളക്കുന്നത് കഥാപ്രസംഗം കേള്‍ക്കാനും മൂക്കുമുട്ടെ തിന്നാനുമാണെന്നാണ് ഞാന്‍ കരുതിയിരുന്നത് ..
വെള്ളിയാഴ്ചയിലെ ദീര്‍ഘമായ ഇടവേള കളിച്ചു തിമിര്‍ക്കാനായിരുന്നുവെന്നാണ് എനിക്ക് തോന്നിയിരുന്നത്..
ആറുദിവസത്തെ അദ്ധ്വാനത്തിന് ശേഷമുള്ള വിശ്രമദിവസമാണ് ഞായറെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്...
ഓണവും വിഷുവും ഈസ്റ്ററും ബക്രീദും, പുതിയ വസ്ത്രങ്ങളും ബിരിയാണിയും അച്ചപ്പവും പൂത്തിരിയും കൈനീട്ടവുമുള്ള ആഘോഷദിനങ്ങള്‍ മാത്രമാണെന്നാണ് ഞാന്‍ ധരിച്ചുവെച്ചിരുന്നത്..

ഈ വര്‍ണ്ണശോഭദിനങ്ങള്‍ക്കുമേല്‍ ദൈവത്തിന്റെയും മതത്തിന്റെയും ജാതിയുടെയും ഇരുട്ട് വീഴ്ത്തിയത് ആരാണ്..?
എന്തിനാണ്... ?
ആര്‍ക്കു വേണ്ടിയാണ്....

ഓണം എന്റ്റേയും, റംസാന്‍ നിന്റ്റേയും, ഈസ്റെര്‍ അവന്റ്റേയുമാവാതിരിക്കാന്‍ എന്നില്‍ നിന്ന് പടിയിറങ്ങിപോയ ആ മനുഷ്യനെ കണ്ടു പിടിച്ചെനിക്കു തിരികെ തരിക..

കാലമെന്ന യുഗപുരുഷാ, എനിക്കെന്നെ തിരിച്ചറിയാനുള്ള അറിവ് നല്‍കുക...

നീയെന്നെ വീണ്ടും മനുഷ്യനാക്കുക...

വെറും മനുഷ്യന്‍!!!

Selfless selfies....

നിലാവും കുളിരുമുള്ള തിരുവാതിരയുണ്ടായിരുന്നു.
തുമ്പിയും തുമ്പയുമുള്ള ഓരോണക്കാലമുണ്ടായിരുന്നു.
വെള്ളിതുട്ടുകളുടെ ധവളപ്രഭയുള്ള വിഷുക്കാലമുണ്ടായിരുന്നു.
അച്ചപ്പവും കുഴലപ്പവും ചിരിച്ചു വിരുന്നുവരുന്ന തിരുന്നാളുണ്ടായിരുന്നു.
വേലിപഴുതിലൂടെ ഒളിച്ചുവരുന്ന ബിരിയാണിമണമുള്ള പെരുനാളുണ്ടായിരുന്നു.

നാണം നിണം പടര്‍ത്തിയ കപോലങ്ങളുള്ള കൌമാരക്കാരിയുണ്ടായിരുന്നു..
മ്മ്മ്.. ഈയോരൊററ മൂളലില്‍ മൂത്രമൊഴിച്ചു പോവുന്ന ഗൌരവക്കാരനായൊരച്ഛനുണ്ടായിരുന്നു.
ചിരിച്ചു കൊണ്ട് കരയുകയും കരഞ്ഞു കൊണ്ട് ചിരിക്കുകയും ചെയ്യുന്ന അമ്മയെന്ന അത്ഭുതമുണ്ടായിരുന്നു.
" അതെന്തേട്ട അങ്ങിനെ " എന്ന് ചോദ്യചിഹ്നങ്ങള്‍ കൌതുകം വിടര്‍ത്തുന്ന മിഴിയുളള ഒടപിറന്നോളുണ്ടായിരുന്നു.
അക്ഷയപാത്രംപോലെ കഥകളുടെ മാന്ത്രിക ചെപ്പുള്ള തല നരച്ച, മുറുക്കി ചുവപ്പിച്ച, വെറുതെ ചിരിക്കുന്ന ഐശ്വര്യങ്ങളുണ്ടായിരുന്നു.

ദാരിദ്ര്യം എന്നൊരു കുറവുണ്ടായിരുന്നു.
നിന്നിലുള്ളത് എന്നില്ലില്ല, എന്നിലുള്ളതു നിന്നിലില്ല എന്ന പരസ്പരാശ്രയത്വവും.
തൂക്കി നോക്കാതെ, അളന്നു നോക്കാതെ, വലുപ്പചെറുപ്പമില്ലാതെ കൊടുത്തും വാങ്ങിയും കഴിഞ്ഞ ഒരു മാവേലികാലം.
ഇന്നെനിക്കെല്ലാമുണ്ട്. നിന്നിലുളളതിലേറെയുണ്ടാക്കാനുള്ള ഓട്ടപ്പാച്ചിലിലുമാണ് ഞാന്‍.

തമിഴ് പേശും പൂവിട്ട ഓണവും,
കിലുക്കമില്ലാത്ത കൈനീട്ടവും,
മന്‍മറഞ്ഞ ഞാറ്റുവേലക്കൊപ്പം പടിയിറങ്ങിയ തിരുവാതിരയും
നിന്റെയും അവന്റെയും ആഘോഷമായി മാറിയ തിരുനാളും പെരുന്നാളുമായി, സ്വയാശ്രയത്തിന്റെ കരിങ്കല്‍ മതില്‍കെട്ടിനുള്ളില്‍, വാതായനങ്ങള്‍ കൊട്ടിയടച്ചു ഞാന്‍ കൈവഴുതിപോയ നഷ്ടങ്ങളെ കുറിച്ച് കവിതയെഴുതുകയാണ്...

പിന്‍വിളിക്ക് കാതോര്‍ത്തു നിന്ന കണ്മണിയെ കണ്ടില്ലെന്ന നടിച്ച കാമുകനെ പോലെ,
പിടിച്ചു പുറത്താക്കി പടിയടച്ചു പിണ്ഡംവെച്ച ഞാന്‍,
പിന്‍തിരിഞ്ഞുപോയ പിന്‍നിലാവുകളെ കുറിച്ച് കവിതയെഴുതുകയാണ്.

പിടഞ്ഞു മരിച്ച പുഴയേയും
കാര്‍ന്നുതിന്ന കുന്നിനേയും
ഇടിച്ചുപൊടിച്ച പാറയേയും
പൊള്ളുന്ന വേനലിനെയും
അകാലത്തില്‍ പെയ്തൊഴിയുന്ന മഴയേയും,
പരാജയപ്പെട്ട പ്രണയത്തേയും കുറിച്ച്,
അകത്തു മലവും പുറത്തു മലയും ചുമക്കുന്ന,
മടിയനായ മനുഷ്യന്‍ കവിതെയെഴുതുകയാണ്..

നിഷാദം...

---------------------------------------------------------------
ഇതിഹാസങ്ങള്‍ വായിക്കുകയാണ് ഞാന്‍.
രാജാധിരാജന്മാർ കാട്ടികൂട്ടിയ തോന്ന്യാസങ്ങളുടെ നിറംപിടിപ്പിച്ച നുണകഥകള്‍, വെള്ളംതൊടാതെ വിഴുങ്ങുകയാണ്.
പുത്തനരിചോറിലെവിടെയോ ഒരു കല്ല്‌ കടിക്കുന്നു.
തൊണ്ടയിലെങ്ങോ ഒരു മുള്ള് തടയുന്നു.
ഒരു കറുമ്പൻറ്റെ ചോര നുണഞ്ഞെൻ നാവുപൊളളുന്നു.
കള്ളവും കലഹവും കവര്‍ച്ചയും പകല്‍സ്വപ്‌നങ്ങളാക്കിയ മാവേലിമന്നന്റെ കെട്ടുകഥ കേട്ടെൻ ചെവിയടയുന്നൂ
ഒടപിറന്നോളുടെ മാനത്തിന്റെ കണക്കു ചോദിച്ച,
സതിയെ പതിവ്രതയായി കണ്ടു കൺവെട്ടത്തില്‍ നിന്നകറ്റി നിര്‍ത്തിയ അസുരശ്രേഷ്ഠന്റെ മുടിയിഴകളാണോ പല്ലിനിടയില്‍ കുരുങ്ങിയത്....
ഏകലവ്യന്റെ ചോരവാര്‍ന്ന പെരുവിരലാണോ ശ്വാസനാളത്തിൽ ഞെരുങ്ങിയത്....
ഹിഡുംബന്റെ ആര്‍ത്തനാദമാണോ,
ബകന്റെ അലർച്ചയാണോ,
ജരാസന്ധന്റെ അട്ടഹാസമാണോ എന്റെയുറക്കം കെടുത്തിയത്....?
വിത്ത്‌ വിതച്ചു മറന്നുമറഞ്ഞ താതന്റെ കാല്‍ക്കല്‍ ജീവബലിയേകിയ ഘടോല്‍കചനാണോ നെഞ്ചിനുള്ളിൽ തേങ്ങിയത്.....
കാടിന്‍ കറുത്തമക്കളെ കഥ കഴിച്ചു,
കരി വാരിതേച്ചു,
അധിനിവേശത്തിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച ആര്യചരിതങ്ങള്‍,
വെന്തചോറിലെ വേകാത്ത കല്ലുപ്പോലെ പല്ലിലും,
ഒടിയാത്ത മുള്ളായി നെഞ്ചിലും കൊള്ളുന്നു.
നിഷാദന്റെ,
അസുരന്റെ,
കാട്ടാളന്റെ വീരഗാഥകള്‍ പാടാന്‍ എന്നാണൊരു കീഴാളന്‍ പൂണൂലിടുക...?
എന്നാണവന്‍ കറുത്തചോരയിൽ മുക്കിയ നാരായത്താൽ അസുരഗണഗുണങ്ങളെഴുതുക...?
എന്നാണു അധിനിവേശത്തെയെതിര്‍ത്തു അടര്‍ക്കളത്തില്‍ അടരാടിവീണ അധഃകൃതന്‍, അനശ്വരനായകനാവുക...?
എന്നാണു കാടുകയറിയ നാട്ടാളരുടെ കാട്ടുനീതിയിൽ കരിഞ്ഞുവീണ കീഴാളകഥകള്‍ ഇതിഹാസങ്ങളാവുക..?

മാ നിഷാദാ....


അവളുടെ,

മാനത്തിനു വിലയിട്ടില്ലായിരുന്നുവെങ്കില്‍,
സ്വകാര്യതകളില്‍ തുറിച്ചു നോക്കിയിരുന്നില്ലെങ്കില്‍,
വാരിയുടുത്ത ഒറ്റചെലയില്‍ കൈവെക്കാതിരുന്നുവെങ്കില്‍,
ഴിഞ്ഞുലഞ്ഞുകിടന്ന മുടിയലകളില്‍ പിടിയിടാതിരുന്നുവെങ്കില്‍,
രജസ്വലയായ പതിവ്രതയുടെ രക്തത്തുള്ളികള്‍ വീഴ്ത്തിയില്ലായിരുന്നുവെങ്കില്‍,

പുരുഷകുലം ചത്തൊടുങ്ങുമായിരുന്നില്ല.
സര്‍വ്വം മുടിച്ച ഒരു യുദ്ധമുണ്ടാകുമായിരുന്നില്ല.
പവിത്രഗംഗ നിണം കലര്‍ന്ന് ചുവന്നുതുടുക്കുമായിരുന്നില്ല.
വൈധവ്യത്തിന്റെ പഞ്ചാഗ്നിയില്‍ പ്രിഥ്വി പിടയുമായിരുന്നില്ല.
സ്വന്തം ചോരയെ ചതിച്ചുകൊന്നെന്ന കുറ്റബോധം വേട്ടയാടുമായിരുന്നില്ല.
അനാഥകുരുന്നുകളുടെ അലമുറയില്‍ ആകാശം ഇരുണ്ടുപോവുമായിരുന്നില്ല.
ചേര്‍ത്തുകെട്ടിയ കണ്ണുകള്‍ തുറന്ന ഗാന്ധാരിയുടെ. നെഞ്ചുപിളരുമായിരുന്നില്ല.
 
അബലയുടെ ബലം പരീക്ഷിക്കരുത്.
കണ്ണീരും രക്തവും ചിന്തി ശാപവും ശപഥവും ഏറ്റുവാങ്ങരുത്.
ബാലവനായ നിന്റെ പരാക്രമം പെണ്ണിനോടല്ല വേണ്ടൂ; പ്രകൃതിയോടും !!!

സുകൃതം


ശന്തനവിനു തന്റെ പുരുഷായുസ്സ് അടിയറ വെച്ചു ലൗകികജീവിതം വെടിഞ്ഞു ബ്രഹ്മചാരിയായ ഭീഷ്മര്‍..
പിതാവ് നൽകിയ വരം അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ രാജസിംഹാസനമുപേക്ഷിച്ചു കാട് പൂകിയ രാമന്‍.
പിതാവിന് തന്റെ യുവത്വം സമര്‍പ്പിച്ചു ജരാനരകള്‍ ഏറ്റുവാങ്ങി അകാലത്തില്‍ വൃദ്ധനായ പുരൂരവസ്സ്.
അമ്മയുടെ വെറും വാക്കിനെ മാനിച്ചു മത്സരിച്ചു ജയിച്ചു സ്വന്തമാക്കിയ പെണ്ണിനെ പകുത്തു നല്‍കിയ അര്‍ജുനന്‍.
പഞ്ചപാണ്ടവരുടെ ജിവൻ അമ്മയ്ക്കു ഭിക്ഷയായ് നൽകി അമ്മയേക്കാൾ വളർന്ന കർണ്ണൻ..
രമിച്ചു രേതസ്സിട്ടു മറന്നു മറഞ്ഞുപോയ പിതാവിനെ യുദ്ധത്തില്‍ സഹായിക്കാനെത്തി ജീവന്‍ ബലിയര്‍പ്പിച്ച ഘടോല്‍കചന്‍.
പദ്മവ്യൂഹം തകര്‍ക്കാന്‍ മടിപിടിച്ച് ഭയന്നുനിന്ന വീരശൂരപിതാശ്രീകളോട് ഞാനുണ്ടെന്ന് പറഞ്ഞു ജീവന്‍ ബലിയര്‍പ്പിച്ച പതിനാറുകാരന്‍, അഭിമന്യു.
മക്കൾ മാഹാത്മ്യത്തിൻറ്റെ പത്തരമാറ്റുളള ചരിതങ്ങൾ...
ഇതിഹാസത്തിലില്ലാത്ത വേറൊരു അച്ഛനും മകനുമുണ്ട്.
ചരിത്രങ്ങളിലും നിന്നും ഇതിഹാസങ്ങളില്‍ നിന്നും ഒന്നും പഠിക്കാതെപോയ ഒരച്ഛന്‍. ലഹരികളില്‍ മുങ്ങിനീരാടി ജീവിച്ചപ്പോള്‍ സ്നേഹവും വാത്സല്യവും നിഘണ്ടുവില്‍ എഴുതിച്ചേര്‍ക്കാന്‍ മറന്നുപോയ പടുജന്മം.
പകര്‍ന്നു കിട്ടാത്ത പിതൃസ്നേഹം കനലായെരിയുന്ന നെഞ്ചും,
വിരല്‍തുമ്പ് പിടിച്ചു നടക്കാന്‍ മോഹിച്ചു മരവിച്ച ഹൃദയവുമായി,
അമ്മയെ പഴിപറഞ്ഞു,
നരകജന്മത്തെ ശപിച്ചു,
വാതിലുകള്‍ തള്ളിയടച്ചു,
ചോറിന്‍കിണ്ണം തട്ടിതെറിപ്പിച്ചു,
രോഷത്തിന്റെ മൂര്‍ത്തരൂപമായി‍ വളര്‍ന്നു.
പിന്നെയൊരിക്കല്‍, ഒറ്റമുടി പോലും നരക്കാത്ത തലയുമായി, തണുത്തുറഞ്ഞു പട്ടടയില്‍ കിടന്ന രൂപത്തിന് മുന്‍പില്‍ നിര്‍വികാരനായി, ഈ കറുകറുത്ത മുടിയെങ്കിലും അച്ഛന്റെ വകയായി പകരാമായിരുന്നില്ലേ എന്നാലോചിച്ചു, നഷ്ടപെടലിന്റെ വേദനയില്ലാതെ കൊള്ളിവെച്ചു, ഇതിഹാസകഥകളിലേക്ക് ഒരു പുരുഷജന്മത്തെ കൂടി എഴുതിചേര്‍ത്തു.
ഞാനനുഭവിക്കാത്ത പ്രണയത്തെ കുറിച്ച് വസന്തം പടിയിറങ്ങിയ മധ്യാഹ്നത്തിലും എഴുതിയെഴുതി പ്രണയത്തെ അനശ്വരമാക്കുന്നതുപോലെ, എനിക്കന്യമായ പിതൃസ്നേഹം അളവില്ലാതെ പകർന്നു കൊടുക്കുന്നു. . ഊണിലും ഉറക്കത്തിലും ബോധത്തിലും അബോധത്തിലും അവർ തിരിച്ചും!!
രേതസ്സിലൂടെ ഭ്രൂണമാക്കിയ പിതാവേ നിനക്ക് നന്ദി,
ഭ്രൂണത്തില്‍ നിന്ന് പുത്രനാക്കിയ മാതേ നിനക്ക് നന്ദി,
പുത്രനില്‍ നിന്നും പതിയാക്കിയ പത്നി, നിനക്ക് നന്ദി,
പതിയില്‍ നിന്ന് പിതാവാക്കിയ പ്രിയപുത്രീ നിനക്കു നന്ദി,
ഉച്ചവെയിലേറ്റ് വരണ്ടുവിണ്ടു വിളർത്തു വെളുത്തു വിരസമായിപ്പോയ മധ്യാഹ്നത്തെ വർണ്ണ വിസ്മയ വിളനിലമാക്കിയ മകനേ നിനക്കും നന്ദി.
അച്ഛന്‍ നിനക്ക് പ്രിയമായിരിക്കട്ടെ; നീയെനിക്ക് പ്രാണനും !!!